അരുണാചൽ പ്രദേശിലെ, ആർ.എസ്.എസ്സിന്റെ അന്താരാഷ്ട്ര സംഘടനയായ സേവാ ഇന്റർനാഷണൽ ഫണ്ട് നൽകുന്ന, ഇന്ത്യയുൾപ്പെടെ വിവിധ ദേശങ്ങളുടെ ആദിവാസി സംസ്കാരങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന, ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ലൈബ്രറി ഇൻ-ചാർജ് ആണ് സോംനാഥ് ശർമ. ഒരു അരുണാചൽ യാത്രയിൽ കണ്ടുമുട്ടിയതാണ് അദ്ദേഹത്തെ.
സോമനാഥ് ജി ജിയോളജിസ്റ്റാണ്. ബ്രഹ്മപുത്ര പല തവണ വഴി മാറി ഒഴുകിയ കഥയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറലായി വിരമിച്ചപ്പോൾ അദ്ദേഹം ആഗ്രഹിച്ചത് അലഞ്ഞു നടക്കുന്ന പശുക്കൾക്കായി ഒരു ഗോശാല തുടങ്ങാനാണ്. അതിനും മുൻപ് ഒരു വർഷം വാനപ്രസ്ഥ കാര്യകർത്താ ആയി പ്രവർത്തിച്ചു. ഏതു സംഘടനയിൽ എന്ന് പറയേണ്ട കാര്യമില്ലല്ലോ. ആ ഒരു വർഷക്കാലവും വീട്ടിൽ പോവുകയോ ഭാര്യയെയോ ബന്ധുജനങ്ങളെയോ കാണുകയോ പാടില്ല എന്നാണ് ചട്ടം. അത് കൃത്യമായി പാലിച്ചു. പിന്നെയാണ് ഗോശാലയുടെ മോഹം കുടുങ്ങിയത്. അതിനു ഏകദേശം പത്തേക്കർ സ്ഥലം വേണ്ടി വരുമെന്ന് അദ്ദേഹം കണക്കാക്കി. പല സംഘടനകളെയും സർക്കാറിനെയുമൊക്കെ അതിനായി സമീപിച്ചു. അടുത്ത കാലത്തായി എല്ലാവർക്കും അറിയാവുന്ന ചില കാരണങ്ങളാൽ തെരുവിൽ പശുക്കളെ ഉപേക്ഷിക്കുന്ന കർഷകർ ഉത്തരേന്ത്യയിലും ഉത്തര പൂർവ ഇന്ത്യയിലും ഏറെ ഉണ്ടല്ലോ. ഉത്തരേന്ത്യയിലും ഉത്തര പൂർവ ഇന്ത്യയിലും എവിടെ സഞ്ചരിച്ചാലും അലഞ്ഞു നടക്കുന്ന പശുക്കൂട്ടങ്ങളെ കാണാം. സോമനാഥജി പറയുന്നത് ഇങ്ങനെയാണ്, “പശു നമുക്ക് പാൽ തരുന്നു. അപ്പോൾ അമ്മക്ക് സമമാണ്. ഞാൻ അങ്ങനെയാണ് വിചാരിക്കുന്നത്. അതെന്റെ വിചാരമാണ്. നിങ്ങൾക്കു മറ്റൊരഭിപ്രായം ഉണ്ടാകാം. ആട്ടിൻപാലോ, ഒട്ടകത്തിന്റെ പാലോ നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഈ വിവരദോഷികളായ കർഷകർ. കഷ്ടം. കറവ വറ്റുമ്പോൾ പശുക്കളെ തെരുവിൽ വെറുതെ അഴിച്ചു വിടുന്നു, ഉപേക്ഷിക്കുന്നു. എന്തൊരു കഷ്ടമാണ്. ഇതിനു പരിഹാരം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
പശുവിനെ അമ്മയായി കാണുക മാത്രമല്ല സോമനാഥ് ശർമ ചെയ്തത്. കോളേജിൽ ജിയോളജി പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന എല്ലാ പെൺകുട്ടികളെയും താൻ സഹോദരിയായി കണ്ടു എന്നാണു സോംനാഥ് ശർമ പറയുന്നത്. ആ സമീപനം ചില്ലറ കുഴപ്പത്തിലൊന്നുമല്ല, അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. കൂടെ പഠിക്കുന്ന പെൺകുട്ടിക്ക് തന്നോട് തീവ്രമായ പ്രണയം ആണെന്ന് അദ്ദേഹത്തെ അദ്ദേഹത്തിന്റെ കൂട്ടുകാർ അറിയിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എങ്ങനെ സഹോദരിയെ തിരിച്ചു പ്രണയിക്കും? അദ്ദേഹം അവരോടു സംസാരിച്ച ശേഷം ഒരു പോംവഴി കണ്ടെത്തി. അവർ അവരുടെ വീട്ടിലും അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലും ഇരുന്നുകൊണ്ട് പരസ്പരം ധ്യാനിക്കണം. അപ്പോഴതാ, കൂട്ടുകാരിയുടെ പൂർണചിത്രം അദ്ദേഹത്തിന്റെ മനസ്സിൽ തെളിയുകയായി. ഇന്ന് ഈ നിറത്തിലുള്ള വസ്ത്രമല്ലേ ധരിച്ചത്, ഇന്ന് ഈ വിധത്തിലല്ലേ ഒരുങ്ങിയത് എന്നൊക്കെ അദ്ദേഹം അവരോടു എഴുതി ചോദിക്കുന്നു, അതെല്ലാം ശരിയെന്ന് അവർ മറുപടി അയക്കുന്നു. അപ്പോൾ അദ്ദേഹത്തിന് ബോധ്യമാവുന്നു, ഇവൾ തന്നെ തന്റെ ജീവിത സഖി എന്ന്. അങ്ങനെ ആ വിവാഹം നടക്കുന്നു.
പക്ഷെ അതുപോലെ ശുഭപര്യവസായി ആയില്ല അദ്ദേഹത്തിന്റെ മറ്റു പദ്ധതികൾ എന്ന് വേണം കരുതാൻ. നമുക്ക് ഗോശാലയിലേക്കു തിരികെ വരാം. ഗോശാല തുടങ്ങണമെങ്കിൽ ചുരുങ്ങിയത് പത്തേക്കർ സ്ഥലം വേണം. കന്നുകാലികൾക്ക് നൽകുന്ന തീറ്റപ്പുല്ലുകളെ കുറിച്ച് ഇതിനകം അദ്ദേഹം വിശദമായി പഠിച്ചുകഴിഞ്ഞിരുന്നു. നേപ്പിയർ പുല്ലുകളാണ് ഏറ്റവും നല്ലത് എന്നദ്ദേഹത്തിനു ബോധ്യമായും കഴിഞ്ഞിരുന്നു. അപ്പോൾ പത്തേക്കറിൽ പുൽക്കൃഷി നിറയെ ചെയ്യണം. ഒരു പകുതിയിലെ പുല്ലു വെട്ടി പശുക്കൾക്ക് നല്കുമ്പോഴേക്കും മറുപാതിയിൽ ആവശ്യത്തിന് പുല്ലു വളർന്നിട്ടുണ്ടാവും. അപ്പോൾ വർഷം മുഴുവൻ പുല്ലിന് ക്ഷാമം വരികയില്ല. സ്ഥലം ദാനമായി കിട്ടാൻ അദ്ദേഹം അസമിൽ പലരെയും സമീപിച്ചു. ചിലർ ചെറിയ തോതിൽ ഭൂമി നൽകാൻ തയ്യാറായി. ഒരാൾ പത്തേക്കർ നൽകാമെന്ന് വരെ സമ്മതിച്ചു. പക്ഷെ നടത്തിപ്പിന് പണം വേണം.
അങ്ങനെ ഇരിക്കെ, അദ്ദേഹം ഒരു വനിതയെ പരിചയപ്പെട്ടു. അവരാകട്ടെ, അദ്ദേഹത്തിന് വിലപ്പെട്ട ഒരു ഉപദേശമാണ് നൽകിയത്. അവർ ഒരു മാസം മുൻപ് മാത്രം പരിചയപ്പെട്ട ഒരു സ്വാമി കട്ടക്കിൽ ഉണ്ട്. ഗോശാല തുടങ്ങാൻ സ്വാമി സഹായിക്കും എന്നായിരുന്നു ആ ഉപദേശം.
ഉപദേശം കേട്ട മാത്രയിൽ അദ്ദേഹം സ്വാമിയെ കാണാൻ പുറപ്പെട്ടു. സ്വാമി കാര്യങ്ങൾ കേട്ടറിഞ്ഞ ശേഷം പറഞ്ഞു, “താങ്കൾ അസമിൽ നിന്നല്ലേ. ഒരു കാര്യം ചെയ്യൂ. കുറച്ചു ചായപ്പൊടി അസമിൽ നിന്ന് എത്തിച്ചാൽ ഞാൻ അതിവിടെ കച്ചവടം നടത്താം. അസമിൽ നിന്ന് 250 രൂപ നിരക്കിൽ ഒരു കിലോ ചായപ്പൊടി കിട്ടും. അത് ഇവിടെ എത്തിച്ചാൽ 350 രൂപയ്ക്കു ഞാൻ വിറ്റു തരാം. സോമ്നാഥ്ജിക്കു സന്തോഷമായി. “ആദ്യം എത്ര കിലോ ചായപ്പൊടി വേണ്ടി വരും? ഒരു 50 കിലോ മതിയോ?”, അദ്ദേഹം സ്വാമിയോട് ചോദിച്ചു. സ്വാമി പറഞ്ഞു, “ഏയ്, പറ്റില്ല. ഒരു 250 കിലോ എത്തിക്കൂ.” അത്രയൊന്നും സോമനാഥ് ശർമ പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും സന്തോഷമായി. 250 കിലോയുടെ മുകളിൽ 100 രൂപ വെച്ച് ലാഭം ലഭിക്കുമല്ലോ. അപ്പോൾ ഗോശാലക്കുള്ള പ്രാഥമിക മൂലധനമായ 25000 രൂപയായി. ഉത്സാഹത്തോടെ അദ്ദേഹം അസമിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ വിലയും, വണ്ടിക്കൂലിയും ഒക്കെ കൊടുത്തു 75000 രൂപയിലധികം ചെലവാക്കി ചായപ്പൊടി കട്ടക്കിലെ സ്വാമിയുടെ കൈവശമെത്തിച്ചു. ഒരു മാസം കഴിഞ്ഞു, രണ്ടു മാസം കഴിഞ്ഞു, ചായപ്പൊടി ചാക്കുകൾ സ്വാമിയുടെ പക്കൽ എത്തിയിട്ട്. ഒരു വിവരവുമില്ല.
ഒടുവിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ സ്വാമി പറഞ്ഞു, “ഇത് ഇങ്ങനെ വിൽക്കാൻ കഴിയുകയില്ല എന്നറിയില്ലേ? 100 ഗ്രാം, 200 ഗ്രാം പാക്കറ്റുകൾ ആക്കണം. എന്നാലേ കടയുടമകൾ എടുക്കുകയുള്ളൂ.” എന്നാൽ സ്വാമി എന്തുകൊണ്ടിതു നേരത്തെ പറഞ്ഞില്ല? എന്തും ആവട്ടെ. സോമനാഥ് ജി പോയി ചായപ്പൊടി നിറയ്ക്കാനുള്ള പാക്കറ്റുകൾ വാങ്ങി എത്തിച്ചു നൽകി. പിന്നെയും മാസങ്ങൾ കടന്നു പോയി. ചായപ്പൊടിയുടെ ഒരു വിവരവുമില്ല. ഫോണിൽ വീണ്ടും വിളിച്ചു. അപ്പോൾ സ്വാമി പറഞ്ഞു, “ഇത് ഈ പരുവത്തിൽ വിൽക്കാൻ ഒക്കുകയില്ല. ഒരു ബ്രാൻഡ് നാമം വേണ്ടേ?” “എന്നാൽ സ്വാമി എന്നോടിത് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ഉടനെ ചെയ്യുമായിരുന്നില്ലേ?” ഒട്ടു മുഷിവോടെ സോമനാഥ് ജി മറുപടി പറഞ്ഞു. ശരി, അതും ചെയ്തേക്കാം. അദ്ദേഹം പേരും സ്റ്റിക്കാരും ഒക്കെ റെഡിയാക്കി. എന്നിട്ടും സ്വാമി അനങ്ങിയില്ല.
കട്ടക്കിലെ ഒരു ഹോൾസെയിൽ കച്ചവടക്കാരന് അദ്ദേഹത്തോട് ദയവു തോന്നി. അദ്ദേഹം പറഞ്ഞു, “താങ്കൾ എന്റെ സ്‌കൂട്ടറിൽ കയറൂ, നമുക്ക് എല്ലാ ചെറു പലചരക്കു കടകളിലും പോയി ചോദിക്കാം. ചായപ്പൊടി വേണോ എന്ന്.” അങ്ങനെ കുറച്ചു കച്ചവടം നടന്നു. കുറച്ചു ചായപ്പൊടി ചില സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും വാങ്ങി. ആദ്യം സഹായിച്ച ഹോൾസെയിൽ കച്ചവടക്കാരന്റെ കാലു പിടിച്ചു സോമനാഥ് ശർമ്മ. അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ എങ്ങനെയാണ് ഇത്രയധികം ചായപ്പൊടി വിറ്റു തീർക്കുക?!” എന്നാലും ഒടുവിൽ ചായപ്പൊടി ഒരു വിധം വിറ്റു തീർന്നു. ആകെ കിട്ടിയത് 10000 രൂപ. അതോടെ ഗോശാല തുടങ്ങാനുള്ള മനസ്സും പോയി. ആകെ മടുത്തു. പദ്ധതി തന്നെ ഉപേക്ഷിച്ചു. താങ്കളുടെ ഭാര്യ വഴക്കു പറഞ്ഞുവോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം പത്നിയെ വിവാഹം ചെയ്ത കഥ പറഞ്ഞത്.
അരുണാചൽ പ്രദേശിലെ ബിജെപി സർക്കാർ ഇപ്പോൾ സംസ്ഥാനത്തെ 26 ഓളം വരുന്ന ആദിവാസി വിഭാഗങ്ങളുടെ സംസ്കാരം, ഭാഷയും രീതികളും സംരക്ഷിക്കാൻ ഒരു സർക്കാർ വകുപ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷെ, ഗോമാതാവിനെ പറ്റി ഇവിടെ ബിജെപി ക്ക് അധികം മിണ്ടാൻ കഴിയുന്നില്ല. മിഷ്‌മി പോലുള്ള ആദിവാസി വിഭാഗങ്ങൾ മിഥുൻ എന്ന പശുക്കളിലെ തന്നെ ഒരു അവാന്തര വിഭാഗത്തെ, പകുതി വന്യമൃഗം തന്നെയായ ഒരിനം പശുവിനെ, അനുഷ്ഠാനപരമായി ബലി കഴിച്ചു മാംസം ഭക്ഷിക്കുന്നവരാണ്. മിഷ്‌മി വിഭാഗങ്ങളുടെ ഓരോ പൂജയിലും, ഉത്സവത്തിലും, വിവാഹത്തിലും മിഥുനെ അനുഷ്ഠാനപരമായി കൊന്നു അവർ കറി വെച്ച് കഴിക്കുന്നു. ഒപ്പം കൊന്ന പശുക്കളുടെ തലകൾ വീടിന്റെ ചുമരിൽ അലങ്കാരമായി തൂക്കുന്നു. എത്ര തലകൾ അങ്ങനെ തൂങ്ങുന്നു എന്നത് സ്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ്. അരുണാചൽ പ്രദേശിലെ ആദി പോലുള്ള ആദിവാസി വിഭാഗങ്ങളാവട്ടെ പശുവിറച്ചി തന്നെ കഴിക്കുന്നവരാണ്. സംസ്ഥാനത്തു ബീഫ് കഴിക്കുന്നതിനു നിയമപരമായി നിയന്ത്രണവും ഇല്ല. ആർട്ട് ഓഫ് ലിവിങ്, ബ്രഹ്മകുമാരീസ് തുടങ്ങിയ മൃദു ഹിന്ദുത്വ സംഘടനകൾ വർഷങ്ങളായി അരുണാചൽ പ്രദേശിൽ യോഗയും, സംസ്കാരവും പഠിപ്പിക്കാൻ എന്ന മറ പിടിച്ചു ആദിവാസി വിഭാഗങ്ങളുടെ പശു മാംസം കഴിക്കുന്ന ശീലം മാറ്റാൻ ശ്രമിച്ചതും വലിയ തോതിൽ ഫലവത്തായിട്ടില്ല. ബീഫിന്റെ പേരിൽ ആദിവാസി വിഭാഗങ്ങളെ പിണക്കാൻ ബിജെപി തയ്യാറുമല്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ബീഫ് കഴിക്കുന്നവരെ കൊല്ലാൻ മടിക്കാത്ത തീവ്ര വിഭാഗങ്ങൾ ബിജെപി-സംഘ പരിവാർ സംഘത്തിൽ ഉണ്ടെങ്കിലും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒരു ഗോശാല തുടങ്ങാൻ സോമനാഥ് ശർമ്മക്കു സഹായം കിട്ടാത്തതിൽ അദ്‌ഭുതപ്പെടാനില്ല എന്നർത്ഥം.
സോമ്നാഥ്ജിയുടെ ഗോശാലയിൽ കുടിയേറേണ്ടിയിരുന്ന പശുക്കൾ അങ്ങനെ തെരുവിൽ അലയുകയോ, അവരുടെ തലകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വീടുകളുടെ ചുമരുകൾ അലങ്കരിക്കുകയോ ആണ് ഇന്നും. ഗോശാലയെന്ന സ്വപ്നം ഉപേക്ഷിച്ച്, ജനുവരിയിൽ നടക്കാൻ പോകുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം നടക്കുമ്പോൾ ഇന്ത്യയിലേക്ക് ലോകം മുഴുവനുമുള്ള സംസ്‌കൃതിയുടെ പ്രതിനിധികൾ ക്ഷണിക്കപ്പെടുമെന്നും സംസ്കാര മാതൃകകൾ ഒഴുകിയെത്തുമെന്നും ഒരു പുതിയ സാംസ്‌കാരിക പ്രൗഢി ഇന്ത്യ ആർജ്ജിക്കുമെന്നും സ്വപ്നം കാണുകയാണ് സോമ്നാഥ് ജി ഇപ്പോൾ.
ഓരോ ജനതയുടെയും തനതു സംസ്കാരത്തെ പറ്റി അദ്ദേഹം വാചാലനായി. ഒരു വിഭാഗക്കാർ ദൈവാരാധന നടത്തുന്ന ഒരു കെട്ടിടം തകർക്കുന്നതിനെ, എന്നിട്ടു അവിടെ ക്ഷേത്രം പണിയുന്നതിനെ എങ്ങനെ ന്യായീകരിക്കാൻ പറ്റും എന്ന് അദ്ദേഹത്തോട് ചോദിക്കാതിരുന്നില്ല. അദ്ദേഹം പറഞ്ഞു, “അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ കെട്ടിടം പണിത കല്ലുകൾ അതിനു മുൻപ് ക്ഷേത്രത്തിന്റെ കല്ലുകൾ ആയിരുന്നു.” വീണ്ടും ചോദിച്ചു, “ചരിത്രം അങ്ങനെ തന്നെയല്ലേ. പല അടരുകളായി ഒന്നിന് മുകളിൽ ഒന്നായി നിർമ്മിതികൾ, കാലഘട്ടങ്ങൾ, വരികയല്ലേ. അതിനെ എല്ലാം തിരിച്ചാക്കാൻ ശ്രമിക്കുന്നത് ശരിയാണോ? അത്തരം ശ്രമങ്ങൾ യുക്തിരഹിതമല്ലേ? തെറ്റല്ലേ?” സോമ്നാഥ്ജി പറഞ്ഞു, “അത് ഞാൻ പറഞ്ഞു തരാം….” പിന്നെയാണ് അദ്ദേഹം ആ ചോദ്യം മറന്നതുപോലെ, തന്റെ ഗോശാലാ സംരംഭത്തിന്റെ കഥയിലേക്ക് വഴി മാറിയൊഴുകിയത്.
ചിത്രങ്ങൾ: എ.കെ മിനിജ, സോന പി.എം
ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്‌നങ്ങളെയും കുറിച്ച് ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണ് ഇയർ ടു ദ ഗ്രൌണ്ട്. മുൻ ലക്കങ്ങൾ വായിക്കാം ഇവിടെ.
👌👌👍