യുവജനങ്ങള്‍ എഴുപത് മണിക്കൂര്‍ പണിയെടുത്തില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്ന് നാരായണ മൂര്‍ത്തി വീണ്ടും!! ”800 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. അതായത് 800 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലാണ്. നമുക്ക് കഠിനാധ്വാനം ചെയ്യാന്‍ പറ്റുന്ന അവസ്ഥയില്ലെങ്കില്‍ പിന്നെ ആര് ചെയ്യും?” എന്നാണ് മൂര്‍ത്തിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം.
80 കോടി ഇന്ത്യക്കാര്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെക്കഴിയേണ്ടി വരുന്നത് അവര്‍ അധ്വാനിക്കാത്തതു കൊണ്ടല്ലെന്നും, അവര്‍ കൂടി അനുഭവിക്കേണ്ട പൊതു വിഭവങ്ങള്‍ മൂര്‍ത്തി അടക്കമുള്ള രാജ്യത്തെ വിരലിലെണ്ണാവുന്ന കുത്തകകള്‍ക്കായി വീതിച്ചു നല്‍കിയതുകൊണ്ടാണെന്നും അറിയാത്ത ആളല്ല ഇന്‍ഫോസിസ് മേധാവി. പക്ഷേ കാര്യകാരണങ്ങളുടെ നിജസ്ഥിതിയിലേക്ക് ചെന്നാല്‍ മൂര്‍ത്തി മുന്നോട്ടുവെക്കുന്ന ‘കാരുണ്യ മുതലാളിത്ത’ (Compassionate Capitalism ആണ് ‘കാരുണ്യ’ മൂര്‍ത്തിയുടെ പരിഹാരം)ത്തിന്റെ മുഖംമൂടി കീറിയെറിയപ്പെടും എന്നത് നിശ്ചയം.
സംഘടിക്കാനും സമരം ചെയ്യാനും ഉള്ള അവകാശങ്ങള്‍ പോലും കവര്‍ന്നുകൊണ്ട്, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഒന്നൊന്നായി മൂര്‍ത്തിമാര്‍ക്കായി പൊളിച്ചെഴുതിക്കൊടുത്തിട്ടും അടങ്ങിയിട്ടില്ല മൂര്‍ത്തിയുടെ ആര്‍ത്തി. 44 നിയമങ്ങളിലായി പരന്നുകിടന്ന തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെ വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ എന്നിങ്ങനെ 4 ലേബര്‍ കോഡുകള്‍ക്ക് കീഴില്‍ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ വേതനം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളില്‍ കമ്പനികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് പുതിയ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. അതിനേക്കൊളൊക്കെ പ്രധാനമായിരിക്കുന്ന മറ്റൊരു കാര്യം ‘സ്ഥിരം തൊഴില്‍’ എന്ന കാഴ്ചപ്പാടിനെത്തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായി ആരെയും നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുകയും രണ്ടാഴ്ചത്തെ മാത്രം നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഇതേക്കൂറിച്ച് മൂര്‍ത്തി നാളിതുവരെ എന്തെങ്കിലും ഉരിയാടിയതായി അറിയില്ല.
ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനാണ്. കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഇയര്‍ന്നിരിക്കുകയാണ്. 2011-12 കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 2.2ശതമാനമായിരുന്നുവെങ്കില്‍ 2017-18 ആയപ്പോഴേക്കും അത് 6.1ശതമാനമായി വര്‍ദ്ധിച്ചുവെന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള ദേശീയ സാമ്പ്ള്‍ സര്‍വ്വേ ഓഫീസ് ആണ്. ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ലെങ്കിലും സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിഗ് ചെയര്‍മാന്‍ പി.സി.മോഹനനും അംഗം ജെ.വി.മീനാക്ഷിയും രാജിവെച്ചത് അടക്കമുള്ള സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് അത് പുറത്തുവിട്ടതെന്നതും ആനുഷിംഗികമായി ഓര്‍മ്മിപ്പിക്കുന്നു.
2014 മുതല്‍ക്കിങ്ങോട്ട് രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍തോതിലുള്ള ഇടിവുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലുകള്‍ ലഭ്യമാകാനുള്ള സാധ്യത പതിന്മടങ്ങ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വിവിധ സര്‍വ്വേകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു(Gouthamdas, ILO, AICTE, Labour Bureau എന്നിവരുടെ പഠനങ്ങള്‍). തൊഴിലില്ലാത്ത കോടിക്കണക്കിന് ജനങ്ങള്‍ പുറത്തു നില്‍ക്കുമ്പോഴാണ് 70 മണിക്കൂര്‍ തൊഴിലെടുക്കാന്‍ മൂര്‍ത്തിയുടെ ആഹ്വാനം!! മൂര്‍ത്തി അടക്കമുള്ള, വിവര സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, വന്‍കിട ടെക് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ സ്വകാര്യ മൂലധനം സമാഹരിക്കുന്നത് സാമൂഹിക സഹകരണത്തില്‍ (Social Cooperation) നിന്നാണെന്നും സാമൂഹിക നിയന്ത്രണമില്ലാത്ത, പരിധിയില്ലാത്ത, മൂലധന സഞ്ചയത്തിന് വേണ്ടിയുള്ള ആര്‍ത്തിയാണ് പുതിയ ആഹ്വാനങ്ങള്‍ക്ക് പിന്നിലെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.