കോപ്പ് (COP29) നാടകം ആരംഭിക്കുമ്പോൾ

കഴിഞ്ഞ ദിവസം അസര്‍ബൈജാനിലെ ബാകു ഒളിംമ്പിക് സ്റ്റേഡിയത്തില്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഉത്ഘാടന സമ്മേളനത്തില്‍ COP29 സമ്മേളനത്തിന്റെ അധ്യക്ഷന്‍ മുക്താര്‍ ബാബയേവി (Mukhtar Babayey)ന്റെ അര മണിക്കൂറിലധികം നീളുന്ന പ്രസംഗം കോപ്29ന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കേട്ടുകൊണ്ടിരുന്നപ്പോള്‍ പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയിലെ വരികളാണ് ഓര്‍മ്മവന്നത്.
“പെരുമ്പറ മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുങ്ങിക്കഴിഞ്ഞിരുന്നു
യഹോവ ഭൂമിയെ
ആനക്കൊണ്ഡായിലെ കൊക്കകോള കമ്പനിക്കും
ഫോര്‍ഡ് മോട്ടോര്‍സിനും
മറ്റ് ദേവാലയങ്ങള്‍ക്കുമായി
വീതിച്ചു പൊതിഞ്ഞു കൊടുത്തിരുന്നു….”
ഇവിടെ കൊക്കകോളയ്ക്കും ഫോര്‍ഡിനും പകരം ടെസ്ലയെന്നോ ആപ്പ്ള്‍ എന്നോ എച്ച്പി എന്നോ വായിച്ചാല്‍ മതി.
നിഗര്‍ മുബാരിസിനെയും നര്‍ഗീസ് അബ്‌സലാമോവയെയും പോലുള്ള ഡസന്‍ കണക്കിന് ക്ലൈമറ്റ് ജേര്‍ണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് തള്ളിക്കൊണ്ടാണ് ബാകുവില്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.
അസര്‍ബൈജാനിലെ ലെസ്സര്‍ കോക്കസ് പര്‍വ്വത നിരകളിലെ സ്വര്‍ണ്ണഖനികളില്‍ നിന്ന് പുറന്തള്ളുന്ന സയനൈഡ് കലര്‍ന്ന ദശലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ വിഷജലം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാണ് നിഗറിനെയും നര്‍ഗീസിനെയും ഭരണകൂടം ജയിലിലേക്ക് തള്ളിയത്.

കാലാവസ്ഥാ പ്രതിസന്ധി അതിന്റെ നിര്‍ദ്ദാക്ഷിണ്യമായ രൂപം ആഗോള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോഴും ശാസ്ത്രലോകം ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോഴും കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളായ ജനങ്ങള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയ ഭരണകൂടങ്ങള്‍ വ്യവസായ സമൂഹവുമായി ചേര്‍ന്ന് അവസാന വീതംവെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ചെറുപതിപ്പ് ചിത്രങ്ങള്‍ മാത്രമാണ് അസര്‍ബൈജാനില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കാലാവസ്ഥാ കാപട്യം (Climate Hypocracy)
കാലാവസ്ഥാ കാപട്യത്തിന്റെ കാര്യത്തില്‍ അസര്‍ബൈജാന്‍ വളരെ ചെറിയ കക്ഷി മാത്രമാണ്. ആഗോള കാര്‍ബണ്‍ എമിഷന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാം. ഇന്ത്യയുടെ കാര്‍ബണ്‍ വെട്ടിച്ചുരുക്കല്‍ കാലപരിധി 2070 ആയി പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്ര മോദി ചെയ്തതും സമാനമായ കാര്യം തന്നെയാണ്. ഇക്കാലയളവില്‍ അദാനിയും ജിന്‍ഡാലും ടാറ്റയും അംബാനിയും അടങ്ങുന്ന വന്‍കിടകള്‍ രാജ്യത്തിന്റെ ഖനിജ സമ്പത്ത് പൂര്‍ണ്ണമായും കൊള്ളയടിച്ചിരിക്കും. ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരിന്ദിലെ ഗോത്രവംശജര്‍ക്ക് നേരെ വെടിയുണ്ടകള്‍ വര്‍ഷിച്ചുകൊണ്ടാണ് കാലാവസ്ഥാ സമ്മേളനങ്ങളില്‍ ഇത്രയും കാലം ഇന്ത്യന്‍ ഭരണകൂടം പങ്കെടുത്തുകൊണ്ടിരുന്നത്.
കോപ് 29ല്‍ അത്തരം പങ്കാളിത്തംപോലും ആവശ്യമില്ലെന്ന് ഇന്ത്യയിലെ രാഷ്ട്രീയ ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. കോപ് വേദികളില്‍ ഇന്ത്യയുടേതായ പവലിയനുകള്‍ ഇല്ലെന്ന് മാത്രമല്ല, ബാകു ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നത് സംബന്ധിച്ച യാതൊരു ഉറപ്പും ഇതുവരെ ലഭ്യമായിട്ടില്ല.
ബാകു ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മാത്രമല്ല, അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ കോപ് 29ല്‍ പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാവ്യതിയാന നിഷേധകനായ (Climate change denier) ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പൊതുവില്‍ കാലാവസ്ഥാ വ്യതിയാന പരിഹാരശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ബാകുവിലെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കാളി രാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്നത് പ്രധാനമായും Climate Finance നെക്കുറിച്ചായിരിക്കും. ‘New Collective Quantified Goals- NCQG’ എന്നറിയപ്പെടുന്ന ഈ പ്രക്രിയയെ കുറിച്ച് അടുത്ത കുറിപ്പിൽ വിശദീകരിക്കാൻ ശ്രമിക്കാം.