A Unique Multilingual Media Platform

The AIDEM

Articles National Society

ഇന്ത്യ എന്ന ആശയത്തിന്റെ ചിറകരിയുന്ന എൻസിഇആർടി

  • June 20, 2024
  • 1 min read
ഇന്ത്യ എന്ന ആശയത്തിന്റെ ചിറകരിയുന്ന എൻസിഇആർടി

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകൾ ബ്രിട്ടീഷ് ഇന്ത്യയെ സംബന്ധച്ചിടത്തോളം സാമ്രാജ്യത്വ ചൂഷണത്തിന്റെ മാത്രം കാലഘട്ടമായിരുന്നില്ല. ഇന്ത്യൻ ബുദ്ധിജീവികൾക്കിടയിൽ മാത്രമല്ല, സാമ്രാജ്യത്വ അധികാരികൾക്കിടയിലും വിഭവ ചൂഷകർക്കിടയിലും ഇന്ത്യൻ സംസ്കാരം, വിദ്യാഭ്യാസം എന്നിവയോട് വ്യത്യസ്തമായ സമീപനങ്ങൾ ഉയർന്നുവന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഹെൻറി തോമസ് കോൾബ്രൂക്കിനെ പോലുള്ള ബ്രിട്ടീഷ് പണ്ഡിതന്മാർ ഇന്ത്യൻ ജനതയെ പാശ്ചാത്യവൽക്കരിക്കുന്നതിനെ എതിർക്കുന്നതായി നമുക്ക് കാണാം. അവർ സംസ്കൃതം, പേർഷ്യൻ, അറബിക് ഭാഷകളിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വിദ്യാഭാസരീതിയെ നിലനിർത്താനാവശ്യമായ സംവിധാനങ്ങൾ ഇംഗ്ലീഷ് ഭരണാധികാരികൾ ചെയ്യേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ടു. അധികാരവും ചൂഷണവും നിലനിർത്താൻ അതാണ് മെച്ചപ്പെട്ട വഴി എന്നു ചിന്തിച്ച കച്ചവടക്കാരും ഉണ്ടായിരുന്നു. എന്നാൽ ജെയിംസ് മിൽ, തോമസ് മെകാളെ തുടങ്ങിയവർ ഇന്ത്യൻ ജനത പരിലാളിക്കുന്ന പ്രാചീന സംസ്കാരത്തെ മഹത്വവൽക്കരിച്ച് അതുതന്നെ കോരിക്കൊടുക്കുന്നതിനെ വിമർശിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡം ബ്രിട്ടീഷ് അധിനിവേശ കാലത്ത്

വാസ്തവത്തിൽ സാമ്രാജ്യത്വഭരണാധികാരികൾക്കും ബുദ്ധിജീവികൾക്കും ഒരു പൊതുലക്ഷ്യം ഉണ്ടായിരുന്നു, കോളനികളിൽ നിന്ന് പ്രകൃതിവിഭവങ്ങളും മനുഷ്യപ്രയത്നവും പരമാവധി ചൂഷണം ചെയ്ത് അവയെ തങ്ങളുടെ ഫാക്ടറികളിലൂടെ ഉൽപ്പന്നങ്ങളാക്കി ഇതേ കോളനികളിലെ കമ്പോളത്തിൽ കൊണ്ടുപോയി വില്പന നടത്തി അനിയന്ത്രിതമായ ലാഭം കൊയ്യുക. ഇന്ത്യക്കാർക്ക് പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം മതിയെന്നു വാദിച്ചവരും അതല്ല, ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം വേണം എന്നു വാദിച്ചവരും പ്രാപിക്കേണ്ട ലക്ഷ്യത്തിന്റെ കാര്യത്തിൽ ഐക്യമുള്ളവരായിരുന്നു എന്നർത്ഥം. ഇംഗ്ലീഷുകാർ മാത്രമല്ല, ലോകത്ത് വ്യാപിച്ച എല്ലാ സാമ്രാജ്യത്വ ശക്തികളും അവരുടെ കോളനികളിൽ ഇതേ തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുമുള്ള നിക്ഷേപവുമില്ലാതെ, പരിധിയുമില്ലാതെ വിഭവങ്ങൾ ചൂഷണം ചെയ്യുക എന്ന ഫ്രഞ്ച് താല്പര്യത്തെ എതിർത്ത ബാങ്കറും സാമ്പത്തിക വിദഗ്ധനുമായിരുന്നു പോൾ ബെർണാഡ്. വിയറ്റ്നാമിന്റെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിച്ചുകൊണ്ടായിരിക്കണം വിഭവചൂഷണം നടത്തേണ്ടത് എന്ന് അദ്ദേഹം വാദിച്ചു. ഇതൊക്കെതന്നെയായിരുന്നു ഇന്ത്യയിൽ ബ്രിട്ടീഷ് അധികാരികളും ചെയ്തത്. ഇങ്ങനെ സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ചരിത്രത്തിലും ഇടപെട്ടുകൊണ്ടാണ് സാമ്രാജ്യത്വം ഇന്ത്യയിൽ വിപുലപ്പെട്ടത്. അപരിഷ്കൃതരായ ഇന്ത്യക്കാരെ പരിഷ്കരിക്കുക (Civilizing the Native) എന്ന വഞ്ചനക്കെതിരെ ഇന്ത്യൻ ദേശീയതയുടെ ആധാരമായി വികസിച്ചുവന്നതാണ് ദേശീയജനതയെ വിദ്യ അഭ്യസിപ്പിക്കൽ (Educating the Nation).

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യൻ ജനതയെ പ്രാകൃതരും അജ്ഞരുമായി ചിത്രീകരിക്കുകയും അതിൽ നിന്ന് ഇന്ത്യൻ ജനതയെ വിമോചിപ്പിക്കാനുള്ള ‘പരിഷ്കരണ ദൗത്യം’ (Civilizing Mission) ആവിഷ്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി എഴുതപ്പെട്ടതാണ് ഇന്ത്യാചരിത്രത്തിന്റെ സാമ്രാജ്യത്വചരിത്രപാഠങ്ങൾ. ഇന്ത്യാചരിത്രകാലഘട്ടങ്ങളെ വിഭജിക്കുന്നതിൽ പോലും ‘വിഭജിക്കുക’ എന്ന തന്ത്രം അവർ ആവിഷ്കരിച്ചു. ഒട്ടും ചരിത്രസാംഗത്യമോ, യുക്തിയോ ഇല്ലാതെ ഇന്ത്യാചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ്ലീം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ വിഭജിച്ചു. അതിന്റെ കൊളോണിയൽ യുക്തി ഇത്രയേയുള്ളൂ. ഹിന്ദു കാലഘട്ടത്തെ തകർത്തെറിഞ്ഞ് സ്ഥാപിതമായതാണ് ഇന്ത്യയിലെ മുസ്ലീം ഭരണകൂടങ്ങൾ. അവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയാണ് ബ്രിട്ടീഷുകാർ ഭരണം ഏറ്റെടുത്തത്. ബ്രിട്ടീഷുകാർക്ക് ‘മതമില്ല’ (അവരുടെ ക്രൈസ്തവ സ്വത്വം മറച്ചുവെച്ചുകൊണ്ട്) എന്ന് സ്ഥാപിക്കാൻ അവർ സമർത്ഥമായി ശ്രമിച്ചിട്ടുള്ളതും കാണുക. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പരിഷ്കരണത്തിന് ശേഷം എൻ സി ഇ ആർ ടി പുറത്തിറക്കിയ ചരിത്രപാഠപുസ്തകങ്ങൾ ഇത്തരം കൊളോണിയൽ വാർപ്പുമാതൃകകളെ തിരസ്കരിച്ചുകൊണ്ട് കൂടുതൽ ശാസ്ത്രീയമായ ചരിത്രപരിപ്രേക്ഷ്യം ഉൾക്കൊള്ളുന്നവയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ

കൊളോണിയൽ ഭരണകാലഘട്ടത്തിൽ ദേശീയചരിത്രരചന നടത്തിയവർക്ക് സാമ്രാജ്യത്വചരിത്രപാഠങ്ങളെ ചെറുക്കുന്നതോടൊപ്പം ദേശീയതയെ ഉത്തേജിപ്പിക്കുന്ന ചരിത്രരചനയും വ്യാഖ്യാനവും നടത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ ഇന്ത്യനോ, ഭാരതീയമോ ആയ എല്ലാ ചിഹ്നങ്ങളെയും തദ്ദേശീയ മഹാമനുഷ്യരേയും ഭാവനകളെയും മിത്തുകളെയും മഹത്വവൽക്കരിച്ചുകൊണ്ടുള്ള ഒരു ചരിത്രരചനാരീതിശാസ്ത്രം രൂപപ്പെട്ടുവന്നു. ദേശീയമഹിമയെ പ്രോജ്ജ്വലിപ്പിക്കാൻ പോരുന്നതായിരുന്നു അത്. എന്നാൽ അതിന്റെ ഉള്ളടക്കത്തിലും സങ്കൽപത്തിലും ബ്രിട്ടീഷുകാർ പാകിയ സാമൂഹികവിഭജനത്തിന്റെ പാടുകൾ വ്യക്തമായി ഉണ്ടായിരുന്നു. ബ്രാഹ്മണിക്കൽ ദേശീയതയുടെ ഭൂതകാലവും ബിംബങ്ങളുമാണ് ആ ചരിത്രത്തിലെമ്പാടും മുഴങ്ങിയത്. ഇതിന്റെ അപകടത്തിന്റെ ആഴം മനസ്സിലാകാൻ ബാല ഗംഗാധരതിലക് എന്ന ദേശീയവാദിയുടെ രാഷ്ട്രീയനിലപാടിനെ വിശകലനം ചെയ്താൽ മാത്രം മതി. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഖ്യാപനം ഏറ്റുപിടിക്കാത്ത ദേശീയപ്രസ്ഥാന പ്രവർത്തകർ അന്ന് ഇല്ലായിരുന്നു. എന്നാൽ തിലകിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസക്കാരിക ചിന്തയെപ്പറ്റി പഠിക്കുമ്പോൾ അതിലെ ഹിന്ദുരാഷ്ട്രസങ്കല്പം വെളിപ്പെടും. ഹിന്ദുരാഷ്ട്രം മാത്രമല്ല, മറാത്താ ബ്രാഹ്മണാധിപത്യത്തിന്റെ വക്താവുമായിരുന്നല്ലൊ അദ്ദേഹം. കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും ഒരേയിടത്ത് അന്നം വിളമ്പുകയാണെങ്കിൽ ആ പന്തലിന് താൻ തീയിടുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ചരിത്രത്തിൽ എത്രപേർ വായിച്ചിട്ടുണ്ടാകും. കോൺഗ്രസിന്റെ മറ്റൊരു സമ്മേളനത്തിൽ എന്നാൽ ഗാന്ധിജി പ്രവർത്തിച്ചത് മറ്റൊരു വിധത്തിലാണ്. ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ പലരുടെയും മുറിക്ക് വെളിയിൽ മലവിസർജ്ജനം ചെയ്തതായി കണ്ടു. അന്വേഷിച്ചപ്പോൾ ഉന്നതജാതിക്കാർ ചെയ്തതാണെന്നും അതെല്ലാം വൃത്തിയാക്കേണ്ടത് ‘മാലി’ എന്ന കീഴ്ജാതിക്കാരുടെ തൊഴിലാണ് എന്നുമാണ് വളണ്ടിയർമാർ പറഞ്ഞത്. ചൂലും ബക്കറ്റും വെള്ളവും കൊണ്ടുവരാനാണ് ഗാന്ധിജി ഉടനെ ആവശ്യപ്പെട്ടത്. ശുചീകരണത്തിൽ പിന്നീട് അവിടെയുണ്ടായിരുന്നവരും പങ്കാളികളാകുന്നതാണ് നമ്മൾ ഗാന്ധിജീവിതത്തിൽ നിന്ന് വായിച്ചത്. ഇത് ഭഗവത് ഗീതയെ രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് വായിച്ചവരുടെ ജീവിതവ്യാഖ്യാനം കൂടിയായിരുന്നു. ദേശീയ ചരിത്രരചനയുടെ ദർശനപരമായ ഭിന്നത വ്യക്തമാക്കാനുള്ള യഥാർത്ഥ ജീവിതഘട്ടത്തെ സൂചിപ്പിക്കാനാണ് ഈ സന്ദർഭം ഇവിടെ പങ്കുവെച്ചത്.

ബാലഗംഗാധര തിലക്

ചരിത്രം അനുസ്യൂതമായ സാംസ്കാരിക സല്ലയത്തിന്റെയും വൈവിദ്ധ്യങ്ങളുടെയും ആകെത്തുകയാണെന്ന വസ്തുതയെ ഉൾക്കൊള്ളാൻ ദേശീയ ചരിത്രരചയിതാക്കൾക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. ബ്രാഹ്മണ്യത്തോട് ചേരാത്തതെല്ലാം അന്യമായി നിന്നു. പത്താം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന പ്രബലമായ മുസ്ലീം ഭരണത്തിന്റെ രാഷ്ട്രീയസ്വാധീനം മാത്രമല്ല, അതിസമ്പന്നമായ സാംസ്കാരിക സ്വരലയത്തിന്റെ അനുപമസൗന്ദര്യത്തിന്റെ ഉരുവം കൊള്ളൽ പ്രക്രിയ പോലും ഇന്ത്യാചരിത്രത്തിന് പുറത്തായി. പറയുമ്പോൾ ദേശീയചരിത്രരചനയാണ്. എന്നാൽ അത് വിഭജനത്തിന്റെ ചരിത്രരചനാരീതിശാസ്ത്രമായിരുന്നു. ഇത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ചരിത്രബോധമുള്ള ഒരു പ്രധാനമന്ത്രി നമുക്ക് തുടക്കത്തിലേ ഉണ്ടായി എന്നത് നിസ്സാര കാര്യമല്ല. ഇന്ത്യയെ കണ്ടെത്തുന്ന ഒരു പ്രതിഭയ്ക്ക് അത് ആയാസകരമായിരുന്നില്ല. വിദ്യാഭ്യാസം, ചരിത്രം, ഇന്ത്യൻ ബൗദ്ധികജീവിതം എന്നിവയെ രൂപപ്പെടുത്തുന്നതിൽ ജവഹർലാൽ നെഹ്രു വഹിച്ച പങ്ക് ഒരു കേവല ഭരണാധികാരിയുടെ ശേഷികൾക്ക് എത്രയോ ഉയരെയാണ്.

ഭൂതകാലത്തെ കാല്പനികവൽക്കരിക്കുന്നതിനെ ജവഹർലാൽ നെഹ്രു എതിർത്തു. ഭൂതകാലത്തെ ശരിയായി മനസ്സിലാക്കിയാൽ മാത്രമേ ഐശ്വര്യപൂർണമായ ഭാവിയെ നിർമ്മിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്ലീം ഭരണകാലഘട്ടത്തെ അദ്ദേഹം വിലയിരുത്തുന്നുണ്ട്. അത് എങ്ങനെ ദേശീയചരിത്രരചനയിൽ നിന്ന് അന്യമായി നിന്നു എന്നതിന് അദ്ദേഹത്തിന് കൃത്യമായ ധാരണയുമുണ്ട്. അവർ പൂർണമായും ഇന്ത്യൻ വേരുകളോട് ചേർന്ന് ഇന്ത്യനൈസ്ഡ് ആയി എന്നും രജപുത്ര ഭരണാധികാരികൾ പോലും മുഗൾ ഭരണാധികാരികളുടെ നായകത്വം അംഗീകരിച്ചു എന്നും നെഹ്രു ‘ഓൺ അണ്ടർസ്റ്റാൻഡിംഗ് ഹിസ്റ്ററി’ എന്ന പ്രഭാഷണത്തിൽ പറയുന്നുണ്ട്. വസ്തുതകളിൽ ഐതിഹ്യങ്ങളെ കലർത്തുന്നത് ഹീനമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. കാഴ്ചപ്പാടിൽ അവ്യക്തത സൃഷ്ടിച്ച് അത് ജീവിതത്തെ തന്നെ ശിഥിലമാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംസ്കാരങ്ങളെ ഉൾക്കൊള്ളൽ അത്ര എളുപ്പമുള്ള പണിയല്ല. അത് ഭംഗിയായി സ്വാംശീകരിക്കാൻ നെഹ്രുവിന് സാധിച്ചു. തായ്‌ലൻഡിൽ പോയാൽ ഒരു തായ് ആകാനും മെക്സിക്കോയിൽ പോയാൽ ഒരു മെക്സിക്കൻ ആകാനും അദ്ദേഹത്തിന് സാധിച്ചത് സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള (Cultural Inclusiveness) അദ്ദേഹത്തിന്റെ സാർവലൗകികമായ (Cosmopolitan) കാഴ്ചപ്പാട് കാരണമാണ്. അത്തരം സംസ്കാരങ്ങളെ ഹൃദയപൂർവം ബഹുമാനിക്കാതെയുള്ള കപടനാട്യം മൂലമല്ല എന്നർത്ഥം.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും അവയുടെ പ്രധാന ഭാഷയും

ഭാഷകളുടെ സ്വാംശീകരണത്തെ സംബന്ധിച്ചും നെഹ്രു ഏറ്റവും സർഗാത്മകമായ നിലപാടെടുത്ത നായകനാണ്. ഒരിക്കൽ ഭാഷാ സമിതി അംഗമായ സത്യനാരായണയെ അദ്ദേഹം സ്വന്തം ക്യാബിനിലേക്ക് വിളിപ്പിച്ചു. ഇന്ത്യയിലെ പ്രബലമായ ഭാഷകളുടെ ഒരു ലിസ്റ്റ് കൊടുക്കാൻ ആവശ്യപ്പെട്ടു. സത്യനാരായണ 12 ഭാഷകളുടെ ലിസ്റ്റ് തയ്യാറാക്കി ഉടനെ അദ്ദേഹത്തിന് കൊടുത്തു. നെഹ്രു അതിൽ പതിമൂന്നാമത്തെ ഭാഷ എഴുതിച്ചേർത്തു. ഉടനെ ആ ലിസ്റ്റ് അടുത്ത് നിന്നിരുന്ന ഒരു ബ്രാഹ്മണസുഹൃത്ത് എടുത്ത് വായിച്ചു. അവസാനമെഴുതിയ ഭാഷ കണ്ട് സുഹൃത്ത് ദേഷ്യപ്പെട്ടു, ‘ഉർദു! അതാരുടെ ഭാഷ?’

നെഹ്രു അക്ഷോഭ്യനായി പറഞ്ഞു, ‘എന്റെ. എന്റെ പൂർവപിതാക്കളുടെ ഭാഷ.’

സുഹൃത്ത് വീണ്ടും പ്രകോപിതനായി, ‘നാണമില്ലേ? ഒരു കഷ്മീരി ബ്രാഹ്മണനായിട്ട് ഉർദു താങ്കളുടെ ഭാഷയാണെന്ന് പറയാൻ?’

നെഹ്രു ആ കടലാസ് എടുത്ത് പതിനാലാമത്തെ ഭാഷ എഴുതിച്ചേർത്തു. സംസ്കൃതം.

ബംഗാളി ഭാഷയെ ടാഗോർ പരിഷ്കരിച്ചതുപോലെ ഇന്ത്യയിലെ ഇംഗ്ലീഷിനെ പരിഷ്കരിച്ച പണ്ഡിതനാണ് നെഹ്രു എന്ന് ചരിത്രകാരനായ സുനിൽ കിൽനാനി രേഖപ്പെടുത്തുന്നു. എറ്റവും വൈകാരികമായ നിമിഷത്തിൽ പോലും അത് അതിസുന്ദരമായി പ്രയോഗിക്കാനുള്ള സഹജമായ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടു ഘട്ടങ്ങൾ മാത്രമെടുത്താൽ മതി. മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ ‘The light has gone out of our lives…’, രാജ്യം സ്വതന്ത്രമായപ്പോൾ ഉയർന്ന ‘Long years ago we made a tryst with destiny…’ എന്നീ പ്രസംഗങ്ങൾ തന്നെ ധാരാളം. രണ്ട് ചരിത്രസന്ദർഭങ്ങളും നമ്മൾ ചരിത്രപരമായും വൈകാരികമായും അനുഭവിക്കുന്നത് നെഹ്രുവിന്റെ ആ വാക്കുകളിലൂടെയാണല്ലൊ. ഇന്ത്യ അതിന്റെ ചരിത്ര-സാംസ്കാരിക വീക്ഷണത്തിൽ ലോകത്ത് വായിക്കപ്പെടുന്നത് നെഹ്രു സൗന്ദരമാക്കിയ ഇംഗ്ലീഷിലൂടെയാണ്.

നെഹ്രുവിനെ വിശദമാക്കാതെ എങ്ങനെയാണ് ആധുനിക ഇന്ത്യ രൂപംകൊണ്ടതെന്ന് വിശദീകരിക്കുക അസാദ്ധ്യം. അദ്ദേഹത്തിന്റെ സ്വതന്ത്ര ഇന്ത്യയുടെ ആധാരം ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിൽ അധിഷ്ഠിതമാണ്. 1929ൽ നടന്ന കോൺഗ്രസിന്റെ ലാഹോർ സെഷനിൽ തന്നെ സോഷ്യലിസത്തിന്റെ അനിവാര്യത അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. പിന്നീട് 1936 ആകുമ്പോൾ ഇന്ത്യയുടെ പുരോഗമനത്തിന് ശാസ്ത്രീയ സോഷ്യലിസം (Marxism) അല്ലാതെ വേറെ വഴിയില്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ നെഹ്രുവിന്റെ പാശ്ചാത്യവൽക്കരിക്കപ്പെട്ട ദർശനവും ഗാന്ധിജിയുടെ ഗാന്ധിവൽക്കരിക്കപ്പെട്ട തനത് ദർശനവും വിയോജിപ്പോടെയാണ് മുഖാമുഖം നിന്നത്. ഒപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ഉള്ളടക്കവും പ്രശ്നമായി. അത് തൊഴിലാളി-കീഴാള-ദളിത് സൗഹൃദമായിരുന്നില്ല എന്നുമാത്രമല്ല, വലിയ തോതിൽ മുതലാളി-നാടുവാഴി താല്പര്യങ്ങളുടെ കൂടി ഒരു സംഘമായിരുന്നു. ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുക എന്നതിൽ കവിഞ്ഞ് സാമൂഹ്യ-സാമ്പത്തിക വിപ്ലവം അവരുടെ അജണ്ടയിൽ ഇല്ലായിരുന്നു. കോൺഗ്രസിനെതിരായുള്ള ഏറ്റവും ശക്തമായ വിമർശനവും അതുതന്നെയായിരുന്നു. പിൽക്കാലത്ത് കോൺഗ്രസിനെ ഒരു മദ്ധ്യപക്ഷ (Centrist) പാർട്ടിയാക്കി പരിമിതപ്പെടുത്തിയതും ആ പാർട്ടിക്കകത്തെ വർഗ-ജാതി ഉള്ളടക്കമാണ്. അതുകൊണ്ടുതന്നെ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് സങ്കല്പം ഒരു മിശ്രസാമ്പത്തിക വ്യവസ്ഥയിലേക്ക് വീണ് പരിമിതപ്പെടുകയാണ് ചെയ്തത്.

ജവഹർലാൽ നെഹ്‌റു

ഇന്ത്യൻ ചരിത്രരചനയുടെ നേതൃത്വത്തിലേക്ക് ബിപൻ ചന്ദ്ര, സതീഷ് ചന്ദ്ര, ആർ എസ് ശർമ്മ എന്നിവരെ കൊണ്ടുവരുമ്പോൾ ചരിത്രരചനയിൽ ഏറ്റവും ശാസ്ത്രീയമായ ഉപാധി (Tool) പ്രയോഗിക്കുക എന്നത് തന്നെയാണ് നെഹ്രു ലക്ഷ്യമിട്ടത്. (മാർക്സിസത്തോട് വിയോജിക്കുന്നവരും മുമ്പും പിന്നീടും അതിന്റെ ചരിത്ര-സാമൂഹ്യവിശകലന ശേഷിയെ പ്രകീർത്തിച്ചിട്ടുണ്ട്.) സാമ്രാജ്യത്വ ചരിത്രരചനയുടെയും ദേശീയചരിത്രരചനയുടെയും പിഴവുകൾ തിരുത്തി കൂടുതൽ ശാസ്ത്രീയമായ ഉപാധികൾ വെച്ചുള്ള ചരിത്രരചന അന്ന് തുടങ്ങി. (മാർക്സിസ്റ്റ് ചരിത്രാരചനാരീതിശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തുന്ന ചരിത്രസത്യം ഒരുപക്ഷേ, നിവിലുള്ള ഏതെങ്കിലും മാർക്സിസ്റ്റ് അധിഷ്ഠിത പാർട്ടിക്ക് അസ്വീകാര്യമായേക്കാം എന്ന് ഡോ. കെ എൻ പണിക്കർ പറഞ്ഞത് ഓർക്കുന്നു.) പിന്നീട് റൊമില ഥാപ്പർ, ഇർഫാൻ ഹബീബ്, കെ എൻ പണിക്കർ, സുമിത് സർക്കാർ എന്നിവരെ പോലുള്ള ചരിത്രകാരന്മാരിലൂടെയുള്ള തുടർച്ച ഇന്ത്യൻ ചരിത്രരീതിശാസ്ത്രത്തെ (historiography) ശക്തിപ്പെടുത്തി.

എൻസിഇആർടി പന്ത്രണ്ടാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദിനെ ഒഴിവാക്കിയത് വസ്തുതകളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള ഭീരുത്വം നിറഞ്ഞ ശ്രമമാണ്.

ബാബറി മസ്ജിദ് പരിസരം പൊലീസ് സുരക്ഷയിൽ

 

കർസേവകർ 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർക്കുന്നു

‘Recent Developments in Indian Politics’ എന്ന അദ്ധ്യായത്തിലാണ് ഈ ഗുരുതര മാറ്റം അധികാരികൾ നടത്തിയിട്ടുള്ളത്. അതിനെ മൂന്ന് കുംഭഗോപുരങ്ങൾ ഉള്ള കെട്ടിടമെന്നാക്കി മാറ്റി. എൻ എസ് മാധവന്റെ ‘തിരുത്ത്’ എന്ന കഥയിൽ സബ് എഡിറ്റർ സുഹറ അഗാധമായ ധർമ്മസംഘടത്തിൽ നിന്ന് മനഃപൂർവം വരുത്തിയ തെറ്റാണ് ‘തർക്കമന്ദിരം’ എന്നത്. എഡിറ്റർ ചുല്യാറ്റ് നീലപ്പെൻസിൽ ഉളിപോലെ പിടിച്ച് അത് തിരുത്തി ‘ബാബരി മസ്ജിദ്’ എന്നാക്കി. എൻ സി ഇ ആർ ടി അത് തിരുത്തുക മാത്രമല്ല, ആ സംഭവത്തെ തന്നെ തമസ്കരിക്കുന്നു. ബാബരി മസ്ജിദ് എന്ന് വേണ്ടിടത്തെല്ലാം രാമജന്മഭൂമി എന്നുതന്നെ പ്രയോഗിച്ചിട്ടുണ്ട്. കൂടാതെ മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുത്തത് ഏവരും സ്നേഹപൂർവം സ്വീകരിച്ചു എന്നും പാഠഭാഗം പറയുന്നു. ഇതേ അദ്ധ്യായത്തിലെ കൊളാഷുകളിൽ വളരെ വ്യക്തമായ മതനിരപേക്ഷ രാഷ്ട്രീയ സന്ദേശം എൻ സി ഇ ആർ ടി നൽകിയിരുന്നു. ‘Babri Masjid demolished’, ‘Ayodhya BJP’s worst miscalculation: Vajpeyee’, ‘Violent Reaction Worldwide’ എന്നീ പത്രവാർത്താ ശീർഷകങ്ങളാണ് ഇതിനായി പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പുതിയ എഡിഷനിൽ നിന്ന് അത്തരം കൊളാഷുകൾ നീക്കം ചെയ്തു. വി ഡി സവർക്കർ മുന്നോട്ട് വെച്ച ‘ഹിന്ദുത്വ’ എന്ന ആശയത്തെ വിശദീകരിച്ച ശേഷമാണ് ഇക്കാര്യങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയെ കുറിച്ചും സമാനമായ വിശദീകരണങ്ങൾ ഇതേ അദ്ധ്യായത്തിലുണ്ട്. 2014ൽ നരേന്ദ്രമോഡിയും ബിജെപിയും അധികാരത്തിൽ വന്നതിന് ശേഷം പല ഘട്ടങ്ങളിലായി എൻ സി ഇ ആർ ടി രൂപകൽപ്പന നടത്തിയ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ മൊത്തമായി മാറ്റുന്നതിന് പകരം ഹിന്ദുത്വ രാഷ്ട്രീയത്തിന് അഹിതകരമായത് മാറ്റുക എന്ന നയമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ചില ഉദാഹരണങ്ങൾ പറയാം. ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ “Clothing: A Social History’ എന്ന പാഠമുണ്ടായിരുന്നു. മാറുമറക്കുന്നതിനായി (തോൾ സീലൈ പോരാട്ടം/മാറുമറയ്ക്കൽ സമരം) ചാന്നാർ സ്ത്രീകൾ നടത്തിയ സമരഭാഗം ആദ്യം അതിൽനിന്ന് എടുത്തുകളഞ്ഞു. സമരം നടത്തിയത് പ്രബലമായ നായർ വിഭാഗത്തിനെതിരെയായിരുന്നു എന്നതായിരുന്നു കാരണം. അവർ സംഘപരിവാർ സ്വാധീനസമൂഹമാണ്. പിന്നെയും ഹിന്ദുത്വത്തിന് അപ്രിയകരമായ കുറെ വിശദാംശങ്ങൾ പാഠപുസ്തകത്തിൽ നിലനിന്നതിനാൽ ആ പാഠം തന്നെ എടുത്തുകളഞ്ഞു. ഒപ്പം ‘History and Sport: The Story of Cricket’ നീക്കം ചെയ്തു. പത്താംക്ലാസിലെ പാഠപുസ്തകത്തിലും സമാനമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ‘Novel, Society and History’ എന്ന അദ്ധ്യായം നീക്കം ചെയ്യാനുള്ള കാരണം അതിൽ ദേശീയതയുടെ ഉത്തേജനവും ആദ്യകാല ഇന്ത്യൻ നോവലുകളിലെ മുസ്ലീം വിരുദ്ധതയും ചർച്ചയാകുന്നത് തന്നെയാകണം. ബുധേബ് മുഖോപദ്ധ്യായയുടെ ‘അംഗുരിയ ബിനിമൊയ്’, ബങ്കിംചന്ദ്ര ചതോപദ്ധ്യായയുടെ ‘ആനന്ദ്മഠ്’ എന്നീ നോവലുകൾ എങ്ങനെയാണ് മുസ്ലീം വിരോധവും ബ്രാഹ്മണമേധാവിത്വവും പ്രഘോഷിക്കുന്നതെന്ന് പാഠപുസ്തകം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിനുമാത്രം അവകാശപ്പെട്ടതാണോ ഇന്ത്യൻ ദേശീയത എന്ന ചോദ്യം പാഠഭാഗത്ത് ഉയരുന്നുണ്ട്.

എൻസിഇആർടി പ്രസിദ്ധീകരിക്കുന്ന വിവിധ ക്ലാസുകളിലെ ചരിത്ര പാഠപുസ്തകങ്ങൾ

പതിനൊന്നാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിലെ ആദ്യ അദ്ധ്യായം തന്നെ ആദിമ മനുഷ്യവാസത്തിന്റെ വികാസത്തെ വിശദീകരിച്ചുകൊണ്ടാണ്. അതുതന്നെ ഹിന്ദുത്വ സങ്കൽപത്തിന് വിരുദ്ധമാണ്. പുസ്തകത്തിൽ ലോകത്ത് ആധുനികതയുടെ ആവിർഭാവം എന്ന സൂചനയോടെ പിന്നീട് വരുന്ന ‘Central Islamic Lands’ എന്ന അദ്ധ്യായമുണ്ടായിരുന്നു. രണ്ടും ഇപ്പോൾ പാഠപുസ്തകത്തിൽ ഇല്ല. പന്ത്രണ്ടാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് മഹാഭാരതപഠനങ്ങളെ ആസ്പദമാക്കിയുള്ള സാമൂഹ്യചരിത്ര വിശകലനങ്ങൾ ഉണ്ട്. അതിൽ കാതലായ മാറ്റമൊന്നും വരുത്തിയിട്ടില്ല. പാഠഭാഗങ്ങൾ ഒരു വിമർശനഭാഷ്യമാണ് എന്ന് ഹിന്ദുത്വപണ്ഡിതർക്ക് മനസ്സിലാകാഞ്ഞിട്ടാണോ എന്ന് അറിയില്ല. ആറാം ക്ലാസ് മുതൽ ഇത്തരം പൊളിച്ചെഴുത്തുകൾ കാണാവുന്നതാണ്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പൊലിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിലും വ്യാപകമായ തിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. മതാധിഷ്ഠിത രാഷ്ട്രീയത്തെ വിമർശിക്കുന്ന കാർട്ടൂണുകൾ നീക്കുകയാണ് എൻ സി ഇ ആർ ടി ആദ്യം ചെയ്തത്. പിന്നീട് ചില ഭാഗങ്ങളും ചില അദ്ധ്യായങ്ങളും തന്നെ മാറ്റി.

അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനിടെ

പത്താം ക്ലാസിൽ ഇപ്പോൾ ഏറ്റവും പ്രസക്തമായ ‘Democracy and Diversity’ എന്ന അദ്ധ്യായം പഠിപ്പിക്കാനില്ല. വംശീയത, വർഗീയത, ജാതീയത എന്നിവയെ മുഴുവൻ വിശകലനം ചെയ്യാനുള്ള അവസരമാണ് അവർ വിദ്യാർത്ഥികൾക്ക് നിഷേധിച്ചത്. ഒമ്പതും പത്തും ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും ആശയവും രൂപപ്പെടുത്തിയ രണ്ടുപേർ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറുമാണ്. പാഠപുസ്തകങ്ങളെ മുറിച്ചുമുറിച്ച് അതിന്റെ ആശയവും ഉള്ളടക്കവും ഇല്ലാതാക്കിയിട്ടും അവരുടെ പേര് സമിതിയിൽ ഉണ്ട്. പാഠപുസ്തകങ്ങളിൽ വരുത്തിയ ചരിത്രനിഷേധിയായ മാറ്റങ്ങൾ പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ പേര് പുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും.

യോഗേന്ദ്ര യാദവിന്റെ കുറിപ്പ് (Source: Yogendra Yadav on X)

വിദ്യാഭ്യാസവും ചരിത്രവുമാണ് ഫാസിസത്തിന്റെ കടുത്ത ശത്രു എന്ന് പറയേണ്ടതില്ലല്ലൊ. ഏറ്റവും പ്രത്യക്ഷ ഉദാഹരണമായ ഹിറ്റ്ലർ തന്നെ അതിനെയെല്ലാം എങ്ങനെ ഉപയോഗിച്ചു എന്നത് ചരിത്രത്തിൽ തന്നെ തെളിഞ്ഞു കാണാം. 2014ൽ മോദി അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള ഇരുന്നൂറിലധികം ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഇന്ത്യയുടെ ചരിത്രരചനയിലും സാംസ്കാരിക പൊതുജീവിതത്തിലും ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വൈകാതെ അതിന് മറുപടിയുമായി 47 സംഘപരിവാർ അനുകൂല ബുദ്ധിജീവികൾ രംഗത്ത് വരികയുണ്ടായി. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) നിലവിൽ വന്നശേഷം അത് നടത്തിയ ശാസ്ത്രീയമായ ചരിത്രരചനാ സംരംഭങ്ങളെ തള്ളിപ്പറയുകയും വെറുപ്പ്, വിഭജനം, അശാസ്ത്രീയത എന്നിവയിൽ ആധാരം ചെയ്ത ഹിന്ദുത്വചരിത്രരചനയെ ഉദ്ഘോഷിക്കുകയുമാണ് അവർ ചെയ്തത്.

ചരിത്രത്തിൽ നിന്ന് വസ്തുതകൾ മായ്ച്ചുകളയുന്നു. ഐതിഹ്യങ്ങളും കെട്ടുകഥകളും ചരിത്രമായി മാറുന്നു. അതിനെല്ലാം അടിസ്ഥാനരഹിതമായ വാദമുഖങ്ങൾ നിരത്തുന്നു. ബാബരി മസ്ജിദ് എന്ന പേര് ഒഴിവാക്കിയത് കുട്ടികൾ കലാപങ്ങളെ പറ്റി പഠിക്കേണ്ടതില്ല എന്നതിനാലാണ് എന്ന വിചിത്രന്യായം എൻ സി ഇ ആർ ടി നിരത്തുന്നു. എങ്കിൽ ഭഗത് സിംഗിനെ പറ്റി പഠിക്കാമോ? സുഭാഷ് ചന്ദ്രബോസിനെ പറ്റി പഠിക്കാമോ? അദ്ദേഹത്തിന്റെ ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടനയെ പറ്റി പഠിക്കാമോ? ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ പറ്റി പഠിക്കാമോ? എന്തിന് പന്ത്രണ്ടാം ക്ലാസിലെ തന്നെ ചരിത്രപാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം നേരത്തെ സൂചിപ്പിച്ചപോലെ മഹാഭാരതത്തിന്റെ വിമർശനപഠനം കൂടി ഉൾക്കൊണ്ടതാണ്. മഹാഭാരതയുദ്ധത്തിലെത്തുന്ന ആ ഇതിഹാസത്തെ പഠനത്തിനായി ആശ്രയിക്കാമോ? അത്രയൊന്നും വളച്ചൊടിക്കപ്പെടാത്ത പ്രാഥമിക ചരിത്രപാഠങ്ങൾ സ്കൂൾ തലത്തിൽ പഠിച്ച ഇന്നത്തെ മദ്ധ്യവയസ് തലമുറ പോലും എത്രത്തോളം അപരവിദ്വേഷം പുലർത്തുന്നു എന്നറിയാൻ ഓരോ ദിവസത്തെയും പത്രങ്ങൾ ഒന്ന് ഓടിച്ചുവായിച്ചാൽ മതി. അതിനാൽ ചരിത്രത്തെ വീണ്ടും വീണ്ടും വളച്ചൊടിക്കുന്നത് ഇനി വരാനിരിക്കുന്ന തലമുറകളെ കൂടുതൽ വിഷലിപ്തമാക്കുകയേയുള്ളൂ.

ഭരണകൂടചരിത്രവ്യാഖ്യാനത്തെ എതിർക്കുന്ന ചിന്തകളോ, ചോദ്യങ്ങളോ ഹിന്ദുത്വ ഭരണകാലത്ത് അനുഗുണമല്ല. സ്റ്റേറ്റിനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങൾ മാത്രമാണ് അഭിലഷണീയം. പക്ഷേ, യഥാർത്ഥ ചരിത്രബോധത്തെ തിരികെ കൊണ്ടുവരിക എന്നത് പുതിയ ഇന്ത്യയെ ഭരണഘടനാപരമായി നിർമ്മിക്കുക എന്ന പ്രക്രിയക്ക് അനിവാര്യമാണ്; അത് എത്രത്തോളം സാഹസികമായാലും.

About Author

എം ഫൈസൽ

റിയാദിലെ യാര ഇന്റർനാഷ്ണൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര വിഭാഗം തലവൻ പാവമൂസ (നോവൽ), ദേഹവിരുന്ന്, സങ്കട്മോചൻ (കഥാസമാഹാരങ്ങൾ), ദേശാന്തരകവിതകൾ (പരിഭാഷ) എന്നിവയുടെ രചയിതാവ്.

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Abbas naseer
Abbas naseer
8 days ago

Good post 👍👍

Ananthakrishnan G S
Ananthakrishnan G S
8 days ago

വളരെ ശ്രെദ്ധിച്ചാണ് താങ്കൾ ഇവിടെ ഈ ലേഖനം എഴുതിയിരിക്കുന്നത് 🥰 നന്നായിരിക്കുന്നു. 2012,14 കാലഘട്ടത്തിൽ ആണ് ഞാൻ +2 ഹ്യുമാനിറ്റീസ്‌ കഴിയുന്നത്. ആ നേരത്ത് എന്റെ ഇഷ്ട വിഷയങ്ങളായിരുന്നു ചരിത്രവും രാഷ്ട്രീയവും. ആ സമയങ്ങളിലും ഇത്തരത്തിലുള്ള തിരുത്തലുകൾ കാലാകാലങ്ങളായി ഭരിക്കുന്ന ആളുകൾ അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നടത്താറുണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. 2024 ലേക്ക് എത്തിനിൽക്കുമ്പോൾ ചരിത്രത്തിന്റെ തിരുത്തലുകൾ പഠന വിഷയങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രത്തോളം നടന്നിട്ടുണ്ട് എന്നതിൽ വലിയൊരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു. ചരിത്രബോധമില്ലാത്ത, ചരിത്രത്തെ വെറും ബോറടിക്കുന്ന ഒരു വിഷയമായി മാത്രം കാണാൻ പ്രേരിപ്പിക്കുന്ന ഒരു ജനതയെ വാർത്തെടുക്കുന്ന ഭരണകൂടം ഇവിടെ ഉള്ളടത്തോളം കാലം ഇത് തുടർന്നുകൊണ്ടിരിക്കും.സിരകളിലെ ചുവന്ന ചോര അത് തുള്ളിത്തുള്ളികളായി ഭൂമിയിൽ വീണ് കറുത്ത് കട്ടപിടിക്കുന്നു.

2
0
Would love your thoughts, please comment.x
()
x