ദൈവത്തോടുള്ള സ്നേഹയുദ്ധങ്ങൾ
ഇറാനിയൻ സാമൂഹ്യ പ്രവർത്തക നർഗെസ് മൊഹമ്മദിക്ക് ലഭിച്ച നോബൽ സമാധാന സമ്മാനം സാർവദേശീയ തലത്തിലും ഇറാനിനകത്തു തന്നെയും വല്ല സാമൂഹിക-രാഷ്ട്രീയ ചലനവും ഉണ്ടാക്കാൻ പര്യാപ്തമാണോ? പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പൊതുവിലും ഇറാൻ-കുർദ് മേഖലകളെ സവിശേഷമായും പിന്തുടരുന്ന ജി.പി രാമചന്ദ്രന്റെ വിശകലനം ഇവിടെ വായിക്കാം.
മഹ്സാ(ജീനാ) അമീനിയുടെ മരണം നർഗെസ് മൊഹമ്മദിയും സഹതടവുകാരും തെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലെ പൊതു ടെലിവിഷനിലെ വാർത്തയിലൂടെയാണറിഞ്ഞത്. അത് 2022 സെപ്റ്റംബർ മാസമായിരുന്നു. അപ്പോഴേക്കും നർഗെസിന്റെ ജയിൽ വാസം ഏഴു വർഷം പിന്നിട്ടിരുന്നു. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നതിന്റെ പേരിൽ ഇറാനിലെ മത സാന്മാർഗിക പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ മർദ്ദനത്തിന്റെ പരിണതഫലമായിരുന്നു മഹസാ(ജീനാ)യുടെ മരണം. ഇറാനിലാകെ രോഷം കത്തിപ്പടർന്നു. നിരവധി പേർ രക്തസാക്ഷികൾ ആയി. ആദ്യഘട്ടത്തിൽ ചില പരിഷ്കാരങ്ങൾ എല്ലാം വരുത്തുമെന്ന് പറഞ്ഞ ഷിയാ മത പൗരോഹിത്യ ഭരണകൂടവും അവരുടെ സാന്മാർഗിക പൊലീസും ഇപ്പോൾ പഴയ ശീലങ്ങൾ തുടരുക തന്നെയാണ്. 2023 ഒക്ടോബർ 1ന് ഞായറാഴ്ച തെഹ് റാൻ മെട്രോയിൽ വെച്ച് അർമിത ഗെരവാന്റ് എന്ന പതിനാറുകാരിയെ മത സാന്മാർഗിക പൊലീസ് കടന്നാക്രമിച്ചതിനെ തുടർന്ന് ആ പെൺകുട്ടി അബോധാവസ്ഥയിലാവുകയും എയർ ഫോഴ്സിന്റെ അധീനതയിലുള്ള ഫാജ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. കോമയിലുള്ള അർമിതയെ പരിപാലിക്കാനായി നിന്നിരുന്ന അമ്മ ശഹീൻ അഹ്മ്മദിയെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
ഫാജ്റ് ആശുപത്രിയിൽ അർമിത കിടക്കുന്ന വാർഡിൽ നിന്ന് എല്ലാ സിവിലിയന്മാരെയും ഒഴിപ്പിച്ചിരിക്കുകയാണ്. ഇന്റലിജൻസ് ഏജന്റുകളും സുരക്ഷാസേനക്കാരും സാധാരണ വേഷത്തിലുള്ള രഹസ്യപൊലീസും മാത്രമാണവിടെ ഉള്ളത്. അർമിതയുടെ മാതാപിതാക്കളെ പോലും അടുപ്പിക്കുന്നില്ല. അവളെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയ സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇർനാ ടിവി ചാനൽ അർമിതയുടെ മാതാപിതാക്കളെ ഇന്റർവ്യൂ ചെയ്തു കൊണ്ടിരുന്നപ്പോൾ ബന്ധുവെന്നവകാശപ്പെട്ട ഒരു യുവതി അവിടെ എത്തി ഇതെല്ലാം കെട്ടുകഥയാണെന്നു പറയുന്നുണ്ടായിരുന്നു. ടെലിവിഷനും അതിലെ അവതാരകരും വിദഗ്ദ്ധ-നിരീക്ഷക വേഷക്കാരും മർദ്ദക ഭരണകൂടത്തിന്റെ ഏജന്റന്മാർ തന്നെയാകുന്ന ഇന്ത്യനവസ്ഥ ഇറാനിലുമുണ്ടെന്നു ചുരുക്കം. മറ്റൊരു റിപ്പോർട്ട് പറയുന്നത് മെട്രോ സ്റ്റേഷനുകളിലെ തട്ടം നോക്കികളെ (Veil Watchers) താൽക്കാലികമായി പിൻ വലിച്ചു എന്നാണ്. അർമിതാ ഗെർവാന്റെയും വിധി മഹ്സാ (ജീനാ) അമീനിയുടേതു തന്നെയായിരിക്കുമോ എന്ന് സ്വാതന്ത്ര്യ പ്രവർത്തകരെല്ലാം ഭയക്കുന്നു. അർമിതയുടെ അബോധാവസ്ഥയുടെ കൂടി പശ്ചാത്തലത്തിൽ നർഗെസിന്റെ നോബൽ സമാധാന സമ്മാനലബ്ധി ഏറെ പ്രസക്തമാണെന്ന് രാജ്യത്തിനു പുറത്തുള്ള ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക മാസെ അൽനെജാദ് ട്വീറ്റ് (എക്സിൽ) ചെയ്തു. ഇറാനിയൻ കുർദിസ്താനായ റോജിലാത്തെയിലുള്ള എന്റെ സുഹൃത്ത് ചലച്ചിത്ര പ്രവർത്തക ആസാദെ ജമാഅത്തെയോട് ഇൻസ്റ്റഗ്രാം ചാറ്റിംഗിലൂടെ നർഗെസിന്റെ നോബൽ പുരസ്കാരലബ്ധിയുടെ സന്തോഷം ഞാൻ പങ്കുവെച്ചു.
ഏറ്റവും അർഹതയുള്ള കൈകളിലാണ് അവാർഡ് എത്തിയിരിക്കുന്നത് എന്നും ഇറാനിലുള്ളവരിൽ വെച്ചേറ്റവും സത്യസന്ധയുമാണ് നർഗെസ് എന്നും ആസാദെ ജമാഅത്തെ പറഞ്ഞു. മഹ്സാ(ജീനാ) അമീനിയുടെ ദാരുണ മരണം അറിഞ്ഞ സമയത്ത് എവിൻ ജയിലിലെ വനിതാ വാർഡിലുള്ളവർ അവരുടെ ആശങ്കകളും വ്യസനങ്ങളും രോഷാകുലതകളും പരസ്പരം പങ്കിട്ടു. അവർക്കനുവദിച്ചിട്ടുള്ള ഹ്രസ്വ സമയത്തെ ഫോൺ കോളുകളിലൂടെ പുറം ലോകത്തെ വിവരങ്ങൾ ശേഖരിച്ചു. രാത്രിയാമങ്ങളിൽ അവരവർക്ക് ലഭിച്ച വിവരങ്ങൾ എല്ലാവരിലുമെത്തിച്ചു. നർഗെസ് മൊഹമ്മദി എഴുതുന്നു: ഞങ്ങൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. എങ്കിലും ഈ മർദക ഭരണകൂടത്തിനെതിരായി ഉയർത്താവുന്ന ശബ്ദങ്ങൾ ഉയർത്താനാവാത്ത അത്രയും ഉച്ചത്തിൽ ഞങ്ങൾ മുഴക്കി. ഒക്ടോബർ 15ന് എവിൻ ജയിലിന്റെ ഒരു ഭാഗത്ത് വൻ തീപ്പിടുത്തമുണ്ടായി. ഇസ്ലാമിക് റിപ്പബ്ലിക് തുലയട്ടെ. ഞങ്ങൾ അപ്പോൾ ഉറക്കെ മുദ്രാവാക്യം മുഴക്കി. സുരക്ഷാ സേനക്കാർ വെടിയുതിർത്തു; സ്ഫോടനങ്ങളുടെ പ്രകമ്പനങ്ങളും തീജ്വാലകളും എല്ലായിടത്തും. അവസാനം എട്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
2012 മുതൽ പലതവണ എവിൻ ജയിലിലെ വനിതാ വാർഡിൽ അടയ്ക്കപ്പെട്ടിട്ടുള്ള നർഗെസ് ഒരിക്കലും കാണാത്ത വിധത്തിൽ നൂറു കണക്കിന് പുതിയ തടവുകാരെ ഇക്കഴിഞ്ഞ വർഷത്തിൽ അവിടെ അഡ്മിറ്റ് ചെയ്തതിനു സാക്ഷിയായി. തടവിലാക്കപ്പെട്ടതിന്റെ പതിന്മടങ്ങു പോരാളികൾ രാജ്യമാകെ പ്രതിഷേധം ഉയർത്തുകയാണെന്ന വസ്തുത ഇതിനിടയിൽ ആവേശം പകരുകയും ചെയ്തു. എവിനിൽ മാത്രമല്ല, തെഹ്റാനിലെ മറ്റൊരു ജയിലായ ക്വാർച്ചെക്ക്, ഷിറാസിലെ അദെലാബാദ് ജയിൽ എന്നിവിടങ്ങളിലും നൂറുകണക്കിന് വനിതാ പോരാളികളെ തടവിലടച്ചു. പക്ഷെ മർദകഭരണകൂടവും പൗരോഹിത്യ സമൂഹവും ഒരു കാര്യം മനസ്സിലാക്കുന്നില്ലെന്ന് നർഗെസ് പറയുന്നു. എത്രമാത്രം അവർ ഞങ്ങളെ അടച്ചിടുന്നുവോ അത്രയും വർദ്ധമാനമായ തോതിൽ ഞങ്ങൾ കരുത്താർജ്ജിക്കും.
മഹ്സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വവാർഷികത്തിൽ 2023 സെപ്റ്റംബർ 16ന് ന്യൂയോർക്ക് ടൈംസിന്റെ അതിഥിക്കോളത്തിലെഴുതിയ ലേഖനത്തിലാണ് നർഗെസ് മൊഹമ്മദി ഈ സമീപകാല അനുഭവങ്ങൾ വിശദീകരിച്ചത്. കഴിഞ്ഞ എട്ടു വർഷത്തിലധികം കാലമായി എവിൻ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന നർഗെസ് മൊഹമ്മദിയ്ക്കു ലഭിക്കുന്ന നോബൽ സമാധാന സമ്മാനം ഇറാനിലും പുറത്തുമുള്ള സ്ത്രീ സ്വാതന്ത്ര്യ വാദികളെയും മനുഷ്യാവകാശ പ്രവർത്തകരെയും ആവേശഭരിതരാക്കുന്നുണ്ട്. ഈ സമ്മാനം ഇറാനിലും പുറത്തുമുള്ള കുർദുകൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് ഈ ലേഖനം തയ്യാറാക്കി കൊണ്ടിരിക്കുന്നതിനിടയിൽ ആസാദെ ജമാഅത്തെ സന്ദേശമായയച്ചു.
നോക്കൂ, സെയ്നാബ് ജലാലിയാനെ നിങ്ങൾ കേട്ടിട്ടുണ്ടോ? ആരാണ് സെയ്നാബ് ജലാലിയാൻ? ദൈവത്തിനെതിരായി യുദ്ധം ചെയ്യുന്നയാൾ എന്നർത്ഥം വരുന്ന മൊഹറേബ് ആണെന്ന കുറ്റം ചാർത്തി 2008 മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ടവളാണ് സെയ്നാബ് ജലാലിയാൻ. കുർദ് വിഭാഗക്കാരിയായ സെയ്നാബിനെ വധശിക്ഷയ്ക്കാണാദ്യം വിധിച്ചതെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷയ്ക്കെതിരായ സമരത്തിലൂടെയാണ് നർഗെസ് മൊഹമ്മദി ശ്രദ്ധിക്കപ്പെട്ടതെന്ന കാര്യവും ഇതിനിടയിൽ ഓർക്കേണ്ടതുണ്ട്. എവിൻ ജയിലിൽ നിന്ന് പല ജയിലുകളിലേയ്ക്കും മാറ്റപ്പെട്ട സെയ്നാബ് ഇപ്പോൾ പടിഞ്ഞാറേ അസർബൈജാനിലുള്ള ഖോയ് എന്ന ജയിലിലാണുള്ളതെന്നു കരുതുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള സെയ്നാബിനെ ബന്ധപ്പെടാൻ ആരെയും അനുവദിക്കുന്നുമില്ല. നോബൽ അവാർഡ് കമ്മിറ്റി അദ്ധ്യക്ഷ ബെറിറ്റ് റെയിസ് ആൻഡേഴ്സൺ ഓസ്ലോയിൽ നടത്തിയ പ്രഖ്യാപന പ്രസംഗത്തിന്റെ ആരംഭത്തിൽ, ജിൻ ജിയാൻ ആസാദി (സ്ത്രീ ജീവിതം സ്വാതന്ത്ര്യം) എന്ന കുർദിഷ് സ്ത്രീ വിമോചന മുദ്രാവാക്യം ഉയർത്തി. ഇറാനിലെയും മറ്റനേകം രാജ്യങ്ങളിലെയും സ്ത്രീകളും കുർദുകളും അടിച്ചമർത്തപ്പെട്ടവരും ഈ നോബൽ സമാധാന സമ്മാനത്തെ അവരുടെ നെഞ്ചോട് ചേർക്കുന്നു.
2018ൽ യസീദി വിഭാഗത്തിൽ പെട്ട കുർദിഷ് പെൺകുട്ടി നദിയ മുറാദിന് നോബൽ സമാധാന സമ്മാനം ലഭിച്ചതിന്റെ മറ്റൊരു തുടർച്ചയാണ് ഈ വർഷത്തെ അവാർഡ്. ഐ എസ് ലൈംഗിക അടിമയായി അധീനപ്പെടുത്തിയവളായിരുന്നു നദിയ മുറാദ്. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട ആയിരക്കണക്കിന് ആഭ്യന്തര അഭയാർത്ഥികൾ (ഇന്റേണലി ഡിസ്പ്ലേസ്ഡ് പെർസൺസ്/ഐഡിപി) ഇപ്പോഴും ഇറാഖി കുർദിസ്താനിൽ ക്യാമ്പുകളിൽ കഴിയുന്നു. അത്തരമൊരു ക്യാമ്പിൽ അഞ്ചു വർഷം ജീവിച്ച സെഡാൻ ഹെലഫ് എന്ന കവിയെ ഞാൻ സുലൈമാനിയിൽ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കവിതയിലെ ഒരു ഭാഗം വായിക്കുക: (പരിഭാഷ: റാഷ്) ഓരോ കൂടാരത്തിലും കൂർക്കം വലിക്കുന്ന കുഞ്ഞുങ്ങൾക്കായി മടുപ്പു തിളപ്പിക്കുന്ന വിശന്ന അമ്മമാരുടെ പ്രാർത്ഥനകൾ.
നോബൽ ലഭിച്ച നർഗെസ് മൊഹമ്മദിയും നദിയാ മുറാദുമെന്നതു പോലെ ലഭിക്കാത്ത സെയ്നാബ് ജലാലിയാനും ദൈവത്തോട് യുദ്ധങ്ങളിലേർപ്പെടുന്നവരാണെന്ന് തോന്നുന്നില്ല. മടുപ്പെത്ര തിളപ്പിച്ചാലും മാറാത്ത വീറോടെയും തീവ്രതയോടെയും മനുഷ്യമോചനത്തിനു വേണ്ടി ത്യാഗങ്ങളും സഹനങ്ങളും പ്രാർത്ഥനകളും കൊണ്ട് പോരാടുകയാണവർ. അവരല്ലാതെ ആരാണ് ദൈവത്തിന്റെ സ്നേഹിതർ?