ത്രിപുരയിൽ സരസ്വതി വിഗ്രഹത്തിന് സാരിയുടുപ്പിച്ച് സംഘപരിവാർ പ്രതിഷേധം. ഇതു കേട്ടപ്പോൾ മനസിൽ ആദ്യം ഓടിയെത്തിയ വിഷയങ്ങളുടെ ഇമേജുകളാണ് താഴെ. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സംസ്ഥാനമായിരുന്നു ത്രിപുര. പുതിയ ജനങ്ങളെ അങ്ങോട്ട് ഇറക്കുമതി ചെയ്യാത്തതിനാൽ പഴയ കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് പുതിയ സംഘികൾ. പറഞ്ഞു വന്നത് പെണ്ണുടലിൻ്റെ സംരക്ഷണം/അധികാരം ആണിൻ്റെ കാഴ്ചയിലൂടെ ആയിരിക്കണം എന്ന കൺസർവേറ്റീവ് നിലപാടിൻ്റെ കാര്യത്തിൽ രണ്ടു കൂട്ടരും ഒന്നു തന്നെ എന്നാണ്.
1969ൽ കാനായി മലമ്പുഴയിൽ യക്ഷി പൂർത്തിയാക്കി. അപ്പോൾ പരിസരത്തെ സദാചാര വാദികൾക്ക് ഒരു അസ്കിത. യക്ഷിയ്ക്ക് തുണിയില്ലാത്തതെന്ത്? രവിവർമ്മ മുതൽ ഇങ്ങ് വിനയൻ വരെ വെള്ളസാരിയും നിശീഥിനിയും ഇല്ലാതെ ഒരു യക്ഷിയെയും അവതരിപ്പിച്ചിട്ടില്ല. ആ നിലയ്ക്ക് കാനായിയ്ക്ക് മാത്രം യക്ഷിയെ രത്യോന്മാദഭാവത്തിൽ വിവസ്ത്രയായി അവതരിപ്പിക്കാൻ എങ്ങനെ ധൈര്യം വന്നു? സദാചാരവാദികൾ കാനായിയ്ക്ക് ഇരുട്ടടി നൽകാൻ തീരുമാനിച്ചു. അതിനാകാതെ വന്നപ്പോൾ അവർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. പ്രത്യുത്പന്ന മതിയായ ജില്ലാ കളക്ടർ അവരെ സമാശ്വസിപ്പിച്ചതിങ്ങനെ: കോയമ്പത്തൂരിലെ ഒരു തുണി മില്ലിൽ ഈ യക്ഷിയുടെ വലുപ്പത്തിൽ ഒരു സാരിയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. അത് വന്നാലുടൻ അത് ഉടുപ്പിക്കും. എന്തായാലും യക്ഷിയ്ക്ക് സാരി ഉടുക്കേണ്ടി വന്നില്ല. സദാചാരവാദികൾ യക്ഷിയെ വെറുതെ വിട്ടു. ഏതാണ്ട് സ്മാർട്ട് ഫോൺ വരും വരെ, ദൂരദർശൻ കാലത്ത് കുടുംബങ്ങൾ ടെലിവിഷൻ കാണുന്നതിനിടെ നിരോധിൻ്റെയോ കെയർഫ്രീയുടെയോ പരസ്യം വരുമ്പോൾ ആകാശത്തേയ്ക്ക് നോക്കുമ്പോലെ ആയിരുന്നു, മലമ്പുഴയിൽ ചെല്ലുമ്പോൾ ആളുകൾ യക്ഷിയെ നോക്കിയിരുന്നത്. ഇപ്പോൾ യക്ഷിയെക്കൊപ്പം സെൽഫിയെടുക്കാത്തവർ മലമ്പുഴ കണ്ടവരല്ലെന്നായി.
2009ൽ ഞാൻ ഫോട്ടോഗ്രാഫർ ഫിറോസ് ബാബുവുമൊത്ത് ഇന്ത്യയ്ക്ക് കുറുകെ ഒരു പഠനയാത്ര നടത്തി. പതിനെട്ട് ദിവസം നീണ്ടു നിന്ന ആ യാത്രയ്ക്കിടെ നമ്മൾ ഛത്തീസ്ഗഡിലെ ബസ്തിൽ എത്തി. അവിടെ ഒരു കമ്മ്യൂണിറ്റി സെൻ്ററിൽ മുംബൈ വാസിയായ നവ്ജോത് അൾത്താഫ് നിർമ്മിച്ച ഒരു ഗോത്ര സ്ത്രീയുടെ ശില്പം കണ്ടു. നവ്ജോത് പൊതുവേ വലിയ ശില്പങ്ങൾ ചെയ്യുന്നവരാണ്. നഗ്നമായ ഗോത്രരൂപങ്ങൾ. ഞങ്ങൾ കാണുമ്പോൾ ആ ശില്പത്തിൽ ആരോ സാരി വരച്ചു ചേർത്തിരിക്കുന്നു. അന്വേഷിച്ചപ്പോൾ അവിടെ പഞ്ചായത്തിൽ പരാതി കിട്ടിയതിനെത്തുടർന്ന് പഞ്ചായത്ത് തന്നെ മുൻകൈയെടുത്ത് സാരി വരച്ചതാണെന്നറിഞ്ഞു. ദേവിമാർക്ക് മറാത്തി സ്ത്രീകൾ ഉടുക്കുന്ന നവ് വാരി സാരി (ഒമ്പതു വാര) ഉടുപ്പിച്ചു കൊടുത്തത് രവിവർമ്മയാണ്. അദ്ദേഹം സരസ്വതിയെ സാരി ഉടുപ്പിച്ച് കല്ലിന്മേലിരുത്തി. പിന്നിൽ മൊണാലിസയുടെ പശ്ചാത്തലം പോലെ ഒരുഗ്രൻ പ്രകൃതിയെയും വരച്ചു ചേർത്തു. (അനുജൻ രാജരാജവർമ്മയാണ് പശ്ചാത്തലങ്ങൾ വരച്ചിരുന്നതെന്ന് പറയുന്നുണ്ട്). അന്നു മുതൽക്ക് സരസ്വതി ഇന്ത്യൻ ഇമാജിനേഷനിൽ അങ്ങനെയായി. എന്നാൽ കാലത്തിനു പിന്നിലേയ്ക്ക് പോയി ഇന്ത്യൻ പാരമ്പര്യ ശില്പങ്ങളിൽ നിന്ന് ഊർജ്ജമെടുത്ത ഹുസൈൻ സരസ്വതിയെ വരച്ചപ്പോൾ സാരി ഇല്ലാതെ വരച്ചു. വി.കെ.എൻ കുന്തിയെക്കൊണ്ട് പാഞ്ചാലിയോട് പറയിപ്പിച്ചത് ഓർമ്മ കാണും: അഞ്ചവന്മാർക്കും കൂടി നീ ഒരുത്തിയേ ഉള്ളൂ. സൂക്ഷിച്ച് ഉപയോഗിക്കണം. വനത്തിൽ വർക്ക്ഷോപ്പ് ഇല്ലെന്നറിയാമല്ലോ. ഹുസൈൻ പിന്തുടർന്നത് ആ ലോജിക് ആണ്. രവി വർമ്മയ്ക്കും മുൻപ് സരസ്വതി എന്ന കൺസെപ്റ്റ് ഉണ്ടല്ലോ. അവിടെ സാരി ഇല്ല എന്നത് പോട്ടെ. ദേവിമാർക്കേ രവിവർമ സാരി നൽകിയുള്ളൂ. സ്വന്തം കുടുംബത്തിലെ സ്ത്രീകളെയും നായർ പെണ്ണുങ്ങളെയും മുലയ്ക്ക് മേൽ ചുറ്റിയുടുപ്പിച്ചാണ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് സാരി വർക്ക്ഷോപ്പ് ഉണ്ടായിരുന്നില്ല എന്നർത്ഥം. ബൈദവേ… ഹുസൈനെ ഇന്ത്യയിൽ നിന്ന് സംഘപരിവാർ ഓടിച്ചത് ഈ ചിത്രത്തിൻ്റെ പേരിലായിരുന്നു.
ഈ വർഷം സംഘപരിവർ ഗവൺമെൻ്റ് കിരൺ നാടാറിന് പത്മശ്രീ നൽകി ആദരിച്ചു. കിരൺ നാടാറാണ് മൻ കി ബാത്തിൻ്റെ നൂറാം എപ്പിസോഡ് പ്രദർശനം നാഷണൽ ഗ്യാലറിയിൽ കോർഡിനേറ്റ് ചെയ്തത്. ഇതേ കിരൺ നാടാറാണ് വെനീസ് ബിനാലെയിൽ ഇത്തവണ ഇന്ത്യൻ പവലിയൻ കോർഡിനേറ്റ് ചെയ്യുന്നത്. വിഷയം അറിയണ്ടേ? എം എഫ് ഹുസൈൻ.
കിരൺ നാടാർ…
ദീപസ്തംഭം മഹാത്ശ്ചര്യം…. നമുക്കും കിട്ടണം പണം…
നമ്പ്യാർക്ക് നമോവാകം 🙏🏻