A Unique Multilingual Media Platform

The AIDEM

Articles Culture Interviews South India

ഉത്തര ദക്ഷിണ രാഷ്ട്രീയ യുദ്ധം എങ്ങോട്ടേക്ക്?

  • March 11, 2025
  • 1 min read
ഉത്തര ദക്ഷിണ രാഷ്ട്രീയ യുദ്ധം എങ്ങോട്ടേക്ക്?

വെങ്കിടേഷ് രാമകൃഷ്ണന്‍: ഇന്ത്യയില്‍ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ഉത്തര-ദക്ഷിണ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചാണ് നമ്മുടെ ചർച്ച. സ്വാഗതം. ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മണ്ഡലപുനര്‍നിര്‍ണയ പ്രശ്നത്തിന്റെ മുന്നോടിയായി നിരവധി ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരും ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരും ത്രിഭാഷാ ഫോർമുല, ദ്വിഭാഷാ ഫോർമുല, ഹിന്ദി അടിച്ചേൽപിക്കൽ, കേന്ദ്ര സർക്കാരിന്റെ ഫെഡറൽ തത്വങ്ങളുടെ പൊതുവായ ലംഘനം എന്നിവയെക്കുറിച്ചെല്ലാം തർക്കിക്കുന്നത് നാം കണ്ടു. ഈ പോരാട്ടത്തിൻ്റെ കേന്ദ്രബിന്ദു തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ നേതാവുമായ എം കെ സ്റ്റാലിനാണ്. ഇപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്റ്റാലിനാേടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് എതിരായി പ്രവർത്തിക്കുന്ന മണ്ഡലപുനര്‍നിര്‍ണയ പ്രക്രിയയെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് ഒരു ദോഷവും വരുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ഉത്തര-ദക്ഷിണ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചുള്ള, ഉയർന്നുവരുന്ന ഈ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നമ്മോടൊപ്പം മുതിർന്ന മാധ്യമപ്രവർത്തകൻ വിജയ് ശങ്കർ രാമചന്ദ്രൻ ചേരുകയാണ്. വിജയ് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലും, പ്രത്യേകിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിലും സംസ്ഥാനത്തെ സാമൂഹിക സാഹചര്യത്തിലും ആധികാരികമായി സംസാരിക്കാന്‍ യോഗ്യനായ വ്യക്തിയാണ്.

ഞാൻ പറഞ്ഞതുപോലെ, ഇപ്പോൾ വടക്കും തെക്കും തമ്മിലുള്ള ഒരു പോരാട്ടം നമ്മൾ കാണുന്നു. കാരണം വടക്ക് ഇപ്പോൾ ബി ജെ പിയുടെയോ സഖ്യകക്ഷികളുടെയോ ആധിപത്യത്തിലാണ്. കൂടാതെ തെക്ക് പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. തീർച്ചയായും ഇതിൽ കേന്ദ്രബിന്ദു അതിർത്തി നിർണയ പ്രശ്നമാണ്. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വിജയശങ്കര്‍ രാമചന്ദ്രന്‍: ഈ ഉത്തര-ദക്ഷിണ സംഘര്‍ഷ പ്രശ്നം ആദ്യം ഉന്നയിച്ചത് ഡി എം കെ വളർന്നുകൊണ്ടിരുന്ന കാലത്താണ്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉത്ഭവം പരിശോധിക്കുകയാണെങ്കില്‍, 1916ല്‍ ബ്രാഹ്മണേതര മാനിഫെസ്റ്റോ എന്ന പേരിൽ ഒരു പുതിയ മാനിഫെസ്റ്റോ പുറത്തിറക്കുന്നതിലൂടെയാണ് അത് ആരംഭിക്കുന്നത്. മദ്രാസ് പ്രസിഡൻസിയിലെ പ്രദേശത്ത് താമസിക്കുന്ന 90% ബ്രാഹ്മണരും ചേര്‍ന്നാണ് എല്ലാ സിവിൽ സർവീസ് തസ്തികകളിലും ഏകദേശം 75-80% നിയമനങ്ങളും വഹിക്കുന്നതെന്നായിരുന്നു ബ്രാഹ്മണേതര മാനിഫെസ്റ്റോയുടെ അടിസ്ഥാന വാദം. ഐ സി എസ് പരീക്ഷകളിൽ പോലും തമിഴ്‌നാട്ടിൽ നിന്നുള്ളവർ പ്രധാനമായും ബ്രാഹ്മണരാണ്. ഇതായിരുന്നു 1916-ലെ ബ്രാഹ്മണേതര മാനിഫെസ്റ്റോയിൽ ഉന്നയിച്ച വിഷയം. ഇതാണ് അതിന്റെ അടിസ്ഥാനം. ഏതാണ്ട് അതേ സമയത്താണ് തനി തമിഴ് ഇയക്കം എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനം നിലവിൽ വരുന്നത്. അതായത് ശുദ്ധ തമിഴ് പ്രസ്ഥാനം. ഇവ രണ്ടും ദ്രാവിഡ പ്രസ്ഥാനത്തിന്റെ രണ്ട് വശങ്ങളാണ്. ജസ്റ്റിസ് പാർട്ടി എന്ന സംഘടനയുടെ നേതാക്കളാണ് ബ്രാഹ്മണേതര മാനിഫെസ്റ്റോ പുറത്തിറക്കിയത്. അതിന്റെ ശരിയായ പേര് സൗത്ത് ഇന്ത്യ ലിബറൽ ഫെഡറേഷൻ എന്നായിരുന്നു. അവർ അത് ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായാണ് ആരംഭിച്ചത്. ഉടൻ തന്നെ അവർ ബ്രാഹ്മണരല്ലാത്തവരുടെ യഥാർഥ ആശങ്കകള്‍ പ്രകടിപ്പിക്കാൻ പത്രവും ആരംഭിച്ചു. അങ്ങനെ അവർ ബ്രാഹ്മണർ- ബ്രാഹ്മണേതരര്‍ എന്ന ഒരു വിഷയം പോസ്റ്റ് ചെയ്തു. ദ്രവീഡിയന്‍ പ്രത്യയശാസ്ത്രം ഉയർന്നുവരുന്ന രീതി ഇതാണ്. സാംസ്കാരികമായല്ലാതെ, ബ്രാഹ്മണ-ബ്രാഹ്മണേതരം എന്ന കർശനമായ ഒരു വിഭജനവും യഥാർഥത്തിൽ ഇല്ല. പക്ഷേ അവരങ്ങനെ സ്ഥാപിച്ചു. അതേസമയം മറൈമലൈ അടികളുടെ തനി തമിഴ് പ്രസ്ഥാനം സംസ്കൃത ഭാഷയുടെ ആധിപത്യത്തിന് എതിരായിരുന്നു. കാരണം അക്കാലത്ത് തമിഴിനെ മണിപ്രവാള നടൈ എന്നാണ് വിളിച്ചിരുന്നത്. സംസ്കൃതം കലർന്ന ഭാഷയായിരുന്നു അത്. സംസ്കൃതത്തിലെ ചില വാക്കുകൾ ഉണ്ടെങ്കിലും അവർക്ക് ശുദ്ധമായ തമിഴ് ഭാഷ മാറ്റമായിരുന്നു ആവശ്യം. അവർക്ക് തമിഴ് നവോഥാനം വേണമായിരുന്നു. അങ്ങനെ ഈ രണ്ട് ധാരകളും തമിഴ്‌നാട്ടിൽ വികസിച്ചുകൊണ്ടിരുന്നു. ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായ മറ്റൊരു പ്രമുഖ വ്യക്തിയായ പെരിയാർ അന്ന് ജസ്റ്റിസ് പാര്‍ട്ടിയിലുണ്ടായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ഒരു കോൺഗ്രസുകാരനായിരുന്നു, മഹാത്മാഗാന്ധിയുടെ വലിയ ആരാധകനായിരുന്നു. സാമൂഹിക നീതി എന്ന സാമൂഹിക പ്രശ്നത്തെക്കുറിച്ച് മഹാത്മാഗാന്ധി എന്തെങ്കിലും ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ പിന്നീട് ഗാന്ധി വർണാശ്രമ ധർമത്തെ പിന്തുണച്ചതിൽ അദ്ദേഹം നിരാശനായിരുന്നു. ഗാന്ധിജി വര്‍ണാശ്രമ ധര്‍മത്തെക്കുറിച്ച് പറഞ്ഞത്, അതൊരു തൊഴില്‍ വിഭജനം മാത്രമാണ് എന്നാണ്. അങ്ങനെ പെരിയാറും അദ്ദേഹത്തിന്റെ മറ്റൊരു സഹപ്രവർത്തകനായ രാമനാദനും ബാംഗ്ലൂരിൽ പോയി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തി. അപ്പോഴും ഗാന്ധി വർണാശ്രമധർമത്തോടൊപ്പം നിന്നു.

ബ്രാഹ്മണ-ബ്രാഹ്മണേതരം, സംസ്കൃതം vs തമിഴ് ഇതൊക്കെയാണ് അടിസ്ഥാനം. ജസ്റ്റിസ് പാർട്ടിയുടെ ശ്രദ്ധ സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലുമായിരുന്നു. അവർക്ക് സംവരണം വേണം. 1916-ൽ തന്നെ പെരിയാർ, സംവരണം എന്ന സാമൂഹിക പ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷേ കോൺഗ്രസ് അത് അംഗീകരിച്ചില്ല. അദ്ദേഹം ഒരു സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി ആത്മാഭിമാന പ്രസ്ഥാനത്തിൽ ചേര്‍ന്നു. ആത്മാഭിമാന പ്രസ്ഥാനമെന്നതാണ് ദ്രാവിഡരായ തമിഴരുടെ അടിസ്ഥാന വാദം. സംസ്കൃതം സംസാരിക്കുന്ന ആര്യന്മാരാൽ അവർ കീഴടക്കപ്പെടുന്നു എന്നാണത്. ആര്യന്മാർ യഥാർഥത്തിൽ ബ്രാഹ്മണരാണ്. ഇതാണ് യഥാര്‍ഥ സംഘര്‍ഷം. ഇതാണ് വിശാലാര്‍ഥത്തിലുള്ള പോരാട്ടം. ഇവിടെ നിന്ന് തുടങ്ങുമ്പോൾ മാത്രമേ ഈ പ്രസ്ഥാനത്തിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകൂ.

മൊണ്ടേഗു–ചെംസ്ഫോർഡ് പരിഷ്കാരങ്ങൾക്കനുസരിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പക്ഷേ, കോണ്‍ഗ്രസിനകത്ത് തന്നെയുള്ള സ്വരാജ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടി വിജയിച്ചു. ഇവിടെ നിന്നാണ് സംഘര്‍ഷങ്ങളുടെ ആരംഭം. അവര്‍ 1921ല്‍ അധികാരത്തില്‍ വന്നു. രണ്ടുവര്‍ഷത്തിനകം തന്നെ ബ്രാഹ്മണർ, ബ്രാഹ്മണരല്ലാത്തവർ, മുഹമ്മദീയർ, അംഗ്ലോ ഇന്ത്യക്കാർ എന്നിവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകുന്ന ഒരു ഉത്തരവ് സാമുദായിക പ്രാതിനിധ്യ നിയമം എന്ന പേരിൽ അവർ പാസാക്കി. ഇതായിരുന്നു പദ്ധതി. ഇതാണ് തമിഴ്നാടിന്റെ സംവരണ ചരിത്രത്തിന്റെ അടിസ്ഥാനം. ബ്രാഹ്മണർക്ക് മാത്രമല്ല, എല്ലാ ജാതികൾക്കും തുല്യ പ്രാതിനിധ്യം തേടിയ ഒരു സാമൂഹിക നീതി സംഘവും തനി തമിഴ് ഇയക്കവും, അങ്ങനെയുള്ള രണ്ട് ധാരകളാണ് ഉണ്ടായിരുന്നത്. 1937ല്‍ ഗവണ്‍മന്‍റ് ഓഫ് ഇന്ത്യ ആക്ടിന് കീഴില്‍ രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നു.

ഇതിന് മുമ്പ് തന്നെ, സംസ്കൃതവും തമിഴും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. മാക്സ് മുള്ളര്‍ അടക്കമുള്ള ഓറിയന്‍റലിസ്റ്റുകള്‍ സംസ്കൃതം പഠിക്കാന്‍ ആരംഭിക്കുകയും ബ്രാഹ്മിന്‍സിനെ പുകഴ്ത്തുകയും സംസ്കൃതമാണ് അടിസ്ഥാനമെന്ന് കരുതി ആ ഭാഷയെ ഒരു മഹത്തായ ഭാഷയായി അവതരിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് മിഷനറിമാര്‍ ഇന്ത്യയിലേക്ക് വരുന്നതും അവര്‍ പൗരാണിക തമിഴ് സാഹിത്യങ്ങള്‍ വായിക്കാന്‍ ആരംഭിക്കുകയും ചെയ്തത്. ജർമൻ പുരോഹിതനായ സീഗൻബാൾഗ് ഇവിടെ വന്നു സ്ഥിര താമസമാക്കുകയും ആദ്യത്തെ തമിഴ് പ്രസ്സ് ആരംഭിക്കുകയും ചെയ്തു. ദ്രാവിഡ ഭാഷകളുടെ താരതമ്യ വ്യാകരണത്തെക്കുറിച്ച് കാൾഡ്‌വെലാണ് ആദ്യമായി എഴുതിയത്. അങ്ങനെ സംസ്‌കൃതവത്കരണത്തിന് വിരുദ്ധമായും പൗരസ്ത്യവാദത്തിനെതിരായും തമിഴ് അവബോധം വികസിച്ചുകൊണ്ടിരുന്നു. ഇതാണ് തമിഴും സംസ്കൃതവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനം. 1937ല്‍ രാജാജി അധികാരമേറ്റെടുത്ത ശേഷം അദ്ദേഹം ചെന്നൈയില്‍ ഒരു യോഗം അഭിസംബോധന ചെയ്യവേ ഹിന്ദിഭാഷയെ അടിച്ചേല്‍പിക്കുമെന്ന് പറയുകയും 1938ല്‍ ഔദ്യോഗികമായി തന്നെ ഹിന്ദി ഭാഷയെ അടിച്ചേല്‍പിക്കുകയും ചെയ്തു. ഔദ്യോഗികമായി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ മൂന്ന് ഫോര്‍മുകളിലും ഹിന്ദി നിര്‍ബന്ധമാക്കി. 1937 മുതൽ ധാരാളം അസ്വസ്ഥതകൾ ഉടലെടുത്തു.


Related Story: അജ്ഞതയ്ക്കും, സങ്കുചിത മേധാവിത്വ ചിന്തകൾക്കും ഇടയിലെ ഭാഷാവൈവിധ്യ പോരാട്ടം 


വളരെ രസകരമായ മറ്റൊരു കാര്യം, സാമുദായിക പ്രാതിനിധ്യ സാമൂഹിക നീതി നയം കാരണം, തമിഴരിൽ ഒരു വിഭാഗം, പ്രത്യേകിച്ച് തമിഴ് പണ്ഡിതർ, മറുഭാഗത്ത് ഉയർന്നുവന്നു എന്നതാണ്. അങ്ങനെ ഈ സാമൂഹിക നീതി പ്രസ്ഥാനവും ശുദ്ധ തമിഴ് പ്രസ്ഥാനവും തമിഴ് പണ്ഡിതരും ഭാഷാസ്നേഹികളും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള തമിഴ് സ്നേഹികളും ചേർന്ന് ഒരു വലിയ പോരാട്ടത്തിന് തിരി കൊളുത്തി. 1938 ലാണ് ഇത് ആരംഭിക്കുന്നത്. ആദ്യത്തെ ഹിന്ദി വിരുദ്ധ സമരം 1938 ലായിരുന്നു. തെക്കൻ തമിഴ്‌നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് നീങ്ങുന്ന ഒരു വലിയ റാലിയും ഉണ്ടായിരുന്നു. ഈ റാലി മറീനയിൽ സമ്മേളിച്ചു. ഒരു ദ്രാവിഡ നാടിനു വേണ്ടിയുള്ള ആദ്യത്തെ മുദ്രാവാക്യം ഉണ്ടാകുന്നത് അന്ന് മറീനയില്‍ വെച്ചായിരുന്നു. ദ്രാവിഡർക്ക് പ്രത്യേക രാജ്യം വേണം എന്ന മുദ്രാവാക്യം ഉയർന്നു. പെരിയാറിന്റെയും ജസ്റ്റിസ് പാർട്ടിയുടെയും അടിസ്ഥാന വാദം തന്നെ ഈ രാജ്യം ഭരിക്കുന്നത് ബ്രാഹ്മണരാണ് എന്നാണ്. എല്ലാ തെരുവുകളിലും ബ്രാഹ്മണർ അധിനിവേശം നടത്തുന്നു, അതിനാൽ ബ്രിട്ടീഷ് രാജ് പോയാൽ അത് ബ്രാഹ്മണ രാജ് ആയി മാറ്റിസ്ഥാപിക്കപ്പെടും. ഇതായിരുന്നു അവരുടെ ഭയം. ഇതാണ് സംഘർഷത്തിന്റെ അടിസ്ഥാനം.

1938 ലെ പോരാട്ടം രണ്ട് വർഷം മുഴുവൻ തുടരുന്നു. പിന്നീട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഹിന്ദി വിരുദ്ധ പ്രക്ഷോഭം കൂടി ഉടലെടുത്തു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസുകാരനായ ഓമന്തൂർ രാമസാമി മുഖ്യമന്ത്രിയായി. അദ്ദേഹവും ഹിന്ദി അടിച്ചേല്‍പിച്ചെങ്കിലും പ്രക്ഷോഭമുണ്ടാകും എന്ന ഭയം അദ്ദേഹത്തിന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മദ്രാസ് പ്രവിശ്യയിലെ മലയാളം, തെലുഗു, കന്നഡ ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഹിന്ദി നടപ്പിലാക്കൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ, ദേശീയവാദികളും ദ ഹിന്ദു അടക്കമുള്ള ദേശീയ പത്രങ്ങളും അദ്ദേഹത്തെ വിഘടന വാദികളെ പേടിക്കുകയാണെന്ന് പറഞ്ഞ് വിമര്‍ശിച്ചു. തമിഴ് പോരാളികളെ വിഘടന വാദികള്‍ എന്നായിരുന്നു മുദ്ര കുത്തിയിരുന്നത്. വൈകാതെ തന്നെ ഓമന്തൂർ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളിലേക്കും ഹിന്ദി വ്യാപിപ്പിച്ചു. വീണ്ടും ഒരു വലിയ പോരാട്ടം നടന്നു. ഇതാണ് 1948 ലെ സമരം.

പിന്നീട് ഭരണഘടനാ നിര്‍മാണ സഭയില്‍ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് വലിയ സംവാദം നടന്നു. ചിലര്‍ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് വാദിച്ചു. ചിലര്‍ ഹിന്ദിയും ഇംഗ്ലീഷും വേണമെന്ന് വാദിച്ചു. ഇതാണ് അടിസ്ഥാന സംഘർഷം. തമിഴ്നാട്ടിൽ വീണ്ടും പ്രക്ഷോഭങ്ങള്‍ നടന്നു. സമരത്തിനു ശേഷം മാത്രമാണ് അവർ ഭരണഘടനാ പദ്ധതി പറയുന്നത്. ഹിന്ദി ഔദ്യോഗിക ഭാഷയായിരിക്കും. ഇംഗ്ലീഷ് ഏതെങ്കിലും അനുബന്ധ ഭാഷയോ അധിക ഭാഷയോ ആയിരിക്കും. 1965 വരെ രണ്ട് ഭാഷകളും തുടരും. ഇതായിരുന്നു ഭരണഘടനാ പദ്ധതി. 1965ല്‍ ഹിന്ദിയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി മാറ്റും. ഇതും വളരെയധികം അസ്വസ്ഥതകൾക്ക് കാരണമായി. ഉടൻ തന്നെ ചില ഒത്തുതീർപ്പുകൾ ഉണ്ടായെങ്കിലും ആളുകൾ വളരെ അസ്വസ്ഥരായിരുന്നു. പക്ഷേ സംഭവിച്ചതെന്തന്നാല്‍, രണ്ട് ഭാഷകളും ഔദ്യോഗിക ഭാഷയാകുമെന്ന് അവർ പറഞ്ഞിരുന്നെങ്കിലും, ഹിന്ദി തീവ്രവാദത്തിന്റെ ആളുകൾ രാജ്യസഭയിലും മറ്റ് സ്ഥലങ്ങളിലും അവർ സംസാരിച്ച രീതി കണ്ടാൽ, നിങ്ങൾക്ക് അവരെ ഹിന്ദി ഭ്രാന്തന്‍മാര്‍ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ, അവരാണ് മുഴുവൻ സാഹചര്യത്തെയും വഷളാക്കിയത്. പഞ്ചാബിൽ നിന്നുള്ള ഹിന്ദിയെ ദേശീയ ഭാഷയായി പിന്തുണച്ചിരുന്ന ഒരാള്‍ പക്ഷേ, ഹിന്ദി തീവ്രവാദികളുടെ ഭാഷയും മനോഭാവവും കണ്ട് വെറുപ്പ് തോന്നി ഇംഗ്ലീഷും ഉൾപ്പെടുത്തണമെന്ന് പറയുകയുണ്ടായി. അദ്ദേഹം നിലപാട് മാറ്റി എന്നര്‍ഥം. ഇതാണ് പശ്ചാത്തലം. പിന്നീടവര്‍ എല്ലാം ഹിന്ദിമയമാക്കാന്‍ തുടങ്ങി. റെയില്‍വേയിലേക്കും മിലിറ്ററിയിലേക്കും ഹിന്ദി കൊണ്ടുവന്നു. 1965ലേക്ക് അവര്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഇത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിച്ചു. പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും തമിഴ്നാട്ടില്‍ വര്‍ധിച്ചതോടെ ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്ന കാലത്തോളം ഇംഗ്ലീഷ് അധിക ഭാഷയായി തുടരുമെന്ന് പ്രധാന മന്ത്രി നെഹ്‌റു ഉറപ്പുനല്‍കി. 1965ല്‍ അത്തരം സംസ്ഥാനങ്ങള്‍ക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നതായിരുന്നു നെഹ്‌റു നല്കിയ ഉറപ്പ്. 1964 ൽ പാർലമെന്റിൽ ശാസ്ത്രിയാണ് ഔദ്യോഗിക ഭാഷാ ബിൽ അവതരിപ്പിക്കുന്നത്. വീണ്ടും അവർ നെഹ്‌റുവിന്റെ ഉറപ്പ് നിയമത്തിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചു. അതോടെ വീണ്ടും പ്രക്ഷോഭമുണ്ടായി. 1964-65 ലെ ഈ പ്രക്ഷോഭമായിരുന്നു ഏറ്റവും വലിയ പ്രക്ഷോഭം. അത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. അക്രമാസക്തമായിരുന്ന കലാപത്തില്‍ നിരവധി തീവെപ്പുകളും പ്രക്ഷോഭങ്ങളും ഉണ്ടായി. കോൺഗ്രസ് സർക്കാര്‍ അതിനെ അടിച്ചമർത്തി. ഒടുവിൽ, ഹിന്ദി സംസാരിക്കാത്തവർ ആഗ്രഹിക്കുന്നിടത്തോളം ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളായി തുടരണം എന്ന നെഹ്‌റുവിന്റെ ഫോർമുല അനുസരിച്ച് പോകാൻ സർക്കാർ സമ്മതിക്കുകയാണ് ചെയ്തത്. ഈ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുറമെ മറ്റ് പ്രശനങ്ങളും ഉയര്‍ന്നിരുന്നു. ക്ഷാമം പോലുള്ള സാമ്പത്തിക പ്രശനങ്ങളുണ്ടായിരുന്നു. പതിയെ കോണ്‍ഗ്രസ് വിരുദ്ധ വികാരം വളര്‍ന്ന് വരുന്നുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ദ്രവീഡിയന്‍ പാർട്ടി ഭരണം പിടിച്ചെടുക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകം (DMK) പെരിയാറില്‍ നിന്ന് പിരിഞ്ഞ ശേഷം 1949ലാണ് രൂപീകരിക്കപ്പെടുന്നത്.

അവര്‍ പെരിയാറില്‍ നിന്ന് വേര്‍പിരിയാനുള്ള കാരണം അറിയാമോ? പെരിയാര്‍ പറഞ്ഞത് തങ്ങള്‍ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു. കാരണം സ്വാതന്ത്ര്യം നേടിയാല്‍ അത് ബ്രാഹ്മണ ഭരണമായിരിക്കും എന്നാണ് പെരിയാറിന്റെ വാദം. ബ്രാഹ്മണരും ബനിയരും ഭരിക്കുമെന്നായിരുന്നു പെരിയാര്‍ പറഞ്ഞത്. ആധിപത്യ സ്വഭാവമുള്ള പദവി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പക്ഷേ, പുതുതായി പിറക്കുന്ന ഇന്ത്യയില്‍ അണ്ണാദുര ഒരു രാഷ്ട്രീയാവസരം മുന്‍കൂട്ടി കണ്ടു. 1948ല്‍ അദ്ദേഹം പെരിയാറില്‍ നിന്ന് വേര്‍പിരിഞ്ഞു ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. 18 വര്‍ഷത്തിനകം അവര്‍ അധികാരം പിടിക്കുകയും ചെയ്തു. അപ്പോള്‍ ഇതാണ് ആകെയുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ അടിസ്ഥാന ചരിത്രം.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: സ്റ്റാലിന്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെയും, അറുപതുകളില്‍ നടന്ന വലിയ പ്രക്ഷോഭങ്ങളെ കുറിച്ച് കേന്ദ്ര നേതൃത്വത്തെ ഓര്‍മപ്പെടുത്തുക കൂടിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണോ?

വിജയശങ്കര്‍ രാമചന്ദ്രന്‍: അതെ. അറുപതുകളിലല്ല. ഇത് തുടങ്ങുന്നത് മുപ്പതുകളിലാണ്. ആലഡി അരുണയെ അറിയാമായിരിക്കും. ബോഫോഴ്സ് കുംഭകോണ സമയത്തെ ജോയിന്‍റ് പാര്‍ലമന്‍ററി കമ്മിറ്റിയില്‍ മെമ്പറായിരുന്നു അവര്‍. അവരെഴുതിയ ഹിന്ദി ഏകാധിപത്യം എന്ന പുസ്തകം ഞാന്‍ ഇംഗ്ലീഷിലേക്ക് ഹിന്ദി ഇംപീരിയലിസം എന്നപേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്, ആരാണ് കാര്യങ്ങള്‍ വഷളാക്കിയത് എന്നൊക്കെ അറിയാന്‍ താങ്കള്‍ ആ പുസ്തകം വായിച്ചുനോക്കണം. അതുവരെ നടന്ന എല്ലാ പ്രക്ഷോഭങ്ങളെ കുറിച്ചും കൃത്യമായ വിവരണം ആ പുസ്തകത്തിലുണ്ട്. 80കള്‍ക്ക് ശേഷം പോലും പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും രസകരമായ വൈരുധ്യം എന്തായിരുന്നെന്നോ, ഈ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം ശക്തമായി തുടരുമ്പോഴും ഹിന്ദി പാട്ടുകള്‍ തമിഴ്നാട്ടില്‍ വളരെയധികം ജനപ്രീതി നേടിയിരുന്നു.

പെരിയാർ

ദക്ഷിണ പ്രചാര സഭയിലൂടെ ആളുകള്‍ ഹിന്ദി പഠിക്കുന്നുണ്ടായിരുന്നു. ആ സാഹചര്യത്തെ കുറിച്ചാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍, ഹിന്ദി പഠിക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്. ആ പ്രസ്താവന കേട്ട് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. അവര്‍ ട്രിച്ചി സീതാലക്ഷ്മി രാമസ്വാമി കോളേജിലായിരുന്നു. ഞാന്‍ സെന്‍റ് ജോസഫ് കോളേജിലും. എന്റെ സഹോദരി ഫിസിക്സ് ആയിരുന്നെങ്കിലും നിര്‍മല സീതാരാമന്റെ അതേ ബാച്ചിലായിരുന്നു പഠിച്ചിരുന്നത്. എന്റെ സഹോദരി ഹിന്ദിയാണ് രണ്ടാം ഭാഷയായി തെരഞ്ഞെടുത്തത്. ഹിന്ദിയില്‍ മുഴുകിയ അവള്‍ ഫിസിക്സ് പഠിക്കാന്‍ കുറെ ബുദ്ധിമുട്ടിയിരുന്നു. അതേ മാനേജ്മെന്‍റ് തന്നെ സാവിത്രി വിദ്യശാല എന്ന പേരില്‍ ഒരു സ്കൂളും നടത്തുന്നുണ്ടായിരുന്നു. അവിടെ കുട്ടികള്‍ സംസ്കൃതവും പഠിച്ചിരുന്നു. നിര്‍മല സീതാരാമന്‍ പഠിക്കുന്ന സമയത്ത് അവിടെ ഹിന്ദി പഠിക്കാന്‍ അവസരമുണ്ടായിരുന്നു. അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തികച്ചും കളവാണ്. വളരെ വിരോധാഭാസമായ സാഹചര്യം എന്തെന്നാൽ, ഹിന്ദി പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തിലും പിന്നീട് ഡി എം കെ അധികാരത്തിൽ വന്നതിനു ശേഷവും ഹിന്ദി ഗാനങ്ങളും ഹിന്ദി സിനിമകളും തമിഴ്‌നാട്ടിൽ വളരെ ജനപ്രിയമായിരുന്നു. ഞാന്‍ പഠിച്ച ട്രിച്ചിയില്‍ ഒരു തിയേറ്ററുണ്ടായിരുന്നു. മിക്കപ്പോഴും ഹരേ രാമ ഹരേ കൃഷ്ണ, ബോബി തുടങ്ങിയ ഹിന്ദി സിനിമകളായിരുന്നു അവിടെ ഓടിക്കൊണ്ടിരുന്നത്. ഒരു വാക്കുപോലും അറിയാതെ തന്നെ എല്ലാ ഹിന്ദി പാട്ടുകളും ഞങ്ങൾ മനഃപാഠമാക്കിയിരുന്നു. കോളേജ് വിദ്യാർഥികൾ ഹിന്ദി പാട്ടുകൾ കേൾക്കുമായിരുന്നു. എനിക്കു തന്നെയും ഹിന്ദി സംസാരിക്കാൻ കഴിയില്ലെങ്കിലും ഹിന്ദി പാട്ടുകൾ അറിയാം. ഇളയ രാജയുടെ വരവ് വരെ ഹിന്ദി ഗാനങ്ങൾ വളരെ ജനപ്രിയമായിരുന്നു. 90 കളിൽ പോലും ഹിന്ദി സിനിമകൾ വളരെ ജനപ്രിയമായിരുന്നു.

അടിസ്ഥാന കാര്യം ആളുകൾ ഹിന്ദിക്ക് എതിരായിരുന്നില്ല എന്നതാണ്. അവര്‍ക്ക് ഹിന്ദി പാട്ടുകള്‍ ഇഷ്ടമായിരുന്നു. ഹിന്ദി സിനിമകള്‍ ഇഷ്ടമായിരുന്നു. രാജേഷ് ഖന്നയെയും അമിതാഭ് ബച്ചനെയും സന്‍ജയ് കുമാറിനെയും ഹേമ മാലിനിയെയും സീനത്ത് അമനെയും എല്ലാം ഇഷ്ടമായിരുന്നു. ആ സമയത്ത് ഓള്‍ ഇന്ത്യ റേഡിയോയില്‍ ബിനാകാ ഗീത്മാല എന്നൊരു പരിപാടിയുണ്ടായിരുന്നു. പ്രശസ്ത അവതാരകന്‍ അമീന്‍ സയാനിയായിരുന്നു അതിന്റെ അവതാരകന്‍. 8-8.30നൊക്കെ തുടങ്ങുന്ന ആ പരിപാടിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ഞങ്ങൾ ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ടായിരുന്നു, ഹിന്ദി പാട്ടുകളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. തമിഴ്‌നാട് ഒരിക്കലും ഭാഷയെ എതിർത്തിരുന്നില്ല, മറിച്ച് അവര്‍ അടിച്ചേൽപ്പിക്കുന്നതിനെതിരായിരുന്നു. കാരണം ഹിന്ദി പ്രചാരസഭ ഇപ്പോഴും അവിടെയുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ഹിന്ദി പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിര്‍മല സീതാരാമന്‍ പറഞ്ഞ കാര്യം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: നമുക്ക് നിലവിലെ പ്രശ്നത്തിലേക്ക് വരാം. ഈ മണ്ഡല പുനര്‍നിര്‍ണയം ആദ്യം ഉന്നയിച്ചത് സ്റ്റാലിനാണ്. പിന്നീട് അത് സിദ്ധരാമയ്യയെ പോലുള്ള ചിലരൊക്കെ ഏറ്റെടുത്തത് കണ്ടു. കേരളത്തിലെ സി പി ഐ (എം) നേതൃത്വം നല്‍കുന്ന സര്‍ക്കാരും സ്റ്റാലിനെ പിന്തുണക്കുന്നതായി കേള്‍ക്കുന്നുണ്ട്. അപ്പോള്‍ ഈ വിഷയം വി കസിക്കുന്നത് താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

വിജയശങ്കര്‍ രാമചന്ദ്രന്‍: തമിഴ്നാടില്‍ പ്രശ്നങ്ങള്‍ നേരത്തേ ഉള്ളതല്ലേ. ബ്രാഹ്മണ – ബ്രാഹ്മണേതര, ഉത്തരേന്ത്യ- ദക്ഷിണേന്ത്യ പ്രശനങ്ങളെല്ലാം ഒരു നൂറ്റാണ്ടായി തുടരുന്ന സംഘര്‍ഷമാണ്. നോക്കൂ, ഈ ബ്രാഹ്മണ വിരുദ്ധ സംഘര്‍ഷം പിന്നീട് ഉത്തരേന്ത്യ വിരുദ്ധ സംഘര്‍ഷമായി മാറിയിട്ടുണ്ട്. ഉത്തരേന്ത്യക്കാരുടെ ആധിപത്യമായിരുന്നല്ലോ. ദ്രവീഡിയന്‍ സങ്കല്‍പ പ്രകാരം ഇത് ബ്രാഹ്മണ ബനിയ ദേശീയതയാണ്. അവര്‍ക്ക് ഒറ്റ ഭാഷ വേണം. അവര്‍ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതില്‍ ശ്രദ്ധിക്കണം. അവര്‍ക്ക് പ്രാദേശിക പാര്‍ട്ടികള്‍ ആവശ്യമില്ല. അടിസ്ഥാനപരമായി ദ്രവീഡിയന്‍ സങ്കല്‍പത്തിലെ ദ്രാവിഡ ഭൂമി, കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. അടിസ്ഥാന ആശയം തന്നെ സംസ്കൃതം ഉത്തരേന്ത്യന്‍ ഭാഷയും തമിഴ് അതിന് എതിരെ നില്‍ക്കുന്ന ഭാഷയും ആണെന്നാണ്. മറ്റുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം സംസ്കൃതത്തിന്റെയും തമിഴിന്റെയും മിശ്രിതമായി ഉടലെടുത്തതാണ്. ഇതാണ് സിദ്ധാന്തം. ഇപ്പോള്‍ മണ്ഡല പുനര്‍നിര്‍ണയം ഒരു വലിയ പ്രശ്നമാകുകയാണ്. ഇതൊരു പുതിയ പ്രശ്നമല്ല. 2023 ലെ തിരഞ്ഞെടുപ്പ് സമയത്ത് തെലങ്കാനയിലെ നിസാമാബാദില്‍ സംസാരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ കുറിച്ച് പറയുന്നുണ്ട്. ഈ സംഘര്‍ഷം തുടങ്ങുന്നതിനും രണ്ട് വർഷം മുമ്പ് അദ്ദേഹം സംസാരിച്ചു. മണ്ഡല പുനര്‍നിർണയം നടക്കാൻ പോകുന്നു, അതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 100 സീറ്റുകൾ നഷ്ടപ്പെടും എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന, അദ്ദേഹം അതിന് കോൺഗ്രസിനെയാണ് കുറ്റപ്പെടുത്തിയത്. ജയിക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജനസംഖ്യ അനുസരിച്ചാണ് ജനങ്ങളുടെ അവകാശങ്ങള്‍ കോണ്‍ഗ്രസ് നല്‍കുന്നത് എന്നാണ്. ജനസംഖ്യ കൂടുതലുണ്ടെങ്കില്‍ കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കും. കോണ്‍ഗ്രസ് എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അപ്പോൾ ഇതാണ് രണ്ട് വർഷം മുമ്പ് നടന്ന വിവാദത്തിന്റെ യഥാർഥ തുടക്കം. ഒരു ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും അതിനെകുറിച്ച് സംസാരിച്ചില്ല.

2026ലാണ് അടുത്ത മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണ്ഡല പുനര്‍നിര്‍ണയ സമയത്ത് എന്താണ് സംഭവിക്കുക എന്ന് മനസിലാക്കണമെങ്കില്‍ നമ്മള്‍ ചരിത്രം പരിശോധിക്കണം. 1951-61-71 വര്‍ഷങ്ങളില്‍ ആദ്യമായി നടന്ന മൂന്ന് ജനസംഖ്യാ കണക്കെടുപ്പു കാലം പരിശോധിച്ചു നോക്കാം. 71ല്‍ ചില സീറ്റുകള്‍ മരവിപ്പിച്ചിരുന്നു. 1971ല്‍ തമിഴ്നാടിന്റെ ജനസംഖ്യ 5 കോടി ആയിരുന്നു. അവര്‍ക്ക് അന്ന് 39 സീറ്റുകള്‍ കിട്ടി. ഒന്ന് പോണ്ടിച്ചേരിയും. ശരാശരി ഒരു മണ്ഡലത്തില്‍ 10.1 ലക്ഷം ജനങ്ങളായിരുന്നു അന്ന്. ചില മണ്ഡലങ്ങളില്‍ കൂടുതലുണ്ടായിരുന്നു. പക്ഷേ അതായിരുന്നു ഇന്ത്യയില്‍ ആകെയുള്ള ശരാശരി. 1971ല്‍ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ അവര്‍ ഇത് മരവിപ്പിക്കാന്‍ തീരുമാനിച്ചു. സീറ്റുകളുടെ എണ്ണം വര്‍ധിച്ച് പോവുകയാണെങ്കില്‍ പിന്നെ ജനസംഖ്യ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകില്ല എന്നു പറഞ്ഞാണ് അന്ന് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ജനസംഖ്യാ നിയന്ത്രണത്തിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണം. അതിനാണ് അന്ന് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ പോയാല്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന സ്ഥിതി വരും. ഇത് നീതിയല്ല എന്നതായിരുന്നു ന്യായമായി പറഞ്ഞിരുന്നത്. 1973ലാണ് ഭരണഘടനാ ഭേദഗതി ചെയ്തു നിയമം വരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2001ല്‍ അവര്‍ക്ക് ഇത് തിരിച്ചുകൊണ്ടുവരണമായിരുന്നു. 2001ല്‍ സെന്‍സസ് പ്രകാരം ഒരു മണ്ഡല പുനര്‍നിര്‍ണയം നടത്തണമായിരുന്നു. പക്ഷേ, പിന്നേയും വാജ്പേയ് സർക്കാര്‍ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ നിയമത്തെ അടുത്ത 25 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണുണ്ടായത്. ഇപ്പോള്‍ ആ സമയവും എത്തിയിരിക്കുന്നു. ഇതിന്റെ ഫോര്‍മുല എങ്ങനെയായിരിക്കും എന്നത് നമുക്കറിയില്ല.

രണ്ട് കാര്യങ്ങളാണ് നമ്മള്‍ ഇവിടെ ചർച്ച ചെയ്യേണ്ടത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഫലങ്ങള്‍ എന്തെല്ലാമായിരിക്കും? ആര്‍ക്കൊക്കെ എന്തെല്ലാം നഷ്ടങ്ങളുണ്ടാകും? പലതരം കണക്കുകൂട്ടലുകള്‍ ഉണ്ട്. അതില്‍ കാർണഗി എൻഡോവ്‌മെന്റ് ഒരു പഠനം നടത്തിയിരുന്നു. അവരുടെ പഠനം ചില രസകരമായ കണക്കുകള്‍ കണ്ടെത്തുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിന് രണ്ട് രീതികളാണുള്ളത്. അതില്‍ ഒന്ന്, 543 സീറ്റുകൾ തന്നെ അതേപടി നിലനിർത്തുക എന്നതാണ്. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ പകരം ഓരോ നിയോജകമണ്ഡലത്തിലെയും ആളുകളുടെ എണ്ണം വർധിപ്പിക്കുക. അങ്ങനെയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക. ഉദാഹരണത്തിന് നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) എടുക്കാം. വികസനം കുറഞ്ഞ സംസ്ഥാനങ്ങളായതു കൊണ്ട് ബിമാരു സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന നാടുകളാണിവ. സീറ്റുകളുടെ എണ്ണം 543 ആയി നിലനിര്‍ത്തിയാല്‍ അവര്‍ക്കുള്ള സീറ്റുകള്‍ 174ല്‍ നിന്നും 205ലേക്ക് ഉയരും. ഈ 4 സംസ്ഥാനങ്ങള്‍ക്ക് മാത്രം 31 സീറ്റുകളാണ് കൂടുതല്‍ കിട്ടുക. ഇത് തമിഴ്നാട്, ആന്ധ്ര, കേരള, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് വന്നാല്‍ അവരുടെ സീറ്റ് നിലവിലുള്ള 129ല്‍ നിന്നും 103 ആയി കുറയുകയാണ് ചെയ്യുക. 26 സീറ്റുകളാണ് അവര്‍ക്ക് നഷ്ടപ്പെടുക. സ്റ്റാലിന്‍ തമിഴ്നാട് മാത്രമാണ് പ്രശ്നമാക്കിയത്. നമ്മള്‍ ഉത്തര-ദക്ഷിണ ഇന്ത്യ എന്ന പ്രശ്നം ചർച്ച ചെയ്യുമ്പോള്‍ ഇതാണ് യഥാർഥ പ്രശ്നം.

രണ്ടാമത്തെ സാഹചര്യം എടുത്തുനോക്കാം. സീറ്റുകള്‍ 848 ആക്കി വർധിപ്പിക്കുകയാണെങ്കില്‍ യു പി, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവക്ക് ഇപ്പോഴുള്ള 174 സീറ്റുകള്‍ എന്നത് 324 ആയി ഉയരും. 150 സീറ്റുകളാണ് വർധിക്കാന്‍ പോകുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നിലവിലുള്ള എണ്ണമായ 129 നോടൊപ്പം 45 സീറ്റിന്റെ മാത്രം വര്‍ധനവാണുണ്ടാവുക. യഥാർഥ പ്രശ്നം എന്താണെന്ന് വെച്ചാല്‍ 543 ആക്കി സീറ്റുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍ ഈ നാല് സംസ്ഥാനങ്ങള്‍ക്ക് മാത്രം 205 സീറ്റുകള്‍ ഉണ്ടാകണമല്ലോ. അവര്‍ക്ക് പിന്നെ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആകെ 66 സീറ്റുകള്‍ നേടിയാല്‍ മതിയാകും. ഇതാണ് ശരിക്കുമുള്ള ആശങ്ക. ഇനി 848 സീറ്റുകള്‍ ആക്കുകയാണെന്ന് വെക്കുക. ഈ നാല് നോര്‍ത്തിന്ത്യന്‍ സംസ്ഥനങ്ങള്‍ക്ക് മാത്രം 324 സീറ്റുകളാണ് ലഭിക്കുന്നത്. 848 ന്റ്റെ പകുതി 424 ആണല്ലോ. അതായത് മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വെറും 100 സീറ്റുകള്‍ മാത്രം മതി ഭൂരിപക്ഷം നേടാന്‍. ഈ നാല് സംസ്ഥനങ്ങളിലെ എല്ലാ സീറ്റുകളും അവര്‍ വിജയിക്കണമെന്നൊന്നും ഇല്ലെങ്കിലും അങ്ങനെയൊരു സാധ്യത ഉണ്ടല്ലോ.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: പക്ഷേ പുതിയ പാര്‍ലമെന്റിന്റെ നിർമാണം വ്യക്തമായും സൂചിപ്പിക്കുന്നത് 800നു മുകളില്‍ സീറ്റുകള്‍ ഉള്ള ഫോര്‍മുല തന്നെ ആയിരിക്കും എന്നല്ലേ?

വിജയശങ്കര്‍ രാമചന്ദ്രന്‍: അതെ. ഇനി 1971ലേക്ക് ഒന്നു കൂടി തിരിച്ചുപോയി നോക്കാം. എന്തിനാണ് അന്ന് അത് ചെയ്തത്. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്. പക്ഷേ തമിഴ്നാടില്‍ എന്താണ് സംഭവിച്ചത്. നമുക്ക് തമിഴ്നാടിന്റെ മാത്രം കാര്യമെടുക്കാം. 1971 ല്‍ തമിഴ്നാടിന്റെ ജനസംഖ്യ 4.11 കോടിയാണ്. അന്നത്തെ യു പി ജനസംഖ്യ 8.5/ 8.8 കോടിയാണ്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനമായി 2011 സെന്‍സസ് എടുക്കുമ്പോള്‍ തമിഴ്നാടിന്റെ ജനസംഖ്യ 7.6 കോടിയാണ്. യു പി ജനസംഖ്യ 19.5 കോടിയാണ്. അത് ഇരട്ടിയായി മാറി. 40 വര്‍ഷത്തിനിടെയുള്ള വളര്‍ച്ചയാണ്. തമിഴ്നാടില്‍ മൂന്നു കോടി കൂടിയിട്ടുള്ളൂ. ഇനി 2025ല്‍ പ്രതീക്ഷിക്കപ്പെടുന്ന ജനസംഖ്യ തമിഴ്നാടില്‍ 8 കോടിയില്‍ തഴെയാണ്. വെറും ഒരു കോടിയുടെ മാത്രം വര്‍ധന. പക്ഷേ ഇത് യു പിയില്‍ 25 കോടിയായിരിക്കും. ഈ വ്യത്യാസത്തിന് കാരണം ജനസംഖ്യാ നിയന്ത്രണമാണ്. തെക്കൻ സംസ്ഥാനങ്ങൾ കുടുംബാസൂത്രണം വളരെ നന്നായി നടപ്പിലാക്കിയിട്ടുണ്ട്, അതുകൊണ്ടാണ് ജനസംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞതെന്ന് ഒരു വാദമുണ്ട്. അത് മാത്രമല്ല കാരണം. ജനസംഖ്യ -വികസന തിയറികള്‍ പറയുന്നതു പ്രകാരം മനുഷ്യരുടെ വികസന സൂചിക ഉയരുന്നതിനനുസരിച്ച്, ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും വികസിക്കുകയാണെങ്കില്‍ സ്വഭാവികമായും ജനങ്ങള്‍ക്കിടയില്‍ കുടുംബത്തിന്റെ വലിപ്പം കുറക്കാനുള്ള പ്രവണതയുണ്ടാകും. ഇന്ത്യ ഇപ്പോള്‍ ജനന നിരക്കില്‍ പിറകിലാണല്ലോ. ജനന നിരക്കും ഈ സിദ്ധാന്തവും തമ്മില്‍ വിരുദ്ധാനുപാതമാണ് ഉള്ളത്. ഇനി ഈ സിദ്ധാന്തം തമിഴ്നാട് പോലുള്ള സാമൂഹ്യ നീതി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് നോക്കാം. ദ്രവീഡിയന്‍ മാതൃക എന്നത് തന്നെ പിന്നാക്ക വിഭാഗത്തിനുള്ള സംവരണത്തിന്റെ അടിസ്ഥാനത്തിലാണ്. അവർ വളരെ നല്ല ഒരു പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുത്തു. വളരെ നല്ല വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുത്തു. ത്രിഭാഷാ ഫോര്‍മുലയെ കുറിച്ച് നമുക്ക് അല്പം കഴിഞ്ഞു സംസാരിക്കാം. ഇത് ശിശു മരണ നിരക്കിലേക്ക് വന്നാല്‍, മാതൃ മരണ നിരക്കിലേക്ക് വന്നാല്‍, മറ്റേത് ആരോഗ്യ സൂചികയെടുത്താലും പ്രത്യേകിച്ചു കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വളരെയധികം മുന്നിലാണ്. നീതി ആയോഗ് പുറപ്പെടുവിച്ച കണക്കുകള്‍ തന്നെ നോക്കൂ. അപ്പോള്‍ നിങ്ങള്‍ ഒരു സംസ്ഥനത്തെ, വികസിച്ചതിന്റെ പേരിലും ജനസംഖ്യ നിയന്ത്രിച്ചതിന്‍റെ പേരിലും ശിക്ഷിക്കുകയാണ് ചെയ്യാന്‍ പോകുന്നത്. ഇതാണ് വൈരുധ്യം. ഇനി ഇതിന്റെ മറുവശത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ സമ്മാനിക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോള്‍ അതാണ് പ്രശ്നം. ഇപ്പോള്‍ സര്‍ക്കാരിന്റെ നയങ്ങളും രഹസ്യ സ്വഭാവവും കാരണം ഇത് വീണ്ടും ഉത്തര-ദക്ഷിണ സംഘര്‍ഷമായി മാറുകയാണ്. എന്താണ് സര്‍ക്കാരിന്റെ ഫോര്‍മുല എന്ന് നമുക്കിപ്പോഴും അറിയില്ല. സ്റ്റാലിന്‍ ഇതൊരു പ്രശ്നമാക്കിയ ശേഷം പ്രതിപക്ഷം ഏറ്റെടുത്തതോടെ സംസ്ഥാന ബി ജെ പി പ്രസിഡന്‍റ് അണ്ണാമലൈ പറഞ്ഞത് ആരും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല എന്നായിരുന്നു. 2023ല്‍ മോദി ഇത് സംസാരിച്ചിട്ടുണ്ട് എന്ന് ഞാനാണ് തെളിയിച്ചു കൊടുത്തത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കണ്ടതോടെ സീറ്റ് വർധന ഉണ്ടാകില്ലെന്ന് അമിത് ഷായും പറയുന്നു. അപ്പോള്‍ നമ്മള്‍ ആരെയാണ് വിശ്വസിക്കേണ്ടത്? പ്രധാനമന്ത്രിയെയോ അതോ ആഭ്യന്തര മന്ത്രിയെയോ? ഇതാണ് പ്രശ്നം. കേരളവും ഇത് ഏറ്റെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: സ്റ്റാലിന്‍ ഇപ്പോള്‍ വിളിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തില്‍ ഹിന്ദി പ്രശ്നമാണോ അതല്ല മണ്ഡല പുനര്‍നിര്‍ണയമാണോ വിഷയം?

വിജയശങ്കര്‍ രാമചന്ദ്രന്‍: മണ്ഡല പുനര്‍നിര്‍ണയമാണ് വിഷയം. അതാണല്ലോ കേന്ദ്ര പ്രശ്നവും. സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്‍റ് സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ അത് എല്ലാ പാര്‍ട്ടികളെയും ബാധിക്കുന്ന കാര്യമാണ്. നിലവിലുള്ള 543 സീറ്റുകളില്‍ നിന്ന് തമിഴ്നാടിന് 8 സീറ്റുകളാണ് നഷ്ടപ്പെടുക. ഇനി 848 ആക്കി മാറ്റുകയാണെങ്കില്‍ തമിഴ്നാടിന് കൂടാന്‍ പോകുന്നത് 10 സീറ്റുകള്‍ മാത്രമാണ്. അതേ സമയം യു പിക്ക് കൂടാന്‍ പോകുന്നത് 63 സീറ്റുകളായിരിക്കും. ഒന്നാമത്തെ കാര്യം, വികസിച്ചതിന്റെ പേരില്‍ തിരിച്ചടി നേരിടുന്നു. മറ്റൊരു കാര്യം സാമ്പത്തിക ഫെഡറലിസത്തിന്റെ കാര്യത്തിലും ഈ ഉത്തര ദക്ഷിണ വിഭജനം വരാനിരിക്കുന്നു എന്നതാണ്. അവിടെയും വലിയ പ്രശ്നങ്ങളുണ്ട്. തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് നികുതിയിനത്തില്‍ വലിയ ലാഭമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് തിരിച്ചു ലഭിക്കുന്നതാകട്ടെ തീരെ ചെറിയ സംഖ്യയും. അതേസമയം യു പിയില്‍ അവര്‍ നല്‍കുന്ന ഓരോ രൂപയ്ക്കും പകരം അതിലധികം തിരികെ ലഭിക്കുന്നു. ഇത് രാജ്യത്തെ തന്നെ സമ്പൂര്‍ണമായി താളം തെറ്റിക്കും. അതാകട്ടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമാണ് താനും.

വെങ്കിടേഷ് രാമകൃഷ്ണന്‍: ത്രിഭാഷാ ഫോര്‍മുല, ദ്വിഭാഷാ ഫോര്‍മുല എന്നിവയെ കുറിച്ച് താങ്കള്‍ സംസാരിച്ചിരുന്നുവല്ലോ. നമുക്കതേ കുറിച്ച് സംസാരിക്കണം. ദ്വിഭാഷാ ഫോര്‍മുലയാണ് തമിഴ്നാടിനെ ഇത്രയും വികസനങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത് എന്ന അനേകം അഭിപ്രായങ്ങള്‍ തമിഴ്നാടില്‍ ഉണ്ട്. ഇതെങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?

വിജയശങ്കര്‍ രാമചന്ദ്രന്‍: അതില്‍ സംശയമൊന്നുമില്ല. രണ്ടു മൂന്നു കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പറയേണ്ടതുണ്ട്. ഔദ്യോഗിക ഭാഷാ ബില്‍ അവതരിപ്പിച്ച ശേഷം ഈ പ്രശ്നങ്ങള്‍ വലിയ തോതില്‍ ഉടലെടുത്തപ്പോള്‍, 1960ല്‍ തമിഴ്നാട് അസംബ്ലി ഒരു നിയമം പാസാക്കി. അതാണ് ദ്വിഭാഷാ ഫോര്‍മുല. അവിടെ അണ്ണാദുരൈ ഒരു രസകരമായ കാര്യം പറഞ്ഞിരുന്നു. ഡി‌ എം‌ കെ യെയും ദ്രവീഡിയന്‍ പാര്‍ട്ടിയെയുമെല്ലാം വിഘടന വാദികള്‍ എന്നാണല്ലോ മുദ്ര കുത്തിയിരുന്നത്. അന്ന് അണ്ണാദുരൈ നിയമസഭയിൽ പറഞ്ഞത് നോക്കിയാൽ മതി. അവർ വിഘടന വാദികളും ഭാഷാ ഭ്രാന്തന്മാരുമാണെന്ന സിദ്ധാന്തം തന്നെ അത് പൊളിച്ചെഴുതും. രണ്ടും തെറ്റായ വാദങ്ങളാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘അവരെന്നെ വിഘടന വാദിയെന്ന് വിളിക്കുന്നു. പക്ഷേ ഞാന്‍ വിഘടനവാദിയല്ല. വിഘടന വാദിയാകണമെങ്കില്‍ എനിക്ക് ഒരു നിമിഷം കൊണ്ട് ആകാം. ഞാന്‍ ജനപ്രിയനാകുകയും ചെയ്യും. എനിക്കത് ചെയ്യാന്‍ കഴിയും. പക്ഷേ, ഞാനത് ചെയ്യില്ല. എല്ലാ ഭാഷകൾക്കും തുല്യ അംഗീകാരം നൽകുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് ഒരു രാഷ്ട്രത്തെ വികസിപ്പിക്കാൻ കഴിയൂ. നിങ്ങൾക്ക് സംയോജനം കൊണ്ടുവരാൻ കഴിയൂ.’ ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ അടുത്ത വാദം വളരെ രസകരമാണ്. തമിഴും ഹിന്ദിയും മാത്രമല്ല ഞങ്ങള്‍ക്ക് വേണ്ടത്. ഹിന്ദി ദേശീയ/ഔദ്യോഗിക ഭാഷയാക്കുന്നതിന് ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. അതോടൊപ്പം എല്ലാ 14 ഭാഷകളെ കൂടി ഔദ്യോഗിക ഭാഷയാക്കി മാറ്റൂ. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

കരുണാനിധി

അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റ് ചില സംഭവങ്ങള്‍ കൂടിയുണ്ടായി. 1974ല്‍ ഇന്ത്യയില്‍ ആദ്യമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കാന്‍ കരുണാനിധി ഒരു കമ്മീഷനെ നിയമിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതിന് മുമ്പാണ് ഇത്. രാജമാന്നാര്‍ കമ്മിറ്റി എന്നാണ് ഈ കമ്മീഷന്‍ വിളിക്കപ്പെട്ടത്. അവര്‍ കുറെ നല്ല നിര്‍ദേശങ്ങള്‍ സമര്‍പിച്ചിരുന്നു. അതിപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. അതില്‍ രാജമണ്ണാര്‍ പറയുന്നത് സംസ്ഥനങ്ങള്‍ക്ക് ആധിപത്യം നല്‍കുന്ന ഒരു വ്യവസ്ഥയാണ്. കൂടുതല്‍ അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. എന്തു കൊണ്ടാണ് അവര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ആവശ്യപ്പെട്ടത്? കാരണമായി പറയുന്നത് നിലവില്‍ ഒരു പൈപ്പ്ലൈന്‍ സ്ഥാപിക്കണമെങ്കില്‍ പോലും കേന്ദ്രത്തിന്റെ അനുവാദം കാത്തിരിക്കണം എന്നതാണ്. അതുകൊണ്ട് സംസ്ഥനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. തമിഴ്നാടിന് മാത്രമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അധികാരം വേണം. യു പിക്ക് പോലും വേണം. അപ്പോള്‍ വളരെയധികം ജനാധിപത്യപരമായ സമീപനമാണ് അക്കാര്യത്തില്‍ അവര്‍ പുലര്‍ത്തിയത്. മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പല കഥകളും പ്രചരിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ദേശീയ മാധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നോര്‍ത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇക്കാര്യം മനസിലായിട്ടു കൂടിയില്ല. വളരെ പ്രശസ്തനായ ഒരു താരം കോപിഷ്ഠനായി സംസാരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അത് ശരിയല്ല. താഴെ എന്താണ് സംഭവിക്കുന്നത് എന്നവര്‍ക്ക് അറിയില്ല. അവര്‍ക്കൊന്നും ഒന്നുമറിയില്ല.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: ഇതിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് താങ്കള്‍ വിചാരിക്കുന്നത്.

വിജയശങ്കര്‍ രാമചന്ദ്രന്‍: ഈയൊരു സംഘര്‍ഷത്തിന് എന്തു സംഭവിക്കും എന്നു എന്നോട് ചോദിച്ചിരുന്നു. ദ്വിഭാഷാ ഫോര്‍മുലയിലേക്ക് വരാം. തമിഴ്നാടില്‍ വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം വളരെ പുരോഗമിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രാജ്യത്താകമാനം വ്യാപിച്ചിട്ടുണ്ട്. എല്ലാ വിദേശ സര്‍വകലാശാലകളിലും അവര്‍ രണ്ട് ഭാഷകള്‍ ഉപയോഗിച്ച് പഠിക്കുന്നുണ്ട്. അവര്‍ നന്നായി തന്നെ പഠിക്കുന്നു. ഞാന്‍ തന്നെ നിരവധി ശാസ്ത്രജ്ഞരെ കണ്ടിട്ടുണ്ട്. ദ്രവീഡിയന്‍ മുന്നേറ്റത്തെ കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു ശ്രീലങ്കന്‍ പണ്ഡിതനുമായി ഇന്‍റര്‍വ്യൂ നടത്തിയിരുന്നു. അദ്ദേഹം അന്ന് രസകരമായ ഒരു കാര്യം പറയുകയുണ്ടായി. റോമില ഥാപ്പറിനെ പോലുള്ള ധാരാളം ആളുകള്‍ ആദരിക്കുന്ന വളരെയധികം പേരുകേട്ട ഒരു പണ്ഡിതനാണ് അദ്ദേഹം. അദ്ദേഹം വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയി പോകുമ്പോഴൊക്കെ ഭാഷാ വിദഗ്ധരായിട്ടുള്ള നിരവധി ശാസ്ത്ര പ്രതിഭകളെ കാണാറുണ്ട്. അവരെല്ലാം പറയാറുള്ളത് തന്നെ തങ്ങള്‍ ഇവിടെ എത്തിപ്പെടാന്‍ കാരണം ദ്രവീഡിയന്‍ മുന്നേറ്റമാണ് എന്നാണ്. തങ്ങള്‍ ഇവിടെ എത്തിപ്പെടാന്‍ കാരണം പെരിയാര്‍ ആണെന്നാണ്. ഞാന്‍ ഈയിടെ ജനിതക ശാസ്ത്രവും സംസ്കാരവും പഠിക്കുന്ന ഒരാളെ പരിചയപ്പെട്ടിരുന്നു. കുടിയേറ്റക്രമം പോലുള്ള രസകരമായ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പഠന മേഖല. അദ്ദേഹം തമിഴ്നാട്ടുകാരനാണ്. ദ്വിഭാഷാ ഫോര്‍മുല കാരണം തമിഴ്നാടിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ഉത്തരേന്ത്യക്കാര്‍ക്ക് ഒരു ഭാഷ മാത്രമേ അറിയൂ. ഒരിക്കല്‍ അണ്ണാമലൈ തന്നെ പറയുന്ന ഒരു വീഡിയോ പുറത്തു വന്നിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് ഒരു ബീഹാറിയോട് സംസാരിക്കരുത് എന്നാണ്. അവര്‍ക്ക് ആകെ ഒരു ഭാഷ മാത്രമേ അറിയൂ. നിങ്ങള്‍ ഏത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോയി നോക്കിയാലും അവരെല്ലാം അവരെ പഠിപ്പിച്ച ഒറ്റ ഭാഷ മാത്രമേ സംസാരിക്കൂ. ദ്വിഭാഷാ ഫോര്‍മുലയെ അനുകൂലിക്കുന്ന മറ്റൊരു വാദം കൂടിയുണ്ട്. സയന്‍സ് ആയാലും സാമൂഹ്യ ശാസ്ത്രം ആയാലും ആദ്യമേ എല്ലാവരും പഠിക്കുന്ന ചില കേന്ദ്ര വിഷയങ്ങള്‍ ഉണ്ടല്ലോ. അവര്‍ക്ക് നിലവില്‍ തന്നെ രണ്ട് ഭാഷകള്‍ പഠിക്കാനുണ്ട്. ഇനി എന്തിനാണ് ഒരു ഭാഷ കൂടി കൂട്ടിച്ചേര്‍ത്ത് ഭാരം കൂട്ടുന്നത്? അവരുടെ ശ്രദ്ധ മുഴുവന്‍ പുതിയൊരു ഭാഷ കൂടി പഠിക്കുന്നതിലേക്ക് മാറും. അതാവട്ടെ അവരുടെ അടിസ്ഥാന ഭാഷയോട് പൂര്‍ണമായും അന്യം നില്‍ക്കുന്ന ഭാഷയൊന്നുമല്ല താനും. നോക്കൂ. മലയാളവും തെലുങ്കുമെല്ലാം ഹിന്ദിയോടും സംസ്കൃതത്തോടും സാമ്യതയുള്ള ഭാഷകളാണ്. പക്ഷേ തമിഴുമായി ഒരു ബന്ധവുമില്ല. ചില വാക്കുകള്‍ ഉണ്ട് എന്ന് മാത്രമേ ഉള്ളൂ. അവസാനമായി പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതി പ്രകാരവും അവര്‍ക്ക് തമിഴ്നാടില്‍ ത്രിഭാഷാ ഫോര്‍മുല നടപ്പിലാക്കണം. അവര്‍ പറയുന്നതു ഞങ്ങള്‍ ഹിന്ദിയെ അടിച്ചേല്‍പിക്കുന്നില്ല. മൂന്നാമത് ഏതെങ്കിലും ഒരു ഭാഷ പഠിച്ചാല്‍ മതി എന്നാണ്. പക്ഷേ അവിടെ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, സ്ചൂളിലോ മറ്റോ ഒരു വിദ്യാര്‍ഥി മൂന്നു ഭാഷകള്‍ പഠിക്കുന്നത് എന്തിനാണ്? ഒരാള്‍ക്ക് അങ്ങനെ പഠിക്കണം എന്നുണ്ടെങ്കില്‍ ഇവിടെ എത്രയോ അവസരങ്ങളുണ്ടല്ലോ. സാങ്കേതിക വിദ്യയുടെ വികസനത്തോടെ ഒരാള്‍ക്ക് ഏത് ഭാഷ വേണമെങ്കിലും എളുപ്പത്തില്‍ ഇക്കാലത്ത് പടിച്ചെടുക്കാം. ഇനി ഒരാള്‍ കുടിയേറ്റം നടത്തുകയാണെങ്കില്‍, ഒരാള്‍ ഡല്‍ഹിയിലോ മറ്റേതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ സ്ഥിര താമസമാക്കേണ്ടി വരികയാണെങ്കില്‍ അവര്‍ ആറ് മാസം കൊണ്ട് അവിടത്തെ ഭാഷ പഠിക്കുന്നുണ്ട്. വിദ്യാ സമ്പന്നരല്ലാത്ത എത്രയോ തമിഴര്‍ നല്ല ഒഴുക്കോടെ ഹിന്ദിയും ഗുജറാത്തിയും സംസാരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടെ സ്ഥിര താമസമാക്കിയവരാണ്. അതുകൊണ്ടു തന്നെ ഭാഷ എന്നത് അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന ഒന്നല്ല.

മൂന്നാമത്തെ കാര്യം പി.എം ശ്രീ സ്കീം പ്രകാരം അവര്‍ പറയുന്നത് ഏത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഏത് ഭാഷയും പഠിക്കാം എന്നാണ്. ഉത്തരേന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഏത് ദക്ഷിണേന്ത്യന്‍ ഭാഷയും പഠിക്കാം. പക്ഷേ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രേഖയിലാണെന്ന് തോന്നുന്നു, ഈയിടെ പുറത്തു വന്ന പട്ടികയില്‍ ആകെയുള്ള 32 സംസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹിന്ദിയും സംസ്കൃതവും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. തമിഴോ തെലുങ്കോ പോലുള്ള ഒരൊറ്റ ഭാഷയും ഉള്‍പെടുത്തിയിട്ടില്ല.

അണ്ണാദുരൈ

വെങ്കിടേഷ് രാമകൃഷ്ണന്‍: അതില്‍ വിദേശ ഭാഷകളും ഒന്നുപോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നു തോന്നുന്നു.

വിജയശങ്കര്‍ രാമചന്ദ്രന്‍: അതും സത്യമാണ്. എന്റെ അടുത്ത് ആ പട്ടികയുണ്ട്. അതില്‍ മറ്റു ഭാഷകള്‍ ഇല്ല. നമുക്ക് സാധ്യമാണെങ്കില്‍ ഈ ഷോയില്‍ ഇത് പ്രദര്‍ശിപ്പിക്കാം. അപ്പോള്‍ ത്രിഭാഷാ ഫോര്‍മുലയും സംസ്ഥാന സര്‍ക്കാറുകളെ ദ്രോഹിക്കാനും ബി ജെ പിക്ക് വോട്ട് കൊടുക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കാനുമുള്ള മറ്റൊരു മാര്‍ഗം മാത്രമാണ്.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: വിജയ്, ഹിന്ദി അടിച്ചേല്‍പിക്കുന്ന വിഷയമാണെങ്കിലും ത്രിഭാഷാ- ദ്വിഭാഷാ ഫോര്‍മുല പ്രശ്നമായാലും മണ്ഡല പുനര്‍ നിര്‍ണയമായാലും ഈ പ്രശ്നങ്ങള്‍ക്കെല്ലാം നിരവധി ചരിത്ര പശ്ചാത്തലങ്ങള്‍ ഉണ്ട് എന്നാണല്ലോ താങ്കള്‍ പറഞ്ഞു വെക്കുന്നത്. അതൊരു ചെറിയ ചരിത്രമല്ല താനും. തമിഴ് ജനതക്കാണെങ്കിലും മുഴുവന്‍ ദക്ഷിണേന്ത്യക്കു തന്നെയും തങ്ങളുടെ നരവംശശാസ്ത്രപരമായ വേരുകള്‍ തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നതാണ്. രാഷ്ട്രീയമായി ഇനി ഇതെന്തു രൂപം പ്രാപിക്കും എന്ന് നമുക്കറിയില്ല. പക്ഷേ തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഒരു ചലനാത്മകത ഈ വിഷയത്തിലുണ്ട്. വരും ദിവസങ്ങളില്‍ ഈ മുന്നേറ്റങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതില്‍ അവസാനമായി എന്തെങ്കിലും അഭിപ്രായങ്ങള്‍ പങ്കുവെക്കാനുണ്ടോ?

വിജയശങ്കര്‍ രാമചന്ദ്രന്‍: വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഹിന്ദി വിരുദ്ധ സമരങ്ങളുടെ ഭൂതകാല അനുഭവങ്ങളെ മുന്‍നിര്‍ത്തി നോക്കുകയാണെങ്കില്‍ തമിഴ്നാടിന്റെ അവസ്ഥ വളരെ മോശമാകാന്‍ പോകുകയാണ്. അത്ര നല്ല പ്രതികരണമായിരിക്കില്ല വരുന്നത്. വളരെ തീവ്രമായിട്ടുണ്ട് കാര്യങ്ങള്‍. എല്ലായിടത്തും വികാരം ഉണര്‍ന്ന് കഴിഞ്ഞു. ഈ ദ്വിഭാഷാ, ത്രിഭാഷാ ഫോര്‍മുലകളെ കുറിച്ചുള്ള മറ്റൊരു രസകരമായ കാര്യം കൂടി ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ഹിന്ദിയും സംസ്കൃതവും ചേര്‍ന്ന ത്രിഭാഷാ ഫോര്‍മുല ഉപയോഗിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ത്രിഭാഷ ഫോര്‍മുല കാരണമായി വികസിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും വ്യാപകമായ തോതില്‍ സൗത്തിലേക്ക് ആളുകള്‍ കുടിയേറികൊണ്ടിരിക്കുന്നത്? സൗത്തില്‍ നിന്നും ആളുകള്‍ കുടിയേറുന്നത് സര്‍ക്കാര്‍ ജോലി പോലോത്ത ജോലികള്‍ ലഭിക്കുമ്പോഴാണ്. അവിടെ നിന്ന് നിര്‍മാണ തൊഴിലാളികള്‍ പോലും കുടിയേറാറുണ്ട്. നിങ്ങള്‍ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ നോക്കൂ. കേരളത്തിലെയും കോയമ്പത്തൂരിലെയും സ്റ്റേഷനുകള്‍ നോക്കൂ. കോൺഗ്രസ് നടപ്പാക്കിയതാണെങ്കില്‍ പോലും വടക്കേ ഇന്ത്യൻ സംസ്ഥാനത്തിന്റെ വികസന നയങ്ങളിൽ നിന്നും ത്രിഭാഷാ ഫോർമുലയിൽ നിന്നും ശരിക്കും പ്രയോജനം നേടിയ ആളുകളുടെ ഇങ്ങോട്ടുള്ള ഒരു വലിയ കുടിയേറ്റം കാണുന്നത് എന്തുകൊണ്ടാണ്? ഇതാണ് അടിസ്ഥാന പ്രശ്നം. ഏറെ രസകരമായ കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഏത് സംസ്ഥാനത്ത് നിന്ന് കുടിയേറുന്നവരും, തെക്ക് നിന്ന് വടക്കോട്ട് പോകുന്നവരായാലും വടക്ക് നിന്ന് തെക്കോട്ട് വരുന്നവരായാലും അതതിടത്തെ പ്രാദേശിക ഭാഷകള്‍ അവര്‍ എളുപ്പത്തില്‍ പഠിക്കുന്നു. തമിഴ്നാട്ടിലെ ഉത്തരേന്ത്യക്കാരോ നോര്‍ത്ത് ഈസ്റ്റുകാരോ ഇടപെടുന്ന ഹോട്ടലുകളോ മറ്റ് സ്ഥാപനങ്ങളോ നോക്കൂ. അവര്‍ നന്നായി ഒഴുക്കോടെ തമിഴ് സംസാരിക്കുമല്ലോ. കേരളത്തില്‍ പോലും അങ്ങനെ തന്നെയാണ്. ജീവിതത്തില്‍ ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ പഠിക്കും. നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പിക്കാന്‍ കഴിയില്ല. നിര്‍ബന്ധിച്ചിട്ടല്ല ആളുകള്‍ ഒന്നും പഠിക്കുന്നത്. ഇതാണ് അടിസ്ഥാന സിദ്ധാന്തം.

ഞാന്‍ കരുതുന്നത് ഇത് ബി ജെ പി സര്‍ക്കാര്‍ മനപൂര്‍വം സൃഷ്ടിച്ച ഒരു ഏറ്റുമുട്ടലാണെന്നാണ്. ഇത് പരിഹരിക്കാന്‍ കഴിയുന്നത് തന്നെയായിരുന്നു. മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ കാര്യത്തില്‍ തന്നെ അതെങ്ങനെ നടപ്പിലാക്കണം എന്നതിനെ കുറിച്ച് പറയുന്ന നിരവധി സിദ്ധാന്തങ്ങളുണ്ട്. ഉദാഹരണത്തിന് അമേരിക്കയെ നോക്കാം. അമേരിക്കയിലെ 1911ലെ ജനസംഖ്യ ഏകദേശം 9.1 കോടിയായിരുന്നു. ഇത് 2023ല്‍ 32 കോടിയായി. രണ്ട് വര്‍ഷം മുമ്പാണ് അമേരിക്കയില്‍ മണ്ഡല പുനര്‍ നിര്‍ണയം നടപ്പിലാക്കിയത്. അവര്‍ക്ക് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സില്‍ 435 സീറ്റുകളുണ്ട്. പക്ഷേ നമ്പര്‍ മാറിയിട്ടില്ല. 37 സംസ്ഥാനങ്ങളില്‍ സീറ്റുകളുടെ എണ്ണം ഒരേപോലെയാണ് നല്കിയത്. പരിഹാരത്തിന് ധാരാളം വഴികളുണ്ട്. പക്ഷേ ഇവിടെ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കേണ്ടി വരുന്നുണ്ട്. കാരണം കശ്മീരിന്റെ അനുഭവം നമുക്ക് മുമ്പിലുണ്ട്. മണ്ഡല പുനര്‍ നിര്‍ണയം ഏറ്റവും അവസാനമായി നടന്നത് കശ്മീരിലാണ്. അവിടെ 83 സീറ്റുകളുള്ളത് 90 സീറ്റുകളായി. 7 സീറ്റുകളാണ് കൂടിയത്. 6 സീറ്റുകളും ജമ്മുവിനും കശ്മീരിനും വര്‍ധിപ്പിച്ചു നല്കി. അവര്‍ക്ക് ജമ്മുവിനും കശ്മീരിനും ഇടയില്‍ ഒരു തുല്യത കൊണ്ട് വര്‍ണമായിരുന്നു. അതാകട്ടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടും. പക്ഷേ താഴ്വരയിലെ ചില പാര്‍ട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് അധികാരം പിടിച്ചെടുക്കാന്‍ കഴിയും. അതാണ് സംശയമുണ്ടാക്കുന്നത്. അടിസ്ഥാനപരമായി ഈ മണ്ഡല പുനര്‍ നിര്‍ണയ വിഷയത്തില്‍ അനേകം അവ്യക്തതകളും രഹസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം നിരവധി വിഷയങ്ങളിലെ കഴിഞ്ഞ കാല അനുഭവങ്ങള്‍ കാണിക്കുന്നത് ഈ സര്‍ക്കാരിനെ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല എന്നു തന്നെയാണ്. ഞാന്‍ ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. ഈയിടെ ഒരു ലേഖനത്തില്‍ കണ്ടത് ആകെ 8 സംസ്ഥാനങ്ങളില്‍ മാത്രമേ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുള്ളൂ എന്നാണ്. മറ്റുള്ള സ്ഥലങ്ങളില്‍ എല്ലാം പ്രാദേശിക ഭാഷകളും ഇംഗ്ലീഷുമെല്ലാം കൂടിക്കലര്‍ന്ന ഭാഷകളാണുള്ളത്. അതാണ് ഒന്നാമത്തെ കാര്യം. ഇനി ഹിന്ദി എന്താണിവിടെ ചെയ്തിട്ടുള്ളത്? ഹിന്ദി ഒരു പുതിയ ഭാഷയാണ്. വെറും 200 വര്‍ഷത്തെ പഴക്കമേ ഉള്ളൂ. തമിഴും മറ്റ് ഭാഷകളുമെല്ലാം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെയുള്ളതാണ്. ഔദ്യോഗികമായ ഭരണഘടനാ ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും നിലനില്‍ക്കുമ്പോള്‍ നിങ്ങളെന്തിനാണ് IPC പോലുള്ള നിയമങ്ങള്‍ പേരുമാറ്റി ഭാരതീയ ന്യായ സംഹിത എന്നാക്കുന്നത്. എനിക്കു അത്തരം നിയമങ്ങള്‍ ഉച്ചരിക്കാന്‍ പോലും കഴിയില്ല. വക്കീലന്മാര്‍ പോലും ബുദ്ധിമുട്ടുകയാണ്.

 

വെങ്കിടേഷ് രാമകൃഷ്ണന്‍: വ്യക്തമാണ്. ഇത്തരത്തിലുള്ള ഹിന്ദി അടിച്ചേല്‍പിക്കലുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ മുമ്പും ഉയര്‍ന്നു വന്നിട്ടുണ്ട്. അപ്പോള്‍ താങ്കള്‍ പറയുന്നതു തമിഴ്നാട് ഈ വിഷയത്തില്‍ വളരെ ശക്തമായി പ്രതികരിക്കും എന്നു തന്നെയാണ്. കേരളത്തില്‍ നിന്നും തമിഴ്നാടില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സൂചനകള്‍ അനുസരിച്ചു അവരും ശക്തമായ പോരാട്ടത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ കര്‍ണാടകയും ഈ പോരാട്ടത്തില്‍ കൂടെ ചേര്‍ന്നേക്കും. എങ്ങനെ ഇത് വികസിക്കുമെന്ന് നമുക്ക് കണ്ടറിയാം. തീര്‍ച്ചയായും ഇതൊരു അര്‍ഥവത്തായ സംഭാഷണമായിരുന്നു. ഈ വിഷയം കൂടുതല്‍ വികസിക്കുന്നതിനനുസരിച്ച് വരും ദിവസങ്ങളില്‍ വീണ്ടും താങ്കളിലേക്ക് വരാം. വളരെയധികം നന്ദി.

 

വിവര്‍ത്തനം: സാലിം കോഡൂര്‍


ഇംഗ്ലീഷിൽ നടന്ന ഈ അഭിമുഖം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x