A Unique Multilingual Media Platform

The AIDEM

Articles Cinema Kerala Politics

തിരക്കഥയിലെ മുരളീരവം

  • April 2, 2025
  • 1 min read
തിരക്കഥയിലെ മുരളീരവം

തിരക്കഥയിലെ മുരളീരവം

തര്‍ക്ക(തമോ)ഗോളങ്ങളുടെ എമ്പുരാന്‍‍

 

2019ല്‍ ലൂസിഫര്‍ എന്ന സിനിമ നേടിയ വലിയ വിജയത്തില്‍ നിന്നാണ്, സ്വാഭാവികമായും ‘എല്‍2 എമ്പുരാന്‍’ എന്ന സിനിമ ഉണ്ടാകുന്നത് എന്ന കാര്യം എടുത്തു പറയേണ്ടതില്ല. 2025 മാര്‍ച്ച് 27ന് സിനിമ റിലീസായി മണിക്കൂറുകള്‍ക്കുളളില്‍ നൂറു കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന പുതിയ ചരിത്രം ഈ സിനിമ സൃഷ്ടിച്ചപ്പോള്‍ തന്നെ, പുതിയ സാമൂഹ്യമാധ്യമ-സൈബര്‍ ആക്രമണങ്ങള്‍ക്കും സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തിയ സാഹചര്യവും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ബജ്റംഗി എന്ന പ്രതിനായകന്റെ പേരുമാണ് പ്രധാനമായും സംഘ്പരിവാര്‍ ആക്രമണത്തിന് വഴിമരുന്നിട്ടത്. എന്നാല്‍ നിര്‍മാതാക്കളുടെ സ്വയം സെന്‍സറിംഗ് സന്നദ്ധതയ്ക്കും മോഹന്‍ലാലിന്റെ ക്ഷമാപണ പോസ്റ്റിനും സംവിധായകന്റെയും നിര്‍മാതാവിന്റെയും ഷെയറിംഗിനും ശേഷവും ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസർ’ തുടര്‍ച്ചയായി സംവിധായകന്‍ പൃഥ്വിരാജിനെതിരെയും ഒടുവില്‍ മുരളി ഗോപിക്ക് എതിരെയും എഴുതുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍, സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ മുരളി ഗോപിയുടെ മൗനം കൂടുതല്‍ ശ്രദ്ധേയമാകുന്നുവെന്ന ഒരു തോന്നല്‍ എനിക്ക് ഉണ്ടായി.

മുരളി ഗോപിയുടെ എഴുത്തു ജീവിതത്തെക്കുറിച്ചുളള, എഴുത്തുകാരന്റെ അഭിവീക്ഷണങ്ങളെക്കുറിച്ചുളള ഒരു ചിന്തയായി അതു വളര്‍ന്നു എന്നും പറയാം. മാത്രമല്ല, പൃഥ്വിരാജിനെപ്പോലെ, മുമ്പ് സംഘ്പരിവാര്‍ നയങ്ങള്‍ക്കെതിരെ (ലക്ഷദ്വീപ്, പൗരത്വ ബില്‍) പ്രത്യക്ഷമായി രംഗത്തു വന്നിട്ടുളള ഒരാളല്ല മുരളി ഗോപി എന്നതും ഓര്‍ക്കാം. പൃഥ്വിരാജിനെപ്പോലെ വിജയിച്ച ഒരു നടന്‍, നവാഗത സംവിധായകനായി രംഗപ്രേവശം ചെയ്ത് ലൂസിഫറില്‍ അമ്പരിപ്പിക്കുന്ന വിജയം കൈവരിക്കുകയായിരുന്നു. സംവിധായകന്റെ കലയാണ് സിനിമ എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും, അതിനു പിന്നിലെ ഒരു ചാലക ശക്തിയായി നിലകൊണ്ടത് മുരളി ഗോപിയാണെന്ന കാര്യം വിസ്മരിക്കാനാകില്ല. മാത്രമല്ല, തന്നെ സംവിധായകനാക്കുന്നതില്‍ മുരളി ഗോപിക്കുളള അനിഷേധ്യ പങ്കിനെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ പൃഥ്വിരാജ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുളള കാര്യവും ഇവിടെ ഓര്‍ക്കാം. രസികന്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, ലൂസിഫര്‍, തീര്‍പ്പ് തുടങ്ങി പരീക്ഷണാത്മകവും എണ്ണപ്പെട്ടതുമായ തിരക്കഥകള്‍ക്കു ശേഷമാണ് മുരളി ഗോപി വീണ്ടും എമ്പുരാന്റെ കഥയും തിരക്കഥയും സാക്ഷാത്കരിച്ചിട്ടുളളത് എന്നത് നമുക്ക് അറിവുളള കാര്യമാണ്. അതേസമയം, തിരക്കഥാകൃത്ത് എന്ന നിലയിലുളള മുരളിയുടെ സാന്നിധ്യം, ഒരു സ്ഥിരകാല ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയത് ലൂസിഫറില്‍ ആണെന്ന സിനിമാ വസ്തുതയും വിസ്മരിക്കാനാകാത്തതാണ്. തന്നെക്കാള്‍ സ്ഥിരവിജയം നേടുന്ന തിരക്കഥാകൃത്തുക്കളെക്കുറിച്ച് മുരളി ഗോപിക്ക് കൃത്യമായ അവബോധം ഉണ്ട് എന്നതും തിരക്കഥയില്‍ തികഞ്ഞ പ്രൊഫഷണല്‍ സമീപനം അദ്ദേഹം പുലര്‍ത്തുന്നു എന്നതും, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖം വ്യക്തമാക്കുന്നുണ്ട്.

നടനും തിരക്കഥാകൃത്തും എഴുത്തുകാരനും എല്ലാമായ മുരളി ഗോപി ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് എഴുതി, തന്റെ തന്നെ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രസിദ്ധപ്പെടുത്തിയ കഥയാണ് ‘സാറേ ഇതാണെന്റച്ഛന്‍’. പരിഹാസവും ആക്ഷേപഹാസ്യവും ആത്മവിമര്‍ശവും ട്രോളും നിറഞ്ഞ ഒരു രചനാ പദ്ധതിയാണ് പൊതുവില്‍ മുരളി ഗോപിക്കുളളത് എന്നതിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് പ്രസ്തുത എഫ്ബി കഥ. ഫേസ്ബുക്ക് മൂലം ജീവിതം പ്രതിസന്ധിയിലാവുകയും ആത്മഹത്യയെത്തന്നെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ഏറ്റു പറച്ചില്‍ നമ്മള്‍ കഥയില്‍ ഇപ്രകാരം വായിക്കുന്നു-

“ഞാൻ ഉറപ്പായും ഒരു നിഷ്പക്ഷമതിയാണ്.

പക്ഷെ അത് സ്ഥാപിക്കാൻ ഇനി ജീവിച്ചുകൊണ്ട് എനിക്കാവില്ല…

ഞാൻ മരിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്.

സത്യം എവിടാണെന്ന് എനിക്ക് തോന്നിയോ അവിടെ ഞാൻ നിലകൊണ്ടു.

പക്ഷങ്ങൾ ചേരാതെ. മുഖം നോക്കാതെ.

പക്ഷെ എനിക്ക് കിട്ടിയതെന്താണ്…?

തീവ്രഹിന്ദുത്വത്തെ ഞാൻ എതിർത്തപ്പോൾ

നിങ്ങൾ എനിക്ക് “സുഡാപ്പീ” എന്ന് ഇരട്ടപ്പേരിട്ടു.

മുസ്ലിം തീവ്രവാദത്തിനെതിരെ ഞാൻ ശബ്ദമുയർത്തിയപ്പോൾ

നിങ്ങൾ എനിക്ക് “സംഘീ” എന്ന് ഇരട്ടപ്പേരിട്ടു.

കമ്മ്യൂണിസത്തിന്റെ പേരിൽ കാണിച്ചുകൂട്ടുന്ന

പൊല്ലാപ്പുകൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ

നിങ്ങൾ എന്നെ “കാവി സുഡാപ്പീ” എന്നും “പച്ച സംഘീ” എന്നും നീട്ടിവിളിച്ചു…

കമ്മ്യൂണിസ്റ്റുകാരിലെ നന്മയെ ശ്ലാഘിച്ചപ്പോൾ

നിങ്ങൾ എന്നെ “കമ്മിക്കുട്ടാ” എന്ന് വിളിച്ചു…

അബ്ദുൾ വഹാബിന്റെ സിനിമ കൊള്ളില്ലാ എന്ന് പറഞ്ഞപ്പോൾ

നിങ്ങൾ എന്നെ “മിഥുൻകമലുണ്ണി…” എന്ന് വിളിച്ചു കളിയാക്കി…

മിഥുൻകമലിനെ ഞാൻ വിമർശിച്ചപ്പോൾ

നിങ്ങൾ എന്നെ “ഇക്കാ കാലുനക്കി” എന്ന് വിളിച്ചു…

പ്രധാനമന്ത്രി ചെയ്ത ഒരു നല്ല കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ

നിങ്ങൾ എനിക്ക് ‘മോദിസ്റ്റ്” എന്ന ഇരട്ടപ്പേര് തന്നു.

അങ്ങേരെ ഞാൻ വിമർശിച്ചപ്പോഴൊക്കെ

നിങ്ങൾക്ക് ഞാൻ “ദേശദ്രോഹി” ആയി.

വിഷലിപ്തമായ ഈ ഭൂമിയിൽ, എന്ന് വച്ചാൽ FBയിൽ, ജീവിച്ചു മതിയായി.

ഞാൻ പോകുന്നു. “

എന്ന് തന്റെ ആത്മഹത്യാ കുറിപ്പില്‍, എഴുതുന്ന അദ്ദേഹത്തിന്റെ ഗോപാലകൃഷ്ണന്‍ എന്ന‍ കഥാപാത്രം, പലരീതിയില്‍ അഥവാ കുറെക്കൂടി തീക്ഷ്ണമായ അര്‍ഥത്തില്‍, വര്‍ത്തമാനകാല കഥാപാത്രം കൂടിയായി മാറുകയാണ്. പൊതുവില്‍ തന്റെ എഴുത്തില്‍-തിരക്കഥകളില്‍ പ്രത്യേകിച്ചും, ഒരു കറുത്ത ഫലിതവും ആക്ഷേപ ഹാസ്യവും സ്പൂഫും ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ആവിഷ്കാര ശൈലിയാണ് മുരളി ഗോപി കൂടുതലായി അവലംബിക്കാറുളളത് എന്നത് ആദ്യം സൂചിപ്പിച്ചിരുന്നുവല്ലോ.  ഏകദേശം മൂന്നര പതിറ്റാണ്ട് മുമ്പ് (1991) കലാകൗമുദിയില്‍ തന്റെ ആദ്യ ചെറുകഥ ‘ആയുർ രേഖ’ പ്രസിദ്ധീകരിക്കുമ്പോള്‍, രോഗം മൂലം തളർന്നുപോയ (പ്രമുഖ നടനായ) സ്വന്തം പിതാവ് ഭരത് ഗോപിക്ക്, ഒരു പുഞ്ചിരി സമ്മാനിക്കാനാണ് താന്‍ കഥ എഴുതാന്‍ തുടങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞിട്ടുളളത്, ഇവിട ഒരര്‍ഥത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. തുടര്‍ന്നും മുരളി ഗോപി കഥയെഴുത്ത് തുടരുകയും മുരളി ഗോപിയുടെ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ‘വലിയ ഒച്ചകള്‍ നിറഞ്ഞ ഹാളില്‍നിന്ന് ഒരാള്‍ ഉച്ചത്തില്‍ പറയുന്നു, നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പുറത്തെന്തോ ശബ്ദം കേള്‍ക്കുന്നു-

ഇതുപോലെയാണ് ഈ എഴുത്തുകാരന്‍ പലപ്പോഴും കഥയില്‍ നില്ക്കുന്നത്. വേറിട്ട ഒച്ചയെ അതു തേടുന്നു; വേറിട്ട ഭാഷയെയും.
ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍സാന്നിധ്യവും വി.പി.ശിവകുമാറിന്റെ ഐറണിയും കോവിലന്റെ ധ്വനിരൂപകവും മുരളിയിലുണ്ട്. കുറച്ച് വി.കെ.എന്‍.
അരാജകത്വവും ഇതിനു കാവലുണ്ട്. പക്ഷേ, ഇതൊന്നുമല്ലാത്ത,
ഇതിന്റെയൊക്കെ താവഴിയില്‍ സഞ്ചരിക്കുന്ന തനതുഭാഷയും ഭാവവും
ഇയാളില്‍ നമ്മള്‍ കണ്ടുമുട്ടുകയും ചെയ്യുന്നു എന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുരളി ഗോപിയുടെ കഥകളെക്കുറിച്ച് പറയുന്നത്, ഒരര്‍ഥത്തില്‍ തിരക്കഥകള്‍ക്കും പൂര്‍ണ്ണമായി യോജിക്കുന്നതാണ്. ഒരു നടനോ എഴുത്തുകാരനോ എന്ന നിലയിൽ തന്റെ വേഷങ്ങളിൽ ദ്വന്ദ്വമോ സംഘർഷമോ ഇല്ലെന്ന് മുരളി ഗോപി പറയുന്ന ഒരു അഭിമുഖ സന്ദര്‍ഭമുണ്ട്. ‘എഴുതുമ്പോൾ, നിങ്ങൾ കടലാസിൽ മഷി കൊണ്ടാണ് അഭിനയിക്കുന്നത്, അഭിനയിക്കുമ്പോൾ, നിങ്ങളുടെ മുഖം, ശരീരം കൊണ്ടാണ് എഴുതുന്നത്’ എന്ന നിരീക്ഷണത്തില്‍, അഭിനയമായാലും എഴുത്തായാലും ആത്യന്തികമായി അത് ആവിഷ്കാരത്തിന്റെ സ്വതന്ത്ര പദ്ധതിയാണെന്ന എഴുത്തുകാരന്റെ ദീപ്തബോധ്യം പ്രകടമാണ്.

മുരളി ഗോപി

ആകസ്മസ്മികതയോ ഐറണിയോ എന്നു പറയാന്‍ കഴിയാത്ത വിധം മുരളിയുടെ സര്‍ഗജീവിതം, പലപ്പോഴും, തന്റെ മുന്‍ സൂചിപ്പിച്ച കഥയിലെ ഗോപാലകൃഷ്ണന്‍  എന്ന കഥാപാത്രത്തിന്റെ പ്രതിസന്ധികള്‍ക്കു സമാനമായി പ്രത്യക്ഷമാകുന്നത്, ഇപ്പോള്‍ കൗതുകകരമായി തോന്നുന്നു. ആത്മഹത്യചെയ്യുന്ന കഥാപാത്രമാണ് കഥയിലെങ്കിലും, അത്തരം പ്രതിസന്ധികളെ ധീരമായി നേരിടുന്ന കലാകാരനായാണ് മുരളി ഗോപി എപ്പോഴും നിലകൊണ്ടിട്ടുളളത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോള്‍ കഠിന വിമര്‍ശങ്ങള്‍ക്കിടയിലും, മുരളി ഗോപി പുലര്‍ത്തുന്ന മൗനത്തിലും അദ്ദേഹത്തിന്റെ വിമതസ്വരമാണ് പ്രകടമാകുന്നത് എന്ന് പറയേണ്ടി വരും. ഒരര്‍ഥത്തില്‍ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ‘നിഷ്പക്ഷത’ എന്നത് ഒരു എഴുത്തുകാരന്റ/ കലാകാരന്റെ സ്വാതന്ത്ര്യത്തിന്റെ ലോകമാണെന്ന് കാണാം. തന്റെ അനുഭവങ്ങളും വീക്ഷണങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ആവിഷ്കരിക്കുകയും ശക്തമായ വിചാരണകളാക്കി അവയെ മാറ്റുകയും ചെയ്യുന്ന ഒരു രചനാ പദ്ധതിയാണ് എപ്പോഴും മുരളി ഗോപിയില്‍ ഉളളത് എന്നത് ഇവിടെ ചേര്‍ത്തു വായിക്കാം. മുമ്പ് കുട്ടികൃഷ്ണ മാരാര്‍ പറഞ്ഞ പക്ഷപാത സിദ്ധാന്തം പോലെ, തന്റെ അനുഭവങ്ങളോടും ബോധ്യങ്ങളോടും മാത്രം വിശ്വാസം പുലര്‍ത്തുന്ന ‘പക്ഷപാതമോ’ ‘നിഷ്പക്ഷത’യോ ആണ് അത് എന്നര്‍ഥം. എമ്പുരാന്‍ എന്ന ചിത്രത്തിന് നേരെ, സൈബറിടങ്ങളില്‍ ആദ്യ ദിനത്തില്‍ ഉയര്‍ന്ന‍ു തുടങ്ങിയ വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും പിന്നെ പലരീതിയില്‍ വളരുകയായിരുന്നു. ഈ പശ്ചാത്തലത്തിലും കൂടിയാണ്, മുരളി ഗോപിയുടെ മേല്‍ സൂചിപ്പിച്ച കഥ വീണ്ടും ഓര്‍ത്തതും ഒരിക്കല്‍ക്കൂടി വായിച്ചതും. ഏറെക്കുറെ ഈ കഥയോട് ചേര്‍ന്ന് പോകുന്ന- അഥവാ, കഥയിലെ ഗോപാലകൃഷ്ണന്റെ സംഘര്‍ഷങ്ങള്‍ക്ക് സമാനമായ- ഒരു സര്‍ഗജീവിതം മുരളി ഗോപിയിലും കാണാമെന്ന കാര്യവും സൂചിപ്പിച്ചുവല്ലോ.  കഥയിലെ സന്ദര്‍ഭങ്ങള്‍, പലരീതിയില്‍, ഈ കലാകാരന്റെ ജീവിതത്തിലും യാഥാര്‍ഥ്യമായി ഭവിക്കുമ്പോള്‍, തന്റെ തന്നെ ജീവിതത്തെ പ്രവചിക്കുന്നതു പോലെ ഒരു കഥ എഴുതുകയായിരുന്നുവോ മുരളി ഗോപി, ‘സാറേ ഇതാണെന്റച്ഛന്‍’.എന്ന കഥയിലൂടെ ചെയ്തത് എന്ന കൗതുകം ഉണ്ടാകാം. എന്നാല്‍, വാസ്തവത്തില്‍ മുരളിയിലെ എഴുത്തുകാരന്റെയും ഒപ്പം തന്നിലെ പത്രപ്രവര്‍ത്തകന്റെയും (ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുവിലും മുരളി പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു) ദീര്‍ഘവീക്ഷണവും സൂക്ഷ്മാപഗ്രഥനവുമാണ് ഈ ഭാവി പ്രവചനത്തില്‍ – അപകടകരമായ ആശങ്കയില്‍- ഉളളതെന്ന്, ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (അരുണ്‍കുമാര്‍ അരവിന്ദ് -2013)‍ എന്ന ചിത്രത്തില്‍, ആര്‍എസ്എസ് ശാഖ സിനിമയില്‍ കാണിച്ച്- അഥവാ തന്റെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ച്, മുമ്പ് ഒരു സംഘി പരിവേഷത്തില്‍ എത്തിപ്പെട്ട അതേ മുരളിയാണ്, ഇപ്പോള്‍, ‘എമ്പുരാനി’ല്‍ പെട്ടെന്ന് സംഘ്പരിവാറിനെ സംബന്ധിച്ച് ‘ദേശദ്രാഹി’യാകുന്നത് എന്ന വസ്തുത- സിനിമയിലെ പ്രധാന നടനെയും സംവിധായകനെയും ദേശദ്രോഹികളാക്കാന്‍ പ്രാപ്തമായ കഥയും തിരക്കഥയും എഴുതിയ തിരക്കഥാകൃത്താകുന്നത് എന്ന വൈരുധ്യം പ്രത്യേകം കാണേണ്ടതുണ്ട്. താന്‍ കാണുന്ന, അറിയുന്ന അനുഭവങ്ങള്‍ തന്റെ സിനിമയില്‍ വരുമെന്നും, ഇന്നുവരെ ആര്‍എസ്എസ് ശാഖയുടെ പ്രത്യക്ഷീകരണം സിനിമയില്‍ നടന്നിട്ടില്ലെങ്കില്‍, തനിക്കു മുമ്പു സിനിമ ചെയ്ത എല്ലാവരും അതിന് കാരണമാണെന്നും മുരളി പറയുന്നതിന്റെ പൊരുള്‍ ആ ‘സങ്കീര്‍ണ്ണ നിഷ്പക്ഷത’ കൂടിയാണ്. കേരളത്തില്‍ പലയിടത്തും ആർഎസ്എസ് ശാഖകൾ കണ്ടിട്ടുണ്ട്. പക്ഷേ അതുവരെ ഒരു മലയാള സിനിമയിലും ഞാൻ കണ്ടിട്ടില്ല. എന്തുകൊണ്ട്? ഇവിടെ ആർഎസ്എസ് ഇല്ലാതിരുന്നതുകൊണ്ടാണോ? ഞാൻ ശാഖകൾ കണ്ടിട്ടുണ്ട്, അത് ഞാൻ എന്റെ സിനിമകളിൽ കാണിക്കും. നിങ്ങൾ അവരെ നോക്കി ചിരിക്കുകയോ അവഗണിക്കുകയോ പൈശാചികമാക്കുകയോ ചെയ്യുമ്പോഴാണ് ഫാസിസ്റ്റുകൾ കൂടുതൽ ശക്തരാകുന്നത്. നിങ്ങൾക്ക് അവരോട് യുദ്ധം ചെയ്യണമെങ്കിൽ ആദ്യം അവരെ മനുഷ്യർ എന്ന് അഭിസംബോധന ചെയ്യുക. അങ്ങനെയല്ലാതാകുമ്പോള്‍ അവർ കൂടുതൽ കൂടുതൽ ശക്തരാകും. ചരിത്രം അതിന് സാക്ഷിയാണ് എന്നാണ് നേരത്തേ തന്നെ മുരളി ഗോപി പറഞ്ഞിട്ടുളളത്. ഒന്നിനെ എതിര്‍ക്കണമെങ്കില്‍ പോലും അതിനെ അഭിമുഖീകരിക്കുകയും, അതിനോട് നിരന്തരം സംവദിക്കുകയുമാ’ണ് വേണ്ടത് എന്നും അങ്ങനെ ഒന്ന് എവിടെയും ഇല്ല എന്ന ഭാവം, കൂടുതല്‍ അപകടകരമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുക എന്നും എഴുത്തുകാരന്‍ പറയുന്നത് അയാളുടെ സൂക്ഷ്മബോധ്യത്തില്‍ നിന്നാകണം.

എമ്പുരാന്‍ എന്ന സിനിമ റീ-എഡിറ്റിംഗ് കഴിഞ്ഞ് തിയേറ്ററില്‍ എത്തുമ്പോള്‍ ബജ്റംഗി എന്ന പേര് ബല്‍രാജ് ആകുമെന്നും അതിലെ ആരംഭത്തിലുളള വര്‍ഗീയകലാപ സീനുകളില്‍ ചിലത് അതില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബാബു ബജ്റംഗിയുടെ പേര് തന്നെ മുരളി സിനിമയിലെ കഥാപാത്രത്തിന് നല്‍കിയത് തീര്‍ച്ചയായും സിനിമയോടുളള സംഘപരിവാര്‍ എതിര്‍പ്പ് വര്‍ദ്ധിപ്പി്ച്ച പ്രധാന ഘടകമാണെന്നതില്‍ സന്ദേഹമില്ല. ഗുജറാത്തിലെ ക്രൂര കൊലപാതകങ്ങള്‍ താന്‍ ആസ്വദിച്ചിരുന്നു എന്ന ബാബു ബജ്റംഗിയുടെ ഏറ്റുപറച്ചില്‍ പോലുളള ചില ഘടകങ്ങള്‍, അങ്ങനെയൊരു പേരിലേക്ക് തന്നെ മുരളിയെ നയിച്ചിരിക്കാം. അമ്പത്തിയൊമ്പത് ഹിന്ദു മതസ്ഥര്‍-അയോധ്യയില്‍ നിന്ന് മടങ്ങി വരുന്നവര്‍- ഗോധ്രയിലെ സബര്‍മതി ട്രെയിനില്‍ എസ് 6 ബോഗിയില്‍ കത്തിച്ചാമ്പലായതും മുപ്പത്തിയൊന്ന് ഇസ്ളാം മതസ്ഥരായ ആളുകള്‍ അതുമായി ബന്ധപ്പെട്ട് തടവു ശിക്ഷയിലായതും തിരക്കഥാകൃത്ത് സൗകര്യപൂര്‍വ്വം മറന്നു എന്നതാണ് സംഘ്പരിവാര്‍ വിമര്‍ശത്തിന്റെ കാതല്‍. അതേസമയം, ട്രെയിന്‍ കത്തിച്ചത് ആര് എന്നത്, പല കമ്മീഷനുകളുടെ കണ്ടത്തലുകളിലൂടെ തര്‍ക്കവിഷയമായി നിലകൊള്ളുന്നു എന്നതും പരോക്ഷമായി എഴുത്തുകാരനെ സ്വാധീനിച്ചിരിക്കാം. നരോദപാട്യ കലാപത്തിന്റെയും കൂട്ടക്കൊലയുടെയും പരാമര്‍ശങ്ങള്‍ ഏതായാലും സംഘ്പരിവാറിന് ബുദ്ധിമുട്ടുണ്ടാക്കുന്നതു തന്നെയാണ്.

റീ-സെൻസറിംഗിൽ വരുത്തിയ മാറ്റങ്ങൾ

ബന്ധപ്പെട്ട ഓര്‍മ്മകളോ ചിന്തകളോ ദൃശ്യങ്ങളോ കൂടെക്കൂടെ ഉയര്‍ന്നു വരുന്ന ഏതു സാഹചര്യവും അവര്‍ എല്ലാ ശക്തിയുമുപയോഗിച്ച് ചെറുക്കും എന്നതും എളുപ്പം മനസ്സിലാക്കാവുന്ന കാര്യം മാത്രമാണ്. ഇക്കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുളള മുരളി ഗോപി, അത്തരം ഒരു ദൃശ്യത്തില്‍ നിന്ന് തന്നെ തിരക്കഥയില്‍ സിനിമ ആരംഭിക്കുമ്പോള്‍, അത് എഴുത്തുകാരന്റെ-ഒപ്പം സംവിധായകന്റെയും-ശക്തമായ ഒരു രാഷട്രീയ വിമര്‍ശമായിത്തന്നെ എണ്ണേണ്ടി വരും.

 

കലയെ ‘വരിക്കലും’ കലയെ ‘ഞെരിക്കലും’

അതേസമയം, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ആരംഭിച്ചു എങ്കിൽ, ലഷ്ക്കറെ തോയിബയിൽ നിന്നു ഖുറേഷി അബ്രാമിനാല്‍ (മോഹന്‍ലാല്‍) രക്ഷിക്കപ്പെടുന്ന സയീദ് മസൂദ് (പൃഥ്വിരാജ്) അതേ രീതിയില്‍ കുട്ടികളെ രക്ഷിക്കുന്നതിലൂടെയും, മലബാറി എന്ന വിളിയെ ചെറുത്തുകൊണ്ട് ഹിന്ദുസ്ഥാനി എന്ന് ഉറക്കെപ്പറയുന്നതിലൂടെയും എല്ലാം ഒരു ഇന്ത്യൻ സെക്കുലർ മൈൻഡ്സെറ്റിനെ ഏറെക്കുറെ ആരോഗ്യകരമായും പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് മുരളി ഗോപിയുടെ തിരക്കഥ മുന്നേറുന്നതും അവസാനിക്കുന്നതും.

താന്‍ നിതാന്തമായ ഒരു വലതുപക്ഷ വിമര്‍ശകന്‍ ആണെന്ന് മുരളി ഗോപി തന്റെ വ്യക്തിഗത രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പൊതുവില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രത്യയശാസ്ത്രത്തിലും വന്നു പെടുന്ന വലുതുപക്ഷ സ്വഭാവത്തെ മുരളി ഗോപി നിരന്തരം അഭിസംബോധന ചെയ്യുന്നിടത്താണ്, അദ്ദേഹത്തിന്റെ തിരക്കഥ‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കോണ്‍ഗ്രസ്സിനെയും ബിജെപിയേയും ഒരുപോലെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുന്ന ഒന്നായി പരിണമിക്കുന്നത്. അതിന്റെ തിക്തഫലങ്ങള്‍ സ്വാഭാവികമായും എല്ലാ ഭാഗത്തു നിന്നും തിരക്കഥാകൃത്ത് തുടര്‍ച്ചയായി, ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധം, ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്; ചെയ്യുന്നുണ്ട്. പൊതുവില്‍ ഇന്ത്യയില്‍ രാഷ്ട്രീയം എന്നത് വലിയ ഒരു കച്ചവടമാണെന്ന സന്ദേശം കൂടിയാണ് അയാള്‍ തന്റെ തിരക്കഥയില്‍ ശക്തമായി സന്നിവേശിപ്പിക്കുന്നത്. ഉത്തരം അറിയാത്തവന്റെയും ഉത്തരമില്ലാത്തവന്റെയും ഉച്ചകോടിയായി, സിനിമയില്‍, സംസ്ഥാന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രഹസ്യ സമാഗമം മാറുന്നത് അങ്ങനെയാണ്.

ഇടത്തുനിന്ന്: എൽ കെ അദ്വാനി, ബാബു ബജ്രംഗി, അമിത് ഷാ, നരേന്ദ്ര മോദി.

ഇടതുപക്ഷത്തിന്റെ പ്രതിരൂപമായ മേടയില്‍ രാജനും (ശിവാജി ഗുരുവായൂര്‍) കോണ്‍ഗ്രസ് പ്രതിരൂപമായ മഹേശ വര്‍മ്മയും (സായ്കുമാര്‍) തമ്മിലുളള കൂടിക്കാഴ്ച വലിയ നിസ്സഹായതയില്‍ പുതഞ്ഞു കിടക്കുന്നത്, അഖണ്ഡ ശക്തി മോര്‍ച്ചയുടെ (ബിജെപിയുടെ പ്രതിരൂപം) അവിശ്വസനീയമായ വളര്‍ച്ചയുടെയും സജനചന്ദ്രന്റെ (സുരാജ് വെഞ്ഞാറമ്മൂട്) പുതിയ ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ ആണല്ലോ. സിനിമയെ/ കലയെ അതായി കാണുന്നത് ഇവിടെയാണ് പരമ പ്രധാനമായിത്തീരുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍, എല്ലാ പാര്‍ട്ടികളും അധികാരകേന്ദ്രങ്ങളും സെലക്ടീവായി മാത്രം കലയെ ‘വരിക്കുകയോ ഞെരിക്കുകയോ’ ചെയ്യുന്നു.

 

വൈരുധ്യങ്ങളും വ്യതിയാനങ്ങളും

തന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് രാഷ്ട്രീയമായ എതിർപ്പ് നേരിടേണ്ടി വന്നിതിനെക്കുറിച്ച്, മുരളി ഗോപി നേരത്തേ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം വടക്കൻ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് അത് പിൻവലിക്കപ്പെട്ടതും ചിലയിടങ്ങളിൽ നിന്ന് അനൗദ്യോഗിക വിലക്കുണ്ടായതും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീ പിണറായി വിജയനോട് സാദൃശ്യമുളള ഒരു കഥാപാത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്റേത്. അങ്ങനെ ശരിക്കും ഉദ്ദേശിച്ചിരുന്നോയെന്ന ചോദ്യത്തിന് ‘സമകാലിക പ്രതിഫലനങ്ങൾ ഉണ്ടാകും, തീർച്ച. എന്നാൽ അത് പൂർണ്ണമായും ഏതെങ്കിലും പ്രത്യേക വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. ആ കഥാപാത്രത്തിൽ ലെനിന്റെയും സ്റ്റാലിന്റെയും ഘടകങ്ങളുണ്ട്.’ എന്നാണ് മുരളി ഗോപി മറുപടി പറയുന്നത്. ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷക്കാർ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയോട് കടുത്ത ശത്രുത പുലർത്തിയിരുന്നു എന്നും അവർക്ക് ഇപ്പോഴും തന്നോട് ശത്രുതയുള്ളത് പോലെ തോന്നുന്നുവെന്നും (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്) മുരളി ഗോപി പറഞ്ഞിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇടതുപക്ഷ വിരുദ്ധ സിനിമയായിരുന്നില്ല. ഇടതുപക്ഷത്തിലെ വ്യതിയാനങ്ങൾക്കെതിരെയായിരുന്നു ആ ചിത്രം. യഥാർത്ഥത്തിൽ ഞാൻ വലതുപക്ഷത്തിന് എതിരാണ്. പക്ഷേ, ഞാൻ മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കില്ലെന്ന് അതിനർത്ഥമില്ല. യഥാർത്ഥത്തിൽ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഇടതുപക്ഷ സിനിമയായിരുന്നു. അത് ഇടതുപക്ഷത്തെ നിരീക്ഷിക്കുന്നു. എന്നാല്‍, മുഖ്യധാരാ ഇടതുപക്ഷത്തെ വിമർശിക്കുന്നത് ഇടതുപക്ഷത്തെ വിമർശിക്കലാണെന്ന തെറ്റായ ധാരണ ചിലർക്കുണ്ട്’ എന്ന മുരളി ഗോപിയുടെ വാക്കുകളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ആന്തരികമായ തെളിച്ചവും പ്രകടമാകുന്നത് കാണാം. ഇടതുപക്ഷം വ്യക്തിത്വ ആരാധനയ്‌ക്കെതിരായ ഒരു പ്രസ്ഥാനമാകുമ്പോഴും മുഖ്യധാരാ ഇടതുപക്ഷത്തിൽ വ്യക്തിത്വ ആരാധന എങ്ങനെ വികസിക്കുന്നു എന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണിക്കുന്നു. വ്യക്തിത്വ ആരാധന, ഇടതുപക്ഷ ഇടത്തെ ആക്രമിക്കുന്ന നിമിഷം, ഇടതുപക്ഷം വലതുപക്ഷമായി മാറുന്നതാണ് സിനിമയുടെ അടിസ്ഥാന പ്രമേയമാകുന്നത് എന്ന അദ്ദേഹം വ്യക്തമാക്കുന്നു. എന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെ വിമർശിക്കുന്നു. ഉദാഹരണത്തിന്, ടിയാൻ ഒരു വലതുപക്ഷ വിരുദ്ധ സിനിമയായിരുന്നു. കൂടാതെ, ഫാസിസം വലതുപക്ഷത്തിന്റെ കുത്തകയല്ല. മുഖ്യധാരാ ഇടതുപക്ഷത്തിലും ഫാസിസ്റ്റ് ഘടകങ്ങളുണ്ട്.’ എന്നു കൂടി മുരളി പറയുമ്പോള്‍, അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ ചിത്രം വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിലും കൂടിയാണ് നമ്മള്‍ എമ്പുരാന്‍ എന്ന തിരക്കഥയിലേക്ക് നീങ്ങേണ്ടത്.

 

എമ്പുരാനും സിക്കാഡയും

 ലൂസിഫർ എന്ന സിനിമ തന്നെ സമകാലീന ഇന്ത്യൻ രാഷ്ട്രിയത്തിന്റെ ഒരു അവലോകനമായിട്ടാണ് രൂപപ്പെട്ടിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളും അവർക്ക് കീഴ്പ്പെടുന്ന ഭരണാധികാരികളുമെല്ലാം അതില്‍ കടന്നു വന്നു. കുടുംബ രാഷ്ട്രിയത്തിന്റെ സമവാക്യങ്ങളും (കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ രാഷ്ട്രിയം) സിനിമയുടെ പ്രമേയമായി. അരമന രഹസ്യങ്ങൾ, കോർപ്പറേറ്റ് അധോലോക സംഘങ്ങളുടെ കുടിപ്പകകൾ എന്നിവയെല്ലാം സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തില്‍ സമന്വയിപ്പിക്കുകയായിരുന്നു ലൂസിഫറില്‍ മുരളി ഗോപി. ഒരേസമയം കൊല്ലലും കൊടുക്കലും പതിവാക്കിയ അന്താരാഷ്ട്ര ഡോണായും ഇന്ത്യൻ മണ്ണില്‍ കറുത്ത മാലാഖയായും (ലൂസിഫറായും) സ്റ്റീഫന്‍ നെടുമ്പള്ളി പ്രത്യക്ഷപ്പെട്ടു. അയാള്‍ എപ്പോഴും വലിയ തിന്മകളും ചെറിയ തിന്മകളും താരതമ്യം ചെയ്തു.

ചെറിയ തിന്മകളുടെ അപ്പസ്തോലനായി നിന്ന് വലിയ തിന്മകളെ നേരിട്ടു, വിജയം വരിച്ചു. അന്താരാഷ്ട്ര ഭീകരതയുടേയോ അധോലോകത്തിന്റെയോ ഭയജനകമായ പേരുകളിലൊന്നായ ഖുറേഷി അബ്രാം ഖുറേഷി ആയി അയാള്‍ ലൂസിഫറില്‍ മറയുന്നു- വീണ്ടും തമോഗോളങ്ങളുടെ എമ്പുരാനായി, പുതിയ ചിത്രത്തില്‍, എമ്പുരാനില്‍ തുടര്‍ യാത്ര ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കണ്ട് (മാര്‍ച്ച് 27) ഞാന്‍ എഴുതിയ എഫ്ബി കുറിപ്പ് ഇങ്ങനെയായിരുന്നു: അല്പം വൈകി എമ്പുരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, രാവിലെ 6 മണിക്കുള്ള ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ അതിരാവിലെ സിനിമ കണ്ടു. ഭരണാധികാരിയുടെ ആത്മവഞ്ചന, വർഗീതയുടെ- ഭൂരിപക്ഷ -ന്യൂനപക്ഷ വര്‍ഗീയതയുടെ പൊള്ളുന്ന ക്രൂരതയും രാഷ്ട്രീയവും, ഗ്ലോബൽ ഇടങ്ങളിൽ – രാജ്യങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന ഷെന്‍ ട്രയാഡ് ഗോഡ് ആക്സസ്സ് – ഖുറേഷി അബ്രാം അഥവാ ലൂസിഫര്‍ ഗ്രൂപ്പുകളുടെ മിന്നുന്ന വേഗത്തിലുള്ള ഡീലുകൾ എന്നിവയെല്ലാം കേരള രാഷ്ട്രീയത്തിൽ ഏകോപ്പിപ്പിക്കുന്ന ഒരു സംവിധാന സാധ്യത പൃഥ്വിരാജ് എമ്പുരാനിൽ സൃഷ്ടിക്കുന്നു; വിജയിപ്പിക്കുന്നു. മുരളി ഗോപിയുടെ സ്ക്രിപ്റ്റിലെ ബ്രില്ല്യൻസ് തന്നെയാണ് ഒപ്പം സിനിമയുടെ ചാലക ശക്തിയാകുന്നത്. ഒരു വാണിജ്യ മാസ് ചിത്രത്തിന് പോകാൻ കഴിയുന്ന ഒരു അതിര് എമ്പുരാൻ പ്രത്യക്ഷമാക്കുന്നുവെന്ന് പറയാം. മികച്ച ആക്ഷൻ സീക്വൻസുകളും വൈകാരിക സംഘർഷങ്ങളും സമന്വയിപ്പിച്ചുകൊണ്ട്, മോഹൻലാൽ കരിസ്മ എന്നത് കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് സംവിധായകൻ. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കൾ ഈ ആഖ്യാനത്തെ ഒന്നു കൂടി ചടുലമാക്കുന്നു. ഏവരുടെയും ശക്തവും സൂക്ഷ്മവുമായ സാന്നിധ്യം ചിത്രത്തിൻ്റെ ശക്തിയാകുന്നുണ്ട്. ദീപക് ദേവിന്റെ പ്രചോദനാത്മക സംഗീതവും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും എംപുരാനെ കൂടുതൽ ആകർഷകമാക്കുന്നു. ചിത്രം ലോകവ്യാപകമായ ഒരു രംഗവേദിയിൽ ആയതുകൊണ്ട് തന്നെ, ‘ഒരു ബ്രഹ്മാണ്ഡ മലയാള ചിത്രം’ എന്ന വിശേഷണം അർഥവത്താകുന്നുണ്ട്. ചുരുക്കത്തില്‍ നിരവധി രാജ്യങ്ങളിലായി ചിത്രീകരണം നടന്ന സിനിമയുടെ മേക്കിംഗ് മേന്മയിലൂടെ, വാണിജ്യ സിനിമയില്‍ എമ്പുരാന്‍ ഒരു പുതിയ തുടക്കം കുറിക്കുന്നു. കബൂഗ കാര്‍ട്ടലില്‍ നി്ന്ന് കാര്യങ്ങള്‍ ഷെയ്ന്‍ ട്രയാഡിലെത്തുമ്പോള്‍, ഖുറേഷി അബ്രാമിന്റെ ചരിത്രവും കഥയും തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ കൊറിയന്‍? വില്ലന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സിനിമ അതിന്റെ മൂന്നാം ഘട്ടത്തിലേക്കുളള ചുവടു വെക്കുന്നു. സിക്കാഡ ആരാണ് എന്ന ചോദ്യം, തിരക്കഥയില്‍ മുരളി ഗോപി ബാക്കി നിര്‍ത്തുന്നു. അതുകൊണ്ടുതന്നെ, തര്‍ക്കങ്ങളുടെ കാര്‍മേങ്ങളും തമോഗോളങ്ങളും വിട്ട് ചിത്രത്തിന് സ്വച്ഛമായി സഞ്ചരിക്കാന്‍ കഴിയട്ടെ എന്നും തുടര്‍ ചിത്രം ഉണ്ടാകട്ടെ എന്നും മാത്രമാണ് ഈ ലേഖനം അവസാനിപ്പിക്കുമ്പോള്‍ പറയാനുളളത്. ‘രാജ്യദ്രോഹ’മെന്ന് വിളിക്കാവുന്ന ഒരൊറ്റ രംഗം പോലും ആ സിനിമയില്‍ ഇല്ല. ഒരിടത്തും ഇന്ത്യയേയും ഭരണഘടനയേയും അപമാനിക്കുന്നില്ല. ദേശീയനേതാക്കളെ അപമാനിക്കുന്നില്ല. ഹിന്ദുക്കളെ അപമാനിക്കുന്നില്ല. മാത്രമല്ല, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിക്കുന്നുമുണ്ട്. കൊടുംവിഷങ്ങളായ വര്‍ഗീയവാദികളെ മാത്രമാണ് ‘എമ്പുരാന്‍’ തുറന്നു കാട്ടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും, ഡിജിപിയും ഒക്കെ വില്ലന്‍ കഥാപാത്രങ്ങളായി വരുന്ന എത്ര സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ആരെങ്കിലും സിനിമാ പ്രവര്‍ത്തകരെക്കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ടോ? ആദരണീയനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അങ്ങേയറ്റം പരിഹസിക്കുന്ന ‘The Accidental Prime Minister’ എന്ന സിനിമയെ ബിജെപി പരസ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗികമായി പ്രമോട്ട് ചെയ്തതെന്ന് ഓര്‍ക്കണം. അപ്പോഴൊന്നും അനുപം ഖേറിന്റെയും, അക്ഷയ് ഖന്നയുടെയും കുടുംബാംഗങ്ങളെ ആരും ഇതുപോലെ തെറി വിളിച്ചിട്ടില്ല. അവരുടെ ഭാര്യയെ നിലക്ക് നിർത്തണം എന്ന് പറഞ്ഞിട്ടില്ല. സമാനതകളില്ലാത്ത സൈബർ ആക്രമണത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടി വന്ന എമ്പുരാൻ സിനിമയുടെ പ്രവർത്തകരുടെ ഗതികേട് മനസിലാക്കുന്നു. അവരെ അഭിനന്ദിക്കാന്‍‍ മാത്രമാണ് ഇപ്പൊഴും എനിക്ക് തോന്നുന്നത്.’ എന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മേനോന്‍ സിനിമയെക്കുറിച്ച് എഫ്ബിയില്‍ എഴുതുന്നത് ഇവിടെ പ്രസക്തമാണ്. എങ്കിലും മുരളി ഗോപി തന്റ മൗനത്തിലൂടെ ഇതുവരെയുളള തന്റെ നിലപാടുകള്‍ ആവര്‍ത്തിക്കുന്നതായിട്ടാണ് എനിക്കു തോന്നുന്നത്. മുരളി ഗോപിയുടെ ‘ഗോപാലകൃഷ്ണന്‍മാരായി’ നമ്മള്‍ ഓരോരുത്തരും മാറുന്ന വിപരീത സന്ധി, അദ്ദേഹത്തിന്റെ ഈ തിരക്കഥയും പലനിലകളില്‍‍ വെളിപ്പെടുത്തുകയല്ലേ ഇപ്പോള്‍?!

About Author

രഘുനാഥന്‍ പറളി

നിരൂപകൻ, വിവർത്തകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x