A Unique Multilingual Media Platform

The AIDEM

Literature നോട്ടം

എം ടിയുടെ അക്ഷരലോകം

  • July 15, 2022
  • 1 min read
എം ടിയുടെ അക്ഷരലോകം

ഏറ്റവും മികച്ച എഴുത്തുകാരൻ വലിയ വായനക്കാരൻ കൂടിയായിരിക്കും എന്നു പറയാറുണ്ട്. എം.ടി വാസുദേവൻ നായരുടെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. വായനയുടെ വെളിച്ചം മലയാളികളിൽ പ്രസരിപ്പിക്കുക കൂടി ചെയ്തു എം.ടി. വായനക്കാരനെന്ന നിലയിലും പത്രാധിപരെന്ന നിലയിലും . മാർകേസ് തൊട്ടുള്ള വിദേശ എഴുത്തുകാരെ എം.ടി മലയാളത്തിനു പരിചയപ്പെടുത്തി. മലയാളത്തിലെ ആധുനിക എഴുത്തുകാരെ കണ്ടെത്തുകയും ചെയ്തു. 2014 ൽ മാങ്ങാട് രത്നാകരനുമായി ഇക്കാര്യങ്ങൾ എം ടി പങ്കുവെച്ചിരുന്നു. എം ടിയുടെ എൺപത്തിയൊൻപതാം പിറന്നാൾ വേളയിൽ ഈ അഭിമുഖമാണ് ഇക്കുറി മാങ്ങാട് രത്നാകരന്റെ ‘നോട്ടം’.



  • കുട്ടിക്കാലത്തെ വായന എങ്ങനെയായിരുന്നു, ഏതെല്ലാമായിരുന്നു?

ആദ്യകാലത്ത് കിട്ടുന്നതെന്തും വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്നു. മഹാകവി അക്കിത്തത്തിൻ്റെ വീട്ടിൽ പോയി പുസ്തകമെടുക്കും, മലയാളവും ഇംഗ്ലീ ഷും. ഹൈസ്‌കൂളിലൊന്നും അന്ന് അധികം പുസ്തകങ്ങളൊന്നുമില്ല. അതിൻ്റെ ചുമതലയുള്ള അധ്യാപകനോട്, വൈകുന്നേരം ചെന്നിട്ട് പുസ്തകം ചോദിച്ചാൽ ”പിന്നെ വാ,” എന്ന മറുപടിയാണു കിട്ടുക. വീട്ടിൽ പോകാനുള്ള തിടുക്കമാണ്.

കൃത്യമായ വായന തുടങ്ങുന്നത് കോളേജിൽ എത്തുമ്പോഴാണ്. വിക്ടോറിയ കോളേജിൽ നല്ല ലൈബ്രറി ഉണ്ടായിരുന്നു. പുസ്തകമെടുക്കാൻ കാർഡ് ഉണ്ട്. കാർഡ് ഉപയോഗപ്പെടുത്താത്തവരുണ്ട്. അവരുടെ കാർഡ് ഉപയോഗപ്പെടുത്തിയും പുസ്തകമെടുക്കും. അവധിക്കാലമാണെങ്കിൽ ഒരുപാടു പുസ്തകങ്ങൾ എടുത്തിട്ടാണ് വരിക. അന്ന് എൻ്റെ അധ്യാപകനായിരുന്നു പ്രൊഫസർ കെ.പി. നമ്പ്യാർ. നല്ല വായനക്കാരനാണ്. അദ്ദേഹം ഞാൻ വായിക്കുന്ന പുസ്തകങ്ങളൊക്കെ നോക്കും. ഇങ്ങനെ ചിട്ടയില്ലാതെ വായിക്കരുത്, ഒന്നുകിൽ ക്ലാസിക്കുകൾ തൊട്ടു തുടങ്ങുക. അന്ന് എൻ്റെ മേശപ്പുറത്ത് ഇബ്‌സൻ്റെ ഒരു നാടകമുണ്ടായിരുന്നു. ”താൻ ഇബ്‌സണും വായിക്ക്വോ,” എന്നു ചോദിച്ചു. ”നാടകമാണ് വായിക്കുന്നതെന്നു വെച്ചാൽ അതിൻ്റെ ചരിത്രം കിട്ടാവുന്ന രീതിയിൽ വായിക്കണം. ഏതെങ്കിലും ഒരു വിഷയത്തിൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ അതിൻ്റെ വളർച്ചയെക്കുറിച്ച് ഒരു ഐഡിയ കിട്ടും.”

മൂത്ത ജ്യേഷ്ഠൻ എം.ടി.ഗോവിന്ദൻ നായർ ധാരാളം വായിച്ചിരുന്ന ആളാണ്. പുസ്തകങ്ങൾക്കായി എന്നെ പലേ ദിക്കിലേക്കും അയക്കും. അന്നു കെ.പി. മാധവമേനോൻ എന്ന വലിയ കമ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. ദേശാഭിമാനിയുടെ മാനേജർ കൂടിയായിരുന്നു ഒരു ഘട്ടത്തിൽ. അദ്ദേഹം മർദ്ദനമേറ്റ് അവശനിലയിൽ കുമരനെല്ലൂരിലെ വീട്ടിൽത്തന്നെയായിരുന്നു. പുറത്തേക്കുപോവുക പതിവില്ല. ജ്യേഷ്ഠൻ കുറിപ്പ് കൊടുത്തയക്കും. അവിടുന്ന് ഞാൻ പുസ്തകങ്ങളൊക്കെ കൊണ്ടുവന്ന് കൊടുക്കും. അങ്ങനെയിരിക്കെ ഏട്ടൻ, ഇതു വായിച്ചാൽ നിനക്ക് മനസ്സിലാകും എന്നുപറഞ്ഞ് എൻ്റെ മേശപ്പുറത്തേയ്ക്ക് ഒരു പുസ്തകമിട്ടു. അത് തോമസ് ഹാർഡിയുടെ ഒരു നോവലായിരുന്നു. അതുവരെ ഞാൻ മലയാളം മാത്രമേ വായിച്ചിട്ടുള്ളൂ. അതു കുറേശ്ശ കുറേശ്ശ വായിച്ചുനോക്കിയപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. പിന്നീട്, വിക്ടോറിയ കോളജിൽ എത്തിയപ്പോൾ വായനാലോകം വിപുലമായി.

  • കേസരി എ. ബാലകൃഷ്ണപിള്ളയാണല്ലോ ഇംഗ്ലീഷിനു പുറത്തുള്ള ഭാഷകളിലെ വലിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നത്. കേസരി പറഞ്ഞ എഴുത്തുകാരെ അക്കാലത്ത് വായിക്കുന്നുണ്ടോ?

കേസരിയുടെ കാലത്ത് ഫ്രഞ്ച് കഥകൾ, ജർമ്മൻ കഥകൾ ഒന്നും ആർക്കും അറിയില്ല. അദ്ദേഹം തേടിപ്പിടിച്ച് വിവർത്തനം ചെയ്തിട്ടാണ് തകഴിച്ചേട്ടനും ഒക്കെ വായിച്ചിട്ടുള്ളത്. ഞങ്ങളുടെ കാലം എത്തുമ്പോഴേക്ക് ഈ ഫ്രഞ്ച് കൃതികളെല്ലാം ഇംഗ്ലീഷിൽ കിട്ടാവുന്ന അവസ്ഥയായി. കോളേജ് ലൈബ്രറിയിൽത്തന്നെ മോപ്പസാങ്ങിൻ്റെ കൃതികളുണ്ട്. ബൽസാക്കിൻ്റെ കൃതികളുണ്ട്. പിന്നെപ്പിന്നെ ഈ പുസ്തകങ്ങൾ മാർക്കറ്റിൽ കിട്ടാവുന്ന സ്ഥിതിയായി. ഹെമിംഗ്‌വേയും ഫോക്‌നറും മാർക്കറ്റിൽ കിട്ടും എന്ന ഒരവസ്ഥ വന്നപ്പോഴാണ് ആധുനിക അമേരിക്കൻ സാഹിത്യത്തിലേക്ക് കടന്നുചെല്ലുന്നത്. കേസരി പരിചയപ്പെടുത്തുന്ന കാലത്ത്, ഇങ്ങനെ ചില ഭാഷകളിൽ ഇങ്ങനെ ചില കൃതികൾ ഉണ്ട് എന്നു നമുക്ക് അറിവ് തരികയായിരുന്നു. അന്ന് ഈ പുസ്തകങ്ങളൊന്നും ഇവിടെ എത്തിയിട്ടില്ല.

 

  • ചെറുപ്പകാലത്തുതന്നെ ഹെമിംഗ്‌വേ ഒരു മുഖവുര എന്ന പുസ്തകം എഴുതി. മറ്റൊരെഴുത്തുകാരനെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടില്ല. അത്രയ്ക്ക് ആരാധനയും ഇഷ്ടവും ഉണ്ടായിരുന്നോ?

അതു വേണമെങ്കിൽ ഉണ്ടെന്നു പറയാം, അല്ല, ഉണ്ട്. ഹെമിംഗ്‌വേയുടെ ജീവചരിത്രം വായിച്ചപ്പോൾ ത്തന്നെ അത് അത്ഭുതകരമായി തോന്നി. എഴുത്തുകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, ഇളംപ്രായത്തിൽ പത്രപ്രവർത്തകനായി പലയിടത്തും പോയി. അദ്ദേഹത്തിൻ്റെ ജീവിതകഥ തന്നെ അങ്ങനെയാണല്ലോ. ശിക്കാറിൽ താല്പര്യമുണ്ട്, ഗുസ്തിയിൽ താല്പര്യമുണ്ട്, കാളപ്പോരിൽ താല്പര്യമുണ്ട്. ഇതിനൊക്കെപ്പുറമെ, രണ്ടുതവണ വിമാനാപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ലോകം മുഴുവൻ പത്രങ്ങളിൽ ഹെമിംഗ്‌വേ മരിച്ചു എന്ന വാർത്ത വന്നു. തൻ്റെ ചരമവാർത്ത തന്നെ ഹെമിംഗ്‌വേക്ക് വായിക്കേണ്ടിവന്നു. അദ്ദേഹത്തിൻ്റെ ജീവിതകഥ പല ജീവചരിത്രങ്ങളിൽ വായിച്ചപ്പോഴുണ്ടായ ഒരുരസം, ക്യൂബയിൽ അദ്ദേഹം താമസിച്ചിരുന്നപ്പോൾ, വൈകുന്നേരമായാൽ ബാറിൽ പോയി, ഒരു സ്വർണ്ണനാണയം വെച്ചിട്ട് ഗുസ്തി പിടിക്കുകയാണ്. ജയിക്കുന്ന ആൾക്ക് എടുക്കാം. ഇങ്ങനെ ജീവിതത്തിൽ മറ്റ് എഴുത്തുകാർക്കില്ലാത്ത അനുഭവങ്ങൾ, ശിക്കാർ, കാളപ്പോര്, മീൻപിടുത്തം – ഇങ്ങനെയൊക്കെ വായിച്ചറിഞ്ഞാണ് പ്രത്യേകമായ താല്പര്യം തോന്നിയത്. വായനയാണെങ്കിൽ വളരെ സുഗമമാണ്. ഫോക്‌നറൊക്കെ വായിക്കുക എന്നു പറഞ്ഞാൽ അക്കാലത്ത് ഒരു ബാധ്യതയായിരുന്നു – ഇതൊക്കെ വായിച്ചിരിക്കേണ്ടേ എന്നുവെച്ച് വായിക്കുകയാണ്. ഹെമിംഗ്‌വെ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ ശൈലി വളരെ ലളിതമാണ്. ഗഹനവുമാണ്. അതുകൊണ്ട് ഹെമിംഗ്‌വെയെയാണ് കൂടുതൽ വായിച്ചിട്ടുള്ളത്.

  • ഹെമിംഗ്‌വെയുടെ ജീവിതം, രീതികൾ എഴുത്ത് ഇതെല്ലാം അനുകരണീയമാണെന്ന് ഉള്ളിൽ തോന്നിയിരുന്നോ?

ഇല്ല. നമുക്കത് സാധിക്കില്ല. പിന്നെ യുദ്ധത്തിലുള്ള അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ, പട്ടാളക്കാരൻ്റെ ഔദ്യോഗിക സ്ഥാനം ഒന്നുമില്ല. പാരീസ് കീഴടക്കാൻ പോകുന്ന പട്ടാളക്കാരുടെ കൂടെ അദ്ദേഹം സഞ്ചരിച്ചിരുന്നു. അപ്പോഴാണ് ആരോ പറയുന്നത് ആ പഴയ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ പിക്കാസോ ചിത്രം വരയ്ക്കുന്നുണ്ട്. ഇതു കേട്ടപ്പോൾ എല്ലാവർക്കും തമാശയെന്നേ തോന്നിയുള്ളൂ. പറഞ്ഞതു ശരിയാണ്. ചുറ്റുപാടും എന്തൊക്കെ തകർന്നടിഞ്ഞാലും പിക്കാസോ മുകളിലിരുന്ന് വരച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അദ്ദേഹത്തിൻ്റെ ജീവിതകഥയിൽ നിന്നു കിട്ടിയ കുറേ രസങ്ങളുണ്ട്.

അതെ, നമുക്ക് സങ്കല്പിക്കാൻ വയ്യാത്ത ഒരു ജീവിതം. രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിഴവനും കടലും ആണ്. അതിലെ വൃദ്ധൻ പറയുകയാണ്, നിനക്കെന്നെ നശിപ്പിക്കാൻ കഴിയും, പക്ഷേ തോല്പിക്കാനാവില്ല. അങ്ങനെയൊക്കെ നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതുകൊണ്ട് ഹെമിംഗ്‌വെയെക്കുറിച്ച് ഒരു പുസ്തകമെഴുതി, മുഖവുരപോലെ ഒരു പുസ്തകം.

  • ഫോക്‌നറുടെ യോക്‌നപട്ടാഫ, മാർകേസിൻ്റെ മകൊണ്ടോ-ഭാവനാത്മകമായ ഭൂപ്രദേശങ്ങൾ. കൂടല്ലൂർ ഒരു യഥാർത്ഥ സ്ഥലമാണെങ്കിലും അതിനപ്പുറമുള്ള മാനം നൽകാൻ ഉദ്ദേശിച്ചിരുന്നോ?

ഫോക്‌നർ തന്റെ പ്രദേശത്തെപ്പറ്റിയാണ് എഴുതിയത്. യോക്‌നാപട്ടാഫ എന്ന് അദ്ദേഹം മൊത്തത്തിൽ വിളിച്ചു എന്നേയുളളൂ. അങ്ങനെയൊരു സാങ്കല്പിക ലോകം നമുക്കില്ല. ഒരു ഗ്രാമം ഒക്കെയാണ് നമ്മുടെ കൈവശം ഉള്ളത്. അതും നന്നേ ചെറിയ ഗ്രാമം. ഫോക്‌നർ അമേരിക്കൻ സൗത്തിനെ മുഴുവൻ, അവിടുത്തെ സംസ്‌കാരം, കൃഷി, നിത്യജീവിതം എല്ലാം ചേർത്തു വിപുലീകരിച്ചു. ഫോക്‌നർ വായിക്കാൻ വളരെ ബുദ്ധിമുട്ടുള്ള എഴുത്തുകാരനാണ്. മറ്റു എഴുത്തുകാരെപ്പോലെയല്ല, പതുക്കെപ്പതുക്കെ വായിച്ചു തീർക്കണം. ഹെമിംഗ്‌വെയും ഫോക്‌നറും കൂടാതെ മറ്റ് അമേരിക്കൻ എഴുത്തുകാരെയും വായിക്കുന്നുണ്ട്. സ്റ്റീൻബക്ക്, ഹെൻറി ജെയിംസ്, ജോൺ ദോസ് പാസോസ് എന്നിവരെയൊക്കെ. അവരിൽ എഴുത്തുകൊണ്ടും ജീവിതം കൊണ്ടും അത്ഭുതപ്പെടുത്തിയത് ഹെമിംഗ്‌വെയാണ്.

  • നോവലിന് കാലം എന്നു പേരിടുമ്പോൾ ഹെമിംഗ്‌വെയുടെ ഇൻ ഔവർ ടൈം ഓർമ്മയിലുണ്ടായിരുന്നോ?

ഉണ്ടായിരുന്നിരിക്കണം.

  • വ്യത്യസ്തമായ അനുഭവലോകമുള്ള ഡി.എച്ച്. ലോറൻസ്, ജോസഫ് കോൺറാഡ് തുടങ്ങിയവരും പ്രിയ എഴുത്തുകാരായിരുന്നു?

ഡി.എച്ച്. ലോറൻസ് വിശേഷിച്ചും. കോൺറാഡിന്റേത് മറ്റൊരു പ്രത്യേക ലോകമായിരുന്നു. കോൺറാഡിൻ്റെ ഭാഷയായിരുന്നില്ല ഇംഗ്ലീഷ്, പഠിച്ചുണ്ടാക്കിയ ഭാഷയാണ്. കപ്പലിലൊക്കെ ജോലിക്കു പോയതിനു ശേഷം പഠിച്ചുണ്ടാക്കിയ ഭാഷ. അങ്ങനെ പഠിച്ച് എഴുതാൻ തുടങ്ങിയതാണ്. അദ്ദേഹത്തിൻ്റെ ഭാഷയെക്കുറിച്ച് അക്കാലത്ത് പലരും പറഞ്ഞു. ഈ ഭാഷ ആളുകൾക്ക് മനസ്സിലാവില്ല, ആരും വായിക്കില്ല, എന്നൊക്കെ. അപ്പോൾ അദ്ദേഹം പറഞ്ഞു. ഐ വിൽ മെയ്ക്ക് ദെം റീഡ് – ഞാൻ അവരെ വായിപ്പിക്കും. അതിനു സമാനമായി നമുക്ക് പറയാവുന്നത് സിനിമയിൽ ഗ്രിഫിത്തിനെക്കുറിച്ചാണ്. ആളെ മുഴു വൻ കാണിക്കാതെ തലയും കൈയും മറ്റും കാണിച്ചപ്പോൾ ഇതാരും കാണില്ല എന്ന് ആളുകൾ പറഞ്ഞപ്പോൾ ഗ്രിഫിത്തും അതുപോലെ പറഞ്ഞു: ഐ വിൽ മേയ്ക്ക് ദെം സീ.

  • അത്ഭുതം തോന്നി, അരനൂറ്റാണ്ട് മുമ്പ്, കാഥികൻ്റെ പണിപ്പുരയിൽ ബെർണാർഡ് മാലമൂദിനെക്കുറിച്ചെഴുതി. ഇന്നുപോലും മാലമൂദിനെ മലയാളം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. അമേരിക്കൻ സാഹിത്യവായനയുടെ തുടർച്ചയായിട്ടാണോ മാലമൂദിനെ കണ്ടെത്തുന്നത്?

അതെ, തുടർച്ചയായിട്ടാണ്. അവിടെ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ആഗ്രഹം. മാലമൂദിനെയൊക്കെ അക്കാലത്ത് വായിച്ചത് അങ്ങനെയാണ്. ഭാഷയുടെ ലാളിത്യം, പിന്നെ എല്ലാറ്റിലുമുപരി ക്രാഫ്റ്റിലുള്ള കൈയടക്കം.

  • ഫിക്ഷനു പുറത്തെ വായനകൾ? പല പുസ്തകങ്ങളെയും അവതരിപ്പിച്ചിട്ടുള്ളതായി അറിയാം?

ഫിക്ഷനു പുറത്ത് ഞാൻ വായിക്കാറുണ്ട്. ജീവചരിത്രം, ആത്മകഥ, ചരിത്രം ഇതൊക്കെ വായിക്കാൻ ഇഷ്ടമാണ്. അതല്ലാത്ത പുസ്തകങ്ങളും വായിക്കും. അതു നമ്മെ വായിപ്പിക്കണം എന്നേയുള്ളൂ. വളരെ മുമ്പ് ഞാൻ ആദ്യത്തെ വിദേശയാത്ര കഴിഞ്ഞു വന്നപ്പോഴാണ് ദ റൈസ് ആൻഡ് ഫാൾ ഓഫ് തേഡ് റൈഷ് വാങ്ങി വായിക്കുന്നത്. ആയിരത്തിലേറെ പേജുള്ള പുസ്തകം. ആ കാലത്ത് ആ പുസ്തകം എവിടെ നിന്നോ കിട്ടി. അത് നോവലിനെക്കാൾ താല്പര്യത്തോടെ വായിച്ചു. വീണ്ടും വായിച്ചു. ഇപ്പോൾ ആ പുസ്തകം എന്റെ കൈയിൽ നിന്നു നഷ്ടപ്പെട്ടു. അങ്ങനെയുള്ള പുസ്തകങ്ങൾ മുന്നിൽ എത്തിപ്പെട്ടാൽ വായിക്കും. ഫിക്ഷൻ വായന ഇപ്പോൾ കുറവാണ്. അത്രയും നമ്മെ പിടിച്ചിരുത്തുന്ന ഫിക്ഷൻ നമ്മുടെ മുന്നിൽ എത്തുന്നില്ല, അതുകൊണ്ടായിരിക്കാം, പലതും കുറച്ചു വായിച്ചാൽ വേണ്ട എന്നു തോന്നും. വായന ആരുടെയും ബാധ്യതയൊന്നുമല്ലല്ലോ.

  • ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണത്തിൽ താങ്കൾ ഗബ്രിയേൽ ഗാർസിയ മാർകേസിനെ കണ്ടെത്തി. അന്ന് മാർകേസിന് നൊബേൽ സമ്മാനം കിട്ടിയിട്ടില്ല.

എൻ്റെ കൂടെ അന്നു സഞ്ചരിച്ച ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഒരു സഹായിയും ദ്വിഭാഷിയും എന്ന നിലയ്ക്ക്. അമേരിക്കൻ സർക്കാർ നിശ്ചയിച്ച ചെറുപ്പക്കാരൻ. അയാളാണ് എന്നോട് പറയുന്നത് വൺ ഹണ്ട്രഡ് ഈയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് എന്ന പേരിൽ മാർകേസിൻ്റെ നോവൽ ഇംഗ്ലീഷിൽ വന്നിട്ടുണ്ടെന്ന്. സ്പാനിഷ് ഒറിജിനലാണ് മനോഹരം എന്ന്. ഞാനിവിടെനിന്നു വരുമ്പോൾ ആ നോവൽ കൊണ്ടുവന്നു. പിന്നീട് മാർകേസ് നമ്മുടെ എല്ലാ തരത്തിലുള്ള ആരാധനയ്ക്കും പാത്രമായി. മാർകേസിൻ്റെ ഒരു ഗുണം, എത്ര കഴിഞ്ഞിട്ട് ഒരു പുസ്തകം വന്നാലും അതു വീണ്ടും വായിക്കുമ്പോൾ മനോഹരമായി തോന്നും. അങ്ങനെ ചില കണ്ടെത്തലുകൾ അപൂർവ്വമായി ഉണ്ടാകാറുണ്ട്.

അതുപോലെ കേറ്റ് ചോപ്പിൻ. സ്ത്രീ സാഹിത്യത്തിൻ്റെ ആദ്യത്തെ മാതൃക എന്നു പറയാവുന്നതാണ് അവരുടെ രചനകൾ. ദി എവേക്കനിംഗ് എന്ന പുസ്തകം അങ്ങനെ കിട്ടുന്നു. ഞാനന്ന് അവരെക്കുറിച്ച് കേട്ടിട്ടില്ല. പിന്നെ അവിടെയും ഇവിടെയുമൊക്കെ മറിച്ചുനോക്കിയപ്പോൾ കേറ്റ് ചോപ്പിന് വലിയ പ്രാധാന്യമുണ്ടെന്നു മനസ്സിലായി.

ഇത്തരം പുസ്തകങ്ങൾ കിട്ടുന്നത് ചിലപ്പോൾ തെരുവിൽ നിന്നായിരിക്കാം. സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾക്കിടയിൽ പരതുമ്പോഴായിരിക്കാം. ചിലപ്പോൾ അത്ഭുതകരമായ പുസ്തകങ്ങൾ നമ്മുടെ മുന്നിൽ എത്തിപ്പെടും.

  • പുസ്തകവേട്ട വിശേഷിച്ചും സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിലായിരുന്നു എന്നു കേട്ടിട്ടുണ്ട്. മദിരാശിയിലെ മൂർ മാർക്കറ്റിലും മൈലാപ്പൂരുമൊക്കെ ഇഷ്ടപ്പെട്ട ഇടങ്ങളായിരുന്നുവല്ലോ?

പഴയ കാലത്ത് മൂർ മാർക്കറ്റായിരുന്നു ഒരു പ്രധാന സങ്കേതം.  പിന്നെ മൈലാപ്പൂർ. ബോംബെയിൽ ടെലിഗ്രാഫ് ഓഫീസിൻ്റെ ആ ഭാഗത്ത് ഒരുപാട് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കടകളുണ്ട്. അതങ്ങനെ നടന്നുനോക്കുന്നത് ഒരു രസമാണ്. അപൂർവ്വമായ ചില പുസ്തകങ്ങൾ കിട്ടും. കേട്ടിട്ടുണ്ടാകും, നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഒരു കന്യാസ്ത്രീ ആശ്രമം വിട്ടു പുറത്തുവന്നിട്ട് എഴുതിയ ആത്മകഥ, ഐ ലീപ് ഓവർ ദ വാൾ, മോണിക്ക ബാൾഡ്‌വിന്റേത്. ഒരു ഫുട്പാത്തിൽനിന്നാണ് ആകെ മുഷിഞ്ഞ ആ പുസ്തകം കിട്ടിയത്. അവർ മഠത്തിൽ നിന്നു പുറത്തുവന്നതിനുശേഷം പുറത്തെ ജീവിതവുമായി, സമൂഹവുമായി ഇണങ്ങിപ്പോകാനുള്ള പ്രയാസം. കന്യാസ്ത്രീമഠത്തിൽ 28 വർഷം ജീവിച്ചതിനുശേഷം ഓടിപ്പോന്നതാണല്ലോ.

  • അത്തരം ചില പുസ്തകങ്ങളിലെ ശൈലികളെക്കുറിച്ചും പ്രയോഗങ്ങളെക്കുറിച്ചും താങ്കൾ എഴുതിക്കണ്ടിട്ടുണ്ട്. ഒരു പൾപ്പ് നോവലിൽ, വേശ്യയുടെ അടിപ്പാവാട പോലെ മുഷിഞ്ഞ ആകാശം എന്നൊരു പ്രയോഗം കണ്ടതിനെപ്പറ്റിയും മറ്റും?

പൾപ്പ് എന്നു പറഞ്ഞ് അങ്ങനെ തള്ളിക്കളയാൻ പറ്റില്ല. ഈസി റീഡിംഗ് ആയതിനാൽ നമ്മൾ പൾപ്പ് എന്നു പറയുന്നു. അതിൽത്തന്നെ നല്ല കൃതികൾ കണ്ടിട്ടുണ്ട്. നമ്മെ നന്നായി വായിപ്പിക്കുന്ന പുസ്തകങ്ങൾ. അവയിൽ അപൂർവമായി നല്ല പ്രയോഗങ്ങൾ, മെറ്റഫറുകൾ എല്ലാം കാണാറുണ്ട്. ഇപ്പോഴാണെങ്കിൽ, നമുക്ക് പൾപ്പ് വായിച്ച് മടുത്താൽ വേണ്ട എന്നു പറഞ്ഞ് ഉപേക്ഷിക്കാം. അന്ന് എവിടുന്നൊക്കെയോ തേടിപ്പിടിച്ചുകൊണ്ടുവരുന്ന പുസ്തകങ്ങളല്ലേ?

  • രചനയുടെ വേളകളിൽ വായിക്കാറുണ്ടോ? ഒരു പ്രചോദനമെന്ന നിലയിൽ?

വായനയും രചനയും തമ്മിൽ ഒരു ബന്ധവുമില്ല. ആ സമയത്ത് ഒരു ഡൈവേർഷനുവേണ്ടി വായിക്കാറുണ്ട്. ചിലപ്പോൾ രാത്രി കിടന്നാൽ ഉറക്കം വരില്ല. പകലെന്തെങ്കിലും ചെയ്തുവച്ചതായിരിക്കാം നമ്മെ അലട്ടുക. അതിൽനിന്നു മാറിനിൽക്കാനായി, വായിക്കാനായി മാറ്റിവെച്ചതോ, ഈസി ആയതോ ആയ എന്തെങ്കിലും വായിക്കും. അതു വായിച്ച് പ്രചോദനം കിട്ടും എന്നു കരുതിയാൽ അതു സാധിക്കില്ല. സംഗീതത്തിൽ താല്പര്യമുള്ളവർ പാട്ടു കേൾക്കും. ചില പത്രപ്രവർത്തകരെ ഞാൻ കണ്ടിട്ടുണ്ട്, മരിച്ചുപോയ രവിയേട്ടനെ (പി.കെ. രവീന്ദ്രനാഥ്) പോലെയുള്ളവർ. ടൈപ്പ് ചെയ്തുകൊണ്ടിരിക്കും, അതേസമയത്ത് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടാവും. അതും ടൈപ്പ് ചെയ്യുന്ന കാര്യവുമായി ബന്ധമൊന്നുമില്ല. അതു വേണമത്രെ. എന്നെ സബന്ധിച്ച് അങ്ങനെയൊരു ഡൈവേർഷൻ ഇല്ല. ചിലപ്പോൾ സിനിമ കാണും. അതും വായനപോലെ ഗൗരവമുള്ള കാര്യമാണ്.

  • മുമ്പേ വന്ന എഴുത്തുകാരുടെ കൃതികൾ, – ബഷീർ, തകഴി, പൊറ്റെക്കാട്ട് എന്നിവരുടെ കൃതികൾ വായിക്കുന്നത് എപ്പോഴാണ്?

അവരെയൊക്കെ വായിച്ചു, വലിയ ആരാധന തോന്നി. ഓരോ ഘട്ടത്തിൽ അവരെയൊക്കെ കാണുന്നുണ്ട്. കോളജിൽ പഠിക്കുമ്പോൾ ഏതോ ഒരു കാര്യത്തിന് എറണാകുളത്ത് പോയപ്പോൾ ബഷീറിനെ കാണണം എന്നു തോന്നി. നേരിട്ടുപോയി കാണാൻ ധൈര്യം പോരാ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞു. എനിക്കറിയാം, ഞാൻ പരിചയപ്പെടുത്താം എന്ന്. ഞാനന്ന് എഴുതിത്തുടങ്ങുന്ന ഒരു പയ്യനാണ്. ഞാൻ പറഞ്ഞു, വേണ്ട വേണ്ട, എനിക്കൊന്നു കണ്ടാൽ മതി. അദ്ദേഹം ബുക്സ്റ്റാളിൽ ഇരിക്കുന്നത് അകലെ നിന്നുകണ്ട്, ശരിക്കൊന്നു കണ്ട് പോന്നു. അതും കഴിഞ്ഞ് കുറേ കഴിഞ്ഞിട്ടാണ് ഞാൻ തകഴിച്ചേട്ടനെ കാണുന്നത്. ബഷീറിനെയും വളരെക്കഴിഞ്ഞാണ് തലയോലപ്പറമ്പിൽ പോയി കൂടുതൽ അടുത്തു പരിചയപ്പെടുന്നത്. ഇവരോടൊക്കെ വലിയ ആരാധന, ബഹുമാനം.

പൊറ്റെക്കാട്ടിനെ കാണുന്നത്, ഞാൻ പാലക്കാട് ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുമ്പോഴാണ്. ട്യൂട്ടോറിയലിൽ ഒരു കൊല്ലം വാർഷികാഘോഷം നടത്തണമെന്നു പറഞ്ഞു. അപ്പോൾ ഞാൻ അവരോ ടൊക്കെ പറഞ്ഞു, നമുക്ക് പൊറ്റെക്കാട്ടിനെ ക്ഷണിക്കാം. ഒന്നു കാണുക എന്നതായിരുന്നു അതിനു പിന്നിൽ. പിന്നെ കോഴിക്കോട് വന്നതിനുശേഷമാണ് എസ്.കെ, തിക്കോടിയൻ, എൻ.പി. മുഹമ്മദ് എന്നിവരെയൊക്കെ കാണുന്നത്, പരിചയപ്പെടുന്നത്, വലിയ സുഹൃത്തുക്കളാവുന്നത്. അതുവരെ പുസ്തകങ്ങളിലൂടെയുള്ള അറിവാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രത്തിൻ്റെ വാർഷികപ്പതിപ്പിൽ, പ്രസന്നകേരളം ആണെന്നാണ് ഓർമ്മ, അവരുടെയൊക്കെ ചെറിയ ഫോട്ടോകൾ ഉണ്ടായിരുന്നു. അതൊക്കെ ഞാൻ ഭദ്രമായി വെട്ടി, വലിയ ഫ്രെയിമിനകത്താക്കി ഒട്ടിച്ച് പഴയ വീടിൻ്റെ ചുമരിൽ വെച്ചിരുന്നു. കുറെക്കാലം ഉണ്ടായിരുന്നു അത്.

  • കവിതയായിരുന്നുവല്ലോ ആദ്യകാലത്ത് കൂടുതലായി വായിച്ചിരുന്നത്?

ആദ്യകാലത്ത് അങ്ങനെയായിരുന്നു. കവിതകളാണ് വായിച്ചത്. ചങ്ങമ്പുഴയുടെ കവിതകൾ, വൈലോപ്പിള്ളി, ജി, അതിനും മുമ്പ് ആശാൻ്റെ കവിതകൾ ധാരാളം വായിച്ചിരുന്നു. അന്ന് അതൊക്കെയാണ് കിട്ടിയിരുന്നത്. ആശാൻ്റെ ഖണ്ഡകാവ്യങ്ങൾ, ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യങ്ങൾ, അങ്ങനെ. പിന്നീടാണ് ഫിക്ഷനിലേക്ക് വായന കടന്നത്. അത് അലക്‌സാണ്ടർ ദൂമായിൽ നിന്നു തുടങ്ങുന്നു എന്നു പറയാം. അന്നത്തെ പല കുട്ടികളോടും ചോദിച്ചാൽ ദൂമായിലാണ് വായന തുടങ്ങിയത് എന്നു പറഞ്ഞേക്കും. കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, ത്രീ മസ്‌കറ്റിയേർസ് തുടങ്ങിയ കൃതികൾ.

കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ രണ്ടു കോളമായിട്ട് അടിച്ച പുസ്തകമായിരുന്നു. കുമാരനെല്ലൂരിൽ ആ പുസ്തകം എങ്ങനെയോ വന്നെത്തി. മൂന്നാലു ദിവസം കൊണ്ട് രാപ്പകലായിട്ട് വായിച്ചുതീർത്തു. അതു കുട്ടികളെ വളരെ രസിപ്പിക്കുന്ന രചനയാണ്. പിന്നെയാണ് മറ്റു ചിലതിലേയ്ക്കു തിരിയുന്നത്. അന്ന് ത്യാജ്യഗ്രാഹ്യവിവേചനം ഒന്നും ഇല്ലല്ലോ. അവിടവിടെ വായിക്കുന്ന ലേഖനങ്ങളിലും മറ്റും അമേരിക്കൻ സാഹിത്യകാരന്മാരുടെയും ബ്രിട്ടീഷ് സാഹിത്യകാരന്മാരുടെയും പേരുകൾ കണ്ടു അതൊക്കെ മനസ്സിൽ സൂക്ഷിച്ചു. അവരുടെ പുസ്തകങ്ങൾ കിട്ടിയപ്പോൾ വായിച്ചു.

  • നാലപ്പാട്ടു നാരായണമേനോൻ്റെ പാവങ്ങൾ തർജ്ജമ അന്ന് വലിയ സംഭവമായിരുന്നല്ലോ. പല എഴുത്തുകാരും അതിൽ സ്വാധീനിക്കപ്പെടുന്നുണ്ട്?

പാവങ്ങൾ ഞാൻ അന്നു വായിച്ചിട്ടില്ല. അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പലരും എഴുതിയത് വായിച്ചിട്ടുണ്ട്. പാവങ്ങൾ വായിക്കുന്നത് വളരെ പിന്നീടാണ്. യൂഗോവിൻ്റെ മറ്റു പുസ്തകങ്ങളും പിന്നീടാണ് വായിച്ചത്.

  • പൊന്നാനിക്കളരിയിലെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു? ഇടശ്ശേരി, ഉറൂബ്?

ഇടശ്ശേരിയാണ് അന്നത്തെ മുതിർന്ന എഴുത്തുകാരൻ. അന്ന് ഉറൂബും അവിടെയുണ്ട്. പിന്നീടാണ് ആകാശവാണിയിൽ ജോലി കിട്ടി അദ്ദേഹം കോഴിക്കോട്ട് വരുന്നത്. ഇടശ്ശേരി വക്കീൽ ഗുമസ്തനായി അവിടെത്തന്നെയുണ്ട്. അദ്ദേഹത്തിന്റെ കവിതകളിൽ ആദ്യം വായിക്കുന്നത് ‘പുത്തൻ കലവും അരിവാളും’ ആയിരുന്നു-അതായിരുന്നു ആദ്യം ഞങ്ങളെ പിടിച്ചുകുലുക്കിയ കവിത. തുടർന്ന് അദ്ദേഹത്തിന്റെ മറ്റു കവിതകൾ വായിക്കുന്നു. കൂട്ടുകൃഷി നാടകം പോയി കാണുന്നു. ഇടശ്ശേരി അങ്ങനെ അപ്രാപ്യനായ ആളല്ല. ഏതു കുട്ടിക്കും കയറിച്ചെല്ലാം. അങ്ങനെയാണ് അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്. പിന്നെ, കുമാരനെല്ലൂരിൽ അക്കിത്തമുണ്ട്. അദ്ദേഹം എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്.. അദ്ദേഹത്തിന്റെ അനുജന്മാരൊക്കെ എന്റെ കൂടെ പഠിച്ചവരാണ്. പുന്നയൂർകുളം കളരിയിലേക്ക് ഞാൻ കടന്നുചെന്നിട്ടില്ല. അവിടെ വള്ളത്തോൾ ഉണ്ട്. നാലപ്പാട്ട് നാരായണമേനോൻ ഉണ്ട്. കുട്ടികൃഷ്ണമാരാരുണ്ട്. എം.പി. ഭട്ടതിരിപ്പാടും എം.ആർ.ബിയും ഉണ്ട്. എനിക്ക് കൂടുതൽ അടുപ്പം ഇടശ്ശേരിയോടും അക്കിത്തത്തോടുമായിരുന്നു.

  • ദേശീയപ്രസ്ഥാനത്തിൻ്റെ കാലമായിരുന്നല്ലോ. ഇടശ്ശേരി തികഞ്ഞ ഗാന്ധിയനായിരുന്നല്ലോ. രാഷ്ട്രീയ ചർച്ചകൾ നടക്കാറുണ്ടായിരുന്നോ?

അവർ ഇരുന്നുപറയുന്നുണ്ടാവും. നമ്മൾ കൂടെയുണ്ടാവുമ്പോൾ പറഞ്ഞുകേട്ടത് മറ്റു പല കാര്യങ്ങളുമാണ്. കൂട്ടുകൃഷി അന്നു കളിച്ചത് നന്നായില്ല, അയാളെ മാറ്റണം, ഇയാളെ മാറ്റണം എന്നൊക്കെ. ചെറുപ്പക്കാരായ ഞങ്ങളോട് നാട്ടിൽ കലാസമിതി ഉണ്ടാക്കിക്കൂടെ എന്നെല്ലാം ചോദിക്കും. വളരെ അടുപ്പമായിരുന്നു, സ്‌നേഹമായിരുന്നു. നേരം വൈകിക്കഴിഞ്ഞാൽ ഇനി ഇന്നു പോകേണ്ട. വീട്ടിൽപ്പോയി ഭക്ഷണം കഴിക്കാം, അവിടെ ഉറങ്ങാം, രാവിലെ പോകാം എന്നൊക്കെ പറയും.

  • രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നോ? സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി?

എൻ്റെ ഗ്രാമത്തിൽ ആദ്യകാലത്തൊന്നും രാഷ്ട്രീയപ്രവർത്തനം കാര്യമായി ഇല്ല. ദേശീയ പ്രസ്ഥാനം ചെറിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. എൻ്റെ മൂത്ത ജ്യേഷ്ഠൻ എം.ടി. ഗോവിന്ദൻ നായർ ഖദർ മാത്രം ധരിച്ചിരുന്ന ആളാണ്. അദ്ദേഹം കേന്ദ്ര ഗവൺമെന്റിൽ ഒരു ജോലിക്കായുള്ള ഇന്റർവ്യൂവിന് പോയപ്പോൾ, വേഷം കണ്ട്, ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാണോ എന്ന് ചോദിച്ചപ്പോൾ ആണ് എന്നു പറഞ്ഞു. ജോലി കിട്ടിയില്ല. പിന്നെ ഇവിടെ വന്ന് ട്രെയിനിംഗ് കഴിഞ്ഞ് അധ്യാപകനായി. അങ്ങനെ ചില സംഗതികളുണ്ട്. പക്ഷേ തീവ്രമായ രാഷ്ട്രീയാന്തരീക്ഷം ഇല്ല. വടക്കേ മലബാറിലൊക്കെ ഉണ്ടായതുപോലുള്ള രാഷ്ട്രീയപ്രവർത്തനം എൻ്റെ ഗ്രാമത്തിൽ ഉണ്ടായില്ല.

  • അന്ന് താങ്കളുടെ ഒരഭിപ്രായം ചെറിയ വിവാദം പോലും ഉണ്ടാക്കിയിരുന്നു. ചങ്ങമ്പുഴ മരിച്ചപ്പോൾ ഗാന്ധിജി മരിച്ചതിനേക്കാൾ ദുഃഖം തോന്നി, എന്ന് അഭിപ്രായപ്പെട്ടിരുന്നു?

അതെ, അന്നു ചെറുപ്പമല്ലേ? ഇംഗ്ലീഷ് പത്രത്തിൽ ‘ഗാന്ധിജി ഷോട്ട് ഡെഡ്’ എന്ന് വലിയ വാർത്ത വരുന്നു. ഷോക്ക് ആണ്. രാജ്യത്തിനു മുഴുവൻ ഷോക്കാണ്. ആറുമാസം കഴിഞ്ഞ് ചങ്ങമ്പുഴയുടെ മരണവാർത്ത വന്നപ്പോൾ കുടുംബത്തിലെ ഒരംഗം പോയതുപോലെ ദുഃഖം തോന്നി.

  • മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പ്പാടുകൾ എന്ന ആത്മകഥ മാതൃഭൂമിയിലാണല്ലോ വരുന്നത്. താങ്കളാണ് അതിന് അവതാരികയെഴുതിയത്. ഇപ്പോഴത്തെ എഡിഷനുകളിൽ ആ അവതാരിക കാണാനില്ലെങ്കിലും?

വളരെ അടുത്ത് ഇടപഴകാൻ എനിക്ക് അവസരമുണ്ടായിട്ടില്ല. അദ്ദേഹം എല്ലാവരിൽ നിന്നും ഒളിച്ച് അകന്നുനിന്നിരുന്ന ഒരാളായിരുന്നുവല്ലോ. ഒരിക്കൽ ഞാൻ ശാന്തഭവനിൽ അരെയോ കാണാൻ പോയപ്പോൾ വാതിലിൻ്റെ ഇടയിലൂടെ ആരോ പതുങ്ങി നോക്കുന്നു. എനിക്കൊരു സംശയം. ഇത് കുഞ്ഞിരാമൻ നായരല്ലേ? ഞാനങ്ങനെ ചുറ്റിപ്പറ്റിനിന്നു. വാതിൽ തുറക്കുന്നില്ല. കുറേ കഴിഞ്ഞ് ധൈര്യം അവലംബിച്ച് വാതിൽ മുട്ടി, തുറന്നു. കുഞ്ഞിരാമൻ നായർ തന്നെ. അടുത്തിടപഴകിയിട്ടില്ലെങ്കിലും വലിയ അടുപ്പമായിരുന്നു, സ്‌നേഹമായിരുന്നു. ഞാൻ വളരെ നിർബന്ധിച്ചിട്ടാണ് കവിയുടെ കാല്പാടുകൾ എഴുതിയത്. അത് അവിടുന്നും ഇവിടുന്നുമൊക്കെ എഴുതിയാണ് അയച്ചത്.

അവതാരിക എഴുതണമെന്ന് കുഞ്ഞിരാമൻ നായർ പറഞ്ഞു. ഞാൻ പറഞ്ഞു ഞാനല്ല അതെഴുതേണ്ടത്, വലിയ ആരെങ്കിലും എഴുതട്ടെ എന്ന്. താനെഴുതണം, അല്ലെങ്കിൽ പുസ്തകം വരില്ല എന്നു പറഞ്ഞു. അവതാരികയെഴുതുന്നത് വലിയ കാര്യമായിട്ടു കാണുന്നു, പക്ഷേ …, അദ്ദേഹം നിർബന്ധം പിടിച്ചു. അങ്ങനെയാണ് ചെറിയ ആ അവതാരിക എഴുതിയത്.

ഇടയ്ക്ക് ഇവിടെ വരുമായിരുന്നു. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നല്ലോ. ഈ വീട്ടിലേയ്ക്ക് വരുമ്പോൾ ദൂരെ മാവിൽ നിന്ന് ചില്ലയൊടിച്ച്, ഇലയൊക്കെ പൊട്ടിച്ച് ഇവിടെ വന്ന് നമ്മുടെ കൈപിടിച്ച് തലയിൽ വയ്പിക്കും.

  • കവിയുടെ ആത്മകഥ ഒരു സംഭവമായിരുന്നുവല്ലോ. അത് അച്ചടിച്ചു വരുമ്പോഴുണ്ടായിരുന്ന പ്രതികരണങ്ങൾ ഓർക്കുന്നുണ്ടോ?

(ചിരിക്കുന്നു) ധാരാളം കോടതിക്കേസ്സുകൾ വന്നിരുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതാണ്. പല കേസ്സുകളും. മാതൃഭൂമി വലിയ സ്ഥാപനമായിരുന്നതുകൊണ്ട്, അതൊക്കെ കൈകാര്യം ചെയ്യാനുള്ള ആളുകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്  അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല.

  • പത്രാധിപജീവിതത്തിലെ അപൂർവ്വസൗഭാഗ്യങ്ങളെക്കുറിച്ചും എഴുതിയും പറഞ്ഞും കേട്ടിട്ടുണ്ട്?

നല്ല നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് ഓർക്കുന്നത് റോസി തോമസിനെക്കുറിച്ചാണ്. സി.ജെ. തോമസ് ഉള്ള കാലത്തുതന്നെ അവിടെ പോകുന്നുണ്ട്. കാണുന്നുണ്ട്. ഒരിക്കൽ കണ്ടപ്പോൾ റോസി പറഞ്ഞു, സി.ജെയെപ്പറ്റി ഒരു പുസ്തകമെഴുതിയാലോ എന്ന് ആലോചിക്കുകയാണെന്ന്. എഴുതണം, എന്നു ഞാനും പറഞ്ഞു. കുറേ കഴിഞ്ഞപ്പോൾ എഴുതിത്തുടങ്ങി എന്നറിയിച്ച് ഒരു കത്തു വന്നു. പിന്നീട് എഴുതിക്കഴിഞ്ഞു, ഞാനങ്ങോട്ട് അയക്കുന്നു എന്നൊരു കത്തും. അപ്പോൾ പേടിയായി, നമ്മൾ കൂടി പറഞ്ഞതാണ്. മാറ്റർ കിട്ടിയിട്ട് അതു നന്നല്ലെന്ന് തോന്നിയാൽ എന്തുചെയ്യും? തിരിച്ചയക്കേണ്ടിവരില്ലേ? പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ, ഭംഗിയായി എഴുതിയിട്ടുണ്ട്. സന്തോഷം, സമാധാനം. അന്നു വൈകുന്നേരം വളരെ ഉല്ലാസത്തോടെയാണ് പുറത്തിറങ്ങിയത്. എൻ.പി. മുഹമ്മദിനെയും മറ്റും കണ്ടപ്പോൾ പറഞ്ഞു, റോസിയുടെ സി.ജെ ഓർമ്മകൾ വായിച്ചു, വളരെ നന്നായിരിക്കുന്നു. അങ്ങനെ ചില നല്ല നിമിഷങ്ങൾ ഉണ്ട്, പത്രപ്രവർത്തനജീവിതത്തിൽ.

  • പുനത്തിൽ കുഞ്ഞബ്ദുല്ല, സക്കറിയ, കാക്കനാടൻ, എം.പി. നാരായണപിള്ള അങ്ങനെ വലിയ എഴുത്തുകാരുടെ കഥകൾ എം.ടി.യുടെ കൈകളിലൂടെ വന്നു?

അവരൊക്കെ അവിടെയുണ്ടായിരുന്നു, യാദൃച്ഛികമായി എൻ്റെ മുന്നിൽ വന്നുപെട്ടു എന്നേയുള്ളൂ. നൂറു ചവറ് വായിക്കുന്നതിനിടയിൽ ഒന്നോ രണ്ടോ നല്ലതു കിട്ടിയാൽ അതാണ് പത്രമാപ്പീസിലെ വലിയ സൗഭാഗ്യം.

  • വി.എസ്. ഖണ്‌ഡേക്കറുടെ യയാതിയും അങ്ങനെയല്ലേ വരുന്നത്. ഈയിടെ പി. മാധവൻപിള്ള എം.ടി.യുടെ കത്ത് കിട്ടിയ കാര്യം അനുസ്മരിച്ചെഴുതിക്കണ്ടു.

മാധവൻപിള്ളയെ അന്നറിയില്ല. അദ്ദേഹത്തിൻ്റെ വിവർത്തനശൈലി അറിയില്ല. പക്ഷേ, തർജ്ജമ വന്നുകഴിഞ്ഞപ്പോൾ അതിമനോഹരമായിരിക്കുന്നു.

  • എം.ടി.യുടെ രചനാലോകത്തിൽ നിന്നു വളരെ വ്യത്യസ്തമായ രചനകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുന്നുണ്ട്?

അന്ന് വെളിയിൽ നിന്നൊക്കെ വരുന്ന കൃതികൾ വായിക്കുന്നുണ്ട്. നമ്മുടെ കണക്കുകൂട്ടലിനപ്പുറത്ത് പലതരം രചനകളുണ്ട് എന്ന ധാരണ അന്നേ ഉണ്ട്. നമ്മൾ എഴുതുന്ന രീതി മാത്രമല്ല ശരി, എഴുത്തിൻ്റെ ലോകം വളരെ വലുതാണ്. ലോകസാഹിത്യം വിപുലമായി വായിച്ചിരുന്നതുകൊണ്ട് മനസ്സിനെ അങ്ങനെ പാകപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. അന്നു ന്യൂയോർക്കർ വരുന്നുണ്ട്. സാറ്റർഡേ ഈവനിംഗ് പോസ്റ്റ് വരുന്നുണ്ട്. അതിൽ കുറേക്കൂടി ലളിതമായ ഫിക്ഷൻ വരും. അവ പിന്നെ ആന്തോളജിയായും വരും. ഈ വായന, കാഴ്ചപ്പാടിനെ കുറേക്കൂടി വിശാലമാക്കി. അതുകൊണ്ടാണ് നമ്മൾ എഴുതിയ രീതിയിൽ നിന്നോ മുമ്പെഴുതിയ രീതിയിൽ നിന്നോ വ്യത്യസ്തമായ രചനകൾ വരുമ്പോൾ അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത്.

  • വിശേഷിച്ചും പട്ടത്തുവിള കരുണാകരൻ്റെ രചനകൾ. വളരെ വ്യത്യസ്തമായ എഴുത്തും പ്രമേയവുമായിരുന്നുവല്ലോ?

പട്ടത്തുവിള കരുണാകരൻ വ്യക്തിപരമായും വളരെ അടുത്ത ആളാണ്. കരുണാകരൻ്റെ നിർബന്ധം കൊണ്ടാണ് ഞാനിവിടെ സ്ഥലം വാങ്ങി വീടെടുക്കുന്നത്. കരുണാകരൻ്റെ മരുമകൻ നടരാജനാണ് വീട് ഡിസൈൻ ചെയ്തത്. ഞാനും കരുണാകരനും തമ്മിൽ അന്നു പുസ്തകങ്ങൾ കൈമാറും. കരുണാകരനു തിയേറ്റർ ആർട്‌സ് വന്നിരുന്നു. ന്യൂയോർക്കർ വന്നിരുന്നു. കരുണാകരൻ അമേരിക്കയിലാണല്ലോ പഠിച്ചത്. വായനയിലൂടെ വളർന്ന സൗഹൃദമായിരുന്നു.

സി.വി. ശ്രീരാമൻ്റെ മനോഹരമായ കഥകളും ആഴ്ചപ്പതിപ്പിൽ വന്നു. ‘വാസ്തുഹാരാ’, ‘ഇരിക്കപ്പിണ്ഡം…’       ശ്രീരാമനെപ്പറ്റി ആരോ പറഞ്ഞു ഇങ്ങനെയൊരു വക്കീലുണ്ട് നന്നായിട്ട് എഴുതും എന്ന്. അന്ന് ഞാൻ ശ്രീരാമൻ്റെ കഥകൾ വായിച്ചിട്ടില്ല. കഥ അയക്കാൻ പറയൂ, നോക്കട്ടെ എന്നു പറഞ്ഞു. അങ്ങനെയാണ് ശ്രീരാമൻ്റെ കഥകൾ എൻ്റെ മുന്നിൽ എത്തുന്നത്. ഏറ്റവും ലളിതമായി, ഏറ്റവും പഴയ രീതിയിൽ എന്നുതന്നെ പറയാവുന്ന നിലയിലുള്ള കഥകളാണ്. പക്ഷേ ഇന്നും ആ കഥകൾ നമ്മുടെ മനസ്സിൽ നിൽക്കുന്നു.

  • എൻ.പി. മുഹമ്മദുമായി ആത്മസൗഹൃദയം സൂക്ഷിച്ചിരുന്നല്ലോ?

ഏതാണ്ട് നിത്യവും കാണുന്നത് എൻ.പി.യെയാണ്. അതും വായനയിലൂടെയും പുസ്തകങ്ങൾ കൈമാറലിലൂടെയും വളർന്ന സൗഹൃദം. ഞാനന്ന് ആനിഹാൾ റോഡിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ചകളിൽ എൻ.പി.യുടെ വീട്ടിൽ പോകും.

  • പട്ടത്തുവിളയോടും എൻ.പി.യോടും രചനകളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നോ?

ഒരിക്കലും ഉണ്ടായിട്ടില്ല. ഏറിവന്നാൽ തൻ്റെ രചന വായിച്ചു, ഉം, തരക്കേടില്ല എന്നു പറയും. അങ്ങനെയല്ലാതെ എഴുതിയത് വായിച്ചുനോക്കാൻ  കൊടുക്കുക, അങ്ങനെയൊന്നും ഇല്ല. ഓരോരുത്തരുടെയും എഴുത്ത് അവരുടെ സ്വകാര്യമായ പ്രവൃത്തിയായി വെച്ചിരുന്നു. അച്ചടിച്ചുവരുമ്പോൾ ഞാൻ കണ്ടു, വായിച്ചു എന്നൊക്കെ പറഞ്ഞേക്കാം. അല്ലെങ്കിൽ ചിരി കൊണ്ടോ ശരീരഭാഷ കൊണ്ടോ അതു പ്രകടിപ്പിച്ചേക്കാം. അല്ലാതെ അതിനെക്കുറിച്ചുള്ള വിസ്തരിച്ചുള്ള ചർച്ചകൾ ഉണ്ടായിട്ടില്ല.

(മാങ്ങാട് രത്‌നാകരൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന മനസ്സു തുറക്കുന്ന സമയം എന്ന പുസ്തകത്തിൽ നിന്ന്)

 

About Author

മാങ്ങാട് രത്നാകരൻ

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും.