ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പി സർക്കാർ പ്രതിപക്ഷ പാർട്ടികളെ അറസ്റ്റുകൾ കൊണ്ടും സാമ്പത്തിക ഉപരോധം കൊണ്ടും തിരഞ്ഞെടുപ്പ് കളത്തിൽ അപ്രസക്തരാക്കാൻ ശ്രമിക്കുമ്പോൾ ഇൻഡ്യാ മുന്നണിയിൽ ഉൾപ്പെടുന്ന യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിൽ നടത്തുന്ന വാക്പോരിന്റെ അർത്ഥശൂന്യതയാണ് ഈ ലക്കം പദയാത്രയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ വിഷയമാക്കുന്നത്.
ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
കാലാഹിനാം പരിഗ്രസ്തമാം ലോകവു-
മാലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു
എന്ന് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാൽ ശ്രീരാമചന്ദ്രൻ തിരുവടികളാണ്. പറഞ്ഞത് മറ്റാരോടുമല്ല, സോദരനായ ലക്ഷ്മണനോടാണ്. രാമപട്ടാഭിഷേകം വൈകുന്നതിൽ നീരസവും കോപവും നിറഞ്ഞ് ലക്ഷ്മണൻ പ്രതികരിച്ചപ്പോഴാണ് പക്വമതിയായ ചേട്ടൻ രാമചന്ദ്രൻ മേൽപറഞ്ഞ വാക്യങ്ങളുരുവിട്ടത്. ശബ്ദമറിയാനും കണ്ണല്ലാതെ കാതില്ലാത്ത പാമ്പ് തവളയെ വിഴുങ്ങിക്കൊണ്ടിക്കുകയാണ്. തവളയാകട്ടെ മുമ്പിലൂടെ പോകുന്ന പ്രാണികളെ വിഴുങ്ങാനാണ് അപ്പോഴും ശ്രമിക്കുന്നത്. മരണവക്ത്രത്തിലാണുള്ളതെന്ന് മറന്ന് മറ്റൊരു ജീവിയെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് സാരം. ഏതുപോലെയെന്നാൽ കാലമാകുന്ന പാമ്പ് വിഴുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യർ ക്ഷണികമായ സുഖഭോഗങ്ങളുടെ പിന്നാലെ പായുന്നു. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന് ഇതേ പ്രകരണത്തിൽ രാമനുവേണ്ടി എഴുത്തഛൻ എഴുതുന്നുണ്ട്.
എൻഫോഴ്സമെന്റ് ഡിപ്പാർടുമെൻ്റും മറ്റു കേന്ദ്ര ഏജൻസികളും ശരീരമാസകലം വരിഞ്ഞുമുറുക്കി മെല്ലെമെല്ലെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളെ. വ്യക്തികളും കമ്പനികളും കയ്യിലുള്ളതപ്പടി കൊടുത്ത് എങ്ങനെയെല്ലാമോ ഊരിപ്പോകുന്നു. പാർട്ടികൾക്ക് അത് കഴിയില്ലല്ലോ. പോരാത്തതിന് സുപ്രിംകോടതി ബോണ്ട് പരിപാടി റദ്ദാക്കിയ സാഹചര്യത്തിൽ കോഴ കൊടുത്ത് അന്വേഷണത്തിൽ നിന്നോ കേസിൽ നിന്നോ ഊരുക പ്രയാസം. പിന്നെ ആകെയുള്ള പോംവഴി അശോക് ചവാനെയും പ്രഫുൽ പട്ടേലിനെയുമൊക്കെപ്പോലെ രാജിവെച്ച് ഒരു കാവിഷാൾ കഴുത്തിലണിയുക മാത്രമാണ്. അതും ആളധികമായതിനാൽ നദ്ദ നേരിട്ട് സ്വീകരിച്ച് കഴുത്തിൽ ഷാളണിയിക്കുന്നത് ഏറെക്കുറെ നിർത്തി.
ഇങ്ങനെയുള്ള അവസരത്തിലാണ് മത്സരിക്കുന്നതെന്തിന് നാം വൃഥാ എന്ന ചോദ്യമുയരുന്നത്. രാമൻ ലക്ഷ്മണനോട് ചോദിച്ച ചോദ്യംതന്നെ. ആദായനികുതി വകുപ്പ് കെട്ടിവരിഞ്ഞു മുറുക്കിയ ശേഷം കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം ശക്തമാക്കി. കെജരിവാളിനെ ഇ.ഡി ജയിലിലടച്ചതിനെതിരെ രാജ്യ തലസ്ഥാനത്ത് റാലി സംഘടിപ്പിക്കാൻ നേതൃത്വംനൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കയും സോണിയാ ഗാന്ധിയും ഖാർഗെയുമെല്ലാം പങ്കെടുത്തു. സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും പങ്കെടുത്തു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഭാര്യയും കെജരിവാളിന്റെ ഭാര്യയും പ്രസംഗിച്ചു. വലിയൊരു ശത്രു വിഴുങ്ങാനോങ്ങി വരുന്നുവെന്ന ആപത്ത് തിരിച്ചറിഞ്ഞുള്ള യോജിപ്പ്.
പക്ഷേ ഇങ്ങ് കേരളത്തിൽ നോക്കുക. ആദായനികുതി വകുപ്പ് നാലായിരം കോടിയോളം രൂപ പിഴചുമത്തി വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്, നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓഹരികൾ കുടുംബസ്വത്താക്കി മാറ്റി ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പലതവണ ഇ.ഡിയുടെ ചോദ്യംചെയ്യലിനിരയായ സോണിയാ ഗാന്ധിയും കുടുംബവും നേതൃത്വം നൽകുന്ന കോൺഗ്രസ്, ഇ.ഡിയുടെ വായിൽ കിടക്കുമ്പോഴും കേരളത്തിൽ ഇരയുണ്ടോ മുമ്പിലൂടെ പോകുന്നുവെന്ന് നോക്കുകയാണ്- പാമ്പിന്റെ വായിൽ കുടുങ്ങിയ തവള ഇരപിടിക്കാൻ നോക്കുന്നതുപോലെ… പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ സങ്കടം സി.പി.എം നേതാക്കളെയെന്താ ഇ.ഡി പിടിക്കാത്തതെന്നാണ്. മുഖ്യമന്ത്രിയുടെ മകൾ നടത്തിയിരുന്ന കമ്പനി കരിമണൽ കർത്തായുമായി കരാറുണ്ടാക്കി ഒന്നേമുക്കാൽ കോടിയോളം രൂപ പ്രതിഫലം പറ്റിയതിന്റെ പേരിൽ നടപടി കുറേക്കൂടി വൈരനിര്യാതനത്തോടെയാകാത്തതെന്തേ എന്നാണ് ചോദ്യം. കേരളത്തിന്റെ വികസനത്തിന് കിഫ്ബി ബോണ്ടിറക്കി പണം സമാഹരിച്ചതിന്റെ പേരിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ടേയിരിക്കുന്നതിൽ സന്തോഷംവന്നിട്ട് ഇരിക്കാൻപോലും വയ്യാത്ത അവസ്ഥയിലാണ് സതീശനും കുഴൽനാടനും.
ഒരുഭാഗത്ത് അതാണെങ്കിൽ മറുഭാഗത്തും തഥൈവ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്തിനാണെന്നാണ് പുണ്ണിൽ കുത്തുന്ന ചോദ്യം. രാഹുൽ ഗാന്ധി ഇന്ത്യാ സഖ്യത്തിന്റെ നേതാവാണ്. അദ്ദേഹം പാർലമെന്റിൽ വേണ്ടത് അനിവാര്യമാണ്. അതിന് എളുപ്പം സോണിയാ ഗാന്ധിയെപ്പോലെ മുമ്പ് മൻമോഹൻ സിങ്ങിനെപ്പോലെ രാജ്യസഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ മതിയെന്നതൊക്കെ പോട്ടെ. രാഹുൽ വയനാട്ടിലേക്കെന്തിന് വന്നുവെന്ന് ചോദിക്കുന്നത് പാമ്പിൻവായിൽ കുടുങ്ങിയ തവള ഇരപിടിക്കാനോങ്ങിനിൽക്കുന്നതു പോലെതന്നെ. എന്തെന്നാൽ 47 കൊല്ലത്തോളം രാജ്യം ഭരിച്ച പാർട്ടിയാണെങ്കിലും ഉറച്ച ജയം അവകാശപ്പെടാൻ വയനാട് സീറ്റേയുള്ളുവെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്. തീർന്നില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി വേണുഗോപാലുമൊക്കെ കല്പറ്റയിലെത്തി റോഡ് ഷോ നടത്തിയപ്പോൾ കോൺഗ്രസ്സിന്റെ കൊടി ഉപേക്ഷിച്ചതെന്തേ എന്ന ചോദ്യമാണ് ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുര ന്യായേന വീണ്ടുമുയർത്തിയത്. എന്നാലും കോൺഗ്രസ്സേ സർവവുമുപേക്ഷിച്ചാലും കൊടിയുപേക്ഷിക്കാമോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്. കൊടികെട്ടിയാണ് റോഡുഷോയും നാമനിർദേശപത്രിക സമർപ്പണത്തിന് മുമ്പുള്ള ജാഥയും നടത്തിയതെങ്കിൽ അതാകില്ലേ ആക്ഷേപം. ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധി. മുന്നണിയിലെ പ്രധാന ഘടകക്ഷി മുസ്ലിം ലീഗാണ്. വയനാട് മണ്ഡലത്തിലാണെങ്കിൽ മുന്നണിയിലെ വലിയ കക്ഷി മുസ്ലിം ലീഗാണ്. കൊടികെട്ടുമ്പോൾ ലീഗിന്റെ കൊടികളാണ് കൂടുതലുണ്ടാവുക. അപ്പോൾ ഉത്തരേന്ത്യയിൽ സംഘികൾ പ്രചരിപ്പിക്കുന്നതെന്തായിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ അനുഭവംവെച്ച് ഊഹിക്കാമല്ലോ. അമേഠിയിൽ തന്നെ തോൽപ്പിക്കുകയും ഇപ്പോഴും വെല്ലുവിളിക്കുകയും ചെയ്യുന്ന സമൃതി ഇറാനിപോലും പരിഹസിക്കും. ഒരുകാലത്ത് മുത്തഛൻ ജവാഹർലാൽ നെഹ്റു വരെ പറഞ്ഞത് ലീഗ് ചത്ത കുതിരയാണെന്നാണ്. ലീഗുമായി സംബന്ധമാവാം, പക്ഷേ മന്ത്രിസ്ഥാനം നൽകിക്കൂടാ, നിർബന്ധമാണെങ്കിൽ സ്പീക്കർ സ്ഥാനംകൊടുക്കാമെന്ന് പിന്നീട് നയം മാറിയതാണ്. പിന്നെപ്പിന്നെ ലീഗില്ലാതെ ഒന്നും നടക്കില്ലെന്ന് വന്നതാണ്. ഇത്രയേ പ്രശ്നമുള്ളൂ രാഹുൽ ഗാന്ധിക്ക് ജയിക്കണമെങ്കിൽ ലീഗിന്റെ പിന്തുണയിലേ പറ്റൂ, അത് കേരളത്തിലേ പറ്റൂ എന്ന് കൊടിപ്രളയം ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിൽ സംഘപരിവാർ ആക്ഷേപിക്കും, മോദിയും ഇറാനിയും ആക്ഷേപിക്കും. അതിനാൽ തമ്മിൽ ഭേദം എല്ലാ കൊടികളും തൽക്കാലം മാറ്റിവെക്കുന്നതാണ്.
ദേശീയചാനലുകൾ കൊടികളുടെ ഫോട്ടോയെടുക്കാൻ മാത്രമായി പറന്നെത്തിയിട്ടുമുണ്ട്. ഏതായാലും തിരഞ്ഞെടുപ്പ് പ്രചരണം കഴിയുന്നതുവരെ, രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്ന വേദികളിൽ പ്രത്യേകിച്ചും കൊടികൾ- പോരാ പച്ചക്കളറും പരമാവധി ഒഴിവാക്കണം. ഇതൊരടവായിക്കണ്ടുകൂടേ അടവും തന്ത്രവും തുറുപ്പുശീട്ടായ ഇടതുപക്ഷത്തിന്.
ഏറ്റവുമൊടുവിലിപ്പോൾ ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുര ന്യായേന പുതിയൊരു ചോദ്യമുയരുകയാണ്. കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ സി.എ.എയെക്കുറിച്ച് ക മാന്ന് പറയുന്നില്ല. സമ്പൂർണ മൗനം പാലിക്കുന്നുവത്രെ. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും തുറുപ്പ് സി.എ.എ. ആണ്. പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതി നടപ്പാക്കൽ. അതിന്റെ ഭാഗമായി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന്റെ അടുത്തദിവസമാണ് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തി പൗരത്വത്തിന് കാത്തുനിൽക്കുന്നവരിൽ പൗരത്വം നൽകുക മതം നോക്കിയായിരിക്കും, മുസ്ലിങ്ങളൊഴിച്ചുള്ളവർക്കേ നൽകൂ എന്നതാണ് ഭേദഗതി. അതിനെതിരെ അമേരിക്കയും ഐക്യരാഷ്ട്ര സഭയുമടക്കം അഭിപ്രായം പറഞ്ഞുകഴിഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. കോൺഗ്രസ്സും പ്രതിഷേധിച്ചു. പക്ഷേ നിർണായകമായ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുമ്പിൽ വെക്കുന്ന മാനിഫെസ്റ്റോവിൽ ആ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പറയുന്നില്ല.
അതിനെക്കുറിച്ച് കോൺഗ്രസ്സിന്റെ എല്ലാമെല്ലാമായ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞ വാചകം ഗംഭീരമാണ്- പ്രകടനപത്രികയിൽ എല്ലാ കാര്യവും പറയണോ- ഇല്ല സർ അങ്ങനെ നിയമമൊന്നുമില്ല.
ജനവിരുദ്ധ നിയമങ്ങൾ റദ്ദാക്കും എന്ന വാചകത്തിൽ എല്ലാമുൾക്കൊള്ളുന്നില്ലേ എന്ന ചോദ്യവുമുണ്ട്. അത്രയ്ക്കേ അതിന് പ്രാധാന്യമുള്ളുവെന്നർഥം. അപ്പോൾ കൊടി മാത്രമല്ല മാറ്റിവെച്ചത്- ചില നയങ്ങളും കൂടിയാണ്.
ഇങ്ങനെ വിമർശിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യാ സഖ്യത്തിലെ മറ്റു കക്ഷികൾ തിരിച്ചറിയുന്നില്ലെന്നതാണ് കഷ്ടം.