A Unique Multilingual Media Platform

The AIDEM

Articles Society Technology

സൈബർ ലോകത്തെ പുരുഷാധിപത്യവും ലൈംഗികാസക്തിയും

  • October 24, 2022
  • 1 min read
സൈബർ ലോകത്തെ പുരുഷാധിപത്യവും ലൈംഗികാസക്തിയും

ഡിജിറ്റൽ ലോകത്ത്‌ സ്ത്രീശരീരത്തെ അപകീർത്തിപ്പെടുത്തുന്ന ലൈംഗിക ചുവയോടെയുള്ള പുരുഷത്വ വേട്ടയാടൽ ഈയിടെയായി രാജ്യത്തിന്റെ പല ഭാഗത്തും അറപ്പുളവാക്കുന്ന വിധം കണ്ടുവരുന്നു. സമൂഹമാധ്യമങ്ങൾ നൽകുന്ന അജ്ഞാതത്വം മുതലെടുത്തുകൊണ്ട് അധാർമികവും നിയമവിരുദ്ധവുമായ അക്രമവും സ്ത്രീവിരുദ്ധതയും അഴിച്ചു വിടുകയാണ് ചിലർ. 

ഇത്തരം കുറ്റകരമായ പെരുമാറ്റത്തിന് എന്താണ് മറുപടി? ആധുനിക കാലത്തിന്‌ അനുയോജ്യമല്ലാത്ത പരമ്പരാഗത സദാചാരബോധത്തിലേക്കു തിരിച്ചുപോവാതെതന്നെ, മാതാപിതാക്കൾ, അദ്ധ്യാപകർ, ഉത്കണ്ഠാകുലരായ പൗരന്മാർ എന്നീ നിലകളിലെല്ലാം എങ്ങനെ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ കഴിയും? സൈബർ ലോകത്ത്‌ പതിയിരിക്കുന്ന ആപത്തുകൾക്ക് മുമ്പിൽ എങ്ങനെയാണ് ചെറുപ്പക്കാർ തമ്മിലുള്ള അടുപ്പവും ആത്മബന്ധങ്ങളും പ്രോത്സാഹിപ്പിക്കുക?

 

ലൈംഗികതയോടുള്ള ഇരട്ടത്താപ്പ്‌

 പുരാതന ഭാരതീയ ഗ്രന്ഥ്രങ്ങളിലും ദൃശ്യ-ശില്പങ്ങളിലും ക്ഷേത്ര കലാരൂപങ്ങളിലും ലൈംഗികതക്കും ശാരീരികാഭിനിവേശത്തിനും അർഹമായ സ്ഥാനം നൽകിയിട്ടുണ്ടെങ്കിലും,  വിക്ടോറിയൻ അതിസങ്കോചത്തിന്റെയും മതധാർമികനിഷ്ഠയുടെയും (prudery and puritanism) സ്വാധീനത്താൽ നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും വളരെക്കാലമായി ലൈംഗികത അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്ന്‌ തിരിച്ചറിയണം. പ്രബലമായ അതിസങ്കോചത്തിന്റെയും മതധാർമികനിഷ്ഠയുടെയും സംസ്കാരത്തിൽനിന്ന്‌ മൗലികമായി വ്യതിചലിച്ച ജീവിതവും ജീവിത മൂല്യങ്ങളും വെച്ചുപുലർത്തിയ ‘ഇതര വിക്ടോറിയൻമാരുടെ’ (Other Victorians) സാന്നിധ്യത്തെപറ്റി പത്തൊൻപതാം നൂറ്റാണ്ടിലെ വിക്ടോറിയൻ ഇംഗ്ലീഷ്‌ ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ‘പ്രീ-റാഫേലൈറ്റ് ബ്രദർഹുഡ്’ പോലുള്ള പ്രസ്ഥാനങ്ങൾ ശരീരത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ശരിയായ തിരിച്ചറിവിലൂടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ ശ്രമിച്ചു എന്നതും ശരിയാണ്. അത്തരം പ്രസ്ഥാനങ്ങൾ പ്രധാനമാണെങ്കിലും അവ ദീർഘകാലം നിലനിന്നില്ല. വിക്ടോറിയൻ മതധാർമികനിഷ്ഠയെ അടിമുടി മാറ്റാനൊന്നും ഇത്തരം ശ്രമങ്ങൾക്ക്‌ കഴിഞ്ഞില്ല. പാശ്ചാത്യ നാഗരികതയുടെ അസ്വാസ്ഥ്യത്തിനുള്ള ഉത്തരമെന്ന നിലയിൽ സ്വന്തം ശരീരവും ലൈംഗികതയും വീണ്ടെടുക്കാൻ, പ്രശസ്ത ജീവചരിത്രകാരൻ ഹാരി ടി. മൂർ ‘സ്നേഹത്തിന്റെ പുരോഹിതൻ’ എന്ന് ഉചിതമായി വിശേഷിപ്പിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് ഡി.എച്ച്. ലോറൻസിന്റെ ആഗമനം അനിവാര്യമായിരുന്നു. പൊതുധാരണ മറിച്ചാണെങ്കിലും, ‘ലേഡി ചാറ്റർലിയുടെ കാമുകൻ’ പോലുള്ള കൃതികളിൽ യാഥാസ്ഥിതിക വർഗ്ഗ ബോധത്തിനും ധാർമ്മികതയ്ക്കും മറുമരുന്നായി. അനിയന്ത്രിതമായ അല്ലെങ്കിൽ അധാർമ്മികമായ ലൈംഗികതക്കായി അദ്ദേഹം വാദിച്ചിട്ടില്ല; മറിച്ച്, പ്രബലമായ സന്യാസത്തിനും ജീവിതത്തെ നിഷേധിക്കുന്ന മതത്തിനും/ആത്മീയതയ്ക്കും എതിരായി ഒരു പുതിയ ശരീര-മനസ്-ആത്മാവ് എന്ന തുടർച്ചക്കായി അദ്ദേഹം നിലകൊണ്ടു. ആധുനിക കാലത്ത്, ലിബറൽ സംസ്കാരത്തിന്റെ ആവിർഭാവം ഉണ്ടായിട്ടും അതിസങ്കോചത്തിന്റെയും മതധാർമികനിഷ്ഠയുടെയും പ്രവണതകൾ ലോകമെമ്പാടും വിനാശകരമായി തുടരുന്നു.

 

ആധിപത്യം നിറഞ്ഞ പുരുഷ പെരുമാറ്റം

ആധുനിക ലോകത്ത് ഡി.എച്ച് ലോറൻസിന്റെ സ്വാധീനം രണ്ട് രീതിയിൽ കാണാൻ കഴിയും. പ്രോട്ടോ ഫാസിസത്തിലേക്ക് നയിക്കുന്ന പുരുഷാധിപത്യ ആദർശം എന്ന സങ്കൽപ്പത്തിന് ലോറൻസിന്റെ ഒരു ധാര കാരണമായപ്പോൾ, ശരീരത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ജീവനെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ വലിയ സന്ദേശം പാശ്ചാത്യ ഫെമിനിസം ഏറ്റെടുത്തു. ലൈംഗികത പ്രത്യുൽപാദനത്തിന് മാത്രമല്ല, അത് ആനന്ദ തത്വത്തിന്റെ അവിഭാജ്യ ഘടകവുമാണെന്ന വാദം ഫെമിനിസ്റ്റ് പ്രസ്ഥാനം അംഗീകരിച്ചു. തൽഫലമായി, സ്വന്തം ശരീരത്തിനും ലൈംഗിക സുഖത്തിനും മേലുള്ള സ്ത്രീയുടെ അവകാശം സ്വയംസിദ്ധതത്ത്വമായി അംഗീകരിക്കപ്പെട്ടു, ഈ സമീപനം ഗർഭനിരോധന മാർഗ്ഗങ്ങളിലൂടെയും സുരക്ഷിതമായ ലൈംഗിക ശീലങ്ങളിലൂടെയും കാലക്രമേണ കൂടുതൽ സ്വീകാര്യത കണ്ടെത്തി.

 

പോർണോഗ്രഫി

ജനാധിപത്യ വ്യവസ്ഥയിൽ സ്ത്രീക്ക്‌ സ്വന്തം ശരീരത്തിമേൽ കൈവന്ന അവകാശം, 1990കളുടെ അവസാനം  ഇന്ത്യയിൽ ക്രൂരമായി തടസപ്പെട്ടതിൽ ഇൻറർനെറ്റ് വിപ്ലവം സംശയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്റർനെറ്റും സൈബർ ലോകവും ആശയവിനിമയ മാർഗങ്ങളിലും രീതികളിലും വിപ്ലവം സൃഷ്ടിക്കുകയും, ആഗോള തലത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ സൗഹൃദം സുഗമമാക്കുകയും ചെയ്‌തപ്പോൾ, അത് ഓൺലൈൻ അശ്ലീലതയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിനും കാരണമായി. പാശ്ചാത്യ ലോകത്ത്‌ ഫെമിനിസ്റ്റുകൾ അടക്കം പരസ്‌പരഭിന്നമായാണ്‌ ഇതിനോട്‌ പ്രതികരിച്ചത്‌. സ്ത്രീകളുൾപ്പെടെയുള്ള ചിലർ ഇത് ലൈംഗികസുഖത്തിന്റെയും മനോരഥസിദ്ധിയുടെയും ഉറവിടമായും, ഉഭയസമ്മതപ്രകാരമുള്ള പ്രവർത്തിയായും കണക്കാക്കുന്നു. മറ്റുചിലർ, അഭിനേതാക്കൾ/നടിമാർ/കാഴ്‌ചക്കാർ എന്നിവരെ പുരുഷ നോട്ടത്തിനും വോയറിസത്തിനും വിധേയമാക്കുന്ന ചൂഷണോപാധിയായി ഇൻറർനെറ്റ് മാറുന്നത്‌ എടുത്തുകാട്ടി. അശ്ലീലം അപരിഹാര്യമായും അക്രമത്തിലേക്കും സ്ത്രീവിരുദ്ധതയിലേക്കും നയിക്കുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ, ആശങ്കാകുലരായ പൗരജനങ്ങൾ പോർണോഗ്രഫിയെ നിയന്ത്രിക്കാൻ ആധുനിക ഭരണകൂടങ്ങളോട്‌ ആവശ്യപ്പെട്ടു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ അതിനെ എതിർത്തു. പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ ഭരണകൂടത്തിന് ഒരു പങ്കുമില്ലെന്ന് അവർ വാദിക്കുന്നു. എന്നിരുന്നാലും, കുട്ടികളെ അശ്ലീലപരമായി ചിത്രീകരിക്കുന്നതും പ്രതികാരത്തിനായി മുൻകാമുകിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും, പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്‌ എന്ന കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായതും ഇന്ത്യയിൽ കൂടുതലായി പ്രകടമാകുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങൾ, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും അന്തസ്സും ലംഘിക്കുന്നതിനാൽ ക്രിമിനൽ നിയമത്തിന് കീഴിൽ വരികയും ശിക്ഷക്കു വിധേയമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും വിഷയം കൈകാര്യം ചെയ്യുമ്പോൾ സൈബർ ലോകത്ത് ഒരു അവ്യക്തത നിലനിൽക്കുന്നുണ്ട്‌.

 

ഇന്ത്യൻ സാഹചര്യം

ഇന്ത്യൻ സാഹചര്യം പാശ്ചാത്യരുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്, പ്രത്യേകിച്ച് സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള ചോദ്യം ചർച്ചചെയ്യുമ്പോൾ. കുടുംബത്തിലും സമൂഹത്തിലും ലൈംഗികബന്ധങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സംസാരിക്കാൻ ഇവിടെ വിമുഖതയുണ്ട്.  ഇത്തരം കാര്യങ്ങളിൽ അനിശ്‌ചിതത്വവും വൈഷമ്യവും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ്‌ ഇന്ത്യയിലെ യുവജനങ്ങൾ വളർന്നുവരുന്നത്‌. ഇവിടെ ലൈംഗികബന്ധങ്ങളെയും ലൈംഗികതയെയും കുറിച്ചുള്ള പഠനം പ്രധാനമായും സമപ്രായക്കാരായ സുഹൃത്തുകളിലൂടെയും (പിയർ ഗ്രൂപ്പ്) ജനപ്രിയ ദൃശ്യ മാധ്യമങ്ങളിലൂടെയുമാണ് നടക്കുന്നത്. സൗഹൃദത്തെയും അടുപ്പത്തെയും കുറിച്ചറിയാനായി കൗമാരക്കാർ സാമൂഹ്യ മാധ്യമങ്ങളിലേക്ക് തിരിയുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന്‌ പരമമായ പ്രാധാന്യം കൈവരുന്നത്‌. ധാർമ്മികത, ലൈംഗിക വർജ്ജനം, രോഗ ലക്ഷണമുള്ള വിശ്വാസങ്ങൾ എന്നിവയിലൂടെയല്ല; മറിച്ച്‌ ചെറുപ്പം മുതലേ ഇന്റർനെറ്റുമായി സമ്പർക്കം പുലർത്തുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും ഇന്നത്തെ അവസ്ഥയുടെ യാഥാർത്ഥ്യം കണക്കിലെടുത്തുള്ള സമകാലികമായ സമീപനമായിരിക്കണം നമ്മുടേത്. സ്വാതന്ത്ര്യത്തിനു വിലങ്ങിടാത്ത തരത്തിൽ വിദ്യാഭ്യാസവും ബോധവൽക്കരണവും  നൽകേണ്ടതുണ്ട്‌. അതുവഴി സാമൂഹ്യമാധ്യമങ്ങളും സൈബറിടവും ഉപയോഗിക്കുന്നതിന്റെ ഗുണദോഷങ്ങൾ മനസിലാക്കാനും കാര്യബോധമുള്ള തീരുമാനങ്ങൾ എടുക്കാനും കഴിയും.

വേരുപിടിച്ച പിതൃമേധാവിത്വം

ഡിജിറ്റൽ ഇടത്തിന്റെ അജ്ഞാതത്വം ചൂഷണം ചെയ്‌ത്‌ സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്ന പുരുഷന്മാരുടെ കാഴ്ചപ്പാടിൽ വേരൂന്നിയ പിതൃമേധാവിത്തമാണ് അപകടത്തിന്റെ യഥാർത്ഥ ഉറവിടം. സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും മറവിൽ ജാഗ്രതയില്ലാത്ത സ്ത്രീകളെ ഇരകളാക്കുകയും കെണിയിൽ വീഴ്ത്തി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെറുപട്ടണങ്ങളിലും, വിവിധ പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും വീടുകളിൽനിന്നും കുടുംബവൃത്തങ്ങളിൽനിന്നും അകന്ന് താമസിക്കുന്ന നഗരങ്ങളിലും പ്രകടമാണ്. ഒറ്റപ്പെടലും, സൗഹൃദത്തിനും അടുപ്പത്തിനുമായുള്ള ആഗ്രഹവും പലപ്പോഴും അനിഷ്ടകരമായ സംഭവങ്ങളിലേക്കും, അതിലൂടെ വിഷാദരോഗങ്ങളിലേക്കും ജീവൻ നഷ്‌ടമാവുന്നതടക്കമുള്ള ദുരന്തങ്ങളിലേക്കും നയിക്കുന്നു.

 

കൂട്ടുകെട്ടും പരസ്പര വിശ്വാസവും

ഇന്ത്യയിൽ ഇത്തരം ദാരുണ സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. രോഷം പ്രകടിപ്പിച്ചും അപലപിച്ചും, ശിക്ഷിച്ചും, ഇത്തരം അസ്വാസ്ഥ്യങ്ങളെയും വ്യതിചലനങ്ങളെയും നേരിടാമെന്ന്‌ കരുതരുത്‌. ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുകയും, സ്വീകാര്യവും അസ്വീകാര്യവുമായ ലൈംഗിക പെരുമാറ്റം പഠിപ്പിക്കുന്നത്,  സ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും വേണം. പരസ്പര ധാരണയിലും വിശ്വാസത്തിലും അധിഷ്ഠിതമായ സ്വാതന്ത്ര്യവും സൗഹൃദവും നിറഞ്ഞ ജീവിതം കണ്ടെത്താൻ യുവജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ആകർഷകവും വേട്ടയാടുന്നതുമായ സ്വഭാവത്തെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. അതുവഴി സൗഹൃദത്തിന്റെ ഒരു പുതിയ സംസ്കാരത്തിനായി വർത്തമാനത്തിന്റെയും ഭാവിയുടെയും സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും.


This article was originally published in English on The AIDEM and can be read here.

Translated by Nirmal Madhukumar.


Subscribe to our channels on YouTube & WhatsApp

About Author

പ്രൊഫ. സച്ചിദാനന്ദ മൊഹന്തി

ഹൈദ്രബാദ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും ഇപ്പോൾ ഒഡിഷ സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമാണ്. ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള ഓറോവിൽ ഫൗണ്ടേഷൻ ഗവേർണിംഗ് ബോർഡ് മെമ്പർ, എന്നീ നിലയിലും പ്രവർത്തിക്കുന്നു. യുനെസ്കോവിലെ ഇന്ത്യയുടെ എഡ്യൂക്കേഷൻ കമ്മീഷൻ അംഗമായിരുന്നു. ഹൈദ്രബാദ് അമേരിക്കൻ സ്റ്റഡീസ് റിസർച്ച് സെന്ററിലെ സീനിയർ അക്കാദമിക് അസോസിയേറ്റ് ആയും പ്രവർത്തിച്ചു.