A Unique Multilingual Media Platform

The AIDEM

Articles Kerala Memoir Politics

കാനം; തീരുമാനങ്ങളുടെ അമരക്കാരൻ

  • December 9, 2023
  • 1 min read
കാനം; തീരുമാനങ്ങളുടെ അമരക്കാരൻ

ഇതൊരു അനുസ്മരണക്കുറിപ്പല്ല. പകരം എന്നെക്കാൾ 20 വർഷം അധികം ജീവിച്ച സഹോദര തുല്യനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്നേഹവും കരുതലും അനുഭവിച്ചതിന്റെ സാക്ഷ്യപത്രമാണ്. 

മാദ്ധ്യമപ്രവർത്തനം തുടങ്ങിയ 1990കളുടെ തുടക്കം മുതൽ കാനം രാജേന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിനെ അറിയാം. അതിനു മുമ്പും യുവരാഷ്ട്രീയ നേതാവായ കാനത്തെപ്പറ്റി കേട്ടിട്ടുണ്ട്. യാദൃച്ഛികമായാണ് പരിചയപ്പെട്ടത്. 

ഒരു തീവണ്ടി യാത്ര.

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക്. എതിരെ ഒരാൾ കലാകൗമുദി വായിച്ചു കൊണ്ടിരിക്കുന്നു. ഗൗരവപ്രകൃതി. ആളെ മനസ്സിലായില്ല. കലാകൗമുദി വായിക്കുന്നത് കണ്ട് അന്നവിടെ പത്രപ്രവർത്തനമാരംഭിച്ച എനിക്കും ഒപ്പമുള്ള ഫോട്ടോഗ്രാഫറായ അനിലിനും ഏറെ സന്തോഷം തോന്നി.

‘മുന്നേ നടന്നവർ’ എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ശ്രീകുമാരൻ തമ്പി നിർവ്വഹിക്കുന്നു. കാനം രാജേന്ദ്രനൊപ്പം പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, ശ്രീകുമാർ, സി. അനൂപ് എന്നിവർ/ Facebook

യാത്ര കൊല്ലം കഴിഞ്ഞു. തൊട്ടടുത്ത സീറ്റിലിരുന്ന അനിലിനൊപ്പം സിഗരറ്റു വലിക്കാൻ ഡോറിനടുത്തേക്ക് നടന്നു. അന്ന് അത് പതിവു കാഴ്ചയായിരുന്നു. ചിലർ സീറ്റിലിരുന്ന് വലിക്കുന്നതും കാണാം. രണ്ടായാലും നിയമപരമായി അന്നും തീവണ്ടിയിൽ പുകവലി നിരോധിച്ചിരുന്നു. TTR കണ്ടാൽ നടപടി എടുക്കാം. പക്ഷെ അന്ന് പുകവലിക്കെതിരെ കർശനനിയമവും സാമൂഹ്യമായ വിലക്കുമൊന്നും ഏർപ്പെടുത്തിയിരുന്നില്ല!

സിഗരറ്റ് കത്തി. പുകവലി തുടങ്ങിയ ഞങ്ങൾ പുറംകാഴ്ചകൾ നോക്കി നിന്നു. പെട്ടെന്ന് TTR പ്രത്യക്ഷനായി. ഗൗരവക്കാരനായ അയാൾ ശാസനയോടെ ഞങ്ങളെ നോക്കി. പിന്നെ എന്റെ മക്കൾടെ പ്രായമുള്ള നിങ്ങൾ ഇങ്ങനെ സിഗരറ്റ് വലിച്ച് കൂമ്പ് വാട്ടരുതെന്ന് ഉപദേശിച്ചു. എന്നു മാത്രമല്ല ഫൈനടിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ സഹയാത്രികൻ ചില ഉപായങ്ങൾ ആദ്യം പ്രയോഗിച്ചു നോക്കി. പിന്നെ ഞാൻ ഫൈൻ അടയ്ക്കാൻ കാശില്ലെന്ന കാര്യം തുറന്നു പറഞ്ഞു. (അന്ന് വട്ടചെലവിനുള്ള തുക തന്നെ ഫീച്ചറെഴുത്തു യാത്രയിൽ ലഭിച്ചിരുന്നില്ല.) അതൊന്നും അംഗീകരിക്കാതെ TTR നിലപാടിൽ ഉറച്ചു നിന്നു.

തർക്കം ശബ്ദത്തിലായി. അപ്പോഴാണ് കാനം രാജേന്ദ്രൻ അവിടേക്ക് വന്നത്. വിവരം തിരക്കിയ അദ്ദേഹം TTRനോട് ശബ്ദമുണ്ടാക്കാതെ രഹസ്യം കണക്കെ എന്തോ സംസാരിച്ചു. അവർ പരസ്പരം അറിയുന്നവരായിരുന്നു. സംഗതി ശാന്തമായി. TTR ഞങ്ങളെ രൂക്ഷമായൊന്ന് നോക്കി മടങ്ങി. നന്ദിസൂചകമായി ഞങ്ങൾ കാനത്തെ നോക്കി ചിരിച്ചു. പരിചയപ്പെട്ടു. കലാകൗമുദിക്കുവേണ്ടി ഫീച്ചറെഴുതാനും പടമെടുക്കാനുമുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അതറിഞ്ഞ കാനം വളരെ സൗഹാർദ്ദത്തോടെ സംസാരിച്ചു. ചായയും വടയും വന്നു. അതിന്റെ കാശ് കൊടുക്കാൻ ഞങ്ങളെ അനുവദിച്ചില്ല. കോട്ടയത്താണെന്നു തോന്നുന്നു കാനം ഇറങ്ങി.

കാനം രാജേന്ദ്രൻ സിപിഐ നേതാക്കൾക്കൊപ്പം

വർഷങ്ങൾ പലത് കഴിഞ്ഞു. അപൂർവമായി മാത്രമേ തുടർന്നുള്ള വർഷങ്ങളിൽ കാണാനായുള്ളു. പിന്നെ ഞാൻ ജനയുഗത്തിലെത്തി. രണ്ടാം വരവിൽ. 2007 മുതൽ 2013 വരെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ.

2013ൽ Asianet Newsൽ എത്തിയശേഷമാണ് ജോലി സംബന്ധമായി ഇടക്കിടെ കാണാൻ തുടങ്ങിയത്. രാഷ്ട്രീയമായ കാര്യങ്ങളിൽ കൃത്യമായ ഇടതുപക്ഷ നിലപാട് വേണ്ടി വരുമ്പോൾ സമീപിക്കാവുന്ന ഇടമായിരുന്നു എനിക്ക് എം.എൻ സ്മാരകത്തിലെ കാനം എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ മുറി. നല്ല രാഷ്ട്രീയ പാരമ്പര്യത്തെ ആദരപൂർവം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാൾ. അച്യുതമേനോൻ, കെ. ദാമോദരൻ, എം.എൻ, സുഗതൻ സാർ, സി.കെ ചന്ദ്രപ്പൻ, പി.കെ.വി, എൻ.ഇ ബാലറാം, എസ്. കുമാരൻ, ഉണ്ണിരാജ – അങ്ങനെ യഥാർത്ഥ ഇടതുപക്ഷ ജീവിതം നയിച്ചവരെ മുക്തകണ്ഠം സ്നേഹിക്കുന്ന ഒരാൾ.

2022ൽ ഞാൻ ഏഷ്യാനെറ്റ് News വിട്ടു. ഇതറിഞ്ഞ് ആദ്യം വിളിച്ചതിൽ ഒരാൾ കാനം. പ്രിയ സുഹൃത്തായ ദീലീപിനൊപ്പം കാര്യങ്ങൾ വിശദമായി പറഞ്ഞു. ശ്രദ്ധാപൂർവ്വം കേട്ട ശേഷം വരാൻ പോകുന്ന CPI സംസ്ഥാന സമ്മേളനത്തിനു വേണ്ടി ചില വീഡിയോ ചെയ്യുന്ന കാര്യം സൂചിപ്പിച്ചു. ഒടുവിൽ ചർച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലെത്തി. പി. കൃഷ്ണപിള്ള മുതലുള്ള 11 കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിമാരെക്കുറിച്ച് – മുന്നേ നടന്നവർ – എന്ന പേരിൽ Long Documentary നിർമിച്ചു. അതിന്റെ ആദ്യ പ്രദർശന ശേഷം കാനം പറഞ്ഞ വാക്കുകൾ! അതു നൽകിയ ഉന്മേഷം ചെറുതായിരുന്നില്ല.

‘മുന്നേ നടന്നവർ’ ഡോക്യുമെന്ററിയുടെ പ്രകാശനം കാനം രാജേന്ദ്രൻ എം.എൻ സ്മാരകത്തിൽ വെച്ച് നിർവ്വഹിക്കുന്നു/ Facebook

ഇടയ്ക്കിടെ വിളിക്കുകയോ കാണുകയോ ചെയ്യാറില്ല. എങ്കിലും കാണുമ്പോൾ എപ്പോഴും കൂടെയുണ്ട് എന്നു തോന്നിപ്പിക്കുന്നൊരു ഇഴയടുപ്പം ചില ബന്ധങ്ങളിൽ സംഭവിക്കും. അങ്ങനെ ഒന്നാണ് കാനം രാജേന്ദ്രനിൽ നിന്നും അനുഭവിക്കാൻ കഴിഞ്ഞത്.

30 വർഷത്തിനിടയിൽ ഏറ്റവും കുറച്ചു വാക്കുകൾ മാത്രം പരസ്പരം പറഞ്ഞ രണ്ടു വ്യക്തികൾ. പറയാതെ പറയാൻ കഴിയുന്ന ചിലതുണ്ട് ചില മനുഷ്യർക്കിടയിൽ എന്നും വിചാരിക്കാം. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ട് എന്ന തോന്നൽ തരുന്ന ഒരാൾ. അത് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. കറതീർന്ന മനുഷ്യ വ്യക്തിത്ത്വത്തിനു മാത്രം നൽകാൻ കഴിയുന്നതാണ് ഈ വിനിമയങ്ങൾ.

ഇതുപക്ഷം നേരിടുന്ന പല വിമർശനങ്ങളെക്കുറിച്ചും, സി.പി.ഐ – സി.പി.എം. നിലപാടു ദൂരത്തെക്കുറിച്ചുമൊക്കെ പൊതു സമൂഹത്തിൽ നിന്നും കേൾക്കാറുള്ള ചില സന്ദേഹങ്ങൾ നേരിട്ട് കാനത്തോടു ചോദിച്ചിട്ടുണ്ട്. ലഭിച്ച മറുപടി ഇടതുപക്ഷം എന്ന രാഷ്ട്രീയദർശനം നിലനിൽക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നതായിരുന്നു.

ചിലർ വാചാലത കൊണ്ട് ഉൾക്കാമ്പില്ലായ്മ വെളിവാക്കും. ചിലർ നിശ്ശബ്ദത കൊണ്ട് ആത്മാവിന്റെ നേര് ആവിഷ്ക്കരിക്കും. നമുക്ക് തന്നെ നമ്മൾ ആരാണെന്നു കണ്ടെത്താനുള്ള വഴി കൂടിയാണ് ഇത്.

2020ൽ ‘യുവകലാസാഹിതി അബുദാബി’ വേദിയിൽ സംസാരിക്കുന്ന കാനം/ Facebook

***

രണ്ടു ദിവസം മുമ്പ് – ഡിസംബർ 7ന് – പ്രിയ സുഹൃത്തായ ബി. മുരളിയും ഞാനും എറണാകുളത്തെത്തി. ഉച്ചക്ക് രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകണം ഞങ്ങൾ അമൃത ആശുപത്രിയിലെത്തി കാനം രാജേന്ദ്രനെ കണ്ടു. രണ്ടാഴ്ച കൊണ്ട് ചികിത്സയുടെ ഒരു ഘട്ടം പൂർത്തിയാകുമെന്നും പിന്നൊരു രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷം ഉഷാറാകുമെന്നുമുള്ള ശുഭപ്രതീക്ഷ അദ്ദേഹത്തിന്റെ വാക്കുകളിൽ തിളങ്ങി.

പഴയ പാട്ടുകൾ കേട്ടു കിടന്ന് ആശുപത്രിവാസ വിരസത മറികടക്കാൻ ശ്രമിച്ച കാനം. പുതിയ എം.എൻ സ്മാരകത്തിന്റെ പൂർത്തീകണ സ്വപ്നമായിരുന്നു കാനത്തിന്റെ ഉള്ളാകെ. പിന്നെ സ്വന്തം പാർട്ടിയെ നിർണ്ണായക നിമിഷങ്ങളിൽ കരുത്തോടെ മുന്നോട്ടു നയിക്കണമെന്നും. ദിലീപ് പറഞ്ഞതുപോലെ തീരുമാനങ്ങളുടെ അമരക്കാരനായിരുന്നു കാനം. ഇനി ഈ ഇരുണ്ട കാലത്ത് വെളിച്ചത്തിലേക്ക് വിരൽ ചൂണ്ടുന്നതാര് എന്ന ചോദ്യം പ്രസക്തം. ചില പ്രതീക്ഷകൾക്കും അവസാനമുണ്ടാകും എന്ന തോന്നലും തെറ്റല്ല.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

സി അനൂപ്

പ്രശസ്ത കഥാകാരനും മാദ്ധ്യമ പ്രവർത്തകനും. കലാകൗമുദി, കൈരളി ന്യൂസ്, ജനയുഗം, ഏഷ്യാനെറ്റ് ന്യൂസ്, എന്നിവടങ്ങളിൽ പ്രവർത്തിച്ചു. ഒരു ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം എന്ന കൃതിക്ക് കഴിഞ്ഞ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.