A Unique Multilingual Media Platform

The AIDEM

Articles National Society

മണിപ്പൂര്‍: ‘അനധികൃത കുടിയേറ്റ തിരക്കഥ’യ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

  • July 24, 2023
  • 1 min read
മണിപ്പൂര്‍: ‘അനധികൃത കുടിയേറ്റ തിരക്കഥ’യ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

മണിപ്പൂരിലെ മലയോര മേഖലകളിലേക്കുള്ള കടന്നുകയറ്റം ലക്ഷ്യം വെച്ച് മണിപ്പൂർ ഭരണകൂടവും നിക്ഷിപ്ത താൽപ്പര്യക്കാരും നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് മണിപ്പൂർ അടക്കമുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം. റോഹിംഗ്യൻ മുസ്ലീങ്ങളുടെ അഭയാർത്ഥി പ്രവാഹം എന്ന പേരിൽ ദേശീയ വിഷയമായി ഇതിനെ ഉയർത്തിക്കൊണ്ടുവരാൻ സംഘപരിവാർ സംഘടനകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആർഎസ്എസ്സിന്റെ മുഖപത്രമായ ഓർഗനൈസർ അടക്കമുള്ളവ ഈയൊരു പ്രശ്‌നത്തെ മുൻനിർത്തി നിരന്തരമായി ലേഖനങ്ങൾ പടച്ചുവിടുന്നുണ്ട്.

മണിപ്പൂരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ മൂല കാരണങ്ങളിലൊന്നായി അനധികൃത കുടിയേറ്റം ഉയർത്തിക്കാണിക്കാൻ അവർ ശ്രമിച്ചുപോരുന്നു. മണിപ്പൂരിലെ അനധികൃത കുടിയേറ്റത്തിന്റെ വലുപ്പത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കും മുമ്പ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും മണിപ്പൂരിലെയും മ്യാൻമറിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും അൽപം മനസ്സിലാക്കുന്നത് നന്നായിരിക്കും.

ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലെ പർവ്വത പ്രദേശങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന മേഖലയാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ. ഇതിൽ മണിപ്പൂർ സംസ്ഥാനം ഏതാണ്ട് 400 കിലോമീറ്ററുകളോളം മ്യാൻമറുമായി അതിർത്തി പങ്കുവെക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ വലിയ തോതിൽ കൊടുക്കൽ വാങ്ങൽ നടന്നിരുന്ന മേഖലയാണിത്. രാഷ്ട്രീയാതിർത്തികൾ കൂടുതൽ ശക്തമാക്കപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭിന്നിക്കപ്പെടുകയായിരുന്നു. വംശീയവും ഭാഷാപരവും സാംസ്‌കാരികവും ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ജനതയാണ് ഈ രീതിയിൽ നിർബന്ധിത വിഭജനത്തിന് ഇരകളാക്കപ്പെട്ടത്. ഒരർത്ഥത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത അന്താരാഷ്ട്ര അതിർത്തിയാണ് മണിപ്പൂരിനും മ്യാൻമറിനും ഇടയിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ അതിർത്തി കടന്ന് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്നത് സാധാരണമാണ്.

മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ ഇന്തോ-മ്യാൻമർ സൗഹൃദ കവാടം

2021ൽ മ്യാൻമറിൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷം മണിപ്പൂർ മേഖലയിലേക്ക് ചിൻ സമുദായത്തിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. മ്യാൻമറിലെ ഏറ്റവും ദരിദ്രരായ ചിൻ സമൂഹത്തിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ കുടിയേറ്റം നടത്തിയവരിൽ ഏറെപ്പേരും. ഇന്ത്യ-മ്യാൻമർ അതിർത്തി സമൂഹങ്ങൾക്കിടയിൽ വംശീയ അടുപ്പമുള്ള വിഭാഗങ്ങളാണ് ചിൻ ജനത. മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലെ കുക്കി, മിസോ സമുദായങ്ങളുമായി ചിൻ ജനത ഭാഷാ-സാംസ്‌കാരിക ബന്ധം പുലർത്തുന്നുണ്ട്. ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, മ്യാൻമറിലെ കബാവ് താഴ്വരയിലും (Kabaw Valley) മണ്ടലായിലും (Mandalay) താമസിക്കുന്ന മെയ്തികൾക്ക് മണിപ്പൂരിലെ മെയ്‌തേയ് സമുദായങ്ങളുമായി ഇതേരീതിയിൽ ബന്ധമുണ്ടെന്നതാണ്. മ്യാൻമറിലെ രാഷ്ട്രീയ കുഴമറിച്ചിലുകളിൽ ഏറ്റവും കൂടുതൽ പീഢനങ്ങളും വിവേചനങ്ങളും അനുഭവിക്കേണ്ടി വരുന്ന വിഭാഗമാണ് ചിൻ ജനത. മ്യാൻമറിലെ പട്ടാള ഭരണം നടത്തുന്ന അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലായനം ചെയ്യുന്ന ചിൻ ജനതയ്ക്ക് രാഷ്ട്രീയാഭയം നൽകാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായിട്ടില്ലെന്നത് ഒരു ഗവൺമെന്റിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന്റെ ഉദാഹരണമാണ്.

മ്യാൻമറിലെ മിലിട്ടറി ജുൻഡാ ഭരണത്തെ പിന്തുണച്ചുകൊണ്ട് ആ രാജ്യത്തെ കൽക്കരി, തുറമുഖം, വൈദ്യുതി മേഖലകളിൽ ആധിപത്യമുറപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾക്ക് വിഘാതാമാകാതിരിക്കാനാണ് ചിൻ ജനതയ്ക്ക് രാഷ്ട്രീയാഭയം നൽകുന്നത് പരിഗണിക്കാൻ പോലും മോദി സർക്കാർ തയ്യാറാകാത്തതെന്നത് മറ്റൊരു കാര്യം. (മ്യാൻമർ പട്ടാള ഭരണകൂടവുമായി ഗൗതം അദാനിയുടെ പുത്രൻ കരൺ അദാനി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് മുമ്പ് എഴുതിയത് ഓർക്കുമല്ലോ)

രാഷ്ട്രീയ അഭയാർത്ഥി പദവിയെ സംബന്ധിച്ച 1951ലെ യുഎൻ കൺവെൻഷനിൽ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല എന്നതും അഭയാർത്ഥികളുടെ അവകാശത്തെ സംബന്ധിച്ച വ്യക്തമായ ആഭ്യന്തര നിയമനിർമ്മാണം നടത്തിയിട്ടില്ല എന്നതും അഭയാർത്ഥി പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിൽ അതത് കാലത്തെ രാഷ്ട്രീയ താൽപ്പര്യങ്ങളും കണക്കുകൂട്ടലും പ്രതിഫലിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട ചിൻ ജനതയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. ചിൻ ജനതയുമായി അടുപ്പം പങ്കിടുന്ന കുക്കി ഗോത്ര വിഭാഗവും ഈ രീതിയിൽ അപമാനിക്കപ്പെടുന്നു.

ഒരു സമൂഹത്തെ മുഴുവനും ‘അനധികൃത കുടിയേറ്റക്കാർ’ ആയി ചിത്രീകരിക്കുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്നത് സംശയരഹിതമായ കാര്യമാണ്. മണിപ്പൂരിൽ ചിൻ ജനത നിരന്തരമായ അധിക്ഷേപങ്ങൾക്ക് പാത്രമാകുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ മിസോറാമിൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച്, ചിൻ ജനതയോട് കൂടുതൽ അനുഭാവമുള്ള നിലപാട് സ്വീകരിക്കുന്നത് കാണാം. മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് ശേഷം ചിൻ ജനതയുടെ വൻതോതിലുള്ള പ്രവാഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്തരത്തിലുള്ള കുടിയേറ്റ തള്ളൽ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മലയോര ജില്ലകളിലെ അനധികൃത കുടിയേറ്റം തടയാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നടപടികളിൽ ബയോമെട്രിക് നിരീക്ഷണം, വീടുവീടാന്തരമുള്ള ആധാർ പരിശോധന, മലയോര ജില്ലകളിലെ ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക നടപടികൾ’ എന്നിവ ഉൾപ്പെടുന്നു. കൂടാതെ അതിർത്തി മേഖലയിൽ ജെസാമിക്കും ബെഹിയാങ്ങിനുമിടയിൽ 34 പോലീസ് ഔട്ട്പോസ്റ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും തീവ്രമായ നിരീക്ഷണമുണ്ടായിട്ടും, 2021 ഫെബ്രുവരി മുതൽ ഏകദേശം 5000 മ്യാൻമർ പൗരന്മാർ മണിപ്പൂരിൽ പ്രവേശിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത മാധ്യമ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 2012 മുതൽ 2023 ഫെബ്രുവരി വരെ 393 മ്യാൻമർ പൗരന്മാർ സംസ്ഥാനത്ത് തടങ്കലിലായതായി മുഖ്യമന്ത്രി ബിരേൻ സിംഗ് വെളിപ്പെടുത്തുകയുണ്ടായി. അവരിൽ ഒരാളെ നാടുകടത്തിയതായും 107 പേരെ ജയിലിലും 105 പേരെ കരുതൽ തടങ്കലിലും പാർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 180 പേർ ജാമ്യത്തിൽ ഇറങ്ങിയെന്നും മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ വിശദീകരിക്കുന്നു. ഈ 393 അനധികൃത കുടിയേറ്റങ്ങളിൽ 210 എണ്ണം 2022 ഫെബ്രുവരിക്കും 2023നും ഇടയിൽ നടന്നതാണ്.

ബിരേൻ സിംഗ്, മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂര്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്, 2023ല്‍ മൊത്തം 114 കുടിയേറ്റക്കാരെ തടവിലാക്കിയിട്ടുണ്ട്. ഇവരെ തെങ്നൗപാല്‍, ചുരാചന്ദ്പൂര്‍, ചന്ദേല്‍ ജില്ലകളില്‍ കുടിയേറ്റക്കാര്‍ക്കായി ഉണ്ടാക്കിയ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്നു.

നിലവിലുള്ള അനധികൃത കുടിയേറ്റ പ്രശ്‌നത്തെ മാനുഷികമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതിന് പകരം ഒരു ജനതയെ അപമാനിക്കുന്ന നടപടികളിലാണ് അധികൃതര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മ്യാന്‍മറിലെ ആഭ്യന്തരയുദ്ധം കാരണം സമീപ വര്‍ഷങ്ങളില്‍ നേരിയതോതിലുള്ള കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ (UNHCR) തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കില്ലെന്നും മൂന്നാം രാജ്യങ്ങളില്‍ പുനരധിവാസം നേടുന്നവര്‍ക്ക് പോലും എക്‌സിറ്റ് പെര്‍മിറ്റ് നല്‍കില്ലെന്നും ആഭ്യന്തര മന്ത്രാലയം മുഖേന കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. യുഎന്‍എച്ച്സിആറിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ഉണ്ടെന്നിരിക്കെയാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, മണിപ്പൂരില്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO) പ്രവര്‍ത്തിക്കുന്നില്ല. ശരിയായ സംവിധാനമില്ലാത്തതിനാല്‍ അഭയാര്‍ഥികളില്‍ പലരും അനധികൃത കുടിയേറ്റക്കാരായി മാറുകയാണ്.

മണിപ്പൂരിലെ അഭയാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

കുടിയേറ്റ പ്രശ്‌നം ശരിയായ രീതിയിൽ പരിഹരിക്കുക എന്നതിനപ്പുറം വിഭജന-വംശീയ രാഷ്ട്രീയം നടപ്പിലാക്കാനും മലയോര മേഖലകളിലേക്ക് പ്രബല വിഭാഗങ്ങൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കിക്കൊടുക്കാനും ആണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പിൻകുറിപ്പ്: ഭരണകൂടവും സംഘപരിവാരങ്ങളും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് വാചാലരാകുമ്പോൾ ഇന്ത്യയിൽ നിന്ന് അമേരിക്ക-കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ചില കണക്കുകൾ ശ്രദ്ധിക്കുക:

അമേരിക്കൻ ഗവൺമെന്റിന്റെ കണക്കനുസരിച്ച് 2019 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെയുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം 1.49 ലക്ഷമാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഗുജറാത്തിൽ നിന്നാണെന്ന് അറിയുക. രണ്ടാമത് പഞ്ചാബിൽ നിന്നും. 2023 മാർച്ചിൽ മാത്രം അമേരിക്കൻ ബോർഡർ ഗാർഡ്‌സിന്റെ പിടിയിലായത് 9,648 ഇന്ത്യക്കാരാണ്!! (ഈ കുടിയേറ്റങ്ങളൊക്കെയും നടന്നത് മോദിയുടെ അമൃതകാലത്താണെന്നത് മറ്റൊരു കാര്യം)

 

ഈ കുറിപ്പ് തയ്യാറാക്കുന്നതിൽ NEFISന്റെ കോ-ഓർഡിനേറ്റർ കിഷൻ യുംനാമുമായുള്ള സംഭാഷണം സഹായകമായിട്ടുണ്ട്.


About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.