A Unique Multilingual Media Platform

The AIDEM

Articles Literature

പ്രഥമ സായാഹ്ന പുരസ്കാരം തിക്കോടിയന് സമർപ്പിച്ചു

  • August 13, 2022
  • 1 min read
പ്രഥമ സായാഹ്ന പുരസ്കാരം തിക്കോടിയന് സമർപ്പിച്ചു

സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ സായാഹ്ന പുരസ്കാരം മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തിക്കോടിയന് സമർപ്പിച്ചു. തിക്കോടിയന്റെ എല്ലാ കൃതികളും പകർപ്പവകാശമില്ലാതെ സ്വതന്ത്രപ്രസാധനത്തിനു വഴിയൊരുക്കിയതിനാണ് മകൾ പുഷ്പകുമാരിക്കും കുടുംബത്തിനും പുരസ്കാരം നൽകിയത്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി കോഴിക്കോടുള്ള തിക്കോടിയന്റെ വീട്ടിലെത്തിയാണ് പുരസ്കാരം സമർപ്പിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്ത ചിത്രകാരൻ കെ എം മധുസൂദനൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങിയതാണ് സായാഹ്ന പ്രൈസ്. ദശാബ്ദങ്ങളോളം കോഴിക്കോടിന്റെ സാംസ്കാരിക-സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന തിക്കോടിയനുള്ള മരണാനന്തര ബഹുമതികൂടിയാണ് ഈ പുരസ്കാരം. അറ്റുപോയ കണ്ണി, ജീവിതം, ഒരേ കുടുംബം, പ്രസവിക്കാത്ത അമ്മ, പുതിയ തെറ്റ്, പുതുപ്പണം കോട്ട, പുഷ്പവൃഷ്ടി, രാജമാർഗ്ഗം, തീപ്പൊരി, ചുവന്നകടൽ, അരങ്ങു കാണാത്ത നടൻ എന്നിവയാണ് സായാഹ്ന പ്രസിദ്ധീകരിച്ച തിക്കോടിയന്റെ കൃതികൾ. ലളിത ജീവിതം എന്ന തത്ത്വം കർശനമായി പാലിച്ചിരുന്ന തിക്കോടിയൻ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്ന കാര്യത്തിൽ പോലും അതിയായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതു പാലിക്കുന്നതിൽ മകളും സുഹൃത്തുക്കളും നിഷ്കർഷ പുലർത്തുകയും ചെയ്തു. അക്കാര്യംകൂടി കണക്കിലെടുത്ത് ആഘോഷങ്ങളില്ലാതെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സായാഹ്ന പുരസ്കാരം തിക്കൊടിയന്റെ മകൾ പുഷ്പ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയിൽ നിന്ന് സ്വീകരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനിച്ച പി കുഞ്ഞനന്തൻ നായർക്ക് സഞ്ജയനാണ് തിക്കോടിയൻ എന്ന പേരു നൽകിയത്. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ പ്രവേശം കവിതയിലൂടെയായിരുന്നു. പിന്നീട് നാടകങ്ങളിലേക്കു തിരിഞ്ഞു. കോഴിക്കോട് ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ അദ്ദേഹത്തിന്റെ ആദ്യ നാടകമാണ്. ശബ്ദസാദ്ധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കോടിയന്റെ നാടകങ്ങൾ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് തിക്കോടിയന്റെ കൃതികൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്ന തരത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ‘അരങ്ങു കാണാത്ത നട’നാണ് തിക്കോടിയന്റെ ആത്മകഥ. 1995-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും വയലാർ രാമവർമ്മ പുരസ്കാരവും ഈ കൃതിക്ക് ലഭിച്ചു. നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. യാഗശില, ഒരേ കുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്വർക്കിൽ വരികയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

സാഹിത്യ കൃതികളുടെ സ്വതന്ത്രപ്രകാശനത്തിനും അതിന്റെ വ്യാപനത്തിനുമായി യത്നിക്കുന്ന പൊതുജനപങ്കാളിത്തമുള്ള ഒരു പ്രസാധനസംരംഭമാണ് സായാഹ്ന ഫൌണ്ടേഷൻ. മലയാള ഭാഷയിലെ പകർപ്പവകാശ പരിധി കഴിഞ്ഞ പുസ്തകങ്ങൾ ഡിജിറ്റലായി സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രപ്രകാരം പ്രസിദ്ധീകരിക്കുവാൻ തയ്യാറാവുന്ന ഗ്രന്ഥകർത്താക്കളുടെ കൃതികളും സായാഹ്ന പ്രസാധനം ചെയ്യുന്നു. 2021 ജൂലൈ മുതൽ 2022 ജൂലൈ വരെ സായാഹ്നയിൽ പ്രസിദ്ധീകരണത്തിനായി ലഭിച്ച കൃതികളിൽ ഏറ്റവും ശ്രദ്ധേയമായവ പ്രശസ്ത നാടകകൃത്തും സാമൂഹികപ്രവർത്തകനുമായ തിക്കോടിയന്റേതാണ്. സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ അച്ചടിപ്പതിപ്പിന്റെ വില്പനയെ ബാധിക്കും എന്നതിനാൽ ഗ്രന്ഥകാരന്മാർ ഇത്തരം സ്വതന്ത്രപ്രസാധനം ചെയ്യാറില്ല. പക്ഷെ, തിക്കോടിയന്റെ അവകാശികൾക്ക് അങ്ങനെയൊരു ആശങ്കയുണ്ടായില്ല. തിക്കോടിയന്റെ എല്ലാ കൃതികളും ആളുകൾ വായിക്കട്ടെ എന്ന ചിന്തയോടെയാണ് സ്വതന്ത്രപ്രസാധനത്തിനു തയ്യാറായത്.

“അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ, പോരണ്ടാന്ന്” എന്ന പാട്ട് ആകാശവാണിക്കുവേണ്ടി തിക്കോടിയൻ എഴുതിയതാണ്. പിന്നീട് ഉറ്റ സുഹൃത്തായ രാഘവൻ മാഷ് ഒരു സിനിമയിൽ വർഷങ്ങൾക്കു ശേഷം അതുപയോഗിക്കുകയും എക്കാലത്തെയും ഹിറ്റായി കാമ്പസ്സുകളിൽ ഇന്നും ആ പാട്ട് അലയടിക്കുകയും ചെയ്യുന്നത് തിക്കോടിയൻ എന്ന കാലാതീതന്റെ വിസ്മയമാണ്.

About Author

ദി ഐഡം ബ്യൂറോ