വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ സത്യാഗ്രഹത്തിന്റെ മൂല്യങ്ങളെ വർത്തമാനകാല സാമൂഹ്യ – രാഷ്ട്രീയ മൂല്യങ്ങളുമായി താരതമ്യം ചെയ്യുകയാണ് രാഷ്ട്രീയ നിരീക്ഷകനായ എൻ എം പിയേഴ്സൺ. വൈക്കം സത്യാഗ്രഹം വളർത്തിയെടുത്ത സാമൂഹ്യ രാഷ്ട്രീയ ചിന്താധാര പുതിയകാലത്ത് എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തസത്തകളിൽ ഒന്ന് കൊളോണിയൽ ഇന്ത്യയിലെ ജാതിവിവേചനം അവസാനിപ്പിക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള സമരപോരാട്ടം എന്നതിനൊപ്പം സാമൂഹ്യ അനാചാരങ്ങൾക്കും സവർണ ഭൂപ്രഭു വർഗത്തിന്റെ കീഴാള ആധിപത്യത്തിനും എതിരെയുള്ള പ്രക്ഷോഭം കൂടിയായിരുന്നു അത്. ഇതിന്റെ ദേശീയമാനം ഉൾക്കൊണ്ട സമുജ്ജ്വലമായ സമരമായിരുന്നു വൈക്കം സത്യാഗ്രഹ സമരം. കീഴാള ഉയർപ്പിന്റെ ഒരു ജ്വാലാമുഖം. പുലയനെ നായർക്കൊപ്പം പൊതുവഴിയിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്ന മഹത്തായ സിവിൽ ലിബറൽ വിളംബരം. ഒരു നൂറ്റാണ്ടിനുശേഷം ആ മഹത്തായ മാനവിക മൂല്യങ്ങളെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിക്കുന്ന സമൂഹമാണ് വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നത്. കേന്ദ്രഭരണകൂടം അംബേദ്ക്കർ സൃഷ്ടിച്ച ഭരണഘടന പുതുക്കെപ്പതുക്കെ നശിപ്പിച്ചുകൊണ്ടിരിക്കുകയും എന്നാൽ അംബേദ്കറിന്റെ പ്രതിമകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അംബേദ്ക്കറുടെ ആശയങ്ങളെ കൊന്നുതിന്നാൻ അംബേദ്ക്കറുടെ പ്രതിമകൾക്കാവുമെന്ന് മോദി വിശ്വസിക്കുന്നു. അതിനാൽ അംബേദ്ക്കറെ വാഴ്ത്തുകയും അംബേദ്ക്കറുടെ ജാതി ഉച്ചാടനത്തെ കുഴിച്ചുമൂടുകയും ചെയ്യുന്നു.
സമരത്തിന്റെ വർത്തമാനകാല കാഴ്ച
ഇരുണ്ടകാല കേരളത്തെ പ്രകാശത്തിന്റെ അരിക് കാണിച്ച് വിസ്മയം വിതറിയ സമര ജ്വാലയായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റേത്. അവർണരെ മനുഷ്യരായി കാണാത്ത കാലം. വിദ്യാലയങ്ങളും പൊതുസ്ഥലങ്ങളും പൊതു നിരത്തുകളും അവർണ്ണർക്ക് നിഷേധിച്ച കാലം. നല്ല ദൈവങ്ങളെപ്പോലും അകന്ന് നിന്നുപോലും ആരാധിക്കാൻ കീഴാളർക്ക് അനുവാദമില്ലാത്ത കാലം. അയിത്തം മുടിയഴിച്ചാടിയ ഇരുണ്ടകാലം. ഓരോ ജാതിക്കും തീണ്ടാദൂരങ്ങൾ കൽപിച്ച് എല്ലാത്തരം നികുതികളും അവർണരിൽ അടിച്ചേൽപ്പിച്ച് അതിന്റെ ഗുണഭോക്താക്കളായി ബ്രാഹ്മണർ വാണകാലം. മനുസൂക്തങ്ങൾകൊണ്ട് മനുഷ്യരുടെ നാവും ശരീരവും വരിഞ്ഞു മുറുക്കി അടിമത്വത്തെ ബലപ്പെടുത്തിയ കാലം. ഈ കാലത്തെ തച്ചുടച്ച വിപ്ലവമായിരുന്നു വൈക്കം സത്യാഗ്രഹം. കേരളീയന് വൈക്കം സത്യാഗ്രഹം കീഴാള പോരാട്ടത്തിന്റെ നിത്യസ്മാരകമാണ്.
കേരള സമൂഹത്തിന്റെ അലകും പിടിയും മാറ്റിയ ഈ പോരാട്ട ചരിത്രം പുതിയ തലമുറ കഥപോലെ കേൾക്കേണ്ട കാര്യമല്ല. സമൂഹത്തിൽ അടിസ്ഥാനമാറ്റങ്ങൾ സൃഷ്ടിച്ച ആ സമരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ ഒരു ‘പാരഡൈം ഷിഫ്റ്റ്’ കൊണ്ടുവന്നു. ഒരുതരം കോപ്പർ നിക്കിയൻ വിപ്ലവം. കോപ്പർ നിക്കിയൻ വിപ്ലവം ശാസ്ത്രത്തിൽ വരുത്തിയ മാറ്റത്തിന് സമാനമായ മാറ്റമാണ് വൈക്കം സത്യാഗ്രഹം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ തീർത്തത്. അതുകൊണ്ടാണ് എൻ.എസ്. മാധവൻ പറഞ്ഞത് വൈക്കം സത്യാഗ്രഹം മലയാളിയുടെ ഡി.എൻ.എ. മാറ്റിയെന്ന്. മലയാളി സമൂഹത്തിന്റെ ആധുനികതയെ നിർവചിച്ചത് ആ സമരമാണ്.
ഭാവിയുടെ സഹോദര സങ്കൽപമായ സഹോദരൻ അയ്യപ്പൻ ചെറായിയിൽ നിന്ന് പറവൂരിലെ രാമവർമ്മ ഇംഗ്ലീഷ് ഹൈസ്കൂളിലേയ്ക്ക് പഠിക്കാൻ നടന്നുവരുമ്പോൾ സ്ഥിരം കേട്ടിരുന്ന ചീത്ത “വേഗം മാറിനെടാ കൊട്ടികളെ’ എന്നായിരുന്നു. സവർണകുട്ടികൾക്ക് ഈഴവ കുട്ടികൾ വഴിമാറിക്കൊടുക്കണം. ഈഴവ കുട്ടിയ്ക്ക് വഴിമാറിക്കൊടുക്കാത്ത പുലയ കുട്ടിയെ ഈഴവ ഗുണ്ടകൾ അടിക്കും. ഇതൊക്കെ പൊതുസമൂഹം മൗനമായി സ്വീകരിക്കും. ജാതി വിവേചനത്തിന്റെ, അയിത്തത്തിന്റെ, തീണ്ടലിന്റെ വൃത്തികെട്ട എല്ലാ ദുരാചാരങ്ങളെയും സാമൂഹ്യ ശരീരത്തിലേയ്ക്ക് ആവാഹിച്ച ആ കാലത്തെ കത്തിച്ചു കളഞ്ഞ സമരജ്വാലയായിരുന്നു വൈക്കത്ത് നടന്നത്.
ജാതിവിവേചനത്തിന്റെ ക്രൂരതകളെ ഉന്മൂലനം ചെയ്യാൻ പുലയനെ തല്ലുന്ന ഈഴവനും ഈഴവനെ തല്ലുന്ന നായരും ഒരുമിച്ച് ചേർന്ന മാനവീയതയുടെ മഹത്തായ സംരംഭമായിരുന്നു വൈക്കത്ത് വിജയിച്ചത്. കുഞ്ഞാപ്പി എന്ന പുലയനും ബാഹുലേയൻ എന്ന ഈഴവനും ഗോവിന്ദപ്പണിക്കർ എന്ന നായരും ഒരുമിച്ച് അയിത്തജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച നിരത്തിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചുകൊണ്ടാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. അവരെ പോലീസ് തടഞ്ഞു. അവരോട് പോലീസ് ജാതിചോദിച്ചു. “നിങ്ങളുടെ ഓരോരുത്തരുടെയും ജാതി എന്താണ് ?’. അവർ ഓരോരുത്തും ഉത്തരം പറഞ്ഞു. “ഞാൻ പുലയനാണ്’ കുഞ്ഞാപ്പി പറഞ്ഞു. “ഞാൻ ഈഴവനാണ്’ ബാഹുലേയൻ പറഞ്ഞു. “ഞാൻ നായരാണ്’ ഗോവിന്ദപ്പണിക്കർ പറഞ്ഞു. “നായർക്ക് കടന്നുപോകാം. മറ്റ് രണ്ട് പേരും ഇതിലേ കടന്നുപോകാൻ പാടില്ല’. അത് പോലീസിന്റെ ആജ്ഞയായിരുന്നു. അത് ലംഘിക്കാനാണ് സമരപോരാളികൾ വന്നത്. അപ്പോൾ ഗോവിന്ദപ്പണിക്കർ പറഞ്ഞു “പൊതുജനങ്ങൾ കരമടക്കുന്ന ഈ പൊതുവഴിയിലൂടെ ഇവരെ കൊണ്ടുപോകാനാണ് ഞാൻ വന്നിരിക്കുന്നത്’. വഴിയിലേയ്ക്ക് സമാധാനപൂർവ്വം കടക്കാൻ ശ്രമിച്ച അവരെ പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത് ആറ് മാസം വെറും തടവിന് ശിക്ഷിച്ചു. സമരം പിന്നാലെ വന്നവർ തുടർന്നു. 603 ദിവസം കഴിയുമ്പോൾ ആ നിരത്ത് പുലയനും ഈഴവനും തുറന്നു കൊടുത്തുകൊണ്ടുള്ള അധികാരികളുടെ ഉത്തരവ് ഇറങ്ങി. വൈക്കം സത്യാഗ്രഹത്തിന്റെ സന്ദേശം മനുഷ്യരുടെ ജാതി വിവേചനം അശാസ്ത്രീയമാണ് എന്നാണ്. 1914 ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു പ്രഖ്യാപിച്ച – ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്, ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ – എന്ന യുക്തി രാഷ്ട്രീയമായി സാക്ഷാത്കരിച്ചതാണ് വൈക്കം സത്യാഗ്രഹം. ആ സന്ദേശം നഷ്ടപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമത്തെ ജന്മശതാബ്ദി ആഘോഷങ്ങൾ മറച്ചു പിടിക്കുന്നു.
ആശാന്റെ ചോദ്യവും രാജാവിന്റെ ഉത്തരവും
അന്നത്തെ തിരുവിതാംകൂർ നിയമസഭയിൽ പ്രതിനിധിയായിരുന്ന കുമാരനാശാൻ ചോദിച്ചത് മഹാരാജാവിനോട് മാത്രമല്ല മാലോകരോട് മുഴുവനായിട്ടായിരുന്നു. പ്രജകളിൽ ഭൂരിപക്ഷം വരുന്ന ഈഴവർക്കും മറ്റ് അവർണർക്കും അവരുടെ പൗരാവകാശങ്ങളെ നിഷേധിക്കുന്ന തീണ്ടപ്പലകകൾ എടുത്തുമാറ്റാൻ മഹാരാജാവ് തിരുമനസ്സ് തയ്യാറാണോ എന്നാണ് ആശാൻ ചോദിച്ചത്. ഇല്ലെന്നായിരുന്നു തിരുമനസ്സിന്റെ ഉത്തരം. ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള വഴിയിലൂടെ പട്ടിയും പൂച്ചയും നടക്കട്ടെ, പക്ഷെ അവർണ ഹിന്ദുക്കൾ നടക്കരുതെന്നായിരുന്നു “തീണ്ടപ്പലകകളുടെ ശാസനം’. അതിളക്കി മാറ്റാൻ ആഗ്രഹിച്ച ആശാന് തുണയായത് ഗുരുശിഷ്യനായ ടി.കെ. മാധവന്റെ പ്രവൃത്തികളായിരുന്നു. 1921 ൽ തിരുനെൽവേലിയിൽ വച്ച് മഹാത്മാഗാന്ധിയെക്കണ്ട മാധവൻ ജാതി വിവേചനത്തിനെതിരെയുള്ള സമരത്തെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുകയായിരുന്നു, കേരളത്തിലെ ജാതി വിവേചനത്തിനെതിരായ സമരം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കുന്നതിന്റെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞ ഗാന്ധി അതേറ്റെടുത്തു. ഖിലാഫത്ത് സമരമടക്കം രാജ്യത്ത് ഉയർന്നുവന്ന എല്ലാ സമരങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കൈച്ചാലുകളാക്കി മാറ്റാനുള്ള അനിതര സാധാരണമായ സമരപാടവമാണ് ഗാന്ധിജിയെ ഒരു മനുഷ്യവിമോചനപ്പോരാളിയാക്കി മാറ്റിയത്. വൈക്കം സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഊർജ്ജം പകർന്നോ എന്ന് പരിശോധിക്കാൻ നടക്കുന്ന ഗവേഷകർ വിയർക്കേണ്ടതില്ല. അത് ബ്രിട്ടീഷ്-നാടുവാഴി അധികാരത്തെ ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ‘തൊടീൽ’ ആട്ടിപ്പുറത്താക്കുന്നതുവരെ ഇന്ത്യയ്ക്ക് പൂർണ സ്വരാജിന് അർഹതയുണ്ടാവില്ലെന്നായിരുന്നു ഗാന്ധിജിയുടെ നിരീക്ഷണം. ഹിന്ദുയിസം ഒരു സനാതന ധർമ്മമാണെന്ന കാഴ്ചപ്പാടിനെ അത് വെല്ലുവിളിച്ചു. ചാതുർവർണ വ്യവസ്ഥയെ പൊളിച്ചെഴുതാനുള്ള ആഹ്വാനം അതിലുണ്ടായിരുന്നു. സനാതന ധർമ്മം ബ്രാഹ്മണിക്കൽ അധീശത്വത്തിന്റെ ഉൽപന്നമാണ് എന്ന തിരിച്ചറിവ് അതിലുണ്ട്. അതുകൊണ്ടാണ് ഗാന്ധിജി കോൺഗ്രസ്സിനോട് അയിത്തോച്ചാടനം നടത്താൻ ആവശ്യപ്പെട്ടത്. വൈക്കം സത്യാഗ്രഹം ദേശീയ സമരത്തെ സ്വാധീനിക്കുകയും ദേശീയ സ്വാതന്ത്ര്യസമരം വൈക്കം സത്യാഗ്രഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
കീഴാള ഉയിർപ്പിനെ അട്ടിമറിക്കാനുള്ള ഉപകരണമാകുന്ന ഇടതുപക്ഷം
ഗാന്ധിയൻ സത്യാഗ്രഹ സമരത്തിന്റെ ഏറ്റവും വിശാലമായ പ്രയോഗവേദിയായിരുന്നു വൈക്കം സത്യാഗ്രഹ സമരം. ഒരു പൗരന് ആവശ്യപ്പെടാവുന്ന ഏറ്റവും ചെറിയ ആവശ്യമാണ് പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള അവകാശം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി “സത്യാഗ്രഹം’ എന്ന സമര സിദ്ധാന്തം അർത്ഥശോഭയോടുകൂടി അരങ്ങേറിയ വിസ്മയമായിരുന്നു വൈക്കത്തേത്. രാജഭക്തിഗാനം മാത്രം കേട്ട് വളർന്ന ഒരു ജനത അധികാരി വർഗത്തിനെതിരെയുള്ള പടപ്പാട്ട് കേട്ടത് വൈക്കത്തുനിന്നാണ്. “വരിക വരിക സഹജരേ പതിതരില്ല മനുജരിൽ ” എന്നത് വിശ്വമാനവഗീതമാണ്. കേരളത്തിലെ ആധുനിക തൊഴിലാളിവർഗം ആലപ്പുഴയിലും ആലുവയിലും ‘വഞ്ചീശമംഗളം’ പാടെ അവസാനിപ്പിച്ചു. ക്രമേണ ഇടതുപക്ഷ തൊഴിലാളിവർഗ രാഷ്ട്രീയം കേരളത്തിൽ ശക്തി പ്രാപിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ബാക്കി പത്രം ഈഴവരും പുലയരും അടങ്ങിയ സമൂഹത്തിന്റെ കീഴ്ത്തട്ട് സംഘടിത വിമോചനശക്തിയായി മാറിയതായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ രാഷ്ട്രീയ മുൻകൈ നേടാൻ കഴിഞ്ഞത്. അവർ അധികാരത്തിൽ എത്തിയതും.
വൈക്കം സമരത്തെ പലരും ഒരു എലീറ്റ് ക്ലാസ്സിന്റെ സമരമായി വിലയിരുത്തുന്നുണ്ട്. സവർണ്ണജാഥയും മന്നത്തുപത്മനാഭന്റെ നേതൃത്വവും അങ്ങിനെ വിലയിരുത്താൻ പ്രേരകമായി. സമരത്തിന്റെ മുൻനിരയിൽ കെ.പി. കേശവമേനോൻ അടക്കമുള്ള നിരവധി നായകർ എലീറ്റ് ക്ലാസ്സിലുള്ളവർ ആയിരുന്നു. പക്ഷെ നേതൃനിര എലീറ്റ് ക്ലാസ്സിന്റേതായിരുന്നെങ്കിലും അതിന്റെ അന്തർധാര കീഴ്ത്തട്ട് തന്നെയായിരുന്നു. കാരണം ആ സമരം ആത്യന്തികമായി കീഴാള ജനതയുടെ ഉയർപ്പിനുള്ള മഹാപ്രസ്ഥാനമായിരുന്നു. കെ.പി. കേശവമേനോന്റെ വൈക്കം സ്മരണകളിൽ അത് അദ്ദേഹം എടുത്തുപറയുന്നുണ്ട്. “സത്യാഗ്രഹം പല നിലകളിലായി ഇരുപത് മാസത്തോളം നീണ്ടുനിന്നു. അത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും അയിത്തം അകറ്റി. അവർണ്ണരുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കുന്നതിനുള്ള അസ്ഥിവാരം കെട്ടിപ്പടുത്തു. ഒരു പുതിയ സാമുദായിക വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള അന്തരീക്ഷവും അതുണ്ടാക്കി.”
കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥ ഉടച്ചുവാർക്കാൻ ആവശ്യമായ ഊർജ്ജം വൈക്കം സത്യാഗ്രഹത്തിനുണ്ടായി. അതിന്റെ ഫലമായി പെരുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമായി മാറി. തുടർന്ന് ക്ഷേത്രപ്രവേശനത്തിലേയ്ക്കുള്ള പ്രക്ഷോഭമായി അത് വളർന്നു. പൊതുവിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും കീഴാളർക്ക് ലഭിക്കണം, കൃഷിക്കാരുടെ അവകാശങ്ങൾ, തൊഴിലാളികൾക്ക് മാനവും മര്യാദയും കാത്ത് ജീവിക്കാനുള്ള പോരാട്ടങ്ങൾ, വയലാറും, പുന്നപ്രയും, ശൂരനാടും, മൊറാഴയും, മുനയൻകുന്നു, കയ്യൂരും, കരിവെള്ളൂരും ഇടപ്പള്ളിയുമൊക്കെ തുടർന്ന് തുറക്കപ്പെട്ട സമര മുഖങ്ങളായിരുന്നു. ഇതിന്റെ ഉൽപന്നമായിരുന്നു കേരളത്തിലെ ഇടതുപക്ഷം. പക്ഷെ, അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന് ആ രാഷ്ട്രീയധാരയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പലപ്പോഴും വീഴ്ചപറ്റി. ഇടതുപക്ഷത്തിന്റെ ഓരോ വീഴ്ചയും മനുവാദികളും വർഗീയവാദികളും അവർക്ക് കയറാനുള്ള ചവിട്ടുപടിയാക്കി മാറ്റിക്കൊണ്ടിരുന്നു. കേരളം ഞങ്ങൾ പിടിക്കും എന്ന് മോദിപറയുന്നത് ഇടതുപക്ഷത്തിന്റെ ഈ ഇടർച്ച കണ്ടിട്ടാണ്. സനാതന ഹിന്ദു മുന്നോട്ടുവെക്കുന്ന ചാതുർവർണ്യവ്യവസ്ഥ കേരളത്തിലേയ്ക്ക് കടന്നുവരുമ്പോൾ വൈക്കം സത്യാഗ്രഹം ഉയർത്തിയ മാനവീയതയുടെ എടുപ്പുകൾ തകർന്നു വീഴും,
ഇണ്ടൻതുരുത്തി മന തിരിച്ചുവരുന്ന രീതി
വൈക്കം സത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ സവർണ മേധാവികളുമായി ഗാന്ധിജി സംസാരിക്കാൻ തീരുമാനിച്ചു. 1925 മാർച്ച് 10 ന് ഇണ്ടൻതുരുത്തി നമ്പ്യാതിരിയുടെ ഇല്ലത്തുവച്ചായിരുന്നു സംഭാഷണം. ആ ചർച്ചയ്ക്കു ചെന്ന ഗാന്ധിജിയെ തീണ്ടാപ്പാട് അയലത്താണ് മനമേധാവികൾ ഇരുത്തിയത്. പബ്ലിക്ക് റോഡുകൾ ഏതൊരു വർഗത്തിൽപ്പെട്ടവനായാലും ഉപയോഗിക്കുന്നതിൽ നിന്ന് അവനെ തടയുന്ന ഒന്നും ഹിന്ദുമതത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന വേദസൂക്തങ്ങളിലോ കേവലയുക്തി ചിന്തയിലോ ഇല്ലെന്ന് ഗാന്ധി പറഞ്ഞപ്പോൾ നമ്പ്യാതിരി പറഞ്ഞത് “ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻ ജന്മങ്ങളിലെ പാപകർമ്മങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാരവിധികളനുസരിച്ച് അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരെക്കാളും ഹീനരാണ്’. കീഴ്ജാതിക്കാരെ ഹീനവർഗമായി കാണുന്ന അവരുടെ കാഴ്ചപ്പാടിനെ ന്യായീകരിക്കാൻ അവർ ഗാന്ധിജിയുടെ മുന്നിൽ ഹാജരാക്കിയത് “ശാങ്കരസ്മൃതി’ ആയിരുന്നു. ആ ശാങ്കരസ്മൃതിയും അതിന്റെ വക്താക്കളും ഇന്ന് തിരിച്ചുവരികയാണ്. അവർ മുസ്ലീമിനെ തീവ്രവാദിയും ഹീനജാതിക്കാരനുമാക്കുന്നു. അനിൽ ആന്റണിയെയും ജോർജ്ജ് കുര്യനെയും പോലുള്ള ക്രിസ്ത്യാനി ഉപകരണങ്ങളെ ഒഴിച്ച് ബാക്കിയുള്ള ക്രിസ്ത്യാനികളെ ഹിന്ദുവിന്റെ സ്വത്ത് കവർന്ന കൊള്ളക്കാരായി കാണുന്നു. ഇന്നത്തെ “ഹേറ്റ് സ്പീച്ചു’കളെല്ലാം സനാതന ഹിന്ദുക്കളുടെ അട്ടഹാസങ്ങളായി മാറുന്നു. പുതിയതരം ഇണ്ടൻ തുരുത്തിമനകൾ ഉയർന്നു വരുന്നു. പുതിയ ഇണ്ടൻ തുരുത്തി നമ്പ്യാതിരിമാരുടെ ആഘോഷങ്ങൾ ഉയരുകയാണ്.
പൈതൃകം കയ്യൊഴിയുന്ന ‘മാതൃഭൂമി’
ചരിത്രം കോമാളിവേഷം കെട്ടിയത് ‘മാതൃഭൂമി’യുടെ രൂപത്തിലായി എന്നത് നൽകുന്ന സന്ദേശം അമ്പരപ്പിക്കുന്നതാണ്. ചരിത്രം ആയുധമാണ്. പുതിയ കാലത്തെ കൂടുതൽ പുരോഗമനപരവും മനുഷ്യത്വമുള്ളതുമാക്കിമാറ്റാൻ ഉപയോഗിക്കേണ്ട ഉപകരണം. പുതിയ ‘മാതൃഭൂമി’ അതിനെ തിരസ്ക്കരിച്ചു. സ്വന്തം പൈതൃകത്തെ അന്യന് കൈമാറിയ ‘മാതൃഭൂമി’യുടെ ഈ തിരസ്ക്കാര ചിന്ത വൈക്കം സത്യാഗ്രഹ സമരത്തിന്റെ മൂല്യബോധം തലകീഴ്മറിയുന്നതിന്റെ തെളിവായി കാണാവുന്നതാണ്.
കോൺഗ്രസ്സ് കാര്യദർശിയായിരുന്ന കെ.പി. കേശവമേനോനും ടി.കെ. മാധവനും പെരിയാർ ഇ.വി. രാമസ്വാമിയും ചിറ്റേടത്ത് ശങ്കുപിള്ളയും ബാരിസ്റ്റർ ജോർജ്ജ് ജോസഫും, എ.കെ. പിള്ളയും, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മന്നത്ത് പത്മനാഭനുമൊക്കെ കൂടിനടത്തിയ സമരത്തിൽ ‘മാതൃഭൂമി’യുടെ പങ്കെന്തായിരുന്നു ? അയിത്തോച്ചാടന കമ്മറ്റിയുടെ കൺവീനറായിരുന്ന കെ. കേളപ്പൻ കോൺഗ്രസ്സിന്റെ മിശ്രഭോജന ആശയത്തെ ദഹിക്കാതിരുന്ന ‘മാതൃഭൂമി’യെ നിശിതമായി വിമർശിച്ചതിനുശേഷം കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിലുള്ള ‘മാതൃഭൂമി’ അയിത്തോച്ചാടനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. വൈക്കം സത്യാഗ്രഹത്തെ നെഞ്ചേറ്റിയ പത്രമായിരുന്നു ‘മാതൃഭൂമി’. കേരളത്തിന്റെ നവോത്ഥാന ആശയങ്ങളെ പൊതുമണ്ഡലത്തിൽ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പത്രം. പുരോഗമനത്തിന്റെ തീപ്പൊരിയുമായി കേരളീയരെ ശുദ്ധീകരിച്ച പത്രം.
സമരത്തലേന്ന് ഈഴവ നേതാക്കൾക്ക് ഇടർച്ചയുണ്ടായപ്പോൾ തളരാതെ നിന്നത് കെ. പി. കേശവമേനോനായിരുന്നു. സത്യാഗ്രഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ വേളയിലാണ് കെ.പി. കേശവമേനോന്റെ മുന്നിൽ ഒരു ആവശ്യവുമായി ഈഴവ നേതാക്കൾ വരുന്നത്. ഉറങ്ങാൻ പോയ കെ.പി. കേശവമേനോനെ അവർ ഉണർത്തി. അവർ അവസാന മണിക്കൂറിൽ മേനോനോട് ആവശ്യപ്പെട്ടത് സത്യാഗ്രഹ സമരം മാറ്റിവെക്കണമെന്നായിരുന്നു. ഈഴവ നേതാവായ സി.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘത്തോട് കെ.പി. കേശവമേനോൻ പറഞ്ഞു, “ഇനി പിന്നോട്ട് മാറാനാവില്ല. ജയമായാലും പരാജയമായാലും നിശ്ചയിച്ച പ്രകാരം സത്യാഗ്രഹം നാളെ തുടങ്ങുക”. കെ കേളപ്പനും ടി.കെ. മാധവനും കെ.പി.യോടൊപ്പം നിന്നു. സി.വി. കുഞ്ഞിരാമന്റെ ചാഞ്ചാട്ടം അവസാനിപ്പിച്ച് സമരത്തെ മുന്നോട്ട് കൊണ്ടുപോയത് കെ.പി. കേശവമേനോനായിരുന്നു. അതിന് സർവ്വ പിന്തുണയും നൽകി മുന്നിൽ നിന്നത് ‘മാതൃഭൂമി’യാണ്.
എന്നാൽ ഇന്ന് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ‘മാതൃഭൂമി’ പത്രം അതിന്റെ ഒരു കേവല നിരീക്ഷകൻ മാത്രം. വൈക്കം സത്യാഗ്രഹത്തിന്റെ ആത്മാവ് ആ പത്രത്തിന് ഇന്ന് നഷ്ടമായി. ചരിത്രത്തിന്റെ ഒരു കേവല നിരീക്ഷകൻ മാത്രമായി അത് മാറി. ‘മനോരമ’യുടെ മാർക്കറ്റിംഗ് കണ്ണിന് അപ്പുറം പോകാൻ ‘മാതൃഭൂമി’യ്ക്കായില്ല. സ്വന്തം ചരിത്രത്തെ അനാഥമാക്കിയ ‘മാതൃഭൂമി’ സ്വന്തം പൈതൃകത്തെ കയ്യൊഴിഞ്ഞ കാഴ്ച സങ്കടകരമാണ്. സമകാലിക ‘മാതൃഭൂമി’ സവർണഹിന്ദു രാഷ്ട്രീയത്തിന്റെ സെയിൽ പ്രൊമോട്ടറാകാൻ ആഗ്രഹിക്കുകയാണ്. എല്ലാത്തരം മതപ്രീണനത്തിനും കീഴടങ്ങാൻ പര്യാപ്തമായവിധം അതിന്റെ ശരീരഭാഷ മാറി. മുസ്ലീംങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ അപ്രീതി കാണിച്ചാൽ കരിഞ്ഞുപോകുന്ന ഇളം തളിരായി ആ പത്രത്തിന്റെ താളുകൾ മാറി. വൈക്കം സത്യാഗ്രഹത്തിന്റെ മാനവ മൂല്യങ്ങളും മതേതതര മൂല്യങ്ങളും നെഞ്ചേറ്റാനുള്ള ആത്മധൈര്യമില്ലാത്ത വെറും ഒരു കടലാസ് പത്രികയായി “മാതൃഭൂമി’ മാറി.
മനുവാദികൾ ഭരണഘടനയ്ക്കെതിരെ
2025 ൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നതാണ് ആർ.എസ്.എസിന്റെ സ്ഥാപിത ലക്ഷ്യം. അതിന് ഏറ്റവും വലിയ തടസ്സം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആണ്. ഭരണഘടന പറയുന്നത് നമ്മൾ മതേതര രാഷ്ട്രമാണ് എന്നാണ്. ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ ഏറ്റവും പ്രധാന തടസ്സം ഈ ഭരണഘടനയാണ്. ഇന്ന് ജുഡീഷ്യറിയിൽ ഭരണകൂടം നടത്തുന്ന ഇടപെടലുകൾ ഹിന്ദുരാഷ്ട്ര നിർമ്മിതിക്കുള്ള സംഘപരിവാറിന്റെ പ്രാരംഭ നടപടികളായിട്ടാണ് മുൻദേശീയ ജുഡീഷ്യൽ അക്കാദമി ഡയറക്ടറായ പ്രൊഫ. മോഹൻ ഗോപാൽ കാണുന്നത്. ജാതിമതഭേദമന്യേ എല്ലാവർക്കും പൗരത്വവും തുല്യപരിഗണനയും നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. അത് പൊളിച്ചാൽ മാത്രമേ ഒരു മതരാഷ്ട്രം ഇന്ത്യയിൽ സ്ഥാപിക്കാൻ കഴിയൂ.
ചാതുർവർണ്യവ്യവസ്ഥയെ മതാതിർത്തികൾ വകഞ്ഞുമാറ്റി നിയമവ്യവസ്ഥയുടെ ഭാഗമാക്കുകയും അതിനെ സനാതന നിയമമാക്കി അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉയർന്നുവരുന്ന ഓരോ പ്രശ്നത്തെയും സമീപിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ നിയമവ്യവസ്ഥയെത്തന്നെ സനാതന നിയമത്തിന്റെ മേൽപുരയായി കാണുന്ന സമീപനമാണ് ബി.ജെ.പി കൈപിടിച്ചു കൊണ്ടുവരുന്ന ജഡ്ജിമാർ സ്വീകരിക്കുന്നത്. കോടതികൾ നിഗമനങ്ങളിൽ എത്തേണ്ടത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം. അതാണ് നീതിവ്യവസ്ഥയുടെ അടിത്തറ. എന്നാൽ പുതിയ ഹിന്ദുവിശ്വാസികളായ ജഡ്ജിമാർ – അതിൽ മുസ്ലീം, സിക്ക്, ക്രിസ്ത്യൻ ജഡ്ജിമാരും ഉണ്ടാകും – ആഗ്രഹിക്കുന്നത് ബി.ജെ.പി.യുടെ സൗഹൃദവും പ്രീണനവുമാണ്. അവർ നീതിവ്യവസ്ഥയുടെ അടിത്തറ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു. ഇതാണ് ബാബറി മസ്ജിദ് കേസിലും ഹിജാബ് കേസിലും നടന്നതെന്നാണ് ഗോപാൽ പറയുന്നത്.
പുതിയ സനാതന ഹിന്ദുവിജയങ്ങളുടെ മുന്നിൽ നിന്ന് നോക്കുമ്പോൾ വൈക്കം സത്യാഗ്രഹം നൂറ് വർഷത്തിനുശേഷം അതിന്റെ മൂല്യങ്ങളെ ഏകദേശം കൈവിട്ട അവസ്ഥയിലാണ്. സനാതന വിശ്വാസത്തെ എതിർക്കുന്ന പ്രഭാഷകർ പ്രസംഗിക്കുന്ന വേദികൾ പ്രസംഗശേഷം ചാണകം തളിച്ച് ശുദ്ധിവരുത്തുന്നത് ഇന്ന് ഏതാണ്ട് ഇടയ്ക്കിടക്ക് കേരളത്തിൽ നടക്കുന്ന ആചാര പ്രകടനങ്ങളായി മാറിയിട്ടുണ്ട്. സനാതന മൂല്യ വ്യവസ്ഥയ്ക്കെതിരെ പോരാടാൻ ഉപയോഗിക്കപ്പെട്ട ആയുധങ്ങൾ ഇന്ന് അവയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം മനുഷ്യരുടെ ഇടയിലുള്ള വിവേചനം ഇല്ലാതാക്കുക എന്നതായിരുന്നു. അതിനുപക്ഷെ വിജയിക്കാൻ കഴിഞ്ഞില്ല. പിണറായി വിജയൻ എന്ന ഈഴവൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കിലും കേരളത്തിൽ ഈഴവരടക്കമുള്ള ദളിത് പിന്നാക്ക ആദിവാസി മനുഷ്യരുടെ മനുഷ്യാവകാശങ്ങൾ പൂർണമായി പരിരക്ഷിക്കപ്പെടുന്നില്ല. സ്ത്രീ-പുരുഷ സമത്വവും മാനവികമൂല്യവും പൊതുസമത്വബോധവും വൈക്കം സമരത്തിന്റെ അന്തർധാരയായിരുന്നെങ്കിലും ഇന്നും സ്ത്രീ അധികാരത്തിന്റെ നെടുംപുരകളിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നു. പിന്നാക്ക സമുദായ അംഗവും സ്ത്രീകളുടെയും സാധാരണ മനുഷ്യരുടെയും സമരരൂപവുമായിരുന്ന കെ.ആർ. ഗൗരിയമ്മയെ മുഖ്യമന്ത്രിക്കസേരയിൽ എത്തിക്കാതിരുന്നത് കേരളത്തിൽ ഇപ്പോളും നിലനിൽക്കുന്ന സവർണ്ണ പുരുഷാധിപത്യവ്യവസ്ഥയുടെ കരുത്തുകൊണ്ട്തന്നെയാണ്. ആദിവാസിയായ മധുവിനെ കുടിയേറ്റക്കാരായ മുഖ്യധാരാ സമൂഹം തൊഴിച്ചുകൊന്നത് സനാതന വ്യവസ്ഥയുടെ അന്തർധാര അധികാരത്തിൽ മുൻകൈയ്യ് നേടുന്നതുകൊണ്ടാണ്. ഭരണാധികാരികളുടെ ലേബലല്ല അവരുടെ കൈമുദ്രകളെ ബ്രാൻഡ് ചെയ്യുന്നത്, അവർ ആർക്കുവേണ്ടി നിലനിൽക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണത്. പുതിയ കാലം പുതിയ വ്യവസ്ഥ നിർമ്മിക്കുന്നു. പക്ഷെ അത് അധീശാധിപത്യത്തെ ഉറപ്പുവരുത്തിക്കൊണ്ടാണ് മുന്നേറുന്നത്. വൈക്കം സത്യാഗ്രഹപാഠം നമുക്ക് നൽകുന്നത് ആ സന്ദേശമാണ്. പിന്നാക്കക്കാർ, ദരിദ്രർ, ദളിതർ- അവരെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണം. അതിജീവനത്തിനുവേണ്ടി ഭരണത്തിൽ ആര് വന്നാലും അതിന് മാറ്റമുണ്ടാകില്ല. ഓരോ സമരങ്ങളും കഴിയുമ്പോൾ ഓരോ പ്രശ്നങ്ങൾ ഭാഗികമായി പരിഹരിക്കപ്പെടും. പിന്നീട് പ്രശ്നങ്ങൾ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടും. പഴയ ജാതിവ്യവസ്ഥ മാറി. പക്ഷെ, അതിന്റെ സ്ഥാനത്ത് പുതിയ ജാതി വ്യവസ്ഥ ഇരിപ്പുറപ്പിച്ചു. അതിന്റെ പുരോഹിതന്മാരായി പഴയ ജനകീയ നേതാക്കൾ മാറി. ഈ ‘മെറ്റാമോർഫോസിസ്’ അധീശാധിപത്യം പുനഃസ്ഥാപിക്കാനുള്ള സവർണാധികാര സംവിധാനത്തിന്റെ മെക്കാനിസമാണ്.
99 വർഷം മുമ്പ് വൈക്കം സത്യാഗ്രഹത്തിൻറെ പിറവിയിലേക്ക് നയിച്ച മൂന്ന് പേർ, മഹാനായ വാഗ്മി, ഗാന്ധി
Subscribe to our channels on YouTube & WhatsApp