A Unique Multilingual Media Platform

The AIDEM

Articles History Kerala

99 വർഷം മുമ്പ് വൈക്കം സത്യാഗ്രഹത്തിന്റെ പിറവിയിലേക്ക് നയിച്ച മൂന്ന് പേർ, മഹാനായ വാഗ്മി, ഗാന്ധി

  • April 12, 2023
  • 1 min read
99 വർഷം മുമ്പ് വൈക്കം സത്യാഗ്രഹത്തിന്റെ പിറവിയിലേക്ക് നയിച്ച മൂന്ന് പേർ, മഹാനായ വാഗ്മി, ഗാന്ധി
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം നിരവധി ദേശീയ – സാർവദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവയിൽ പലതും വ്യത്യസ്തമായ ചരിത്ര പരിപ്രേക്ഷ്യങ്ങൾ അവതരിപ്പിച്ചു .ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പോർട്ടൽ ആയ  ‘ പ്രിന്റിൽ ‘ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഈ ഗണത്തിൽ പെടുന്നു . പ്രിന്റിന്റെ അനുവാദത്തോട് കൂടി ദി ഐഡം ഇതിലെ ഒരു ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് .

തൊണ്ണൂറ്റി ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മാർച്ച് 30 ന് മൂന്നു മനുഷ്യർ ഒരു പൊതുവഴിയിലൂടെ നടന്നു. അവരുടെ  ‘ധിക്കാരത്തിനു’ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. പത്രങ്ങൾക്കത്‌ ഉത്സവമായി- ഒരു സാമ്രാജ്യത്തെ പിടിച്ചുലയ്ക്കാൻ പോന്ന, രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്ന, തൊട്ടുകൂടായ്മയ്‌ക്കെതിരായ “യാഥാർത്ഥവും മഹത്തരവുമായ പോരാട്ടത്തിന്റെ” ഒന്നാം ദിനമാണിത്! ഇതെവിടെ ചെന്നവസാനിക്കും? “ബോൾഷെവിസത്തിലും രക്തച്ചൊരിച്ചിലിലും,” ഒരു ജാതിഹിന്ദു അന്നേ തറപ്പിച്ചു പറഞ്ഞു.

അവർണ്ണർക്ക് – ജാതി വ്യവസ്ഥയ്ക്ക് പുറത്തു നിൽക്കുന്നവരോ, അഥവാ ‘അയിത്ത ജാതിയിൽ’ പെട്ടവരോ ആവട്ടെ – വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ ബ്രാഹ്മണരുടെ പ്രീതിക്കായി പരശുരാമൻ കടലിൽ നിന്ന് വീണ്ടെടുത്തതെന്ന് ഐതിഹ്യമുള്ള  ഭൂമിയിലെ, മറ്റേതൊരു ബ്രാഹ്മണ ആരാധനാലയത്തിലും കാലുകുത്താൻ അവകാശമില്ലായിരുന്നു. പക്ഷെ ആ മൂന്നു പേരുടെ സമരം, ആ ഘട്ടത്തിലെങ്കിലും ഔപചാരികമായി അതിനെക്കുറിച്ച് ആയിരുന്നില്ല. യാഥാസ്ഥിതിക വിഭാഗങ്ങൾ ആർക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ചുപോന്ന, ക്ഷേത്രത്തിനടുത്തുള്ള റോഡുകളിലൂടെ നടക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടമെന്ന ഭാവേന, സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരായ സമരമായിരുന്നു അത്. 

വൈക്കം സത്യാഗ്രഹം എന്ന ആശയം ജനിച്ചത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ കേരളത്തിൽ വേരൂന്നിയ ജാതി വിരുദ്ധ മുന്നേറ്റത്തിന്റെ കലക്കങ്ങളിൽ നിന്നാണ്. ആത്മീയാചാര്യൻ ശ്രീനാരായണ ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ജാതി വിരുദ്ധ പ്രസ്ഥാനം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക രാഷ്ട്രീയ നേതാക്കളെയും, എം കെ ഗാന്ധിയും സി രാജഗോപാലാചാരിയും മുതൽ ഇ വി രാമസാമി (പെരിയാർ) വരെയുള്ള ദേശീയ വ്യക്തിത്വങ്ങളെയും, ആ മുന്നേറ്റം അതിലേക്കു വലിച്ചടുപ്പിച്ചു.

എന്നാൽ വൈക്കം സത്യാഗ്രഹം ഒരു ഞരക്കത്തോടെ അവസാനിച്ചുവോ? 20 മാസത്തിനു ശേഷം തീർത്തും തുച്ഛമായ ഇളവുകൾ നേടിയെടുത്ത അതിന്റെ സമാപനത്തെ ഒരു ഒത്തുതീർപ്പ് എന്ന് വിളിക്കാനാവില്ല. വലിയ നിരാശയും തുടർന്നുള്ള പോരാട്ടവുമായിരുന്നു അതിന്റെ ആദ്യ ഫലങ്ങൾ. എന്നാൽ ഈ പ്രസ്ഥാനം കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത അടയാളങ്ങൾ അവശേഷിപ്പിച്ചു, നേതാക്കളെയും വീരനായകന്മാരെയും സൃഷ്ടിച്ചു, സമാനമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് മാതൃകയായി, മാത്രമല്ല, മലബാർ കലാപം അടിച്ചമർത്തപ്പെട്ട് മൂന്നു വർഷം മാത്രം പിന്നിട്ട ആ നാളുകളിലെ, നിരാശയുടെ പടുകുഴിയിൽ വീണ കോൺഗ്രസിന്, പ്രതീക്ഷ നൽകി. വൈക്കം സത്യാഗ്രഹം അവസാനിച്ച് 11 വർഷത്തിനുശേഷം, തിരുവിതാംകൂർ മഹാരാജാവ് തന്റെ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ അവർണ്ണർക്ക് തുറന്നുകൊടുക്കുന്നതിലേക്ക് അത് നയിച്ചു.

വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ഈ ഒന്നാം ഭാഗം, ആ സമരം എങ്ങനെ ആരംഭിച്ചു എന്നതിന്റെ കഥയാണ്.

പ്രസ്ഥാനത്തിന്റെ വേരുകൾ

വൈക്കത്തെ ശിവക്ഷേത്രം തർക്കഭൂമിയാകുന്നത് ഇതാദ്യമായിരുന്നില്ല. കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈഴവ ജാതിയിൽ നിന്നുള്ള ഒരു വലിയ കൂട്ടം യുവാക്കൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ജാഥ നയിച്ചതിന്റെ സ്ഥിതീകരിക്കപ്പെടാത്ത ഒരു കഥയുണ്ട്. ‘പ്രധാനമന്ത്രിയും’ തിരുവിതാംകൂറിന്റെ കമാൻഡർ-ഇൻ-ചീഫുമായിരുന്ന വേലുത്തമ്പി ദളവ – പിന്നീട് ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടു – തന്റെ കുതിരപ്പടയുമായി സംഭവസ്ഥലത്തെത്തി അവരെ കശാപ്പ് ചെയ്തുവെന്ന് പറയപ്പെടുന്നു.

വൈക്കം ശിവക്ഷേത്രം

പത്തൊൻപതാം നൂറ്റാണ്ടിൽ ഉടനീളം ഈഴവ യോദ്ധാവ് ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങൾക്ക് സമാനമായി ജാതി വിരുദ്ധ സമരങ്ങൾ ഉയർന്നു. വേലായുധ പണിക്കർ സ്വയം അമ്പലങ്ങൾ സ്ഥാപിക്കുകയും അവ അവർണ്ണർക്ക് തുറന്നുകൊടുക്കുകയും ചെയ്തു. പിൽക്കാലത്തു ശ്രീ നാരായണ ഗുരു, കൂടുതൽ ജനസമ്മതിയുള്ള വിധത്തിൽ അതേ വഴി തന്നെ പിൻതുടർന്നു.

വൈക്കം സത്യാഗ്രഹം തുടങ്ങുന്നതിനും മുൻപേ പുരോഗമാനത്തിന്റെ പാതയിലൂടെ ഉയർന്നുവന്ന ഈ പ്രസ്ഥാനങ്ങൾ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം ആയിരുന്നില്ല. ജോലി, സാക്ഷരത, വളർന്നുവരുന്ന ഒരു മധ്യവർഗം, ഉയർന്ന വിദ്യാഭ്യാസമുള്ള ഉന്നതർ, സംഘടന, രാഷ്ട്രീയ പ്രാതിനിധ്യം, അങ്ങനെ പലതും അതിലുൾച്ചേർന്നിരുന്നു. ചുരുങ്ങിയത് ഈഴവരെങ്കിലും ലോകത്ത് മുന്നേറുക തന്നെയായിരുന്നു.

എന്നാൽ അത് ആഭ്യന്തര കലഹങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും കൂടി സമയമായിരുന്നു. ഈഴവർക്കിടയിൽ തന്നെ പല സാമ്പത്തിക തട്ടുകളിലുള്ളവർ (വർഗ്ഗങ്ങൾ) ഉണ്ടായിരുന്നു. അധികാരശ്രേണിയിൽ ‘താഴ്ന്ന’വരായ മറ്റു സമുദായങ്ങളോടുള്ള സമീപനത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഉയർന്നുവന്നു. മതത്തെക്കുറിച്ചുള്ള വിരുദ്ധാഭിപ്രായങ്ങളും തർക്കത്തിനിടയാക്കി. ചിലർ ഹിന്ദുമതത്തിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിച്ചു, മറ്റുള്ളവർ നിരീശ്വരവാദത്തിനോ മതപരിവർത്തനത്തിനോ വേണ്ടി വാദിച്ചു. ബുദ്ധമതത്തിന് പെട്ടെന്ന് ഒരു പുനർജന്മം ഉണ്ടായി, അത് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ഈഴവ വരേണ്യവർഗത്തിന് ആധിപത്യമുള്ള, തന്റെ പേരിൽ സ്ഥാപിച്ച, ശ്രീനാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗത്തിൽ നിന്ന് നാരായണ ഗുരു അകലം പാലിച്ചു. 1924 ജനുവരിയിൽ മഹാകവി കുമാരൻ ആശാന്റെ മരണത്തോടെ എസ്എൻഡിപി യോഗത്തിന് ഒരു പ്രധാന നേതാവിനെ നഷ്ടമാവുകയും ചെയ്തു.

മഹാവാഗ്മി

മികച്ച പ്രാസംഗികന്റെ വരവ് അപ്പോഴായിരുന്നു.മികച്ച ജീവിത സാഹചര്യങ്ങളുടെയും  അടിച്ചമർത്തലിന്റെയും ഒരു വിചിത്രമായ ചേരുവയുടെ വൈരുധ്യത്തിൽ ജനിച്ച, ഈഴവ വരേണ്യവർഗത്തിന്റെ ഒരു പ്രധാന പ്രതിനിധിയായിരുന്നു ടി കെ മാധവൻ. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും മധ്യതിരുവിതാംകൂറിലെ പഴയ ജന്മി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം, രാജ്യത്തെ തന്നെ ധനികകുടുംബങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ജാതിയുടെ യാഥാർഥ്യങ്ങളിൽ നിന്ന് അദ്ദേഹം സംരക്ഷിക്കപ്പെട്ടില്ല.

1976-ലെ ഒരു വർത്തമാനപത്രത്തിൽ (തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനം, 1860-1940), മാധവൻ തന്റെ സ്കൂൾ കാലത്തെ ഓർമ്മകളെപ്പറ്റി പറയുന്നത് പണ്ഡിതനായ റോബിൻ ജെഫ്രി ഉദ്ധരിക്കുന്നു, “സ്കൂളിലേക്കും തിരിച്ചുമുള്ള എന്റെ ദൈനംദിന യാത്രയിൽ എന്റെ കൂട്ടാളി ഒരു നായർ പയ്യനായിരുന്നു… ആ കുട്ടിയുടെ ദരിദ്രയായ അമ്മ ഞങ്ങളുടെ ഒരാശ്രിതയായിരുന്നു. അയാൾക്ക് എല്ലാ റോഡുകളിലൂടെയും നേരെ പോകാമായിരുന്നു, എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നിട്ടും എനിക്ക് ഇടയ്ക്കിടെ റോഡിൽ നിന്ന് മാറി നടക്കേണ്ടി വന്നിരുന്നു [ജാതി-ഹിന്ദുക്കളെ മലിനമാക്കുന്നത് ഒഴിവാക്കാൻ]. ഇതെന്നിൽ ഉണ്ടാക്കിയ മുറിവ് വലുതാണ്.”

തിരുവിതാംകൂറിൽ ആദ്യമായി കാർ സ്വന്തമാക്കിയവരിൽ ഒരാളായ മാധവന്റെ അമ്മാമനോ, അച്ഛന്റെ അമ്മാമനോ ആയിരുന്ന ആലുംമൂട്ടിൽ ചാന്നാറിനെ കുറിച്ചും സമാനമായ ഒരു കഥയുണ്ട്. ഈ കാറിൽ ഒരു ക്ഷേത്രം കടന്ന് പോകുമ്പോഴെല്ലാം അയാൾ പുറത്തിറങ്ങി, പിന്നിലെ ഇടവഴികളിലൂടെ നടന്ന് മറുവശത്തെത്തി കാറിൽ തിരികെ കയറണം. അതേസമയം, അദ്ദേഹത്തിന്റെ ഡ്രൈവർ ഒരു ‘ഉന്നതജാതി’ നായർ ആയിരുന്നതിനാൽ അയാൾക്ക് നേരെ പോകാമായിരുന്നു.

1885-ൽ ജനിച്ച മാധവൻ 20 വയസ്സിനുമുമ്പ് പൊതുകാര്യങ്ങളിൽ പ്രവേശിച്ചു, “മധ്യതിരുവിതാംകൂറിൽ ഈഴവരെ സംഘടിപ്പിച്ച് സംസാരിക്കുകയും തിരുവനന്തപുരത്ത് ജനപ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്ന ഈഴവ പ്രമുഖരുടെ ഇംഗ്ലീഷ് പരിഭാഷകനായി പ്രവർത്തിക്കുകയും ചെയ്തു,” ജെഫ്രി എഴുതുന്നു. തന്റെ അച്ഛന്റെ അമ്മാമനു വേണ്ടി ശ്രീമൂലം പ്രജാസഭ എന്ന ഈ നിയമസഭയിൽ അദ്ദേഹം സ്വയം അംഗമായി പിന്നീട് പങ്കെടുക്കുകയും ചെയ്തു.

ടി കെ മാധവൻ

മാധവൻ ഒരു പൊതു പ്രഭാഷകനെന്ന നിലയിൽ പ്രശസ്തി നേടി, മഹാവാഗ്മി അല്ലെങ്കിൽ ‘മഹാ പ്രാസംഗികൻ’ എന്ന് വിളിക്കപ്പെട്ടു. ദേശാഭിമാനി പത്രത്തിന്റെ (അതേ പേരിലുള്ള പിൽക്കാല കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമല്ല) സ്ഥാപക-എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.

മാധവൻ അവർണരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഹിന്ദു പക്ഷത്ത് നിലയുറപ്പിക്കുകയും പ്രബല-ജാതി ഹിന്ദുക്കളുമായി സഖ്യമുണ്ടാക്കുകയും ചെയ്യണം എന്ന പക്ഷക്കാരനായിരുന്നു. ഇത് അക്കാലത്തെ ഈഴവ നേതൃത്വത്തിന്റെ പൊതു നിലപാടിന് അത്രത്തോളം സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തിന്റെ മകൻ ബാബു വിജയനാഥ്, ‘ദേശാഭിമാനി ടി.കെ മാധവൻ: എന്റെ അച്ഛൻ’ എന്ന പുസ്തകത്തിൽ, പ്രമുഖ നായർ നേതാവായ മന്നത്തു പത്മനാഭനുമായി എത്ര അടുപ്പത്തിലായിരുന്നു ടി.കെ. മാധവൻ എന്ന് വിവരിക്കുന്നുണ്ട്.

സത്യാഗ്രഹത്തിലേക്കുള്ള വഴി

1917 ഡിസംബറിൽ ദേശാഭിമാനി എഡിറ്റോറിയലിൽ മാധവനാണ് ക്ഷേത്രപ്രവേശന വിഷയം ആദ്യമായി ഉന്നയിച്ചതെന്നും, അടുത്ത മൂന്ന് വർഷങ്ങളിൽ എസ്എൻഡിപി യോഗത്തിന്റെയും പ്രജാസഭയുടെയും യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തതായും ജെഫ്രി പറയുന്നു. ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചും ഈഴവർ ജാതിഹിന്ദുക്കളാണ് എന്ന് വാദിച്ചും ഈഴവരെ ജാതി ഹിന്ദുക്കളായി അംഗീകരിക്കാൻ ആവശ്യപ്പെടുന്ന പ്രമേയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു – കൂടാതെ, നിസ്സഹകരണ പ്രസ്ഥാനത്താൽ പ്രചോദിതനായി, ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ നേരിട്ടുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഭീഷണിപ്പെടുത്തി.

മാധവൻ സ്വയം നടപടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണം ജെഫ്രി നൽകുന്നുണ്ട്. 1920 നവംബറിൽ, വൈക്കം ക്ഷേത്രത്തിനടുത്തുള്ള റോഡിലെ നിയന്ത്രിത അറിയിപ്പ് ബോർഡുകൾ മറികടന്ന് അദ്ദേഹം നടന്നു. എന്നിട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ ഇപ്രകാരം അറിയിച്ചു, “ഞാൻ ജാതി പ്രകാരം ഈഴവനാണ്. ഞാൻ ഇന്ന് വൈക്കത്ത് വന്ന് ഇവിടെയുള്ള ക്ഷേത്രത്തിൽ പോയി, റോഡിൽ സ്ഥാപിച്ചിരിക്കുന്ന നോട്ടീസ് ബോർഡ് മറികടന്നു.”

തിരുവിതാംകൂറിലെ ഗ്രാമങ്ങളിൽ മാധവനും അദ്ദേഹത്തിന്റെ അനുയായികളും സംഘടിച്ച് ഇതേക്കുറിച്ചു സംസാരിച്ചതോടെ പ്രശനം ചൂടുപിടിച്ചു. യാഥാസ്ഥികർ പ്രതി-പ്രകടനങ്ങൾ നടത്തി. കഠിനമായ എതിർപ്പും, യാഥാസ്ഥിതികനും വൃദ്ധനുമായ ഒരു രാജാവിന്റെ പ്രതികൂല നിലപാടുകളും അഭിമുഖീകരിക്കേണ്ടിവന്ന മാധവന് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു.

1921-ൽ തിരുനെൽവേലിയിൽ വെച്ച് അദ്ദേഹം ഗാന്ധിയെ കാണുകയും ക്ഷേത്രപ്രവേശന സമരത്തിന് അനുഗ്രഹം തേടുകയും ചെയ്തു. ഈഴവരുടെ അവസ്ഥയെക്കുറിച്ച് ഗാന്ധിക്ക് തെറ്റായ ധാരണയുണ്ടായിരുന്നുവെന്ന് തോന്നുന്നു. ആദ്യം, അദ്ദേഹം മാധവനെ ഉപദേശിച്ചു, “ഇപ്പോൾ ക്ഷേത്രപ്രവേശനം എന്ന ആവശ്യം ഉപേക്ഷിച്ച് പൊതുകിണറുകളിൽ നിന്ന് ആരംഭിക്കുക. അതിനുശേഷം പൊതുവിദ്യാലയങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാം.” എന്നാൽ മാധവൻ ഗാന്ധിയെ തിരുത്തി. തുടർന്ന് ഗാന്ധി പറഞ്ഞു, “അങ്ങനെയെങ്കിൽ നിങ്ങൾ ക്ഷേത്രപ്രവേശനത്തിന് വേണ്ട പക്വത നേടിക്കഴിഞ്ഞു”. നിയമ ലംഘന പ്രസ്ഥാനം തുടങ്ങാൻ ശുപാർശ ചെയ്ത അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അത് ഏറ്റെടുക്കണമെന്നും പറഞ്ഞു.

മഹാത്മാ ഗാന്ധി

തുടർന്ന്, 1923-ൽ, മാധവൻ പങ്കെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനട സമ്മേളനം തൊട്ടുകൂടായ്മയ്‌ക്കെതിരെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി. മലബാർ കലാപത്തിന്റെ പേരിൽ കടുത്ത കുറ്റാരോപണങ്ങൾ അപ്പോഴും നേരിട്ടിരുന്ന കെപിസിസി അടുത്ത വർഷം തൊട്ടുകൂടായ്മ വിരുദ്ധ സെല്ലിന്റെ കൺവീനറായി, നായർ നേതാവായിരുന്ന, പിൽക്കാലത്തു ‘കേരള ഗാന്ധി’ എന്ന് അറിയപ്പെട്ട കെ കേളപ്പനെ തിരഞ്ഞെടുത്തു.

തിരുവിതാംകൂർ അതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഘടിത പ്രക്ഷോഭത്തിനായി എല്ലാ സാഹചര്യങ്ങളും ഒത്തുചേരുകയായിരുന്നു – എല്ലാ പാതകളും വൈക്കത്തേക്ക് നയിച്ചു.

READ THE ORIGINAL ARTICLE PUBLISHED IN THE PRINT HERE


 

വൈക്കം സത്യാഗ്രഹ സമരമൂല്യങ്ങൾ കീഴ്മേൽ മറിയുന്ന വർത്തമാനം


Subscribe to our channels on YouTube & WhatsApp

About Author

റോഹൻ മനോജ്

ഓൺലൈൻ മീഡിയയായ ദി പ്രിന്റിൽ കോപ്പി എഡിറ്ററാണ് റോഹൻ മനോജ്. ഒരു അർദ്ധ ഭാഷാ പണ്ഡിതനെന്ന് സ്വയം വിശേഷിപ്പിക്കുന്ന റോഹന്റെ താൽപ്പര്യങ്ങൾ മധ്യകാലഘട്ടത്തിൻറേയും ആധുനിക കേരളത്തിന്റേയും ചരിത്രത്തിലും ജാതി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയത്തിലുമാണ്.