A Unique Multilingual Media Platform

The AIDEM

Articles Health

വിർച്ചോപ്സിയും തലച്ചോറിലെ ഡ്രില്ലിംഗ് നിപുണതയും

  • March 23, 2025
  • 1 min read
വിർച്ചോപ്സിയും തലച്ചോറിലെ ഡ്രില്ലിംഗ് നിപുണതയും

കേരള നിയമ സഭയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ കെഡാവർ ഡൊണേഷൻ ബിൽ അവതരിപ്പിച്ചു. വിർച്ച്വൽ ഒട്ടോപ്സിയും ക്രയോജനിക്സും ആസ്പദമാക്കിയുള്ള നിരീക്ഷണമാണ് ഈ ലേഖനം.

അനങ്കഫലി; സയൻസ് ഫിക്ഷൻ എഴുതാനുള്ള വിശാല ഭാവനയും സമയവും ഉണ്ടായിരുന്നെങ്കിൽ ഞാൻ രചിച്ചേക്കാവുന്ന “ഫ്രാങ്കസ്റ്റൈൻ” കൃതിയുടെ പ്രമേയവും ശീർഷകവും അതായിരിക്കും.

ഫോളിക് ആസിഡിൻ്റെ ദൗർബല്യത്താൽ തലച്ചോറ് രൂപപ്പെടാത്ത മനുഷ്യരൂപമാണ് അനങ്കഫലി. പ്രസവത്തോടെ ഭൂമിയിൽ എത്തിയാൽ എത്ര നിമിഷം ജീവിക്കുമെന്ന് പറയാനാകില്ല. അനങ്കഫലി “ജന്മങ്ങളിൽ” ഏറ്റവും ദൈർഘ്യമായി ശ്വസിച്ചത് രണ്ട് വർഷം ജീവിച്ച ബാലനാണ്. തലച്ചോറ് ഇല്ലാത്തതിനാൽ ശരീരത്തിൻ്റെ മുഖ്യ “ഫങ്ക്ഷൻ” നടക്കില്ല. ശ്വാസം പോലും വലിക്കാൻ “സിഗ്നലുകൾ” ഉണ്ടാകില്ല. അതേ സമയം മറ്റെല്ലാ അവയവങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമതയിൽ ഉള്ളതാകും. “ന്യൂറോ സിഗ്നലുകൾ” പ്രവഹിക്കാത്തതിനാൽ ജീവൻ്റെ പ്രവാഹം ഉടൻ നിലയ്ക്കും.

അനങ്കഫലി ജന്മം വ്യാപകമായിരുന്നു. ഇന്ന് 3D ഇമേജിംങ് റേഡിയോളജി വൈദ്യശാസ്ത്രത്തിന് വേണ്ടി ഫിസിക്സ് വികസിപ്പിച്ചപ്പോൾ മൂന്നാം മാസത്തിലോ തുടർന്നോ അസ്വാഭാവികത കണ്ടെത്തി രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തി ഗർഭം അലസിപ്പിക്കും. ഫോളിക് ആസിഡ് ഇഞ്ചക്ഷനുകളും ഗുളികകളും കുറിച്ച് കൊടുക്കും. നെറ്റി വരെയുള്ള ശിരസ്സിൽ പിൻവശം പരന്ന് അല്പം രോമങ്ങൾ പടർന്ന പ്രതലമാണ് ആ കിടപ്പിന് സങ്കടം വർദ്ധിപ്പിക്കുന്നത്.

അനങ്കഫലി ആണ് ഗർഭത്തിലുള്ളതെന്ന് അറിഞ്ഞ വനിതയുടെ തീരുമാനം പ്രമേയമാക്കിയ സയൻസ് ഫിക്ഷൻ നാടകം ശക്തമായ “പ്ലോട്ട്” അവതരിപ്പിച്ചു. കേവലം 48 മിനുട്ട് മാത്രമാണ് ആ അനങ്കഫലി ജന്മം വായു ശ്വസിച്ചത്. പക്ഷെ, അതിനകം കണ്ണും കരളും മജ്ജയും ദാനം ചെയ്തു. ഒരു ഫുട്ബോൾ മാച്ചിലെ ഹാഫ് ടൈം ദൈർഘ്യം മാത്രം ജീവിച്ച നിയോഗം.

എൻ്റെ അനങ്കഫലി സയൻസ് ഫിക്ഷൻ പ്ലോട്ട് തുടർജീവിതമാണ്. ആന്തരിക അവയവങ്ങളുടെ ബൈപാസ് യന്ത്രങ്ങളും സമാന്തര ഞരമ്പുകളും സൂപ്പർ കംപ്യൂട്ടറും സജ്ജമായ യൂണിറ്റ്. സർജന്മാർക്ക് പുറമെ ഐ.ടി വിദഗ്ദ്ധരും ഇലക്ട്രിക്കൽ – മെക്കാനിക്കൽ എഞ്ചിനീയർമാരും അനലോഗ് വിദഗ്ദ്ധരും ചേർന്ന സംഘം. ഓപ്റേഷനൽ മാത്തമാറ്റിഷ്യൻ്റെ അരിതമെറ്റിക് ഫോർമുലയിൽ ശസ്ത്രക്രിയ മുന്നറുന്നു. രത്നച്ചുരുക്കം ഇങ്ങനെ:

മകളുടെ വയറ്റിൽ അനങ്കഫലി വളരുന്നു. ജീവിതം ഇത്രയൊക്കെ മതി എന്ന് തീരുമാനിച്ച അച്ഛൻ (അനങ്കഫലിയുടെ മുത്തച്ഛൻ) നഗരത്തിലെ ന്യൂറോ സർജനെ കാണുകയാണ്. മകൾ ഏഴാം മാസം പ്രസവിക്കും. വെൻ്റിലെറ്ററിൻ്റെ സഹായത്താൽ ആ അനങ്കഫലിയുടെ ശ്വാസം തുടരണം. അതിനിടെ തൻ്റെ തലച്ചോറ് പകുത്ത് ആ കുഞ്ഞ് ശിരസ്സിൽ പിടിപ്പിക്കണം.

ശസ്ത്രക്രിയക്ക് മുന്നോടിയായി ബ്രൈൻ മാപ്പിങ് നടത്തുന്നു. തലച്ചോറിൽ നിന്നും സിഗ്നലുകൾ പ്രവഹിക്കുന്ന കോഡുകൾ ക്യുറേറ്റ് ചെയ്ത് സമാന്തര എക്സ് ടെൻഷൻ ലൈൻ രൂപപ്പെടുത്തുന്നു. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യാൻ കാഡിയോ-തൊറിസിക് മെഷീനുകളും ആർട്ടിഫിഷ്യൽ ഞരമ്പുകളും സജ്ജമാക്കുന്നു. ഐ.ടി വിഭഗ്ദ്ധർ ന്യൂറോ സിഗ്നൽ ട്രാൻസ്മിഷൻ സെർവറും ബാക്ക്അപ് യൂണിറ്റും സജ്ജമാക്കുന്നു.

കുഞ്ഞിൻ്റെ വളർച്ചയ്ക്കനുസരിച്ച് വീർക്കുന്ന മട്ടിൽ എയർ ബാഗിൽ തലയോട്ടി രൂപ കല്പന ചെയ്ത് കുഞ്ഞിനെ പുറത്തടുത്ത് വെൻ്റിലേറ്ററിലേക്ക് മാറ്റി ശ്വാസോച്ഛാസം ഉറപ്പുവരുത്തണം. പാതി തലയുടെ ചുറ്റളവിൽ തലയോട്ടിയായി രൂപകല്പന ചെയ്ത എയർബാഗിന് ഡയാമീറ്റർ നിർണ്ണയിച്ച് തലച്ചോർ ഇറക്കിവെക്കാനുള്ള പൊസിഷൻ തയ്യാറാക്കി ന്യൂറോ സിഗ്നലുകളുടെ ലാൻ കോഡുകൾ കണക്ട് ചെയ്ത് സിൻടാക്സ് സജ്ജമാക്കണം.

ചെറിയ ചിമ്പാൻസിയുടെ ന്യൂറോണുകളും ഞെരമ്പുകളുമാണ് എയർ ബാഗിൽ തുന്നിച്ചേർത്ത ഫൈബർ ഓപ്റ്റിക്കൽ കോഡുകൾ. സെൽഫ് സ്ക്രൂ ഡ്രില്ലിങ് വഴി എയർ ബാഗിലെ പൊസിഷനിൽ തലച്ചോറ് ഇറക്കിയ ഉടൻ സിഗ്നലുക പ്രവഹിക്കാൻ തയ്യാറാക്കണം. ഇൻഡ്യൂസ്ഡ് കോമ വഴി മുത്തച്ഛനെ മൂന്ന് മാസം മയക്കിയ ശേഷമാണ് ബ്രൈൻ മാപ്പിങ്ങും ന്യൂറോ സെർവറും സജ്ജമാക്കിയത്.

മുത്തച്ഛൻ്റെ ജീവൻ നിലയ്ക്കാതെയാണ് തലച്ചോർ എടുക്കുന്നത്. ന്യൂറോസെർവർ കാബിളുകൾ തലച്ചോറിൽ പിടിപ്പിക്കുകയാണ്. സെർവർ ലൈൻ സമാന്തരമായി അനങ്കഫലിയുടെ എയർബാഗിൽ ഘടിപ്പിക്കുന്നതോടെ പൂർണ്ണമായും കൊച്ചു തലയോട്ടിയിൽ സിൻടാക്സ് തുടങ്ങും.

ഞരമ്പുകൾ ഓരോന്നായി “പിൻ” ചെയ്യുന്ന ശ്രമമാണ് അടുത്തത്. അപ്പോഴും മുത്തച്ഛൻ്റെ ശരീരത്തിൽ രക്തയോട്ടം തുടരും. “സിഗ്നൽ സക്സസ്” ബോദ്ധ്യമായ ശേഷം ഇൻഡ്യൂസ്ഡ് കോമ സ്റ്റേജ് അനസ്തേഷ്യയുടെ നാലാം സ്റ്റേജിലേക്ക് മാറ്റുകയാണ്. അപ്പോൾ മാത്രമാണ് മുത്തച്ഛൻ്റെ ജീവൻ നിലക്കുന്നത്.

“അനങ്കഫലി” വളരുന്നു; തലച്ചോറ് ലഭിച്ചെങ്കിലും ആ പേര് തന്നെ നിലനിർത്തി. രേഖകളിലും നാട്ടിലും അങ്ങനെ വിളിക്കപ്പെട്ടു. ഭാവന അനന്തവിഹായസ്സിലേക്ക് സഞ്ചരിക്കുമ്പോഴേ കുഞ്ഞിൻ്റെ ചിന്തയും വിവേകവും എങ്ങനെ എന്നത് സങ്കല്പിക്കാനാവൂ.

ഹൃദയധമനിയിൽ രക്തയോട്ടം നിശ്ചലമാക്കി ആർട്ടിഫിഷ്യൽ ആർട്ടറിയിലൂടെ രക്തം പമ്പ് ചെയ്യുന്ന കാർഡിയോ തൊറാസിക് ശസ്ത്രക്രിയ അടുത്തകാലം വരെയും സങ്കല്പിക്കാൻ സാദ്ധ്യമല്ലായിരുന്നു. 2012 ൽ നോബൽ സമ്മാനം ലഭിച്ച ഇൻഡ്യൂസ്ഡ് പൽപ്രിറ്റ് – സ്റ്റെം സെൽ ഗവേഷണത്തിൻ്റെ ഫലം നമ്മുടെ സങ്കല്പങ്ങൾക്ക് അന്യമായിരുന്നു. മജ്ജ പുറത്തെടുത്ത് ടിഷ്യൂ രൂപാന്തരപ്പെടുത്തി അന്തരിക അവയവങ്ങളുടെ ഘടനകൾ ക്യുറേറ്റ് ചെയ്യുന്ന സാദ്ധ്യത ആ നോബൽ സമ്മാനത്തോടെയാണ് പലരും അറിയുന്നത്. സാധാരണ സർജൻ മൂന്ന് മണിക്കൂറിനും പൂർത്തിയാക്കുന്ന പ്രക്രിയ താൻ അഞ്ച് മണിക്കൂർ എടുത്താണ് പൂർത്തീകരിച്ചതെങ്കിൽ ആ മേഖലയിൽ തുടരാൻ പാടില്ല എന്ന ആത്മസംഘർഷത്താൽ പുതുവഴി അന്വേഷിച്ച ജപ്പാനീസ് ഓർത്തോപെഡിക് സർജൻ കണ്ടെത്തിയ പുതിയ മേഖലയിലെ ഗവേഷണമായിരുന്നു അത്. സമീപഭാവിയിൽ എൻ്റെ ഫിക്ഷൻ ഒരു ഫാക്ട് ആയി മാറുന്ന ബ്രൈൻ ട്രാൻസ്പ്ലാൻ്റ് വന്നേക്കാം.

അങ്ങനെയൊരു പദ്ധതി അമേരിക്കയിലോ കാനഡയിലോ പുരോഗമിക്കും എന്ന് കരുതാം. എന്നാൽ ഇന്ത്യയിൽ അരങ്ങേറുമെന്ന് സങ്കല്പിച്ചാൽ തെറ്റാകില്ല.

ബാംഗ്ലൂർ നിംഹാൻസിൽ പതിനഞ്ചുകാരനായ ബാലൻ്റെ എപിലപ്സി നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ബ്രൈൻ മാപ്പിങ് നടത്തിയപ്പോൾ കണ്ടെത്തിയത് പാടാൻ കഴിവുള്ള അവൻ്റെ മ്യൂസിക്കൽ സെല്ലിൻ്റെ ഭിത്തികളിൽ ചാരി എപിലപ്സി ലയിക്കുന്നതാണ്. ഡ്രില്ലിംഗ് നടത്തവേ മ്യൂസിക്കൽ സെല്ലുകൾ നശിച്ചേക്കാം. എ.ആർ റഹ്മാൻ്റെ സംഗീതം കേൾപ്പിച്ച് കുട്ടിയെക്കൊണ്ട് പാട്ടുകൾ പാടിപ്പിച്ച് നടത്തിയ വൈക്-അപ് സർജറി അറിഞ്ഞപ്പോൾ ആദ്യം ആശ്ചര്യമായി. സംഗീതത്തിന് അനുസൃതമായി കുട്ടിയുടെ ന്യൂറോസിഗ്നൽ തരംഗമാറ്റങ്ങൾ ശ്രദ്ധിച്ച് മ്യൂസിക്കൽ സെൽ മാർക്ക് ചെയ്തു. മാർക്കിനിപ്പുറം അടർത്തിയെടുത്തു. അസാമാന്യ ധൈര്യമായിരുന്നു അത്. തലച്ചോറിൽ കോശങ്ങൾ മാർക്ക് ചെയ്യുന്ന ഹൈ ലൈറ്റർ പേന വികസിപ്പിച്ചതിനാണ് 2009 ൽ നോബൽ സമ്മാനം ലഭിച്ചത്.

ക്രയോജെനിക് താപ- സൂക്ഷ്‌മ ലാബിൽ തൻ്റെ ശരീരം സൂക്ഷിക്കാൻ അന്ത്യാഭിലാഷം 2017ൽ കോടതിയെ അറിയിച്ച പതിനാലുകാരി കാൻസറിന് കീഴടങ്ങിയത് “ഉയർത്തെഴുന്നേൽപിൻ്റെ” ശുഭാപ്തിയിലാണ്. ഏതെങ്കിലും കാലത്ത് ശാസ്ത്രം പുരോഗമിക്കുമ്പോൾ തന്നെ വിളിച്ചുണർത്തിയേക്കാം എന്നാണ് ആ കുട്ടിയുടെ കുറിപ്പുകൾ!

സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ലൂയിസാനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സംഘടിതമായ പദ്ധതിയായിരുന്നു തളർച്ച ബാധിച്ച കുരങ്ങുകളിൽ ബ്രെൻ ഇംപ്ലാൻ്റ് പരീക്ഷണം. നട്ടെല്ലിന് ക്ഷതമേറ്റ് തലച്ചോറിലേക്കുള്ള സിഗ്നലുകൾ പ്രവഹിക്കാതെ ക്ഷയിച്ച കുരങ്ങുകളിൽ നെറ്റ്.വർക്ക് സിഗ്നൽ ഉപയോഗിച്ച് വയർലെസ് സന്ദേശം തലയോട്ടിക്കു മുകളിൽ ഘടിപ്പിച്ച റൗട്ടറിൽ കടത്തി തലച്ചോറിനെ ഉത്തേജിപ്പിച്ച ഈ പരീക്ഷണത്തിൻ്റെ ഒടുവിൽ കുരങ്ങൻ എഴുന്നേറ്റ് നടന്നു എന്നത് എൻ്റെ അനങ്കഫലി ഫിക്ഷൻ സർജറിയുടെ ആദ്യപടിയായി അനുഭവപ്പെട്ടു.

മോട്ടോർ കോർട്ടെക്സ് സജ്ജമാക്കി തലച്ചോറിലേക്ക് സന്ദേശം അയച്ച് വയർലെസ് വഴി കംപ്യൂട്ടർ സെർവർ സന്ദേശം സ്വീകരിച്ച് തിരികെ നൽകുന്ന കമാൻ്റ് അനുസൃതമായി മജ്ജ യിലേക്ക് പൾസ് ജനറേറ്റർ വഴി ചലനത്തിന് ആഹ്വാനം നൽകാൻ നെറ്റ്.വർക്ക് എഞ്ചിനീയർമാരും സംഘത്തിലുണ്ട്.

 

 

നീന്തലിനിടെ തിരമാലയിൽ പെട്ട് കഴുത്തിലെ C5 നാഡിയിൽ വിള്ളൽ വന്നതിനെ തുടർന്ന് കൈകളുടെ ചലനം നഷ്ടമായ ഗിറ്റാർ സംഗീതജ്ഞന് ഇതിനു സമാനമായ വയർലെസ് സിഗ്നൽ നെറ്റ്.വർക്ക് പരീക്ഷണം ഓഹിയോ സർവ്വകലാശാലയിലെ ന്യൂറോശാസ്ത്രജ്ഞർ പരീക്ഷിച്ചിരുന്നു. കൈവിരലുകളിൽ നേരിയ ചലനം ഉണ്ടായതായാണ് നിരീക്ഷിച്ചത്. ഇനിയും വികാസം വരുമെന്നതിൽ പ്രതീക്ഷിക്കാൻ വകയുണ്ട്.

“പാട്ടുപാടി” ശസ്തക്രിയ ചെയ്യാൻ ഇത്ര ആത്മവിശ്വാസം നൽകുന്ന ഘടകം എന്താണ്? തലച്ചോറുകളിലെ പഠനം പുരോഗമിക്കാൻ അത്രയും സാമ്പിളുകൾ ഇവർക്ക് ലഭ്യമാക്കേണ്ടേ? ബ്രൈൻ ഡൊണേഷൻ കരാറുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ആ വ്യക്തിയുടെ നിര്യാണം എവിടെയെന്ന് നിർണ്ണയിക്കാനാവില്ല. നിശ്ചിതമായ മണിക്കൂറിനകം ഫ്രീസർ ഡബ്ബയിൽ ലാബുകളിലേക്ക് എത്തപ്പെടണം. ആ ചിന്തകൾ മൃതദേഹത്തിൻ്റെ ദാനത്തെ സ്വാധീനിക്കുന്നു.

ഇസ്‌ലാമിൽ എന്താണ് വിധി? വൈദ്യം ശാസ്ത്രമായി തലമുറകൾ പഠിക്കണമെങ്കിൽ അനാട്ടമി പഠനം നിർബന്ധമാണല്ലോ. ജ്ഞാനത്തെ പ്രവാചകപാതയെന്ന് വിജ്ഞാപനം ചെയ്യുന്ന ഇസ്‌ലാം പഠനത്തിനു വാതിലുകൾ തുറക്കുകയാണ്. കൊറദോബയിൽ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ച മുസ്‌ലിം ഭിഷഗ്വരന്മാർ പഠിച്ചത് എങ്ങനെയാണ്? അനാട്ടമി ചിത്രങ്ങളുടെ പുസ്തകങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടത് കാണുമ്പോൾ ഉയരുന്ന ചോദ്യവും അതുതന്നെ.

ഈ അനാട്ടമി അവർ എങ്ങനെ പഠിച്ചെടുത്തു? ശരീരം കീറി മുറിക്കൽ മതങ്ങൾ വിലക്കിയത് മറികടന്ന് പഠിച്ചത് അതീവ രഹസ്യമായിട്ടാണ്. ഇരട്ട ആത്മാവിൻ്റെ സംശയം തീർക്കാൻ കാത്തോലിക്കർ രഹസ്യമായി ഓട്ടോപ്സി ചെയ്തത്രെ. ഇരട്ടകളായി ജനിച്ചവർ ഒരു ആത്മാവാണോ അതോ രണ്ടോ എന്ന ശങ്ക പരിഹരിക്കുകയായിരുന്നു. ഇരട്ടകളുടെ നിര്യാണത്തോടെ ആ ശരീരങ്ങൾ “പോസ്റ്റ്മോർട്ടം ടേബിളിൽ” എത്തിച്ചത്രെ.

ഇസ്‌ലാം ഇതിൽ എന്തുപറയുന്നു എന്നത് അന്വേഷിക്കുമ്പോൾ ചർച്ച പ്രോത്സാഹിപ്പിക്കില്ല. മതത്തിൻ്റെ ചട്ടക്കൂട് മാത്രമല്ല, സാമൂഹിക അന്തരീക്ഷവും ഇഷ്ടപ്പെടണമെന്നില്ല. മരണാനന്തര കർമ്മങ്ങൾക്ക് സമൂഹം നൽകുന്ന “ആദരവ്” അങ്ങനെയൊക്കെ ആണല്ലോ. ഇസ്‌ലാം വിലക്കുന്നു എന്ന് പറയപ്പെടുമ്പോൾ മറുചോദ്യം ഇത്രമാത്രം; കൊറദോബയിലെ അൽഹംബ്രയിൽ മാത്രമായി വൈദ്യ ഗവേഷണം കൈകാര്യം ചെയ്യുകയും ഇസ്‌ലാം ജഡപഠനം നിഷേധിക്കുന്ന ലോകവും ആയിരുന്നെങ്കിൽ വൈദ്യശാസ്ത്രം എന്താകുമായിരുന്നു? ചോദ്യം അസംഭവ്യമോ അസംബന്ധമോ ആയേക്കാം. മറ്റു മതസ്ഥർ പഠനത്തിന് മുതിരുന്നില്ലെങ്കിലും അങ്ങനെ തന്നെയാണല്ലോ. കൊറദോബയിലും ബാഗ്ദാദിലും നിർമ്മിച്ച ശസ്ത്രക്രിയ ഉപകരണങ്ങൾ അതേപടി തുടരുന്നു എന്നത് ഇതോടൊപ്പം വായിക്കണം. ഈജിപ്ഷ്യൻ സർജൻ സലാഹ് രൂപകല്പന ചെയ്ത സൂക്ഷ്മ സൂചിയുടെ പേര് ഇന്നും സലാഹ്സ് നീഡിൽ എന്നു തന്നെയാണ്.

കൊറദോബയിൽ 936ൽ സഹ്‌റാവിയുടെ ഉപകരണങ്ങൾ ശസ്ത്രക്രിയ പാഠ്യങ്ങളുടെ അടിസ്ഥാനമാണ്. മുപ്പത് വാല്യങ്ങളിൽ രചിക്കപ്പെട്ട തസ്‌രിഫ് ഓരോ ഉപകരണവും ചിത്രസഹിതം വിശദീകരിച്ചു. ആയിരത്തിലേറെ വർഷങ്ങൾ കടന്നിട്ടും സഹ്റാവിയുടെ ഇരുന്നൂറിൽ പരം ഉപകരണങ്ങൾ ഇന്നും അതേ രൂപത്തിൽ തുടരുന്നു എന്നത് കൊറദോബിയിലെ വൈദ്യ ഗവേഷണത്തെ ഉണർത്തുന്നു. തിമിരം നീക്കം ചെയ്യുന്ന ഉപകരണത്തിൽ രത്നം പിടിപ്പിച്ച് അതീവ സൂക്ഷ്മതയോടെ പാടകൾ നീക്കാവുന്ന പരീക്ഷണങ്ങൾ കൊറദോബയിലെ നേത്ര വിദഗ്ദ്ധർ അക്കാലങ്ങളിൽ നടത്തി. ഒക്കുലിസ്റ്റ് പഠനം പ്രാധാന്യത്താൽ പരിഗണിച്ചു. ഹയ്യ്ബ്നു ഇസ്ഹാഖിൻ്റെ ഗ്രന്ഥങ്ങളും തിമിരം നീക്കം ചെയ്യാനുള്ള മൗസിലിയുടെ സൂചിയും പ്രധാനപ്പെട്ടവയാണ്. മൗസിലി ഗ്രന്ഥങ്ങൾ അറബിയിൽ നിന്ന് ഹിബ്രുവിലേക്ക് വിവർത്തനം ചെയ്തത് പതിമൂന്നാം നൂറ്റാണ്ടിലാണ്. 1905ൽ പ്രൊഫസർ ഹിർഷബർഗ് ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. 1497ൽ വെനിസിൽ അറബിയിൽ നിന്നും ലാറ്റിനിലേക്ക് വിവർത്തനം ചെയ്ത് പിന്നീട് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച നോട്ട് ബുക്ക് ഓഫ് ഒക്കുലിസ്റ്റിൻ്റെ രചയിതാവ് അലി ബിൻ ഇസ്ര പത്താം നൂറ്റാണ്ടിലെ ബാഗ്ദാദി ഭിഷഗ്വരനാണ്.

സുഡാനിൽ ഒൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഖർവൈൻ ആശുപത്രിയും കെയ്റോയിലെ അഹ്മദ് ഇബ്നു തുലൂൻ ആശുപത്രിയും രോഗികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും സൗജന്യമായി നൽകി. വൈദ്യപഠനത്തിന് മുൻകാലങ്ങളിലെ മുസ്‌ലിം ലോകം നൽകിയ പ്രാധാന്യം എളുപ്പം മനസ്സിലാക്കാവുന്ന വിവരണമാണ് ഇവ.

ഇത്രമേൽ ആധികാരികതയും വൈദഗ്ദ്ധ്യവും എങ്ങനെ ലഭിച്ചു? കേവലം ഏടുകളിലൂടെയും ജീവനുള്ള രോഗികളിൽ നിന്നും മാത്രമാകില്ല. കാരണം സി. ടി. ഇമേജിങ് അക്കാലത്ത് ഇല്ല. ഇവർ പഠിക്കും. കാരണം ഖുർആൻ അവതരണത്തിലെ രണ്ടാം വചനം അതാണ്; “മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു”.

“കളിമണ്ണിൻ്റെ സത്തിൽ നിന്നും മനുഷ്യനെ പടച്ചു. പിന്നീടതിനെ ബീജമാക്കി. അതിനുശേഷം ഭദ്രമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. എന്നിട്ട് ബീജം ഭ്രൂണമാക്കി. ഭ്രൂണം മാംസക്കട്ടയാക്കി. മാംസക്കട്ട അസ്ഥിയാക്കി. അസ്ഥിയെ മാംസം കൊണ്ട് പൊതിഞ്ഞു. അങ്ങനെ അതിനെ പുതിയൊരു സൃഷ്ടിയാക്കി”.

അനാട്ടമിക്കൽ പാഠപുസ്തക ഉദ്ധരണി അല്ല ഇത്; ഖുർആനിലെ ഒരു സൂക്തമാണ്. പറയുന്നത് ആറാം നൂറ്റാണ്ടിൽ. വൈദ്യചികിത്സ എൻ്റെ വിഷയമല്ല. ശരീരവും മജ്ജയും ഉള്ള മനുഷ്യൻ എന്ന നിലയിൽ വൈദ്യശാസ്ത്ര വിസ്മയങ്ങൾ അറിയാനുള്ള ജിജ്ഞാസ മാത്രം. ശരീരത്തിൻ്റെ മോട്ടോർ ഫൺക്ഷനും ജിനോം എഞ്ചിനീറിംങ്ങും ഒരു ഫാക്ടറിയിലേതു പോലുള്ള യന്ത്രവൽകൃത പ്രവർത്തനവും ഓരോ ശ്വാസത്തിലും ആശ്ചര്യപ്പെടുത്തുന്നു.

ന്യൂറോ സയൻസും തലച്ചോറിലെ ന്യൂറോ സിഗ്നലുകളും ലേ മാൻ കൗതുകമുണർത്തും. ലോക്കൽ അനസ്തേഷ്യ തലയോട്ടിയിൽ നൽകി വൈക് – അപ് സർജറിയിൽ ഡ്രില്ലിംഗ് നടത്തുമ്പോൾ തലച്ചോറിൽ വേദന അറിയില്ലേ എന്ന ചിന്ത സെൻസറി റിസപ്റ്ററിലേക്കെത്തിച്ചു. മെക്കാനിക്കൽ എനർജിക്ക് സമാന്തരമായി ഇലക്ട്രിക് സിഗ്നൽ പ്രവഹിക്കുമ്പോഴാണത്രെ വേദന അറിയുന്നത്. തലച്ചോറിൽ സെൻസറി റിസപ്റ്റർ ഇല്ലത്രെ. ശരീരം റോബോട്ടിക്സിൽ നിന്ന് വേർതിരിയുന്നത് ഇവിടെയാണ്.

ഒരു കാർഡിയോഗ്രാം റിപ്പോർട്ട് വായിച്ചപ്പോൾ വാഹനത്തിൻ്റെയോ മറ്റേതെങ്കിലും യന്ത്രങ്ങളുടെയോ റിപ്പോർട്ട് പോലെ തോന്നി. ഏതാണ്ടെല്ലാം ഫിസിക്സും മെക്കാനിക്സും!

ഈ വിസ്മയം തിരിച്ചറിഞ്ഞ ആകാംക്ഷയാണ് മുന്നഭായ് എം.ബി.ബി.എസ് സിനിമയിൽ മുന്ന സഹചാരി സർക്കീട്ടിനെ അറിയിച്ചത്.

” അരേ സർക്കീട്ട്, നമ്മുടെ ശരീരത്തിൽ എത്ര എല്ലുകൾ ഉണ്ടെന്ന് അറിയുമോ? – 206 എണ്ണം”

“നമ്മൾ ആളുകളെ ഇടിക്കുമ്പോഴും കുത്തുമ്പോഴും ഇതൊന്നും ഓർക്കാറില്ലല്ലോ…”

അനാട്ടമി പഠനം ഓർക്കുമ്പോൾ ആദ്യം പതിയുന്ന ചിത്രങ്ങളിൽ ഒന്ന് മുന്നാ ഭായ് തന്നെയാണ്. ഒരേയൊരു മൃതദേഹത്തിനു ചുറ്റും വിദ്യാർത്ഥികൾ കൂടി നിൽക്കുന്ന കാരണം ഒന്നും കാണാനാകാതെ സർക്കീട്ടിനെ വിളിച്ചു പറയുകയാണ്;

“സർക്കീട്ട് , എനിക്ക് ഒരു ശരീരം വേണം, പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല”.

“ഭയ്യ, താങ്കൾ പഠനത്തിൽ ശ്രദ്ധിച്ചോളൂ, ശരീരം ഞങ്ങൾ കൊണ്ടു തരാം”.

മെഡിക്കൽ കോളേജ് നടത്തിപ്പിൽ ഫോൺ സംഭാഷണങ്ങളുടെ മറുതലക്കൽ സർക്കീട്ടുമാർ “ബോഡി” തയ്യാറാക്കുന്നുണ്ട്. വൻ കച്ചവടശ്യംഖല “നിയമാനുസൃതം” പ്രവർത്തിക്കുന്നു. അത്തരം സംഘർഷങ്ങളിലൂടെ നിരന്തരം കടന്നുപോകുന്നുണ്ടാകാം സ്വകാര്യ മെഡിക്കൽ കോളേജുകൾ. പാഠ്യ-‘മെറ്റീരിയൽ’ ലഭ്യത ഉറപ്പ് വരുത്തൽ വിദ്യാർത്ഥികളോടുള്ള കടപ്പാടു കൂടിയാണ്. കോളറ വന്ന് മാസ് ബറിയൽ നടത്തിയ പ്രദേശത്തു നിന്ന് അസ്ഥികൾ പെറുക്കി ഓരോ എല്ലിനും വില പറഞ്ഞ തമിഴ് ദമ്പതികളെ കുറിച്ച് ഒരിക്കൽ കേട്ടിരുന്നു. ഇപ്പോൾ പഠനത്തിന് ഫൈബർ എല്ലുകൾ ലഭ്യമാണ്.

മലബാറിലെ സ്വകാര്യ മെഡിക്കൽ കോളേജിൻ്റെ പരിസരത്ത് ജഡാവഷിഷ്ടങ്ങൾ കണ്ടെത്തിയതിൽ പിന്നെ സർക്കാർ താക്കീതിനു ശേഷം അനാസ്ഥ റിപോർട്ട് ചെയ്തിട്ടില്ല.ബീഹാർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ശുചീകരണ തൊഴിലാളികൾ ഇടനിലക്കാരായ തലയോട്ടി വില്പനയുടെ റിപ്പോർട്ട് ദൈനിക് ബസാർ പ്രസിദ്ധീകരിച്ചിരുന്നു. മൃതദേഹങ്ങൾ വൃത്തിയാക്കുമ്പോൾ തലയോട്ടി ശേഖരിച്ച് ചൂടാക്കിയ ശേഷം പെട്ടിയിൽ സൂക്ഷിച്ച് വില പറഞ്ഞത് എട്ടായിരം രൂപയ്ക്കാണ്. ഫൈബർ തലയോട്ടിക്ക് 15,000 രൂപയാണത്ര.

നവാബ് രാജേന്ദ്രൻ, ഇടമറുക്, ജ്യോതിബസു എന്നിവരുടെ ശരീരങ്ങൾ പഠനത്തിന് സമർപ്പിക്കപ്പെട്ടു. എന്താണ് ഇസ്‌ലാമിൻ്റെ വിധി? “മനുഷ്യനെ ആദരിച്ചിരിക്കുന്നു” എന്നാണ് ഖുർആൻ പറഞ്ഞത്. ജീവിക്കുന്ന മനുഷ്യനേക്കാൾ ആദരവ് ജീവൻ വെടിഞ്ഞ ആത്മാവിന് നൽകുന്നുണ്ട് ഇസ്‌ലാം. മരിച്ചവരുടെ നന്മകൾ മാത്രം സംസാരിക്കുക എന്ന് നിഷ്കർഷിക്കുന്നു. മദീന തെരുവിൽ ശവമഞ്ചം കണ്ട് എഴുന്നേറ്റ പ്രവാചകനോട് അതൊരു ജൂതൻ്റെ മൃതദേഹമാണെന്ന് അനുചരർ അറിയിച്ചു. പ്രവാചകൻ തിരുത്തി; “മനുഷ്യനല്ലേ?”. ഭൗതിക ശരീരം അടക്കം ചെയ്യൽ സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്. ഒരാൾ ചെയ്താൽ മതി, ആരും ചെയ്തില്ലെങ്കിൽ എല്ലാവരും ഉത്തരവാദികളാകും. എന്നിങ്ങനെ നിബന്ധനകൾ വെക്കുന്ന ഇസ്‌ലാം മനുഷ്യ ശരീരം “അലക്ഷ്യമാക്കാൻ” സമ്മതിക്കുന്നില്ല.

വാഹനാപകട മരണങ്ങൾക്ക് ശേഷം വികൃതമായ മുഖം പരമാവധി “സുന്ദരമാക്കാൻ” ശ്രമിക്കുന്ന ഫോറൻസിക് സർജനെ സാന്ദർഭികമായി ഓർക്കുന്നു. പോസ്റ്റ്മോർട്ടം ടേബിളിൽ സർവ്വ രോഗങ്ങളിൽ നിന്നും മുക്തമായ ശരീരത്തിന് ചികിത്സ നൽകാനില്ല; ചികിത്സക്ക് ആ ശരീരം നന്ദി പറയുകയുമില്ല. ജീവിച്ചു തീർത്ത ആത്മാവിൻ്റെ വിലാസമാണ് ആ ഫയലിൽ എഴുതുന്നത്; വിധി നിർണ്ണയങ്ങളും.

സാങ്കേതിക വികാസം പാരമ്യത്തിലുള്ള ജപാനീസ്
സമൂഹം ശരീരത്തോട് ആദരവ് പുലർത്തുന്നതിൻ്റെ ഭാഗമായി ഓപൺ ഹാർട്ട് സർജറിയിൽ ആശങ്കയുള്ളവരുണ്ട്; ആത്മാവ് പുറത്ത് പോകുമത്രെ! ജപ്പാനിൽ ശരീരം കീറി മുറിച്ച് ഒട്ടോപ് സിക്കു പകരം വിർച്ച്വൽ ഓട്ടോപ്സി, അഥവാ വിർച്ചോപ്സി പ്രചാരത്തിലുണ്ടത്രെ.

വിർച്ച്വൽ ഓട്ടോപ്സി വികസിപ്പിച്ചാൽ കെഡാവർ ഡൊണേഷൻ വേണ്ടതില്ല എന്ന് അഭിപ്രായങ്ങളുണ്ടെങ്കിലും തലച്ചോറിനെ സമ്പന്ധിയായ പഠനത്തിന് മോഡലുകൾ കൊണ്ട് കാര്യമില്ല. തലച്ചോറിൻ്റെ കോശങ്ങൾ തന്നെ വേണമത്രെ. പഠിപ്പിക്കാൻ വേണ്ടിയുള്ളവയിൽ അനാദരവുകളുണ്ടായേക്കാം. അനാദരവുകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ് കെഡാവറിക് ഓത്ത് നിലവിൽ വന്നത്. കെഡാവറിൽ പ്രേമലേഖനം ഒളിപ്പിച്ച മെഡികോ കഥകൾ പല കാമ്പസിലുമുണ്ട്. ഗവേഷണാർത്ഥമുള്ളവയിൽ ആദരവോടെയാകും സമീപനം. കർമ്മശാസ്ത്രമല്ല ഇവിടെ പ്രതിസന്ധി. തലയോട്ടിക്കും അസ്ഥിക്കും എണ്ണം പറഞ്ഞ് വിലയിടുന്ന ശവം തോണ്ടികളാണ് വില്ലന്മാർ!!

About Author

യാസിർ പി.വി

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ramesh Krishnan
Ramesh Krishnan
15 hours ago

അത്യധികം വ്യാപകമായി ഉദാഹരണങ്ങൾ കോർത്തിണക്കി മനോഹരമായി അവതരിപ്പിച്ചു. ഭാവുകങ്ങൾ.

1
0
Would love your thoughts, please comment.x
()
x