A Unique Multilingual Media Platform

The AIDEM

Articles Economy National

വളരുന്ന ഇന്ത്യയും തളരുന്ന ഇന്ത്യക്കാരും

  • January 24, 2023
  • 1 min read
വളരുന്ന ഇന്ത്യയും തളരുന്ന ഇന്ത്യക്കാരും

സ്വിറ്റസർലാണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓക്സ്ഫാം അവതരിപ്പിച്ച 2022 ലെ റിപ്പോർട്ട് ലോകത്തു വളർന്നു വരുന്ന അസമത്വത്തെക്കുറിച്ചു വ്യക്തമാക്കുന്നു. ലോകത്ത് അതിസമ്പന്നതയും ദാരിദ്ര്യവും ഒരേസമയം ഭീമാകാരമായ തോതിൽ വളർന്നു കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അസമത്വം പരിധിയില്ലാതെ വളരുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്നാണ് ഓക്സ്ഫാമിന്റെ വിലയിരുത്തൽ. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലാണ് ദേശീയ സമ്പത്തിന്റെ 40.5 ശതമാനവും. പത്തു ശതമാനം അതിസമ്പന്നരുടെ കൈകളിലാണ് മൊത്തം ദേശീയ വരുമാനത്തിന്റെ 63 ശതമാനവും. എന്നാൽ രാജ്യത്തെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ ആകെ സമ്പത്ത് കേവലം 3 ശതമാനം മാത്രമാണ്. കോവിഡ്  കാലയളവിലും തുടർന്നും ഈ അസമത്വം ഗുരുതരമായി തുടരുന്നു. ഈ കാലയളവിൽ മാത്രം രാജ്യത്തെ ശത കോടീശ്വരന്മാരുടെ സംഖ്യ 102ൽ നിന്നും 166ആയി വർധിച്ചു. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 63 ശതമാനവും ശതകോടീശ്വരന്മാരുടെ കൈകളിലാണ് എത്തപ്പെട്ടത്. 1991ൽ അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ ആകെ സമ്പത്ത് ദേശീയ സമ്പത്തിന്റെ 16.1 ശതമാനം ആയിരുന്നത് ഇന്ന് 40 ശതമാനത്തിനും മുകളിലെത്തി.

ഇന്ത്യയിലെ നികുതി ഘടനയും ഇളവുകളും സാമ്പത്തികമായി പിന്നോക്കമായ ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനു ചേർന്നതല്ലെന്നുള്ള വിമർശനമാണ് ലോക സാമ്പത്തിക ഫോറത്തിൽ ഉയർന്നത്. രാജ്യത്ത് സാമ്പത്തിക അസമത്വം പെരുകുമ്പോഴും സമ്പന്നരിൽ നിന്നും ഈടാക്കുന്ന നികുതി പരിമിതമാണെന്നും സാധാരണക്കാരുടെയും ദരിദ്രരുടെയും നികുതി വിഹിതം കൂടുതലാണെന്നുമാണ് വിലയിരുത്തൽ. ചരക്കു സേവന നികുതിയിൽ 64 ശതമാനവും നൽകുന്നത് 50 ശതമാനം വരുന്ന സാധാരണക്കാരാണ്. എന്നാൽ അതി സമ്പന്നരും സമ്പന്നരുമായ 10 ശതമാനത്തിനു നൽകേണ്ടി വരുന്നത് നാല് ശതമാനത്തിൽ താഴെ മാത്രമാണ്.  

 

ഇന്ത്യയിലെ പത്തു സമ്പന്നർക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയാൽ 1.37 ലക്ഷം കോടി രൂപ സമാഹരിക്കാനാകും. ഇത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ഈ വർഷം ബജറ്റിൽ നീക്കി വച്ച തുകയുടെ ഒന്നര മടങ്ങാണ്. ഈ തുക രാജ്യത്തെ മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ വേണ്ടി വരുന്ന തുകയ്ക്കു തുല്യമാണ്. ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും രണ്ടു ശതമാനം നികുതി ചുമത്തിയാൽ രാജ്യത്തെ മുഴുവൻ ആളുകൾക്കും പോഷകാഹാരം ഉറപ്പു വരുത്താനാകും. അസമത്വം പരിഹരിക്കുന്നതിൽ ചരിത്രപരമായിത്തന്നെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്വത്ത് നികുതി, പിന്തുടർച്ചാവകാശ നികുതി തുടങ്ങിയ പുരോഗമന നികുതി നടപടികൾ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 

ലോക സാമ്പത്തിക ശക്തികളുടെ നിരയിൽ  ഇന്ത്യയുടെ സ്ഥാനം അഞ്ചിലേക്കുയർന്നത്‌ കൊണ്ടുള്ള നേട്ടം പക്ഷെ സാധാരണ ദരിദ്ര ജന വിഭാഗങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ല. 2022ൽ പുറത്തു വന്ന കണക്കു പ്രകാരം ലോക ദാരിദ്ര്യ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. ആരോഗ്യ നിലവാര സൂചികയിൽ 112ആമതും. ആരോഗ്യരംഗത്തു പൊതു മേഖലയിലുള്ള നിക്ഷേപം മൊത്തം വരുമാനത്തിന്റെ 1.4 ശതമാനം മാത്രമാണ്. ഇത് സ്വകാര്യ മേഖലക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കി. രാജ്യത്തെ ആശുപത്രികളിൽ എഴുപതു ശതമാനവും സ്വകാര്യ മേഖലയിലാണ്. ഇതാകട്ടെ സാധാരണ ജനങ്ങളുടെ ആരോഗ്യപരിപാലനം ചിലവേറിയതാക്കുകയും ആയത്‌ ഈ വിഭാഗത്തെ കൂടുതൽ സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്കു തള്ളിയിടുകയും ചെയ്യും. വിദ്യാഭ്യാസ രംഗവും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. വിദ്യാഭ്യാസ മേഖലയിൽ പോതുമേഖലയിലുള്ള നിക്ഷേപം രാജ്യത്തെ മൊത്ത വരുമാനത്തിന്റെ 2.9 ശതമാനം മാത്രമാണ്. ഈ രംഗത്തെ സ്വകാര്യ മേഖലയുടെ കൈപ്പിടിയിൽ എത്തിക്കുന്നതിൽ  സർക്കാർ നിലപാടുകൾ ഏറെ സഹായകരം ആകുന്നു. ഇത് പ്രത്യേകിച്ച് ഉന്നത വിദ്യാസ മേഖലയെ കൂടുതൽ ചിലവേറിയതാക്കുകയും സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസര നിഷേധത്തിലും കൊണ്ടെത്തിക്കും. ഈ വർഷം ജനുവരിയിൽ പുറത്തു വന്ന സി.എം.ഐ.ഇ യുടെ റിപ്പോർട്ട് കാണിക്കുന്നത് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം ആയി ഉയർന്നു എന്നാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് സർവകാല റെക്കോർഡിലെത്തിയിരിക്കുന്നു.

 

രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മുൻപൊന്നുമില്ലാത്ത തരത്തിൽ വർധനവുണ്ടാകുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, ദരിദ്ര ജനതയുടെ, സാധാണക്കാരുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ കൂടുതൽ ദുരിതപൂർണമാകുന്ന സ്ഥിതിയാണ് ഇന്ത്യയിൽ.  


Subscribe to our channels on YouTube & WhatsApp

About Author

ഹാൻസൻ ടി കെ

ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച 'പബ്ലിക് അജണ്ട' മാസികയുടെ ഓപ്പറേഷൻസ് മാനേജരായും, ഡി.വൈ.എഫ്.ഐ. സെൻട്രൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയും പ്രവർത്തിച്ചു. ഇപ്പോൾ ദി ഐഡം മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

The news should spread. Even if it might not change the world order.