A Unique Multilingual Media Platform

The AIDEM

Art & Music Articles Cinema

ഓസ്‌കാർ ജേതാവ് ബില്ലി ഐലീഷ് – മലയാളി യുവതയുടെ ഹൃദയം കവർന്ന പാട്ടുകാരി

  • March 28, 2022
  • 1 min read
ഓസ്‌കാർ ജേതാവ് ബില്ലി ഐലീഷ് – മലയാളി യുവതയുടെ ഹൃദയം കവർന്ന പാട്ടുകാരി

ബില്ലി ഐലീഷ്, മലയാളി യുവതയുടെ ഹൃദയഗീതം പാടിയ അമേരിക്കൻ 20 വയസ്സുകാരി, ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ഓസ്‌കാർ നേടിയിരിക്കുന്നു. കേരളത്തിലെ എല്ലാ കൗമാരക്കാർക്കും പരിചിതയാണ് ഈ പാട്ടുകാരി. ഓഷൻ ഐസ് (Ocean Eyes) എന്ന 2015 ൽ പുറത്തിറങ്ങിയ ഒറ്റ പാട്ടുകൊണ്ട് മലയാളി പെൺകുട്ടികളുടെ ഹൃദയം കവർന്നു പാട്ടെഴുത്തുകാരി കൂടിയായ ഈ ഗായിക. നോ ടൈം റ്റു ഡൈ (No Time to Die) എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന് വേണ്ടി ബില്ലി ഐലീഷ് തൻ്റെ സഹോദരനായ ഫിന്നാസിനൊപ്പം ചിട്ടപ്പെടുത്തിയ പാട്ടിനാണ് ഓസ്‌കാർ ലഭിച്ചത്.

ലോസ് ഏഞ്ചലസ്സിൽ അഭിനേതാക്കളായ ദമ്പതിമാരുടെ മകളായി ജനിച്ച ബില്ലി, ലോകത്താകമാനം കലാരംഗത്തു നടക്കുന്ന ഇൻ്റർനെറ്റ് വിപ്ലവത്തിന്‍റെ ഫലമായാണ് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ തരംഗമായത്. ഒരു നിശ്വാസത്തിന്‍റെ ഭാരക്കുറവ് അനുഭവപ്പെടുന്ന മനോഹരമായ ശബ്ദം, തൊട്ടടുത്ത് നിന്ന് ഒരു സ്വകാര്യം പറയുന്നതു പോലെ കേൾവിക്കാരോട് സംവദിക്കുന്ന സംഗീതാനുഭവം, പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് കൂൾ ആയി തോന്നുന്ന baggy, oversized വസ്ത്രങ്ങൾ ധരിച്ചെത്തുന്ന, ഒരു പക്ഷെ വിപണിയിലെ സ്ത്രീ ബിംബത്തോടു കലഹിക്കുന്ന ഒരു വ്യക്തി പ്രസ്താവം – ഇതെല്ലാമാണ് ബില്ലി ഐലീഷ്.

സോഷ്യൽ മീഡിയ കാലത്തെ അന്യവത്കരണവും, ചെറുപ്പക്കാർ അനുഭവിക്കുന്ന ഡിപ്രെഷനും പോലുള്ള പുതുതലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന തീമുകളാണ് ബില്ലിയുടെ പാട്ടിലുള്ളത്. പല സംഗീത ശാഖകളേയും സംയോജിപ്പിക്കുന്ന ശൈലിയാണ് ബില്ലി പിന്തുടർന്നത്. അവനവനോട് പുലർത്തുന്ന സത്യസന്ധത തുളുമ്പുന്നതാണ് ബില്ലിയുടെ ഓരോ പാട്ടും. കൗമാരക്കാർക്ക് അത് അവരുടെ സ്വന്തം ജീവിതം പോലെ അനുഭവപ്പെടുന്നതിൽ അദ്‌ഭുതമില്ല. പഠനം, ജോലി, ജീവിതവിജയം എന്ന ഫോർമുലയാൽ കെട്ടപ്പെടുന്ന അവരുടെ ജീവിതത്തിന്‍റെ ആകുലതകൾ മറ്റെവിടെയാണ് ഇത്രമേൽ താദാത്മ്യത്തോടെ അവർക്കു കാണാനാവുക?

‘All the good girls go to hell’ എന്ന ബില്ലിയുടെ പാട്ടു തുടങ്ങുന്നത്, എന്‍റെ ലൂസിഫർ ഏകാന്തനാണ്, എന്ന വരിയിലാണ്. ഒരു പെൺ ലൂസിഫറിനെ അപ്പോൾ വീഡിയോവിൽ നമുക്ക് കാണാം. “എല്ലാടവും ജലം വന്നു നിറയുകയും, സ്വർഗ്ഗം കൈയെത്താത്തിടത്ത് ആവുകയും ചെയ്യുമ്പോൾ, പിശാചിനെ തന്‍റെ ടീമിൽ അവൾക്ക് ആവശ്യമായി വരും” എന്ന് പാട്ടു തുടരുന്നു. Lovely എന്ന എക്കാലത്തെയും ഹിറ്റ് ഗാനം മറ്റൊരു പ്രശസ്ത പോപ്പ് ഗായകൻ ഖാലിദുമായി ചേർന്ന് പാടിയതാണ്. ഒഴുകുന്ന ഒരു മേഘക്കീറിന് കീഴിൽ, ജലാന്തർഗർഭത്തിൽ, ഒരു ചില്ലുകൂട്ടിൽ കെട്ടിയിടപ്പെട്ട ബില്ലിയും, ആ ചില്ലുകൂടിനു ചുറ്റും നടക്കുന്ന ഖാലിദും ചേർന്ന് പാടുന്ന ഗാനം. പുറത്തുകടക്കാനാവാതെ ശ്വാസം മുട്ടിക്കുന്ന ജീവിതാവസ്ഥകൾ ഓർമ്മിപ്പിക്കുന്ന വരികൾ.

ശരീരഭംഗി എടുത്തു കാണിക്കുന്ന, ആൺ നോട്ടത്തിനു വേണ്ടി ഒരുക്കപ്പെട്ട, എന്നാൽ സ്ത്രീക്ക് ധരിക്കാൻ ഒട്ടും സുഖകരമല്ലാത്ത ഇറുകിയ ആധുനിക ഫാഷൻ വസ്ത്രങ്ങൾക്കെതിരെ തൻ്റെ പാട്ടിലൂടെയും വാക്കിലൂടെയും പൊരുതിയ ഗായിക കൂടിയാണ് ബില്ലി. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച ബില്ലിയെയാണ് അവരുടെ എല്ലാ സംഗീത ആൽബങ്ങളിലും കാണാനാവുക. പുതിയ തലമുറയ്ക്ക് രാഷ്ട്രീയ ബോധമില്ല എന്ന് കരുതുന്നവർ ഓർക്കുക. ആ തലമുറ ഇഷ്ടപ്പെടുന്ന ഈ സംഗീതത്തിൽ ഉണ്ട്, നിങ്ങൾ പടച്ചുവെച്ച സാമൂഹ്യ കെട്ടുപാടുകൾ നിഷേധിക്കുന്ന, വിമത ശബ്ദങ്ങളെ ഇഷ്ടപ്പെടുന്ന, ഒരു രാഷ്ട്രീയം.

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.