A Unique Multilingual Media Platform

The AIDEM

Articles Enviornment Law

ബഫർ സോൺ എന്ത്, എന്തിന്?

  • January 18, 2023
  • 1 min read
ബഫർ സോൺ എന്ത്, എന്തിന്?

പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവുമെല്ലാം ലോകമെങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പലതരം പദ്ധതികൾ രാഷ്ട്രങ്ങൾ പ്രഖ്യാപിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാ​ഗമായി തന്നെ വന്യജീവി സംരക്ഷണമെന്നതിനും വനസംരക്ഷണമെന്നതിനുമെല്ലാം ഊന്നൽ ലഭിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കണമെന്നതിൽ ആർക്കും തർക്കമില്ലാതെയിരിക്കുമ്പോൾ തന്നെയാണ് രാജ്യത്ത്, പ്രത്യേകിച്ചും കേരളത്തിൽ, വനമേഖലയ്ക്കും ദേശിയോദ്യാനങ്ങൾക്കുചുറ്റും പരിസ്ഥിതി ലോല മേഖല, അഥവ ബഫ‍ർ സോൺ എന്ന പുതിയ പ്രശ്നം ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കേരളത്തിലെ മലയോരമേഖലകളിൽ ഇതിനോടകം തന്നെ പ്രതിഷേധങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ​ഗാഡ്​ഗിൽ കമിറ്റി റിപ്പോർട്ട് കേരളത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. അതിന് പിന്നാലെയാണ് പുതിയ ബഫർ സോൺ വിവാദം. ജൂൺ മൂന്നിലെ മൂന്നം​ഗ ബെഞ്ചിന്റെ വിധിക്കെതിരെ നൽകിയ ഹർജികൾ പരി​ഗണിക്കവെ ഇളവുകൾ പരി​ഗണിക്കാമെന്നാണ് സുപ്രീംകോടതി ഏറ്റവും ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഖനനം പോലുള്ളവ നിയന്ത്രിക്കാനാണ് വിധി ലക്ഷ്യമിട്ടിട്ടുള്ളതെന്നും സാധാരണജനജീവിതത്തെ ദുസ്സഹമക്കാനല്ലെന്നുമാണ് ഹർജികൾ പരി​ഗണിക്കവെ കോടതി വ്യക്തമാക്കിയത്. ജൂൺ 3ലെ വിധിയിലെ അപാകതകൾ പരിഹരിക്കുന്നതിനും ഹർജികൾ പരി​ഗണിക്കാനും മൂന്നം​ഗ ബെഞ്ചിന് ഹർജികൾ കൈമാറുമെന്ന് കേരളത്തിന്റെ പുനപരിശോധന ഹർജികൾ അടക്കം പരി​ഗണിച്ച ജസ്റ്റിസുമാരായ ബി. ആർ. ​ഗവായ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. കേരളം നൽകിയ പുനപരിശോധന ഹർജി ഈഘട്ടത്തിൽ പരി​ഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

എന്താണ് ബഫർ സോൺ? എന്തിനാണ് ബഫർ സോൺ?

വന മേഖലയോട് ചേർന്ന് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഖനനങ്ങൾ തുടങ്ങിയവയെല്ലാം സംരക്ഷിത വനത്തിന് ദോഷകരമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വനത്തിനും നിർമാണപ്രവർത്തനങ്ങൾ നടത്താവുന്ന പ്രദേശത്തിനുമിടയിൽ ഒരു നിശ്ചിത വിസ്തീർണമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയായി മാറ്റാൻ തീരുമാനിച്ചത്. ഈ പ്രദേശത്തെയാണ് ബഫർ സോൺ (ഇക്കോ സെൻസിറ്റീവ് സോൺ) എന്ന് വിളിക്കുന്നത്.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയിലാണ് നിലവിൽ ബഫർ സോൺ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രം നിയോ​ഗിച്ച കേന്ദ്ര ഉന്നതാധികാര സമിതിയാണ് ഇത് സംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ പ്രദേശത്ത് എന്തെല്ലാം പ്രവർത്തനങ്ങൾ പാടില്ലെന്ന് കൃത്യമായി മാർ​ഗനിർദേശത്തിലുണ്ട്. ഖനികൾ, കെട്ടിടങ്ങൾ, റിസോർട്ടുകൾ, വ്യവസായശാലകൾ തുടങ്ങി എല്ലാത്തിനും നിരോധനമുണ്ട്. വന്യജിവികൾക്ക് സ്വൈര്യമായി വിഹരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുകയെന്നതും ബഫർസോണിന്റെ ലക്ഷ്യങ്ങളിലുണ്ട്. ബഫർസോണിലുള്ളവർക്ക് താമസിക്കാൻ നിയന്ത്രണമില്ല. പക്ഷെ അവിടെ വന്യജീവികളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ഒന്നും തന്നെ സ്ഥാപക്കാൻ പാടില്ല – അതായത് കാട്ടാനകളേയും മറ്റും തുരത്താനായി സ്ഥാപിക്കുന്ന സോളാർ വേലി, മതിലുകൾ, കിടങ്ങുകൾ അടക്കമുള്ളവ പാടില്ല. നിലവിൽ കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെ 24 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. രണ്ടു കടുവാ സങ്കേതങ്ങളും രണ്ടു പക്ഷി സങ്കേതങ്ങളും ഒരു മയിൽ സങ്കേതവും ഇവയിൽ ഉൾപ്പെടും. ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ ഇവയുടെ ഓരോന്നിന്റെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വരും.

സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ

സുപ്രീംകോടതി ഇടപെടലാണ് ഇക്കാര്യത്തിൽ ഏറ്റവും നിർണായകമായത്. സുപ്രീംകോടതിയുടെ ഇടപെടലിലേക്ക് നയിച്ചതാവട്ടെ ഒരു മലയാളിയുടെ നിയമപോരാട്ടവും. തമിഴ്‌നാട്ടിലെ നീലഗിരി വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശിയായ ടി.എൻ.ഗോദവർമൻ തിരുമുൽപ്പാട് 1995 ലാണ് കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ച് ബഫർ സോൺ രൂപീകരിക്കാനുള്ള സുപ്രധാന വിധി 2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ചത്. 2016ൽ ഹർജിക്കാരൻ മരിച്ചെങ്കിലും ഹർജിയുമായി സുപ്രീം കോടതി മുമ്പോട്ടു പോകുകയായിരുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുവരവ് തടയാനാണ് ഉത്തരവ് ലക്ഷ്യമിടുന്നതെന്നും 2011ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിൽ ബഫർ സോണുകളിൽ പതിനഞ്ചോളം പ്രവൃത്തികൾക്ക് പൂർണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പുതിയതും പഴയതുമായ എല്ലാ വാണിജ്യ ഖനനങ്ങൾക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികൾക്കും നിരോധനമുണ്ട്. പുതിയ വ്യവസായ സ്ഥാപനങ്ങൾക്കും നിലവിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ വർക്കുകൾക്കും അനുമതി നൽകരുത്. ജലവൈദ്യുത പദ്ധതികളുടെ നിർമാണത്തിനും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും അനുമതിയില്ല. വാണിജ്യ അടിസ്ഥാനത്തിലുളള കോഴിഫാം, മര-വ്യവസായ ശാലകൾ എന്നിവ പ്രവർത്തിപ്പിക്കരുത്. സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ ബഫർ സോൺ പരിധിയിൽ വരുന്ന സ്വകാര്യ, സർക്കാർ, റവന്യൂ ഭൂമിയിൽ നിന്ന് ഒരു തരത്തിലുമുള്ള മരവും മുറിക്കാനും പാടില്ല തുടങ്ങി കർശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി ഏർപ്പെടുത്തിയത്.

2011 ലെ കേന്ദ്രഇടപെടൽ

‌മനുഷ്യരുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ മറ്റു ജീവജാലങ്ങൾക്ക് ശല്യമാകാനും അവയുടെ ആവാസവ്യവസ്ഥയെ ബാധിക്കാനും തുടങ്ങിയപ്പോഴാണ് 1972ൽ രാജ്യത്ത് വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്. വന്യജീവികളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുക, വനം കൊള്ള തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം നിയമം ഉറപ്പ് വരുത്തുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ ആറ് പ്രകാരം ഓരോ സംസ്ഥാനവും വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവൽക്കരിക്കുകയും ആ സമിതിയുടെ നിർദേശം അനുസരിച്ച് ദേശീയോദ്യാനം, സംരക്ഷിത പ്രദേശം, വന്യജീവി സങ്കേതം എന്നിവയുടെ വിസ്തൃതി നിർണ്ണയിക്കുകയും ചെയ്യണമെന്നതും നിയമത്തിലെ വ്യവസ്ഥയാണ്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ് വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും കേന്ദ്ര സർക്കാരിന്റെ ബഫർ സോൺ പ്രഖ്യാപനം ഉണ്ടായത്. പരിസ്ഥിതിലോല മേഖലകളിൽ മനുഷ്യരുടെ ഇടപെടൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിയാണ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. ഇത്തരം മേഖലകളിൽ മനുഷ്യരുടെ ഇടപെടൽ നിയന്ത്രിക്കുകയോ പൂർണമായി വിലക്കുകയോ ചെയ്യുന്ന രീതിയിലായിരുന്നു ഇത്. വനത്തിലെ ഖനനം, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായ സംരംഭങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് പൂർണമായ വിലക്ക് ഏർപ്പെടുത്തി. വനത്തിലൂടെയുള്ള രാത്രികാല റോഡ് ഗതാഗതം നിയന്ത്രിച്ചു. കൃഷി, മഴവെള്ള സംഭരണം, ജൈവകൃഷി എന്നിവയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ വിജ്ഞാപനം വ്യക്തമാക്കി.

2011 ൽ കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബഫർ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യ ജീവി ബോർഡിന്റെ മൂന്ന് ഉപ സമിതികൾ രൂപീകരിക്കുകയുണ്ടായി. വി.ഡി സതീശൻ, ടി.എൻ പ്രതാപൻ, എൻ ഷംസുദ്ദീൻ എന്നീ യുഡിഎഫ് എംഎൽഎമാരായിരുന്നു ഉപസമിതി അധ്യക്ഷന്മാർ. ഉപസമിതി സിറ്റിങ്ങുകൾക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റർ വരെ ബഫർ സോൺ വേണമെന്നായിരുന്നു പിന്നീട് യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനം. 2013 മേയ് എട്ടിന്റെ മന്ത്രിസഭാ യോഗത്തിൽ ദേശീയ ഉദ്യാനങ്ങൾക്കു ചുറ്റും12 കിലോമീറ്റർ വരെ ബഫർ സോൺ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചു. എന്നാലിത് കേരളത്തിൽ നടപ്പിലാക്കിയാൽ വലിയ തോതിലുള്ള കുടിയിറക്ക് ഭീഷണിയുണ്ടാകുമെന്നതായിരുന്നു വസ്തുത. പിന്നീട് വന്ന ഇടത് സർക്കാർ 2019 ഒക്ടോബർ 31 ന് ചേർന്ന മന്ത്രിസഭ യോ​ഗത്തിൽ ദൂരപരിധി ഒരു കിലോമീറ്റർ വരെ ആക്കി നിജപ്പെടുത്തി. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധങ്ങളുയർന്നു.

“ബഫർ സോൺ വേണം എന്നതാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട്. അതേസമയം അവിടങ്ങളിൽ താമസിക്കുന്ന ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ചാവരുത് ഇത് നടപ്പാക്കേണ്ടത്. ബഫർ സോൺ മാനദണ്ഡങ്ങളിൽ വീട് വെക്കരുത് എന്നില്ലായിരുന്നു, എന്നാൽ ജൂണിലെ സുപ്രീംകോടതി വിധിയിൽ അത് ഉൾപ്പെടുത്തപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതാണ്. ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ബഫർ സോൺ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നതാണ്. ഓരോ വന്യജീവിസങ്കേതത്തിന്റേയും ചുറ്റിലുമുള്ള പ്രദേശത്തെ സ്വഭാവത്തിനനുസരിച്ചായിരിക്കണം ബഫർ സോൺ പരിധി നിശ്ചയിക്കേണ്ടത്.”

 

– ജോജി കൂട്ടുമ്മേൽ, ജനറൽ സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

 

എന്താണ് ബഫർ സോണിലെ നിയന്ത്രണങ്ങൾ?

1. “പ്രാദേശികസമൂഹങ്ങളുടെ നിലവിലുള്ള കൃഷി, പഴം പച്ചക്കറിക്കൃഷി, കാലിവളർത്തൽ , ജലക്കൃഷി, മത്സ്യക്കൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നു” എന്നാണ് കേന്ദ്രത്തിന്റെ വിജ്ഞാപനത്തിലുള്ളത്. ഏതൊക്കെ കൃഷി എങ്ങനെയൊക്കെ നിയന്ത്രിക്കണമെന്ന് വൈൽഡ്‌ ലൈഫ് വാർഡൻ /ഡിഎഫ്ഒ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കുന്നത്.
2. റവന്യൂ ഭൂമിയിൽനിന്നോ സ്വകാര്യ കൈവശ സ്‌ഥലത്തുനിന്നോ മരം മുറിക്കാൻ ചുമതലപ്പെട്ട അധികാരിയുടെ അനുമതി വേണം. നിലവിൽ ചന്ദനം, ഈട്ടി, തേക്ക് മുതലായ മരങ്ങൾക്കു മാത്രമാണ് ഇപ്പോൾ പാസ് സംവിധാനം ഉള്ളത്. പറമ്പിലെ തെങ്ങടക്കമുള്ളവ മുറിച്ചു മാറ്റുന്നതിനും ഇനി അനുവാദം വാങ്ങണം.
3. കിണറുകൾ, കുഴൽകിണറുകൾ എന്നിവ കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്നത് അധികാരികളുടെ കർശന മേൽനോട്ടത്തിലായിരിക്കും. ആരാണ് അധികാരികൾ എന്നോ ആവശ്യം കാർഷികമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.
4. കൃഷി ചെയ്യാത്ത ഭൂമികളും അതിന്റെ ആവാസവ്യവസ്ഥകളും വീണ്ടെടുക്കും. വന്യമൃഗശല്യം കാരണം കൃഷി നടക്കാത്ത ഇടങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടാൽ 2003ലെ പരിസ്ഥിതിലോല പ്രദേശ നിയമപ്രകാരം നഷ്ടപരിഹാരം നൽകാതെ വനമായി മാറ്റാനും കഴിയും.
5. ബഫർസോണിൽ നിലവിലുള്ള വനം നിയമങ്ങൾ ബാധകമാണ്. കേരള വനംവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് 2018 പ്രകാരം ബഫർസോണുകളിലും ഇനിമുതൽ വനത്തിലേതിനു സമാനമായ നിയന്ത്രണങ്ങൾ വരും.

ജനങ്ങളുടെ പ്രതിഷേധത്തിന്റെ കാരണം

ജൂണിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ബഫർ സോണായേക്കാവുന്ന വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കേരളം ഉപ​ഗ്രഹ സർവ്വേ നടത്തിയിരുന്നു. 42 ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കി 2022 ഓഗസ്റ്റ് 29ന് സർക്കാരിന് സമർപ്പിച്ച പ്രഥമിക റിപ്പോർട്ട് പ്രകാരം കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ ബഫർ സോണിൽ വീടുകളും കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം 49,324 കെട്ടിടങ്ങൾ ആണ് ഉള്ളത്. എന്നാൽ ഉപ​ഗ്രഹസർവ്വേയിൽ അപാകതകളുണ്ടെന്നാണ് വിമർശനം . പ്രദേശങ്ങളിലെ ജനവാസ മേഖലയും ജനസംഖ്യയും കണ്ടെത്തണം. അതിനായി വനം, തദ്ദേശം,റവന്യു വകുപ്പുകൾ ചേർന്ന് ഫീൽഡ് സർവേ നടത്തുന്നുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ജസ്‌റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിക്കും സർക്കാർ രൂപം നൽകി.
കേരള സ്വതന്ത്ര കർഷക സംഘടന (കെഐഎഫ്എ)യുടെ കണക്ക് പ്രകാരം കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറാണ്. അതിന്റെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയും കൃഷിഭൂമിയെയും ഇത് ബാധിക്കുമെന്നാണ് അവരുടെ ആശങ്ക.കൊച്ചിയിൽ മം​ഗളവനത്തോട് ചേർന്ന് കിടക്കുന്ന കേരള ഹൈക്കോടതിയും കൊച്ചി ന​ഗരത്തിന്റെ പലപ്രദേശങ്ങളും ബഫർ സോണിനകത്താകുമെന്നതാണ് വസ്തുത. 9 ഓളം സംരക്ഷിത വനമേഖലയുള്ള ഇടുക്കിയെ തന്നെയാണ് ഉത്തരവ് നടപ്പിലായാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക. വന്യജീവി സങ്കേതം കൂടുതലുള്ള വയനാട്ടിലെ പല വില്ലേജുകളും ബഫർ സോണിനകത്താകുമെന്നതും വെല്ലുവിളിയാണ്.

“ബഫർ സോണുമായി ബന്ധപ്പെട്ട് കർഷകർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. അതല്ല ഇപ്പോൾ നടക്കുന്നത്. വന്യജീവി സങ്കേതങ്ങളേ വേണ്ട, കേരളത്തിൽ വനവിസ്തൃതി വർദ്ധിച്ചുതുടങ്ങിയ തെറ്റായ പ്രചാരണം നടക്കുന്നു. മണ്ണെടുക്കുന്നതിനോ ചതുപ്പ് നികത്തുന്നതിനോ തടസമില്ല. ​ഗാഡ്​ഗിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന സുരക്ഷാ മുൻകരുതൽ നിർദേശങ്ങളെല്ലാം ഇതിന്റെ മറവിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ബഫർ സോണിന്റെ പേരിൽ ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഒച്ചപാടുകൾ കേരളത്തിൽ പരിസ്ഥിതി സംരക്ഷണമെന്നത് തന്നെ അസാധ്യമാക്കുന്നതരത്തിലേക്കാണ് പോകുന്നത്.”

 

-ജോൺ പെരുവന്താനം, പരിസ്ഥിതി പ്രവർത്തകൻ

സംസ്ഥാനം ചെയ്തത്

ജൂലൈ 14 ന് സുപ്രീംകോടതി വിധിയിന്മേൽ സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി ഫയൽ ചെയ്തു. ജനവാസമേഖലകൾ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റ മുഖ്യആവശ്യം. ഇതേ ആവശ്യമുന്നയിച്ച് സ‍ക്കാ‍ർ കേന്ദ്ര സർക്കാരിന് ജൂൺ ഇരുപത്തിയഞ്ചിന് കത്തയക്കുകയും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രത്തിന് പിടിവാശിയില്ലെന്നും സംസ്ഥാനങ്ങൾക്ക് അനുകൂലമായ വിധി നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം ഉറപ്പ് നൽകി. ജൂലായ് ഏഴിന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ഡിസംബർ 20ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വനം, റവന്യൂ, ധന, തദ്ദേശ സ്വയംഭരണ, ജലവിഭവ മന്ത്രിമാരും അഡ്വ.ജനറലും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ഉന്നതതല യോഗം ചേർന്നു. പിന്നീട് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗവും വിളിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി.

കെസിബിസി യും പ്രതിപക്ഷകക്ഷികളും എൻഎസ് എസ് അടക്കമുള്ള സാമുദായിക സംഘടനകളും പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന സാഹചര്യത്തിൽ വളരെ കരുതലോടെയാണ് സംസ്ഥാന സർക്കാരും നീങ്ങിയത്. കെസിബിസി അടക്കമുള്ള സംഘടനകളുമായി അനുനയ ചർച്ചകൾക്കായി മന്ത്രി റോഷി അ​ഗസ്റ്റിൻ അടക്കമുള്ളവരെ സർക്കാർ ചുമതലപ്പെടുത്തി. ആരെയും കുടിയിറക്കില്ലെന്നുമാണ് വനംമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങൾക്ക് നൽകുന്ന ഉറപ്പ്. വിധിയിൽ ഭേദ​ഗതികൾ ആകുമെന്ന സുപ്രീംകോടതിയുടെ പുതിയ സൂചന കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്.


Subscribe to our channels on YouTube & WhatsApp

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.