A Unique Multilingual Media Platform

The AIDEM

Articles Climate

വീണ്ടും വരുമോ, എൽ നിനോ ദുരിതകാലം? 

  • March 10, 2023
  • 1 min read
വീണ്ടും വരുമോ, എൽ നിനോ ദുരിതകാലം? 

പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ എന്ന പ്രതിഭാസം ഉണ്ടാക്കുന്ന വരൾച്ചയെ കേരളവും, ഇന്ത്യയും നേരിടാൻ പോവുകയാണെന്ന് ഏതാണ്ട് ഉറപ്പായി. 2015-16 കാലത്ത് കേരളം നേരിട്ട നൂറ്റാണ്ടിലെ തന്നെ വലിയ വരൾച്ച ഇതേ പ്രതിഭാസത്തിന്റെ ഫലമായിരുന്നു. വരാൻ പോകുന്ന വറുതിയെ നേരിടാൻ നമ്മൾ സജ്ജരാണോ? 

കണ്ണൂർ ജില്ലയിലെ ആലക്കോട്ട് തെങ്ങുകയറുന്നതിനിടയിൽ സൂര്യതാപമേറ്റ് മരിച്ച വി.ജോയിയും കോട്ടയം കടുത്തുരുത്തിയിൽ തോണിയിലിരുന്നു മീൻപിടിക്കുന്നതിനിടയിൽ സൂര്യാഘാതമേറ്റ് മരിച്ച സാബുവും. ഏഴു വർഷങ്ങൾക്കു മുൻപ് 2016 ഇൽ കേരളത്തിൽ റെക്കോഡ് താപനില 41.9 ഡിഗ്രിയിൽ എത്തിയപ്പോൾ ജീവൻ നഷ്ടപ്പെട്ട, കാലാവസ്ഥാമാറ്റത്തിന്റെ ഈ രക്തസാക്ഷികളെ ഓർമ്മയുണ്ടോ? 2016 ഒരു എൽ നിനോ വർഷമായിരുന്നു. കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തുള്ള പസഫിക് സമുദ്രഭാഗങ്ങളിൽ കടൽവെള്ളം പെട്ടെന്ന് അസ്വാഭാവികമായ തോതിൽ ചൂടായി രൂപപ്പെട്ടതായിരുന്നു 2016 ലെ എൽ നിനോ പ്രതിഭാസം. ലോകത്തിന്റെ മുഴുവൻ കാലാവസ്ഥയെയും അത് ബാധിച്ചു. ഇങ്ങേയറ്റത്തു കേരളത്തിൽ കടുത്ത വേനൽ ചൂടും വരൾച്ചയുമായി അത് പരിണമിച്ചു. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാ ചുഴലിക്കാറ്റുകൾ മുൻപില്ലാത്ത വിധം ആഞ്ഞടിച്ചു. ഒപ്പം പസഫിക് ദ്വീപുകളിലും പെറുവിലും വെള്ളപ്പൊക്കം വിശാലമായ പ്രദേശങ്ങളെ അപ്പാടെ വിഴുങ്ങി. 

എന്താണ് എൽ നിനോ?

ചെറിയ ആൺകുട്ടി എന്നാണ് എൽ നിനോ എന്ന വാക്കിന്റെ അർഥം. ചിലപ്പോൾ കടലിൽ ഉണ്ടാവാറുള്ള, ജലം അസ്വാഭാവികമായി തണുക്കുന്ന പ്രതിഭാസത്തെ ലാ നിനാ എന്ന് വിളിക്കുന്നു. ചെറിയ പെൺകുട്ടി എന്നാണാ വാക്കിന്റെ അർഥം. ഇവയെ രണ്ടിനെയും ചേർത്ത്, ഭൂമിയിലെ ഉപരിതലജലം ചൂടാവുന്ന പൊതുവായ പ്രതിഭാസത്തെ എൻസോ (എൽ നിനോ സതേൺ ഓസിലേഷൻ) എന്ന് വിളിക്കുന്നു. കടുത്ത ചൂടിലേക്കും തണുപ്പിലേക്കും ചുവടുമാറുന്ന ഉപരിതലജലത്തിന്റെ ആകെ സ്വഭാവത്തെയാണ് ഇത് വിശേഷിപ്പിക്കുന്നത്. രണ്ടു മുതൽ ഏഴു വർഷം വരെ കാലയളവിലാണ് ഒരു എൽ നിനോ ഉണ്ടാവുന്നത്. ഇത് ഒരു ഏകദേശധാരണ മാത്രമാണ്. ഈ പ്രതിഭാസം ഒരു പരിധി വരെ പ്രവചനാതീതമാണ്. 

എൽ നിനോയുടെ മനുഷ്യ ചരിത്രം 

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പെറുവിന്റെ തീരത്ത് കടൽവെള്ളം പതിവിലുമധികം ചൂടാവുന്നു എന്ന് ആദ്യം ശ്രദ്ധിച്ചത് അവിടെയുള്ള മീൻ പിടുത്തക്കാരാണ്. അവിടെ കുടിയേറ്റക്കാരായ സ്പാനിഷ് മത്സ്യ തൊഴിലാളികൾ ഇതിനെ ചെറിയ ആൺകുട്ടി എന്നർത്ഥം വരുന്ന സ്പാനിഷ് വാക്കായ എൽ നിനോ എന്ന് വിളിച്ചു. പെറുവിയൻ ഭാഷ സംസാരിക്കുന്നവർക്ക്‌ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ ഒരു തനതു വാക്കില്ലായിരുന്നു എന്നതുതന്നെ, കാലാവസ്ഥാ മാറ്റം കൊണ്ടുവരുന്ന പുതിയ ജീവിതാനുഭവങ്ങളെയും, ഈ അനുഭവങ്ങളോട് പ്രതികരിക്കാൻ ഒരു ജനതക്കു ഭാഷയില്ലാതാവുന്നതും ധ്വനിപ്പിക്കുന്നു. കുടിയേറ്റക്കാരായ സ്പാനിഷ് മീൻപിടിത്തക്കാർ നേരത്തെ തന്നെ വേരറ്റുപോയവർ ആണല്ലോ. നാടുവിട്ടു കുടിയേറിയവർ. ഒരു പക്ഷെ മാറുന്ന ജീവിതത്തെപ്പറ്റി പറയാൻ അവർക്ക് എളുപ്പമുണ്ടാകും. അവർ ആ ചൂടുള്ള കടലിന് പെട്ടെന്ന് തന്നെ ചെറിയ ആൺകുട്ടി എന്ന് പേരിട്ടു. എൽ നിനോ. 

എൽ നിനോ സൃഷ്ടിക്കുന്ന താപനിലാ വ്യതിയാനങ്ങൾ

അത് ക്രിസ്മസ് കാലമായിരുന്നു, ഉണ്ണിയേശുവിന്റെ പിറന്നാൾ സമയം. ചെറിയ ആൺകുട്ടി എന്ന പേരിന് അടിസ്ഥാനം അതായിരുന്നു. കടൽ വെള്ളം തണുക്കുമ്പോൾ വടക്കോട്ടും പടിഞ്ഞാട്ടും നീങ്ങുന്ന ഒഴുക്കുകൾ കടലാഴത്തിൽ നിന്ന് തണുത്ത ജലത്തെ മുകളിലെത്തിക്കും. ആ ജലത്തിൽ മത്സ്യങ്ങൾ പെറ്റുപെരുകും. മീൻപിടുത്തക്കാർക്ക് കൈ നിറയെ മീൻ കിട്ടും, എന്നാൽ വെള്ളം ചൂടാകുമ്പോൾ ആ ഒഴുക്കുകൾ നിലയ്ക്കുന്നു. അല്ലെങ്കിൽ തിരിച്ചൊഴുകുന്നു. അപ്പോൾ ഭൂമധ്യരേഖാപ്രദേശത്തുനിന്നുള്ള ചൂടുവെള്ളം തീരക്കടലിൽ തളം കെട്ടുന്നു. ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള ഒരു ചൂടുവെള്ളക്കുളം പോലെ. മീനുകൾ ഇതോടെ കൂട്ടമായി പലായനം ചെയ്യും. മീൻപിടുത്തക്കാരുടെ വലകൾ ശൂന്യമാകും. 1890കൾ മുതൽ ശാസ്ത്രജ്ഞർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്ന് നടന്ന പഠനങ്ങൾ തെളിയിച്ചത് 16ആം നൂറ്റാണ്ടു തൊട്ടുതന്നെ ഈ പ്രതിഭാസം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാൽ കാലാവസ്ഥാ മാറ്റത്തിനു വേഗം കൂടുന്നതിനനുസരിച്ച് ഈ പ്രതിഭാസം രൂക്ഷമാകുന്നു; അത് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ വർദ്ധിക്കുകയുമാണ്.

1930കളിൽ സർ ഗിൽബെർട്ട് വാക്കറെ പോലുള്ള കാലാവസ്ഥാ ഗവേഷകർ ഈ പ്രതിഭാസവും സതേൺ ഓസിലേഷൻ എന്ന് വിളിക്കുന്ന കടൽക്കാറ്റുകളും തമ്മിലുള്ള ബന്ധം പഠിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററീസ് ആയി ജോലി ചെയ്യുമ്പോൾ ഗിൽബെർട്ട് വാക്കർ ഈ പ്രതിഭാസത്തെ ഇങ്ങനെ വിശദീകരിച്ചു, “പസഫിക് സമുദ്രത്തിനു മുകളിൽ അന്തരീക്ഷ മർദ്ദം കൂടുമ്പോൾ, ആഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും ഇന്ത്യൻ മഹാസമുദ്ര തീരത്ത് അന്തരീക്ഷമർദ്ദം കുറയുന്നു. അന്തരീക്ഷമർദ്ദം കൂടിയ സ്ഥലത്തു മഴ കുറയുന്നു, മർദ്ദം കുറഞ്ഞ പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നു.” നോർവീജിയൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ Jacob Bjerknes ആണ് കൃത്യമായി ഈ കടൽക്കാറ്റുകളും, കടൽജല താപനവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. 

എൽ നിനോയുടെ അനന്തരഫലങ്ങൾ 

എൽ നിനോയ്ക്ക് ശക്തി കൂടുമ്പോൾ ഇന്ത്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും മൺസൂൺ ദുർബ്ബലമാവുന്നു. കോളറ, ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും ഈ കാലാവസ്ഥാ മാറ്റം കാരണമാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലും, ചൈനയിലും, ബ്രസീലിലും ഉണ്ടായ, 30 മുതൽ 60 ദശലക്ഷം വരെ ആളുകൾ മരിക്കാനിടയാക്കിയ ക്ഷാമങ്ങൾ എൽ നിനോ മൂലം  സംഭവിച്ചതായിരിക്കാം എന്ന് സാമൂഹ്യ ശാസ്ത്രജ്ഞൻ മൈക്ക് ഡേവിസ് തന്റെ 2001 ഇൽ എഴുതിയ ‘ലേറ്റ് വിക്ടോറിയൻ ഹോളോകാസ്റ്റ്സ്’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു. കാരണം, അന്നുണ്ടായ മൺസൂണിന്റെ കുറവും, വരൾച്ചയും ബ്രിട്ടീഷ്-ഇന്ത്യൻ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് മൈക്ക് ഡേവിസ് പറയുന്നു. ക്ഷാമകാലത്തെ ഇന്ത്യൻ പ്രാദേശിക ഉദ്യോഗസ്ഥരുടെ എഴുത്തുകുത്തുകൾ ഡേവിസ് പുസ്തകത്തിൽ പലയിടത്തും ഉദ്ധരിക്കുന്നുണ്ട്. അന്നത്തെ മദ്രാസ് പ്രവിശ്യയിലെ ഒരു വില്ലേജ് ഓഫീസർ തന്റെ നെല്ലൂരിലെ മേലുദ്യോഗസ്ഥന് അയച്ച റിപ്പോർട്ടിൽ പറയുന്നു, “കുറച്ചു തിരഞ്ഞപ്പോൾ തന്നെ, ഏതാണ്ട് എട്ടു വയസ്സുള്ള ഒരു കുട്ടിയുടെ മൃതശരീരം കടിച്ചുതിന്നുകൊണ്ടിരിക്കുന്ന ഏതാനും തെരുവുനായ്ക്കളെ എനിക്ക് കാണാൻ കഴിഞ്ഞു. …അവിടുത്തെ കാഴ്ചകളും, (ശവങ്ങൾ ചീയുന്ന) മണവും അത്രയ്ക്ക് ദുസ്സഹമായിരുന്നു…ഞാൻ രണ്ടാമതൊരു മൃതദേഹം തിരയാൻ അവിടെ നിന്നില്ല. മാംസം മുഴുവൻ തെരുവ് നായ്ക്കൾ തിന്നു തീർത്ത രണ്ടു തലയോട്ടികളും ഒരു നട്ടെല്ലും കൂടി ഞാൻ കണ്ടു.” (ഡേവിസ്, പേജ് 34). 

മൈക്ക് ഡേവിസിന്റെ പുസ്തകത്തിന്റെ കവർ പേജ്

ഇരുപതാം നൂറ്റാണ്ടിൽ 26 തവണ എൽ നിനോ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലും വരൾച്ചയും, വെള്ളപ്പൊക്കവും, പകർച്ചവ്യാധികളും, ക്ഷാമവും, പട്ടിണിയും, കൂട്ടമരണങ്ങളും ഉണ്ടായി. 1957-58 വർഷങ്ങളിൽ ഉണ്ടായ എൽ നിനോ പ്രതിഭാസം കാലിഫോർണിയൻ തീരക്കടലിലെ ഭക്ഷ്യയോഗ്യമായ കടൽ പായലുകളെ കൂട്ടത്തോടെ നശിപ്പിച്ചു. 1982-83 ഇൽ സമാനമായ എൽ നിനോവിൽ കടലിൽ മീനില്ലാതാവുകയും ക്രിസ്മസ് ദ്വീപിലെ കടൽ പക്ഷികൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു ഭക്ഷണം തേടി പറന്നുപോവുകയും ചെയ്തു. പെറുവിൽ മറ്റൊരു എൽ നിനോ കാലത്താണ് മത്തി കൂട്ടത്തോടെ തീരത്തു ചത്തടിഞ്ഞത്.   

2023 ലെ എൽ നിനോ: ഇന്ത്യ 

മൺസൂൺ മഴ കുറയും എന്നതാണ് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് എൽ നിനോ ഉണ്ടാക്കുന്ന ഭീഷണി. വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും താപ തരംഗം ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. 1901 നു ശേഷം ഇന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും ചൂടുള്ള ഫെബ്രുവരി മാസമാണ് ഇന്ത്യയിൽ കടന്നുപോയത്. ഗോതമ്പു മൂപ്പെത്തുന്ന ഈ സമയത്തുണ്ടാവുന്ന കടുത്ത ചൂടിനെ ചെറുക്കാൻ കർഷകർ ഗോതമ്പു പാടങ്ങൾ നനച്ചു സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഗോതമ്പുകൃഷി നടക്കുന്ന പ്രദേശങ്ങളിൽ ഫെബ്രുവരിയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്ന ദിവസങ്ങളുണ്ടായി. ഇത് സാധാരണ പതിവുള്ള താപനിലയിൽ നിന്ന് 10 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. മാർച്ചിലും ഉഷ്‌ണതരംഗം തുടർന്നാൽ കുറെ വിളവ് നശിച്ചുപോയേക്കാം. കഴിഞ്ഞ വിളവുകാലത്തു തന്നെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമുള്ളതിലും അൽപ്പം കുറഞ്ഞ ഗോതമ്പു ഉത്പാദനമാണ് ഇന്ത്യയിൽ നടന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള ഗോതമ്പു സംഭരണമാവും ഈ വർഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടത്തുക എന്നാണ് വിപണി ശ്രദ്ധിക്കുന്നവർ പറയുന്നത്. അതുകൊണ്ടു തന്നെ ഗോതമ്പിനു വില കൂടാനാണ് സാധ്യത. സമാനമായ വിലക്കയറ്റം മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ഉണ്ടാകും. 

എൽ നിനോ വർഷം എങ്ങനെ ആയിരിക്കും?

ഒരു തവണ ഉണ്ടായ എൽ നിനോ പ്രതിഭാസം പോലെ ആയിരിക്കില്ല, അടുത്ത തവണ ഉണ്ടാവുന്നത്. ആഗോള താപനം എൽ നിനോയുടെ ശക്തി കൂട്ടുന്നുണ്ടോ എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ കടുപ്പമുള്ള 3 എൽ നിനോ കാലങ്ങൾ ലോകം അനുഭവിച്ചു. പക്ഷെ കഴിഞ്ഞ 150 വർഷത്തിൽ ഇതേ തോതിൽ എൽ നിനോ ഉണ്ടായിട്ടില്ല. അപ്പോൾ ആഗോളതാപനവും അനുബന്ധമായ കാലാവസ്ഥാ മാറ്റവും ഒരു കാരണമായിരിക്കാം. പൊതുവേ ആഗോളതാപനില ഉയർന്നിരിക്കുമ്പോൾ അത് എൽ നിനോയ്ക്കും ശക്തി കൂട്ടുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ തന്നെ വരൾച്ച ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിഭാസമാണ് എൽ നിനോയും ലാ നിനായും എന്നും വ്യക്തമായിട്ടുണ്ട്. തെക്കനമേരിക്കയിൽ എൽ നിനോ വെള്ളപ്പൊക്കമാണ് സൃഷ്ടിക്കുന്നത്. ലോകവ്യാപകമായി കാട്ടുതീ കൂടാനും ഈ പ്രതിഭാസം കാരണമാകുന്നു. 

മഹാരാഷ്ട്ര സർക്കാരാണ് വരാൻ പോകുന്ന എൽ നിനോയുടെ കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ച ഒരു പ്രാദേശിക ഭരണകൂടം. സമഗ്രമായ ഒരു എൽ നിനോ സമാശ്വാസ പദ്ധതി തയ്യാറാക്കാൻ ഉപമുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരിധി വരെ എൽ നിനോയുടെ പ്രത്യാഘാതങ്ങൾ പ്രവചിക്കുക സാധ്യമല്ലെങ്കിലും സാധാരണക്കാരെയും, കർഷകരെയും വരൾച്ചയിൽ നിന്നും കൃഷിനാശത്തിൽ നിന്നും സംരക്ഷിക്കാൻ ഒരു പരിപാടി ഉണ്ടാവുക, അതിനു തയ്യാറായി ഇരിക്കുക, എന്നത് ഓരോ ഭരണകൂടവും ഏറ്റെടുക്കേണ്ട ചുമതലയാണ്. ഒരു പക്ഷെ എൽ നിനോ ഭയപ്പെട്ടതു പോലെ ഇന്ത്യയെ ബാധിച്ചില്ല എന്നു വരാം. എന്നാൽ അങ്ങനെ കരുതി ഒന്നും ചെയ്യാതിരിക്കുക എന്ന ഭാഗ്യപരീക്ഷണം പാളിപ്പോയാൽ നിരവധി ജീവനും, സ്വത്തും, നശിക്കാൻ ഇടവരുത്തും.  

ഇന്ത്യൻ ഓഷൻ ഡൈപോൾ എന്ന് വിളിക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ ഉണ്ടാവുന്ന താപനിലാ വ്യതിയാനം, ചിലപ്പോൾ എൽ നിനോയുടെ ശക്തി കുറയ്ക്കുകയും മൺസൂണിനെ ശക്തിപ്പെടുത്തുകയും ചെയ്തു എന്നു വരാം. 1997ഇൽ അങ്ങനെ സംഭവിച്ചിരുന്നു. എന്നാൽ എൽ നിനോ ശക്തമാവുകയാണെങ്കിലോ, ലോകം ഭയത്തോടെ കാത്തിരിക്കുന്ന ലോകതാപനില 1.5 ഡിഗ്രി കൂടിയ നിലയിൽ എത്തുക എന്ന സ്ഥിതിവിശേഷം ഉണ്ടായേക്കാം. 

2016 ലെ എൽ നിനോയിൽ കേരളത്തിൽ എന്ത് സംഭവിച്ചു?

2016ഇൽ തെക്കേ ഇന്ത്യ, 150 വർഷത്തിനിടയിൽ കണ്ട ഏറ്റവും വലിയ വരൾച്ച അനുഭവിച്ചു. 2016 ഒക്ടോബറിൽ കേരളത്തിലെ 14 ജില്ലകളെയും സംസ്ഥാന സർക്കാർ വരൾച്ചാബന്ധിതമായി പ്രഖ്യാപിച്ചു. ആ വർഷം അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ 40 ശതമാനം താഴെ പോയി. 36 ശതമാനമാണ് മഴയിൽ കുറവ് വന്നത്. പല പുഴകളും (ഉദാ: ഭാരതപ്പുഴ) പൂർണ്ണമായി വറ്റി. 2016 ലെ വരൾച്ചക്കും, 2018 ലെ വെള്ളപ്പൊക്കത്തിനും ശേഷം ഇടുക്കിയിൽ മാത്രം കടബാധ്യത മൂലം 8 കർഷകർ ആത്മഹത്യ ചെയ്തതായി വാർത്ത പുറത്തുവന്നിരുന്നു. 

വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കേരളത്തിൽ 2016 മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു എന്ന് വേണം കരുതാൻ. യു.ഡി.എഫിനെ അട്ടിമറിച്ചു എൽ.ഡി.എഫ് അധികാരത്തിൽ വന്നത് സരിതാ കേസ് പോലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്ന് നമ്മൾ ഓർമ്മിക്കുന്നുണ്ട്‌. വരൾച്ച സൃഷ്ടിച്ച ദുരിതങ്ങൾ സാധാരണ മനുഷ്യരെ സംബന്ധിച്ച് വോട്ടെടുപ്പിൽ എത്രത്തോളം നിർണ്ണായകമായി എന്ന് പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും നാട്ടിലെ അന്തരീക്ഷത്തിൽ ആ ദുരിതത്തിന്റെ ഉഷ്ണം ഉണ്ടായിരുന്നു എന്ന് തീർച്ചയാണ്. ജന സമ്പർക്ക പരിപാടി പോലുള്ള ജനകീയ ഇടപെടലുകളിലൂടെ നല്ല പ്രതിച്ഛായ നേടിയ ഒരു മുഖ്യമന്ത്രി കൂടി ആയിരുന്നുവല്ലോ ഉമ്മൻ ചാണ്ടി. എന്നിട്ടും തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ തകർച്ച നേരിട്ടു.

എൽ നിനോ ശക്തിപ്പെട്ടാൽ കേരളം കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടേണ്ടി വരും. കാട്ടുതീയും നഗരങ്ങളിലെ തീപിടുത്തവും ആയിരിക്കും മറ്റൊരു സുപ്രധാന വെല്ലുവിളി. കൊച്ചി ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാരണങ്ങൾ എന്തായാലും അത് അണയ്ക്കാൻ അനുഭവപ്പെടുന്ന പ്രയാസം ഉയർന്ന അന്തരീക്ഷ താപനിലയുടെ കൂടി ഫലമാണ്. ജലക്ഷാമത്തോടൊപ്പം കേരളം കടുത്ത ഊർജ്ജ പ്രതിസന്ധിയും നേരിട്ടേക്കാം. ജലവൈദ്യുതിയെ സാരമായി ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക്. കേരളത്തിൽ തെങ്ങ്, കുരുമുളക്, തേയില, കാപ്പി, ഏലം, വാഴപ്പഴം, കശുവണ്ടി എന്നീ വിളകളുടെ ഉത്പാദനത്തെ 2016 ലെ എൽ നിനോ പ്രതിഭാസം സാരമായി ബാധിച്ചതായി കേരള കാർഷിക സർവകലാശാലയിൽ നടന്ന പഠനം തെളിയിച്ചിട്ടുണ്ട്. 

2012 ഇൽ 3.9 ലക്ഷം ടൺ മത്തിയാണ് കേരളത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയി കൊണ്ടുവന്നത്. 2016 ഇൽ ഇത് വെറും 45,958 ടൺ ആയി കുറഞ്ഞു. പിന്നീടുള്ള വർഷങ്ങളിൽ ഈ കണക്ക് നാമമാത്രമായി മാത്രമാണ് കൂടിയത്. ഇത്തവണയും എൽ നിനോ മത്സ്യ സമ്പത്തിനെ കാര്യമായി ബാധിച്ചേക്കാം. ചില മത്സ്യങ്ങൾ എണ്ണത്തിൽ വളരെ കുറയുന്നതോടൊപ്പം വലിയ ഭക്ഷ്യ സുരക്ഷാ പ്രാധാന്യമോ, സാമ്പത്തിക പ്രാധാന്യമോ ഇല്ലാത്ത ചില മത്സ്യങ്ങൾ പെരുകി എന്നും വരാം. കടലിലെ ജൈവ വൈവിധ്യത്തിന്റെ സന്തുലനത്തെ തന്നെ ഇത്തരം മാറ്റങ്ങൾ ബാധിക്കുന്നു. 

എൽ നിനോ പ്രതിഭാസം മൂലം 2016 ഇൽ പെറുവിൽ ചത്തുപൊങ്ങിയ മത്തി

 

ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ എൽ നിനോ ആരംഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവചനത്തിനു വഴങ്ങാത്ത ഈ കാലാവസ്ഥാ പ്രതിഭാസത്തെ നേരിടാൻ പഴക്കം ചെന്ന ദുരന്ത നിവാരണ പദ്ധതികൾ മതിയായി എന്ന് വരില്ല. 

ലോകത്തെ അതിതീവ്ര കാലാവസ്ഥാ ഭീഷണി നേരിടുന്ന 50 പ്രവിശ്യകളിൽ കേരളവും 

ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളുടെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച അപകടാവസ്ഥ പഠിക്കുന്ന പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര ഏജൻസിയാണ് എക്സ്.ഡി.ഐ. ക്രോസ് ഡിപ്പൻഡൻസി ഇനിഷ്യേറ്റിവ്. ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും മറ്റും നിരവധി ധനകാര്യസ്ഥാപനങ്ങൾ, ജി.പി.ടി. ഗ്രൂപ്പ് ഓസ്‌ട്രേലിയ, സിഡ്‌നി വാട്ടർ തുടങ്ങിയ കമ്പനികൾ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, അമേരിക്കയിലെ ന്യൂ യോർക്ക് സ്റ്റേറ്റ് തുടങ്ങിയ പ്രവിശ്യാ ഭരണകൂടങ്ങൾ മുതലായ നിരവധി സംവിധാനങ്ങളുടെ പങ്കാളിത്തം ഈ കാലാവസ്ഥാ ഗവേഷണ സംരംഭത്തിൽ ഉണ്ട്. എക്സ്.ഡി.ഐ. ക്രോസ് ഡിപ്പൻഡൻസി ഇനിഷ്യേറ്റിവിന്റെ രണ്ടാമത്തെ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. ലോകത്തെ ഏതെല്ലാം പ്രവിശ്യകളിലും സംസ്ഥാനങ്ങളിലുമാണ് ഭൗതികമായി തന്നെ കാലാവസ്ഥാ മാറ്റം മൂലം അടിസ്ഥാന സംവിധാനങ്ങൾ വരെ തകർന്നു പോകാൻ ഏറ്റവുമധികം സാധ്യതയുള്ളത് എന്ന പഠന റിപ്പോർട്ടാണ് ഇത്. ലോകത്തെ 2600 പ്രദേശങ്ങളിലെ സവിശേഷതകൾ ഇതിനായി ഈ ഗവേഷണ സ്ഥാപനം പഠിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2050 ഇൽ ഏറ്റവും വലിയ തകർച്ച നേരിടാൻ പോകുന്ന 50 പ്രവിശ്യകളുടെ/ സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയിലെ 80% പ്രദേശങ്ങളും ചൈനയിലും, ഇന്ത്യയിലും, അമേരിക്കയിലുമാണ്. ഈ മൂന്നു രാജ്യങ്ങളാണ് ഏറ്റവും വലിയ തകർച്ച നേരിടാൻ പോകുന്നത് എന്നതാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാവുന്നത്.    

ഏറ്റവും വലിയ തകർച്ച നേരിടാൻ പോകുന്ന 50 പ്രവിശ്യകളുടെ/ സംസ്ഥാനങ്ങളുടെ പട്ടികയിൽ (ക്ലൈമറ്റ് റിസ്ക് റാങ്കിങ്ങിൽ) 50 ആം സ്ഥാനത്താണ് കേരളം. ബീഹാർ, ഉത്തർ പ്രദേശ്, അസം, രാജസ്ഥാൻ, തമിഴ്നാട്,മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഏറ്റവും ഭീഷണി നേരിടുന്ന 50 പ്രവിശ്യകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഒരു പ്രദേശത്തുണ്ടാവാൻ ഇടയുള്ള ഭൗതികമായ സംവിധാനത്തകർച്ചയെ അടിസ്ഥാനമാക്കി നടക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ പഠനമാണിത്. എൽ നിനോയുമായി നേരിട്ട് ബന്ധമില്ലെങ്കിലും കേരളം എത്രത്തോളം കാലാവസ്ഥാ ദുരന്തമുഖത്താണ് എന്ന് ഈ സൂചിക ഓർമ്മിപ്പിക്കുന്നു.  

വിദഗ്ധർ പറയുന്നത് 

ഈ വർഷം എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത 60% സ്ഥിരീകരിച്ചു കഴിഞ്ഞുവെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ഡോ. അഭിലാഷ് എസ്. പറയുന്നു. “2015-16 വർഷങ്ങളിൽ ഇന്ത്യയെയും കേരളത്തെയും ഒരുപോലെ അല്ല, എൽ നിനോ ബാധിച്ചത്. 2015 ഇൽ മാത്രമാണ് ഇന്ത്യയൊട്ടാകെ വരൾച്ച ഉണ്ടായത്. എന്നാൽ 2015 ലും 16 ലും കേരളം കടുത്ത വരൾച്ച നേരിട്ടു. ഈ വർഷം മെയ് മാസത്തോടെ എൽ നിനോ ആരംഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. അത് മൺസൂൺ സമയമായതിനാൽ മൺസൂണിന്റെ തുടക്കത്തെ തന്നെ ബാധിച്ചേക്കാം. ഇന്ത്യൻ ഓഷൻ ഡൈപോൾ പ്രതിഭാസം മൂലം 1997 ഇൽ സംഭവിച്ചതുപോലെ കേരളത്തിൽ എൽ നിനോയുടെ ശക്തി കുറഞ്ഞേക്കാം എന്നൊരു സൂചനയുണ്ടെങ്കിലും അത് ഉറപ്പു പറയാനാവില്ല. ഇന്ത്യൻ ഓഷൻ ഡൈപോൾ പ്രതിഭാസവും എൽ നിനോയും തമ്മിൽ അത്ര ലളിതമായ ബന്ധമല്ല, ഉള്ളത്. പല തരം സങ്കീർണ്ണമായ കാലാവസ്ഥാ ഘടകങ്ങൾ ചേർന്നാണ് എൽ നിനോ ഓരോ പ്രദേശത്തും എങ്ങനെ അനുഭവപ്പെടുന്നു എന്ന് നിർണ്ണയിക്കുന്നത്. ഏതായാലും ഏപ്രിലോടു കൂടി എൽ നിനോ എത്രത്തോളം ശക്തമായി ഇന്ത്യയെയും കേരളത്തെയും ബാധിക്കും എന്ന് മനസ്സിലാവാൻ തുടങ്ങും.” അദ്ദേഹം പറഞ്ഞു. 

ആഗോളതാപനം എൽ നിനോയുടെ ശക്തി കൂട്ടുന്നുണ്ടെന്നു തന്നെയാണ് ഡോ. അഭിലാഷിനെ പോലുള്ള ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എൽ നിനോ വളരെ സങ്കീർണ്ണമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണ്. ഈ പ്രതിഭാസം ഉണ്ടായ സമയത്തെല്ലാം, സാധാരണയായി ചൂടുണ്ടാവുന്ന സ്ഥാനത്ത് ക്രമാതീതമായ ചൂട് അനുഭവപ്പെട്ട ഉദാഹരണങ്ങളുണ്ട്.

എങ്ങനെയാണ് കേരളം എൽ നിനോയെ നേരിടാൻ ഒരുങ്ങേണ്ടത്? കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ മേഖലയിലെ പ്രവർത്തനത്തിൽ ഈ ലേഖിക സംസാരിച്ച വിദഗ്ധരൊന്നും വലിയ മതിപ്പ് പ്രകടിപ്പിച്ചില്ല. ഫെബ്രുവരി തൊട്ട് കേരളം മുഴുവൻ പാടങ്ങളും കാടുകളും, നഗരങ്ങളിലെ തീപിടുത്തവും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തന പരിധിയിൽ പെടുന്നതാണോ? അവർ ഇക്കാര്യത്തിൽ എന്താണ് ചെയ്യുന്നത്? എൽ നിനോയും അതുണ്ടാക്കാൻ പോകുന്ന വരൾച്ചയും മുന്നിൽ കണ്ടുകൊണ്ട് ജലസംരക്ഷണത്തിന് എന്ത് മുൻകരുതലാണ് കേരളം എടുത്തിട്ടുള്ളത്? 

ഇന്ത്യൻ ക്ഷാമത്തിന്റെ 1877 ലെ ചിത്രം

കാട്ടാക്കട ജലസമൃദ്ധി പദ്ധതിയാണ് ഇക്കാര്യത്തിൽ കുറച്ചെങ്കിലും മാതൃക എന്ന് വിളിക്കാവുന്ന പദ്ധതി എന്ന് ഡോ. അഭിലാഷ് പറയുന്നു. 2016 ഇൽ ആരംഭിച്ച ഈ പദ്ധതി റിമോട്ട് സെൻസിങ്ങിലൂടെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല ലഭ്യത മനസ്സിലാക്കുകയും മണ്ഡലത്തിലെ കിണറുകളും, കനാലുകളും, കുളങ്ങളും, തോടുകളും ജല റീചാർജിംഗ്‌ നടത്തി വേനലിലും ജലമുള്ളതാക്കുകയും ചെയ്തു. മാത്രമല്ല പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 150 കൃഷിയിട കുളങ്ങൾ നിർമ്മിച്ചു. കനാലുകളിൽ ജനപങ്കാളിത്തത്തോടെ ചെക്ക് ഡാമുകൾ പണിതു. ജനങ്ങളുടെ അനുഭവത്തിലും, കേന്ദ്ര ഭൂഗർഭ ജല അതോറിറ്റിയുടെ കണക്കുകളിലും ഒരു പോലെ പ്രതിഫലിക്കുന്ന രീതിയിൽ  വേനലിലെ ജല ലഭ്യത വർധിച്ചു എന്നതാണ് ഈ പദ്ധതിയുടെ ഫലം. ഒരു പക്ഷെ കേരളത്തിലെ ഭരണാധികാരികൾക്ക് ഈ പദ്ധതിയെ മാതൃകയാക്കി എൽ നിനോയെ നേരിടാൻ വൈകിയെങ്കിലും നടപടി ആരംഭിക്കാം. ഒരു വലിയ വറുതിക്കാലത്തെ അതിജീവിക്കാൻ അത് ജനങ്ങൾക്ക് തുണയായെന്നു വരാം.  

വികസനം എന്നാൽ വൻകിട പദ്ധതി-കെട്ടിടം പണി-റോഡ് പണി എന്ന നയപരിപാടിയുടെ പാതയിൽ നിന്ന് അൽപ്പം മാറി നടന്ന്, കാടുകൾ, ജലം, ജീവവായു, കൃഷി, ഉപജീവനം, ജൈവവൈവിധ്യം എന്നൊക്കെ ചില വശങ്ങൾ കൂടി വികസനത്തിനുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ അവർക്കും, നാടിനും നന്ന്.  

ഈ വേനൽക്കാലത്ത് ഓർക്കാൻ ഒരു ചെറിയ അറിവിന്റെ ശകലം കൂടി ഇവിടെ ചേർക്കാം. നട്ടുച്ച നേരത്ത് ഒരു മരത്തണലിലെ ചൂട്, തണലില്ലാത്ത സ്ഥലത്തെ ചൂടിനേക്കാൾ 11 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരിക്കും. സൂര്യതാപമേറ്റ് ആളുകൾ മരിക്കുമ്പോൾ ഒരു മരത്തിന് ഒരു മനുഷ്യ ജീവന്റെ വില കൈവരുന്നു. പക്ഷെ, അക്കാലത്തും ഭാവനാശൂന്യമായ ‘വികസന’ ത്തിന്റെ രാഷ്ട്രീയം തളരുന്നില്ല. 

 


Subscribe to our channels on YouTube & WhatsApp

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ശ്രദ്ധേയമായ ഈ ശാസ്ത്ര ലേഖനം എഴുതിയ ദീപക്ക് അഭിവാദ്യങ്ങൾ. 

ബീനമോൾ
ബീനമോൾ
1 year ago

ബീനമോൾ

ബീനമോൾ
ബീനമോൾ
1 year ago

ദീപേ…..
എന്ത് മനോഹരമായാണ് ഇത്രയും വരണ്ട ഒരു വിഷയത്തെ നീ എഴുതി വെച്ചിരിക്കുന്നത്… ❤
Wow എന്നൊരു വാക്കല്ലാതെ മറ്റൊന്നും എഴുതാനില്ല. അത്രയും അറിവ് പകരുന്നത്.
ഇഷ്ടം.

G GIRISH KUMAR
G GIRISH KUMAR
1 year ago

മറ്റ് മാധ്യമങ്ങൾ ചർച്ചക്കെടുക്കും മുമ്പ് തന്നെ കാര്യങ്ങളെ പരിശോധിക്കുന്ന മാധ്യമ പ്രവർത്തന ചാരുത. ഗൗരവതരമായ വിഷയം അതി ലളിതമായി. ചിന്തോദ്ദീപകമായ എഴുത്തുയാത്ര.

Thank you Deepa for making us think seriously…..