മരമാകണം, പുതിയ മതം
കേരളം ഉഷ്ണത്തിൽ വേവുകയാണ്. നഗരങ്ങളിൽ കണ്ടു വരുന്ന ഹീറ്റ് ഐലൻഡ് എഫെക്റ്റ് എന്ന് വിളിക്കുന്ന ഉഗ്ര താപനം മൊത്തത്തിൽ നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുന്നു. ആഗോളതാപനം, എൽ നിനോ എന്ന, ഈ വർഷം വീണ്ടും ആവർത്തിക്കുന്ന കാലാവസ്ഥാ പ്രതിഭാസം, വരൾച്ച, എല്ലാം കൂടി ആവാസയോഗ്യമല്ലാത്ത ഒരിടമായി നമ്മുടെ നാടിനെ മാറ്റുകയാണ്. ഈ ചൂടിനെ ചെറുക്കാൻ, ഈ വറുതിയുടെ വേനലുകൾ ആവർത്തിക്കാതിരിക്കാൻ ഏറ്റവും നല്ല വഴി മരങ്ങൾ നടുകയാണ്. അങ്ങനെ പറയുന്നത് അത്ര ഫാഷനബിൾ അല്ല ഇക്കാലത്തെങ്കിലും.
ഈ ലേഖികയുടെ വീട് നിൽക്കുന്ന പുരയിടത്തിൽ നിറയെ മരങ്ങളാണ്. നിങ്ങൾ കാട് വളർത്തുകയാണോ എന്ന് സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. ഒരു ഉപയോഗവുമില്ലാത്ത മട്ടിയും, പൊടിയനിയും, മുള്ളിലവും, വാകയും, പിന്നെ കുറെ മാവുകളും, പ്ലാവുകളും, പനയും, ഒക്കെയുണ്ട്. ഇടുക്കിയിലെ കുടിയേറ്റ മേഖലയിൽ നിന്ന് വന്ന ഒരു സുഹൃത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, “ഒരു ജെ.സി.ബി. കൊണ്ട് വന്ന് ഇതെല്ലാം ഉഴുതുമറിച്ചു നിരപ്പാക്കണം. എന്നിട്ട് നൂറു മൂട് കപ്പയും, വാഴയും, ഒക്കെ നടണം”. കർഷക പാരമ്പര്യത്തിന്റെ ആ പ്രായോഗിക ബുദ്ധിയെ ഒട്ടും കുറച്ചു കാണുന്നില്ല. വളരെ വർഷങ്ങൾ കാർഷിക പരിപാടികൾ ടെലിവിഷനിൽ ചെയ്തിട്ടുള്ളതിനാൽ കൃഷിക്കാരോടും, അവർ നടത്തുന്ന ജീവിതസമരത്തോടും, അവർ മനുഷ്യർക്കും പ്രകൃതിക്കും നൽകുന്ന സംഭവനകളോടും എന്നും ബഹുമാനമുണ്ട്. ഇവിടെ ഇത് പറഞ്ഞത് അവരെ പരിഹസിക്കാനല്ല. പക്ഷെ, നമ്മൾ ഇന്ന് എത്തി നിൽക്കുന്ന സാഹചര്യങ്ങൾ മരങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
ഈ വീട്ടിൽ കൊടും ചൂടുള്ള ഈ ദിവസങ്ങളിലും ഒരു ഫാനിനു ചുവട്ടിൽ സുഖമായി ഉറങ്ങാൻ പറ്റും. ഇനി ഫാൻ ഇല്ലെങ്കിലും വിയർത്തു കുളിക്കുകയില്ല. മരങ്ങൾ തരുന്ന ലക്ഷ്വറി. എറണാകുളം നഗരത്തിലെ വാടകവീട്ടിൽ ഇതേസമയം ചുട്ടുപൊള്ളുകയാണ്. ഉറങ്ങാൻ പറ്റുന്നില്ല.
വീട്ടു പറമ്പിൽ പല മാവുകൾക്കിടയിൽ ഒരു വമ്പൻ മാവുണ്ട്, ഒരു മുത്തശ്ശി മരം. ഒരാൾക്ക് ഒറ്റയ്ക്ക് കൈ വട്ടം പിടിക്കാൻ സാധിക്കാത്ത മരം. ഒരു പത്തു വര്ഷം മുൻപ്, പൊന്നാനിയിലെ ഒരു സംഘം മത്സ്യ തൊഴിലാളികൾ ആ മരം വിൽക്കുമോ എന്ന് ചോദിച്ചു വന്നു. അവർക്കു തോണിയുണ്ടാക്കാൻ അത്രയും വണ്ണമുള്ള മരം കിട്ടിയാൽ നല്ലതാണത്രേ. അച്ഛൻ മരം വിറ്റില്ല. വേനലിൽ വീടിനു കുട പിടിക്കുന്നത് ആ മരമാണ്. മാമ്പഴക്കാലമായാൽ ദിവസേന 3 ബക്കറ്റ് നിറയെ മാങ്ങ കിട്ടാറുണ്ട്. (കഴിഞ്ഞ 3-4 വർഷമായി കാലാവസ്ഥാ മാറ്റം കൊണ്ടാണോ എന്തോ മാവുകൾ കായ്ക്കുന്നത് പേരിനു മാത്രമാണ്.)
അത് പോകട്ടെ. പൊതുവെ മരങ്ങളെ കുറിച്ചാണ് പറയാനുള്ളത്. ഏതാണ്ട് 350 ദശലക്ഷം വർഷം മുൻപാണ് മരങ്ങൾ പരിണമിച്ചുണ്ടായത്. മിഡിൽ-ലേറ്റ് ഡെവോണിയൻ ജിയോളജിക് കാലഘട്ടത്തിൽ. ചെടികൾ വെള്ളത്തിൽ നിന്ന് മാറി കരയിൽ വേരുറപ്പിക്കാനുള്ള ജീവിതസമരം അന്ന് തുടങ്ങിയതേ ഉള്ളൂ. അവയുടെ വൈവിധ്യം കൂടിക്കൊണ്ടിരിക്കുകയുമായിരുന്നു. അവർ തമ്മിൽ സൂര്യപ്രകാശത്തിനായി കടുത്ത മത്സരമായി. ആ മത്സരത്തിൽ ജയിക്കാൻ ചില ചെടികൾ ഉയരം കൂടാൻ തുടങ്ങി. അങ്ങനെ മരങ്ങൾ ഉണ്ടായി. ഭൂമിയിൽ ആദ്യം ഉണ്ടായ മരങ്ങളിൽ ഒന്നായിരുന്നു ഗിൽബോവ. ആദ്യത്തെ ഗിൽബോവ കാടുകൾ വളർന്നു നിന്നത് ഇന്നത്തെ ന്യൂയോർക്കിലായിരുന്നു. 1920 കളിൽ ന്യൂയോർക്കിലെ ഒരു ഖനി മേഖലയിൽ ഗിൽബോവ മരങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയതോടെയാണ് ലോകത്തെ ആദ്യത്തെ കാട് ഇവിടെ ആയിരുന്നു എന്ന് വ്യക്തമായത്. ഈ മരങ്ങൾക്കു കാതൽ ഇല്ലായിരുന്നു. വെള്ളത്തണ്ടു പോലെ ജലനിർഭരമായ തടിയാണ് ഉണ്ടായിരുന്നത്.
മരങ്ങളുടെ ജീവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം
470 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ചെടികൾ ഉണ്ടായി.
അവ ക്രമേണ പ്രകാശ സംശ്ലേഷണം വഴി ഒരു പോഷകാംശവും ഇല്ലാതിരുന്ന വെറും മണ്ണിനെ പോഷക സമൃദ്ധമാക്കി.
മണ്ണിന്റെ ജൈവഘടനക്ക് നമ്മൾ ചെടികളോട് കടപ്പെട്ടിരിക്കുന്നു.
ചെടികളുടെ വാസ്കുലാർ സിസ്റ്റം (ജലം മുകളിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന ധമനീ വ്യൂഹം) വികസിച്ചതോടെയാണ് അവക്ക് ഉയരം കൂടിയ ചെടികളായി, അതായത് മരങ്ങളായി, പരിണമിക്കാൻ സാധിച്ചത്.
ആദ്യകാലത്തെ മരങ്ങളൊക്കെ പരാഗണം വഴിയാണ് പ്രത്യുത്പാദനം നടത്തിയിരുന്നത്.
370 ദശലക്ഷം വർഷം മുൻപ് പരിണമിച്ചുണ്ടായ ആർക്കിയോടെറിസ് പരിണാമത്തിലെ ആദ്യത്തെ ഏറ്റവും ഉയരം കൂടിയ ചെടികളായി. സസ്യവംശത്തിൽ അവയുടെ സ്ഥാനം പന്നൽ ചെടികൾക്കും പൈൻ മരങ്ങൾക്കും ഇടയിൽ ആയിരുന്നു.
അവയ്ക്ക് 30 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയുമായിരുന്നു.
380 ദശലക്ഷം വർഷം മുൻപാണ് വിത്തുകളിലൂടെ പ്രജനനം നടത്തുന്ന സസ്യങ്ങൾ ഉണ്ടായത്.
360 ദശലക്ഷം വർഷങ്ങൾക്കു മുൻപ് കാതലുള്ള മരങ്ങൾ ഉണ്ടായി.
ആ കാലത്തു തന്നെ പഴങ്ങൾ ഇല്ലാതെ വിത്ത് മാത്രം ഉള്ള പൈൻ, ജൂണിപ്പർ പോലുള്ള മരങ്ങൾ പരിണമിച്ചുണ്ടായി.
125 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പുഷ്പിക്കുന്ന മരങ്ങൾ ഉണ്ടായി.
ഉഷ്ണത്തിലേക്കു തിരികെ വരാം. മനുഷ്യന് അതിജീവിക്കണമെങ്കിൽ നഗരങ്ങളെ പച്ച പുതപ്പിക്കേണ്ട കാലം വന്നിരിക്കുന്നു. ഒരു മരമെന്നാൽ ഒരു സൂക്ഷ്മ കാലാവസ്ഥാ മേഖലയാണ്. അതിനു പുറത്തുള്ളതിനേക്കാൾ 5-10 ഡിഗ്രിയെങ്കിലും അതിനടിയിൽ ചൂട് കുറഞ്ഞിരിക്കും. 1.5 ഡിഗ്രി ആഗോളതാപനം സംഭവിച്ചതിന്റെ ഉഷ്ണമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. അപ്പോൾ 5 ഡിഗ്രിയുടെ വില നിസ്സാരമല്ല എന്ന് മനസിലാക്കാൻ അത്ര വിഷമമില്ല.
സ്വാഭാവിക എയർ കണ്ടീഷനിംഗ്
രണ്ടു വിധത്തിലാണ് മരങ്ങൾ അവക്ക് കീഴേയും പരിസരത്തുമുള്ള താപനില കുറയ്ക്കുന്നത്. ഒന്ന്, മുകളിൽ നിന്ന് വരുന്ന സൂര്യ രശ്മികളെ ആഗിരണം ചെയ്യുന്നതിലൂടെ. രണ്ട്, ബാഷ്പീകരണത്തിലൂടെ താപനില കുറച്ചുകൊണ്ട്. ഓരോ ഇലയും സൂര്യരശ്മി ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തി ഊർജ്ജം ഉത്പാദിപ്പിക്കുന്നതോടൊപ്പം ഇലയുടെ പ്രതലത്തിൽ നിന്ന് ബാഷ്പീകരണം നടക്കുന്നു. കൂടുതൽ ഇലകൾ ഉണ്ടെങ്കിൽ കൂടുതൽ വിശാലമായ പ്രതലത്തിൽ ബാഷ്പീകരണം നടക്കുന്നു. അപ്പോൾ അത്രയും പ്രതലം തണുക്കുന്നു. ഷെർലക്ക് ഹോംസ് തന്റെ കൂട്ടാളിയായ വാട്സനോട് ഇടയ്ക്കിടെ പറയാറില്ലേ, “എലമെന്ററി, വാട്സൺ, എലമെന്ററി” എന്ന്. അതായത് “അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കൂ വാട്സൺ, അടിസ്ഥാനകാര്യങ്ങൾ..” എന്ന്. അത് തന്നെയാണ് മേൽപ്പറഞ്ഞതും. അടിസ്ഥാനപരവും, ലളിതവുമായ ശാസ്ത്രം ആണ് നമുക്ക് മറക്കാൻ ഏറ്റവും എളുപ്പം.
മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ കൂടാതെ, മൂന്നാമതൊരു കാര്യം കൂടി ചൂട് കുറയ്ക്കാൻ മരങ്ങൾ ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് കാർബൺ ആക്കി മാറ്റുന്നു. അതാണ് എല്ലാ ജീവജാലങ്ങളും കഴിക്കുന്ന ഭക്ഷണത്തിന്റെ അടിത്തറ. ഭക്ഷ്യ ശൃംഖലയുടെ സഞ്ചരിച്ച് ആ കാർബൺ ഭൂമിയിൽ എത്തുന്നു. ഇങ്ങനെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് എന്ന ആഗോളതാപനം കൂട്ടുന്ന വാതകത്തെ വലിച്ചെടുത്ത്, കാർബൺ ആക്കി മാറ്റി, അതിനെ ഭൂമിയുടെ പോഷണത്തിനു മുതൽക്കൂട്ടാക്കുകയും, ഒപ്പം ആഗോളതാപനം കുറയ്ക്കുകയും ചെയ്യുന്നു മരങ്ങൾ, ചെടികൾ.
നിങ്ങളുടെ മുറിയിൽ ഇരിക്കുന്ന ഇൻഡോർ പ്ലാന്റിന് വലിയ ഇലകൾ ആണെങ്കിൽ ആ ചെടിയിൽ നിന്ന് ബാഷ്പീകരണം നടക്കാൻ കൂടുതൽ പ്രതലം ഉണ്ടാവുന്നു. അപ്പോൾ ബാഷ്പീകരണം കൂടുതൽ നടക്കുന്നു. ആ ചെടി നിങ്ങളുടെ മുറിയിൽ ഉണ്ടാക്കുന്ന കൂളിംഗ് ഇഫക്റ്റ് കൂടുതൽ ആയിരിക്കും. മരങ്ങൾ മുറിക്കാതിരുന്നാൽ ആഗോളതാപനം 10% ത്തോളം കുറയ്ക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്.
എയറസോളുകൾ
ഇലകളിൽ നിന്ന് ബാഷ്പീകരിച്ച് അന്തരീക്ഷത്തിൽ എത്തുന്ന ജലാംശവും, ചെടികളിൽ നിന്ന് മണമായി അന്തരീക്ഷത്തിലേക്ക് പടരുന്ന രാസവസ്തുക്കളും ചേർന്ന് എയറസോളുകൾ എന്ന തീരെ ചെറിയ കണികകൾ അന്തരീക്ഷത്തിൽ രൂപം കൊള്ളുന്നു. എയറസോളുകളുടെ അന്തരീക്ഷത്തിലെ പടലം ഒരു കണ്ണാടി പോലെ പ്രവർത്തിച്ച് സൂര്യപ്രകാശത്തെ ഉയരേയ്ക്കു തന്നെ പ്രതിഫലിപ്പിക്കുന്നു. ഇതുവഴിയും അന്തരീക്ഷം തണുക്കുന്നു. എയറസോളുകൾ ‘മേഘ വിത്തുകൾ’ ആണ് എന്ന് പറയാറുണ്ട്. അന്തരീക്ഷത്തിന്റെ താഴത്തെ അടരുകളിൽ മേഘങ്ങൾ രൂപപ്പെടാൻ അവ സഹായിക്കുന്നു. ഈ മേഘങ്ങളും സൂര്യപ്രകാശത്തെ തിരികെ പ്രതിഫലിപ്പിച്ച് അന്തരീക്ഷത്തെ, ഭൂമിയെ തണുപ്പിക്കുന്നു.
നഗര താപന ദ്വീപുകൾ
അർബൻ ഹീറ്റ് ഐലൻഡ് അഥവാ നഗര താപന ദ്വീപുകൾ എന്ന പ്രതിഭാസം ആഗോളതാപനത്തിന്റെയും, മരങ്ങൾ ഇല്ലാതായതിന്റെയും ഒരു സംയുക്ത ദുരിതഫലമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നഗരങ്ങളിൽ അനുഭവപ്പെടുന്ന അത്യുഷ്ണം ആണത്. നഗരങ്ങൾ പണിതുയർത്തിയിരിക്കുന്നത്, കോൺക്രീറ്റ്, സ്റ്റീൽ, ഗ്ലാസ് എന്നിവ കൊണ്ടാണ്. അവ സൂര്യപ്രകാശത്തെ ഉയർന്ന ഡിഗ്രിയിൽ പ്രതിഫലിപ്പിക്കുന്നതിലൂടെ താപനില വർധിപ്പിക്കുന്നു. കോൺക്രീറ്റ് വനങ്ങൾ എന്നൊക്കെ നമ്മൾ ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ, വനങ്ങൾക്കു നേർ വിപരീതമായ പ്രവർത്തിയാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ ചെയ്യുന്നത്. അവ ചൂടിനെ ആഗിരണം ചെയ്ത് പതിന്മടങ്ങായി പ്രതിഫലിപ്പിക്കുന്നു. അപ്പോൾ നഗരവാസികൾ എയർ കണ്ടീഷനിംഗ് ഉപയോഗിക്കാൻ തുടങ്ങുന്നു. ആ ശീതീകരണ സംവിധാനങ്ങൾ അന്തരീക്ഷത്തിലെ താപനില പിന്നെയും ഉയർത്തുന്നു. ഒരു അവൻ (oven) പോലെ നഗരം നമ്മെ വേവിക്കാൻ തുടങ്ങുന്നു.
ഇതിന് ഒരേയൊരു പരിഹാരം മരങ്ങൾ ആണ്. മരത്തണലുകൾ 11 മുതൽ 25 ഡിഗ്രി വരെ താപനിലയിൽ വ്യത്യാസം ഉണ്ടാക്കുന്നു എന്നാണ് അമേരിക്കയിലെ ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസി അതിന്റെ രേഖകളിൽ പറയുന്നത്. മരങ്ങൾ, ഏതൊരു സ്‌കൂൾ കുട്ടിയും നമ്മോട് പറയും, അന്തരീക്ഷത്തിലേക്ക് ധാരാളം ഓക്സിജൻ പുറത്തു വിട്ട് നമ്മുടെ ശ്വാസവായുവിനെ കൂടി പുഷ്ടിപ്പെടുത്തും. കനത്ത മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ നേരിട്ട് മണ്ണിൽ വീണു കുത്തിയൊലിച്ചു മണ്ണൊലിപ്പ് ഉണ്ടാക്കാതെ, മരച്ചില്ലകളും ഇലകളും ആ തുള്ളികളെ ഘട്ടം ഘട്ടമായി മാത്രം ഭൂമിയിലേക്ക് സന്നിവേശിപ്പിക്കുന്നു. ഓരോ ഇലയിലും, ചില്ലയിലും ചാടിച്ചാടി വേഗം കുറഞ്ഞു മണ്ണിലെത്തുന്ന ജലം, ഉടൻ പൂർണ്ണമായും ഒഴുകിപ്പോകാതെ, വേരുകൾ ഉണ്ടാക്കിയ ഭൂഗർഭ പാതകളിലൂടെ സഞ്ചരിച്ചു നമ്മുടെ ഭൂഗർഭ ജലസ്രോതസ്സുകളെ പരിപോഷിപ്പിക്കുന്നു. “എലമെന്ററി, വാട്സൺ, എലമെന്ററി”!!
തമിഴ്‌നാട്ടിലെ പുളിമരങ്ങൾ
തമിഴ്‌നാട്ടിൽ റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നവർക്കറിയാം, വഴി നീളെ കായ്ച്ചു നിൽക്കുന്ന പുളിമരങ്ങളാണ്. സർക്കാർ വർഷത്തിൽ ഒരിക്കൽ ആ മരങ്ങളിലെ പുളി ലേലം ചെയ്തു വിൽക്കുന്നു. തണലും, റോഡിനു വശങ്ങളിൽ മണ്ണൊലിക്കാതെ സംരക്ഷണവും, ഒപ്പം സർക്കാരിന് വരുമാനവും.
സിംഗപ്പൂർ എന്ന കാനനനഗരം
പൂന്തോട്ട നഗരം എന്ന് വിളിപ്പേരുള്ള സിംഗപ്പൂർ ലോകത്തെ ഏറ്റവും സമ്പന്നമായ നഗര രാജ്യങ്ങളിൽ ഒന്നാണ്. അവരുടെ നയരേഖകളിൽ മരങ്ങൾക്കു വലിയ സ്ഥാനമുണ്ട്. നഗരങ്ങളിൽ പരമാവധി പ്രകൃതിയെ കുടിയിരുത്താനുള്ള വൺ മില്യൺ ട്രീ മൂവ്മെന്റ് സർക്കാരിന്റെ നേതൃത്വത്തിൽ അവിടെ നടക്കുകയാണ്. 2030 ആകുമ്പോഴേക്കും സിംഗപ്പൂരിനെ പച്ചപ്പ് കൊണ്ട് നിറയ്ക്കാനാണ് സർക്കാർ നയപരിപാടികൾ ലക്‌ഷ്യം വെക്കുന്നത്. ഫാമിലി ട്രീസ് പ്രോഗ്രാം ആണ് മറ്റൊരു പദ്ധതി. ഒരു കുട്ടി ജനിച്ചാൽ ആ കുടുംബത്തിന് ഒരു മരം വെക്കാം. അതിനു സർക്കാർ പിന്തുണ ലഭിക്കും. എല്ലാ നഗര പാതകളിലും റെസിഡൻഷ്യൽ ഇടങ്ങളിലും തണൽ മരങ്ങളുടെ സമൃദ്ധിയാണ്.
സിംഗപ്പൂരിലെ പ്രശസ്തമായ ഗാർഡൻ ബൈ ദി ബേ എന്ന പൂന്തോപ്പിൽ നിലകൊള്ളുന്ന സൂപ്പർ മരങ്ങൾ ലോകപ്രസിദ്ധമാണ്. അവ മരങ്ങളല്ല. ബഹുനില കെട്ടിടത്തിന്റെ ഉയരത്തിൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച ശാഖോപശാഖകൾ ഉള്ള നിർമ്മിതികളാണ്. അവയെ പൊതിയുന്ന വിധത്തിൽ വള്ളിച്ചെടികളും, പൂച്ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഒരൊറ്റ മരം പോലെ അടിമുടി പച്ചപ്പാർന്ന കൃത്രിമ മരങ്ങൾ. രാത്രിയിൽ വർണ്ണാഭമായ വിളക്കുകൾ കത്തുന്ന ആ ‘മരങ്ങൾ’ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. അവ മഴവെള്ളം സംഭരിക്കുന്നു. ഒപ്പം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഡോം ആകൃതിയിലുള്ള ബഹുനില ജൈവവൈവിധ്യ കൺസർവേറ്ററികൾ ഉണ്ട്. അവയുടെ വായുചംക്രമണം നടത്തുന്ന ‘വെന്റു’കൾ (vents) കൂടിയാണ് ഈ സൂപ്പർമരങ്ങൾ. ഒരു ജൈവവൈവിധ്യ കൺസർവേറ്ററിയുടെ അകത്തു കയറിയാൽ അതിന്റെ നാലാം നിലയിൽ നിന്ന് പ്രവഹിക്കുന്ന വെള്ളച്ചാട്ടമാവും നിങ്ങളെ എതിരേൽക്കുക. ഓരോ നിലയിലുമായി, ഒരു മഴക്കാടിന്റെ വിവിധ തട്ടുകളിൽ കാണാൻ കഴിയുന്ന എല്ലാ സസ്യങ്ങളെയും നട്ടുവളർത്തി സംരക്ഷിച്ചിരിക്കുന്നു. ഇത് കാണാനാണ് സിംഗപ്പൂരിൽ ഏറ്റവും വലിയ ജനപ്രവാഹം ദിനം പ്രതി കാണാനാവുക. പ്രകൃതി സംരക്ഷണവും, ടൂറിസവും, വരുമാനവും എപ്രകാരമാണ് മനോഹരമായി ഒത്തുചേർന്നു പോകുന്നത് എന്ന് നോക്കുക!
1.2 ഹെക്ടറിൽ സമാനമായ ഫ്‌ളവർ ഡോം ഉണ്ട്. അതിൽ നിറയെ പൂത്തുനിൽക്കുന്ന ചെടികളാണ് എന്ന വ്യത്യാസം മാത്രം. മറ്റൊരു 0.8 ഹെക്ടറിൽ ക്ലൗഡ് ഡോം. പല കാലാവസ്ഥാ മേഖലകളിൽ നിന്നുള്ള സസ്യങ്ങളെ അവിടെ സംരക്ഷിച്ചിരിക്കുന്നു, പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ നിലയും കയറുമ്പോൾ അതാത് കാലാവസ്ഥാ മേഖലകളിൽ എത്തിയ പ്രതീതി. താപനിലയിലും, ചുറ്റും കാണുന്ന ജൈവവൈവിധ്യത്തിലും. വിൽക്കിൻസൺ അയർ ആൻഡ് ഗ്രാന്റ് അസോസിയേറ്റ്‌സ് എന്ന ആർക്കിടെക്റ്റ് കമ്പനിയാണ് ഈ ഡോമുകളും സൂപ്പർ മരങ്ങളും രൂപകൽപ്പന ചെയ്തത്.
മരങ്ങളുടെ ഗണിതം
ഏതു മരമെടുത്താലും ശാഖകൾ മരത്തിന്റെ പ്രധാന തടിക്കു ചുറ്റും വർത്തുളാകൃതിയിൽ ആണ്. അതുപോലെ ഇലകൾ ശാഖകൾക്കു ചുറ്റിലും വർത്തുളാകൃതിയിൽ വളരുന്നു. എന്തുകൊണ്ട്? പരമാവധി സൂര്യപ്രകാശം ഓരോ ഇലയിലും വീഴാൻ ഈ സംവിധാനമാണ് ഏറ്റവും മികച്ചത്. ഓരോ മരത്തിലും തടിക്ക് ചുറ്റും ശാഖകളും, ശാഖകൾക്കു ചുറ്റും ഇലകളും വിന്യസിക്കുന്ന രീതി, ഫിബോനാച്ചി സീക്വൻസ് എന്നറിയപ്പെടുന്ന ഗണിത ശ്രേണിയിലെ അനുപാതങ്ങളെ (fractions) പൊതുവെ പിന്തുടരുന്നു എന്ന് പറയാറുണ്ട്. ഉദാഹരണത്തിന്, ഒരു ഓക്ക് മരത്തിൽ രണ്ടു ചുറ്റു ശാഖകൾ നോക്കിയാൽ ആ രണ്ടു വൃത്തങ്ങൾ പൂർത്തിയാക്കാൻ 5 ശാഖകൾ വേണ്ടി വരുന്നു എന്ന് കാണാം. ഫിബോനാച്ചി ശ്രേണിയിലെ തൊട്ടടുത്തുള്ള വലിയ സംഖ്യകൾ തമ്മിലുള്ള അനുപാതം എപ്പോഴും ഏതാണ്ട് 1.618 ആണ്. Divine ratio അഥവാ ദിവ്യാനുപാതം എന്നാണ് ഈ അനുപാതത്തെ വിളിക്കുന്നത്. മരങ്ങളുടെ തടിയിലുള്ള വാർഷിക വളയങ്ങൾ ആ മരം എത്ര വർഷം ജീവിച്ചു എന്ന് സൂചിപ്പിക്കുന്നു. 536 AD ക്കും 541 AD ക്കും ഇടയിൽ ഒരു കൊടും ശൈത്യകാലം ഉണ്ടായി എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് മരങ്ങളുടെ വളയങ്ങളുടെ പ്രത്യേകത നോക്കിയാണ്. ആ സമയത്തു മരങ്ങളുടെ വളർച്ച മുരടിച്ചിരുന്നു.
ലോകത്തെ ഏറ്റവും പഴക്കമുള്ള ഇന്ന് ജീവിച്ചിരിക്കുന്ന വൃക്ഷങ്ങളിൽ ഒന്ന് 5000 കൊല്ലം പഴക്കമുള്ള ഒരു ബ്രിസിൽ കോൺ പൈൻ മരമാണ്. കാലിഫോർണിയയിലെ വൈറ്റ് മൗണ്ടൻസിൽ ആണ് ഈ വൃക്ഷം ഉള്ളത്. 969 കൊല്ലം ജീവിച്ചു എന്ന് ബൈബിളിൽ പറയുന്ന മെതുസേലാ എന്ന ഇതിഹാസ കഥാപാത്രത്തിന്റെ പേരാണ് ഈ മരത്തിനു നൽകിയിരിക്കുന്നത്. എന്തായിരിക്കാം ഈ ദീർഘായുസ്സിന്റെ രഹസ്യം?
വുഡ് വൈഡ് വെബ് എന്ന, മരങ്ങളുടെ വേരുകളിൽ വസിക്കുന്ന ഫങ്കസുകളിലൂടെ തുടർച്ച നേടുന്ന ആശയ വിനിമയ ശൃംഖല മരങ്ങൾക്കുണ്ട് എന്ന് ശാസ്ത്രം പറയുന്നു. ഓസ്‌ട്രേലിയയിൽ ജിറാഫുകൾ ഒരു അക്കേഷ്യ മരം കടിച്ച ശേഷം അടുത്ത മരത്തെ തൊടാതെ അപ്പുറത്തെ മരത്തിലെ ഇലകൾ തിന്നുന്നത് കണ്ട ശാസ്ത്രജ്ഞർ അമ്പരന്നു. പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, ഒരു മരത്തിന്റെ ഇലയിൽ ജിറാഫ് കടിക്കുമ്പോൾ അടുത്ത മരത്തിനു സന്ദേശം ചെല്ലുന്നു, ഇതാ ശത്രു വരുന്നുണ്ട്. ഉടനെ ആ മരം അതിന്റെ ഇലകളിൽ ഒരു വിഷവസ്തു ഉത്പാദിപ്പിക്കുന്നു. എന്നാൽ ജിറാഫുകൾക്ക് ഇതറിയാം. അവർ ഉടനെ ആ മരത്തെ വിട്ട് അതിനടുത്ത മരത്തെ തിന്നാൻ പോകുന്നു. പ്രകൃതിയിൽ ചെടികൾ പെരുമാറുന്ന വിധവും, അവയുടെ സ്ഥാനവും ഇനിയും മനുഷ്യൻ ശരിക്കു മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. സ്‌റ്റെഫാനോ മാങ്കുസോ എന്ന സസ്യ ശാസ്ത്രജ്ഞൻ സ്വയം വിശേഷിപ്പിക്കുന്നത് പ്ലാന്റ് ന്യുറോ ബയോളജിസ്റ്റ് എന്നാണ്. സസ്യങ്ങൾക്ക് ബുദ്ധിയുണ്ട് എന്നദ്ദേഹം വാദിക്കുന്നു. അക്കേഷ്യ മരങ്ങൾ ജിറാഫിനെ അകറ്റിയ പോലെ വിനാശകാരിയായ മനുഷ്യനെ അകറ്റാൻ ചെടികൾ പുതിയ വഴികൾ തേടുന്നുണ്ടാവുമോ?
കുറച്ചു കടന്ന ആ ചിന്തയിൽ ഈ ലേഖനം അവസാനിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. പ്രകൃതിയുടെ സംഹാര ശേഷി എത്രത്തോളമാണെന്ന് നമ്മളാരും ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നാണ് കോവിഡിന്റേയും, ആഗോളതാപനത്തിന്റെയും മുന്നിൽ നിൽക്കുമ്പോഴും തെല്ലും വഴി മാറാതെ തുടരുന്ന മനുഷ്യവികസനത്തിന്റെ പാത സൂചിപ്പിക്കുന്നത്. ഫിബോനാച്ചി ഗണിത സീക്വൻസ് പോലെ പ്രകൃതിയുടെ കണക്കുകൾ ഒരേ സമയം ലളിതവും സങ്കീർണ്ണവുമാണ്. ഒന്ന് മറ്റൊന്നിനു ഭക്ഷണം, ഒന്ന് മറ്റൊന്നിനു വളം. ഒന്ന് പെരുകിയാൽ അതിനെ തിന്നൊടുക്കാനും കൊന്നൊടുക്കാനും മറ്റൊന്നുണ്ടാവും. ഭൂമിയുടെ ചൂട് ഇപ്പോൾ കൂടിയ 1 ഡിഗ്രിയിൽ നിന്ന് 2 ഡിഗ്രി ആയാൽ ശീതീകരണ സംവിധാനങ്ങളും, വലിയ വില കൊടുത്തു (ക്ഷാമത്തിനിടയിലും) ഭക്ഷണവും വാങ്ങാൻ കഴിയുന്ന ധനികർ മാത്രമാവും ശേഷിക്കുക. കോടികൾ മുടക്കി കെ-റെയിലും, വേഗത്തീവണ്ടിയും, വരട്ടെ. അതിന്റെ പേരിൽ തർക്കം മുറുകട്ടെ. അത്യുഷ്ണവും, തീപിടുത്തങ്ങളും പതിവാകുന്ന വേനലുകളെ നേരിടാൻ നഗര വൃക്ഷഛായകൾ വളർത്താൻ, ഉള്ള കാടുകളും മരങ്ങളുമെങ്കിലും സംരക്ഷിക്കാൻ, കേരള സർക്കാർ ഒരു കർമ്മപരിപാടി തയ്യാറാക്കുമെങ്കിൽ ജനങ്ങൾക്ക് അൽപ്പം ആശ്വാസമാകും.
റഫറൻസുകൾ
Limited Effects of Tree Planting on Forest Canopy Cover and Rural Livelihoods in Northern India, Nature, Volume 4, November 2021.
Whispers from the Woods, 2006, by Sandra Kynes.
The Methuselah Tree And The Secrets of Earth’s Oldest Organisms, Robin McKie, The Guardian, 2020