ഇതാ മറ്റൊരു ചാന്ദ്രയാൻ!
പ്ലസ് ടു കഴിഞ്ഞ് പതിനഞ്ചുവർഷത്തിനുശേഷം അയാൾ ഡോക്ടറാകാൻ പോവുകയാണ്. പേര് കൃഷ്ണചന്ദ്ര അഡക. ഒഡീഷയിലെ രായഗഡ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കർഷകത്തൊഴിലാളിയാണ് മുപ്പത്തിമൂന്നുകാരനായ കൃഷ്ണചന്ദ്ര അഡക. കഴിഞ്ഞ പതിനഞ്ചുവർഷമായി ഇയാൾ ദിവസക്കൂലിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. 2006 ൽ പത്താം ക്ലാസ് പരീക്ഷയിൽ 58% മാർക്ക് നേടി വിജയിച്ച കൃഷ്ണ പ്ലസ് ടു കഴിഞ്ഞ് ബി എസ് സി കെമിസ്ട്രിക്ക് ചേർന്നതാണ്. പക്ഷേ ദാരിദ്ര്യം കാരണം പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ കൂലിപ്പണിക്കിറങ്ങുകയായിരുന്നു. അന്ന് നാട്ടിലെ കൂലി നൂറു രൂപ മാത്രമായതിനാൽ അതിഥിത്തൊഴിലാളികൾക്കൊപ്പം ഈ മനുഷ്യൻ ജോലി അന്വേഷിച്ച് കേരളത്തിലും വന്നിരുന്നു. ഇവിടെ പെരുമ്പാവൂരിലും കോട്ടയത്തുമായി ഇഷ്ടികച്ചൂളയിലും തീപ്പെട്ടിക്കമ്പനിയിലുമായി ജോലിചെയ്ത് രണ്ടുവർഷത്തിനുശേഷം 2014 ൽ നാട്ടിലേക്കുതന്നെ തിരിച്ചുപോയി. പിന്നെ കുടുംബവും കൃഷിപ്പണിയുമായി നാട്ടിൽത്തന്നെ. എന്നാൽ കുടുംബം പോറ്റാൻ വേണ്ടത്ര സമ്പാദിക്കുന്നില്ലെന്ന് പറഞ്ഞ് 2018 ൽ അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ ആ ബന്ധം ഉപേക്ഷിക്കാനൊരുങ്ങി. പക്ഷേ തന്റെ പ്രിയപ്പെട്ടവൾ മിതുവാല കൃഷ്ണയോടൊപ്പം തന്നെ ചേർന്നുനിന്നു.
അവളോടും മക്കളോടുമൊപ്പമുള്ള സന്തോഷകരമായ ജീവിതം തുടരുമ്പോഴാണ് തന്റെ പഴയ പ്രൈമറിസ്കൂൾ അദ്ധ്യാപകന്റെ ഒരു വാക്യം അയാളിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്. ഒരിക്കൽ തന്റെ ക്ലാസ് മുറിയിലെ കുട്ടികളെ സാക്ഷിനിർത്തി “കൃഷ്ണ ഒരു ദിവസം ഡോക്ടറായിത്തീരുമെന്ന് ” ആ അദ്ധ്യാപകൻ പറയുകയുണ്ടായത്രെ. ആ വാക്യം പറഞ്ഞവരും കേട്ടവരും മറന്നു. കാലം പിന്നെയുമൊഴുകി. കുട്ടികളെല്ലാം ജീവിതവുമായി പലവഴിക്കു പോയി. പിന്നെയും എത്രയെത്ര വാക്കുകൾ കേട്ടു. സ്കൂളും കോളേജുമൊക്കെ വിട്ടെങ്കിലും ആ വാക്യം ഒരാൾ മാത്രം തന്റെ ഹൃദയത്തിൽക്കൊണ്ടുനടന്നു. എന്നെങ്കിലും ആ സ്വപ്നം സഫലമായാലോ.!
പാടത്തെ ഉച്ചവെയിലിൽ വിയർത്തൊലിക്കുമ്പോഴൊക്കെ അയാളിൽ ആ വാക്യമുണർന്നു. ജീവിതത്തിൽ അത് പ്രതീക്ഷയുടെ വിത്തുപാകി. അങ്ങനെ അയാളുടെയുള്ളിലെ വിദ്യാർഥിക്ക് പിന്നെയും ജീവൻ വെച്ചു. ആദ്യമയാൾ NCERT യുടെ പാഠപുസ്തകങ്ങളൊക്കെ വാങ്ങിച്ചു പഠിക്കാൻ തുടങ്ങി. ഒപ്പം നാട്ടിലെ ഒരു കോച്ചിംഗ് സ്ഥാപനത്തിലും ചേർന്നു. പിന്നീടുള്ള ഓരോ ദിവസവും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പടവുകൾ. ഒടുവിൽ ലക്ഷ്യത്തിനുവേണ്ടിയുള്ള ആ പ്രയത്നം ഫലം കണ്ടു. 2022 ൽ NEET എക്സാമിന്റെ റിസൾട്ട് വന്നപ്പോൾ ലിസ്റ്റിൽ കൃഷ്ണയുടെ പേരുമുണ്ടായിരുന്നു. പക്ഷെ തുടർന്നു പഠിക്കാൻ അയാൾക്കതുമാത്രം മതിയാവില്ലായിരുന്നു. ദാരിദ്ര്യം കാരണം കൃഷ്ണയ്ക്ക് കൗൺസിലിങ്ങിന് പോലും പോകാൻ സാധിച്ചില്ല. പിന്നെയും പാടത്ത് കൃഷിപ്പണിയിലേക്ക് മടക്കം. പക്ഷേ തന്റെ അദ്ധ്യാപകന്റെ വാക്യം അയാളെ വിടാതെ പിന്തുടർന്നു. അങ്ങനെ തൊട്ടടുത്ത വർഷവും കൃഷ്ണ NEETനായി കാത്തിരുന്നു. 2023 ൽ അദ്ദേഹം വീണ്ടും പഠിച്ച് പരീക്ഷയെഴുതി. അപ്പോഴും ആ അത്ഭുതം സംഭവിച്ചു. തനിക്കനുകൂലമായ റിസൽറ്റ് തന്നെ. പക്ഷേ ഇത്തവണ തന്റെ ഉള്ളിലെ ആഗ്രഹം കൈവിടാൻ കൃഷ്ണ തയ്യാറായില്ല. ജഗത്തിൽ തന്റെയും ജയപതാകകൾ പാറിപ്പറക്കണമെന്ന് ആരോ നിശ്ചയിച്ച പോലെ ഉള്ളിലൊരു പ്രതീക്ഷയുടെ കനൽ.
അങ്ങനെ അഡ്മിഷൻ ഫീസായ 37,950 രൂപ കടമായി വാങ്ങാൻ നാട്ടിലെ പലിശക്കാരനെ സമീപിച്ചു. പക്ഷേ കൃഷ്ണയുടെ ദൃഢനിശ്ചയം കണ്ട് ഈ കടത്തിന് തനിക്ക് പലിശയാവശ്യമില്ലെന്നും ഡോക്ടറായാൽ തിരിച്ചുതന്നാൽ മതിയെന്നും പറഞ്ഞ് ആ പലിശക്കാരൻ പണം നൽകി. ചന്ദ്രവഴി അയാളിലും വെളിച്ചം പരത്തിയത് ആ നിമിഷം നാട് കണ്ടു. ദൗർഭാഗ്യത്തിന്റെ മേഘങ്ങൾക്കിടയിലും പ്രതീക്ഷയുടെ വെള്ളിരേഖകൾ. ഇപ്പോൾ കുടുംബവും നാടുമൊക്കെ കൃഷ്ണയോടൊപ്പമാണ്. അയാളുടെ സ്വപ്നങ്ങൾക്കൊപ്പമാണ്.
കൃഷ്ണചന്ദ്ര അഡക എന്ന ആദിവാസി കലഹണ്ടിയിലെ സഹീദ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് MBBS പഠിക്കാനായി പോവുകയാണ്. പോകുമ്പോൾ അയാൾ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. “എന്റെ ഗ്രാമത്തിൽ ഡോക്ടർമാർ ഇല്ലാത്തതു കാരണം ഒരുപാടാളുകൾ രോഗങ്ങൾ വന്ന് മരിക്കുന്നത് ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഡോക്ടറായാൽ തിരിച്ചുവരുന്നത് ഈ നാടിനെ സേവിക്കാനായിരിക്കും “
അതെ; പഠനം നാടിനുവേണ്ടിയാവുന്ന അപൂർവ്വസന്ദർഭങ്ങളിലൊന്ന് !
ചില മനുഷ്യർ അങ്ങനെയാണ്. ജീവിതം കൈവിട്ടുപോകുന്നു എന്ന് തോന്നുമ്പോഴും അവിടെ നിന്ന് നിവർന്നെണീറ്റ് പിന്നെയും കുതിക്കും. ആ കുതിപ്പിൽ പ്രതീക്ഷയറ്റ് അതുവരെ വീണവരെല്ലാം അവരെ അത്ഭുതത്തോടുകൂടി നോക്കും. ആ കുതിപ്പുകണ്ട് അവർക്കുകൂടി ഒപ്പം എഴുന്നേറ്റു നിൽക്കാനുള്ള ശക്തി കിട്ടും.
ഇന്ത്യക്കിന്നലെ ചാന്ദ്രദൗത്യം നിറവേറിയതിന്റെ ആഹ്ലാദദിനമാണ്. ഒരു രാജ്യം കഠിനപരിശ്രമത്തിലൂടെയും സ്ഥിരോത്സത്തിലൂടെയും അതിന്റെ ലക്ഷ്യങ്ങളിലൊന്ന് പൂർത്തിയാക്കിയ ദിവസം. രാഷ്ട്രം മാത്രമല്ല അതോടൊപ്പം ആ രാഷ്ട്രത്തിലെ ചില വ്യക്തികളും ഇതുപോലെ ലോകത്തെ അത്ഭുതപ്പെടുത്തിക്കളയും. അതുകൊണ്ട് അയാളെക്കുറിച്ച് ഇങ്ങനെ കുറിക്കാം.ചാന്ദ്രയാനെപ്പോലെ ഒരിന്ത്യയാൻ.!
പണ്ട് എവറസ്റ്റ് കീഴടക്കിയപ്പോൾ എഡ്മണ്ട് ഹിലാരി പറഞ്ഞ വാക്യമാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്-
“ഞങ്ങൾ കീഴടക്കിയത് കൊടുമുടിയെയല്ല. ഞങ്ങളെത്തന്നെയാണ് ”
അതെ; നാം കീഴടക്കേണ്ടത് നമ്മെത്തന്നെയാണെന്ന് ചുരുക്കം. അത് തെളിയിച്ച ഒരാൾ കൂടി ഇപ്പോൾ നമ്മുടെ മുന്നിലുണ്ട് കൃഷ്ണചന്ദ്ര അഡക. ആ ചാന്ദ്ര വെളിച്ചവും ഇനിമുതൽ ലോകം മുഴുവൻ പ്രകാശിക്കട്ടെ.
ദി ഹിന്ദു, കലിംഗ ടി വി, ഇന്ത്യ പോസ്റ്റ് ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലെ കവറേജ് അവലംബിച്ചെഴുതിയത്.