A Unique Multilingual Media Platform

The AIDEM

Articles National Society

നീറ്റ് നിർത്തലാക്കുന്നത് അപ്രായോഗികം, എന്നാൽ നിലവിലുള്ള സംവിധാനം കാര്യക്ഷമമാക്കണം

  • June 12, 2024
  • 1 min read
നീറ്റ് നിർത്തലാക്കുന്നത് അപ്രായോഗികം, എന്നാൽ നിലവിലുള്ള സംവിധാനം കാര്യക്ഷമമാക്കണം

NEET (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള സമീപകാല ആരോപണങ്ങൾ പരീക്ഷയുടെ വിശ്വാസ്യതയിൽ കാര്യമായ നിഴൽ വീഴ്ത്തിയിരിക്കുന്നു. ഇത് ഇന്ത്യയിലെ മെഡിക്കൽ പ്രവേശനത്തിന്റെ ഭാവിയെക്കുറിച്ചു വിമർശനവും ചർച്ചയും ഉയർത്തിക്കൊണ്ടുവന്നിരിക്കുകയുമാണ്. ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വർഷങ്ങളോളം കഠിനാധ്വാനവും തയ്യാറെടുപ്പും നടത്തിയ വിദ്യാർത്ഥികളോട് കടുത്ത അനീതി നടന്നു എന്ന് വ്യക്തമാവുകയാണ്. NEET റദ്ദാക്കുക എന്ന സാഹചര്യം വന്നാൽ അതിന്റെയും, അത് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭൂമികയിൽ ഉണ്ടാക്കാനിടയുള്ള വലിയ പ്രത്യാഘാതങ്ങളുടെയും സമഗ്രമായ പരിശോധന ഈ സാഹചര്യത്തിൽ ആവശ്യമായി വരുന്നു.

രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ സുതാര്യവും നീതിയുക്തവും, ഒരേ മാതൃകയിലുള്ളതുമായ ഒരു പ്രവേശനസംവിധാനം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രീം കോടതി വിധിയെത്തുടർന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എംസിഐ) സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനും (സിബിഎസ്ഇ) 2013-ലാണ് NEET ആരംഭിച്ചത്. NEET ന് മുമ്പ് മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശന നടപടികൾ ക്രമക്കേടുകളും അപാകതകളും നിറഞ്ഞതായിരുന്നു. പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകൾ, യഥാർത്ഥത്തിൽ മികവുള്ളവരേക്കാൾ കനത്ത തുക സംഭാവന നൽകാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെ പ്രവേശിപ്പിക്കുന്നതുവഴി കുപ്രസിദ്ധമായിരുന്നു. ഈ സംവിധാനത്തിൽ, പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് വരുന്ന അർഹരായ വിദ്യാർഥികൾക്കുള്ള അവസരങ്ങൾ പരിമിതമാവുകയും, അവർക്കു നീതി നിഷേധിക്കപ്പെടുകയുമായിരുന്നു.

പരീക്ഷാകേന്ദ്രത്തിന് പുറത്ത് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും

NEET ന്റെ ആരംഭത്തോടെ ഈ സാഹചര്യത്തിന് കാര്യമായ മാറ്റം വന്നു. പ്രവേശന പ്രക്രിയ കേന്ദ്രീകൃതമാക്കുകയും, ദേശീയ തലത്തിലുള്ള ഒറ്റത്തവണ പരീക്ഷയെ അടിസ്ഥാനമാക്കിയുള്ളതാക്കുമായും ചെയ്തതിലൂടെ, മെഡിക്കൽ സീറ്റുകൾ നേടുന്നതിൽ സാമ്പത്തിക ശക്തിയുടെയും വ്യക്തിബന്ധങ്ങളുടെയും സ്വാധീനം കുറയ്ക്കാൻ നീറ്റ് സഹായിച്ചു. വിദ്യാർത്ഥികളുടെ സാമൂഹിക-സാമ്പത്തിക നിലയേക്കാൾ, അവരുടെ അക്കാദമിക് കഴിവുകളും പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുന്നതെന്ന് അതുവഴി ഉറപ്പാക്കപ്പെട്ടു. മെറിറ്റോക്രസിയിലേക്കുള്ള ഈ മാറ്റം, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പായിരുന്നു.

മാത്രമല്ല, NEET ന്റെ ഏകീകൃത സ്വഭാവം, പ്രവേശന പ്രക്രിയയെ കാര്യക്ഷമമാക്കി. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി. NEET ന് മുമ്പ്, വിദ്യാർത്ഥികൾക്ക് നിരവധി പ്രവേശന പരീക്ഷകൾക്കായി വിവിധ നഗരങ്ങളിലേക്ക് പോകേണ്ടിവരികയും, കാര്യമായ സാമ്പത്തിക ചെലവുകൾ അതിനു വേണ്ടിവരികയും ചെയ്തിരുന്നു. മാത്രമല്ല, ഇത് കുട്ടികളെ വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു. NEET ഈ ആവർത്തനത്തെ ഇല്ലാതാക്കി. പ്രവേശനപ്രക്രിയ കൂടുതൽ കാര്യക്ഷമമാവുകയും, വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികഭാരവും മനസികസമ്മർദ്ദവും കുറയുകയും ചെയ്തു.

കേന്ദ്രീകൃത സംവിധാനത്തിലൂടെയുള്ള സുതാര്യമായ സീറ്റ് വിഭജനം, മെഡിക്കൽ പ്രവേശനത്തിൽ തുല്യനീതി ഉറപ്പാക്കി. പരീക്ഷയിലെ വിദ്യാർത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രമാണ് സീറ്റുകൾ അനുവദിക്കുന്നത് എന്നതിനാൽ, NEET സംവിധാനത്തിന് കീഴിൽ, വിവിധ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക് മികച്ച മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനുള്ള അവസരമുണ്ടായി. ഗ്രാമീണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമായി. അവർ അസമമായ ഒരു കളിക്കളത്തിൽ മത്സരിക്കാൻ വേണ്ട വിഭവശേഷി ഇല്ലാത്തവരായതുകൊണ്ട് പ്രത്യേകിച്ചും.

NEET 2024 പരീക്ഷാ പാറ്റേൺ

ഈ പശ്ചാത്തലത്തിൽ, NEET നിർത്തലാക്കുകയാണെങ്കിൽ, മെഡിക്കൽ പ്രവേശനത്തിന് എന്ത് ബദൽ മാനദണ്ഡം ഉപയോഗിക്കുമെന്ന നിർണായകമായ ചോദ്യം ഉയരുന്നു. 12-ആം ക്ലാസ് ബോർഡ് പരീക്ഷകളിൽ നേടിയ മാർക്കിനെ ആശ്രയിക്കുക എന്നതാണ് സ്വീകരിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ബദൽ. ഈ സമീപനം അതിന്റേതായ വെല്ലുവിളികൾ നിറഞ്ഞതാണ്. വ്യത്യസ്‌ത സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസ ബോർഡുകൾക്കും അവരുടെ പരീക്ഷകളിൽ വ്യത്യസ്‌തമായ ഗുണനിലവാര മാനദണ്ഡങ്ങളാണുള്ളത്. അവരുടെ ചോദ്യപേപ്പറുകൾ ചിലത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ, മറ്റു ചിലത് താരതമ്യേന എളുപ്പമാണ്. ഈ പരീക്ഷകളെ ആശ്രയിച്ചാൽ, വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിൽ കാര്യമായ പൊരുത്തക്കേടുകൾക്ക് അത് കാരണമായേക്കാം. ഈ വ്യതിയാനം വീണ്ടും ഒരു അസമമായ കളിക്കളമാക്കി മെഡിക്കൽ പ്രവേശനരംഗത്തെ മാറ്റിയേക്കാം. പ്രീമിയർ സ്കൂളുകളിൽ പഠിക്കുന്ന, സമ്പന്ന പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവേശനസാധ്യത ഉണ്ടാകും. സാധാരണ സ്‌കൂളുകളിൽ പഠിച്ചു വരുന്ന പിന്നോക്കവിഭാഗങ്ങളിലെ കുട്ടികൾക്ക് അവസരങ്ങൾ കുറയുകയും ചെയ്യും.

കൂടാതെ, മെഡിക്കൽ പ്രവേശനത്തിന് 12 ആം ക്‌ളാസിലെ മാർക്കിനെ ആശ്രയിക്കുന്നത്, സാമ്പത്തിക ശക്തിയുടെയും വ്യക്തിബന്ധങ്ങളുടെയും സ്വാധീനം വീണ്ടും തിരിച്ചുകൊണ്ടുവരാൻ ഇടയാക്കും. വലിയ തുക സംഭാവന സ്വീകരിച്ചു മെഡിക്കൽ പ്രവേശനം നൽകുന്നതുൾപ്പെടെയുള്ള തങ്ങളുടെ പഴയ രീതിയിലേക്ക് തിരിച്ചുപോകാനുള്ള അവസരമായി ഇതിനെ കണ്ട്, അത്തരം ചെയ്തികളുടെ ചരിത്രമുള്ള സ്വകാര്യ മെഡിക്കൽ കോളേജുകൾ മുതലെടുത്തേക്കാം. നീതിപൂർവ്വകവും സുതാര്യവുമായ പ്രവേശനം നടപ്പാക്കുന്നതിലുണ്ടായ പുരോഗതിയെ ഇത് തുരങ്കം വെക്കുക മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നീറ്റ് റദ്ദാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകൾ ചെലുത്തുന്ന സമ്മർദ്ദം, കൂടുതൽ ലാഭകരമായ, തുല്യനീതിയില്ലാത്ത ഒരു സംവിധാനത്തിലേക്ക് മടങ്ങാനുള്ള അവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ വ്യക്തമായ സൂചനയാണ്.

ഒരു വിദ്യാർത്ഥി തൻ്റെ ദുരനുഭവം വിവരിക്കുന്നു

 

സിവിൽ സർവീസ്, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, പ്രധാന സർവ്വകലാശാലകൾ എന്നിങ്ങനെ ഇന്ത്യയിലെ മറ്റ് മികച്ച ഉന്നത വിദ്യാഭ്യാസമേഖലകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒരു അംഗീകരിക്കപ്പെട്ട സംവിധാനമാണ് പൊതുപ്രവേശന പരീക്ഷകൾ. പിന്നെ എന്തിനാണ് മെഡിക്കൽ പ്രവേശനം വ്യത്യസ്തമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. പ്രവേശന പരീക്ഷകൾ, അവയുടെ പോരായ്മകൾക്കിടയിലും, ഇതര രീതികൾക്ക് ഇല്ലാത്ത സുതാര്യതയും മെറിറ്റോക്രസിയും ഉറപ്പുനൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് അത് ഏകീകൃതമായ ഒരു പ്ലാറ്റ്ഫോം നൽകുകയും, ബാഹ്യഘടകങ്ങളേക്കാൾ അക്കാദമിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രവേശനമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

NEET പോലുള്ള പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ടു കുതിച്ചുയരുന്ന കോച്ചിംഗ് വ്യവസായത്തെയും, വിദ്യാർത്ഥികളിൽ അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തെയും കുറിച്ചുള്ള ന്യായമായ, ഗൗരവമായ ആശങ്കകൾ പരിഹരിക്കേണ്ടതും പ്രധാനമാണ്. ഈ പരീക്ഷകളുടെ തീവ്രമായ മത്സരവും ഉയർന്ന മൂല്യവും കോച്ചിംഗ് സെന്ററുകളുടെ ഒരു സമാന്തര വ്യവസായം സൃഷ്ടിച്ചു. അവ പലപ്പോഴും അമിതമായ ഫീസ് ഈടാക്കുകയും വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മുഴുവൻ പരീക്ഷാ സമ്പ്രദായവും ഉപേക്ഷിക്കാതെ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും നീതിയുക്തതയും ശക്തിപ്പെടുത്തുക, ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ കർശനമായ മേൽനോട്ടം ഈ രംഗത്ത് ഉറപ്പാക്കുക, പരീക്ഷാ സമ്പ്രദായത്തിൽ തുടർച്ചയായ മെച്ചപ്പെടുത്തലുകൾ വരുത്തുക എന്നീ നടപടികളിലൂടെ ഈ പ്രശ്നങ്ങൾ ലഘൂകരിക്കാനാകും.

രാജസ്ഥാനിലെ കോട്ടയിലെ നിരവധി ‘കോച്ചിംഗ് സെൻ്ററുകളിൽ’ ഒന്ന്

വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള സാധ്യമായ ഒരു പരിഹാരം, കുട്ടികൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും, സമഗ്രവുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും. പരീക്ഷാ തയ്യാറെടുപ്പിനുള്ള മാർഗനിർദേശങ്ങളും പഠനത്തിനുള്ള ഉള്ളടക്കവും സ്‌കൂളുകൾ തന്നെ വിദ്യാർത്ഥികൾക്ക് നൽകിയാൽ, പുറത്തുള്ള കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനാവും. കൂടാതെ, വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യ പിന്തുണയും കൗൺസിലിംഗ് സേവനങ്ങളും നൽകാനുള്ള ചുമതല സ്‌കൂളുകൾ കാര്യക്ഷമമായി ഏറ്റെടുത്താൽ, വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും അവരുടെ സമ്മർദ്ദങ്ങൾ താങ്ങാനുള്ള കഴിവ് വളർത്തിയെടുക്കാനും അത് സഹായിക്കും.

NEET സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു സമീപനം, ഒന്നിലധികം മൂല്യനിർണ്ണയ രീതികൾ സംയോജിപ്പിക്കുക എന്നതാണ്. ഒരൊറ്റ പരീക്ഷയെ മാത്രം ആശ്രയിക്കുന്നതിനുപകരം, തുടർച്ചയായ മൂല്യനിർണ്ണയങ്ങൾ, പ്രായോഗിക മൂല്യനിർണ്ണയങ്ങൾ, പ്രവേശന പരീക്ഷകൾ എന്നിവയുടെ സംയോജനം ഉണ്ടായാൽ, ഒരു വിദ്യാർത്ഥിയുടെ കഴിവുകളെ കൂടുതൽ സമഗ്രമായി വിലയിരുത്താൻ കഴിയും. അതുവഴി, ഉയർന്ന മൂല്യമുള്ള ഒരൊറ്റ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിർബന്ധിതരാവുന്നതിന്റെ സമ്മർദ്ദം കുറയ്ക്കാനാവും. മാത്രമല്ല, ഒരു വിദ്യാർത്ഥിയുടെ അറിവിന്റെയും കഴിവുകളുടെയും കൂടുതൽ സർവതലസ്പർശിയായ വിലയിരുത്തൽ ഉറപ്പാക്കുകയും ചെയ്യാം.

നീറ്റ് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ

അവസാനമായി, NEET നെതിരായ നിലവിലെ ആരോപണങ്ങൾ ഗൗരവമുള്ളതും സമഗ്രമായ അന്വേഷണം ആവശ്യമുള്ളതും ആയിരിക്കെത്തന്നെ, പരീക്ഷ നിർത്തലാക്കുന്നത് പ്രായോഗിക പരിഹാരമല്ല. അങ്ങനെ ചെയ്യുന്നത്, സാധാരണക്കാരും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ളവരുമായ അർഹരായ, നന്നായി പഠിക്കുന്ന വിദ്യാർത്ഥികളുടെ ചെലവിൽ, സ്വകാര്യ മെഡിക്കൽ കോളേജുകളും സമ്പന്നരായ വിദ്യാർത്ഥികളും നേട്ടമുണ്ടാക്കുന്നതിനാണ് ഇടയാക്കുക. മെഡിക്കൽ പ്രവേശനത്തിൽ വളരെ ആവശ്യമായ സുതാര്യതയും നീതിയും NEET ന്റെ ഫലമായി ഉണ്ടായി. ഈ പുരോഗതിയെ തുരങ്കം വയ്ക്കാനുള്ള ഏതൊരു ശ്രമവും സംശയത്തോടെയാണ് കാണേണ്ടത്.

സുതാര്യത, നീതിയുക്തത, വിദ്യാർത്ഥികളുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് NEET നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം മെറിറ്റിനെ അടിസ്ഥാനമാക്കി എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല സമീപനം അതുതന്നെയാണ്. പരീക്ഷാ സമ്പ്രദായം പരിഷ്കരിച്ചും, അതിന്റെ കുഴപ്പങ്ങൾ പരിഹരിച്ചും, വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണ നൽകിയും, മെറിറ്റോക്രസിയും നീതിയും ഉയർത്തിപ്പിടിക്കുന്ന, തുല്യതയുള്ളതും കാര്യക്ഷമവുമായ ഒരു പ്രവേശന പ്രക്രിയ സൃഷ്ടിക്കാൻ നമുക്ക് കഴിയും. അർഹരായ ഓരോ വിദ്യാർത്ഥിക്കും, അവരുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം എന്തുമാവട്ടെ, ഒരു മെഡിക്കൽ പ്രൊഫഷണലാവുക എന്ന അവരുടെ സ്വപ്നത്തെ പിന്തുടരാൻ അവസരമുള്ള ഒരു സംവിധാനം കെട്ടിപ്പടുക്കുക എന്നതായിരിക്കണം ആത്യന്തിക ലക്ഷ്യം.

About Author

ഡോ. എൻ.എം മുജീബ് റഹ്മാൻ

ഡോ. എൻ.എം മുജീബ് റഹ്മാൻ സീനിയർ കൺസൾട്ടൻ്റും ജനറൽ സർജറിയിലെ മുൻ പ്രൊഫസറുമാണ്, മെഡിക്കൽ കോളേജുകളിൽ രണ്ട് പതിറ്റാണ്ടോളം അധ്യാപന പരിചയമുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. മെഡിക്കൽ ലേഖനങ്ങൾ എഴുതുകയും ഓഡിയോ വിഷ്വൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സാന്ത്വന പരിചരണത്തിൽ പ്രത്യേക താൽപര്യം.