ഗുസ്തിതാരം വിനേഷ് ഫോഗട്ട് ശനിയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ താരത്തിന് ആരാധകർ വികാരതീവ്രമായ വരവേൽപ്പാണ് നൽകിയത്. നൂറു ഗ്രാമിന്റെ ഭാരക്കൂടുതലിനെ തുടർന്ന് ഒളിമ്പിക്സ് മൽസരത്തിൽ നിന്നും പുറത്താക്കപ്പെട്ട വിനേഷിന്റെ മടങ്ങിവരവ് സങ്കടവും സന്തോഷവും ഇടകലർന്ന സമ്മിശ്രപ്രതികരണങ്ങളാണ് ഉളവാക്കിയത്. തനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും കരഞ്ഞുകൊണ്ടാണ് വിനേഷ് നന്ദി പറഞ്ഞത്. ശേഷം അവർ തന്റെ ഗ്രാമമായ ഹരിയാനയിലെ ചർഖി ദാദ്രിയിലേക്ക് പോയി. ഇന്ത്യയിലെത്തുന്നതിന് മുന്നേ ഒളിമ്പിക്സിനെക്കുറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ അവർ എക്സിൽ പങ്കുവച്ചു. ദി ഐഡം അതിന്റെ പൂർണരൂപം പുന:പ്രസിദ്ധീകരിക്കുന്നു.
ഒളിമ്പിക്സ്: ഒരു ചെറിയ ഗ്രാമത്തിലെ ചെറിയ കുട്ടി എന്ന നിലയിൽ ഒളിമ്പിക്സ് എന്താണെന്നോ ഒളിമ്പിക്സ് വളയങ്ങൾ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ, ഏതൊരു പെൺകുട്ടിയെയും പോലെ പാറിപ്പറക്കുന്ന നീണ്ട മുടിയുമായി കൈയിൽ ഒരു മൊബൈൽ ഫോണും വട്ടംകറക്കി നടക്കുന്ന എന്നെയാണ് ഞാൻ സ്വപ്നം കണ്ടത്.
ഒരു സാധാരണ ബസ് ഡ്രൈവറായിരുന്നു എന്റെ അച്ഛൻ. ഞാൻ റോഡിൽ കൂടി വണ്ടിയോടിച്ചുകൊണ്ടു പോകുമ്പോൾ എന്റെ മകൾ വിമാനത്തിൽ ആകാശത്തിൽ പറക്കുന്നത് കാണണമെന്ന് അച്ഛനെപ്പോളും പറയുമായിരുന്നു. അച്ഛന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒരേയൊരാൾ ഞാനാണെന്ന് അദ്ദേഹം വിശ്വസിച്ചു. മൂന്ന് മക്കളിൽ ഇളയവളായിരുന്നതിനാൽ അച്ഛന്റെ പ്രിയപ്പെട്ട കുട്ടി ഞാനായിരുന്നു (എനിക്കത് പറയാൻ ആഗ്രഹമില്ലെങ്കിലും). അച്ഛൻ എന്നെക്കുറിച്ചുള്ള അച്ഛന്റെ സ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ അതിന്റെ നിരർത്ഥകതയോർത്ത് ഞാൻ ചിരിക്കുമായിരുന്നു. ഞാനതിന് അത്ര പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. കഷ്ടപ്പാടുകളിലൂടെ മാത്രം കടന്നുപോയ അമ്മയ്ക്ക് വലിയ വലിയ സ്വപ്നങ്ങൾ ഒന്നുമില്ലായിരുന്നു. എന്റെ മക്കൾ എന്നെക്കാൾ നല്ല ജീവിതം നയിക്കണം എന്നുമാത്രമാണ് അവർക്കുണ്ടായിരുന്നത്. മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവണം എന്ന് മാത്രമാണ് അമ്മ സ്വപ്നം കണ്ടത്. അച്ഛനെപോലെയല്ല, അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലളിതമായിരുന്നു.
പക്ഷെ ഒരു ദിവസം പെട്ടെന്ന് അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോൾ, അച്ഛൻ പറഞ്ഞതുപോലെ ആ വിമാനത്തിൽ പറക്കുന്ന സ്വപ്നം മാത്രമാണ് എന്നിൽ അവശേഷിച്ചിരുന്നത്. അത് എങ്ങനെ സാധിക്കും എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ആ സ്വപ്നം ഞാൻ എന്റെ നെഞ്ചോടു ചേർത്തു. അച്ഛൻ മരിച്ച് മാസങ്ങൾക്കുശേഷം അമ്മയ്ക്ക് ക്യാൻസർ അതിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി സ്ഥിരീകരിച്ചു. അതോടെ അമ്മയുടെ സ്വപ്നങ്ങൾ വിദൂരതയിൽ ഒരു പൊട്ടുമാത്രമായി. തങ്ങളുടെ അമ്മയെ സഹായിക്കാൻ വേണ്ടി കുട്ടിക്കാലം പോലും നഷ്ടപ്പെട്ടു പൊരുതാൻ തുടങ്ങിയ മൂന്നു കുട്ടികളുടെ ജീവിതയാത്ര തുടങ്ങുന്നത് ഇവിടെയാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട്. നീണ്ടമുടിയും മൊബൈൽ ഫോണും എല്ലാം മങ്ങിത്തുടങ്ങി.
അതിജീവനത്തിന് വേണ്ടിയുള്ള ആ പോരാട്ടം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും വിട്ടുകൊടുക്കാതെ പോരാടുന്ന അമ്മയെയാണ് ഞാൻ കണ്ടിട്ടുള്ളത്. അതാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. സത്യസന്ധമായ രീതിയിൽ എന്റേതായ കാര്യങ്ങൾക്ക് വേണ്ടി പോരാടാൻ അമ്മ എന്നെ പഠിപ്പിച്ചു. ധൈര്യത്തെക്കുറിച്ചു പറയുമ്പോൾ എനിക്ക് അവരെയാണ് ഓർമ വരുന്നത്. ആ ധൈര്യമാണ് ഫലം എന്താകും എന്ന് ശങ്കിക്കാതെ പോരാടാൻ എന്നെ പ്രാപ്തയാക്കിയത്.
ദുർഘടമായ പാത മുന്നിൽ കിടക്കുമ്പോളും ഞങ്ങൾ ദൈവത്തിൽ വിശ്വസിച്ചു. ഞങ്ങൾക്കുവേണ്ടി അദ്ദേഹം മറ്റെന്തെങ്കിലും പദ്ധതി കരുതിയിട്ടുണ്ടാവുമെന്ന് ഉറപ്പായിരുന്നു. നല്ല മനുഷ്യർക്ക് മോശം കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കില്ലെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. എന്റെ സുഹൃത്തും വഴികാട്ടിയും പങ്കാളിയുമെല്ലാമായ സോംവീറിന്റെ കൂടെ ചേർന്നതോടെ അമ്മയുടെ വാക്കുകളെ ഞാൻ കൂടുതൽ വിശ്വസിച്ചുതുടങ്ങി. എന്റെ ജീവിതത്തിലെ എല്ലാ സ്ഥാനവും സോംവീറിന് അവകാശപ്പെട്ടതാണ്. എല്ലാ കാര്യത്തിലും പിന്തുണച്ചുകൊണ്ട്, കൂടെനിന്ന്, എന്റെ ജീവിതത്തിൽ ഏറ്റെടുത്ത ഓരോ റോളും സോംവീർ ഗംഭീരമാക്കി. ഓരോ വെല്ലുവിളികൾ നേരിട്ടപ്പോളും ഞങ്ങൾ തുല്യ പങ്കാളികളായിരുന്നു എന്ന് പറയുന്നത് ഒരുപക്ഷേ ശരിയല്ല. കൂടുതൽ ത്യാഗം സഹിച്ച് എന്നെ സംരക്ഷിച്ചത് അവനാണ്. എന്റെ ഉയർച്ചയ്ക്ക് മുൻഗണന നൽകി, ആത്മാർത്ഥമായ സഹകരണം നൽകി. അവനുവേണ്ടിയല്ലായിരുന്നെങ്കിൽ, ഇപ്പോൾ ഇവിടെ നിൽക്കുന്നത്, പോരാട്ടം തുടരുന്നത്, ഓരോ ദിവസവും മുന്നോട്ട് പോകുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്റെ ഒപ്പവും, മുന്നിലും, പിറകിലും എല്ലാം എന്നെ സംരക്ഷിച്ചുകൊണ്ട് അവൻ നിന്നതുകൊണ്ടുമാത്രമാണ് എനിക്ക് ഇതെല്ലാം സാധ്യമായത്.
നല്ല ഒരുപാട് ആളുകളെയും അപൂർവ്വം ചില മോശം വ്യക്തികളെയും ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടുമുട്ടി. കഴിഞ്ഞ ഒന്നര – രണ്ടു കൊല്ലത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ജീവിതം ഒരുപാട് വഴിത്തിരിവുകളിലൂടെ കടന്നുപോയി. നല്ല കാര്യങ്ങൾ സംഭവിക്കുന്നത് തന്നെ ഇല്ലാതായി എന്ന് ഞാൻ കരുതി. അകപ്പെട്ടുപോയ കുഴിയിൽ നിന്ന് പുറത്തുവരാൻ ഒരു മാർഗ്ഗവും കണ്ടില്ല.പക്ഷെ എന്റെ ചുറ്റും നിന്ന മനുഷ്യർക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അവരുടെ അചഞ്ചലമായ വിശ്വാസവും പിന്തുണയും കൊണ്ട് മാത്രമാണ് കഴിഞ്ഞ രണ്ടു വർഷത്തെ വെല്ലുവിളികളെ എനിക്ക് നേരിടാൻ സാധിച്ചത്.
ഗോദയിലേക്കുള്ള യാത്രയിൽ കഴിഞ്ഞ രണ്ടുവർഷം എന്നെ പിന്തുണച്ചവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഡോ. ദിൻഷൗ പർത്ഥിവാല: ഇന്ത്യയുടെ കായികരംഗത്ത് സുപരിചിതമായ പേരാണ് ദിൻഷൗ പർത്ഥിവാല. അദ്ദേഹം ഒരു ഡോക്ടർ മാത്രമല്ല. എനിക്കും, എന്നെപ്പോലെയുള്ള അനേകം ഇന്ത്യൻ അത്‍ലറ്റുകൾക്കും വിഷമഘട്ടങ്ങളിൽ ദൈവം മുകളിൽ നിന്നും പറഞ്ഞുവിട്ട മാലാഖയാണ്. നിരവധി പരിക്കുകൾ പറ്റി എനിക്ക് എന്നിൽ തന്നെ വിശ്വാസമില്ലാതെയിരുന്നപ്പോൾ, അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസവും കരുതലുമാണ് വീണ്ടും എന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത്. ഒരു പ്രാവശ്യമല്ല, മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു കാൽമുട്ടുകൾക്കും ഒരു തവണ കൈമുട്ടിനും. മനുഷ്യശരീരം എത്ര അതിജീവനക്ഷമമാണെന്ന് ഇതെനിക്ക്ന്നെ മനസ്സിലാക്കി തന്നു. ജോലിയോടും ഇന്ത്യൻ കായികരംഗത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും കൂറും അർപ്പണമനോഭാവവും ദൈവത്തിന് പോലും ചോദ്യം ചെയ്യാനാവില്ല. അദ്ദേഹത്തിന്റെയും ടീമിന്റെയും എല്ലാ പിന്തുണയ്ക്കും ആത്മാർത്ഥമായ കരുതലിനും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. പാരീസ് ഒളിംപിക്സ് വേദിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ഒരോ ഇന്ത്യൻ അത്‍ലെറ്റിനുമുള്ള ദൈവത്തിന്റെ സമ്മാനമായിരുന്നു.
ഡോ വെയ്ൻ പാട്രിക് ലംബാർഡ്: ഒരു അത്‍ലെറ്റിന്റെ ജീവിതത്തിൽ ഉണ്ടാകാവുന്ന ഏറ്റവും കഠിനമായ വെല്ലുവിളികളെ നേരിടാൻ എന്നെ സഹായിച്ചത് ഡോ വെയ്ൻ പാട്രിക് ലംബാർഡാണ്. അതും ഒരു തവണയല്ല, രണ്ടുതവണ. ശാസ്ത്രത്തിന്റെ കഴിവ് മാത്രമല്ല, ഗുരുതരമായ പരിക്കുകൾ ചികിത്സിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ക്ഷമയും കരുണയുമാണ് എന്നെ ഇവിടെവരെയെത്തിച്ചത്. രണ്ടുപ്രാവശ്യവും പരിക്കുകൾ പറ്റി ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ അദ്ദേഹത്തിന്റെ പരിചരണമാണ് ആദ്യം മുതൽ വീണ്ടും തുടങ്ങാൻ എന്നെ സഹായിച്ചത്. ഓരോദിവസവും എങ്ങനെ കടന്നുപോകണമെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. അദ്ദേഹത്തോടൊപ്പമുള്ള ഓരോ സെഷനും മാനസികപിരിമുറുക്കം ഇല്ലാതാക്കി. ഒരുമിച്ചില്ലാത്ത സന്ദർഭങ്ങളിൽ പോലും എന്റെ കാര്യങ്ങൾ താല്പര്യപൂർവ്വം ശ്രദ്ധിക്കുന്ന മൂത്ത ജ്യേഷ്ഠന്റ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
വോളർ അകോസ്: അദ്ദേഹത്തെക്കുറിച്ച് ഞാനെന്തെഴുതിയാലും കുറഞ്ഞുപോകും. ഒളിപിംക്സിലെ സ്ത്രീകളുടെ ഗുസ്തിരംഗത്ത് ഏതൊരു സാഹചര്യത്തെയും സമാധാനത്തോടും ക്ഷമയോടും ആത്മവിശ്വാസത്തോടും കൂടി നേരിടാൻ കെല്പുള്ള മികച്ച കോച്ചും വഴികാട്ടിയുമായാണ് ഞാനദ്ദേഹത്തെ കാണുന്നത്. അസാധ്യമെന്നൊരു വാക്ക് അദ്ദേഹത്തിന്റെ ഡിക്ഷ്നറിയിലില്ല. ഗോദയ്ക്കകത്തോ പുറത്തോ ആവട്ടെ പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും നേരിടേണ്ടി വരുമ്പോൾ അദ്ദേഹം തന്റെ പ്ലാനുമായി തയ്യാറായിരിക്കും. ഞാനെന്നെ തന്നെ സംശയിച്ച നിമിഷങ്ങളിൽ, എനിക്ക് എന്റെ ശ്രദ്ധ നഷ്ടമായ സന്ദർഭങ്ങളിൽ, എന്നോട് എന്താണ് പറയേണ്ടത് എന്നും എങ്ങനെയാണ് എന്നെ ശരിയായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് എന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഒരു കോച്ചിനെക്കാളുപരി, ഗുസ്തിയിൽ ഞങ്ങൾ ഒരു കുടുംബമായിരുന്നു. ഒരിക്കലും അദ്ദേഹം എന്റെ വിജയത്തിന്റെ പങ്കുപറ്റാൻ ശ്രമിച്ചിച്ചില്ല. ഗോദയിലെ തന്റെ ജോലി പൂർത്തിയാകുന്നതുവരെ എന്റെ പിറകിൽ വളരെ വിനയാന്വിതനായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് എനിക്കുണ്ട്. എന്നാൽ തന്റെ കുടുംബത്തെ പോലും വിട്ടുനിന്ന് എനിക്കുവേണ്ടി അദ്ദേഹം ചെയ്തകാര്യങ്ങൾക്ക് ഞാനെന്തുനൽകിയാലും മതിയാവില്ല. അദ്ദേഹത്തിന് തന്റെ ചെറിയ രണ്ടുകുട്ടികളെ വിട്ടുനിൽക്കേണ്ടിവന്ന സമയം തിരിച്ചുനൽകാൻ എനിക്കാവില്ല. അവർ വളർന്നുവരുമ്പോൾ അവരുടെ അച്ഛൻ എനിക്കുവേണ്ടി എന്താണ് ചെയ്തുതന്നത് എന്ന്, അതിന്റെ മൂല്യം എന്താണ് എന്ന് മനസ്സിലാക്കുമോ എന്ന് ഞാനത്ഭുതപ്പെടുന്നു. എനിക്കിന്ന് ചെയ്യാൻ സാധിക്കുന്ന ഒരേയൊരു കാര്യം നിങ്ങൾക്കുവേണ്ടിയല്ലായിരുന്നു എങ്കിൽ ഞാൻ ഗോദയിൽ ചെയ്തത് ഒരിക്കലും ചെയ്യില്ലായിരുന്നു എന്ന് ഈ ലോകത്തോട് വിളിച്ചുപറയുക മാത്രമാണ്.
അശ്വിനി ജീവൻ പാട്ടീൽ: 2022ൽ ആദ്യം കണ്ടപ്പോൾ, ആ ഒരു ദിവസം അവർ എനിക്ക് നൽകിയ കരുതലിൽ തന്നെ എനിക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഗുസ്തിക്കാരെയും ഈ ബുദ്ധിമുട്ടുള്ള കളിയെയും അവർക്ക് നന്നായി നോക്കാൻ കഴിയുമെന്ന് അവരുടെ ആത്മവിശ്വാസം എന്നെ ബോധ്യപ്പെടുത്തി. കഴിഞ്ഞ രണ്ടരവർഷക്കാലമുള്ള എന്റെ യാത്ര തന്റേതെന്നപോലെ അവർ കൂടെനിന്നു. എല്ലാ മത്സരങ്ങളും നഷ്ടങ്ങളും മുറിവുകളും തിരിച്ചുവരവും എത്രത്തോളം എന്റെയായിരുന്നോ അത്രത്തോളം അവരുടേതുമായിരുന്നു. എന്നോടും എന്റെ യാത്രയോടും ഇത്ര ആത്മാർത്ഥതയും ആദരവും പുലർത്തുന്ന ഒരു ഫിസിയോതെറാപിസ്റ്റിനെ ഞാൻ ആദ്യമായാണ് കാണുന്നത്. ഓരോ പരിശീലനത്തിന് മുമ്പും ഇടയ്ക്കും ശേഷവും ഞങ്ങൾ എന്തൊക്കെ അവസ്ഥകളിലൂടെയാണ് കടന്നുപോയത് എന്ന് ഞങ്ങൾക്കുമാത്രമാണ് അറിയാവുന്നത്.
തജിന്ദർ കൗർ: കഴിഞ്ഞ ഒരു വർഷം ശസ്ത്രക്രിയയ്ക്ക് ശേഷം ഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ മുറിവുണങ്ങുന്നതു പോലെ ശ്രമകരമായിരുന്നു. പരുക്ക് വെച്ചുകൊണ്ട് ഒളിമ്പിക്സിനു വേണ്ടി തയ്യാറെടുക്കുകയും 10 കിലോ കുറയ്ക്കേണ്ടിവരികയും ചെയ്യുന്നത് ഒട്ടും എളുപ്പമല്ല. ഞാനാദ്യമായി 50 കിലോയിൽ മത്സരിക്കുന്നതിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞത് ഓർക്കുകയായിരുന്നു.മുറിവ് വെച്ചുകൊണ്ട് ആ ഭാരത്തിലേക്ക് എത്തിപ്പെടാൻ പറ്റുമെന്ന് നിങ്ങൾ എനിക്ക് ഉറപ്പുനൽകി. നിരന്തരമുള്ള നിങ്ങളുടെ പ്രോത്സാഹനവും ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമാണ് ഭാരം കുറയ്ക്കാൻ എന്നെ സഹായിച്ചത്.
ഒ ജി ക്യു സംഘം: (വിരേൻ റാസ്ക്വിൻഹ സർ, യതിൻ ഭട്കർ, മുഗ്ധ ബാർവേ – സൈക്കോളജിസ്റ്റ് മയൻക് സിങ് ഗരിയ- എസ് എൻസി കോച്ച്, അരവിന്ദ്, ശുഭം, പര്യാസ്, യുഗം, പരിശീലനകാലത്തെ സഹപ്രവർത്തകർ, ഒപ്പം നിന്ന മറ്റൊരുപാട് പേർ) ഒ ജി ക്യു വിന്റെ സംഭാവനകളില്ലാതെ ഇന്ത്യൻ കായികരംഗം നേടിയ കുതിച്ചുചാട്ടത്തെക്കുറിച്ച് എനിക്ക് സങ്കൽപ്പിക്കാനാവില്ല. കഴിഞ്ഞ കാലങ്ങളിൽ ഈ സംഘം നേടിയ അഭൂതപൂർവ്വമായ നേട്ടങ്ങൾ ഇതിൽ പ്രവർത്തിച്ച വ്യക്തികളുടെയും കായികരംഗത്തോടുള്ള അവരുടെ സ്നേഹത്തിന്റെയും ഫലമാണ്. രണ്ടു പ്രധാന സന്ദർഭങ്ങളിൽ, ഒന്ന് – 2021 ലെ ടോക്കിയോ ഒളിമ്പിക്സിന് ശേഷം രണ്ട്- 2023 ൽ ഗുസ്തിതാരങ്ങളുടെ സമരത്തിനും എസിഎൽ ശസ്ത്രക്രിയയ്ക്കും ശേഷം അവരുടെ നിരന്തരമായ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് എനിക്ക് അതിജീവിക്കാൻ സാധിച്ചത്. ഓരോ ദിവസവും ഞാൻ സുരക്ഷിതയാണോ, എന്റെ നില മെച്ചപ്പെടുന്നുണ്ടോ, ഞാൻ ശരിയായ വഴിയിലാണോ എന്ന് അവർ ഉറപ്പുവരുത്തി. മഹാൻമാരായ അത്‍ലറ്റുകൾ ചേർന്ന് രൂപീകരിച്ച ഒ ജി ക്യു എന്ന ഒരു സംഘടന ഉണ്ടായത് ഞങ്ങളെപ്പോലെയുള്ള പുതിയതലമുറയ്ക്ക് ഒരു ഭാഗ്യമാണ്.
സിഡിഎം ഗഗൻ നരംഗ് സർ, ഒളിമ്പിക് ടീം സപ്പോർട്ട് സ്റ്റാഫ്: ഞാൻ ആദ്യമായാണ് ഗഗൻ സാറിനോട് ഇത്ര അടുത്ത് ഇടപഴകുന്നത്. അദ്ദേഹത്തിന്റെ സ്നേഹവും കരുണയും ഒളിമ്പിക്സ് പോലെ വളരെ സമ്മർദം നിറഞ്ഞ മത്സരങ്ങളിൽ ഓരോ അത്‍ലറ്റും ആഗ്രഹിക്കുന്നതാണ്.
ഒളിമ്പിക്സ് വില്ലേജിൽ ഇന്ത്യൻ അത്യാഹിത വിഭാഗത്തിന്റെ ഭാഗമായി രാവും പകലും പരിശ്രമിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. പരിചരണവിഭാഗം, ഉഴിച്ചിൽ നടത്തുന്നവർ, എല്ലാം ഇതുവരെയുള്ള എന്റെ മത്സരജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതാണ്.
ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ ഇന്ത്യയിലെ സ്ത്രീകൾക്കുവേണ്ടിയാണ്, ഇന്ത്യൻ പതാകയുടെ മൂല്യവും വിശുദ്ധിയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഞാൻ പൊരുതിയത്. 2023 മെയ് 28 മുതൽ ഇന്ത്യൻ പതാകയ്ക്കൊപ്പമുള്ള എന്റെ ചിത്രങ്ങൾ നോക്കുമ്പോൾ അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഈ ഒളിമ്പിക്സിൽ ഇന്ത്യൻ പതാക പറത്തണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. ഇന്ത്യൻ പതാകയോടൊപ്പം അതിന്റെ എല്ലാ മൂല്യങ്ങളോടും പവിത്രതയോടും കൂടിയുള്ള ഒരു ചിത്രം എന്റെ സ്വപ്നമായിരുന്നു. അതിലൂടെ ഇന്ത്യൻ പതാകയും ഇന്ത്യൻ ഗുസ്തിയും ഇതുവരെ കടന്നുപോയ മോശം അനുഭവങ്ങൾക്കുള്ള ശക്തമായ താക്കീതാവുമെന്ന് ഞാൻ വിശ്വസിച്ചു. ഇന്ത്യക്കാർക്ക് അത് കാണിച്ചുകൊടുക്കണമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ഇനിയും ഒരുപാട് പറയാനുണ്ട്. അതിന് വാക്കുകൾ മതിയാവില്ല. ഒരുപക്ഷേ മറ്റൊരു സമയം ഞാൻ കൂടുതൽ കാര്യങ്ങൾ സംസാരിക്കുമായിരിക്കാം. അഗസ്റ്റ് ആറ് ഇരുട്ടി വെളുത്ത് ആഗസ്റ്റ് ഏഴിലെത്തുമ്പോൾ എനിക്ക് പറയാനുള്ളത് ഞങ്ങൾ തോൽക്കില്ല എന്നാണ്, ഞങ്ങൾ ഇനിയും പരിശ്രമിച്ചുകൊണ്ടേയിരിക്കും, ഞങ്ങളൊരിക്കലും കീഴടങ്ങില്ല. പക്ഷെ സമയം അപ്പോൾ അനുകൂലമായിരുന്നില്ല. ഘടികാരം നിശ്ചലമായി. എന്റെ വിധി അതായിരുന്നു. എന്റെ ടീമിന്, നാട്ടുകാർക്ക്, കുടുംബത്തിന്, നാം എന്തിന് വേണ്ടിയാണോ പ്രയത്നിച്ചത് ആ ലക്ഷ്യം അപൂർണമായി അവശേഷിച്ചതുപോലെയാണ് തോന്നുന്നത്. എപ്പോഴും എന്തോ ബാക്കിയാവുന്നു. ഒന്നും ഒരിക്കലും പഴയതുപോലെ ആവില്ല. ചിലപ്പോൾ മറ്റൊരവസ്ഥയിൽ എന്റെ ഉള്ളിലെ പോരാട്ടവീര്യവും ഗുസ്തിയും അവസാനിക്കാത്തിടത്തോളം 2032 വരെ ഞാൻ കളിയിൽ തുടർന്നേക്കാം.ഭാവി എനിക്കായി കരുതിവച്ചിരിക്കുന്നത് എന്താണ് എന്ന് എനിക്കറിയില്ല. മുന്നോട്ടുള്ള യാത്രയിൽ കാത്തിരിക്കുന്നത് എന്താണ് എന്നെനിക്ക് അജ്ഞാതമാണ്. എന്നാൽ ഞാൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയുള്ള എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും.’