A Unique Multilingual Media Platform

The AIDEM

Articles Book Review Minority Rights

സൈദ എക്സിൻ്റെ അനവധി ജീവിതങ്ങൾ

  • September 19, 2024
  • 1 min read
സൈദ എക്സിൻ്റെ അനവധി ജീവിതങ്ങൾ

2013 ൽ ഇറങ്ങിയ ജോളി LLB എന്ന സിനിമയിൽ നിരത്തുവക്കിൽ ഉറങ്ങിക്കിടന്ന കുറച്ച് ആളുകളുടെമേൽ ഒരു കോടീശ്വരന്റെ മകൻ വണ്ടി കയറ്റിയ കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ഉപസംഹരിച്ചുകൊണ്ട് അഡ്വക്കേറ്റ് ജഗദിഷ് ത്യാഗി, അഥവാ ജോളി ഇങ്ങനെ ചോദിക്കുന്നുണ്ട് – കോൻ ഹേ യെ ലോഗ്? (ആരാണീ ആളുകൾ) കാഹാംസേ ആത്തേ ഹേ യെ? (ഇവരെവിടെനിന്ന് വരുന്നു)?സിനിമ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. ഈ കനപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായൊരു ഉത്തരം സിനിമയിൽ കണ്ടെത്താൻ കാണിയായ എനിക്കും കഴിഞ്ഞില്ല. പക്ഷെ അതെന്തായിരിക്കും എന്നൊരു ധാരണ പത്രപ്രവർത്തകയായ നേഹ ദീക്ഷിതിന്റെ ആദ്യ കൃതിയായ സൈദ എക്സിൻ്റെ അനവധി ജീവിതങ്ങൾ (The Many Lives of Syeda X” -Juggernaut Publishers, 2024) വായിച്ചപ്പോൾ എനിക്ക് കിട്ടി.

നേഹ ദീക്ഷിത്

നേഹ ദീക്ഷിത് ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്. അന്യം നിന്നുകൊണ്ടിരിക്കുന്ന, അപൂർവമായിക്കൊണ്ടിരിക്കുന്ന ജനപക്ഷ മാധ്യമപ്രവർത്തക. ജനങ്ങളോട് അടുത്തിടപഴകി, അവർ നേരിടുന്ന പ്രശ്നങ്ങൾ തൊട്ടറിഞ്ഞു വാർത്തകൾ തേടിപ്പിടിച്ചു കണ്ടെത്തി റിപ്പോർട്ട്‌ തയാറാക്കുന്ന, അതിൻ്റെ പരിണിതഫലമായി പലപ്പോഴും അധികാരി വർഗ്ഗത്തിൽ നിന്നുണ്ടാവുന്ന വേട്ടയാടലുകളെ പൂർണ ബോധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ധൈര്യത്തോടെയും നേരിടുന്ന, ഒരു മാധ്യമപ്രവർത്തക.

“ അന്വേഷണാത്മകമായി, വൻകിടക്കാരുടെ ഈർഷ്യ അനുഭവിച്ചുകൊണ്ട്, റിപ്പോർട്ടുകൾ തയാറാക്കി പ്രസിദ്ധീകരിക്കുക, താൻ എഴുതിയതിൽ ഉറച്ചു നിൽക്കുക, അതിനായി പോരാടുക എന്നിവയാണ് ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ നേഹ ദീക്ഷിതിൻ്റെ മാധ്യമപ്രവർത്തന പാരമ്പര്യം “ എന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സുചേതാ ദലാൽ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള റിപ്പോർട്ടിങ്ങും തുടർന്നുള്ള വേട്ടയാടപ്പെടലും പലവട്ടം നടന്നിട്ടുണ്ട് നേഹ ദീക്ഷിതിന്റെ ജീവിതത്തിൽ. അവർ 2016 ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തേക്കുറിച്ച് ഒരു പരമ്പര എഴുതിയതിന്റെ ഫലമായി ഇപ്പോഴും കേസുകൾ നേരിട്ടുകൊണ്ടിരിക്കുന്നു. അവർ അപായകരമായ രീതിയിൽ പിന്തുടരടപ്പെടുകയും വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടുകയും ചെയ്തിട്ടുണ്ട്.

2014 നു ശേഷം ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽ ഏറിയ പങ്കും അധികാരികൾക്കും ഭരണകൂടത്തിനും അലോസരമുണ്ടാക്കുന്ന വാർത്തകൾ ചെയ്താൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും ഒഴിവാക്കി അല്ലലും അശാന്തിയുമില്ലാത്ത ജീവിതം തെരഞ്ഞെടുത്തപ്പോൾ നേഹ ദീക്ഷിത് സാധാരണ മുഖ്യധാരാ വാർത്തയിലിടം പിടിക്കാത്ത ആളുകളുടെ വാർത്തകൾ തേടിച്ചെന്നു സ്വതന്ത്ര മാധ്യമപ്രവർത്തനം തെരഞ്ഞെടുത്തു.

അനവധി വർഷങ്ങൾ അവർ കഷ്ടപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ് “സൈദ എക്സിൻ്റെ അനവധി ജീവിതങ്ങൾ“ എന്ന പുസ്തകം. വാരാണസിയിലെ ഒരു നെയ്ത്തുകാരുടെ കുടുംബത്തിൽ ജനിച്ചു വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു മുസ്ലിം സ്ത്രീയാണ് സൈദ. എഴുപതുകളിൽ ജനിച്ച സൈദ മുതിർന്നപ്പോഴേക്ക് ഇന്ത്യയുടെ സാമ്പത്തികരംഗത്തു ഉദാരവത്കരണത്തിന്റെ ഉദയം കണ്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിലെ സൈദയുടെ ജീവിതവും പിന്നിട്ട വഴികളും കുറിച്ചിടുകയാണ് നേഹ ദീക്ഷിത് ഈ പുസ്തകത്തിൽ.

ഇന്ത്യയിലെ സമാന്തര തൊഴിൽ മേഖലയിലെ തൊഴിലാളികളായ 43.99 കോടി ജനങ്ങളുടെ യാത്രകളും സൈദയുടെ ജീവിതവും തമ്മിൽ നല്ല സാമ്യം കാണാം. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും. സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നതിന് മുൻപ് പതിനഞ്ചാം വയസിൽ അക്മൽ എന്ന് പേരായ കൗമാരക്കാരനായ വിദഗ്ധ നെയ്ത്തുകാരനെ വിവാഹം ചെയ്തു. അക്മലിന്റെ കുടുംബം ബനാറസി സാരി എന്നറിയപ്പെടുന്ന കൈത്തറി സാരികൾ ഉണ്ടാക്കാനായി അടുത്ത ജില്ലയിൽനിന്ന് ക്ഷേത്ര നഗരമായ വാരാണസിയിലേക്ക് കുടിയേറിത്താമസിച്ചതാണ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മൂന്നു മക്കളുടെ ( രണ്ടാണ്മക്കളും ഒരു പെൺകുട്ടിയും ) അമ്മയായ അവർ ഭർത്താവ് അക്മലിനും കുട്ടികൾക്കുമൊപ്പം വാരാണസി വിട്ടു ഡൽഹിക്ക് പോകുന്നു.

1992 ലെ ബാബരി മസ്ജിദ് തകർക്കലിന് ശേഷമുണ്ടായ കലാപങ്ങളിൽ അവർക്ക് സർവ്വതും നഷ്ടപ്പെട്ടിരുന്നു. ജോലി സാധ്യത ഇല്ലാതായെന്നു മാത്രമല്ല ജില്ലാ അധികാരികളുടെ മാടമ്പിത്തരവും കൂടിയായപ്പോൾ സൈദയെപ്പോലെ തന്നെ, ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത വിദഗ്ധ നെയ്ത്തുകാരനായ അക്മലും സമാധാനമായി ജീവിക്കാനായി വാരാണസി വിട്ടു ഡൽഹിക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ പരാമർശിച്ച സിനിമയിൽ ജോളി LLB തന്റെ വാദത്തിന് അവസാനം പറയുന്ന ആളുകളായി മാറി അങ്ങനെ സൈദയും അക്മലും അവരുടെ മൂന്ന് മക്കളും.

ചേരി പോലുള്ള കുടികിടപ്പുകൾ ഇന്ത്യയിലെ ഓരോ വൻനഗരത്തിന്റെയും ഘടനയുടെ ഭാഗമാണ്. റെയിൽവേ ലൈനിനു സമീപത്ത്, വലിയ ഫ്ലൈ ഓവറുകൾക്ക് കീഴെ, മെട്രോ സിറ്റിയിലൂടെ ഒഴുകുന്ന വലിയ തുറന്ന അഴുക്കുചാലിനു സമീപം എല്ലാം ഇത്തരത്തിൽ ഒരു നഗരത്തെ ചലിപ്പിക്കുന്ന അസംഘടിത തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്ന അനേകം ആളുകൾ താമസിക്കുന്ന പരിമിതമായ സൗകര്യങ്ങളുള്ള കുടിലുകളുടെ നിര കാണാം. അവരാണ് വീട്ടുജോലിക്കാരായും ഭാരമേറിയ ചരക്കുകൾ ഗോഡൗണുകളിലും വെയർഹൗസുകളിലും എത്തിക്കുന്ന തൊഴിലാളികളായും MSME എന്ന് കണക്കാക്കപ്പെടുന്ന ചെറുകിട വ്യവസായങ്ങളിലെ പണിക്കാരായും ആഗോള റീറ്റൈൽ ഭീമന്മാരുടെ വിലപിടിപ്പുള്ള വാച്ചുകളും ചെരുപ്പുകളും തുണികളും വിൽക്കുന്ന കാണാപ്പണിക്കാരായും പണിയെടുക്കുന്നത്.

നിങ്ങൾക്കും അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും മോഹങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും എന്നുവേണ്ട അവരുടെ ജീവിതത്തിന്റെ മറ്റു തലങ്ങളെക്കുറിച്ചുമൊക്കെ അറിയാൻ ഈ പുസ്തകം വായിച്ചാൽ മതി.
നേഹയുടെ എഴുത്ത് ഒഴുക്കുള്ളതും ഇരുത്തി വായിപ്പിക്കുന്നതുമാണ്. വിവരിക്കുന്ന സംഭവങ്ങൾ നമുക്ക് അറിയാവുന്നതോ മനസിലാക്കാവുന്നതോ ആണ്.

അതിലെ ആളുകളെപ്പോലുള്ളവരെ നാം കണ്ടിട്ടുമുണ്ടാകും. അതിലെ കഥകൾ നാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും അവരുടെ ജീവിതത്തേക്കുറിച്ചുമാണ്. അവരെക്കുറിച്ചും അവരുടെ ജീവിതം അതെങ്ങനെയായിരിക്കും എന്നും നമുക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും. അതുകൊണ്ട് തന്നെ ഈ കഥകളോട് നമുക്കൊരു അടുപ്പം തോന്നും.

പുസ്തകത്തിനവസാനം സൈദ ജയിച്ചൊരു ഹീറോ ആയിത്തീരാൻ എന്നിലെ ബാനാരസി -അതുതന്നെയാണ് എൻ്റെ വ്യക്തിത്വത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സത്ത -, കാത്തുനിന്നു. ഇതൊരു കല്പിത കഥയായിരുന്നെങ്കിൽ അതിനവസാനം അങ്ങനെതന്നെ ആയേനെ. പക്ഷെ നമ്മൾ ജീവിക്കുന്നത് ഒരു ക്രൂരലോകത്താണ്. ഓരോ ദിവസവും സ്വന്തം മൂല്യം തെളിയിക്കാനായി പണിപ്പെടുന്ന, നമ്മുടെ തെറ്റുകളുടെ പേരിൽ വിധിയെഴുതപ്പെടാതിരിക്കാൻ, അല്പനേരത്തെക്കെങ്കിലും കുറവുകളോടുകൂടിത്തന്നെ ഒരു മനുഷ്യനായി ആരെങ്കിലും നമ്മെ അംഗീകരിക്കാൻ ആഗ്രഹിക്കുകയും അത് നടപ്പാക്കാതെ വരികയും ചെയ്യുന്ന ഒരു ക്രൂര ലോകത്ത്.

പുസ്തക പ്രകാശനത്തിൻ്റെ പ്രൊമോഷൻ പോസ്റ്റർ (Source: Neha Dixit/X)

പുസ്തകത്തിന്റെ അവസാനമെത്തുമ്പോഴേക്കും മറ്റുള്ളവരെപ്പോലെ നേഹയും സൈദയുടെ ജീവിതത്തിൽനിന്ന് തിരിഞ്ഞു നടക്കുന്നത് നമ്മളും കാണുന്നു. എന്നെപ്പോലൊരു ബനാരസിക്കാരനു സൈദക്ക് ഈയൊരു പരിചരണം കിട്ടിയതിൽ ഹൃദയവ്യഥയുണ്ടായി. എന്നാലും മൊത്തത്തിൽ സൈദയുടെയും അവളെപ്പോലുള്ള മനുഷ്യരുടെയും ജീവിതത്തോട് സഹാനുഭൂതി കാണിക്കുകയും അവരുടെ പരിശ്രമത്തിനും നിസ്വാർത്ഥതക്കും അർപ്പണമനോഭാവത്തിനും ഒരു കൂപ്പുകൈ നൽകുകയും ചെയ്യുന്നതാണ് ഈ പുസ്തകം. നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ജീവിതങ്ങൾ മനസിലാക്കാനും ഉൾകൊള്ളാനുമുള്ള ഒരവസരമാണ് ഈ പുസ്തകം പ്രദാനം ചെയ്യുന്നത്, അതുകൊണ്ട് തന്നെ തീർച്ചയായും വായിച്ചിരിക്കേണ്ടതും.

 

Read In: ENGLISH

About Author

ഗൗരവ് തിവാരി

ഗൗരവ് തിവാരി ഉത്തർപ്രദേശിലെ വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭകനാണ്. ദൃശ്യ കലകൾ അടങ്ങുന്ന മാധ്യമങ്ങളിലൂടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും ദരിദ്രരായ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x