A Unique Multilingual Media Platform

The AIDEM

Articles Kerala Society

വീടകങ്ങളിൽ വിരിയുന്ന അക്രമ ഭാവനകൾ

  • March 6, 2025
  • 1 min read
വീടകങ്ങളിൽ വിരിയുന്ന അക്രമ ഭാവനകൾ

സ്കൂൾ കുട്ടികളിലും, യുവാക്കളിലും കാണുന്ന അക്രമോത്സുകതയെ നാം പെട്ടന്ന് കൊണ്ടു ചെന്ന്  കെട്ടാറുള്ളത് ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ വിശേഷിച്ച് സിനിമ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലാണ്. അതോടെപ്പം തന്നെ ആക്രമണോത്സുകമായ വീഡിയോ ഗെയിമുകളും ഈ ഗണത്തിൽ പ്പെടുന്നുണ്ട്. എന്നാൽ ഈ മാധ്യമങ്ങളിലെല്ലാം എങ്ങനെയാണ് അക്രമോത്സുകത കടന്നുവരുന്നതെന്ന് അധികം ചർച്ചകൾ നാം കണ്ടിട്ടുമില്ല. കുട്ടികളിലും യുവാക്കളിലും കാണുന്ന ആക്രമണോത്സുകത യഥാർത്ഥത്തിൽ രോഗ ലക്ഷണങ്ങൾ മാത്രമാണ്. രോഗത്തിൻ്റെ വേരുകളിലേക്കിറങ്ങിച്ചെല്ലാതെ ഇതിന് പരിഹാരമുണ്ടാവുമെന്ന് ധരിക്കുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. മാധ്യമങ്ങളിലെ അക്രമപരമായ ഉള്ളടക്കത്തിന്റെ വലിയ സാന്നിധ്യം മ:നശാസ്ത്ര-സാമൂഹിക, സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സങ്കീർണ്ണമായ വിഷയമാണ്.

വലിയ അളവുവരെ പരിണാമ മനഃശാസ്ത്രവുമായിബന്ധപ്പെട്ടാണ് ഇത് കിടക്കുന്നത്. അതിജീവന ആവശ്യങ്ങൾക്കായി അതിശക്തമായ വൈകാരിക പ്രതികരണങ്ങൾ ജനിപ്പിക്കുന്ന ഭീഷണികളിലും അപകടങ്ങളിലും ശ്രദ്ധ ചെലുത്താൻ മനുഷ്യർ നിർബന്ധിതരാകുന്നതിന്റെ കാരണം നമ്മുടെ പരിണാമ ചരിത്രമാണ്. ഭയം, ആവേശം, വേദന, ഇനിയെന്ത് എന്ന ആശങ്ക നിറഞ്ഞ ജിജ്ഞാസ എന്നിവ അക്രമത്തിന് വിധേയമാകുമ്പോഴോ അവക്ക് സാക്ഷിയാകുമ്പോഴോ മനുഷ്യനിൽ ജനിക്കുന്നതിന്റെ വേരുകൾ നമ്മുടെ പരിണാമ ചരിത്രത്തിൽ വ്യക്തമാണ്. ഈ അന്തരികമായ വൈകാരിക വിക്ഷോഭങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് അക്രമാസക്തമായ ഉള്ളടക്കത്തിലേക്ക് പ്രെക്ഷകരെ കൂടുതൽ ശ്രദ്ധാലുവാക്കുന്നു. ഷേക്സ്പിയർ, ദസ്തയോവ്സ്കി, ടോൾസറ്റോയ് എന്നിവരുടെ അടക്കം ക്ലാസിക്കൽ കൃതികളിൽ എവിടെയാണ് അക്രമണോത്സുകതയില്ലാതെ നല്ല സാഹിത്യമുള്ളത്? ഈ സാഹിത്യ പ്രസ്ഥാനത്തിന്റെ ഒരു പിൻതുടർച്ചമാത്രമാണല്ലോ നമ്മുടെ ഇപ്പോഴത്തെ വിനോദ വ്യവസായങ്ങളോക്കെയും.

ഇന്നത്തെ വിനോദ വ്യവസായം മീഡിയയെ സാംസ്കാരിക പ്രസ്ഥാനമെന്നതിൽ നിന്ന് ഒരു സാമ്പത്തിക പ്രസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. എങ്ങനെ പിടിച്ചിരുത്താം എന്ന് മാത്രമന്വേഷിക്കുന്ന മാധ്യമ പ്രസ്ഥാനം സാംസ്കാരിക ഉത്തരവാദിത്തത്തെ അതിന്റെ ഒരു ഉപോത്പ്പന്നമാക്കി മാത്രം പരുവപ്പെടുത്തിയിരിക്കുന്നു. കാഴ്ചക്കാരെ അവരുടെ സീറ്റുകളിൽ പിടിച്ചിരുത്തുന്ന തീവ്രമായ അക്രമ രംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാധ്യമ നിർമ്മാതാക്കൾ ഉപയോഗിക്കുന്നത് ഈ പരിണാമ മനശ്സ്ത്ര തത്വങ്ങളെയാണ്. അങ്ങനെ വാർത്താമാധ്യമങ്ങളിലടക്കം നാം ഇന്ന് കാണുന്ന ആക്രമണോത്സുക ഉള്ളടക്കത്തെ നിയന്ത്രിക്കുക എന്നത് തീർത്തും അസാധ്യമായ കാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ അത് തരുന്നതിന് കാരണം നാമത് ആഗ്രഹിക്കുന്നു എന്നത് കെണ്ടാണ്. അവ തന്നില്ലെങ്കിൽ നാം മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകെണ്ട് മാധ്യമങ്ങളെ പഴിക്കുന്നതിന് മുമ്പ് നാം നമ്മെതന്നെ തിരച്ചറിയേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾക്ക് കുട്ടികളുടെ ആക്രമണോത്സുകതയിൽ ഒരു പങ്കുമില്ല എന്നല്ല. മറിച്ച് എല്ലാവരുടെയും ശ്രദ്ധ മാധ്യമങ്ങളിലേക്ക് മാത്രം ചുരുങ്ങുമ്പോൾ അത്രയും തന്നെ ശക്തമായ (ചിലപ്പോൾ അതിലധികം ശക്തമായ) കാരണങ്ങൾ കാണാമറയത്ത് നിന്നുകെണ്ട് ആക്രമണോത്സുകതക്ക് വെള്ളവും വളവും നൽകിക്കെണ്ടിരിക്കും. ഇത്തരം ഘടകങ്ങൾ പ്രധാനമായും രണ്ടാണ്. അധികാരം സ്ഥാപിക്കുന്നതിനുള്ളതും, ഭയത്തിൽ നിന്നുള്ളതുമായ ആക്രമണങ്ങൾ.

 

അധികാരവും അക്രമവും

Jim Sidanius, Erik Devereux, and Felicia Pratto എന്നീ മന:ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ആധിപത്യ സിദ്ധാന്തമനുസരിച്ച് (Social dominance theory) മറ്റ് സാമൂഹിക ജീവികളെപ്പോലെ മനുഷ്യർക്കും സാമൂഹിക ശ്രേണികൾ സ്ഥാപിക്കാനും നിലനിർത്താനും ആന്തരിക പ്രേരണയുണ്ട്. സമപ്രായക്കാരുടെ ഗ്രൂപ്പുകളിൽ ആധിപത്യം സ്ഥാപിക്കാനും പദവി നേടാനുമുള്ള ഒരു ഉപകരണമായി അക്രമം ഉപയോഗിക്കപ്പെടാം. പ്രത്യേകിച്ച് കൗമാരത്തിന്റെ തുടക്കത്തിൽ കുട്ടികൾ സാമൂഹിക ശ്രേണികളോട് വളരെ സംവേദനാത്മകത പുലർത്താറുണ്ട്. ശാരീരിക ശേഷിയും ശാരീരിക വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും സാമൂഹിക ക്രമത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിനുമുള്ള ഒരു മാർഗമായി കൗമാരപ്പ്രായക്കാരായ കുട്ടികൾ അക്രമം ഉപയോഗിക്കാനുള്ള സാധ്യത വളരെ വലുതാണ്. താമരശ്ശേരിയിലെ ഷഹബാസിന്റെ മരണത്തിന് കാരണമായ വായലൻസിൽ ആധിപത്യ സ്വഭാവത്തിന് വലിയ സ്വാധീനമുണ്ട്. ആധിപത്യത്തിനു വേണ്ടി സ്കൂളുകളുടെ പേരിൽ സ്വത്വബോധം രൂപപ്പെടുത്തുകയും വ്യക്തി സ്കൂളിന്റെ പേരിലുള്ള ആൾക്കൂട്ടത്തിലേക്ക് ചുരുങ്ങുകയും ആധിപത്യം നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം താമരശ്ശേരിയിൽ കണ്ടത്.

ആൽബേർ ബന്ദുര മുന്നോട്ടുവയ്ക്കുന്ന സാമൂഹിക പഠന സിദ്ധാന്തം (Social Learning Theory) അനുസരിച്ച് അധികാരം സ്ഥാപിക്കുന്നതിനുവേണ്ടി രക്ഷകർത്താക്കൾ, ബന്ധുക്കൾ എന്നിവർ ഉൾപ്പടെ, മറ്റുള്ളവരുടെ പെരുമാറ്റരീതികൾ കുട്ടികൾ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം അക്രമ വാസനകൾ അധികാരം സ്ഥാപിക്കാനുള്ള മാർഗ്ഗമായി തിരിച്ചറിയുന്നുണ്ട്. നിയന്ത്രണമോ ബഹുമാനമോ നേടുന്നതിൽ അക്രമം ഫലപ്രദമാണെന്ന് കുടുംബാന്തരീക്ഷം തെളിയിച്ചാൽ, കുട്ടികൾ അത് സ്വഭാവത്തിന്റെ ഭാഗമാക്കും. ഗാർഹിക അന്തരീക്ഷത്തിൽ ദൃഢവും (ശാരീരികമായാവ നേരിട്ടേൽക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യുക) മൃദുവുമായ (വൈകാരികമോ, വാക്കാലള്ളതോ ആയ പീഡനങ്ങൾ നേരിട്ടേൽക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യുക) വയലൻസ് നിലനിൽക്കുന്നു. സ്വേച്ഛാധിപത്യപരമോ അക്രമോത്സുകമോ ആയ രക്ഷാകർതൃ ശൈലികൾ, പരിഹരിക്കപ്പെടാത്ത സഹോദര വൈരാഗ്യം, കുടുംബ ബന്ധുക്കൾ തമ്മിലുള്ള പക, അയൽക്കാരുമായുള്ള പകയും അതുമായി ബന്ധപ്പെട്ട് വീട്ടിലെ ചർച്ചകളും, മാതാപിതാക്കളുടെ മേൽനോട്ടത്തിന്റെ അഭാവം എന്നിവ വലിയയളവിൽ കുട്ടികളുടെ അക്രമത്തിന് കാരണമാകും. സ്വയം പീഡിപ്പിക്കപ്പെടുമ്പോൾ മാത്രമല്ല തന്റെ ബന്ധുക്കൾ തമ്മിൽ ദൃഢമോ മൃദുവോ ആയ പീഡനങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഇരയാക്കുന്നതോ സാക്ഷ്യം വഹിക്കുന്നതോ കുട്ടികളിൽ അക്രമ വാസന രൂപപ്പെടാനുള്ള കാരണമാകാം. ‘സിനിമയെക്കാളും ഗെയിമുകളെക്കാളും ഈ യാഥാർത്ഥ ചുറ്റുപാടുകളെ കുട്ടികൾ തങ്ങളുടെ അതിക്രമങ്ങൾ നടപ്പാക്കുന്നതിന് മാതൃകയാക്കുന്നു.

വിഭവങ്ങൾ നേടുക, മറ്റുള്ളവരെ നിയന്ത്രിക്കുക, ശ്രദ്ധ നേടുക തുടങ്ങിയ പ്രത്യേക ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു മാർഗമായും കൗമാരക്കാർ ആക്രമണം ഉപയോഗിക്കാം. ആഹാരത്തിന്റെയും സമ്പത്തിന്റെയും അപര്യാപ്തത നിരാശയിലേക്കും പിന്നീട് അക്രമ വാസനയിലേക്കും കുട്ടികളെ കെണ്ടുപോകാം. വിഭവ സമത്വം വന്നിട്ട് നമുക്ക് അക്രമത്തെ ഒഴിവാക്കാൻ എന്നെങ്കിലും സാധിക്കുമോ? ദാർശനികമായൊന്നും പോകാതെ നമ്മുടെ കുട്ടികളുടെ കാര്യമെടുത്താൽ സ്കൂൾ ഗ്രൗണ്ടിന്റെ അധികാരം നേടുക, സ്കൂളിലെ വിവിധ വിഭവങ്ങളിൽ അധികാരം സ്ഥാപിക്കുക പരിപാടികൾ നടക്കുമ്പോൾ മറ്റുള്ളവരെ നിയന്ത്രിക്കുക, ആൺകുട്ടികൾ പെൺകുട്ടികളുടെ മുമ്പിൽ തങ്ങളുടെ ശക്തി പ്രകടിപ്പിച്ച് ശ്രദ്ധ നേടുക എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

 

ഭയം മൂലമുള്ള അക്രമം

ഇതിൽ ആദ്യത്തേതാണ് Leonard Berkowitz നെപ്പോലെയുള്ളവർ മുന്നോട്ടു വയ്ക്കുന്ന പ്രതികരണാത്മക ആക്രമണം. ഭീഷണികൾക്കോ പ്രകോപനങ്ങൾക്കോ ഉള്ള പ്രതികരണമായാണ് പ്രതികരണാത്മക ആക്രമണം ഉണ്ടാകുന്നത്. ഭീഷണി നേരിടുന്നതോ, ദുർബലരാകാൻ സാധ്യതയുള്ളതോ, ഭയപ്പെടുന്നതോ ആയ കുട്ടികൾ പ്രതിരോധമെന്നനിലയിൽ അക്രമത്തെ അവലംബിച്ചേക്കാം. യഥാർത്ഥത്തിൽ എപ്പോഴും ആദ്യം അടിക്കുന്നവൻ ധൈര്യം കെണ്ടല്ല, മറിച്ച് ഭയം കെണ്ടാണത് ചെയ്യുന്നത്.

കുട്ടിക്കാലത്ത് നേരിട്ട മാനസിക ആഘാതം, പീഡന ശ്രമങ്ങൾ, ദുരുപയോഗം എന്നിവ അനുഭവിച്ച കുട്ടികൾ ഒരു പ്രതിരോധ സംവിധാനമെന്ന നിലയിൽ വർദ്ധിച്ച ആക്രമണാത്മകത ജീവിതത്തിൽ പ്രകടിപ്പിച്ചേക്കാമെന്ന് ജേണൽ ഒഫ് ക്ലിനിക്കൽ മെഡിസിനിൽ Rebecca E. Grattan പോലെയുള്ളവർ പ്രസിദ്ധീകരിച്ച പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ തന്നെ കൗമാരപ്രായക്കാരായ കട്ടികൾ അവരുടെ സ്വകാര്യ ഇടങ്ങൾ മറ്റുള്ളവർകൈയ്യടക്കുന്നതായി തോന്നുമ്പോഴോ സ്വകാര്യ വസ്തുക്കൾ മറ്റുള്ളവർ കൈക്കലാക്കുന്നതായി തോന്നുമ്പോഴോ അക്രമാസക്തമായി പ്രതികരിച്ചേക്കാം. ഇതിനു കാരണം അവരിൽ ജനിക്കുന്ന ഭയവും ഉത്കണ്ഠയുമാണ്. ഇതിനോടുള്ള പ്രതി പ്രവർത്തനമാണ് അക്രമമായിമാറുന്നത്.

മാർട്ടിൻ സെലിഗ്മാൻ മുന്നോട്ടുവയ്ക്കുന്ന പഠിച്ചെടുത്ത നിസ്സഹായത (Learned helplessness) എന്ന ആശയംകൂടി ചർച്ചചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. പഠിച്ചെടുത്ത നിസ്സഹായത എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു വ്യക്തി, നിയന്ത്രണാതീതമായതോ പ്രതികൂലമായതോ ആയ സാഹചര്യങ്ങൾ ആവർത്തിച്ച് അനുഭവിക്കുന്നതിലൂടെ, തന്റെ സാഹചര്യങ്ങളിൽ തനിക്ക് യാതെരു നിയന്ത്രണവുമില്ലെന്ന് വിശ്വസിച്ചു പോകുന്ന അവസ്ഥയാണ്. വളരെ അപ്രസക്തനാണെന്ന തോന്നൽ. തന്റെ ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും നിയത്ത്രിക്കുന്നതിന് മറ്റ് നിമാർഗങ്ങളൊന്നുമില്ലെന്ന തിരിച്ചറിവിൽ അവർ അക്രമാസക്തമായ സ്വഭാവത്തെ ഒരു അവസാന മാർഗ്ഗമായി സ്വീകരിക്കുന്നു. വെഞ്ഞാറമൂട്ടിലെ അഫാന്റെ കാര്യത്തിൽ ഈ പഠിച്ചെടുത്ത നിസ്സഹായവസ്ഥക്ക് വലിയ പങ്കുണ്ട്

 

എന്തുചെയ്യണം?

അധികാരത്തിനു വേണ്ടിയുള്ള അക്രമം കുടുംബത്തിലും സമൂഹത്തിലും ‘അനുഭവിക്കുകയും’, ‘സാക്ഷ്യം വഹിക്കുകയും’ ചേയ്യന്നുവെന്നതാണ് കുട്ടികൾ മാധ്യമങ്ങളിലൂടെയും ഗെയിമുകളിലൂടെയും ‘കാണുന്ന’ അക്രമങ്ങളെക്കാൾ അപകടകരം. വീട്ടിലും സമൂഹത്തിലും നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധ ഇടങ്ങളെ ഇല്ലാതാക്കുക എന്നതാണ് കുട്ടികളുടെ അക്രമ വാസനകളെ തടയുന്നതിന് ആദ്യമായി നാം ചെയ്യേണ്ടത്. മാധ്യമങ്ങളിൽ നിന്നുള്ള ആനുഭവങ്ങളെക്കാൾ അവരിൽ അക്രമത്തെ നോർമലൈസ് ചെയ്യുന്നത് നേരിട്ടുകാണുന്ന കഠിനവും മൃ ദുവുമായ അക്രമങ്ങളാണ് വീട്ടകങ്ങളിൽ അരങ്ങേറുന്നത്.

ആഗോളികരണ ലോകത്തെ മാധ്യമ വ്യാപനത്തെ എങ്ങനെ തടയാനാണ്? അക്രമവും വായലൻസുമില്ലെങ്കിൽ സാഹിത്യം തന്നെ റദ്ദുചെയ്യപ്പെടുന്ന അവസ്ഥയുമുണ്ട്. അക്രമങ്ങൾ നേരിടുമ്പോൾ ആൾക്കൂട്ടത്തിൽ ലയിച്ചുചേരുന്ന പ്രേക്ഷകനിൽ നിന്ന് അക്രമം നേരിട്ട വ്യക്തികളിലേക്ക് ഊന്നുകയെന്നുള്ളതാണ് മാധ്യമങ്ങൾ ശ്രദധിക്കേണ്ട ഒരു മാർഗ്ഗം. കുട്ടികളിൽ അധികാരമോഹവും ഭയവും മൂലമുണ്ടാകുന്ന അക്രമ വാസന തടയുന്നതിന് കുടുംബം, സ്കൂൾ, സമൂഹം എന്നിവയിൽ നിന്നുള്ള സഹകരണപരമായ സമീപനവും ആവശ്യമാണ്. കുടുംബങ്ങൾ ചെറുതും വലുതുമായ അക്രമത്തിലൂന്നിയ രക്ഷാകർതൃത്വം, വൈകാരിക നിയന്ത്രണം, സുരക്ഷിതമായ ഗാർഹിക അന്തരീക്ഷം എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതേസമയം സ്കൂളുകൾ വിദ്യാർത്ഥികൾ വീട്ടിലും സമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങൾ, അവരുടെ ഭയവിഹ്വലതകൾ ആശങ്കകൾ എന്നിവയെ ലക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ തന്നെ പഠിക്കേണ്ടിയിരിക്കുന്നു. എല്ലാസ്കൂളിലും ഒരു കൗൺസിലർ എന്നതിനേക്കാൾ എല്ലാ സ്കൂളുകളിലെയും എല്ലാ അദ്ധ്യാപകരും കുട്ടിയെ മനസ്സിലാക്കുന്ന മനശാസ്ത്ര വിദഗ്ദരായായി മാറേണ്ടിയിരിക്കുന്നു.

About Author

അമൃത് ജി കുമാർ

കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറാണ്. വിമർശനാത്മക സിദ്ധാന്തവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിലെ നവലിബറൽ സ്വാധീനങ്ങൾ, വിദ്യാഭ്യാസ നയ വിശകലനം എന്നീ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിലെ പംക്തികളിലൂടെ എഴുത്തിന്റെ മേഖലയിലും സജീവമാണ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഫൈസൽ
ഫൈസൽ
1 hour ago

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ലേഖനം ആണിത്. ഇത്തരം വിഷയങ്ങൾ സ്ഥിരമായി പ്രതിപാദിക്കുന്ന ഒരു പംക്തി ഡോക്ടർ അമൃത കുമാറിന് ആരംഭിച്ചു കൂടെ ?

1
0
Would love your thoughts, please comment.x
()
x