അന്ത്യം, ഏകാങ്ക നാടകം, കെ.കെ കൊച്ച് എറണാകുളം മഹാരാജാസ് കോളേജ്

“സൃഷ്ടിയേകി മനുഷ്യന് ദൈവം ഇപ്രപഞ്ചത്തിൻ സൂക്ഷിപ്പുകാരനായ് ആദി തൊട്ടവനിന്നോള മേകനായ് കാത്തിടുന്നീ പുരാതന സിദ്ധിയേ മർത്ത്യതയുടെ മോഹങ്ങളാകവേ പുഷ്‌പ്പിണീലതയാക്കിയ നീയൊരു ദാനശീല, യവന്റെ കൈക്കുമ്പിളിൽ നിത്യതയുടെ പുഷ്‌പങ്ങളർപ്പിച്ചു സൃഷ്ടിയേകി മനുഷ്യനു ദൈവം ഇപ്രപഞ്ചത്തിൻ സൂക്ഷിപ്പുകാരനായ്….” കെ.കെ കൊച്ച് എന്ന എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥി എഴുതിയ അന്ത്യം എന്ന ഏകാങ്ക നാടകത്തിന്റെ തുടക്കമാണിത്.

1971ലെ വിഷു പ്പതിപ്പിന് വേണ്ടി മാതൃഭൂമി ഹൈസ്കൂൾ- കോളേജ് വിദ്യാർത്ഥി കൾക്കുവേണ്ടി നടത്തിയ സാഹിത്യ മത്സരങ്ങളിൽ നാടകവിഭാഗത്തിൽ ‘അന്ത്യം’ സമ്മാനാർഹമായി. സ്വാതന്ത്ര്യം തേടുന്ന ഭ്രാന്തനും നിത്യബന്ധനത്തിലാക്കാനായി അവനെ തേടി നടക്കുന്ന ഒന്നാമനും രണ്ടാമനും സഹോദരനെ തിരഞ്ഞെത്തുന്ന സ്ത്രീയും രക്ഷകനെ അന്വേഷിക്കുന്ന പാതിരിയുമാണ് നാടകത്തിലെ കഥാപാത്രങ്ങൾ.ഗാഗുൽത്തയിലെ കുരിശുകളും ഗത് സമേൻ തോട്ടത്തിലെ പനിനീർ പ്പൂക്കളും കറ കഴുകി ക്കളയാനാകാത്ത അറേബ്യയിലെ സൗഗന്ധികങ്ങളും മുലകളിൽ കൊത്തി കൊല്ലുന്ന ഈജിപ്ഷ്യൻ തീരത്തെ ആസ്പ് പാമ്പുകളും പുല്ലെറിഞ്ഞു നശിക്കുന്ന യാദവ വംശവും മാർക്ക് ആന്റണിയുടെ തീജ്ജ്വാല വഹിക്കുന്ന പ്രസംഗം കേട്ട് ക്രൂദ്ധ രായ റോമാക്കാരാൽ വധിക്കപ്പെട്ട സിന്നയുമൊക്കെ നാടകത്തിലെ സംഭാഷണങ്ങളിൽ പരാമർശവിഷയമാകുന്നുണ്ട്.

സ്വതന്ത്ര ബുദ്ധിയും നിഷേധിയും ധിക്കാരിയുമായ കെ.കെ കൊച്ച് എന്ന രാഷ്ട്രീയ വ്യക്തിത്വം രൂപം കൊള്ളുന്നതിന്റെ മിന്നലാട്ടങ്ങൾ നാടകത്തിൽ തെളിഞ്ഞുകാണാം. നാടകരചനാ വിഭാഗത്തിൽ രണ്ടാം സമ്മാന ത്തിനാണ് കെ.കെ കൊച്ച് അന്ന് അർഹനായത്.കവിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ സി ആർ പരമേശ്വരനായിരുന്നു നാടകവിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാരൻ. കഥാവിഭാഗത്തിൽ എൻ പ്രഭാകരൻ ഒന്നാം സമ്മാനം നേടി. ടി വി കൊച്ചുബാവ, ദേശമംഗലം രാമകൃഷ്ണൻ എന്നിവരുടെ രചനകളും ജെ ആർ പ്രസാദിന്റെ ചിത്രവുമൊക്കെ ആ ലക്കത്തിൽ കാണാം. പി സി കുട്ടിക്കൃഷ്ണൻ, തിക്കൊടിയൻ,എം എൻ വിജയൻ, എൻ എൻ കക്കാട്, ആർ രാമചന്ദ്രൻ, കെ എ കൊടുങ്ങല്ലൂർ ഇ വാസു, അരവിന്ദൻ, പി വത്സല തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.
അദൃഷ്ടപൂർവമായ മേഖലകൾ തേടിപ്പോകുന്നതിലും അന്യൂനമായ ജാഗരൂകതയോടെ അനുഭൂതികൾക്ക് രൂപം നൽകുന്നതിലും പുതിയ തലമുറ പ്രദർശിപ്പിക്കുന്ന സാഹസികതയും സത്യസന്ധതയും പ്രശംസാർഹമാണെന്ന് വിധികർത്താക്കൾ എടുത്തു പറഞ്ഞു…. “തികച്ചും സൂക്ഷ്മവും സാർവ്വലൗകികവുമായ വീക്ഷണരീതിയാണ് പുതിയ തലമുറയിൽ തെളിഞ്ഞുകാണുന്ന മറ്റൊരു സവിശേഷത…. വിശാലമായ മാനവികതാ ബോധവും വിലക്ഷണമായ ദാർശനിക ചിന്താ ഗതിയും തമ്മിൽ സമന്വയിപ്പിക്കാൻ വെമ്പുന്ന ഇന്നത്തെ ഇളം കൂമ്പുകൾ നാളത്തെ സാഹിത്യത്തിന്റെ ഹൃദയഹാരിയായ വികാസത്തെ വിളിച്ചോതുന്നു.”
പിൽക്കാലത്ത് കേരളത്തിലെ ദളിത് രാഷ്ട്രീയ/ സാംസ്കാരിക മുന്നേറ്റങ്ങളുടെ മുന്നണി പ്പോരാളിയും ചിന്തകനും എഴുത്തുകാരനുമായി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കനത്ത കാൽപാട് പതിപ്പിച്ച കൊച്ചേട്ടൻ എന്ന കെ.കെ കൊച്ച്, മനുഷ്യനിൽ, മനുഷ്യന്റെ ശക്തിയിലാണ് ആത്യന്തികമായി വിശ്വാസമർപ്പിച്ചിരുന്നത് എന്ന് നാടകം വിളിച്ചോതുന്നു. “മർത്ത്യനെത്ര മനോഹര നാമം പാടി ഞങ്ങൾ യുഗങ്ങളിലൂടെ ഭൂമി ഞങ്ങളുഴുതു മറിയ്‌ക്കേ പാടി ഞങ്ങൾ യുഗങ്ങളിലൂടെ കറ്റ കൊയ്തു കളം നിറയ്ക്കുമ്പോൾ പാടി ഞങ്ങൾ യുഗങ്ങളിലൂടെ മർത്ത്യനെത്ര മനോഹരനാമം”