വി.കെ.എന്‍ രചനകള്‍ – രാഷ്ട്രങ്ങളുടെ സ്വകാര്യ ചരിത്രം

വി.കെ.എന്റെ (വടക്കേ കൂട്ടാല നാരായണന് കുട്ടി നായര്‍) മറ്റൊരു ജന്മദിനം (ഏപ്രില്‍ 06) അധികമാരുമറിയാതെ, വ്യവസ്ഥാപിതമായ രീതിയിലുള്ള വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോയി. അല്ലെങ്കിലും വി.കെ.എന്‍. സാഹിത്യം, അതര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ നിരൂപണം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉറച്ച ഒരു മറുപടി നൽകാൻ സാംസ്കാരിക കേരളത്തിന് കഴിയില്ല എന്ന് തന്നെയാണ് തോന്നുന്നത്. വി.കെ.എനെ തുറക്കാന്‍ ഒരു താക്കോല്‍ പോരെന്നും, ആയിരം താക്കോലുകള്‍ കൊണ്ട് തുറന്നാലും അവസാനിക്കാത്ത കള്ളറകള്‍ അവശേഷിക്കുമെന്നും തിരുവില്വാമലയില്‍ വെച്ച് നടന്ന ഒരനുസ്മരണ പ്രഭാഷണത്തില്‍ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയ ആലങ്കോട് ലീലാ കൃഷ്ണന് പറയുന്നുണ്ട്. ഓരോ വായനക്കാരന്റെ കയ്യിലും വി.കെ.എനെ തുറക്കാനുള്ള താക്കോലുകളുണ്ട്. തുറന്നെന്ന് തോന്നുമെങ്കിലും പിന്നെയും കള്ളറകളുള്ള ഒരപാര നിലവറയത്രെ വി.കെ.എന്‍.!
വി.കെ.എന്‍ സാഹിത്യം അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും, വി.കെ.എന്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടു. നാലഞ്ചു കൊല്ലം മുന്‍പ് വി.കെ.എന്റെ ജീവിതാഖ്യായികയും എഴുതപ്പെട്ടു. വി.കെ.എന്റെ സന്തത സഹചാരിയായിരുന്ന കെ. രഘു നാഥന്റെ “മുക്തകണ്കണ്ഠം വി.കെ.എന്‍”. ഈ പുസ്തകത്തിന്റെ അവതാരികയില്‍, വി.കെ.എന്റെ കഥാപാത്രങ്ങള്‍ക്ക് അര്‍ത്ഥവും ജീവനും നല്‍കിയിരുന്ന നമ്പൂതിരി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇങ്ങിനെ കുറിച്ചിട്ടിരിക്കുന്നു: “ശരിക്ക് നോക്കിയാല്‍ വി.കെ.എന്‍ ഒരു ഹാസ്യ സാഹിത്യകാരന് മാത്രമല്ല, അതിനപ്പുറമാണ്. കഷായ ഗുളിക മേൽ കല്ക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാനുള്ള സൂത്രാണ് ഹാസ്യം എന്നേ ഞാന്‍ പറയൂ. അകത്തു വേറയാ സാധനം. അത് അമര്‍ത്തി വായിച്ചാ അറിയാം. തൊടാന്‍ പേടിള്ളനെ ചോറിയുംന്നു പറഞ്ഞു മാറ്റി വെക്കൂലോ. പലര്‍ക്കും പേട്യാ. ഞാന്‍ പറയണ് കേട്ടുണ്ടേ. മൂപ്പരുടെന് മുമ്പിലെങ്ങാന്‍ ചെന്ന് പെട്ടാല്‍ – അതോണ്ട് പലരും കാണാന്‍ നിക്കില്യ. പടിഞ്ഞാട്ട് പൂവും. അതന്ന്യ വി.കെ.എന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം..”
ഒരു നോവലിന്റെ പുറം ചട്ടയില്‍, വി.കെ.എന്‍. ഇങ്ങിനെ കുറിച്ചി ട്ടിരിക്കുന്നു – “രാഷ്ട്രങ്ങളുടെ സ്വകാര്യ ചരിത്രമാണ് നോവല്‍ – ബല്‍സാക്ക്”. തന്റെ രചനകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ബല്‍സാക്കിന്റെ ഈ ഉദ്ധരണി എന്ന് വി.കെ.എന്‍. തിരിച്ചറിഞ്ഞിരിക്കണം.
സ്വതന്ത്ര ഇന്ത്യയുടെ അധികാര രാഷ്ട്രീയവും, അതിനുവേണ്ടിയുള്ള ഉപജാപങ്ങളും, മല്പിടുത്തങ്ങളും, ബ്യൂറോക്രസിയും, നഗര ജീവിത ത്തിന്റെ ഹിപ്പോക്രസിയും, അതിന്റെ ചരിത്രവുമെല്ലാം വി.കെ.എന്‍. തന്റെ രചനകളില്‍, പ്രത്യേകിച്ചും നോവലുകളില്‍, തനതായ നര്‍മ്മത്തിന്റെയും, പരിഹാസത്തിന്റെയും ഭാഷയില്‍ വിഷയമാക്കുന്നുണ്ട്. ആരോഹണവും, സിന്റിക്കേറ്റും പോലുള്ള രചനകള്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ദേശീയ അധികാര രാഷ്ട്രീയ ചരിത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, ചാത്തന്‍സ്, മഞ്ചല്, ചിത്രകേരളം, പൊടിപൂരം തിരുനാള്‍ തുടങ്ങിയവ കേരളത്തിലെ ഫ്യൂഡല്‍, കൊളോണിയല്‍ കാലഘട്ടങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ടുള്ളവയാണ്.
‘ആരോഹണ’ത്തിന്റെ രചനാ പശ്ചാത്തലം അറുപതുകളിലെ ഡല്‍ഹി എന്ന തലസ്ഥാന നഗരമാണ്. രാഷ്ട്രീയ ഉപജാപ സംഘങ്ങളും, കോണ്ട്രാക്ടര് മാരും, മാധ്യമപ്രവര്‍ത്തകരും, പെണ്‍വാണിഭക്കാരും, ബ്യൂറോക്രാറ്റുകളുമെല്ലാം ചേര്‍ന്ന്, കോളോണിയല്‍ വിരുദ്ധ (സ്വാതന്ത്ര്യ) സമരത്തിലൂടെ നമ്മുടെ രാജ്യം സ്വായത്തമാക്കിയ സകലമാന മൂല്യങ്ങളും ഒന്നൊന്നായി കയ്യൊഴിയുകയും, രാഷ്ട്രീയാധികാരം പതുക്കെ പതുക്കെ വ്യവസായമായി മാറുകയും ചെയ്ത കാലമാണത്. ദേശീയ രാഷ്ട്രീയം കയ്യാളുന്നത് ‘അഹിംസാ’ പാര്‍ട്ടി. ഇക്കാലത്താണ് ജോലി തേടിയുള്ള കഥാ നായകന് ‘പയ്യന്റെ’ പട്ടണ പ്രവേശം. (വി.കെ.എന്‍. ഡല്‍ഹിയില്‍ എത്തിപ്പെടുന്നതും, പത്ര പ്രവര്ത്ത കനായി ജോലി ചെയ്യുന്നതും ഇക്കാലത്താണ്. ആരോഹണത്തില്‍ ആത്മകഥാംശം ഏറെയുണ്ടെന്ന് വി.കെ.എന്‍.തന്നെ ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അക്കാലത്തെ സൂപ്പര്‍ പത്ര പ്രവര്‍ത്തകനായിരുന്ന വി.കെ.എന്റെ ആത്മസുഹൃത്ത് ശ്രീ സി.പി. രാമചന്ദ്രന് ആരോഹണത്തിലെ ‘പരുന്ത് രാമനു’മായി ഏറെ സാദൃശ്യമുണ്ട്) അധികാരത്തിന്റെ ഇടനാഴികകളിലൂടെയും, ഉപജാപ അധോലോക ങ്ങളിലൂടെയും സഞ്ചരിക്കുന്ന പയ്യന് ഉന്നതങ്ങളില്‍ ഏറെ സ്വാധീനമുള്ള രാമനെന്ന പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ തന്റെ സാമ്രാജ്യം അനായാസമായി വെട്ടിപ്പിടിക്കുന്നു. ഭോഗതല്പ്പരനാണ് പയ്യന്. നഗരത്തിലെ ചെറ്റപ്പുരകളില്‍ (ചേരിപ്രദേശങ്ങള്‍) സാമൂഹ്യസേവനം നടത്തുന്ന മധ്യവയസ്കകളായ സുനന്ദയും അനസൂയയും പയ്യന്റെ കാമുകിമാര്‍. പൊങ്ങച്ചത്തിന്റെയും, കാപട്യത്തിന്റെയും പര്യായങ്ങള്‍. ഉന്നതങ്ങളില്‍ പിടിപാടുള്ള പയ്യനെ അവര്‍ രാഷ്ട്രീയാധികാരത്തിലെക്കുള്ള ചവിട്ടുപടിയാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ബുദ്ധിമാനായ പയ്യന് ഇരുവരെയും നിരന്തരം മാറി മാറി ഭോഗിക്കുകയും, തന്റെ നിലനില്‍പ്പിനും, വളര്‍ച്ചക്കും വളരെ വിദഗ്ദമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒട്ടും കുറ്റബോധമോ, മോഹഭംഗമോ ഇല്ലാതെയാണ് അധികാരത്തിന്റെ ദൂഷിത വലയങ്ങളിലൂടെ യുവ ജേര്ണലിസ്റ്റ്കളായ പയ്യനും, രാമനും മുന്നേറുന്നത്. പല പുതിയ തന്ത്രങ്ങളും രാഷ്ട്രീയത്തിലെ ഉന്നതര്‍ക്ക് വേണ്ടി ഇവര്‍ മെനയുന്നുമുണ്ട്.
ആരോഹണത്തില്‍ രാജ്യം ഭരിക്കുന്ന കക്ഷിക്ക് വി.കെ.എന്‍ നല്‍കിയിരിക്കുന്ന പേര് ‘അഹിംസാ പാര്‍ടി’ എന്നാണു. ആ പേര് കൊണ്ട് ഏതു രാഷ്ട്രീയ കക്ഷിയെയാണ് നോവലിസ്റ്റ് ഉദ്ദേശിക്കുന്നതെന്നു നോവല്‍ പുരോഗമിക്കുമ്പോള്‍ പകല്‍പോലെ വ്യക്തമാകുന്നുണ്ട്. അഹിംസാ പാര്‍ടി, ‘സോഷ്യലിസം’ തങ്ങളുടെ പ്രധാന മുദ്രാവാക്യമായി ഏറ്റെടുക്കുന്ന കാലം കൂടിയാണത്. അധികാര രാഷ്ട്രീയത്തിന്റെ കാപട്യങ്ങളെ പരമ പുച്ഛത്തോടെ വീക്ഷിക്കുമ്പോഴും, അതിന്റെ ദൂഷിത വലയത്തിലൂടെ സഞ്ചരിക്കുമ്പോഴും, ആദര്‍ശ ജീവിതത്തെയും, രാഷ്ട്രീയത്തെയും ചിലപ്പോഴെങ്കിലും പയ്യന് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഒരു സന്ദര്‍ഭത്തില്‍ ബ്രാഹ്മണ മേധാവിത്വത്താല്‍ വേട്ടയാടപ്പെട്ട ദളിതര്‍ നീതി തേടി ചൌധരി എന്ന നേതാവിന്റെ അരികിലെത്തുമ്പോള്‍ ചൌധരിയുടെ ഉപദേശകനായ പയ്യനും സന്നി ഹിതനാണ്. ദളിതരുടെ ദയനീയാവസ്ഥ വിവരിക്കുമ്പോള്‍ “കണ്ണീര് വരാതിരിക്കാന്‍ വേണ്ടി പയ്യന് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.” ദളിതരുടെ മുമ്പില്‍ ചൌധരി കൈ മലര്‍ത്തുമ്പോള്‍ ‘ആരും ഒന്നും ചെയ്തില്ലെങ്കിലും ഞാന്‍ ചിലത് ചെയ്യാന്‍ പോകുന്നു’ എന്ന് പയ്യന് പ്രഖ്യാപിക്കുന്നു. പയ്യന് രാമനെക്കൊണ്ട് സംഭവം റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചു വിവാദമാക്കുകയും, അവിടത്തെ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വിരട്ടാനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്യുന്നു.
ഗാന്ധിവധത്തെ തുടര്‍ന്ന് ഏറെക്കുറെ പിന്‍വാങ്ങുന്ന ഹിന്ദു വര്‍ഗീയ രാഷ്ട്രീയം, വീണ്ടും തലപൊക്കി സജീവമാകുന്നത് അറുപതുകളിലാണ്. ഗോവധ നിരോധനത്തിന് വേണ്ടി തലസ്ഥാന നഗരത്തില്‍ വളരെ രഹസ്യമായി സംഘടിപ്പിക്കുന്ന ഹൈന്ദവ സംഘടനകളുടെ പടുകൂറ്റന്‍ റാലിയെ കുറിച്ച് വളരെ വിശദമായി ആരോഹണത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. നഗ്നസന്യാസിമാര്‍ നയിക്കുന്ന റാലിയെ കണക്കറ്റു പരിഹസിക്കുന്ന പയ്യന് ഒരു പ്രവാചകനെപ്പോലെ ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഈ ഉയര്ത്തെഴുന്നെല്പ്പിനെ കുറിച്ച് ആശങ്കപ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനെ പിന്‍പറ്റിയാണല്ലോ പില്ക്കാലത്ത് സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് അര്‍ബുദം പോലെ പടര്‍ന്നു പിടിക്കുകയും, ഭരണത്തിലേറുകയും ചെയ്തത്. റാലിയെ കുറിച്ചുള്ള പയ്യന്റെ ഒരു നിരീക്ഷണം ഇങ്ങിനെ. “ശൂലമേന്തിയ നഗ്നരായ നാഗസന്യാസിമാരാന് ഘോഷയാത്ര നയിക്കുന്നത്. ആപാദചൂഡം, നഗ്നതയിലടക്കം, ഭസ്മം പുരട്ടി ചാരവര്ണമായ ഉദ്ദണ്ടന്മാര്. മാറ്റം വരുന്ന താടി, ചോരക്കണ്ണുകള്‍, കാടത്തത്തിന്റെ വയസ്സ്, ഘടികാരത്തിന്റെ പെന്റുലം മാതിരി നിവര്‍ന്നും താണും ആടിക്കൊണ്ടിരിക്കുന്ന ആഭാസമായ നഗ്നത. ഗോമാതാ കീ ജയ് എന്ന പോര്‍വിളി. വഴിക്ക് വീര വനിതകള്‍ വര്‍ഷിച്ച പൂവിതളുകള്‍ ശിലായുഗ മനുഷ്യരുടെ ദേഹത്തും, നിവര്ന്നാടുന്ന നഗ്നതയിലും പറ്റി നിന്നു”.
ഹൈന്ദവ സംഘടനകള്‍ മുന്നോട്ടുവെച്ച ‘പശു’ രാഷ്ട്രീയത്തിലെ (ഗോവധ നിരോധനം) വരാനിരിക്കുന്ന അപകടം വി.കെ.എന്‍ അന്നേ വിഭാവനം ചെയ്തിരുന്നു വെന്ന് ആരോഹണത്തിന്റെ പുനര്‍വായന നമ്മെ ബോധ്യപ്പെടുത്തുന്നു. ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ലിമെന്റ് വളയാനുള്ള ഹൈന്ദവ സംഘടനകളുടെ ഗൂഡമായ നീക്കം മണത്തറിഞ്ഞ പയ്യന് അതൊരു വലിയ സ്കൂപ്പ് ആയി തന്റെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പശു രാഷ്ട്രീയത്തിന്റെ വക്താവായ പത്രമുടമ അത് തടയുന്നു. പത്രമുടമ പയ്യനെ വിളിച്ചു വരുത്തി ഇങ്ങിനെ ചോദിക്കുന്നുണ്ട് “വിപ്ലവപാര്ടിക്കാര്ക്ക്, ഒരു ലക്ഷം പേര്‍ക്ക് പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്ന് ദിവസം മുഴുവന്‍ കൂവാം. ഗവര്‍ന്മെന്റ് മറുവശം നോക്കി നില്ക്കും. അനുദിനം നശിച്ചു പോകുന്ന ഹിന്ദുസംസ്കാരത്തിന്റെ നിലനില്‍പ്പിനു വേണ്ടി നൂറുപേര് വാദിച്ചാല്‍, ജാഥ നടത്തിയാല്‍ അത് മത വിദ്വേഷത്തിന് തീ കൊളുത്തലായി അല്ലെ?” പയ്യന് അക്ഷോഭ്യനായി ഇങ്ങിനെ ആത്മഗതം ചെയ്യുന്നുണ്ട് “സംശയമുണ്ടോ? ഈ നൂറു പേരുടെ വിഷം വിപ്ലവ പാര്‍ടിയുടെ ലക്ഷം പേര്‍ക്കില്ല” ഇവിടെ പയ്യന് തന്റെ ചേരി വ്യക്തമാക്കുന്നതു കാണാം. പ്രവാചക സ്വഭാവമുള്ള പയ്യന്റെ മറ്റൊരു ആത്മഗതം ഇങ്ങിനെ. “തലേന്ന് വൈകുന്നേരം എവിടെയും ഒന്നുമുണ്ടായിരുന്നില്ല. പശുവിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യ ഹസ്തങ്ങള്‍ ഒരു രാത്രികൊണ്ടാണ് അലങ്കാരങ്ങള്‍ പൂര്‍ത്തി യാക്കിയിരിക്കുന്നത്. വീട്ടുമൃഗത്തിലുള്ള വിശ്വാസ പ്രമാണത്തിന് മുന്നില്‍ ശൈത്യം അവരെ പിന്മടക്കിയില്ല. ഇവിടെ പശു ഭരിക്കുമോ? അത്ഭുതങ്ങള്‍ ഉണ്ടാകുമോ?”…… “മുദ്രാവാക്യം കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ഇരമ്പി നില്ക്കുന്ന മഹാസമുദ്രത്തെ വീണ്ടും കണ്ടപ്പോള്‍, ആര്‍ഷ ഭാരത ഭൂവില്‍ പശു ഒരു ശക്തിയാണെന്ന് പയ്യന് വിശ്വസിക്കാന്‍ തോന്നി.”.
സമകാലീക രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെയാണ് നോവല്‍ പുരോഗമി ക്കുന്നതെങ്കിലും, ഇടക്കെങ്കിലും ഡല്‍ഹിയുടെ ഭൂതകാല ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം കടന്നുവരുന്നു. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്നും ഭൂതകാലചരിത്രത്തിലേക്ക് പെട്ടെന്നുള്ള ഈ തെന്നിമാറല്‍ ഏറെ കയ്യടക്കത്തോടെയും, അനായസമായുമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്. “നേതാവിന്റെ കൂറ്റന്‍ കാറില്‍ മലര്‍ന്നു കിടന്നു യാത്ര ചെയ്യുമ്പോള്‍ പയ്യന്റെ മനസ്സില്‍ സുനന്ദയും ഭണ്ടാരിയുമൊന്നുമായിരുന്നില്ല. പുരാതനന്റെ മനസ്സ് നിറയെ ചരിത്രമായിരുന്നു. ഭൂതത്തിന്റെ ഒരംശത്തില്‍ ജീവിക്കു കയായിരുന്നു. വര്‍ത്തമാനം ഒരപ്രസക്തതയായി അവശേഷിച്ചു…. ടാജ്മഹലിന്റെ നിര്‍മ്മാതാവ് രൂപം കൊടുത്ത നഗരത്തിന്റെ കന്മതില് കഴിഞ്ഞാണ് ശിപായിലഹളക്ക് ശേഷം സായ്പ് പണിത ആദ്യത്തെ നഗരം തുടങ്ങുന്നത്. ചുവപ്പുകോട്ട കഴിഞ്ഞയുടനെ വ്യത്യാസം മനസ്സിലാക്കാം…. പുതിയ നഗരത്തില്‍ നിന്ന് തിരിച്ച്, പുരാതന നഗരം കടന്ന്, പുതിയ നഗരത്തെ അപേക്ഷിച്ച് മാത്രം പഴയതെന്നു പറയാവുന്ന ഈ നഗരത്തിന്റെ നെഞ്ചിലെത്തുമ്പോള് ഭൂതത്തിലൂടെ പ്രയാണം ചെയ്യുന്ന പ്രതീതി യാണുണ്ടാവുക. മുക്കാല്‍ നൂറ്റാണ്ടു കാലത്തെ വര്‍ണ ശബളിമയില്‍ പൊലിഞ്ഞ ഒരു സുവര്‍ണകാലം ഇവിടെ തളം കെട്ടി നില്ക്കുന്നു….. നാല്‍പ്പതു ചതുരശ്ര നാഴികയില്‍ പരന്നുകിടക്കുന്ന മൊത്തം നഗരം. വിശദമായി പറയുകയാണെങ്കില്‍ മൂന്നു നഗരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അനിര്‍വചനീയമായ അരൂപത. സായ്പ് നിര്‍മ്മിച്ച പുതിയ നഗരം. മുഗള്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച പുരാതന നഗരം. സായ്പ് ആദ്യം നിര്‍മ്മിച്ച പഴയ നഗരം. അറിഞ്ഞിടത്തോളം ഒന്‍പതു സാമ്രാജ്യങ്ങള്‍ ഈ മണ്ണിലെമ്പാടും ശവക്കുഴി തോണ്ടിയിട്ടുണ്ട്”… വര്‍ത്തമാനത്തില്‍ നിന്നും ഭൂതത്തിലെക്കും, തിരിച്ചു വര്ത്തമാനത്തിലെക്കുമുള്ള ഈ തെന്നി മാറല്‍ ആരോഹണത്തില്‍ പലയിടത്തും കാണാം.

ഡല്‍ഹിയുടെ ചരിത്രവും, ദേശീയ രാഷ്ട്രീയത്തിലെ അന്തര്‍നാടകങ്ങളുമാണ് ആരോഹണത്തിന്റെ പശ്ചാത്തലമെങ്കില്‍, ‘പിതാമാഹനി’ലേക്ക് വരുമ്പോള്‍ അത് കേരളത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പുള്ള കോളോണിയല്‍ കാലഘട്ടത്തിന്റെ ചരിത്രവും, രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ഫ്യൂഡലിസത്തില് നിന്നും ബൂര്ഷ്വാജനാധിപത്ത്യത്തിലെക്കുള്ള കേരളത്തിന്റെ പ്രയാണം വളരെ സരസമായി തന്റേതു മാത്രമായ ശൈലിയില്‍ വി.കെ. എന്‍ വരച്ചിടുന്നു. ആരോഹണത്തിലെ ബുദ്ധിരാക്ഷസനും, ജീനിയസ്സും, തന്ത്രശാലിയുമായ പയ്യനെപോലെ പിതാമഹനില്‍ സര് ചാത്തുവും നിറഞ്ഞാടുന്നു. അടിസ്ഥാനപരമായി ചാത്തു നാട്ടിന്‍പുറത്തെ ഒരു കര്‍ഷക ജന്മിയാണ്. അതിബുദ്ധിമാനും, അറുപിശുക്കനും, കുതന്ത്രശാലിയുമായ ഒരു പ്രതിനായകന് ആയാണ് ചാത്തു നോവലില്‍ വളര്‍ന്നു വലുതാകുന്നത്. ഏതു പ്രതിസന്ധിയിലും പയ്യനെ രക്ഷപ്പെടുത്തുന്ന, ആരോഹണത്തിലെ സൂപ്പര്‍ ജേര്‍ണലിസ്റ്റ്, പരുന്ത് രാമനെപോലെ പിതാമാഹനിലും, അതിശക്തനായ ഒരു ശുഭകാംക്ഷി സര് ചാത്തുവിന്റെ അപകട സന്ധികളില്‍ പരിരക്ഷ ക്കായുണ്ട്. അഡ്വക്കേറ്റ് ജനറല്‍ കുഞ്ഞിരാമമേനോന്. ചാത്തുവിനോടൊപ്പം എഴുത്തുപള്ളിയില്‍ അടുത്തിരുന്നു പൂഴിയില്‍ വരച്ചവന്. പാട്ടവും, മിച്ചവാരവും വഴി എത്ര ധൂര്‍ത്തടിച്ചാലും തീരാത്തത്ര നെല്ലുണ്ട് ചാത്തുവിന്. മലപോലെ കൂട്ടിയിട്ടിരിക്കുന്നു. മേനോന് ചാത്തുവിന്റെ രക്ഷക്കെത്തുന്നു. നെല്ലുകുത്തി അരിയാക്കി അരിക്ക് ക്ഷാമമുള്ള കൊച്ചിയില്‍ കൊണ്ടുപോയി വില്‍ക്കുക. 200 ചാക്ക് അരിയുമായി ചാത്തു കൊച്ചിയിലെത്തുന്നു. എന്നാല്‍ പൊന്നാനി ഭാഗം വിഷൂചികാബാധിതമായ പ്രദേശമാണെന്നും, അതുവഴിവരുന്ന ചാത്തുവിന്റെ നെല്ലിലും വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സ്ഥലം ആരോഗ്യവകുപ്പ് കംഷണര്. കൈക്കൂലി വാങ്ങിക്കാനുള്ള ശ്രമമാണെന്ന് ചാത്തുവിന് മനസ്സിലാകുന്നു. ‘ചാത്തുവിന്റെ അരി കഴിച്ചു ഒരുത്തനും ഭക്ഷ്യവിഷബാധയുണ്ടാകെണ്ടെന്നു’ പറഞ്ഞു ചാത്തു 200 ചാക്കു അരിയും കടപ്പുറത്തിട്ടു മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നു. ധീരനും ധര്‍മ്മിഷ്ടനുമായി പ്രഖ്യാപിക്കപ്പെട്ട ചാത്തുവിനു വിക്ടോറിയ മഹാറാണി സര് സ്ഥാനവും, ഭാര്യ മാളുവമ്മക്ക് ലേഡി പദവും സമ്മാനിക്കുന്നു.
തുടര്‍ന്നങ്ങോട്ട് സര് ചാത്തു വളര്‍ച്ചയുടെ പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറുന്നു. ദീര്‍ഘദര്‍ശിയായ സര്‍ചാത്തു തന്ത്രപൂര്‍വ്വം കാര്‍ഷിക മേഖലക്കൊപ്പം വ്യാവസായിക മേഖലയിലും സാന്നിധ്യമുറപ്പിക്കുകയും, ഒ ഓട്ടു കമ്പനികള്‍, ബസ്സുകള്‍, വിദ്യാലയം തുടങ്ങിയവ ആരംഭിക്കുകയും ചെയ്യുന്നു. തന്റെ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താന്‍ സര് സ്ഥാനമുപയോഗിച്ച് അധികാര കേന്ദ്രങ്ങളില്‍ ഫലപ്രദമായി സ്വാധീനം ചെലുത്തുന്നു.
കൃഷിക്കും വ്യവസായത്തിനും പുറമേ രാഷ്ട്രീയത്തിലും തക്കസമയത്തു പ്രവേശിക്കുന്ന സര് ചാത്തു നിയമസഭാ സാമാജികനായി മത്സരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും, തന്റെ പ്രതിയോഗികളെ നിലംപരിശാക്കി, കൊച്ചി രാജ്യത്തിന്റെ പ്രധാനമാന്ത്രിയാകുന്നതിനും വേണ്ടി സര് ചാത്തു പ്രയോഗിക്കുന്ന രാഷ്ട്രീയ തന്ത്രകുതന്ത്രങ്ങളും, നമ്മുടെ ഇന്നത്തെ രാഷ്ട്രീയാചാര്യന്മാര്ക്ക് പോലും പഠനവിഷയമാക്കവുന്നതാണ്. ബ്രിട്ടനോടാണ്, രാജാവിനോടല്ല സര് ചാത്തുവിന് കൂറ്. വ്യക്തികളിലൂടെ, അവരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്തിലേക്കും, കാലത്തിലേക്കും എത്തിച്ചേരുക എന്ന വി.കെ.എന്റെ രചനാ രീതി ഏറെക്കുറെ സത്യസന്ധമായിത്തന്നെ ഒരു കാലഘട്ടത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കും, കാലാവസ്ഥയിലേക്കും, കൃഷി രീതികളിലേക്കും, ബ്യൂറോക്രസിയിലേക്കും, സാമ്പത്തികതിലേക്കും, സംസ്കാരത്തിലേക്കും, വസ്ത്രധാരണ രീതികളിലേക്കും, രാഷ്ട്രീയത്തിലേക്കും, ഭക്ഷണക്രമത്തിലേക്കും വരെ വായനയെ കൊണ്ടെത്തിക്കുന്നു. നോവലിന്റെ ഘടന പൊളിക്കാനല്ല, അതിന്റെ സാധ്യതയെ പരമാവധി പ്രയോജന പ്പെടുത്താനാണ് വി.കെ.എന്‍.ശ്രമിച്ചതെന്ന് പറയാം.
നോവലിനോടുവില്‍ കൊച്ചി രാജ്യം കേന്ദ്രത്തെ ഏല്‍പ്പിച്ചു ഖജനാവിലെ പണം ഓഹരിവെച്ച് പിരിയുന്ന ഭാഗം ഇങ്ങിനെ: “അഞ്ചു വെളുപ്പിന് കൊച്ചി കച്ചവടം ചെയ്ത വണിക്കുകള്‍ ശുക്ര നക്ഷത്രത്തിന്റെ പൂജ്യം വാള്‍ട്ട് വെളിച്ചത്തില്‍ പല വഴിക്ക് പിരിഞ്ഞു. സായ്വ്വും പെണ്ണും, ദിയാഗോ ഗാര്‍ഷ്യ ദീപുവഴി ബിലാത്തിയിലേക്ക്. സര് ചാത്തുവും, ലേഡി ഷാറ്റും തൃശ്ശിവേപ്പൂര് തിരുനാവായ വഴി തിരുവില്വാമാലയിലേക്ക്. സര് കുഞ്ഞിരാമനും, പരിവാരവും സാഹിത്യ പ്രവര്‍ത്തന സഹകരണ സംഘം, കുമിളി വഴി മദിരാശിക്ക്”.

ചിരിക്കും, പരിഹാസങ്ങല്ക്കുമപ്പുറം വി.കെ.എന്‍ രചനകള്‍, നമ്മുടെ ചരിത്രവും രാഷ്ട്രീയവുമെല്ലാം ഏറെക്കുറെ സത്യസന്ധമായിത്തന്നെ അനാവരണം ചെയ്യുന്നു. ആരോഹണത്തിലും, സിണ്ടിക്കേറ്റിലും പൊളിറ്റിക്കല്‍ ഹിപ്പോക്രസിയുടെ സകലമുഖംമൂടിയും പിച്ചി ചീന്തുന്നത് കാണാം. ഒറ്റ വായനയില്‍ സര് ചാത്തുവിനെയും, പയ്യനെയും പോലെയുള്ള സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പടച്ചുണ്ടാക്കിയ സന്ദര്‍ഭങ്ങളാണോ വി.കെ. എന്‍ രചനകളെന്ന് തോന്നാം. എന്നാല്‍ കാര്യങ്ങളെ ഒരിക്കലും അവക്കടിപ്പെടാതെ, സ്വതന്ത്രമായും, വസ്തുനിഷ്ഠമായും നോക്കിക്കാണാനും കൈകാര്യം ചെയ്യാനും, അതിജീവിക്കാനും പ്രാപ്തിയുള്ളവരാണ് വി.കെ.എന്‍.രചനകളിലെ കഥാപാത്രങ്ങള്‍. ഇടത്തരക്കാരന്റെ, ബുദ്ധിജീവിയുടെ സങ്കീര്‍ണതകളോ, വിഹ്വലതകളോ ഏശാത്ത, ഒരുപക്ഷെ അതിനെയൊക്കെ മറികടന്ന ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് മിക്കവാറും കഥാപാത്രങ്ങള്‍.
പുരുഷ മേധാവിത്ത്വവും, സ്ത്രീ വിരുദ്ധതയുമെല്ലാം വി.കെ.എന്‍ രചനകളില്‍ ചില വിമര്ശകരാലെങ്കിലും ആരോപിക്കപ്പെട്ടിട്ടുണ്ട്. അപക്വമായ വായനകളില്‍ നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്ന തെന്ന് തോന്നുന്നു. എന്തായാലും സെക്സിനെയും, സ്ത്രീ പുരുഷ ബന്ധത്തെയും ഏറെ തന്മയത്വത്തോടെയും, പക്വതയോടെയുമാണ് വി.കെ.എന്‍ രചനകളില്‍ ചിത്രീകരിച്ചിട്ടുള്ളത്.
തീരെ കൃത്രിമമല്ലാത്ത, വല്ലാത്തൊരു മൌലികതയും, തനിമയുമുള്ള ഭാഷാ രീതിയാണ് വി.കെ.എന്റേത്. രഹസ്യങ്ങളില്ലാത്ത, വളരെ തുറന്ന രചനാ രീതി. ചിന്തയില്‍ പോലും അച്ചടിഭാഷ ഉപയോഗിക്കുന്നവരെയും, കവിതാത്മകവും നിഗൂഡവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഭാഷ മാത്രമാണ് ശ്രേഷ്ടമെന്നും കരുതുന്ന ആസ്ഥാന പണ്ഡിതരെ തന്റെ അകൃത്രിമമായ രചനാ രീതികൊണ്ട് വി.കെ.എന്‍ പരിഹസിക്കുന്നു.
(ആരോഹണം, പിതാമഹന് എന്നീ വി.കെ.എന്‍ നോവലുകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഈ ലേഖനം.)