A Unique Multilingual Media Platform

The AIDEM

Articles Development Law Technology

ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് പിന്നിൽ

  • May 21, 2025
  • 1 min read
ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് പിന്നിൽ

ഇക്കഴിഞ്ഞ ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മലാ സീതാരാമന്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയുണ്ടായി.

1962ലെ ഇന്ത്യന്‍ ആണവോര്‍ജ്ജ നിയമവും (Atomic Energy Act-1962), ആണവാപകടത്തിന്മേലുള്ള സിവില്‍ ബാധ്യതാ നിയമവും (Civil Liability for nuclear damage act 2010) ആണ് ഈ രീതിയില്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട നിയമങ്ങള്‍.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ആണവോര്‍ജ്ജ ഉത്പാദനമേഖലയിലേക്ക് സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. ആണവോര്‍ജ്ജ സാങ്കേത്ക വിദ്യയ്ക്ക് സൈനിക മേഖലയുമായുള്ള ബന്ധം സുവിദിതമാണ്. ആണവോര്‍ജ്ജോത്പാദനത്തിനിടയില്‍ സൃഷ്ടിക്കപ്പെടുന്ന അവശിഷ്ട ഇന്ധനം ആണവായുധങ്ങള്‍ക്കുള്ള അസംസ്‌കൃത വിഭവമാണെന്നിരിക്കെ, അങ്ങേയറ്റം തന്ത്രപരമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട ഈ സാങ്കേതികവിദ്യാ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുന്നത് തീര്‍ത്തും തെറ്റായ നീക്കമാണ്.

ഈയൊരു വിഷയത്തെ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ കൂടിയാലോചനകളും ചര്‍ച്ചകളും അനിവാര്യമായിരിക്കെ ധൃതിപിടിച്ചുകൊണ്ട് ഈ വരുന്ന മഴക്കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ച് തന്നെ രണ്ട് നിയമ ഭേദഗതികളും നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള ഈ നിക്കം, അമേരിക്ക, തങ്ങളുടെ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും ഡിസൈന്‍ ജോലികള്‍ ചെയ്യാനും അനുവാദം നല്‍കിയതിന് തൊട്ടുപിന്നാലെയാണെന്നതു കൂടി അറിയേണ്ടതുണ്ട്.

ആണവോര്‍ജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നതിന് തടസ്സമായി നില്‍ക്കുന്ന സിവില്‍ ആണവ ബാധ്യതാ നിയമം ഭേദഗതി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ട്. ആണവാപകടങ്ങളുടെ ഉത്തരവാദിത്തം ഊര്‍ജ്ജോത്പാദന കമ്പനികള്‍ക്കെന്നപോലെ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഇന്ത്യയുടെ സിവില്‍ ആണവ ബാദ്ധ്യതാ നിയമം. ഈയൊരു ഉത്തരവാദിത്തത്തില്‍ നിന്നും തടിയൂരുന്നതിനാണ് ആണവ സപ്ലയേര്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍, കമ്പനികള്‍ ഇന്ത്യയോട് നിയമ ഭേദഗതി നടത്താന്‍ ആവശ്യപ്പെടുന്നത്.

2010ലെ സിവില്‍ ആണവ ബാധ്യതാ നിയമമനുസരിച്ച്, ഒരു ആണവാപകടം സംഭവിച്ചാല്‍ 1500 കോടി രൂപയ്ക്കാണ് കമ്പനികള്‍ ബാധ്യതപ്പെട്ടിരിക്കുന്നത്. ലോകത്തില്‍ മുമ്പ് നടന്ന ആണവാപകടങ്ങളിന്മേലുള്ള ചെലവുകളുമായി തട്ടിച്ചുനോക്കിയാല്‍ വളരെ നിസ്സാരമെന്ന് കാണാവുന്ന ഈ തുക പോലും നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ സ്വകാര്യ ആണവോര്‍ജ്ജ ഉപകരണ നിര്‍മ്മാതാക്കള്‍ തയ്യാറല്ലെന്നതാണ് ഈ നിയമ ഭേദഗതി ആവശ്യപ്പെടുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ആണവാപകട സാധ്യത ഒരു ലക്ഷത്തില്‍ ഒന്ന് മാത്രമാണെന്ന് അവകാശപ്പെടുന്ന ആണവ ലോബികള്‍ എന്തുകൊണ്ടാണ് ആണവാപകടത്തിന്മേലുള്ള ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് എന്ന കാര്യം കൂടി ഈയവസരത്തില്‍ ആലോചിക്കുന്നത് നല്ലതായിരിക്കും.

എന്തുതന്നെയായാലും രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ സ്വകാര്യ ആണവോര്‍ജ്ജ കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഇന്ത്യന്‍ ആണവ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തന്നെയാണ് മോദി സര്‍ക്കാര്‍ തീരിമാനിച്ചിരിക്കുന്നത്.

മൗനത്തിന്റെ ശമ്പളം മരണമാണെന്ന് തിരിച്ചറിഞ്ഞ് ഈയൊരു നീക്കത്തെ ശക്തമായി എതിര്‍ക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x