A Unique Multilingual Media Platform

The AIDEM

Articles Development National

ഇന്ത്യൻ ജനസംഖ്യാ കുതിപ്പും തൊഴിലില്ലായ്മയും മറ്റു ചില സമസ്യകളും

  • June 19, 2023
  • 1 min read
ഇന്ത്യൻ ജനസംഖ്യാ കുതിപ്പും തൊഴിലില്ലായ്മയും മറ്റു ചില സമസ്യകളും

2023 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) ഇന്ത്യ ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടിയതായുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. ജൂൺ മാസം അവസാനത്തോടെ ഈ അന്തരം കൂടുതൽ വലുതും മൂർ‌ത്തവുമായി മാറും എന്നും റിപ്പോർട്ട് പ്രഖ്യാപിച്ചിരുന്നു. നിമിഷംപ്രതി നടക്കുന്ന ലോകജനസംഖ്യാക്കണക്കെടുപ്പ് ഈ കാര്യം വളരെ കൃത്യമായി അടിവരയിടുന്നുണ്ട്. ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിന്റെ ഗുണദോഷങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോളും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. 

യു.എൻ.എഫ്.പി.എ തന്നെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ കുതിപ്പിനെ കണ്ടിരുന്നത്. ‘എട്ട് ബില്യൺ ജനങ്ങൾ; അനന്തമായ സാധ്യതകൾ’ എന്ന റിപ്പോർട്ടിന്റെ തലക്കെട്ടുതന്നെ ശുഭാപ്തിവിശ്വാസം ദ്യോതിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയുടെയും സാധ്യതകളെ, അവരുടെ കഴിവിനെ പൂർണ്ണ അളവിൽ പുറത്തെടുക്കാൻ രാജ്യങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും എന്ന് വിശദമായി വിശകലനം ചെയ്യുന്ന റിപ്പോർട്ട്, സ്തീകളുടെ അവകാശങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തിയിരുന്നു.”ജനസംഖ്യ കൃത്യമായി ഇത്ര ആവണം, ഇതിൽ കൂടാൻ പാടില്ല, കുറയാൻ പാടില്ല എന്നൊരു കണക്കില്ല. നിലവിലുള്ള ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നുണ്ടോ എന്നതാവണം ഇതുസംബന്ധിച്ചുള്ള ചർച്ചകളുടെ കേന്ദ്രബിന്ദു”- റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുവേണം ഇന്ത്യയുടെ അവസ്ഥയെ നാം വിലയിരുത്തേണ്ടത്.

‘സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് 2023’ന്റെ കവർ

ജനസംഖ്യാ സംബന്ധിയായ പഠനങ്ങളിൽ ഒരു അന്താരാഷ്‌ട്ര വിദഗ്‌ദയായി കണക്കാക്കപ്പെടുന്ന ജെന്നിഫർ സ്ക്യൂബ (Jennifer D. Sciubba) റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. “ഈ കുതിപ്പ് എന്താക്കി മാറ്റണം എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണ്. വിഭവങ്ങളുടെ തലത്തിൽ രാഷ്ട്രത്തിന് ഭാരമാകുമോ, അല്ല ഗുണം ചെയ്യുമോ എന്ന് നിർണ്ണയിക്കപ്പെടുക ഇന്ത്യ സ്വീകരിക്കുന്ന നയസമീപനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് “. ജെന്നിഫറിന്റെ സുപ്രധാനമായ റഫറൻസ് പുസ്തകം “8 Billion and Counting; How Sex, Death, and Migration Shape Our World” ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ലിംഗപരമായ വിവേചനത്തെയും തൊഴിലിന് വേണ്ടിയുള്ള കുടിയേറ്റത്തെയും പ്രതിപാദിക്കുന്നുണ്ട്. ഈ മേഖലകളെ സംബന്ധിച്ച സവിശേഷവിലയിരുത്തലിനു ശേഷമാണ് ജെന്നിഫർ ഇന്ത്യൻ നയസമീപനങ്ങളുടെ പ്രാധാന്യത്തിന് അടിവരയിട്ടത്. ജനസംഖ്യാ കുതിപ്പും തൊഴിലില്ലായ്മയും പരസ്പരം പ്രതികൂലമായി പ്രവർത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ നയസമീപനങ്ങൾ വളരെ പ്രധാനമാണ് എന്നും അവർ എടുത്തുപറഞ്ഞു.

 പക്ഷെ, 2023 ജൂണിന്റെ ആദ്യ ആഴ്ചകളിൽ പ്രധാനപ്പെട്ട ചില വാണിജ്യ-വ്യവസായ-സർക്കാരിതര സംഘടനകൾ നടത്തിയ ചില പഠനങ്ങൾ ഈ നയസമീപനങ്ങളെക്കുറിച്ച് ഏറെ ആശങ്ക ഉണർത്തുന്നു. ദേശീയ സാർവ്വദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കരിയർ നെറ്റ് എന്ന തൊഴിൽ മേഖലാ നിരീക്ഷണ സംഘടന ജൂണിന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇവയിൽ പ്രധാനം. ഇൻഫർമേഷൻ ടെക്നോളജി അടക്കമുള്ള സേവനമേഖലയിൽ ജൂനിയർ, മിഡിൽ ലെവൽ (താഴേക്കിടയിലും മദ്ധ്യനിരയിലും) സ്ഥാനങ്ങളിലെ ജോലിക്കായി അപേക്ഷിക്കുന്നവരിൽ ഏതാണ്ട് 20 ശതമാനം തങ്ങളുടെ വിദ്യാഭ്യായാസയോഗ്യതകൾ കുറച്ചുകാണിച്ചാണ് അപേക്ഷ നൽകുന്നത് എന്നതാണ് ഈ റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തൽ. കരിയർ നെറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അൻശുമൻ ദാസിന്റെ വിലയിരുത്തലിൽ ഇത് രാജ്യത്ത് നില നിൽക്കുന്ന  പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രതിഫലനമാണ്. തൊഴിലില്ലായ്മ കുറയുന്നതിനുപകരം കൂടുകയാണ് എന്നാണ് വിഭ്യാഭ്യാസ യോഗ്യത കുറച്ചുകൊണ്ടുള്ള അപേക്ഷകൾ കാണിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളായ എ.ബി.സി കൺസൾട്ടൻസ്, ടീം ലീസ് ഡിജിറ്റൽ എന്നിവയും സമാനമായ വിലയിരുത്തലുകൾ 2023 ന്റെ ആദ്യ അഞ്ചുമാസങ്ങളിൽ നടത്തിയിട്ടുണ്ട്.

ജെന്നിഫർ സ്ക്യൂബ

തൊഴിലില്ലായ്മ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ പദ്ധതികൾ പലതരത്തിലുള്ള സ്ഥിതിവിവര കണക്ക് കസർത്തുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോളാണ് ഈ സർക്കാരിതരസംഘടനകളുടെ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. മെയ് 2023ൽ നാഷൺ സാംപിൾ സർവ്വേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ 8.2 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറഞ്ഞു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈക്കും ഡിസംബറിനുമിടയിലും തൊഴിലില്ലായ്മ കുറഞ്ഞു എന്നുതന്നെയാണ് സർക്കാർ രേഖകൾ പറയുന്നത്. 2022 ജനുവരി മുതൽ മാർച്ച് വരെ തൊഴിലില്ലായ്മ വളരെ കൂടുതലായിരുന്നു എന്നും കോവിഡ് സൃഷ്ടിച്ച സാമൂഹികസാമ്പത്തിക അന്തരീക്ഷമാണ് ഇതിനു കാരണം എന്നും സർക്കാർ രേഖകളിൽ കാണാം. പക്ഷെ, ഈ കണക്കുകൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും ഈ കൂട്ടത്തിൽപ്പെടും. കേരളത്തിന്റെ മുൻ ധനകാര്യമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ തോമസ് ഐസക്, തൊഴിൽ സംബന്ധിയായ പലായന-പ്രവാസവിഷയങ്ങളിൽ വിദഗ്ധനായ സന്തോഷ് മെഹറോത്ര തുടങ്ങിയവർ‌ ഈ വിഷയം നിരന്തരമായി ഉയർത്തിയിട്ടുണ്ട്.

സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്ക് തൊഴിൽനിരക്കുമായി ബന്ധപ്പെട്ടുള്ളതാണ്. 2023 മാർച്ചിലെ  കണക്കനുസരിച്ച് ഇന്ത്യയിലെ തൊഴിൽ നിരക്ക് ജനസംഖ്യയുടെ 36.7 ശതമാനമാണ്. 2022 ഡിസംബറിൽ അത് 37.1 ശതമാനമായിരുന്നു. ഒരു വശത്ത് തൊഴിൽനിരക്ക് കുറയുമ്പോൾ തൊഴിലില്ലായ്മ നിരക്കും കുറയുന്നതെങ്ങനെ എന്നാണ് മെഹറോത്ര അടക്കമുള്ള വിദഗ്ധർ ചോദിക്കുന്നത്.  മെഹ്‌റോത്ര ജൂൺ ആദ്യവാരം ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ മറ്റൊരു പ്രധാന കണക്ക് അവതരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. അതിങ്ങനെയാണ്. സർക്കാർ പ്രതിനിധികൾ അവകാശപ്പെടുന്നത് 2019നും 2022നും ഇടയിലുള്ള മൂന്നു വർഷത്തിൽ മാത്രം 58 ദശലക്ഷം പുതിയ തൊഴിലുകൾ ഉണ്ടായെന്നും എന്നാൽ 2004നും 2012നും ഇടയിലുള്ള എട്ട് വർഷത്തിൽ 13 ദശലക്ഷം പുതിയ തൊഴിൽ മാത്രമേ ഉണ്ടായുള്ളൂ എന്നുമാണ്. കൂടുതൽ വിശദമായി കണക്കുകൾ അപഗ്രഥിച്ചു കൊണ്ട് മെഹ്‌റോത്ര ഇത് കൂടി പറയുന്നു. കോവിഡ് കാലത്ത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വിപരീത പലായനം നടന്നപ്പോൾ ഗ്രാമങ്ങളിൽ കൃഷി രംഗത്തു 45 ലക്ഷം പുതിയ  ജോലികൾ ഉണ്ടായി. അതാണ് സർക്കാർ വക്താക്കൾ പറയുന്ന “അഭൂതപൂർവമായ തൊഴിൽ വളർച്ചയുടെ” അടിസ്ഥാനം. മെഹറോത്രയെ പോലുള്ള പണ്ഡിതർ അർത്ഥശങ്കക്ക് ഇടയില്ലാതെ പറയുന്നത് സർക്കാർ കണക്കുകളിൽ എന്തൊക്കെയോ മലക്കംമറിച്ചിലുകൾ നടക്കുന്നുണ്ട് എന്ന് തന്നെയാണ്.

സന്തോഷ് മെഹറോത്ര

നിലവിലെ ഇന്ത്യയുടെ ജനസംഖ്യയിലെ 68 ശതമാനം ആളുകൾ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ് എന്നാണ് യു.എൻ.എഫ്.പി.എ റിപ്പോർട്ട് പറയുന്നത്. സാധാരണഗതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ ഒരു പ്രത്യേകഘട്ടത്തിൽ അതിന്റെ പാരമ്യത്തിൽ എത്തുകയും പിന്നീട് കുറയുകയും ചെയ്യും. ജനസംഖ്യ കുറയുന്നത് രാജ്യം വാർദ്ധക്യത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണ്. ലോകമെമ്പാടും ഇന്ന് വൃദ്ധരായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഗ്രേ സുനാമി (Grey Tsunami) എന്നാണ് ഇത് അറിയപ്പെടുന്നത്. ആറ് ദശകത്തിനിടയിലെ ആദ്യത്തെ ജനസംഖ്യാ ഇടിവാണ് 2022ൽ ചൈന രേഖപ്പെടുത്തിയത്. ഇന്ന് ചൈനയിൽ ജീവിച്ചിരിക്കുന്നതിൽ 14 ശതമാനം പേരും 65 വയസ്സിന് മുകളിലുള്ളവരാണ്. ഇന്ത്യയുടെ ജനസംഖ്യ 2063 ഓടെ 176 കോടിയിലേക്ക് എത്തുകയും പിന്നീട് കുറയാൻ തുടങ്ങുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ ഇപ്പോൾ 7 ശതമാനം ആളുകൾ മാത്രമാണ് 65 വയസ്സിനു മുകളിലുള്ളത്. 2070 ഓടെ ചൈനയുടെ ജനസംഖ്യയിൽ 59 ശതമാനം ആളുകളും 65 വയസ്സിന് മുകളിലുള്ളവരാകുമ്പോൾ ഇന്ത്യയിൽ ഇത് 30 ശതമാനം മാത്രമായിരിക്കും. ഇന്ന് അമേരിക്കയിൽ 17 ശതമാനവും യൂറോപ്യൻ യൂണിയനിൽ 20 ശതമാനവും ജപ്പാനിൽ 30 ശതമാനവും ഈ പ്രായഘടനയിലുളളവരാണ് എന്നും കൂടി മനസ്സിലാക്കുമ്പോളാണ് ജനസംഖ്യാപരമായ ഇന്ത്യയുടെ അനുകൂലസ്ഥിതി കൂടുതൽ വ്യക്തമാവുക. 

നിർമ്മാണ രംഗത്തെക്കാൾ സേവന രംഗത്താണ് ഇന്ന് തൊഴിൽ സാധ്യതകളുള്ളത്. ലോകത്തിന് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ വിതരണം ചെയ്യുന്ന കേന്ദ്രമായി ഇന്ത്യക്ക് മാറാൻ സാധിക്കും എന്ന് നമുക്ക് തത്വങ്ങളുടെ അടിസ്ഥാനത്തിൽ പറയാൻ പറ്റും. സാങ്കേതിക വിദ്യ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നതും കോവിഡിന്റെ കാലത്തെ അടച്ചിടൽ വീട്ടിലിരുന്നും ജോലി ചെയ്യാൻ നമ്മെ പ്രാപ്തരാക്കി എന്നതും ഉന്നതവിദ്യാഭ്യാസം നേടിയ ആളുകളുടെ എണ്ണം വർദ്ധിച്ചതും നമ്മുക്ക് അനുകൂല ഘടകങ്ങളാണ്.

ലോക്ക്ഡൗൺ കാരണം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്ന തൊഴിലാളികൾ

പക്ഷെ ഇവിടെ നൈപുണ്യ വിടവാണ് (സ്കിൽ ഗ്യാപ്പ്) ഇന്ത്യക്ക് വിനയാകുന്നത്. ഒരു ജോലിക്ക് ആവശ്യമായ കഴിവും ജീവനക്കാരന് യഥാർത്ഥത്തിൽ ഉള്ള കഴിവും തമ്മിലുള്ള വ്യത്യാസമാണ് സ്കിൽ ഗ്യാപ്പ്. ഇന്ത്യയിൽ 5 ശതമാനം ആളുകൾ മാത്രമാണ് തൊഴിൽ നൈപുണ്യം നേടിയിട്ടുള്ളത്. ബിരുദധാരികളായ അ‍ഞ്ചിൽ ഒരാൾ വീതം തൊഴിലില്ലാത്തവരാണ്. 45 ശതമാനം ആളുകളും ഇന്നും കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരാണ്. തൊഴിൽ മേഖലയിലെ ഈ ഏറ്റക്കുറച്ചിലുകൾ ജെന്നിഫറിന്റെ പഠനത്തിലും എടുത്തുപറഞ്ഞിട്ടുണ്ട്. തൊഴിൽ നിരക്കും തൊഴിലില്ലായ്മാനിരക്കും സംബന്ധിച്ച സർക്കാർ സ്ഥിതിവിവരക്കണക്കുകളിലെ കസർത്തുകൾക്ക് ഒരു പ്രധാനപ്പെട്ട കാരണം ഗുണത്തിലുള്ള വൈജാത്യങ്ങളെ കുറിച്ച് കൃത്യമായ പഠനത്തിന്റെ അഭാവമാണ്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ നയസമീപനങ്ങളെക്കുറിച്ചുള്ള ജെന്നിഫറിന്റെ അഭിപ്രായവും അത് എങ്ങനെ പ്രയോഗതലത്തിൽ പ്രതിപ്രവർത്തിക്കുന്നു എന്നതും പ്രധാനമാവുന്നത്. തൊഴിലില്ലായ്മയുടെ തലത്തിൽ മാത്രമല്ല ജനസംഖ്യാ കുതിപ്പ് ഉയർത്തുന്ന സമസ്യകൾ ഉള്ളത്. സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രത്യുല്പാദനനിരക്ക്, കാലാവസ്ഥാ വ്യതിയാനം, ന്യൂനപക്ഷവിവേചനം തുടങ്ങിയ മേഖലകളിലും ജനസംഖ്യാ കുതിപ്പും നയസമീപനങ്ങളും തമ്മിലുള്ള പരസ്പരബന്ധം പ്രധാനമാണ്. നയസമീപനങ്ങളുടെ കാര്യത്തിൽ എന്ത് മാർഗ്ഗമാണ് സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ച സൂചനകൾ ജനസംഖ്യാ കുതിപ്പ് പ്രഖ്യാപിച്ച യുഎൻഎഫ്.പിഎ റിപ്പോർട്ടിൽ തന്നെയുണ്ട്. ഇവയും സവിശേഷമായി പഠിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ പ്രതിഫലിക്കുന്ന വ്യക്തതയില്ലായ്മയും സർക്കാർ സമീപനങ്ങളിലെ ദീർഘവീക്ഷണമില്ലായ്മയും ഈ മേഖലകളിലും കാണാനാവും. അതിന്റെ വിശദാംശങ്ങൾ പഠിച്ചുകൊണ്ടുള്ള  വിലയിരുത്തലുകളും റിപ്പോർട്ടുകളും വഴിയേ പുറത്തുവരും എന്നാണ് ഇന്ത്യാ പോപ്പുലേഷൻ ഫൌണ്ടേഷൻ പോലുള്ള ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം പഠനങ്ങൾ ജനസംഖ്യാ കുതിപ്പ് ഉണ്ടാക്കിയിട്ടുള്ള സമസ്യകളെ മറികടക്കാനും സാധ്യതകളെ ഉപയോഗപ്പെടുത്താനും സഹായിക്കും. പക്ഷെ കാര്യങ്ങളെ നേരെ ചൊവ്വേ കാണാനും വാചക-സ്ഥിതിവിവരക്കണക്ക് കസർത്തുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി രാഷ്ട്രനായകർക്ക് ഉണ്ടോ? ആശങ്കയുളവാക്കുന്ന തൊഴിലില്ലായ്മ സ്ഥിതിവിശേഷം ഈ ചോദ്യത്തിന് ആക്കം കൂട്ടുകയാണ്.

About Author

സാമജ കൃഷ്ണ

സാമജ കൃഷ്ണ, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനി