A Unique Multilingual Media Platform

The AIDEM

Articles Cinema

രാഷ്ട്രീയ ഭാവനയുടെ തിരിച്ചുവരവ്

രാഷ്ട്രീയ ഭാവനയുടെ തിരിച്ചുവരവ്

ഉറക്കെ പറഞ്ഞും ചിലപ്പോൾ പറയാതെ പറഞ്ഞുമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ പല ആശയങ്ങളും ആവിഷ്ക്കരിക്കുന്നത്. ഫീൽഗുഡ് സിനിമയുടെ മുഖരൂപത്തിലെടുത്തിട്ടുള്ള ഈ സിനിമ; ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ് എന്ന, പല കാരണങ്ങളാൽ സുപ്രധാനമായ ഒരു ചരിത്ര നിർമ്മിതിയെ ആഘോഷിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ഉയർത്തിപ്പിടിക്കേണ്ട സംരംഭമാണ്. എന്നാൽ, അതോടൊപ്പം ചിലപ്പോഴൊക്കെ അതിലേറെ; സുവ്യക്തമായ ഒരു ഇതിവൃത്തം പ്രസന്നമായ ആഖ്യാനത്തിലൂടെ അവതരിപ്പിച്ചുകൊണ്ട് മാറുന്ന സാമാന്യമലയാളിയെ ചേർത്തു നിർത്തുന്ന ചിത്രത്തിന്റെ മികവും എടുത്തു പറയേണ്ടിയിരിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നോവലായ ‘ന്റുപ്പാപ്പാക്കൊരു ആനേണ്ടാർന്ന്’ എന്ന ശീർഷകത്തിന്റെ പാരഡിയാണ് ഈ സിനിമയുടെ ശീർഷകം. ഗൗരവം ഒഴിവാക്കുകയും ലഘുസമീപനം സാമാന്യ കാണിയിൽ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാലായിരിക്കണം ഈ പാരഡി ശീർഷകമായി സ്വീകരിച്ചിട്ടുണ്ടാവുക. എന്നാൽ, സിനിമയിലെ മറിയം(സാനിയ റാഫി) എന്ന കൊച്ചു മിടുക്കിയായ കഥാപാത്രത്തിന്റെ ആഖ്യാനമാണ് ഈ ശീർഷകമെന്നതിനാൽ, അവളുടെ അസാമാന്യമായ തന്മയത്വവും സ്വാഭാവികതയും പ്രസരിപ്പും നിറഞ്ഞ അഭിനയവും കഥാപാത്രസ്വരൂപവും ചേർന്ന് ശീർഷകത്തിന്റെ മാനം ഉയർത്തുകയും ചെയ്തിരിക്കുന്നു. തികഞ്ഞ ഓമനത്തമുണ്ടായിരിക്കെതന്നെ വ്യക്തിത്വമുള്ള മനുഷ്യരായിട്ടാണ് ഈ സിനിമയിലെ കുട്ടികളെ ഭാവന ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ മിനിയേച്ചർ/ബോൺസായി പതിപ്പുകളാകാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് സിനിമകളിലെ കുട്ടിക്കഥാപാത്രങ്ങൾക്കിടയിൽ ഇതുപോലുള്ള ആശ്വാസം വല്ലപ്പോഴുമാണ് ലഭിക്കുക.

മുസ്ലിം സോഷ്യൽ എന്ന് ആദ്യകാലത്ത് വിളിക്കപ്പെട്ടിരുന്ന മുഖ്യധാരാ സിനിമാഗണത്തിന്റെ അനുഭവലോകമാണ് സിനിമയുടെ പരിസരത്തിൽ പ്രാഥമികമായി ഉള്ളത്. എന്നാൽ, നായികയായ നിത്യ(ഭാവന)യുടെ മതവും കുടുംബപശ്ചാത്തലവും ഹിന്ദു മധ്യവർഗത്തിൻറേതാണ്. ആ നിലയ്ക്ക് നിഷ്ഠൂരമായി കേരള സമൂഹത്തെ കടന്നാക്രമിക്കുന്നതിന് ഫാസിസ്റ്റുകൾ നിലനിർത്തിയ ലവ് ജിഹാദ് ആരോപണപ്പുകമറയെയും ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ അഭിമുഖീകരിക്കുന്നുണ്ട്. അതായത്, രാഷ്ട്രീയ ശരി ചേറിക്കൊഴിച്ചെടുക്കുന്ന പുതുമുറക്കാരെ ഉൾവിമർശകരായി നിലനിർത്തിക്കൊണ്ടാണ് സംവിധായകൻ സിനിമയെ സങ്കല്പനം ചെയ്യുന്നതും നിർവഹിക്കുന്നതും എന്നു ചുരുക്കം.  ‘കിളിച്ചുണ്ടൻ മാമ്പഴം’ പോലുള്ള ശ്രീനിവാസൻ/പ്രിയദർശൻ നിർമിതികളുടെ കടുത്ത മുസ്ലിം അവമതിപ്പിനെയും പരിഹാസത്തെയും തുറന്നു കാണിച്ച മലയാള സിനിമാ നിരൂപണത്തിന്റെ കൂടി ബാക്കിപത്രങ്ങളായി ഈ സിനിമയടക്കമുള്ളവയുടെ തുറന്ന/മുതിർന്ന സമീപനത്തെ വിലയിരുത്തണം.

ഭാവന

 

അതേ സമയം, മാപ്പിള + മലപ്പുറം = ഏക നന്മമരം എന്ന സമവാക്യത്തെ മഹത്വവത്ക്കരിക്കുന്ന അടിയൻ ലച്ചിപ്പോം സമീപനവും ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഉപേക്ഷിക്കുന്നു. കൊടുങ്ങല്ലൂരിനെയും ഇരിങ്ങാലക്കുടയെയുമൊക്കെയാണ് ഈ സിനിമ അതിന്റെ നാടായി തെരഞ്ഞെടുത്തിരിക്കുന്നത്. ഭാവനയുടെ നാടും ഇതിനടുത്തു തന്നെ. പ്രകടമായ കാരണങ്ങളാൽ, മലയാള സിനിമയിൽ നിന്നും കേരളത്തിൽ നിന്നും  വിട്ടു നില്ക്കേണ്ടി വന്ന ഈ മുഖ്യധാരാ അഭിനേത്രിയ്ക്ക് തിരിച്ചുവരാനുള്ള സിനിമാവാഹനം, നാട്ടു പ്രാദേശികത്വത്തിന്റെ പ്രത്യക്ഷപ്രതിനിധാനത്തോടെയാണ് ഒരുക്കിയിരിക്കുന്നത് എന്നത് തികച്ചും ആഹ്ലാദകരമാണ്. മലപ്പുറം (നന്മമരം), ഫോർട്ട് കൊച്ചി(അധോലോകം), ഒറ്റപ്പാലം(ഫ്യൂഡൽ തെമ്മാടിത്തം) പോലുള്ള ആഘോഷ ക്ലീഷേകളെ അതിജീവിക്കാൻ കഴിഞ്ഞു എന്നതും കൗതുകകരമായി.

ബന്ധങ്ങൾ എന്നത് വിഷമയ(ടോക്സിക്ക്)മായി മാറുമ്പോൾ അതിൽ പെട്ട് ഉഴലുന്ന വ്യക്തിയുടെ ശാരീരിക-മാനസിക അവസ്ഥകളാണ് സിനിമയുടെ മുഖ്യപ്രമേയം. സ്നേഹബന്ധങ്ങൾ, രക്തബന്ധങ്ങൾ, സുഹൃദ് ബന്ധങ്ങൾ, വിവാഹം പോലുള്ള നിയമാനുസൃതവും മുറിയ്ക്കാൻ പാടില്ലാത്ത വിധത്തിൽ പരിശുദ്ധമെന്ന് നിജപ്പെടുത്തുന്നതുമായ പ്രത്യക്ഷബന്ധങ്ങൾ, തൊഴിലിടത്തോ സംഘടനയിലോ ആവശ്യമായി വരുന്ന ബന്ധങ്ങൾ, എന്നിങ്ങനെ ഏതും ദുരധികാരത്തിന്റെയും സ്വാതന്ത്ര്യനിഷേധത്തിന്റെയും പരപീഢനത്തിന്റെയും വിളനിലങ്ങളായി പരിണമിച്ചിരിക്കുന്നത് ആധുനിക മനുഷ്യ ജീവിതത്തെ അങ്ങേയറ്റം ദുഷ്ക്കരമാക്കിയിരിക്കുന്നു. നിത്യ(ഭാവന)യും നേരിടുന്നത് മറ്റൊന്നല്ല.

അതേ സമയം, മാനസികവും ശാരീരികവുമായ ഗാർഹികപീഢനദൃശ്യങ്ങളൊന്നും അതിന്റെ ക്രൂരതയോടെ സിനിമയിൽ കാണിക്കുന്നില്ല. എല്ലാം പറഞ്ഞു പോവുന്നതേ ഉള്ളൂ. അപ്പോൾ തന്നെ കാണികൾക്ക് അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാനാകും. കാരണം, അവരവരുടെ ജീവിതങ്ങളിൽ ബന്ധങ്ങൾ എന്ന ബന്ധനങ്ങളും ദുരധികാരവാഴ്ചകളും നിത്യേന അനുഭവിക്കുന്നവരാണല്ലോ അവരും. കുളിമുറിയിൽ രാത്രി പുലരും വരെ നിത്യയെ അടച്ചിട്ട് ഭർത്താവും മാതാപിതാക്കളും ഭക്ഷണം കഴിച്ച് കിടന്നുറങ്ങി എന്ന ഓർമ്മപ്രസ്താവം എത്ര വേദനയോടെയാണ് നമുക്ക് ഏറ്റുവാങ്ങാനാവുക എന്ന് വിവരിക്കാനാവില്ല.

 

മലയാള സിനിമ എന്ന പെണ്ണിന്റെ ചാവുനിലം

ലിംഗപരവും വർഗപരവും വംശീയവും മത-ജാത്യഹങ്കാരപരവും ഭാഷാമേന്മാപരവും പണാധിപത്യപരവുമായ അധികാരങ്ങൾ നിഷ്ഠൂരമായി പ്രവർത്തിക്കുകയും ദൃശ്യാനന്ദശബളിമയ്ക്കുള്ളിൽ പല അവസ്ഥകളെയും ജീവിതങ്ങളെയും അദൃശ്യമാക്കുകയും നിശ്ശബ്ദമാക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന മർദ്ദനക്കോട്ടയായി മലയാള സിനിമ കഴിഞ്ഞ കാല കമ്പോള/കമ്പോളേതര വിജയങ്ങളിലൂടെ രാക്ഷസാകാരം പൂണ്ടിട്ടുള്ളതാണ്. സ്ത്രീയുടെ ശരീരം, സ്വത്വം, ചരിത്രം, തന്മ, സ്വാതന്ത്ര്യം, ആത്മാഭിമാനം, പരിരക്ഷ, ജീവൻ, ഉപജീവനം, അതിജീവനം എല്ലാം ചവിട്ടിയരക്കപ്പെടുന്ന; അവളുടെ ചാവുനിലമായി അധ:പതിച്ച് ജീർണമായ ഒന്നാണ് വാസ്തവത്തിൽ മലയാള സിനിമ. അഭിമാനമായി പലരും ഭാവന ചെയ്യുകയും, അപമാനമായി കേരളീയർക്കു മേൽ പെയ്തിറങ്ങുകയും ചെയ്യുന്ന ഒരു രാസ-ജൈവായുധമായി മലയാള സിനിമയെ വിശേഷിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്.

സിനിമകളിലെ പ്രമേയങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും പൊതുബോധ അംഗീകാരവാഴ്ത്തുകളിലൂടെയും ആയി നേടിയെടുത്ത അധികാരപ്രതീതികൾ; വിമർശകർക്കു നേരെയും പരീക്ഷണസിനിമാക്കാർക്കു നേരെയും പുതുമുറക്കാർക്കു നേരെയും പ്രയോഗിച്ച് പതം വരുത്തിയെടുത്തതാണ്. എന്നാൽ, അതൊക്കെ ‘ചേട്ടന്റെ’ ചില പുറം തമാശകൾ മാത്രം. മതിൽ കെട്ടി സുരക്ഷിതമാക്കിയ സ്വന്തം കോട്ടയ്ക്കകത്ത് കടുത്ത ചൂഷണവും പീഢനവും കൊലയും ബലാത്സംഗവും പെൺവേട്ടയും ക്വട്ടേഷനും ക്രിമിനലിസവും ആണ് നടപ്പു നീതി എന്ന പച്ചപ്പരമാർത്ഥമാണ് പലപ്പോഴായി വെളിപ്പെട്ടത്. നൂറോളം സംഘടനകൾ വഴി, ഇത്തരം ക്രിമിനലിസത്തെ മൂടിയമർത്തി വെച്ച് ന്യായാധിപന്മാർ ചമയാൻ വരെ ഇത്രനാളും ഇക്കൂട്ടർക്ക് സാധ്യമായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളം എവ്വിധമായിരിക്കരുത് എന്നതിന് ഉദാഹരണസഹിതം വ്യാഖ്യാനങ്ങൾ ചമക്കാൻ ഒരുപാട് പാടുപെടേണ്ടതില്ല. മലയാള സിനിമ പോലെയാവാതിരുന്നാൽ മതി എന്ന ഒറ്റ പ്രയോഗത്തിൽ എല്ലാം ഉൾക്കൊള്ളും. അത്രമാത്രം, ജീർണിച്ചതും മനുഷ്യവിരുദ്ധവും സ്ത്രീ വിരുദ്ധവും ചരിത്രവിരുദ്ധവും പുരോഗമനവിരുദ്ധവും ഫാസിസ്റ്റനുകൂലവും ആയ സാംസ്ക്കാരിക മലിനീകരണമാണ് മലയാള സിനിമയുടെ മുഖ്യധാര കഴിഞ്ഞ കാലങ്ങളിൽ നടത്തിക്കൊണ്ടിരുന്നത്.

മലയാള സിനിമ എന്ന സാംസ്ക്കാരിക-വാണിജ്യ-വ്യവസായ-മാധ്യമ-സാങ്കേതിക വ്യവസ്ഥ, മലയാള ഭാഷയുടെയും ഐക്യകേരളത്തിന്റെയും അഭിമാനവും പ്രതിനിധാന-പ്രതീകവും ആയതുകൊണ്ടാണ് പല പ്രതിസന്ധികളെയും എതിർപ്പുകളെയും സമ്മർദങ്ങളെയും അതിജീവിച്ച് അത് നിലനിന്നതും പടർന്നു പന്തലിച്ചതും. കെ ജി എസ്സിന്റെ കവിതയിൽ കടലിനെ പറ്റി പറയുന്നതു പോലെ, കണ്ടു കണ്ടാണ് സാർ അതിത്ര വലുതായത്. പരിമിതികളും ദൂഷ്യങ്ങളും എല്ലാം എപ്പോഴുമുണ്ടായിരുന്നു. എന്നാലതിനെയെല്ലാം മറികടന്നു കൊണ്ട് ചലച്ചിത്ര ജനപ്രിയതയുടെ വ്യാപനവും, മലയാളിത്തം/കേരളീയത എന്ന ആധുനിക നാടോടിത്തത്തിന്റെ പ്രതീതി സാന്നിദ്ധ്യവും ചേർന്ന് മലയാള സിനിമയെ മണ്ണിലും മനസ്സിലും ചുമരിലും സ്വപ്നത്തിലും ഓർമകളിലും ഉറപ്പിച്ചെടുത്തു. ഇനിയുള്ള കാലത്തും അത് അങ്ങിനെ തന്നെയായിരിക്കും. എന്നാൽ, മലയാള സിനിമ എന്ന ആവിഷ്ക്കാരം, മലയാളികൾക്കാകെ ഒരു ബാധ്യതയാണെന്ന് തോന്നിപ്പിക്കുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതകളാണ് കുറച്ചു വർഷങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമക്കകത്തും അതിനെ ചുറ്റിപ്പറ്റിയുള്ള ഗ്ലാമർ-പണക്കൊഴുപ്പു ലോകത്തും സംഭവിക്കുന്നത് ഇതൊക്കെയാണെന്ന് വെളിപ്പെട്ടത്, ചിലയാളുകളെയെങ്കിലും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ചിട്ടുമുണ്ട്.

സിനിമാ ചിത്രീകരണ സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകാൻ നിർമാതാവിന്റെ പ്രതിനിധി വിളിച്ചുകൊടുത്ത വാഹനത്തിൽ കയറി സഞ്ചരിക്കവെ, മലയാള സിനിമയിലെ ഒരു മുഖ്യധാരാ നടി ആസൂത്രിതമായി ആക്രമിക്കപ്പെടുകയും നിഷ്ഠൂരമായ ഭീഷണിയാൽ വേട്ടയാടപ്പെടുകയും ചെയ്തു. സ്ത്രീവിരുദ്ധതയുടെ അധികാരബലതന്ത്രങ്ങൾ നിർമ്മിച്ചെടുക്കുന്ന പൊതുബോധത്തിന്റെയും വ്യവസ്ഥകളുടെയും കൊട്ടകൊത്തളങ്ങളും കാർമേഘ പടലങ്ങളും നിറഞ്ഞു നിൽക്കുന്നതു കൊണ്ട്, സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ പുറത്തു പറയാതെ ഇരയാക്കപ്പെട്ടവർ സഹിച്ച് സ്വയം ഒതുക്കിക്കളയുകയാണ് പതിവ്. എന്നാലീ സംഭവത്തിൽ വേട്ടയാടപ്പെട്ട നടി സ്ഥൈര്യത്തോടെ പോലീസിൽ വ്യക്തമായ പരാതി സമർപ്പിക്കുകയും തുടർന്നുള്ള നാളുകളിൽ പരാതിയിലുറച്ചു നിൽക്കുകയും ചെയ്തതിനെ തുടർന്ന് പ്രതികൾ പിടികൂടപ്പെട്ടു. പ്രമുഖ താരം ക്വട്ടേഷൻ നൽകി ഗുണ്ടയെ അയച്ചതാണെന്ന കണ്ടെത്തലാണ് പോലീസ് മുന്നോട്ടുവെക്കുന്നത്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനു പകരം, കുറ്റം ചാർത്തപ്പെട്ട നടനോട് വിധേയത്വം കാണിക്കുകയാണ് അഭിനേതാക്കളുടേതെന്നവകാശപ്പെടുന്നവരുടെ സംഘടന, കുറ്റവാളിയെ പിടികൂടും വരെ ചെയ്തുകൊണ്ടിരുന്നത്. അടുത്ത ദിവസം സമർപ്പിക്കപ്പെട്ട പരാതിയുടെ കാര്യത്തിലും ഇതേ നിലപാടാണീ സംഘടന തുടരുന്നത്. ഈ അപഹാസ്യ നാടകത്തിലൂടെ കേരളത്തിലെ ജനകീയ സംഘടനാ ചരിത്രത്തിൽ ഏറ്റവും അശ്ലീലമായ സംഘടനയായി അതിന്റെ സ്ഥാനം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു സംഘടനക്ക് മൂന്ന് തട്ടിലുള്ള ഉത്തരവാദിത്തം അല്ലെങ്കിൽ പ്രതിബദ്ധത ഉണ്ടാവണമെന്നതാണ് സാമാന്യ തത്വം. ഒന്ന് ആ സംഘടനയുടെ അംഗങ്ങളോട് തന്നെയാണ്. അത് അവർക്കില്ല എന്നു തെളിഞ്ഞിരിക്കുന്നു. ആ സംഘടനയുടെ അംഗമായ, ആക്രമിക്കപ്പെട്ട നടിയോട് സഹാനുഭൂതിയോ അനുഭാവമോ കാണിച്ചില്ല എന്നു മാത്രമല്ല; ആക്രമിക്കപ്പെട്ട ഉടനെ അതിനു പിന്നിൽ ഇന്നയാളല്ല എന്നു പറഞ്ഞില്ല എന്നതിന്റെ പേരിൽ ആ നടിയെ തള്ളിപ്പറഞ്ഞ സൂപ്പർ താരത്തെ സമ്പൂർണമായി പിന്തുണക്കുകയും അയാളോടൊപ്പം നിലക്കൊള്ളുകയുമാണ് അവർ ചെയ്തത്. ഇതിനെ പറ്റി ചില സംശയങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരെ വിരട്ടുകയും അധിക്ഷേപിക്കുകയുമാണ് ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ ചെയ്തത്. രണ്ടാമത്തെ, ഉത്തരവാദിത്തം തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മേഖലയോടാണ്. സിനിമ എന്ന കലാരൂപത്തോടു വേണ്ട കച്ചവടരംഗത്തോട് പോലും എന്തെങ്കിലും അനുഭാവം ഈ സംഘടനക്കുണ്ടെന്നു പറയാൻ വയ്യ. ആഷിക്ക് അബുവും അമൽ നീരദും അൻവർ റഷീദും അടക്കമുള്ള പുതുമുറ സംവിധായകരെ തകർക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞവരാണ് മുഖ്യധാരാ സിനിമാ സംഘടനകളെ കീശയിലാക്കി വെച്ച് നിയന്ത്രിക്കുന്നതെന്ന് അവർ തന്നെ ആരോപിച്ചിരിക്കുന്നു. മുമ്പ് തിലകനോടും വിനയനോടും പൃഥ്വിരാജിനോടും ഇത്തരം വിലക്ക് ഭീഷണി ഇവർ പുറപ്പെടുവിക്കുകയുണ്ടായി. മൂന്നാമത്തെ ഉത്തരവാദിത്തം പൊതുസമൂഹത്തോടാണ്. പൊതുസമൂഹത്തെ ഇത്രമാത്രം അപഹാസ്യമായ രീതിയിൽ അഭിമുഖീകരിക്കുന്ന ഒരു സംഘടനയെയും അതിന്റെ തലപ്പത്തുള്ള വ്യക്തികളെയും അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല.

കഴിഞ്ഞ പത്തിരുപതു വർഷത്തിലധികം കാലമായി നൂറുകണക്കിന് മലയാള സിനിമകളിൽ ആണഹങ്കാരവും ആണധികാരവും എടുത്തു പയറ്റി ശൂരവീര നായകന്മാർ; രാജാക്കന്മാരായും തമ്പുരാക്കന്മാരായും അധോലോക നായകന്മാരായും നാടുവാഴികളായും പട്ടാള കേണൽമാരായും പോലീസ് മേധാവികളായും പൂരം നടത്തിപ്പുകാരായും വല്യേട്ടന്മാരായും വിലസുകയായിരുന്നു. സ്ത്രീകളെയും മുസ്ലിങ്ങളെയും ദളിതരെയും തൊഴിലാളികളെയും പോരാളികളായ വിദ്യാർത്ഥികളെയും വിമർശകരെയും ഇവർ തേച്ചരച്ച് ചുമരിലൊട്ടിക്കുകയായിരുന്നു. ചില ഉദാഹരണങ്ങൾ നോക്കുക:

  • നരസിംഹം (2000/രഞ്ജിത്ത്/ഷാജി കൈലാസ്/മോഹൻലാൽ): വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരാക്ക് വീട്ടില് വന്നു കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും ഒടുവിൽ ഒരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കിൽ കേറിക്കോ!(ഉടനെ ബാഗുമായി ബിരുദാനന്തര ബിരുദമുള്ള നായിക നായകൻറെ വണ്ടിയിൽ ചാടിക്കയറുന്നു).
  • ദി കിങ്ങ്(1995/രഞ്ജി പണിക്കർ/ഷാജി കൈലാസ്/മമ്മൂട്ടി/ഈ ചിത്രത്തിന്റെ നിർമാതാവ് മഞ്ഞളാം കുഴി അലി ഇരുമുന്നണികളിലും എം എൽ എയും യു ഡി എഫിന്റെ മന്ത്രിയുമായിരുന്നിട്ടുണ്ട്) മേലിൽ ഒരു ആണിന്റെ നേർക്കും ഉയരില്ല ഈ കൈയ്യ്. നീ വെറും പെണ്ണാണെടീ വെറും പെണ്ണ്.
  • കസബ(2016/നിതിൻ രഞ്ജി പണിക്കർ/മമ്മൂട്ടി) : മേലധികാരിയായ വനിതാ ആപ്പീസറുടെ അരയിലെ ബെൽട്ട് കടന്നു പിടിച്ച് തികഞ്ഞ അശ്ലീലം ‘ഇംഗ്ലീഷിൽ’ പറയുന്നു.
  • ചോക്കളേറ്റ്(2007/സച്ചി സേതു/ഷാഫി/പൃഥ്വിരാജ്) : ഞാനൊന്ന് അറിഞ്ഞ് വിളയാടിയാൽ നീ പത്തു മാസം വീട്ടിലിരിക്കും.
  • സ്പിരിറ്റ്(2012/രഞ്ജിത്ത്/മോഹൻലാൽ): കള്ളു കുടിച്ചില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു.
  • മീശമാധവൻ(2002/രഞ്ജൻ പ്രമോദ്/ലാൽ ജോസ്/ദിലീപ്) : കെടക്കണ കെടപ്പ് കണ്ടില്ലേ, ഒരു റേപ്പങ്ങട് ചെയ്താലുണ്ടല്ലോ.
നരസിംഹം എന്ന സിനിമയിലെ രംഗം

 

‘പുലിമുരുക’നിൽ, ശരപഞ്ചരത്തെയും ജയൻ/ഷീല ദ്വന്ദ്വത്തെയും അനുകരിച്ചുകൊണ്ടുള്ള സീൻ ശ്രദ്ധിക്കുക. എസ്റ്റേറ്റ് മുതലാളിയുടെ വീട്ടിൽ തടി പിടിക്കുന്ന മുരുകന്റെ മസിലുകൾ നോക്കി കാമാർത്തിയോടെ സീൽക്കാരങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്യുന്ന നമിതയുടെ കഥാപാത്രം; ആൺ ഭാവനകളുടെ അശ്ലീല നിയോഗമേറ്റു വാങ്ങാൻ പരിശീലിക്കപ്പെട്ട ഇര-ശരീരമാണ്. ‘റൺ ബേബി റൺ’ പോലുള്ള സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒപ്പമുള്ള സ്ത്രീ കഥാപാത്രം; വിഡ്ഢിയും യുക്തിയും പക്വതയുമില്ലാത്തവളും കുട്ടിത്തം വിട്ടുമാറാത്തവളും ആണെങ്കിൽ താരരാജാവ് അവതരിപ്പിക്കുന്ന നായകകഥാപാത്രം, പക്വത, ജ്ഞാനം, യുക്തി, ഉത്തരങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ കഴിവുള്ള ആൾ ആയിരിക്കും. സ്ത്രീ പീഢന ആരോപണങ്ങളൊക്കെയും കെട്ടിച്ചമച്ചുണ്ടാക്കുന്നതാണെന്ന പുരുഷധാരണയെ ഉത്പാദിപ്പിക്കാൻ വരെ ഹിറ്റ് സിനിമകൾ കെട്ടിയുണ്ടാക്കപ്പെട്ടു(അയാൾ കഥയെഴുതുകയാണ്/കമൽ, ശ്രീനിവാസൻ).

അങ്ങേയറ്റം അശ്ലീലമായ സ്ത്രീ വിരുദ്ധതയുടെ അതിതീവ്രമായ ആഘോഷമായിരുന്നു ‘മിസ്റ്റർ മരുമകൻ'(സിബി തോമസ്/ഉദയ് കൃഷ്ണ/സന്ധ്യാ മോഹൻ). ‘അത്തക്കു യാമുഡു അമ്മായിക്കു മൊഗുഡു'(തെലുങ്ക്/1989), ‘മാപ്പിളൈ'(1989ഉം 2011ഉം തമിഴിൽ), ‘ജമൈ രാജ'(ഹിന്ദി/1990) എന്നീ ചിത്രങ്ങളിൽ നിന്ന് കഥയും സന്ദർഭങ്ങളും എടുത്തുണ്ടാക്കിയ ‘മിസ്റ്റർ മരുമകൻ’, മലയാള സിനിമയുടെ ജനവിരുദ്ധ-ജനപ്രിയതാ രൂപീകരണ ഘടകങ്ങളുടെ ഒരു എൻസൈക്ലോപീഡിയ തന്നെയാണ്. ഓരോ ഫ്രെയിമിലും ഒരു സ്ത്രീ വിരുദ്ധ സിനിമ എന്നാകാമായിരുന്നു ‘മിസ്റ്റർ മരുമക’ന്റെ പരസ്യ വാചകം. രോഹിണി (മല്ലിക)യെ ബലാത്സംഗം ചെയ്യാനായി ചന്ത ഹംസ(സുരാജ് വെഞ്ഞാറമൂട്)യെ അഡ്വ. കെ ബി പണിക്കർ(ബാബുരാജ്) ഏൽപ്പിക്കുന്നു. കോമഡി കം വില്ലൻ ചെയ്യുന്ന ഈ നെറികേടിനെ തകർക്കുന്ന നായകൻ അശോക് ചക്രവർത്തിയും പക്ഷെ അതേ പ്രവൃത്തി ചെയ്യുന്നതിൽ/ചെയ്യിക്കുന്നതിൽ ആർക്കും അമ്പരപ്പുണ്ടാകുന്നില്ല. രോഹിണിക്കു പകരം അഡ്വ പണിക്കരുടെ സഹോദരി(സജിതാ ബേട്ടി)യെ ചന്ത ഹംസയെക്കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയാണ് അശോക്. ഡ്രൈവറും ക്വട്ടേഷൻ ഗുണ്ടയുമായ ക്രിമിനലിനെക്കൊണ്ട് നടിയെ ആക്രമിക്കാൻ പ്രേരണയായത് ഈ സിനിമയാണെന്നു കരുതാം.

കസബ സിനിമയിലെ രംഗം

കുടിലവും മാരകവുമായ ഇത്തരം സ്ത്രീ വിരുദ്ധ പ്രതിനിധാനങ്ങളിലൂടെ വളർത്തിയെടുത്ത ആണധികാരവും ആണഹങ്കാരവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി യുവാക്കളുടെ പൊതു/ആത്മബോധങ്ങളെ നിർണയിക്കുന്നത്. ആ നിർണയനമാണ് സ്ത്രീയെ വെറും ശരീരമായി കാണാൻ പ്രേരിപ്പിക്കുന്നതും ഏതു സമയത്തും കാമപൂർത്തീകരണത്തിനും ബലാത്സംഗത്തിനും ബ്ലാക്ക് മെയ്ലിംഗിനും ക്വട്ടേഷനും ആക്രമണത്തിനും മറ്റും വിധേയയാക്കിക്കളയാം എന്ന ചിന്തയിലേക്ക് നയിക്കുന്നതും.

‘ദൃശ്യം’ എന്ന സിനിമയിൽ, ഒഴിവുകാല യാത്രക്കിടെ വിദ്യാർത്ഥിനിയായ കഥാപാത്രം കുളിക്കുന്നത് സഹപാഠി മൊബൈലിൽ പകർത്തുന്നു. ഇത് വെച്ച് അവളെയും അമ്മയെയും ബ്ലാക്ക് മെയിൽ ചെയ്യുന്ന അവനെ വകവരുത്തി, അഛന്റെ സഹായത്തോടെ ജനമൈത്രി പൊലീസ് സ്റ്റേഷന്റെ അടിയിൽ ശവശരീരം കുഴിച്ചിടുകയാണ് അവർ ചെയ്യുന്നത്. ഇത് കണ്ട് മഹത്തായ സിനിമ എന്ന നിലക്ക് മലയാളി സമൂഹം ആനന്ദിക്കുകയും കണ്ണീർ വാഴ്ത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ നഗ്ന വീഡിയോ തന്റെ കയ്യിലുണ്ടെന്നും അത് ലീക്ക് ചെയ്യുമെന്നും വേട്ടക്കാരൻ ഭീഷണിപ്പെടുത്തുമ്പോൾ അതിലൂടെ വ്യാപിപ്പിക്കുന്നത് ‘ദൃശ്യം’ പോലുള്ള സിനിമകളിലൂടെ ഉറപ്പിക്കപ്പെട്ട പൊതുബോധമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരമൊരു സിനിമാ തിരക്കഥയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ ഭരണഘടനയിലും ക്രിമിനൽ പ്രൊസീജർ കോഡിലും കേരള സർക്കാരിലും പൂർണ വിശ്വാസമർപ്പിച്ചുകൊണ്ട് സഹനത്തോടെയും ക്ഷമയോടെയും നീതി തേടുക എന്ന ജനാധിപത്യ-നിയമ പരിഹാരമാണ് നടികളും ഡബ്ല്യൂ.സി.സിയും ലക്ഷ്യമിടുന്നത്. അക്കാര്യത്തിൽ അവർക്ക് കേരള സർക്കാരും ജനങ്ങളും മാധ്യമങ്ങളും പിന്തുണ കൊടുക്കുന്നു. ആ പിന്തുണയുടെ സംഘത്തിൽ, മലയാളസിനിമാ പ്രവർത്തകർക്കും അണി ചേരാം. അതിനുള്ള നീക്കങ്ങളൊന്നും അവരുടെ ഭാഗത്തു നിന്ന് കാണാനാകുന്നില്ല എന്നതാണ് ഇപ്പോഴും നമ്മെ ഞെട്ടിക്കുന്ന വസ്തുത. മലയാള സിനിമയിലെ ശുദ്ധീകരണപ്രക്രിയ ഇനിയും എത്രയോ ദൂരങ്ങൾ താണ്ടേണ്ടതുണ്ടെന്നാണിത് തെളിയിക്കുന്നത്.

 

മലയാള സിനിമ ഡബ്ല്യു.സി.സിയ്ക്കു ശേഷം

ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിനും സ്വതന്ത്രാവകാശപ്രഖ്യാപനത്തിനും ശേഷം, മലയാള സിനിമയുടെ ഇതിവൃത്തത്തിലും പല മാറ്റങ്ങളുണ്ടായിട്ടുണ്ട്. ‘പുഴു'(ഹർഷദ്, ഷുഹാസ്&സർഫു/രത്തീന പിടി) എന്ന സിനിമയിൽ ജാത്യഹങ്കാരിയായ പ്രതിനായകനായി മമ്മൂട്ടി അഭിനയിച്ചു എന്നത് നിസ്സാര കാര്യമല്ല. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'(ജിയോ ബേബി) സ്ത്രീ ജീവിതം എന്നത് ആണധികാരകുടുംബത്തിനകത്ത് പാഴാക്കിക്കളയേണ്ടതില്ല എന്ന തിരിച്ചറിവിനൊപ്പം, ശബരിമലയിലെ  സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ തുനിഞ്ഞതിനെ തുടർന്നുണ്ടായ നാമജപകലാപത്തിന്റെ ലിംഗ/ജാതി/വർഗ വിവക്ഷകൾ തുറന്നു കാണിക്കുകയും ചെയ്തു. ‘ജയ ജയ ജയ ജയഹേ'(വിപിൻദാസ്), ഭർത്താവിനാലെന്നതു പോലെ അച്ഛനമ്മമാരാലും ഉപേക്ഷിയ്ക്കപ്പെട്ട നായിക ശക്തിയും കരുത്തുമാർജ്ജിക്കുന്നതിന്റെ രസകരവും ആവേശകരവുമായ ആഖ്യാനമാണ്. ‘സാറാസ്'(ജൂഡ് ആൻറണി ജോസഫ്), ഗർഭധാരണവും ഗർഭഛിദ്രവും എല്ലാം തന്റെ ശരീരം തന്റെ അവകാശം എന്ന സ്ത്രീപക്ഷ ചിന്തയ്ക്കു കീഴ്പ്പെടുത്തി മാത്രം നിർവഹിക്കേണ്ടതാണെന്ന ധാരണ മുന്നോട്ടു വെച്ചു. പ്രകടമായ ചില ഉദാഹരണങ്ങൾ മാത്രമാണിവ. മറ്റു സിനിമകളിലും സൂക്ഷ്മ രാഷ്ട്രീയത്തിന്റെ പ്രതിധ്വനികൾ കണ്ടെടുക്കാനാവും.

W.C.C ലോഗോ

ഈ പശ്ചാത്തലത്തിലാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയുടെയും പ്രസക്തി വർദ്ധിക്കുന്നത്. കൗമാരകാല കാമുകനെ രണ്ടാമതും കാണുന്ന നിത്യ, അവനോടൊപ്പം ചിലവഴിച്ച ചില നിമിഷങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്യാനും മറ്റും ശ്രമിക്കുന്ന വരുൺ എന്ന അവളുടെ ഭർത്താവിന്റെ മുമ്പിൽ വെച്ചു തന്നെ കുടുംബക്കോടതിയുടെ മുറ്റത്ത് ജിമ്മി എന്ന കാമുകനെ കെട്ടിപ്പിടിക്കുന്നത് നോക്കുക. ഫോട്ടോ എടുക്കുന്നില്ലേ എന്ന് വരുണിനോട് കളിയാക്കി ചോദിക്കുകയും ചെയ്യുന്നു. ദുരുദ്ദേശ്യത്തോടെ എടുത്ത ഫോട്ടോയും വീഡിയോയും വായിൽ വെള്ളമിറക്കി കൊണ്ട് കാണുന്ന അവളുടെ വക്കീലിൽ നിന്ന് യാതൊരു സപ്പോർട്ടും കിട്ടില്ല എന്നുറപ്പിച്ച് അവൾ പുറത്തിറങ്ങുന്ന ദൃശ്യവും ആലോചനാമൃതമാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു തന്നെ ചോർന്നിരുന്നു എന്ന വാർത്തകളെല്ലാം ഇതിനോട് കൂട്ടി വായിക്കണം. വക്കീലും ജഡ്ജിയും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പോലീസും അടക്കമുള്ള സാമാന്യ ആൺ സമൂഹം എപ്രകാരമാണ് ഇത്തരം കേസുകളെ അശ്ലീല മനോഭാവത്തോടെ കാണുന്നതെന്നതിന്റെ കൂടി തെളിവായിരുന്നു ആ ദൃശ്യമോഷണം. ഇവിടെയും വക്കീൽ ആർത്തിയോടെ അതു കണ്ടുകൊണ്ടിരിക്കുമ്പോൾ നിത്യ ആ ഫോൺ പിടിച്ചു മേടിക്കുന്നു. തന്നെ ബുദ്ധിമുട്ടിക്കാൻ അയാൾ(വരുൺ/ഭർത്താവ്/ആൺപ്രതി) എന്തും ചെയ്യും എന്ന നിത്യയുടെ പ്രസ്താവനയും, സമകാലിക സാഹചര്യങ്ങളോട് ചേർത്തുവെയ്ക്കുക. ബന്ധങ്ങളെല്ലാം ദുരിതങ്ങളായിരുന്നു എന്ന അവളുടെ ഏറ്റു പറച്ചിലും മാനങ്ങളേറെയുള്ളതാണ്.

പ്രസരിപ്പോടെയും തലയെടുപ്പോടെയും സൗന്ദര്യമികവോടെയും ഭാവന എന്ന അഭിനേത്രി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്ക് സധൈര്യം തിരിച്ചു വന്നിരിക്കുന്നു. വിമർശകരും സ്ത്രീ പോരാളികളും സാമൂഹ്യമാധ്യമങ്ങളും അതീവശ്രദ്ധയോടെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിനാൽ പഴയതു പോലെ ആൺതേരോട്ടങ്ങൾ മാത്രമായി മലയാള സിനിമയെ ഒരു രാവണൻ കോട്ടയായി ഇനിയും നിലനിർത്താനാവില്ല എന്ന യാഥാർത്ഥ്യവും കൂടിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പോലുള്ള സിനിമകളെ സാധ്യമാക്കുന്നത്.

 

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ദിലീപ് എം എം
ദിലീപ് എം എം
1 year ago

സമയോചിതമായ സിനിമ പോലെ തന്നെ വളരെ മിക്കവാർന്ന അതുപോലെതന്നെ വിഷയത്തിന്റെ ചരിത്രപരമായ അവലോകനവും ഇഴച്ചേർന്ന നിരൂപണം.

Radhika Menon
Radhika Menon
1 year ago

I am surprised that Bhavana is cited as a central figure in the context .. I support her, but the Malayalam cinema is way vast and has to be gender-neutral and more forward than ever,

Beeran
Beeran
1 year ago

പൂരോഗമനപര ആശയങ്ങൾ ഉൾക്കൊളളുന്ന ഇത്തരം സിനിമകൾ അന്യഭാഷകളിലേക്ക് പ്രത്യേകിച്ച് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് അത് പ്രക്ഷേകരിലേക്ക് എത്തിക്കാനുള്ള സംവിധാനം മെച്ചപെ
ടുത്തി എടുക്കേണ്ട കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്

Zahira Rahman
Zahira Rahman
1 year ago

Why സൗന്ദര്യ മികവോടെ ? Is that important? Freudian slip?