“എന്നിലെ കലാകാരനെ രൂപപ്പെടുത്തിയത് മധു മാഷ്” ജോയ് മാത്യു
![“എന്നിലെ കലാകാരനെ രൂപപ്പെടുത്തിയത് മധു മാഷ്” ജോയ് മാത്യു](https://theaidem.com/wp-content/uploads/2022/03/WhatsApp-Image-2022-03-19-at-8.39.17-PM-770x470.jpeg)
മധു മാഷ് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ്. എന്നിലെ നടനെ, എന്നിലെ സംവിധായകനെ, എന്നിലെ എഴുത്തുകാരനെ ഒക്കെ രൂപപ്പെടുത്തുന്നതിൽ, എൻ്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ, വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരളം വളരെ രാഷ്ട്രീയ പ്രക്ഷുബ്ധമായി നിൽക്കുന്ന ഒരു കാലം, യുവാക്കളൊക്കെ വളരെ സമരോത്സുകരായി നിൽക്കുന്ന ഒരു കാലം, ഞാനന്ന് പ്രീഡിഗ്രി വിദ്യാർത്ഥിയാണ്. അപ്പോഴാണ് മധു മാഷിൻ്റെ സംവിധാനത്തിൽ ‘പടയണി’ എന്ന നാടകം കാണുന്നത്.
അതിനിടയിൽ തന്നെ, പത്രങ്ങളിൽ അടിയന്തരാവസ്ഥക്കിടയിൽ നടന്ന ക്രൂര മർദ്ദനങ്ങളും, കക്കയം ക്യാമ്പിലെ മർദ്ദനങ്ങളും, രക്തസാക്ഷികളും, പത്രങ്ങളിൽ വന്ന അതിലെ പീഡനം സഹിച്ചവരുടെ കഥകളിലൂടെയും ഒക്കെ മധുമാഷ് എല്ലാവർക്കും സുപരിചിതനായിരുന്നു.
അങ്ങനെ മാഷിനെ കാണാൻ പോകുന്നു, മാഷിൻ്റെ നാടകം കാണുന്നു, തുടർന്ന് ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാവുന്നു. പിന്നെ അദ്ദേഹത്തിൻ്റെ ‘ചുടലക്കളം’ എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നു. അന്നെനിക്ക് 16-17 വയസ്സേ ഉള്ളൂ. പിന്നീട് ‘അമ്മ’ എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്തു. അതിൽ ഞാൻ അഭിനയിച്ചു. അതാണ് കേരളത്തിൽ ജനകീയ സാംസ്‌കാരിക വേദി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് കാരണമായിട്ടുള്ള ഒരു നാടകം.
ഈ നാടകം കളിക്കാൻ വേണ്ടി ചെറുപ്പക്കാർ കേരളത്തിൽ അങ്ങോളമിങ്ങോളം- സി പി ഐ എം എൽ എന്ന സംഘടനയുടെ ചെറുപ്പക്കാർ- മുൻകയ്യെടുക്കുകയും, അതിനു വേണ്ടി ഒരു വേദി രൂപീകരിക്കുകയും, ആ വേദി പിന്നീട് ജനകീയ സാംസ്‌കാരിക വേദി ആവുകയും, അത് രാഷ്ട്രീയ പ്രവർത്തനമാവുകയും, കോഴിക്കോട് മെഡിക്കൽ കോളേജിൽ അഴിമതിക്കാരനായ ഡോക്ടറെ വിചാരണ ചെയ്യുന്നതുപോലെയുള്ള പ്രക്ഷുബ്ധമായ സമരങ്ങളിലേക്ക് മാറുകയും ഒക്കെ ചെയ്തു.
ഇതിനൊക്കെ മുന്നോടിയായത് ആ നാടകമാണ്. അത് കഴിഞ്ഞു മധുമാഷ് ‘സ്പാർട്ടക്കസ്’ എന്ന നാടകമെഴുതി. അതവതരിപ്പിച്ചു. ആയിടക്ക് മാഷിൻ്റെ രാഷ്ട്രീയ ചിന്താഗതികളിലും ഒക്കെ മാറ്റം വന്നു. പാർട്ടിതന്നെ പിരിച്ചുവിടുന്ന ഒരു ഘട്ടം വന്നു. മാഷ് തൻ്റെ പാർട്ടിരാഷ്ട്രീയം അവസാനിപ്പിക്കുകയും, അരാജക ജീവിതത്തിലേക്ക് മാറുകയും ചെയ്തു. അരാജക ജീവിതവും ഒരർത്ഥത്തിൽ രാഷ്ട്രീയ ജീവിതം തന്നെയാണല്ലോ. എന്നിട്ടും അദ്ദേഹം നിരവധി നാടകങ്ങൾ എഴുതി. ‘കലിഗുല’, ‘കറുത്ത വാർത്ത’, ‘സുനന്ദ’, ഇങ്ങനെ നിരവധി നാടകങ്ങൾ എഴുതി. ജോൺ എബ്രഹാമിനോടൊപ്പം ‘കയ്യൂർ’ സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയായി. അതിൻ്റെ റിസർച്ച് വർക്കുകളിൽ കൂടെ നിന്നു. പിന്നെ ‘ഒഡേസ്സ’യുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സഹകരിച്ചു. ഒഡേസ്സയുടെ ചലച്ചിത്ര പ്രദർശനങ്ങൾക്കൊക്കെ നേതൃത്വം കൊടുത്തു.
അതെ സമയം അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാവാതിരിക്കുകയും, സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ സാംസ്കാരികമായി, തൻ്റേതായ രീതിയിൽ ശബ്ദമുയർത്തുകയും, അതിനെ ഒറ്റയാൾ സമരമാക്കുകയും ചെയ്തു. പലപ്പോഴും ഒറ്റയാൾ സമരങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. കാരണം, എൻ്റെ സ്വാതന്ത്ര്യമാണ് സമരം നടത്താനുള്ള എൻ്റെ അവകാശം എന്നുള്ള ഒരു സമീപനമായിരുന്നു മാഷിനുണ്ടായിരുന്നത്. നിരവധി സമര-പ്രക്ഷോഭങ്ങളുടെ മുന്നിലും, തെരുവ് നാടക അവതരണങ്ങളിലും ഒക്കെത്തന്നെ സജീവമായി പങ്കെടുത്തു മാഷ്.
എൻ്റെ ജീവിതത്തിൽ എന്താണ് അഭിനയത്തിൻ്റെ രസതന്ത്രം എന്ന് മനസ്സിലാക്കിത്തന്ന, എന്താണ് നാടകരചനയുടെ രഹസ്യം എന്ന് എനിക്ക് പറഞ്ഞു തന്ന.. ഇന്ന് ഞാൻ എന്തെങ്കിലും രീതിയിൽ കലാരംഗത്തു പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം തന്നെ മധുമാഷാണ്. മധുമാഷിനോടുള്ള കടപ്പാട് വാക്കുകളിലോ, എഴുത്തിലോ ഒന്നും തീരുന്നതല്ല. മധുമാഷ് കേരളത്തിലെ നാടകവേദിയുടെ മൂന്നാം ധാര എന്ന് വിളിക്കുന്ന രാഷ്ട്രീയ നാടകങ്ങൾ എന്ന ധാരയുടെ മുഖ്യ സൂത്രധാരനാണ്. അതിൻ്റെ പ്രണേതാവായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു ഭാഗത്തു അക്കാദമിക് നാടകങ്ങളും, മറു ഭാഗത്തു തനതു നാടകങ്ങളും ഇവിടെ കളിച്ചു തിമിർക്കുമ്പോൾ, രാഷ്ട്രീയ നാടകം എന്ന മൂന്നാം ധാരക്ക്- അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് -വഴിമരുന്നിട്ടു കൊടുത്ത ഒരാളായിരുന്നു മധുമാഷ്. അങ്ങനെയാണ് എനിക്ക് മധുമാഷിനെ കാണാൻ, ഓർക്കാൻ ഇഷ്ടം.