‘ബിഗ് ടെക്’, കുതിപ്പും കിതപ്പും
ആപ്പിളിന്റെ റെക്കോർഡ് വളർച്ച
ഈ വർഷാദ്യം ജനുവരി മൂന്നിന് കുറച്ചു നേരത്തേക്ക് ആപ്പിൾ കമ്പനിയുടെ വിപണി മൂല്യം (market capitalization) മൂന്ന് ട്രില്യൺ ഡോളർ (ഏകദേശം 230 ലക്ഷം കോടി രൂപ) മറികടന്നു. ഐഫോണുകളുടെയും ഐപാഡുകളുടെയും മാക്കിന്റോഷ് കമ്പ്യൂട്ടറുകളുടെയും നിർമ്മാതാക്കളുടെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു അത്. ആദ്യമായിട്ടാണ് ലോകത്ത് ഏതെങ്കിലും ഒരു കമ്പനിയുടെ വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളറിലെത്തുന്നത്.
ഒരു കമ്പനിയുടെ വിപണി മൂല്യം അഥവാ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അതിന്റെ വിൽക്കാവുന്ന ഓഹരികളുടെ മൊത്തം മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 10 കോടി ഓഹരികളുള്ള ഒരു കമ്പനിയുടെ ഇപ്പോഴത്തെ ഓഹരിവില 100 രൂപ ആണെങ്കിൽ അതിൻറെ വിപണി മൂല്യം 1000 കോടി രൂപയാണ്. ഓഹരി കമ്പോളത്തിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതുകൊണ്ട് ഒരു ദിവസം തന്നെ വിപണി മൂല്യം മാറി മറിഞ്ഞെന്നിരിക്കും. എങ്കിലും ഓഹരി വിപണിയുടെ കണ്ണിൽ ഒരു കമ്പനി എത്രമാത്രം സമ്പന്നമാണ് എന്നതിൻറെ സൂചികയായി ഇതിനെ കണക്കാക്കാം.
വിപണി മൂല്യത്തിൽ ആപ്പിൾ റെക്കോർഡുകൾ ഭേദിക്കുന്നത് ഇതാദ്യമായല്ല. 2018 ഓഗസ്റ്റിൽ അത് $1 ട്രില്യൺ കടന്ന ആദ്യത്തെ കമ്പനിയായി. 1976 ൽ സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റൊണാൾഡ് വെയ്ൻ എന്നിവർ ചേർന്ന് ഉണ്ടാക്കിയ കമ്പനിക്ക് ഈ ലക്ഷ്യം കൈവരിക്കാൻ നാൽപതിലേറെ വർഷങ്ങൾ എടുത്തെങ്കിൽ, അത് ഇരട്ടിപ്പിക്കാൻ രണ്ടു വർഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. 2020 ഓഗസ്റ്റ് 20-ന് ആപ്പിളിന്റെ വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറിലെത്തി. അടുത്ത പതിനാറ് മാസങ്ങളിൽ മൂന്ന് ട്രില്യൺ ഡോളറും.
ലോകത്തെ ധനികരാഷ്ട്രങ്ങളുടെ ജിഡിപിയുമായി ആപ്പിളിന്റെ മൂന്ന് ട്രില്യൺ ഡോളർ വിപണി മൂല്യത്തെ താരതമ്യം ചെയ്താൽ അതിൻറെ സാമ്പത്തിക ശക്തി മനസ്സിലാകും. കഴിഞ്ഞ ജനുവരി മൂന്നിന് ലോകത്തെ അഞ്ചാമത്തെ ധനിക രാഷ്ട്രമായ ഇംഗ്ലണ്ടിനും മുകളിലായി ആപ്പിളിന്റെ മൂല്യം. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ നാലു രാജ്യങ്ങൾക്ക് മാത്രമാണ് മൂന്ന് ട്രില്യൺ ഡോളറിലും കൂടുതൽ ജിഡിപി ഉള്ളത്.
ബിഗ് ടെക്കിന്റെ സുവർണകാലം
ആപ്പിളിന്റെ ഈ വളർച്ച ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഉൽപന്നങ്ങളുടെ ജനപ്രിയതക്കും ആകർഷണീയതക്കും ഒപ്പം മഹാമാരിയും അടച്ചിരിപ്പുമുണ്ടാക്കിയ ‘ന്യൂ നോർമൽ’ കൂടി അതിന്റെ ഈ കുതിച്ച് കയറ്റത്തിലുണ്ടെന്നത് തീർച്ചയാണ്. മുൻപുള്ളതിനേക്കാളും വിസ്തൃതമായ ഓൺലൈൻ ജീവിതങ്ങളും, ഇ-കോമേഴ്‌സിന്റെ വളർച്ചയും ടെക് കമ്പനികൾക്ക് മുന്നിൽ തുറന്നിട്ടത്ത് ഇതു വരെ ഉണ്ടായിട്ടില്ലാത്ത അവസരങ്ങളാണ്. അതോടൊപ്പം ലോക്ക്ഡൗണുകളിൽ സമ്പദ്‌വ്യവസ്ഥ തകർന്നടിയാതിരിക്കാനായി വിവിധരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൈകൊണ്ട, ‘Quantitative Easing’ എന്ന് സാങ്കേതികമായി വിശേഷിപ്പിക്കപ്പെടുന്ന, നടപടികൾ വിപണിയിയിലുണ്ടാക്കിയ അഭൂതപൂർവമായ പണത്തിന്റെ ലഭ്യതയും ഈ വളർച്ചയെ സഹായിച്ചു.
അമേരിക്കയിലെ ‘ബിഗ് ടെക്’ എന്ന് അറിയപ്പെടുന്ന ഏറ്റവും വലിയ അഞ്ചു ടെക്നോളജി കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള വളർച്ച നോക്കിയാൽ ഇത് വ്യക്തമാകും. ഈ കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 2019 ന് ശേഷമുണ്ടായ വളർച്ച 80 ശതമാനത്തിലേറെയാണ്. ആപ്പിളിനെ കൂടാതെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഇ-കോമേഴ്‌സിലെ അതികായകരായ ആമസോൺ, ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും ഉടമസ്ഥരായ മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയാണ് വളർച്ച രേഖപ്പെടുത്തിയ മറ്റു നാല് കമ്പനികൾ.
ലോകത്തെ വിപണി മൂല്യത്തിൽ ഏറ്റവും വലിയ പത്തു കമ്പനികളിൽ ഈ അഞ്ചു കമ്പനികളുമുണ്ട്. സൗദി അരാംകോയെയും ബെർക്ക്‌ഷയർ ഹാത്ത്‌വേയേയും മാറ്റി നിർത്തിയാൽ ഇക്കൂട്ടത്തിലുള്ള കമ്പനികൾ എല്ലാം തന്നെ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സെമികണ്ടക്ടർ തുടങ്ങിയ ‘ഹൈ ടെക്’ എന്ന് വിളിക്കാവുന്ന മേഖലകളിൽ നിന്നുള്ളവയാണ് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോളതലത്തിൽ നിക്ഷേപകരെ സമ്പന്നരാക്കുന്നതിലും സമ്പത്തിൻറെ കേന്ദ്രീകരണത്തിലും ഈ മേഖലകൾക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്.
അനന്തസാധ്യതകളുടേതാണ് ഇന്റർനെറ്റിൻറെയും, മൊബൈൽ ഫോണുകളുടെയും ലോകം. എന്തു കാര്യങ്ങളും എവിടെവെച്ചും എപ്പോഴും ചെയ്യാനുള്ള അവസരങ്ങളൊരുക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സാങ്കേതിക വിദ്യകളുടെയും, നിർമ്മിത ബുദ്ധിയുടെയും (Artificial Intelligence), അൽഗോരിതങ്ങളുടെയും കാലമാണിത്. നിത്യോപയോഗ വസ്തുക്കൾ തൊട്ട് കാറും വീടും വരെയുള്ള ഉത്പന്നങ്ങളും ബാങ്കിങ്ങ്, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, യാത്രകൾ, താമസം തുടങ്ങിയ എല്ലാ സേവനങ്ങളും, സൗഹൃദം, സ്വാന്തനം, പ്രണയം മുതലായ അനുഭവങ്ങളും അനുഭൂതികളും ഒക്കെ വിൽക്കാനും വിതരണം ചെയ്യാനുമുള്ള വേദികൾ ഈ സാങ്കേതികവിദ്യകളെ ഉപയോഗിച്ച് ഉണ്ടായി. ഇവയെ ഉപയോഗപ്പെടുത്തിയാണ് ബിഗ് ടെക് കമ്പനികൾ വളർന്നു വന്നിട്ടുള്ളത്.
ഈ ഡിജിറ്റൽ വിപ്ലവം മനുഷ്യരുടെ നിത്യജീവിതത്തെയും വിപണിമുതലാളിത്തത്തെയും തിരിച്ചറിയാനൊക്കാത്തവിധം മാറ്റി തീർത്തു. കോവിഡും ലോക്ക്ഡൗണുകളും ഇവയോടുള്ള ആശ്രിതത്വം കൂട്ടി. ഇതാണ് ബിഗ് ടെക് കമ്പനികളുടെ അഭൂതപൂർവമായ വളർച്ചയുടെ സാമൂഹ്യ സാമ്പത്തിക പരിസരം.
ഡിജിറ്റൽ വിപ്ലവവും സാമ്പത്തിക വളർച്ചയും
ഡിജിറ്റൽ വിപ്ലവം ഉയർത്തുന്ന ആവേശത്തിന്‍റെ അലയൊലികൾ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും പ്രതിഫലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
എഴുപതുകൾക്ക് ശേഷമുള്ള ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് നോക്കിയാൽ ജിഡിപിയുടെ ശരാശരി വാർഷിക വളർച്ചാനിരക്ക് മുൻ ദശകങ്ങളെ അപേക്ഷിച്ച് കുറഞ്ഞു വരുന്നതായാണ് പൊതുവെ കാണുന്നത്. ബാഹ്യമായ ഉത്തേജനങ്ങളുണ്ടായാലെ മുന്നോട്ട് പോകൂ എന്ന അവസ്ഥയിലാണ് ആധുനിക മുതലാളിത്തം എത്തി നിൽക്കുന്നത് എന്ന നിഗമനം പോൾ ബാരനെയും (Paul Baran) പോൾ സ്വീസിയേയും (Paul Sweezy) പോലുള്ള ധനശാസ്ത്രജ്ഞർ 1960കളിൽ തന്നെ മുന്നോട്ട് വെച്ചിട്ടുള്ളതാണ്. സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളിലെല്ലാം തന്നെ ഒരു കമ്പനിയോ അല്ലെങ്കിൽ ചരുക്കം ചില കമ്പനികളോ (monopolies or oligopolies) പിടി മുറുക്കുന്നതിന്‍റെ അനിവാര്യമായ അനന്തരഫലമാണിത്.
വാസ്തവത്തിൽ രാഷ്ട്രങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും കടങ്ങളാണ് കഴിഞ്ഞ കുറേ കാലമായി ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യവും, മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകർച്ചയും അടക്കമുളള സമീപകാല പ്രതിസന്ധികളെ അതിജീവിക്കാനൊത്തത് വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ഇത്തരത്തിലുള്ള ധനലഭ്യത ആവോളം ഉറപ്പ് വരുത്തിയതു കൊണ്ടാണ്. പക്ഷെ, രാഷ്ട്രങ്ങളുടെയും കമ്പനികളുടെയും വ്യക്തികളുടെയും ഈ കടബാധ്യത ആഗോളതലത്തിൽ നിയന്ത്രണാധീതമായി ആപൽക്കരമാം വിധം ഉയർന്നിരിക്കുകയാണെന്നാണ് ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ അഭിപ്രായപ്പെടുന്നുണ്ട്.
മുൻ കാലങ്ങളിൽ സാങ്കേതിക വിദ്യകളിലുണ്ടായ കുതിച്ചു ചാട്ടങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലം നിലനിന്ന ഉത്തേജനങ്ങൾക്കിടയാക്കിയിരുന്നു. മാന്ദ്യത്തെ മറികടക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ഡിജിറ്റൽ വിപ്ലവങ്ങൾ അതിന് സാധിക്കുന്നില്ലെന്നാണ് ലോക സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാലമായി തുടരുന്ന മുരടിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഫ്രെഡ് മഗ്ഡോഫും (Fred Magdoff) ജോൺ ബെല്ലമി ഫോസ്റ്ററും (John Bellamy Foster) ചേർന്നെഴുതിയ ‘The Great Financial Crisis: Causes and Consequences’ എന്ന പുസ്തകത്തിൽ നടത്തുന്ന ഈ നിരീക്ഷണം ഏറെ പ്രസക്തമാണ്.
ഹൈ ടെക് കുത്തകവൽക്കരണം, ചൂഷണം
പുത്തൻ സാങ്കേതിക വിദ്യകളെ അധികരിച്ച് ഉണ്ടായി വന്ന ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെയാണ് ഓഹരി വിപണിക്ക് ഇത്രമാത്രം പ്രിയങ്കരമാകുന്നത്? ബിഗ് ടെക് കമ്പനികളുടെ വളർച്ചയുടെ ചരിത്രം പരിശോധിച്ചാൽ വൻ ലാഭമുണ്ടാക്കുന്ന അല്ലെങ്കിൽ ഭാവിയിൽ അത്യന്തം ലാഭകരമാകാവുന്ന സ്ഥാപനങ്ങളായി അവ മാറുന്നതിന് കാരണമായ ചില പൊതുവായ പ്രവണതകൾ കണ്ടെത്താനാവും.
അതിലൊന്ന്, ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തികൊണ്ട് മനുഷ്യർ ദൈനംദിന വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന രീതികളിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ ഈ കമ്പനികൾക്കായി എന്നതാണ്. ഇത് ഈ പ്രവൃത്തികളുടെ കാര്യക്ഷമത കൂട്ടുന്നതിൽ ഒതുങ്ങി നിന്നില്ല. പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കപ്പെട്ടു. നൂതന സാങ്കേതിക വിദ്യകളുടെ സർവതല സ്പർശിയായ സ്വാധീനത്തിൽ നിന്ന് മാറി നിൽക്കുക വ്യക്തികൾക്ക് അസാധ്യമായി.
മറ്റൊരു കാര്യം, ഈ വിപണിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഏറ്റവും കാര്യക്ഷമമായി സേവനങ്ങളും ഉത്പന്നങ്ങളും ഉദ്‌പാദിപ്പിക്കാനും വിതരണം ചെയ്യാനും ഈ കമ്പനികൾക്കാകുന്നുണ്ടെന്നതാണ്. നിർമ്മാണ പ്രക്രിയയിലെ കാര്യക്ഷമത ഉയർത്താൻ പ്രാഥമികമായും തൊഴിലിടങ്ങളിലെ ചൂഷണം തന്നെയാണ് ഇവയും ഉപയോഗപ്പെടുത്തുന്നത്. ഉദ്പാദനത്തിന്റെ ആഗോളവൽക്കരണം ഈ കൊടിയ ചൂഷണത്തെ തങ്ങളുടെ ബ്രാൻഡ് ഇമേജിന് കോട്ടം തട്ടാത്ത രീതിയിൽ മറച്ച് പിടിക്കാൻ ആപ്പിളിനെ പോലുള്ള കമ്പനികളെ സഹായിക്കുന്നു.
വിപണിയിൽ വൻ വിലയുള്ള ആപ്പിൾ ഉപകരണങ്ങളുടെ ഭൂരിപക്ഷവും നിർമ്മിക്കപ്പെടുന്നത് ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും വേതനനിരക്ക് ഏറെ കുറവുള്ള രാജ്യങ്ങളിലെ ഫോക്സ്കോൺ (Foxconn), വിസ്‌ട്രോൺ (Wistron), പെഗാട്രോൺ (Pegatron) തുടങ്ങിയ കമ്പനികളുടെ തൊഴിലിടങ്ങളിൽ നിന്നാണ്. 2010 ൽ ചൈനയിലെ ഫോക്സ്കോൺ ഫാക്ടറിയിലെ നിരവധി തൊഴിലാളികൾ ആത്മഹത്യ ചെയ്തതായുള്ള വാർത്തകളിലൂടെയാണ് ഇത്തരം തൊഴിലിടങ്ങളിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ലോകമറിഞ്ഞു തുടങ്ങിയത്.
2020 ഡിസംബറിൽ കർണ്ണാടകയിലെ വിസ്‌ട്രോൺ ഫാക്ടറിയിൽ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കലാപം നടത്തിയതും ഈയിടെ ചെന്നൈയിലെ ഫോക്സ്കോൺ ഫാക്ടറി ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ തൊഴിലാളി പ്രതിഷേധം മൂലം അടച്ചിടേണ്ടി വന്നതും ഒക്കെ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
അതോടൊപ്പം ഹൈ ടെക് വ്യവസായം രൂപം കൊടുത്ത ഗിഗ് ഇക്കോണമി, തൊഴിൽ, തൊഴിലിടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുകയും ചെയ്യുന്നു. മുഴുവൻ സമയ ജോലികളുടെ അഭാവവും, ഉള്ള ജോലികളുടെ കോൺട്രാക്റ്റ് വൽക്കരണവും തൊഴിലെടുക്കുന്നവരുടെ വിലപേശൽ ശേഷിയെ ഇല്ലാതാക്കുന്നു. സംഘടിത സ്വഭാവമുള്ള പ്രോലിറ്റേറിയൻസ് അസംഘടിതരായ പ്രികാരിയറ്റുകളായി (precariats) മാറുന്നു.
ഇതിനെല്ലാം പുറമെ ഇന്റർനെറ്റ് അധിഷ്‌ഠിത ബിസിനസ്സുകളുടെ അടിസ്ഥാനപരമായ സ്വഭാവം തന്നെ വിപണിയിലെ സ്വതന്ത്ര മത്സരത്തിന് തടസം നിൽക്കുന്നു എന്നതും ഈ മേഖലയിലെ ഭീമന്മാരെ വിപണി കയ്യടക്കുന്നതിനും അതുവഴി വൻലാഭം കൊയ്യുന്നതിനും സഹായിക്കുന്നു. ചില ബിസിനസുകൾ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ മൂല്യമുള്ള സേവനങ്ങളും ഉത്പന്നങ്ങളും വർദ്ധിത കാര്യക്ഷമതയോടെ ഉണ്ടാക്കാനും വിറ്റഴിക്കാനും കഴിയുന്നവയാണ്. ഇത്തരം ബിസിനസുകളിൽ പുതിയൊരു കമ്പനിക്ക് കടന്നു വന്ന് മത്സരിക്കാൻ ബുദ്ധിമുട്ടാണ്. ‘നെറ്റ് വർക്ക് എഫക്റ്റ്’ എന്ന് സാമ്പത്തിക ശാസ്ത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത പ്രകടിപ്പിക്കുന്നവയാണ് ഇന്റർനെറ്റ് ബിസിനസുകൾ.
ഡാറ്റ = ലാഭം
ഇതിനെല്ലാമുപരിയായി ബിഗ് ടെക് കമ്പനികളെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഡാറ്റയെ അവരെങ്ങനെ മൂലധനമായി മാറ്റിയെടുക്കുന്നു എന്നതാണ്. കമ്പ്യൂട്ടർ ഡിജിറ്റൈസേഷൻ സകല ജീവിത വ്യവഹാരങ്ങളിലും കടന്നു കയറിയതോടെ ഉണ്ടായി വന്നിട്ടുള്ള കൂറ്റൻ വിവര ശേഖരങ്ങളുടെ (Big Data) സാധ്യതകളത്രയും ഉപയോഗപ്പെടുത്തിയത് ഈ ഐ ടി ഭീമൻമാരായിരുന്നു.
ഗൂഗിളും ഫേസ്‌ബുക്കും പോലുള്ള കമ്പനികൾ വാസ്തവത്തിൽ നമ്മുക്ക് ഒന്നും വിൽക്കുന്നില്ല. പകരം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും അടക്കം നമ്മെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ കൈക്കലാക്കുകയും അത് പരസ്യങ്ങളടക്കമുള്ള ധനാഗമ മാർഗ്ഗങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ വരുമാനത്തിൽ 80 ശതമാനത്തിലധികവും പരസ്യങ്ങളിൽ നിന്നാണ്. മഹാമാരിക്ക് മുൻപ് 1,34,811 മില്യൺ ഡോളറായിരുന്നു പരസ്യങ്ങളിൽ നിന്നുമുള്ള ഗൂഗിളിന്റെ വരുമാനം. 2021 ൽ അത് 2,09,497 മില്യൺ ഡോളറായി; 55% വർധന. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പരസ്യവരുമാനത്തിൽ ഇതേ കാലയളവിൽ ഉണ്ടായ വർധന 65% ആയിരുന്നു. മെറ്റയുടെ വരുമാനത്തിൻറെ 97 ശതമാനവും പരസ്യങ്ങളിൽ നിന്നാണ്.
ഏതെങ്കിലും പരസ്യങ്ങൾ ആർക്കെങ്കിലും എപ്പോഴെങ്കിലും നൽകുവാൻ ആയിരുന്നുവെങ്കിൽ മേൽപറഞ്ഞ പരസ്യക്കാരൊന്നും ഈ കമ്പനികളെ സമീപിക്കില്ലായിരുന്നു. ആളും തരവും സമയവും അറിഞ്ഞ്, ഓരോരുത്തർക്കും ആവശ്യമുള്ള ഉൽപന്നങ്ങളും സേവനങ്ങളും ഏറ്റവും ലാഭകരമായി വിറ്റഴിക്കാനും പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന രീതിയിൽ പരസ്യങ്ങൾ നൽകുകയാണ് അവരുടെ ആവശ്യം.
ഇതൊരു എളുപ്പപണിയല്ല. ഇതിന് നമ്മളെ നിരന്തരമായി നിരീക്ഷിച്ച് നമ്മുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും സ്വഭാവസവിശേഷതകളെയും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കണം. പറ്റുമെങ്കിൽ നമ്മുടെ സ്വഭാവങ്ങളെ പരസ്യക്കാരുടെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കാനും കഴിയണം. ഗൂഗിളോ ഫേസ്ബുക്ക് പോലുളള സാമൂഹ്യമാധ്യമങ്ങളോ പോലെ കോടിക്കണക്കിനാളുകളെ നിരന്തരനിരീക്ഷ്ണത്തിന് വിധേയമാക്കാൻ കഴിയുന്ന സോഫ്റ്റ് വെയർ പ്ലാറ്റുഫോമുകൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ.
ഒരേ സമയം ഡാറ്റ ചോർത്തിയെടുക്കാവുന്ന ഇരകളും പരസ്യങ്ങളുടെ ടാർഗറ്റുകളും മാത്രമാണ് ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം അവരുടെ സേവനങ്ങളുടെ ഉപയോക്താക്കൾ. ഇത്തരം പ്ലാറ്റ്‌ഫോമുകൾ നമ്മുക്ക് ചെയ്യുന്ന സൗജന്യസേവനങ്ങൾക്ക് അവരെടുക്കുന്ന പ്രതിഫലം നമ്മളാരെന്നും എന്തെന്നും ഉള്ള അറിവാണ്. അത് എത്ര നന്നായി ചെയ്യാൻ കഴിയുമെന്ന കാര്യത്തിലാണ് അവർ തമ്മിലുള്ള മത്സരം. കമ്പോളവ്യവസ്ഥയിൽ സൗജന്യസേവനമെന്നത് ഒരു മിത്താണ്.
മുതലാളിത്തത്തിന്റെ ഈ പുതുരൂപത്തെ കുറിച്ച് പഠിച്ച ചിന്തകർ പല തരത്തിൽ അതിനെ വിശേഷിപ്പിക്കുന്നുണ്ട്. നിക്ക് കോൾഡ്രിയും യൂലിസെസ് എ. മെജിയാസും ചേർന്നെഴുതിയ ‘The Costs of Connection‘ എന്ന പുസ്തകത്തിൽ അവർ ഇതിനെ വിളിക്കുന്നത് ഡാറ്റാ കൊളോണിയലിസം എന്നാണ്, ശോഷാന സൂബോഫിനെ പോലുള്ള ചിന്തകരാകട്ടെ സർവെയിലൻസ് ക്യാപിറ്റലിസം (Surveillance Capitalism) എന്നും.
ബിഗ് ടെകിന്റെ ഭാവി
അഭൂതപൂർവ്വമായ വളർച്ചയുടെ ഈ കാലം ബിഗ് ടെക്കിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളുടേതും കൂടിയാണ്.
ഈ കമ്പനികളുടെ പ്രവർത്തനം വ്യക്തികളുടെ സുരക്ഷ, സ്വകാര്യത, സ്വാതന്ത്ര്യം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളിൽ കടന്നു കയറുന്നതിനെ കുറിച്ചുള്ള ആശങ്കകളാണെങ്ങും. മുൻ ഫേസ്‌ബുക്ക് ജീവനക്കാരിയും വിസിൽ ബ്ലോവറുമായ ഫ്രാൻസിസ് ഹൗഗൻ നടത്തിയ വെളിപ്പെടുത്തലുകൾ ഇത്തരം കമ്പനികളുടെ പരിധിവിട്ട പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന വിപത്തുകളുടെ നേർകാഴ്ചകൾ ആയിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പോലുള്ള സമൂഹ മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത വെളിപെടുത്തലുകളായിരുന്നു അവ.
അമേരിക്കയും യൂറോപ്പ്യൻ യൂണിയനിലെ വികസിത രാജ്യങ്ങൾ തൊട്ട് ചൈനയും ഇന്ത്യയും വരെയുള്ള രാജ്യങ്ങളിലെല്ലാം ഇവയെ എങ്ങനെ നിയന്ത്രണവിധേയമാക്കാം എന്നതിനെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു വരികയാണ്. ഔദ്യോഗിക തലങ്ങളിലും പൊതുമണ്ഡലത്തിലും ഈ ചർച്ചകൾ നടക്കുന്നുണ്ട്. ഇവയിൽ ചിലതെങ്കിലും സർക്കാരുകളുടെ അമിതാധികാര പ്രവണതകളാൽ പ്രചോദിതമായിരിക്കാം. പക്ഷെ, മിക്ക ചർച്ചകളും വിഷയമാക്കുന്നത് പൗരസ്വാതന്ത്ര്യവും വിപണിയുടെ ആരോഗ്യവും പോലുള്ള ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളെയാണ്.
ഈ കമ്പനികൾ സ്വതന്ത്ര വിപണിക്ക് ഉണ്ടാക്കുന്ന ഭീഷണികളും മുമ്പത്തേക്കാളുമധികമായി സൂക്ഷ്മപരിശോധനക്ക് വിധേയമാക്കപ്പെടുന്നുണ്ട്. ബിഗ് ടെക് കുത്തകകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിയമവ്യവഹാരങ്ങളാണ് ലോകമെമ്പാടും നടന്നു വരുന്നത്. ചൈനയിലെ ഡിജിറ്റൽ ഇക്കണോമിയെ അടക്കിവാഴുന്ന വൻകിട കമ്പനികളെ നിയന്ത്രിക്കാൻ അവിടത്തെ ഭരണകൂടം നടത്തിവരുന്ന ശ്രമങ്ങൾക്ക് അതിവേഗം കൈവന്നത് കഴിഞ്ഞ വർഷമായിരുന്നു.
സോഷ്യലിസ്റ്റ് ചൈനയും പാശ്ചാത്യ മുതലാളിത്തവും ഇത്തരം കമ്പനികളെ നിയന്ത്രിക്കേണ്ടുന്ന കാര്യത്തിൽ ഒരേ മനോഭാവം കൈക്കൊള്ളുന്നു എന്നതിലെ ഐറണി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യഘാതങ്ങളുടെ സങ്കീർണത വ്യക്തമാക്കുന്നു.
പുറത്തു നിന്നുള്ള സമ്മർദങ്ങൾ മാത്രമല്ല ബിഗ് ടെക് കമ്പനികളെ വെല്ലുവിളിക്കുന്നത്. ഗൂഗിൾ നിർമിതബുദ്ധിയിൽ നടത്തുന്ന ചില ഗവേഷണങ്ങളുടെ പ്രത്യാഘാതങ്ങളെ വിമർശിച്ചതിനെ തുടർന്ന് അതിൻറെ എത്തിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിൻറെ ലീഡുകളിലൊരാളായ ടിംനിറ്റ് ഗെബ്രുവിനെ (Timnit Gebru) ജോലിയിൽ നിന്നും പിരിച്ചു വിട്ട സംഭവം അതിനൊരു ഉദാഹരണമാണ്. കഴിഞ്ഞ വർഷം തന്നെ ഗൂഗിളിലെ തൊഴിലാളികൾ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി യൂണിയൻ ഉണ്ടാക്കുകയും ചെയ്തു. ഇത് ഗൂഗിളിലെ മാത്രം കാര്യമല്ല. ആമസോണിലും ആപ്പിളുമൊക്കെ യൂണിയൻ രൂപീകരണ ശ്രമങ്ങൾ മുമ്പില്ലാത്ത വിധം നടന്നു വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ വെല്ലുവിളികൾ എങ്ങിനെയൊക്കെയാണ് ടെക്നോളജി ഭീമന്മാരുടെ ഭാവി രൂപപ്പെടുത്തുക എന്നു പറയാനാവില്ല. പക്ഷെ, ഈ കമ്പനികൾക്ക് മനുഷ്യരുടെ സ്വകാര്യ ജീവിതത്തിലും സാമൂഹ്യ വ്യവഹാരങ്ങളിലും ഉള്ള സ്വാധീനം കണക്കിലെടുക്കുമ്പോൾ ആ മാറ്റങ്ങളുടെ അനന്തരഫലം, അവ എന്തായാലും, ചെറുതായിരിക്കില്ല എന്നുറപ്പാണ്.