എല്ലാവർക്കും അവരവരുടെ പെലെ ഉണ്ടെന്ന് തുടക്കത്തിൽ എഴുതിയിരുന്നുവല്ലോ എന്റെ പെലെയെ ഞാൻ വണങ്ങി യാത്രയാക്കുന്നു.
ഫുട്‍ബോളിന് രാജാക്കന്മാർ കുറെയേറെ പേരുണ്ട്. അവർക്കെല്ലാം കൂടി ഒരു ചക്രവർത്തി – പെലെ.
കിംഗ് എന്നാണ് അറിയപ്പെട്ട് പോരുന്നതെങ്കിലും എംപെറോർ ആണ് പെലെ.
ഓരോ ഫുട്ബോൾ കളിക്കാരനും കളി ആസ്വാദകനും അവരവരുടെ പെലെ ഉണ്ട്. എന്റെ പെലെയെ ഞാൻ ഓർമിച്ചെടുക്കട്ടെ.
സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാഠം പഠിക്കാനുണ്ടായിരുന്നു – പീലെ. അന്ന് പെലെ മലയാളത്തിൽ അറിയപ്പെട്ടത് അങ്ങനെയാണ്. പീലെ എന്ന ബാലന്റെ ദരിദ്രരായ അച്ഛനമ്മമാർക്ക്, ഒരു പന്ത് വാങ്ങി കൊടുക്കാൻ കഴിവില്ലാത്തതിനാൽ പഴംതുണികൊണ്ട് പന്തുണ്ടാക്കി തെരുവിൽ തട്ടിക്കളിച്ച പാഠപുസ്തക ഭാഗങ്ങൾ വായിച്ചപ്പോൾ ഉള്ള് വിങ്ങിയിരുന്നു.
ഫുട്ബോളിൽ ഞങ്ങളുടെ ബാല്യം ഏറെക്കുറെ സമ്പന്നമായിരുന്നു. കൂട്ടുകാരെല്ലാം ചേർന്ന് പണം സ്വരൂപിച്ച് കാറ്റ് നിറച്ച പന്ത് വാങ്ങിക്കാൻ കഴിഞ്ഞിരുന്നു. പെലെ ആയിരുന്നു മനസ്സിലെ ധീരനായകൻ
അന്ന് ടെലിവിഷൻ ഇല്ലായിരുന്നു പത്രങ്ങളിലൂടെയാണ് ഫുട്ബോൾ കളിയെക്കുറിച്ച് അറിഞ്ഞിരുന്നത് ലോകകപ്പ് മത്സരങ്ങളെ കുറിച്ച് മാതൃഭൂമിയിലും മലയാള മനോരമയിലും വായിച്ചു. മാതൃഭൂമിയിൽ വായിച്ച് രോമാഞ്ചമണിഞ്ഞത് പ്രശസ്ത പത്രപ്രവർത്തകൻ വിംസിയുടെ റിപോർട്ടുകൾ ആയിരുന്നു എന്ന് പിന്നീടാണ് അറിയുന്നത്. കളിക്കളത്തിൽ നിന്ന് പെലെയുടെ വിടവാങ്ങൽ വിംസി എഴുതിയത് വായിച്ചപ്പോൾ കരച്ചിൽ വന്നിരുന്നു. മലയാള മനോരമയിൽ ഭാസി മലാപ്പറമ്പ് എഴുതിയിരുന്ന റിപ്പോർട്ടുകളും ഹൃദ്യമായിരുന്നു.
കോളേജിൽ എത്തിയപ്പോൾ, അക്കാലത്ത് കാസർകോട് പുതിയതായി തുടങ്ങിയ മിലൻ തിയേറ്ററിൽ ധാരാളം ഇംഗ്ലീഷ് സിനിമകൾ വരുമായിരുന്നു. അതിൽ ഒന്നായിരുന്നു ജയൻറ്സ് ഓഫ് ബ്രസീൽ. ബ്രസീലിന്റെ ലോകകപ്പ് കളികളായിരുന്നു അതിന്റെ പ്രമേയം അങ്ങനെ വായിച്ചറിഞ്ഞ കളി നേരിൽകണ്ടു, പെലെയെ കണ്ടു, ഗാരിഞ്ചയെ കണ്ടു, ദീദിയെ കണ്ടു – ആ സിനിമ വീണ്ടും വീണ്ടും കണ്ടു
ടെലിവിഷൻ ഞങ്ങളുടെ നാട്ടിൽ വരുന്നത് മെക്സിക്കോ ലോകകപ്പ് വേളയിലാണ്. അന്ന് ഡീഗോ മറഡോണയാണ് താരം മറഡോണയുടെ ഗോളുകൾ, വിശേഷിച്ചും നൂറ്റാണ്ടിന്റെ ഗോൾ എന്ന് പേരുകേട്ട ഗോൾ കണ്ട് കണ്ണുതള്ളി അപ്പോഴും ബ്രസീലിന്റെ പക്ഷത്തായിരുന്നു. പെലെ ഹൃദയത്തിൽ പതിപ്പിച്ച മുദ്ര പെലെ കളിക്കളം വിട്ടിട്ടും മാഞ്ഞുപോയില്ല.
മഹാരഥന്മാരായ കളിക്കാരെ തോന്നുമ്പോഴൊക്കെ കാണാനുള്ള സാങ്കേതികവിദ്യ വിരൽത്തുമ്പിൽ എത്തിയപ്പോൾ പെലെ ക്ലബുകൾക്ക് വേണ്ടി കളിച്ച കളികൾ കണ്ടു.
യോഹാൻ ക്രൈഫ്, ഡീഗോ മറഡോണ, ഡെന്നിസ് ബെർഗ് കാമ്പ്, ലിയോണൽ മെസ്സി അങ്ങനെ പല കളിക്കാരെ കണ്ടു അവരുടെ കേളിശൈലിയിൽ മുഴുകി. ഏറ്റവും ഒടുവിൽ മെസ്സി ലോകം കീഴടക്കിയത് കണ്ടു.
ഖത്തർ ലോകകപ്പ് നടക്കുന്ന വേളയിൽ പെലെ ആശുപത്രിയിൽ മരണത്തിന്റെ മണിമുഴക്കം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ബ്രസീൽ കളി തോൽക്കുമ്പോഴും പെലെയെ ഗാഢമായി ഓർമിച്ചിരുന്നു ഇപ്പോഴിതാ പെലെ ഓർമ്മയായി, ചരിത്രമായി, ജീവിതമെന്ന കളി തീർന്നുവെന്ന വിസിൽ മുഴങ്ങി.