A Unique Multilingual Media Platform

The AIDEM

Articles Law

മനുസ്മൃതി, കർമ്മം, ജാതീയത, ലൈംഗികത: 2022 ൽ ജഡ്ജിമാർ നമ്മോട് പറഞ്ഞ ഏഴ് വിചിത്രകാര്യങ്ങൾ

  • December 28, 2022
  • 1 min read
മനുസ്മൃതി, കർമ്മം, ജാതീയത, ലൈംഗികത: 2022 ൽ ജഡ്ജിമാർ നമ്മോട് പറഞ്ഞ ഏഴ് വിചിത്രകാര്യങ്ങൾ

2022-ൽ, ജുഡീഷ്യറിയുടെ വിവിധ തലങ്ങളിലുള്ള ‘ജ്ഞാനികളായ ജഡ്ജിമാരിൽ’ നിന്നുള്ള വിചിത്രമായ ഉത്തരവുകൾക്ക് നിയമ-രാഷ്ട്രീയ നിരീക്ഷകർ സാക്ഷ്യം വഹിച്ചു. അടിസ്ഥാനപരമായ സാമൂഹ്യബോധത്തിൽ നിന്നും സംവേദനക്ഷമതയിൽ നിന്നും മാത്രമല്ല, ഔദ്യോഗിക പെരുമാറ്റച്ചട്ടം, നിയമം, യുക്തിബോധം എന്നിവയുടെ പ്രാഥമിക പരിധികളിൽ നിന്നും ഈ ജഡ്ജിമാർ എങ്ങനെ അകന്നുപോകുന്നുവെന്ന് ഈ ഉത്തരവുകൾ തെളിയിക്കുകയും അടിവരയിടുകയും ചെയ്തു. നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വികാരങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവരുടെ പ്രേരണയിൽ, അവർ വലിയ വിവാദങ്ങൾ ആണ് സൃഷ്ടിച്ചത്. The AIDEM ഡൽഹി ബ്യൂറോ അത്തരം ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നവംബർ 23, 2022: പട്‌ന ഹൈക്കോടതിയിൽ നിന്നുള്ള ഒരു ലൈവ് സ്ട്രീമിങ്, ജുഡീഷ്യറിയിലെ ജാതീയതയുടെ വ്യാപ്തി തുറന്നുകാട്ടുന്നതായിരുന്നു. ജില്ലാ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ ഭാരതിയെ  വിസ്തരിക്കുന്നതിനിടെ ജഡ്ജി സംവരണത്തെ പരിഹസിക്കുന്നതായിരുന്നു വീഡിയോ. കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കുന്നതിനായി കേസ് മാറ്റിവെച്ചതിന് ശേഷം ജസ്റ്റിസ് സന്ദീപ് കുമാർ ചോദിച്ചു, “ഭാരതി ജി, സംവരണം പർ ആയേ നൗക് രി മേ ക്യാ? (ഭാരതിജി, നിങ്ങൾക്ക് സംവരണം വഴിയാണോ ജോലി കിട്ടിയത്?)”. ഭാരതി അനുകൂലമായി പ്രതികരിച്ചപ്പോൾ കോടതിമുറിയിലെ ഒരു അഭിഭാഷകൻ പറഞ്ഞത്, “അബ് തോ ഹുസൂർ സമഝ ജായേഗാ ബാത്ത് ” (ഇപ്പോൾ ജഡ്ജിക്ക് കാര്യം മനസ്സിലാകും). തുട‍ർന്ന് മറ്റൊരു വക്കീലും പിന്നെ ജഡ്ജിയും കളിയാക്കി ചിരികൾക്കിടെ ഭാരതിയെയും അയാളുടെ ജാതിയെയും ലക്ഷ്യമാക്കി കമന്റുകൾ നടത്തുന്നത് കൂടി വീഡിയോയിൽ കാണാം.

ഓഗസ്റ്റ് 12, 2022: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (എ) (ലൈംഗിക പീഡനം) പ്രകാരമുള്ള ഒരു കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സൃഷ്ടിച്ചത് വലിയ വിവാദമാണ്. ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി പ്രസ്താവിച്ചു: “സെക്ഷൻ 354 എ (ലൈംഗിക പീഡനം) ലേക്ക് ആകർഷിക്കാൻ ശാരീരികമായ സ്പർശവും ലൈംഗിക ആവശ്യത്തിനുള്ള ചേഷ്ടകൾ നടത്തുകയോ വേണം. ലൈംഗിക ആനുകൂല്യങ്ങൾക്കായി ഒരു ആവശ്യം അല്ലെങ്കിൽ അഭ്യർത്ഥന ഉണ്ടായിരിക്കണം. ലൈംഗിക നിറമുള്ള ഒരു പരാമർശം ഉണ്ടായിരിക്കണം. മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങൾ പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. 354 എ വകുപ്പ് കുറ്റാരോപിതനെതിരെ പ്രഥമദൃഷ്ട്യാ നിലകൊള്ളില്ല.”

ഓഗസ്റ്റ് 11, 2022: ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം, ബിസിനസ് എന്നീ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ, ഡൽഹി ഹൈക്കോടതി ജഡ്ജിയായ പ്രതിഭ എം. സിംഗ്, മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങൾ സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനം നൽകുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ “അനുഗ്രഹീതർ” ആണെന്ന്  വിശേഷിപ്പിച്ചു. ജഡ്ജിയുടെ പരാ‍മർശത്തിനെതിരെ സ്ത്രീകളുടെ അവകാശ ഗ്രൂപ്പുകളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ഇറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു: “ജസ്റ്റിസ് സിങിന് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ സ്ത്രീകളുടെ ദുരിതപൂർണമായ അവസ്ഥയെ കുറിച്ച്, പ്രത്യേകിച്ചും ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ സ്ത്രീകളുടെ ദയനീയാവസ്ഥയെക്കുറിച്ച്  അജ്ഞതയുണ്ടെന്ന് തോന്നുന്നു.”

ജൂൺ 17, 2022: “ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഒരു സ്ത്രീക്ക് ചേ‍ർന്നതല്ല” എന്നായിരുന്നു കർണാടക ഹൈക്കോടതി ജഡ്ജി ഒരു ജാമ്യ ഉത്തരവിൽ നിരീക്ഷിച്ചത്. 42 കാരിയായ ഒരു ഹ്യൂമൻ റിസോഴ്‌സ് മാനേജരെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് കൃഷ്ണ ദീക്ഷിതയുടെ നിരീക്ഷണം. ബലാത്സംഗത്തിനുശേഷം താൻ ഉറങ്ങിപോയെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. “പരാതിക്കാരി നൽകിയ വിശദീകരണം – സംഭവത്തിനുശേഷം താൻ ക്ഷീണിതയായി ഉറങ്ങിപ്പോയി – എന്നത് ഒരു ഇന്ത്യൻ സ്ത്രീക്ക് യോജിച്ചതല്ല; അപമാനിക്കപ്പെടുമ്പോൾ നമ്മുടെ സ്ത്രീകൾ പ്രതികരിക്കുന്നത് അങ്ങനെയല്ല,” ജഡ്ജി നിരീക്ഷിച്ചു. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ജഡ്ജി തന്റെ വിവാദ പരാമർശങ്ങൾ ഒഴിവാക്കി.

മെയ് 25, 2022: ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കളെ വിശ്വാസത്തിലെടുക്കാൻ പ്രണയത്തിലായ യുവാക്കളോട് കർണാടക ഹൈക്കോടതി  അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം അവർക്ക് കർമ്മഫലങ്ങൾ നേരിടേണ്ടിവരുമെന്ന്. ഉത്തരവിൽ പറയുന്നതിങ്ങനെ  “ജീവിതം പ്രതികരണവും പ്രതിഫലനവും ഉൾക്കൊള്ളുന്നതാണെന്ന് നമ്മുടെ കുട്ടികൾ അറിയേണ്ട സമയമാണിത്. അവർ ഇന്ന് അവരുടെ മാതാപിതാക്കളോട് ചെയ്യുന്നത്,  നാളെ അവർക്ക് തന്നെ തിരികെ ലഭിക്കും.” ഒളിച്ചോടി കാമുകനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ  പിതാവ് നൽകിയ  ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയായിരുന്നു ഈ കോടതി ഉത്തരവ്. മനുസ്മൃതിയെ ഉദ്ധരിച്ചുകൊണ്ട് കോടതി ഉത്തരവിൽ പറയുന്നു, “മനുസ്മൃതി അനുസരിച്ച് പോലും, ഒരു വ്യക്തിക്ക് 100 വർഷത്തിനുള്ളിൽ പോലും  അവന്റെ / അവളുടെ മാതാപിതാക്കൾ അവനെ / അവളെ  പ്രസവിക്കാനും വള‍ർത്താനും അവർ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകൾക്കും, പകരം നൽകാൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും ഇഷ്ടമുള്ളത് ചെയ്യാൻ എപ്പോഴും ശ്രമിക്കുക, എന്നാൽ മാത്രമേ നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും മതപരമായ ആരാധനയ്ക്ക് എന്തെങ്കിലും ഫലം ഉണ്ടാകൂ..”

മെയ് 11, 2022: വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധിയിൽ, രണ്ട് ജഡ്ജിമാരിൽ ഒരാൾ “ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗികത… പവിത്രമാണ്” എന്ന് പ്രസ്താവിച്ചു. “ലൈംഗികതയെക്കുറിച്ചുള്ള നിയമാനുസൃതമായ പ്രതീക്ഷ” വിവാഹത്തിന്റെ “അനിഷേധ്യമായ” വശമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, മറ്റേ ജഡ്ജി പറഞ്ഞത്, “ഏത് സമയത്തും സമ്മതം പിൻവലിക്കാനുള്ള അവകാശം സ്ത്രീയുടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തിന്റെ കാതൽ രൂപപ്പെടുത്തുന്നു” എന്നാണ്. എന്നിരുന്നാലും, കേസ് “നിയമത്തിന്റെ സാരമുള്ള ചോദ്യം” ഉന്നയിക്കുന്നതായി ബെഞ്ച് അഭിപ്രായപ്പെട്ടു, അതിന് സുപ്രീം കോടതിയിൽ നിന്ന് ഒരു തീരുമാനം ആവശ്യമാണ്. കാരണം, ഐപിസി 375-ാം വകുപ്പ് പ്രകാരം, പ്രായപൂർത്തിയായ ഭാര്യയുമായി ഒരു പുരുഷൻ നടത്തുന്ന ലൈംഗിക പ്രവൃത്തികൾ ബലാത്സംഗമായി കണക്കാക്കില്ല.

മാർച്ച് 26, 2022: 2020ലെ ഡൽഹി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബിജെപി എം. പി പർവേഷ് വർമ്മയ്‌ക്കുമെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്ന ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതി ബെഞ്ച് പറഞ്ഞു: “നിങ്ങൾ പുഞ്ചിരിയോടെ എന്തെങ്കിലും പറയുകയാണെങ്കിൽ, അപ്പോൾ അതിൽ കുറ്റമില്ല, നിങ്ങൾ കുറ്റകരമായ എന്തെങ്കിലും പറയുകയാണെങ്കിൽ, തീർച്ചയായും [കുറ്റം ഉണ്ട്]. നിങ്ങൾ അത് പരിശോധിച്ച് ബാലൻസ് ചെയ്യണം. അല്ലാത്തപക്ഷം, തെരഞ്ഞെടുപ്പുകാലത്ത് എല്ലാ രാഷ്ട്രീയക്കാർക്കെതിരെയും 1000 എഫ്‌.ഐ.ആറുകൾ എങ്കിലും രജിസ്റ്റർ ചെയ്യപ്പെടേണ്ടിവരുമെന്ന് ഞാൻ കരുതുന്നു.

സി.എ.എ വിരുദ്ധ സമരകാലത്തും തുടർന്നുണ്ടായ ഡൽഹി കലാപത്തിലും രണ്ട് ബിജെപി നേതാക്കൾ നടത്തിയ പ്രസംഗങ്ങളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. “ദേശ് കെ ഗദ്ദാറോൻ കോ, ഗോലി മാരോ സാലോൻ കോ (രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുക)” എന്ന് താക്കൂർ പറഞ്ഞിരുന്നു.സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഡൽഹിയിലെ ഷഹീൻബാഗിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ തങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്ത് കൊല്ലാൻ വീടുകളിൽ കയറിയിറങ്ങുമെന്നായിരുന്നു പർവേഷ് വർമ ഒരു റാലിയിൽ പ്രസംഗിച്ചത്.

ഫെബ്രുവരി 2022: കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിന് കീഴിലുള്ള ‘ലൈംഗിക ആക്രമണം’ എന്താണെന്നതിന്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള വിവാദ വിധിന്യായങ്ങൾക്ക് ശേഷം, ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല രാജിവച്ചു. അഡീഷണൽ ജഡ്ജിയുടെ കാലാവധി നീട്ടുന്നതും ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായുള്ള നിയമനവും അവർക്ക് നിഷേധിച്ചു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പുറപ്പെടുവിച്ച ഒരു കൂട്ടം വിധികളിൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാകണമെങ്കിൽ ‘ലൈംഗിക ഉദ്ദേശത്തോടെ ചർമം നേരിട്ട് സ്പർശിക്കണം ‘ എന്ന വിധത്തിലാണ് ജഡ്ജി നിയമത്തെ വ്യാഖ്യാനിച്ചത്. മാത്രവുമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈകൾ പിടിച്ച് പാന്റിന്റെ സിപ്പ് തുറക്കുന്നതും ഈ നിയമപ്രകാരം ‘ലൈംഗിക ആക്രമണം’ എന്നതിന്റെ നിർവചനത്തിൽ പെടുന്നില്ലയെന്നും ജഡ്ജി വിധിച്ചു.


Read this article in English, Tamil or Hindi

About Author

ദി ഐഡം ബ്യൂറോ

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Babu
Babu
1 year ago

.

IMG_20221231_161129.jpg
Babu
Babu
1 year ago

……

IMG_20221231_161102.jpg