A Unique Multilingual Media Platform

The AIDEM

Articles Health

കാൻസർ: എന്റെ അണ്ണാറക്കണ്ണൻ പങ്ക്.

  • February 25, 2023
  • 1 min read
കാൻസർ: എന്റെ അണ്ണാറക്കണ്ണൻ പങ്ക്.

കഴിഞ്ഞ ഒന്നര വർഷമായി കാൻസർ രോഗത്തോട് സധൈര്യം പൊരുതി നിൽക്കുന്ന വ്യക്തിയാണ് എൻമംഗലം എന്ന നാരായണൻ മംഗലം. ഈ രോഗത്തെക്കുറിച്ചു നിരന്തരം പഠനം തുടരുകയും, ഈ രോഗത്തോടുള്ള സാമൂഹ്യ പ്രതികരണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ ലേഖനം, ക്യാൻസറിനോട് പൊരുതുന്ന അസംഖ്യം പേർക്ക് ആശ്വാസവും, ധൈര്യവും പകരാൻ സഹായകമാവും എന്ന് ദി ഐഡം വിശ്വസിക്കുന്നു. ഒപ്പം ക്യാൻസർ രോഗികൾ ജീവിതത്തോടും, ചികിത്സയോടും അനുവർത്തിക്കേണ്ട സമീപനം എന്തായിരിക്കണം എന്ന വിലപ്പെട്ട ചില വഴികാട്ടലുകളും ഇതിലുണ്ട്.  


” God! Grant me the Serenity to accept the things I cannot change, and the Courage to do the things that I can do and the Wisdom to know the difference” (“ദൈവമേ, എനിക്ക് മാറ്റാൻ പറ്റാത്ത കാര്യങ്ങളെ ആ ബോധ്യത്തോടെ സ്വീകരിക്കാൻ വേണ്ട മനഃസ്വാസ്‌ഥ്യം തന്നാലും. എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യവും, ഒപ്പം ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകവും തന്നാലും”)

അന്താരാഷ്ട്ര കാൻസർ ദിനമായിരുന്നു,  ഫെബ്രുവരി 4, 2023.  WHO സന്ദേശം ഇങ്ങനെയാണ് “Close the CARE gap”. അതായത്, ക്യാൻസർ ബാധിതർക്കുള്ള ചികിത്സയിലും, പരിചരണത്തിലുമുള്ള വിടവ് നികത്തുക. ഇതാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഏറ്റെടുക്കുന്ന ദൗത്യം. അവബോധമില്ലായ്മയുടെ വിടവ് ഇല്ലാതാക്കുക. മനസ്സ്, ബുദ്ധി, ആരോഗ്യം, എന്നീ മൂന്ന് തലങ്ങളിലും.  

 ഇന്ന് ഏറ്റവും കൂടുതൽ ഭയാശങ്കകളും അജ്ഞതയും നിറഞ്ഞ രോഗം കാൻസർ ആണെന്നു പറയാം.  കാൻസർ രോഗത്തേക്കാൾ കാൻസർ ചികിത്സയെ ഭയക്കുന്നവരുടെ എണ്ണവും ധാരാളമുണ്ട്.  (നമ്മുടെ ഒരു പ്രമുഖ നേതാവ് അനുവർത്തിക്കുന്ന ചികിത്സാവിധികളെ ന്യായീകരിക്കുന്ന ഒരു യൂട്യൂബ് പോസ്റ്റ് ശ്രദ്ധിക്കുവാനിടയായി.  അതീവദു:ഖകരമായ അവസ്ഥ: He and his family are under the dreaded grip of UNAWARENESS! ശരിയായ വസ്തുതകൾ ശേഖരിക്കുന്നതിൽ വന്ന പിഴവ്!  (നേതാവിന്റെ കാര്യമിങ്ങിനെയെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി?) 

നാരായണൻ മംഗലം

കുറച്ച് വസ്തുതകൾ, കുറച്ചനുഭവങ്ങൾ,  പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കുറച്ച് കാര്യങ്ങൾ

പല കാൻസറുകളുടേയും survival നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്.  എണ്ണത്തിൽ കൂടുതലുള്ള തരം കാൻസറുകളാണ്,  ഇവയിൽ പലതും എന്നത് മഹാഭാഗ്യം.  (എന്റെ മുന്നിൽ ജീവിക്കുന്ന ഉദാഹരണമുണ്ട്.  ചെറുപ്രായത്തിലസുഖം വന്നു, ശരിയായി ചികിത്സ  സ്വീകരിച്ചു,  പരിപൂർണ്ണമായും മാറി, പതിനഞ്ചോളം കൊല്ലമായി കർമ്മനിരതമായി ജീവിക്കുന്ന വ്യക്തിയെ എനിക്ക് നേരിട്ടറിയാം.  അയാൾക്ക് വീണ്ടും ഈ അസുഖം വരാനുള്ള സാദ്ധ്യത മറ്റാർക്കുള്ളത്ര മാത്രമാണ് ഇന്ന്,  എന്നാണറിയാൻ കഴിഞ്ഞത്). 

 രോഗനിർണ്ണയത്തിലും രോഗചികിത്സയിലും നേടിയ പുരോഗതി,  അത്യാധുനിക പുത്തൻ ടെക്നോളജികളുടെ കുതിച്ചുചാട്ടം,  പാർശ്വഫലങ്ങൾ തീരെക്കുറഞ്ഞ പുതിയ മരുന്നുകൾ എന്നിവ നമ്മിൽ പലരും കരുതുന്നതിലും വളരെ മുന്നിലാണ്.  Far far advanced!! എഴുപത്തിയഞ്ചാം വയസ്സിൽ പത്ത് റേഡിയേഷനും പതിനഞ്ച് കീമോയും ലഭിച്ചയാളാണ് ഞാൻ.  ഈ കീമോ ദിനങ്ങൾക്കിടയിലും ഞാൻ വളരെ active ആയിരുന്നു.  സ്കൂട്ടറിൽ സഞ്ചരിക്കും,  ദിവസവും കോണി ചവിട്ടിക്കയറി രണ്ടാം നിലയിലെ ഓഫീസിൽ എത്തുമായിരുന്നു.  അതുവരെപ്പറഞ്ഞുകേട്ട പാർശ്വഫലങ്ങൾ ഒന്നുംതന്നെ സംഭവിച്ചില്ല.  ഇന്നും  കർമ്മനിരതനായി, ജീവിതത്തിന്റ മനോഹാരിതകൾ ആസ്വദിച്ച്,  രോഗവുമായി മല്ലടിക്കാതെ സമരസപ്പെട്ട്, Living with Cancer വിഭാഗത്തിൽ വളരെ സുഖമായി കഴിയുന്നു.

രോഗം വന്ന്  മരിക്കുന്നവരേക്കാൾ കൂടുതൽ,  രോഗമുക്തി  കൈവന്നവരും രോഗവുമായി പൊരുത്തപ്പെട്ട്  ജീവിക്കുന്നവരുമാണ്   ഇന്നുള്ളതെന്ന് എവിടേയോ വയിച്ചതോർക്കുന്നു.  ഏതായാലും,  “ഞാൻ പ്രമേഹക്കാരനാണ്/ബീപ്പിക്കാരനാണ്”  എന്നൊക്കെപ്പോലെ “ഞാൻ കാൻസർക്കാരനാണ്” എന്ന്പറഞ്ഞ് ദീർഘനാൾ ജീവിക്കാവുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം അതിദ്രുതം കുതിച്ചുകൊണ്ടിരിക്കുന്നത്.

“നേരത്തെ അറിയൽ”: കാൻസർചികിത്സയുടെ ഫലപ്രാപ്തിയിൽ നിർണ്ണിയക പങ്ക് വഹിക്കുന്നു. Occurrence rate-ൽ (രോഗസാധ്യതാ നിരക്ക്) മൂന്നാം സ്ഥാനത്തുള്ള സർവിക്കൽ കാൻസർ തടയുവാനുള്ള വാക്സിൻ, HPV, ഇന്ത്യയിലും ലഭ്യമാണ്.  മാമോഗ്രാം, പാപ്സ്മിയർ (breast, cervical),  PSA (prostate- അമ്പതമ്പത്തഞ്ച് വയസ്സു കഴിഞ്ഞ പുരുഷർ കൊല്ലത്തിലൊരിക്കൽ നിർബ്ബന്ധമായും) തുടങ്ങിയ മുൻനിർണ്ണയപരിശോധനകൾ യഥാസമയം നടത്തുക!  നിങ്ങളുടെ ആരോഗ്യത്തിൽ ശരിയായ താല്പര്യമുള്ള നിങ്ങളുടെ നല്ല ഡോക്ടർ നിങ്ങളെ സഹായിക്കും.

എപ്പോഴും ഒരു Healthy Lifestyle പിൻതുടരുക! 

 ശരിയായമനസ്സ്:  ഭയത്തെ ഭയക്കുക!  രോഗത്തെയല്ല,  രോഗചികിത്സയെയല്ല! എന്തും നല്ലതിനെന്ന positive mental attitude പരിശീലിച്ച് എടുക്കുക;

ശരിയായ ഭക്ഷണം: ശരിയായ പോഷണം; ഭക്ഷണത്തിൽ, ശരീരത്തിന്റെ  അടിസ്ഥാന പ്രവർത്തനങ്ങൾക്ക്  (നിർമ്മാണം/തേമാനമടവ്,  ഊർജ്ജോൽപ്പാദനം,  രോഗപ്രതിരോധം) ആവശ്യമായ ഘടകങ്ങൾ, അഥവാ പോഷകങ്ങൾ അടങ്ങിയ ഒരു ബാലൻസ്ഡ് ഡയറ്റ് (പോഷക സമൃദ്ധമല്ല, പോഷക സന്തുലിതം) പിന്തുടരുക!  

ശരിയായ വ്യായാമമുറ തിരഞ്ഞെടുത്ത് പാലിക്കുക (a well structured exercise regime): നടക്കൽ വ്യായാമം അല്ല. അത് ഞങ്ങൾ വൃദ്ധർക്ക് പിഴച്ചുപോകാനുള്ള ലളിതമാർഗ്ഗമാണ്. വ്യായാമം ചെയ്തു എന്ന പ്രതീതി/ആത്മനിർവൃതി ഉളവാക്കാൻ മാത്രം സഹായിക്കുന്നതാണ്.  

ശരിയായി ഉറങ്ങുക, എല്ലാം മറന്ന സുഖസുഷുപ്തി!! ഒരുദിനത്തിന്റെ പരിക്കുകളും  തേമാനക്കിഴിവുകളും “അ-ദ്ദേഹം” ഉറക്കം, കളഞ്ഞ് തീർത്തുതരും.

ആരോഗ്യപരമായ ഇത്തരമൊരു ജീവിതശൈലി പരിശീലിച്ചെടുക്കുന്നത് രോഗസാദ്ധ്യത കുറക്കാനും,  അഥവാ, വന്നുവെങ്കിൽ,  രോഗചികിത്സയെ നേരിടാനുള്ള കരുത്തിനും വളരെ വളരെ പ്രധാനമാണ്.  ഇതത്ര വിഷമമുള്ള കാര്യമൊന്നുമല്ല. ചെയ്യണം എന്ന തീരുമാനമാണ് കാര്യം. 

രോഗനിർണ്ണയത്തിന്  ശേഷം: ” ഭയക്കാതിരിക്കുക!  താനൊരു രോഗിയാണെന്ന് അംഗീകരിക്കുക! എനിക്ക് ജലദോഷമാണ്. ചുക്ക് കാപ്പിയും പാരാസെറ്റമോളുമായിക്കഴിയുക,  ആവശ്യമെങ്കിൽ ഡോക്ടറെ കാണുക, എന്നപോലെ, ഞാനൊരു കാൻസർ രോഗിയാണ്…. Just ACCEPT it!

ശരിയായ ചികിത്സ തേടുക.  

നിങ്ങളുടെ ഡോക്ടർക്ക് മാത്രമെ ചികിത്സയിൽ നിങ്ങൾക്ക് വേണ്ട ശരിയായ മാർഗ്ഗനിർദ്ദേശം തന്ന് സഹായിക്കാനാകൂ!  അബദ്ധപ്പഞ്ചാംഗങ്ങളുടെ കൂത്തരങ്ങായ ചില യൂട്യുബ് വിജ്ഞാനികളേയും എന്തിലും കയറി ഉപദേശം നൽകുന്ന അല്പജ്ഞാനികളേയും ഒഴിവാക്കുക,  please,  please please!!  എന്റെ അറിവിൽ കേരളത്തിൽ RCC/തിരുവനന്തപുരം,  Lake Shore,  Amrita/ കൊച്ചി,  കോഴിക്കോട് എന്നിവ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരുന്നു. ഇതിൽ അമൃതയുടെ ആതിഥ്യ – ചികിത്സാ സൗകര്യങ്ങൾ ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. കേരളത്തിലും മറ്റിടങ്ങളിലും ലഭ്യമായ വിദഗ്ധചികിത്സാ സൗകര്യങ്ങൾ മനസ്സിലാക്കി വരുന്നു. 

വെല്ലുവിളികൾ!  ചികിത്സാസൗകര്യങ്ങളുടെ എണ്ണക്കുറവ്.  രോഗനിർണ്ണയത്തിലും ചികിത്സയിലും ടെക്നോളജിയുടെ പങ്ക് വളരെ വലിയതാണ്.  അവയുടെ എണ്ണത്തിലുള്ള കുറവ് പലപ്പോഴും താമസം വരുത്തുന്നു. രോഗിയിൽനിന്ന് ചികിത്സയിലേക്കുള്ള സമയദൂരം പലപ്പോഴും വളരെ കൂടുതലാകും. ഈ ദൂരം കുറയ്ക്കണം. അതായത്, ടെക്‌നോളജി ഉപയോഗിച്ചുള്ള പരിശോധനകൾക്കും, ചികിത്സകൾക്കും ചിലപ്പോൾ date കിട്ടുന്നത് ദിവസങ്ങൾ വൈകാറുണ്ട്. പക്ഷെ, ക്യാൻസർ ചികിത്സയിൽ കാലതാമസം ഒഴിവാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. വിദഗ്ദ്ധ ഡോക്ർമാരുടേയും,  സഹായ ടെക്നിക്കൽ വിദഗ്ധൻമാരുടേയും എണ്ണത്തിൽ കുറവുണ്ടോ എന്നറിയില്ല.

ചികിത്സയിൽ എനിക്കനുഭവപ്പെട്ട പോരായ്മകൾ: തുടർ മെഡിക്കേഷനിൽ സംഭവിച്ചേക്കാവുന്ന പാർശ്വ ഫലങ്ങളെക്കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് കൊടുക്കുക അത്യാവശ്യമാണ്. ഉദാ: സ്ഥിരമായി സ്റ്റീറോയ്ഡ് കഴിച്ചാൽ ബ്ളഡ് ഷുഗർ,  ബ്ളഡ് കോളസ്റ്റെറോൾ, ബ്ളഡ് പ്രഷർ തുടങ്ങിയ കൂടും, എല്ലിന്റെ സാന്ദ്രത കുറയും.

ചികിത്സയുടെ അത്ര തന്നെ ശ്രദ്ധയോടെ ഒരു mental  support കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Social Impact: ഒരു കാഴ്ച വിവരിക്കുകയാണ്! കീമോതെറാപ്പിക്കട്ടിലിൽ നീണ്ട് നിവർന്ന്കിടക്കുന്ന ഒരു യുവാവ്.  ഒരു കയ്യിൽ ഇൻഫ്യൂഷൻ കാൻഡിൽ,  മടിയിലുള്ള ലാപ്ടോപ്പിലൂടെ സശ്രദ്ധം വിരലോടിക്കുന്ന മറുകയ്യ്!  മകന്റെ ശ്രദ്ധക്ക് വേണ്ടി ഇളനീരുമായി അരികെ നിൽക്കുന്ന ബൈ സ്റ്റാന്റർ എന്ന അമ്മ!  വർക് ഫ്രം കീമോ ബെഡ്??!! തന്നെയായിരിക്കണം. ശിഷ്ടജീവിതത്തിൽ തന്നെ പരിചരിക്കേണ്ട മകനെ പരിചരിക്കുന്ന അമ്മ!!!  

കാൻസർ രോഗം മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങൾ (ചികിത്സാ ചിലവ്, തൊഴിൽനഷ്ടം…), മറ്റു സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ നേരിടാൻ സഹായിക്കുന്ന ഒരു സംഘടന നമ്മുടെ നാട്ടിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അതുപോലെ ചുരുങ്ങിയ വിലക്ക് മരുന്ന് കൊടുക്കുന്ന ഒരു സംവിധാനവും നിലവിലുണ്ട്.  

ആരോഗ്യത്തിന്റെ വ്യവസായവൽക്കരണം വരുത്തുന്ന മോശം പ്രവണതകൾ ഈ കുറിപ്പിന്റെ ഭാഗമാക്കുന്നില്ല.!! 

 

വാൽക്കഷണം ഒന്ന്:

 “സഹനസമരത്തിന്റെ” യഥാർത്ഥ മുഖം ആസ്പത്രികളിലാണ് കാണാനാകുക എന്ന് തോന്നി. വേറിട്ട  അർത്ഥതലങ്ങളും.


Subscribe to our channels on YouTube & WhatsApp

 

 

About Author

എൻമംഗലം

കഴിഞ്ഞ ഒന്നര വർഷമായി കാൻസർ രോഗത്തോട് സധൈര്യം പൊരുതി നിൽക്കുന്ന വ്യക്തിയാണ് എൻമംഗലം എന്ന നാരായണൻ മംഗലം. nmangalamblog.blogspot.com എന്ന ബ്ലോഗിൽ ചെറിയ കുറിപ്പുകളും കവിതകളും എഴുതാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ പ്രസാദാത്മകത കൊണ്ട് നേരിടുന്ന ഒരു സാധാരണ ജീവിതവും, ഒരു പിടി തനത് ചിന്തകളുമാണ് കൈമുതൽ. 2013 ജനുവരിയിൽ, 66 ആം വയസ്സിൽ, മുംബൈ ഫുൾ മാരത്തോൺ, 2013 ഡിസംബറിൽ കൊച്ചി ഹാഫ് മാരത്തോൺ, 2014 ഡിസംബറിൽ ചെന്നൈ ഫുൾ മാരത്തോൺ, 2015 ഡിസംബറിൽ ചെന്നൈ ഫുൾ മാരത്തോൺ, 2016 ഡിസംബറിൽ ചെന്നൈ ഫുൾ മാരത്തോൺ, 2020 ജനുവരിയിൽ ചെന്നൈ 30 കിലോമീറ്റർ മാരത്തോൺ എന്നിവ ഓടിയിട്ടുണ്ട്. 2020 ലെ മാരത്തോണിൽ പങ്കെടുത്തത് 73 ആം വയസ്സിലാണ്.