A Unique Multilingual Media Platform

The AIDEM

Art & Music Articles

ചൻസ്: വരേണ്യ ഭാവുകത്വത്തെ വെല്ലുവിളിച്ച സമരലാവണ്യത്തിന്റെ ചിത്രകാരൻ

  • April 18, 2023
  • 1 min read
ചൻസ്: വരേണ്യ ഭാവുകത്വത്തെ വെല്ലുവിളിച്ച സമരലാവണ്യത്തിന്റെ ചിത്രകാരൻ

കേരളത്തിലെ രേഖാചിത്രകാരൻമാരിൽ പ്രമുഖനായ ചൻസ് എന്ന എൻ പി ചന്ദ്രശേഖരൻ വരയുടെ അമ്പതാം വർഷത്തിലാണ്. അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളുടേയും പെയിന്റിങ്ങുകളുടേയും അർത്ഥതലങ്ങളിലൂടെ കവിയും എഴുത്തുകാരനുമായ ആസാദ് നടത്തുന്ന സഞ്ചാരമാണിത്.


കേരളീയ രേഖാചിത്രകലയിൽ ദേവനും എ എസ്സിനും നമ്പൂതിരിക്കുമൊപ്പം ഉന്നത ശീർഷനായ ചിത്രകാരനാണ് ചൻസ് എന്ന എൻ പി ചന്ദ്രശേഖരൻ. അബ്സ്ട്രാക്റ്റ് പെയിന്റിംഗ്സിലും ആ പ്രഭാവം ലഘുവല്ല. വേറിട്ട വഴിയിലാണ് എപ്പോഴും പ്രയാണം. പാരമ്പര്യത്തിന്റെ പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റിയാണ് ചൻസിലെ കലാ വിക്ഷോഭം ഉണർന്നെണീറ്റത്. ആ നിഷേധലാവണ്യത്തിന്റെ പ്രഭാവലയം ചൻസിന്റെ ഏതു രചനയിലും കാണാം.

അധീശത്വമുള്ള കലാഭാവുകത്വത്തെ അതേപടി പിന്തുടരാനുള്ള വൈമുഖ്യം കാരണം ചൻസ് മുഖ്യധാരയിൽനിന്ന് മാറ്റി നിർത്തപ്പെട്ടവനായി. വ്യവസ്ഥാ വ്യവഹാരങ്ങളുടെ പൊതു ബോധത്തിലും അംഗീകാരത്തിലും അദ്ദേഹത്തിന് ഇടം കിട്ടിയില്ല. പുതിയ ഭാവുകത്വവും സംവേദനവും ശീലിക്കപ്പെടുംവരെ മാത്രമേ അത്തരം ഒറ്റപ്പെടലുകളുണ്ടാവൂ. സമരകലയുടെ ലാവണ്യചിന്തയിൽ പക്ഷേ, ആ പ്രഭാവം ജ്വലിച്ചു നിൽക്കും. വരേണ്യ ഭാവുകത്വത്തെ വെല്ലുവിളിച്ച സമരലാവണ്യത്തിന്റെ ചിത്രകാരൻ എന്നത് ഒരു പ്രസ്ഥാന നായക പദവിയാണ്. ആ തൊപ്പിയണിഞ്ഞാണ് ചൻസ് കലാചരിത്രത്തിലേക്ക് സ്വന്തം സർഗശക്തികൊണ്ടു കടന്നു കയറിയത്.

കറുത്ത മഷിക്കൂട്ടിൽ വാർന്നുവീഴുകയായിരുന്നില്ല വരകൾ. കലാഗതിയിൽ കണ്ടിട്ടില്ലാത്ത ആവിഷ്കാര ശീലങ്ങളിലേക്ക് രേഖാചിത്രണം തിരിയുകയായിരുന്നു. അഥവാ അദ്ദേഹം അങ്ങനെ തിരിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി. പരമ്പരാഗത വഴികൾ തുറന്നുവിടുന്ന സ്വാഭാവിക ഒഴുക്കുകൾ ചൻസിൽ തടയപ്പെട്ടു. ആദ്യകാല വരകളിൽ തോന്നാവുന്ന, എ എസ്സിന്റെ നിഴലുകൾ വീണു കിടക്കുന്നുവോ എന്ന ആശങ്ക, വീണ്ടും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമ്പോൾ മാറിമറിയുന്നു. പുതുതും അനന്യവുമായ രേഖാദൃശ്യം തെളിയുന്നു. ഒരു തണലും ചൻസിന് സ്വാസ്ഥ്യം നൽകില്ല. തടം മുറിക്കുന്ന ഭാവുകത്വത്വരയാണ് അയാളിൽ തിളച്ചുകൊണ്ടിരുന്നത്.

ചൻസിൻറെ ഒരു പെയിൻറിങ്

മനുഷ്യരെ വരക്കുമ്പോൾ ആഘോഷിക്കപ്പെട്ട ചരിത്ര സംഭവങ്ങളുടെയും പുരാവൃത്തങ്ങളുടെയും മഹത്വവൽക്കൃത രൂപപ്രഭാവം വാർന്നു വീഴുന്നതിൽ പാരമ്പര്യ രചനയുടെ സ്വാഭാവികതയുണ്ട്. അതായിരുന്നു നമുക്കു പരിചിതം. സവർണാധികാര പിൻബലത്തിലുള്ള നിവർന്നു നിൽപ്പും ഉദ്ധൃതോത്സാഹവും വളയാത്ത വരകളിലും, ചോദ്യരഹിതമായ അനുസരണയുടെയും ദയനീയമായ കീഴ്പ്പെടലിന്റെയും കുനിവുകൾ വർത്തുളവരകളിലും ശീലമായി. ഈ ശീലവ്യവഹാരത്തെ കീഴ്മേൽ മറിക്കുകയായിരുന്നു ചൻസ് എന്ന ചിത്രകാരൻ ചെയ്തത്.

രേഖാചിത്രങ്ങളിലെ കറുത്തു നേർത്ത വരകൾ പതുക്കെപ്പതുക്കെ കട്ടികൂടിക്കൂടി വരുന്നതും മറ്റേത് വസ്തുവിനെക്കാളും തലപ്പൊക്കത്തിൽ ഉയിർത്തെണീപ്പിന്റെ മനുഷ്യരൂപമായി മാറുന്നതും കണ്ടു. അതു വരയുടെ മാന്ത്രികതയല്ല. മനുഷ്യനിൽ അടിയുറച്ച വിശ്വാസവും മനുഷ്യാവസ്ഥകളെ മാറ്റാൻ പോന്ന ദർശനത്തിന്റെ പിൻബലവും തുറന്നുവിട്ട ഊർജ്ജത്തിന്റെ അദ്ധ്വാനഫലമാണ്. കലയിലേക്കു പ്രവേശനം കിട്ടിയിട്ടില്ലാത്ത ആദിവാസികൾക്കും ദളിതർക്കും തൊഴിലാളികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും കലഹിക്കുന്നവർക്കും അവരുടെ പീഡിത ഭാവത്തിൽ രേഖാകലയുടെ അന്തസ്സിൽ കലയിലേക്കു പ്രവേശനം നൽകിയത് ചൻസാണ്. അതു നിസ്സാര കാര്യമല്ല. ആ സന്നിവേശത്തിന്റെ ഭാവതലമാണ് അബ്സ്ട്രാക്റ്റ് ചിത്രകലയിലും ചൻസ് ഒളിച്ചുവെച്ചത്.

ചിത്രകാരൻ ചൻസ്

നേർവരകളിൽ വളവനുപാതങ്ങളും വളവുകളിൽ നേരഭിമാനവും അലിയിച്ചു ചേർത്ത ഉടലെഴുത്തുകൾ ധാരാളമുണ്ട്. പെണ്ണുടലുകളിൽ വിധേയവിധികൾ ലംഘിക്കപ്പെട്ടു. ജലത്തിലോ ആകാശത്തിലോ എന്നപോലെ ഉടലുകളുടെ സ്വച്ഛന്ദമായ ഒഴുക്കും നൃത്തവും ഫ്രെയ്മുകളിൽ നിറഞ്ഞു. ഉടലിടുക്കുകളിലും മറവുകളിലും ഇരുട്ടു കനത്തു. അതിനകത്തേയ്ക്ക് ഇരുൾനിറങ്ങളുടെ അഗാധവെട്ടത്തിൽ പെണ്ണനുഭവങ്ങളെ മേയാൻവിട്ടു. ആ പെൺമറവിലേ ആണുടലുകൾ ചൻസിന്റെ ചിത്രങ്ങളിൽ നിവർന്നിട്ടുള്ളു.

രതിയല്ല ഉടലുകളുടെ ലയമെന്ന് നമ്മെ വിഭ്രമിപ്പിക്കുംവിധം അനേകാന്വയങ്ങൾ തെളിഞ്ഞുവരുന്ന ഒട്ടനവധി പെയിന്റിംഗുകളുണ്ട്. ജ്യാമിതീയ കളങ്ങളുടെ ഭിന്നാനുപാതങ്ങളിൽ ലഘുവായ കുനിപ്പുകളും വട്ടങ്ങളും രൂപപ്പെടുത്തുന്ന ഉടലനക്കങ്ങളുണ്ട്. ചതുരങ്ങളുടെ തടവിലാണവ. വലിയ ഫ്രെയ്മിനകത്ത് അനേക ഫ്രെയ്മുകൾ. അധികാരവും വിധേയത്വവും പൊരുതുന്ന ഇരുണ്ട ഷെയ്ഡുകളുടെ ചതുരക്കളങ്ങൾ. ഒറ്റനോട്ടത്തിൽ ആ ചതുരങ്ങളേ കാണൂ. സൂക്ഷിച്ചു നോക്കണം, അവയുടെ ഷെയ്ഡുകളിൽ ഉണരുന്ന അനേകം ഉടലുകൾ കാണാൻ.

ഇങ്ങനെ മനുഷ്യരൂപങ്ങളെയും ഭാവങ്ങളെയും മാത്രം രചനയുടെ പ്രമേയമാക്കിയ ചിത്രകാരന്മാർ വേറെ ഉണ്ടാവില്ല. പ്രകൃതിയുടെ നിഴൽപോലുമില്ല. ഇലകളോ പൂക്കളോ ഇല്ല. പുഴകളോ കുന്നുകളോ ഇല്ല. കടലും പർവ്വതവുമില്ല. ലാന്റ്സ്കെയ്പുകളുടെ സാന്ത്വനങ്ങളില്ല. ആകാശങ്ങളുടെ നക്ഷത്രക്കാഴ്ച്ചകളില്ല. ഇതെല്ലാം ഉടലുകളുടെ വ്യവഹാര ചക്രങ്ങളിൽ അടങ്ങിയിരിക്കുന്നു. നിറചേരുവകളുടെ വിശേഷാന്വയം ആ ഭാവപ്രപഞ്ചത്തെ ഉയിർപ്പിക്കുന്നു. പെൻസിലിലോ ചാർക്കോളിലോ രൂപമെടുത്ത ചിത്രം അതിൽപൂർണമാണെങ്കിലും ഒരു മിശ്രമാധ്യമ പിറവികൂടി കൈവരിക്കുന്നു. ഒരേ ചിത്രത്തിൽതന്നെ ഇങ്ങനെ തുടർച്ചയായ പുതുക്കലുകൾ വരുത്തുന്ന ചിത്രകാരന്മാർ കുറവാണ്. മിക്സഡ് മീഡിയാ സാങ്കേതികത്വം നിരന്തര നവീകരണത്തിന്റെ സാദ്ധ്യത തുറന്നുവെക്കുമ്പോൾ നിത്യാന്വേഷിയും അതൃപ്തനുമായ കലാകാരന് വിശ്രമിക്കാനാവില്ല.

അക്രിലിക്ക് പെയിൻറിങ്

കഥയിലും കവിതയിലുമൊക്കെ ജീവൽ സമരങ്ങളുടെ കനലുകൾ ആളിത്തുടങ്ങിയ കാലത്ത് അതു രേഖാചിത്രങ്ങളുടെ ആത്മാവിൽ പകർന്നു വെക്കാൻ ചൻസിനു കഴിഞ്ഞു. വരയുടെ ലിപികളിൽ അത് ജ്വലിച്ചു. കഥപോലെ, കവിതപോലെ രേഖാചിത്രങ്ങൾ സ്വതന്ത്രാസ്തിത്വത്തോടെ സംവേദനം ചെയ്യപ്പെടുന്നത് ആദ്യമല്ല. ദേവനും എ എസ്സും നമ്പൂതിരിയുമൊക്കെ ആത്മാവു കൊത്തുന്ന നിപുണരാണ്. എന്നാൽ അവർ കണ്ടെടുത്തിട്ടില്ലാത്ത പ്രാന്തവൽകൃത സമൂഹത്തിന്റെ അകക്ഷോഭങ്ങളാണ് ചൻസ് വരച്ചു പുറത്തിട്ടത്. നിഴലുകൊണ്ടും വെളിച്ചംകൊണ്ടും ദൂരദൃശ്യവിസ്താരം കൊണ്ടും സൂക്ഷ്മവിശാലതകളുടെ ഘനഭാവങ്ങൾകൊണ്ടും സവിശേഷമായ രേഖാഖ്യാന ചാരുതയാണ് ചൻസ് ആവിഷ്കരിച്ചത്. ആ വ്യതിരിക്തവഴിയിൽ, ചൻസിനു പിറകേ ആരും സഞ്ചരിച്ചുകണ്ടില്ല.

ഭാവുകത്വമാറ്റത്തിന്റെ വരഛേദം ചൻസിലാണ് തുടങ്ങിയത്. അത് ദേശാഭിമാനിയിലാണ് തെളിഞ്ഞത്. ആദ്യകാല ജനയുഗം വാരികയിൽ സാഹിത്യഭാവുകത്വ രംഗത്തു പരീക്ഷണങ്ങൾ ധാരാളം നടന്നിട്ടുണ്ട്. അധീശ ഭാവുകത്വത്തിൽനിന്ന് കുതറാനുള്ള ശ്രമങ്ങളായിരുന്നു അവ. അവയുടെ പ്രകാശനമുണ്ടായിരുന്നു ഗോപാലിന്റെ വരകളിൽ. എന്നാൽ അതൊരു വേറിട്ട രേഖാചിത്ര ഭാവുകത്വമായി വികസിക്കുന്നത് ചൻസിലൂടെയാണ്. എഴുപതുകളുടെ തുടക്കത്തിൽ ചൻസ് ദേശാഭിമാനിയിൽ വരച്ചു തുടങ്ങി. സാധാരണ മനുഷ്യരെ, മനുഷ്യഭാവങ്ങളെ പരിചയപ്പെടുത്താൻ പതിവു വരയുടെ നേർമ്മാപരിലാളനം മതിയാവില്ലായിരുന്നു. വരച്ചതിനു മേൽ വരച്ചു കറുപ്പിക്കണമായിരുന്നു. കടുപ്പിക്കണമായിരുന്നു. കറുപ്പിന്റെ ഷെയ്ഡുകളിൽ ഉൾക്കനം ധ്വനിപ്പിക്കണമായിരുന്നു. കുനിയുമ്പോഴും കിടക്കുമ്പോഴും എണീക്കുമ്പോഴും ഉടൽക്ഷോഭം തെളിയണമായിരുന്നു. ഒറ്റനോട്ടത്തിൽ വേറെയൊരു ലോകം തിരസ്കാരത്തിന്റെ പരിക്കുകൾ വകഞ്ഞുമാറ്റി ഉണർന്നുവരുന്നത് കാണിക്കണമായിരുന്നു. നിൽപ്പു/നോക്കു തറ മാറുമ്പോൾ ലോകം എങ്ങനെ മാറുന്നുവെന്ന്, മറഞ്ഞവ എങ്ങനെ തെളിയുന്നുവെന്ന് കലാസ്വാദനത്തിന് പാഠങ്ങളുണ്ടായി.

ചൻസിൻറെ ഒരു ജലച്ചായചിത്രം

വരയിൽനിന്ന് വർണചിത്രങ്ങളിലേക്കും അതിന്റെ മിശ്രമാധ്യമ ആവിഷ്കാരങ്ങളിലേക്കും കടന്നെത്തിയ ചൻസ്, തികഞ്ഞ സാമൂഹികാവബോധത്തോടെ ബഹുമാദ്ധ്യമ സാദ്ധ്യതകളെ കലയിൽ ചേർത്തുവെക്കുന്നു. പെൻസിലിലും ചാർക്കോളിലും വരച്ച ചിത്രങ്ങൾ ആ മാധ്യമത്തിലും ഡിജിറ്റൽ സാങ്കേതികതയിലും രണ്ടു ജന്മങ്ങൾ പൂർത്തിയാക്കുന്നു. വാരികകൾക്കു വേണ്ടി മുമ്പു വരച്ച രേഖാചിത്രങ്ങൾ പുതിയകാലത്ത് കുറെകൂടി തെളിച്ചമാർന്ന് മറ്റൊരു മാദ്ധ്യമപ്പിറവി ആഘോഷിക്കുകയാണ്. കറുപ്പും വെളുപ്പും അവയുടെ അനേകാനുപാത ചേരുവകളുമായി വലിയ കാൻവാസിൽ രൂപമാർന്ന രേഖാചിത്രം വാരികയുടെ രണ്ടോ മൂന്നോ കോളത്തിലേക്കു കുറുകിക്കൂടിയതായിരുന്നു. അതുതന്നെ വലിയ കാൻവാസിൽ സ്വതന്ത്രമായ അസ്തിത്വത്തോടെ മറ്റൊരുഭാവചിത്രം തീർക്കുന്നു. ഡിജിറ്റൽ സൂക്ഷ്മതക്ക് തീവ്രമാക്കാനാവുംവിധം നേർമ്മയുടെ അടരുകൾ നേരത്തേതന്നെ വരച്ചിരുന്നു ചൻസ് എന്നത് കൗതുകമുണർത്തും.

കറുപ്പിന്റെയും ചുവപ്പിന്റെയും വകഭേദങ്ങളോടു വല്ലാത്ത ഒരാസക്തിയുണ്ട് ചൻസിന്. നാടോടി സംസ്കൃതിയുടെ ക്ഷോഭപ്രകൃതി പലമട്ട് ആവേശിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ രചനകളിൽ. പതുങ്ങിയും പ്രക്ഷുബ്ധമായും അതു നിറപ്പകർച്ച വരിക്കുന്നു. അനായാസമെന്നു തോന്നിപ്പിക്കും വിധം ലളിതമായി വരഞ്ഞ രൂപങ്ങൾപോലും അതിന്റെ ശയ്യയിലും ഉടൽക്കോണളവിലും പ്രകടമാവുന്ന അപൂർവ്വതകൊണ്ട് കാഴ്ച്ചക്കനമുള്ളതാകുന്നു. ലളിതമോ സങ്കീർണമോ ആയ ഏതു കാഴ്ച്ചാനുഭവവും ആഴത്തിൽ ഗൗരവമുള്ള രാഷ്ട്രീയവിചാരവുമാകും.

ചൻസിൻറെ പെയിൻറിങ് കാനഡയിലെ ആർട്ട് ഗ്യാലറിയിലെ പ്രദർശനത്തിൽ നിന്ന്

തൊഴിലാളികുടുംബത്തിൽ ജനിച്ചു വളരുകയും കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രവർത്തകനായി പൊതുരംഗത്തു വരികയും ചെയ്ത ചന്ദ്രശേഖരനിൽ ആ പ്രതിബദ്ധതയേൽപ്പിച്ച കടമകളുണ്ട്. ശീലഭൂതങ്ങളെ കുടഞ്ഞെറിയാനും പുതിയ വഴി തേടാനും അതയാളെ പ്രേരിപ്പിച്ചു കാണും. അറുപതുകളുടെ ലോകരാഷ്ട്രീയവും എഴുപതുകളുടെ ഇന്ത്യൻ രാഷ്ട്രീയവും കമ്യൂണിസ്റ്റു പ്രവർത്തകർക്ക് ആവേശം നൽകി. ആ ഉണർവ്വിന്റെ സാംസ്കാരികവും സർഗാത്മകവുമായ ആവിഷ്കാരദിശ നിർണയിക്കാൻ നടന്ന ശ്രമങ്ങളിൽ ഒന്നാണ് ചൻസിന്റെ ചിത്രകലാ പ്രവർത്തനം. അടിത്തട്ടനുഭവങ്ങളുടെ അകമ്പുറങ്ങൾ കരിയും പെൻസിലും വെച്ചു വരച്ചുകൊണ്ടാണ് ചൻസ് കടന്നുവന്നത്. വരേണ്യകലയുടെ സാങ്കേതികവും ലാവണ്യപരവുമായ ഉൾപ്പിരിവുകളെ അസൂയാവഹമാംവിധം സ്വാംശീകരിച്ചും ഉടൽബോധത്തെ അതിന്റെ സൂക്ഷ്മാനുപാതത്തിൽ ഉൾക്കൊണ്ടും രാഷ്ട്രീയനിലപാടിന്റെ അകയിഴകളോടെ ചിത്രകലയിൽ ഒരു ചൻസ്പാത വെട്ടാൻ അദ്ദേഹത്തിനു സാധിച്ചു.

ദേശാഭിമാനിയിലേ രേഖാചിത്രങ്ങൾ വരയ്ക്കൂ എന്ന ആദ്യകാല നിർബന്ധം തീർച്ചയായും രാഷ്ട്രീയ നിലപാടാണ്. രചനകളുടെ ഊർജ്ജം വ്യവസ്ഥാ വ്യവഹാരങ്ങളോടുള്ള കലഹമാണെന്ന് തിരിച്ചറിഞ്ഞ ഒരാൾക്ക് വരയ്ക്കാൻ മറ്റൊരു പ്രതലവുമില്ല. മാതൃഭൂമിപോലെയുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ക്ഷണം അദ്ദേഹം നിരസിച്ചു. ദേശാഭിമാനിയിൽ സ്ഥിരജോലിയായിരുന്നില്ല. വരച്ചു കിട്ടുന്ന തുച്ഛമായ പ്രതിഫലംകൊണ്ട് ജീവിക്കുക അസാദ്ധ്യമായതിനാൽ ചിത്രകലാ അദ്ധ്യാപകനായും മറ്റും ജോലിചെയ്തു. അപ്പോഴും വരയുടെ ലോകത്തായിരുന്നു ജീവിതം. വരച്ച രേഖാചിത്രങ്ങളും പെയിന്റിംഗുകളും പ്രദർശനത്തിനു വെക്കാനും വിൽപ്പന നടത്താനും ഒരു ഗാലറിയുണ്ടാക്കാൻ ചൻസിനു കഴിഞ്ഞില്ല. കൊളത്തറയിലെ ചെറിയ വീടിന്റെ മുകൾത്തട്ടിൽ നൂറു കണക്കിനു ചിത്രങ്ങൾ അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ലോകത്തെങ്ങുമുള്ള ചിത്രകലയോടു മത്സരിക്കാവുന്ന മലയാളിയുടെ ചിത്രഭാവുകത്വമാണ് വേണ്ട ശ്രദ്ധലഭിക്കാതെ അവിടെ മറഞ്ഞുകിടക്കുന്നത്.

അക്രിലിക്ക് പെയിൻറിങ്

തൊണ്ണൂറുകൾക്കുശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിലുണ്ടായ വലതാഭിമുഖ്യം ചൻസിനെ നിരാശനാക്കി. എം എൻ വിജയൻമാഷ് നയിച്ച സാംസ്കാരിക സമരത്തിന്റെ ഒപ്പംനിന്നു. അതോടെ ദേശാഭിമാനിക്കാലം കഴിഞ്ഞു. എങ്കിലും രചനയുടെ രാഷ്ട്രീയമായ ഉൾക്കരുത്ത് ചോർന്നില്ല. കൂടുതൽ സങ്കീർണമായ കാലത്തെ അഭിമുഖീകരിക്കുന്ന പ്രശ്നചിത്രങ്ങൾ പിറന്നുകൊണ്ടിരുന്നു. സമകാലിക മലയാളത്തിലെ ഡിജിറ്റൽ രേഖാചിത്രങ്ങളിൽ അതു കാണാം. ഒപ്പം പ്രദർശനം കാക്കുന്ന അനേക പെയിന്റിംഗുകളിൽ കലുഷകാലം നിറംചേർത്തു കിടക്കുന്നു.

ഏതു പ്രതിസന്ധിയിലും ചിത്രങ്ങൾ വരച്ചു കൊണ്ടേയിരിക്കുക എന്നത് ചൻസിന്റെ സ്വഭാവമാണ്. അത് ധ്യാനവും സമരവുമാണ്. ലോകത്തോടു നടത്തുന്ന സംവാദവും യുദ്ധവുമാണ്. അതിന്റെ മുറിവും രക്തവും മറച്ചുവെക്കുന്നില്ല. പരാജയങ്ങളെ ഭയക്കുന്നുമില്ല. 2014 ൽ കാനഡയിൽ എക്സിബിഷൻ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമൂല്യമായ അറുപത്തിയഞ്ചു ചിത്രങ്ങളാണ് എയർലൈൻസുകാരുടെ അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടത്. ഒപ്പം ചിത്രം വിറ്റുകിട്ടിയ ഏഴായിരത്തി അഞ്ഞൂറു ഡോളറും. മൂന്നാംലോക ചിത്രകാരനെ എത്തിഹാദ് എയർലൈൻസ് അവഗണിച്ചു. ഒമ്പതു വർഷമായി കേസു നടത്തുകയാണ് ചൻസ്. ഭരണകൂടമോ അക്കാദമികളോ ചൻസിനുവേണ്ടി, കേരളീയ ചിത്രകലയ്ക്കുവേണ്ടി സംസാരിക്കാനുണ്ടായില്ല. അതൊന്നും ചൻസിനെ തളർത്തിയില്ല. അദ്ദേഹം വരച്ചു കൊണ്ടിരുന്നു. കനഡയിൽ വീണ്ടും പ്രദർശനം നടത്തി. അവിടെ ചൻസ് ആർട് ഗാലറി സ്ഥാപിക്കുകയും ചെയ്തു.

കാനഡയിലെ ചൻസിൻറെ ആർട്ട് ഗ്യാലറി

പ്രതിരോധഭാവുകത്വത്തിന്റെ ചിത്രകാരന് കേരളം വേണ്ട ആദരവുകൾ നൽകിയിട്ടില്ല. സോമൻ കടലൂരും അനു പാപ്പച്ചനും ചൻസിന്റെ രേഖാചിത്രങ്ങളെപ്പറ്റി ഗവേഷണ പഠനം നടത്തിയിട്ടുണ്ട്. എം എൻ വിജയനും എം എം ബഷീറും പി സുരേന്ദ്രനും എഴുതിയിട്ടുണ്ട്. അവ രേഖാചിത്രങ്ങൾ മുൻനിർത്തിയാണ്. ചൻസിന്റെ പെയിന്റിംഗുകൾ ഗൗരവപൂർവ്വം നിരീക്ഷിക്കപ്പെട്ടില്ല. ഉത്സവങ്ങളിൽ ഭ്രമിക്കാത്ത ചിത്രകലാ നിരൂപകരും വിദ്യാർത്ഥികളും ആ വഴി പോകുമായിരിക്കും.


Subscribe to our channels on YouTube & WhatsApp

 

About Author

ആസാദ്

രാഷട്രീയ - സാംസ്കാരിക പ്രവർത്തകൻ, സാഹിത്യ വിമർശകൻ, എഴുത്തുകാരൻ, മുൻ കോളേജ് അധ്യാപകൻ എന്നീനിലകളിൽ പ്രശസ്തൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

വരയുടെ സുവർണ്ണ ജൂബിലിയിൽ എത്തിനിൽക്കുന്ന ചന്ദ്രശേഖരനെക്കുറിച്ചു ആസാദിന്റെ ലേഖനം മികച്ചതായി, ഉചിതവുമായി. അഭിവാദ്യങ്ങൾ!