“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിൻ്റെ ഗേറ്റിൽ വെച്ച്. മരിച്ചുപോകുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പ്. ജോസേട്ടൻ എന്നാൽ അടിമുടി നാടകക്കാരനായി ജീവിച്ചുമരിച്ച ജോസ് ചിറമ്മൽ. ആ ജീവിതത്തെക്കുറിച്ച് വടക്കുംനാഥൻ എന്നൊരു കവിത മുമ്പ് ഞാനെഴുതിയിട്ടുണ്ട്. ‘നടക്കുംനാഥൻ’ എന്നാകാമായിരുന്നു ആ ശീർഷകം എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്.
നടക്കുന്നത് എന്നാൽ തത്സമയം സംഭവിക്കുന്നത് എന്നാണ് താത്പര്യം. നാടകം ഒരിക്കൽ മാത്രം സംഭവിക്കുന്ന തത്സമയകലയാണ്. അങ്ങനെ നോക്കുമ്പോൾ നാടകം സ്വയം ഒരു സംഭവം തന്നെയാണ്. അത്തരത്തിൽ കലയിലും രാഷ്ട്രീയത്തിലും വലിയൊരു സംഭവമായിത്തീർന്ന ഒരു നാടകത്തെക്കുറിച്ചാണ് പറയുന്നത്.
1996 ലാണ് സംഭവം. പാലക്കാട് ജില്ലാകളക്ടറായിരുന്ന ഡബ്ല്യു. ആർ. റെഡ്ഡിയെ അദ്ദേഹത്തിൻ്റെ ചേമ്പറിൽ ഒരു ചെറിയസംഘം ആളുകൾ ബന്ദിയാക്കുന്നു. അയ്യങ്കാളിപ്പട എന്നു സ്വയം വിശേഷിപ്പിച്ച ഒരുകൂട്ടം ചെറുപ്പക്കാരാണ് ആ സംഘം. ആദിവാസികളുടെ ഭൂപ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി നടപ്പിലാക്കിയ ഒരോപ്പറേഷനായിരുന്നു ഇതെങ്കിലും അതിലൊരു നാടകീയത ഉണ്ടായിരുന്നു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന അത്യന്തം സംഘർഷനിർഭരമായ ഒരു നാടകം. കേരളം മുഴുവൻ മുൾമുനയിൽ നിന്ന് വാർത്തകൾക്കായി ചെവിയോർത്ത നാടകം. ഒടുവിൽ ഒരു പത്രസമ്മേളനം നടത്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങൾ പ്രദർശിപ്പിച്ച് ആ സംഘം ഭരണകൂടത്തെ പരിഹസിച്ച് ഇറങ്ങിപ്പോയി. ഏതാനും പി.വി.സി പൈപ്പു കഷണങ്ങളും ഒരുണ്ട നൂലും ഒരു കളിത്തോക്കും മറ്റുമായിരുന്നു അവരുടെ ആയുധങ്ങൾ! സംഭവത്തിൻ്റെ പരിസമാപ്തിയിലെ ഈ പരിഹാസമാണ് അതിനെ ശരിക്കും ഒരു നാടകമാക്കിയത് എന്നു പറയാം.
ഇപ്പോൾ തിയ്യേറ്ററുകളിൽ ഓടുന്ന പട എന്ന സിനിമ കണ്ടപ്പോഴാണ് ഈ പഴയ സംഭവം ഓർമ്മ വന്നത്. പട അയ്യങ്കാളിപ്പടയുടെ നാടകം സിനിമയാക്കിയതാണ്. അന്നത്തെ പത്രവാർത്തകളും റേഡിയോ വാർത്തകളും ഇപ്പൊഴും ഞാനോർക്കുന്നു. ഏഷ്യാനെറ്റ് മാത്രമേ അന്ന് ദൃശ്യമാധ്യമമായി ഉള്ളു. അത് സിനിമയിലും കാണിക്കുന്നുണ്ട്. മലയാളപത്രങ്ങളിൽ ബന്ദിനാടകം എന്നും ഇംഗ്ലീഷ് പത്രങ്ങളിൽ ഹോസ്റ്റേജ് ഡ്രാമ എന്നുമായിരുന്നു തലക്കെട്ട്. കേരളം കണ്ട ഏറ്റവും വ്യത്യസ്തമായ നാടകമായിരുന്നു അത്. മറ്റൊരു പ്രത്യേകതകൂടി അതിനുണ്ട്. കേരളത്തിൽ നാടകത്തെ ഭരണകൂടം ബന്ദിയാക്കിയ (നിരോധിച്ച) പല സന്ദർഭങ്ങളും മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഒരു നാടകം ഭരണകൂടത്തെ ബന്ദിയാക്കിയിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളിപ്പട പാലക്കാട് ജില്ലാകളക്ടറേറ്റിൽ അവതരിപ്പിച്ച ഈ നാടകം മാത്രമാണ്.
കാണികളെ പങ്കാളികളാക്കുന്ന, നടനെന്നോ പ്രേക്ഷകനെന്നോ വിഭജനമില്ലാത്ത, ആക്ഷൻ തന്നെ സന്ദേശമാക്കുന്ന, റിഹേഴ്സലെന്നോ അവതരണമെന്നോ ഭേദമില്ലാത്ത വലിയൊരു സാഹസികതയാണ് ഇത്തരം അവതരണങ്ങൾ. വാസ്തവത്തിൽ അതു നാടകമായി സങ്കല്പിക്കപ്പെട്ടതാവണമെന്നും ഇല്ല. പ്രക്ഷോഭസമരങ്ങളിലെല്ലാം ഒരു നാടകീയത ഉണ്ട്. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹത്തിൽ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്‍ചേര്‍ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിൻ്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം.
അപ്പോൾ സിനിമയോ? അതൊരു തത്സമയകലയല്ല. ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് അയ്യങ്കാളിപ്പട പാലക്കാട്ട് കലക്ടറേറ്റിൽ അരങ്ങേറിയ നാടകത്തിൻ്റെ വിസ്ഫോടനത്തെ അതിശയിക്കാൻ തീർച്ചയായും അതിനു സാധിക്കില്ല. ഈ സിനിമ ആ സംഭവത്തിൻ്റെ കേവലമായ ഒരു ഡോക്യുമെൻ്റെഷൻ മാത്രം.
കാട്ടിലെ സിംഹത്തെപ്പോലെ കൂട്ടിലെ സിംഹത്തിന് ഗർജ്ജിക്കാനാവില്ല.