അതിജീവിതയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണ് എന്ന് പറഞ്ഞു സാമൂഹ്യ പ്രവർത്തകനായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ ദേശീയ തലത്തിൽ വിമർശിക്കപ്പെടുകയാണ്. പലപ്പോഴും കോടതികൾ എടുക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകളുടെ തുടർച്ചയായ ഈ ഉത്തരവ് ചില അപകടകരമായ പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് നിയമവിദഗ്ധരും, സ്ത്രീ പ്രവർത്തകരും വിലയിരുത്തുന്നത്.
അതിജീവിതയുടെ വസ്ത്രധാരണമാണ് ലൈംഗിക അതിക്രമം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു പ്രതിക്ക് ജാമ്യം നൽകുന്ന കോഴിക്കോട് സെഷൻസ് കോടതി. ഫേസ്ബുക്കിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന പ്രശസ്ത സാമൂഹ്യപ്രവർത്തക ജെ. ദേവിക. സാമൂഹ്യപ്രവർത്തകനായ സിവിക് ചന്ദ്രനെതിരായി ദളിത് വിഭാഗത്തിൽ പെട്ട പരാതിക്കാരി കൊടുത്ത കേസിൽ കേരളവും, നമ്മുടെ നീതിന്യായ വ്യവസ്ഥയും നാണിച്ചു തല താഴ്ത്തേണ്ട ചില കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തു തന്നെ കോടതി തെളിവുകളിലേക്ക് കടക്കുന്ന തെറ്റായ കീഴ് വഴക്കം കൂടിയാണ് ഉണ്ടാവുന്നത്. തെളിവായി പ്രതിഭാഗം ഹാജരാക്കിയ അതിജീവിതയുടെ ഫോട്ടോകളിലെ വസ്ത്രധാരണത്തിന്റെ പേര് പറഞ്ഞു ജാമ്യം നൽകുകയും ചെയ്യുന്നു. നിറയെ ചോദ്യം ചെയ്യപ്പെടേണ്ട പരാമർശങ്ങൾ ഉള്ള രണ്ടു ഉത്തരവുകളാണ് ഈ കേസിൽ കോടതി പുറപ്പെടുവിച്ചത്. ഒന്ന് 2022 ഓഗസ്റ്റ് 2 നും, അടുത്തത്, 2022 ഓഗസ്റ്റ് 12 നും.
ദളിത് വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് കുറ്റാരോപിതൻ എന്നതിനാൽ അയാൾ ഒരു ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വിശ്വസിക്കാനാവില്ല എന്ന വിചിത്രമായ പ്രസ്താവവും പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ഉന്നയിക്കുന്നു. പ്രതിയുടെ പ്രായം കൂടുതലാണ്, അയാൾക്ക് ഉയരക്കുറവുണ്ട്, അതിജീവിത ചെറുപ്പമാണ്, ഉയരമുണ്ട്, പരാതി നൽകാൻ പരാതിക്കാരി വൈകി എന്നീ വസ്തുതകളും, പ്രതിക്ക് അനുകൂലമായി ജാമ്യം അനുവദിക്കാനുള്ള കാരണങ്ങളായി കോഴിക്കോട് സെഷൻസ് കോടതി കാണുന്നു. കുറ്റാരോപിതൻറെ മക്കൾ സമൂഹത്തിൽ നല്ല സ്ഥാനം ഉള്ള ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർ ആകയാൽ ഈ പരാതി അതിജീവിത നൽകാൻ പാടില്ലായിരുന്നു എന്ന് വരെ ഉത്തരവുകളിൽ സൂചിപ്പിക്കുന്നുണ്ട്. നിയമത്തിന് ഒരാൾ പട്ടികജാതി ആണോ എന്നത് പ്രസക്തമല്ല, ഈ കേസിൽ പട്ടിക ജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം ബാധകമല്ല, തുടങ്ങിയ, ഇന്ത്യയിൽ നിലവിലുള്ള നിയമത്തിനു നിരക്കാത്ത അസംബന്ധങ്ങളും ഈ രണ്ടു കോടതി ഉത്തരവുകളിൽ ഉണ്ട്.
2021 മാർച്ച് 18 ന് അപർണ ഭട്ട് വേഴ്സസ് സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് എന്ന കേസിൽ ജസ്റ്റീസ് എ.എം. ഖാൻവിൽക്കറും ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ടും ചേർന്ന് എഴുതിയ വിധിന്യായത്തിൽ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന കോടതി ഉത്തരവുകളും, വിധിന്യായങ്ങളിലും കടന്നുകയറാറുള്ള പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമായ നിലപാടുകൾക്കെതിരെ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. ഈ കേസിൽ മധ്യപ്രദേശ് കോടതി നൽകിയ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി, നിയമ പഠനത്തിന്റെ ഭാഗമായി സ്ത്രീ നീതിയിൽ ഊന്നിയ നിലപാടുകളെപ്പറ്റി അവബോധം ഉണ്ടാക്കണം എന്ന് പറയുന്നുണ്ട്. തുടർന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും കോടതി വിശദമാക്കുന്നു. അവ ഇനി പറയുന്നവയാണ്-
1. കുറ്റാരോപിതനും അതിജീവിതയും തമ്മിലോ, പരാതിക്കാരിയുടെ ബന്ധുക്കളുമായോ ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടാവുന്ന വിധത്തിലാവരുത് ജാമ്യ വ്യവസ്ഥകൾ.
2. പരാതിക്കാരിക്കെതിരെ ഭീഷണിയുണ്ട് എന്ന് കോടതിക്ക് തോന്നിയാൽ സംരക്ഷണം നൽകണം.
3. പ്രതിക്ക് ജാമ്യം നൽകുന്നുണ്ടെങ്കിലും ആ വിവരം ഉടനെ പരാതിക്കാരിയെ അറിയിക്കണം, ജാമ്യ ഉത്തരവിന്റെ പകർപ്പ് അവർക്കു നൽകണം.
4. സി.ആർ.പി.സി. നിയമങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാവണം ജാമ്യം സംബന്ധിച്ച വിധിന്യായം. വിധിന്യായത്തിൽ ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളോ, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ വാർപ്പുമാതൃകകളോ പ്രതിഫലിക്കാൻ പാടില്ല, അതിജീവിതയുടെ പെരുമാറ്റം, വസ്ത്രധാരണം, ധാർമ്മിക നിലപാടുകൾ, എന്നിവയെ പറ്റി ജഡ്ജി ഒരു കമന്റും നടത്താൻ പാടുള്ളതല്ല.
5. കുറ്റാരോപിതനും അതിജീവിതയും വിവാഹം ചെയ്യാൻ പോവുന്നു തുടങ്ങിയ എന്ത് കാരണം മുന്നിൽ വന്നാലും കോടതി പ്രതിയും അതിജീവിതയും തമ്മിൽ ഒരു തരത്തിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. ബലാത്സംഗവും ലൈംഗിക പീഡനവും പോലുള്ള പരാതികളിൽ മധ്യസ്ഥ ചർച്ച നടത്തണമെന്ന് കോടതി നിർദ്ദേശിക്കുകയോ, സ്വയം മധ്യസ്ഥതക്കു മുതിരുകയോ പാടില്ല.
6. അതിജീവിതയോട് ജഡ്ജി അനുഭാവം സൂക്ഷിക്കുകയും വിചാരണാ ഘട്ടത്തിൽ മാനസിക പീഡനം നേരിടുന്നതിൽ നിന്ന് അതിജീവിതയെ സംരക്ഷിക്കുകയും വേണം.
7. അതിജീവിതയുടെ ആത്മവിശ്വാസം തകർക്കുന്നതോ, നീതിന്യായ വ്യവസ്ഥയുടെ നീതി സങ്കൽപ്പത്തിന് നിരക്കാത്തതോ ആയ ഒരു പരാമർശവും ജഡ്ജി നടത്താൻ പാടില്ല.
ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് കോഴിക്കോട് സെഷൻസ് കോടതി നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
കോടതിവിധികളിലൂടെ വ്യക്തത വരുന്ന, ശക്തിപ്പെടുന്ന നിയമമാണ് നമുക്കുള്ളത്. സമാനമായ നിരവധി കേസുകളിൽ ഇത്തരം നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ സുപ്രീം കോടതി നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ എല്ലാ കീഴ് കോടതികൾക്കും അത് സംബന്ധിച്ച ഉത്തരവുകൾ പോകണം എന്നാണു വ്യവസ്ഥ. എന്നാൽ കേരളം പോലെ പ്രബുദ്ധമാണ് എന്ന് കരുതപ്പെടുന്ന ഒരു സംസ്ഥാനത്തു പോലും ജുഡീഷ്യൽ ഓഫീസർമാർ ഇത് പാലിക്കുന്നില്ല എന്നാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ ഈ ഉത്തരവ് കാണിക്കുന്നത്. കേരള ഹൈക്കോടതിക്കു കീഴിൽ, കൊച്ചിയിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലനം നൽകാനുള്ള കേരള ജുഡീഷ്യൽ അക്കാദമി പ്രവർത്തിക്കുന്നുണ്ട്. മുൻസിഫ് മജിസ്‌ട്രേറ്റുമാർക്കു നിർബ്ബന്ധിത പരിശീലനവും, നേരിട്ട് നിയമിക്കപ്പെടുന്ന ജില്ലാ ജഡ്ജിമാർക്ക് ഓറിയന്റേഷൻ പരിപാടികളും, നിലവിൽ കോടതികളിൽ ഇരിക്കുന്ന ജഡ്ജിമാർക്ക് ഇൻ-സർവീസ് പരിശീലന പ്രോഗ്രാമുകളും ഈ അക്കാദമി നടത്തണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മാറി വരുന്ന സാമൂഹ്യ ആവശ്യങ്ങൾക്കനുസരിച്ച് അറിവ് നേടാനും, സ്വയം അത്തരം സാമൂഹ്യ അവബോധങ്ങളോട് ശരിയായ കാഴ്ചപ്പാട് സ്വരൂപിക്കാനും ഈ പരിശീലനം ജില്ലാ ജുഡീഷ്യൽ ഓഫീസർമാരെ സജ്ജരാക്കണം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ഈ കേസിന്റെ കാര്യത്തിലെങ്കിലും അതുണ്ടായില്ല എന്ന് വ്യക്തമാണ്.
സിവിക് ചന്ദ്രന്റെ അഭിഭാഷകൻ അഡ്വ.ബി.വി. ഹരി യോട് ഈ ജാമ്യ ഉത്തരവിനെപ്പറ്റിയും കേസിന്റെ തുടർന്നുള്ള നടത്തിപ്പിനെ കുറിച്ചും ദി ഐഡം അഭിപ്രായം തേടി. ജാമ്യം കിട്ടിയതിൽ തൃപ്തി ഉണ്ടെന്നും, ഇത് കേസിനു പൊതുവെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ ഫോട്ടോകൾ കോടതിക്ക് മുൻപിൽ ഹാജരാക്കിയത് പ്രതിഭാഗം വക്കീൽ എന്ന നിലയിൽ താൻ തന്നെ ആണെന്നും, ആ ഫോട്ടോകൾ സംഭവം നടന്ന ദിവസത്തേത് അല്ല, മറിച്ച് സോഷ്യൽ മീഡിയയിൽ പരാതിക്കാരി നേരത്തെ പങ്കു വെച്ച ഫോട്ടോകൾ ആണെന്നും കുറ്റാരോപിതന്റെ വക്കീൽ പറഞ്ഞു. പരാതിക്കാരി ബോൾഡ് ആണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആ ഫോട്ടോകൾ ഹാജരാക്കിയതെന്നും. ജാമ്യ ഉത്തരവിൽ പറയുന്ന തെളിവുകൾ കേസ് വിചാരണക്ക് വരുമ്പോൾ ബാധകമാവില്ല, അപ്പോൾ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകൾ മാത്രമാണ് ബാധകമാവുക എന്നും സിവിക് ചന്ദ്രന്റെ വക്കീൽ പറഞ്ഞു.
Good