റുഷ്ദിക്ക് എതിരായ ആക്രമണത്തിൽ സാംസ്‌കാരിക കേരളത്തിന്റെ പ്രതിഷേധം
പ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റുഷ്ദി നേരിട്ട ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ കേരളത്തിലെ പ്രബുദ്ധമായ കലാസമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് ചിന്ത രവി ഫൗണ്ടഷൻ പുറപ്പെടുവിച്ച കുറിപ്പിന്റെ പൂർണ്ണരൂപം.
പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വയിൽ ഒരു സാഹിത്യപരിപാടിയ്ക്കിടയിൽ പ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റുഷ്ദിയ്ക്ക് എതിരായി നടന്ന ക്രൂരമായ വധശ്രമം ഞങ്ങളെ അതിയായി ദുഃഖിപ്പിക്കുകയും ഞെട്ടിപ്പിയ്ക്കുകയും ചെയ്തു. ഈ ഹീനകൃത്യത്തെ ഞങ്ങൾ ശക്തമായി അപലപിയ്ക്കുന്നതിനൊപ്പം എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
തന്റെ എഴുത്തിന്റെ പേരിൽ ദശകങ്ങളോളം മരണഭീഷണിയുടെ നിഴലിൽ കഴിയുകയാണ് റുഷ്ദി. ആ മരണഭീഷണി തന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ, കുപ്രസിദ്ധമായ നീക്കമായിരുന്നു. ജീവിതത്തിലെ ലളിതമായ സുഖസൗകര്യങ്ങൾ പോലും അനുഭവിക്കാൻ സാധിക്കാത്ത ഒളിവുജീവിതത്തിൽ കഴിഞ്ഞ റുഷ്ദി തന്റെ സർഗ്ഗാത്മകത കൈവിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആവിഷ്കാരത്വരയെ വെളിപ്പെടുത്തുന്നു. ഇപ്പോൾ നടന്ന സംഭവം എഴുത്തുകാരനെ പൂർണമായും നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം, അദ്ദേഹത്തിന്റെ എഴുത്തിന്റെ മേൽ നടപ്പിലാക്കാൻ ശ്രമിച്ച മരണശിക്ഷ കൂടിയാണ്. ഈ നിന്ദനീയമായ കൃത്യം, സർഗ്ഗാത്മകത അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ്.
സമാധാനപരമായി, വാക്കുകൾ മാത്രം ഉപയോഗിച്ച് ജീവിച്ച സൽമാൻ റുഷ്ദിയ്ക്ക് എതിരെ നടന്ന ആക്രമണം, ലോകത്തിൽ അപകടകരമായ വേഗത്തിൽ വളരുന്ന ഭിന്നാഭിപ്രായങ്ങളോടുള്ള അക്രമാസക്തമായ അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണം കൂടിയാണ്. ഇതിനെതിരായി എഴുത്തുകാരും കലാകാരന്മാരും സഹൃദയരും എല്ലാം പ്രതിഷേധിക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു.
സൽമാൻ റുഷ്ദി ഏറ്റവും പെട്ടെന്ന് അപകടാവസ്ഥ തരണം ചെയ്ത് സുഖം പ്രാപിക്കട്ടെ എന്നും, വീണ്ടും എഴുത്തിലേയ്ക്ക് മടങ്ങട്ടെ എന്നും ഉള്ളഴിഞ്ഞ് ഞങ്ങൾ ആശിയ്ക്കുന്നു.
എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ടി.ജെ.എസ്. ജോർജ്ജ്, കെ. സച്ചിദാനന്ദൻ, ആനന്ദ്, ശശികുമാർ, സക്കറിയ, എൻ.എസ്. മാധവൻ, കെ.ജി.എസ്., എം. മുകുന്ദൻ, കെ.പി. കുമാരൻ, ടി.വി. ചന്ദ്രൻ, എം.എൻ. കാരശ്ശേരി, എം.എ. ബേബി, ഡോക്ടർ ഖദീജ മുംതാസ്, ബാലൻ നമ്പ്യാർ, സദാനന്ദ് മേനോൻ, സാറാ ജോസഫ്, റഫീഖ് അഹമ്മദ്, സി.പി. അബൂബക്കർ, ഷാജി എൻ. കരുൺ, സുനിൽ പി. ഇളയിടം, അശോകൻ ചരുവിൽ, കെ.പി. മോഹനൻ, അൻവർ അലി, പി.ടി. കുഞ്ഞുമുഹമ്മദ്, ഇ.പി. ഉണ്ണി, സുഭാഷ് ചന്ദ്രൻ, ബോണി തോമസ്, റോസ് മേരി, ഷാഹിന. കെ. റഫീഖ്, നീലൻ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, എസ്. ഹരീഷ്, ബന്യാമിൻ, ഇ. സന്തോഷ് കുമാർ, കമൽ, ജോയ് മാത്യു, ഒ.കെ. ജോണി, മധുപാൽ, സി.എസ്. ചന്ദ്രിക, ഉണ്ണി. ആർ, പി.എഫ്. മാത്യൂസ്, വെങ്കിടേശ് രാമകൃഷ്ണൻ, എസ്. ഗോപാലകൃഷ്ണൻ, ഗ്രേസി, കെ.സി. നാരായണൻ, സുനിൽ അശോകപുരം, അബ്ദുൽകലാം ആസാദ്, അംബികാസുതൻ മാങ്ങാട്, ജെ.രഘു, ഒ.പി. സുരേഷ്, പ്രമോദ് രാമൻ, പോൾ കല്ലാനോട്, കെ.എസ്. വെങ്കിടാചലം, ചെലവൂർ വേണു, മാങ്ങാട് രത്നാകരൻ, എൻ.കെ. രവീന്ദ്രൻ, കെ. രേഖ, ജോളി ചിറയത്ത്, എച്ചുമുക്കുട്ടി, സി.എസ്. വെങ്കിടേശ്വരൻ, അഡ്വ. എ.കെ. ജയശ്രീ, മുരളി കണ്ണമ്പിള്ളി, മുരളി നാഗപ്പുഴ, ശൈലജ നാടക്, അഷറഫ് പടന്ന, ഡോ. എ. രാജൻ, വി.കെ. ജോസഫ്, സിസ്റ്റർ ജസ്മി, പ്രകാശ് ബാരെ, കോയ മുഹമ്മദ്, ചന്ദ്രിക രവീന്ദ്രൻ, ഇ.എം. രാധ, ജയൻ പകരാവൂർ, തഥാഗതൻ, സി.ആർ. രാജീവ്, എൻ. രാജൻ, എം.പി. സുരേന്ദ്രൻ.