പാരിസ്ഥിതിക സംഘര്‍ഷങ്ങളും അസന്തുലിത വിഭവ കൈമാറ്റവും
ജൈവപ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ മനുഷ്യന് സാധിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം ഒരു ജീവജാതി എന്ന നിലയിലുള്ള മനുഷ്യന്റെ ഇടപെടല്‍ പ്രാദേശിക – ആഗോള പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള ‘പീസ്മീല്‍ പരിഹാരങ്ങള്‍’ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. പ്രാദേശിക സമൂഹങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും ഒക്കെയുള്ള സംഘര്‍ഷങ്ങളിലേക്ക് അത് വഴിതുറക്കുകയും ചെയ്യുന്നു. വികസന പ്രശ്‌നങ്ങളെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന അസന്തുലിത വിഭവ കൈമാറ്റത്തെ ഈയൊരു പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കാം. കാരണം, നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇന്ന് നാം അനുവര്‍ത്തിച്ച് പോരുന്ന സാമ്പത്തിക-വികസന രീതികള്‍ക്ക് പാരിസ്ഥിതിക പ്രതിസന്ധികള്‍ വിലങ്ങുതടിയാകും എന്നതില്‍ തര്‍ക്കമൊന്നുമില്ല. പീസ്മീല്‍ പരിഹാരങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും എന്നതും അറിഞ്ഞിരിക്കുന്നത് നന്ന്.
അസന്തുലിത വിഭവ കൈമാറ്റം
പ്രാന്തപ്രദേശങ്ങളിലെ അധ്വാനത്തെ ചൂഷണം ചെയ്തും അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ചും കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിത കൈമാറ്റത്തെ സംബന്ധിച്ച് ഒരു പരിധിവരെ വികസന പ്രശ്നവുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രകൃതി വിഭവങ്ങളുടെ ശരിയായ മൂല്യനിര്‍ണ്ണയം നടത്താതെയും, അവയുടെ നഷ്ടത്തെ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങള്‍ സാധ്യമാക്കാതെയും, പ്രാദേശിക പരിസ്ഥിതിയില്‍ അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ വിശകലന വിധേയമാക്കാതെയും, അവയുടെ ‘ബാഹ്യഘടകങ്ങളെ’ (externalities) പരിഗണനയിലെടുക്കാതെയും, നടത്തുന്ന അസന്തുലിത കൈമാറ്റ(unequal exchange)ത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായ അന്വേഷണങ്ങള്‍ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്.ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും, ദരിദ്ര രാജ്യങ്ങളില്‍ നിന്ന് സമ്പന്ന രാജ്യങ്ങളിലേക്കും ഒക്കെയുള്ള ഈ വിഭവ പ്രവാഹം ആഗോള ഭൗമ രാഷ്ട്രീയത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നതുതന്നെയാണ് വസ്തുത. ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ നിന്ന് ഖനിജങ്ങളും ധാതുക്കളും കയറ്റുമതി ചെയ്യപ്പെടുമ്പോള്‍ അവിടുത്തെ പ്രാദേശിക പരിസ്ഥിതിയില്‍ അവയുണ്ടാക്കുന്ന സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ നഷ്ടങ്ങള്‍ പരിഗണിക്കുന്ന തരത്തിലല്ല ഇന്നത്തെ അധികാര-വിപണി ബന്ധങ്ങളെന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ഊര്‍ജ്ജ-വിഭവ പ്രവാഹങ്ങള്‍ക്കിടയിലെ അസന്തുലിത കൈമാറ്റത്തെയും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളെയും പരിഗണിക്കാതെയുള്ള ‘വികസന’ മാതൃകകളെ കൂടുതല്‍ ശ്രദ്ധയോടെ മനസിലാക്കേണ്ടത് അനിവാര്യമാണ്. വളര്‍ന്നുവരുന്ന പാരിസ്ഥിതികാവബോധങ്ങളോടുള്ള മൂലധന പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പാരിസ്ഥിതിക സമരങ്ങള്‍ പ്രത്യേക ശ്രദ്ധനേടുന്നതും അവയ്ക്കുള്ള ‘പരിഹാരങ്ങള്‍’ എളുപ്പത്തില്‍ കണ്ടെത്തുന്നതും നഗരങ്ങളിലാണ് എന്നത് നമ്മളധികവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യമാണ്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെ ഉദാഹരണമായെടുക്കാം.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങളുടെ പങ്ക് ഏതാണ്ട് 75 ശതമാനത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. ദില്ലിയിലെ ‘സ്മോഗ്’ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നതും സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി കൊടുക്കേണ്ടിവരികയും ചെയ്തപ്പോള്‍ രാജ്യത്തെ റോഡുകളില്‍ നിന്ന് പെട്രോള്‍-ഡീസല്‍ കാറുകള്‍ പിന്‍വലിക്കുമെന്നും അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വൈദ്യുത കാറുകള്‍ നിരത്തിലിറക്കാന്‍ ഇടപെടുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിക്കുയുണ്ടായി. ഈയൊരു പ്രഖ്യാപനം ദില്ലി നിവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാലിതിന്റെ മറുപുറം എന്താണ്?
ദശലക്ഷക്കണക്കിന് വരുന്ന കാറുകള്‍ക്ക് വൈദ്യുതി എത്തിക്കുവാനുള്ള സംവിധാനമെന്താണ്? അതിനുള്ള മറുപടി 2014ലെ ഇന്റഗ്രേറ്റഡ് എനര്‍ജി പോളിസി നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വരാനിരിക്കുന്ന വൈദ്യുതി ഉത്പാദനത്തിലെ 70% ശതമാനവും കല്‍ക്കരിയില്‍ നിന്നായിരിക്കും എന്നതാണാ മറുപടി. കല്‍ക്കരി ഇന്ധനത്തിന്റെ വന്‍തോതിലുള്ള ഉപഭോഗം പ്രാന്തപ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിനും ഗ്രാമീണ മേഖലയിലെ കുടിയൊഴിപ്പിക്കലിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന വസ്തുത ഇവിടെ വിസ്മരിക്കുകയാണ്. ‘പാരിസ്ഥിതിക ആധുനീകരണം’ (Environmental Modernisation) എന്ന രീതിയില്‍ ‘സുസ്ഥിര വികസന’ ലേബലില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഗ്രാമീണ ജീവിതങ്ങള്‍ക്കുമേല്‍ അവയുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ എത്രയാണെന്ന് വിലയിരുത്താന്‍ നാം ശ്രമിക്കാറുമില്ല. ‘എന്റെ പിന്നാമ്പുറത്ത് വേണ്ട’ (Not in My Backyard-NIMB) എന്ന തത്വം നടപ്പിലാക്കുമ്പോള്‍ നഗര ഉപരി – മധ്യവര്‍ഗ്ഗങ്ങള്‍ക്ക് അതൊരു സംവാദ വിഷയവുമാകാറില്ല. കാറുകളുടെ ഉത്പാദനത്തിലോ ഉപഭോഗത്തിലോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതല്ല അവയുടെ കെടുതികള്‍ പ്രാന്തപ്രദേശങ്ങളിലേക്ക് തള്ളിമാറ്റുക എന്നത് മാത്രമാണ് സാമാന്യ സാമ്പത്തിക യുക്തികളില്‍ കരണീയമായിട്ടുള്ളത്.
ഉത്പാദകരാജ്യങ്ങളില്‍ നിന്നും ഉപഭോഗ രാജ്യങ്ങളിലേക്കുള്ള – ഇവിടെ അത് ദക്ഷിണ-ഉത്തര ഗോളം- വിഭവ ചോര്‍ച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ ബോര്‍ഗ്സ്ട്രോം (George A Borgstrom) ‘ഘോസ്റ്റ് ഏക്രേജ്’ (ghost acreage) എന്ന് വിശേഷിപ്പിച്ചിരുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ക്കായി ദരിദ്ര രാഷ്ട്രങ്ങളില്‍ ഉത്പാദനം നടത്തുകയും ആ ഉത്പാദന പ്രക്രിയകള്‍ക്കിടയില്‍ നടക്കുന്ന ദീര്‍ഘകാല പാരിസ്ഥിതിക നാശങ്ങള്‍ ഏറ്റുവാങ്ങാന്‍ ദരിദ്ര രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതമാകുകയും ചെയ്യുന്ന അവസ്ഥയെയാണ് ബോര്‍ഗ്സ്ട്രോം ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. അമേരിക്കയുടെ ജൈവ ഇന്ധനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന ഭൂമിയെ ഇന്ധന വിളകള്‍ക്കായി പരിവര്‍ത്തനം ചെയ്യുമ്പോഴും കയറ്റുമതി ആവശ്യങ്ങള്‍ക്കുള്ള റബ്ബര്‍ ഉത്പാദനത്തിനായി കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളില്‍ റബ്ബര്‍ തോട്ടങ്ങള്‍ വ്യാപകമാകുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.
Subscribe to our channels on YouTube & WhatsApp