ഗൈനക്കോളജി മീറ്റിങ്ങിലെ പ്രസൻ്റേഷൻ കഴിഞ്ഞുള്ള ചോദ്യോത്തരവേള …..
“മേഡം…… ചികിത്സാ ഗൈഡ് ലൈൻസ് അനുസരിച്ച് 55 വയസ്സുള്ള ആർത്തവവിരാമം വന്ന രോഗിക്ക് വാസോമോട്ടോർ സിംപ്റ്റംസിൻ്റെ ചൂടും വിയർപ്പും വന്നാൽ കൊടുക്കേണ്ടത് ‘ ###### ഈസ്ട്രജൻ ‘ ആണോ, അതോ ‘∆∆∆∆∆ ഈസ്ട്രജൻ’ ആണോ ?”
സത്യത്തിൽ അങ്ങനെയായിരുന്നില്ല….
ഞങ്ങടെ പേഷ്യൻ്റിന് അമ്പത്തഞ്ച് വയസ്സിൽ ഹോർമോണിൻ്റെ കുറവ് അറിയാനുള്ള സമയം ഉണ്ടായിരുന്നില്ല…..
ആദ്യമേ പറയട്ടെ . അവർക്ക് ഉണ്ടായിരുന്നത് ആർത്തവവിരാമത്തിൻ്റെ ചൂടും വിയർപ്പും ആയിരുന്നില്ലെന്നേ….
അത് വേനൽക്കാലത്ത് വീടുപണിക്ക് പോയപ്പോൾ ഉള്ള ചൂടായിരുന്നു….. ചിലപ്പോൾ വിയർപ്പു പോലും വരാത്ത പാലക്കാടൻ ചൂട്….. പിന്നെ, അതിന് ഗൈഡ് ലൈൻസ് പ്രകാരം ആ പറഞ്ഞ ഈസ്ട്രജൻ ഒന്നും കൊടുക്കേണ്ടി വന്നില്ല…. അവർ തൂക്കുപാത്രത്തിൽ കൊണ്ടുവന്ന കഞ്ഞി വെള്ളം ഉണ്ടായിരുന്നു…..
അയ്യോ… കോൺഫറൻസ്….. സോഷ്യൽ അല്ല , സയൻസ് ആണ് പറയേണ്ടത്….
“യെസ് , ഗൈഡ് ലൈൻസ് പ്രകാരം നമ്മൾ അവർക്ക് കൊടുക്കേണ്ടത്…..
“ബ്ലാ …. ബ്ലാ.. ബ്ലാ….”
ആഹാ… ഞാൻ വണ്ടർ’ഫൂൾ ‘
പിന്നെ അടുത്ത ചോദ്യത്തിൻ്റെ ഉത്തരം….. “ഇല്ല അവർക്ക് 40 വയസിനു ശേഷം ഗർഭ നിരോധനത്തിന് നിങ്ങൾ തർക്കിച്ചു പറഞ്ഞു ജയിച്ച അമേരിക്കൻ ഗൈഡ് ലൈൻസ് പ്രകാരം ഹോർമോൺ ഗുളിക ആവശ്യം വന്നിട്ടില്ല. കാരണം അവരുടെ ഭർത്താവ് അവളെ വിട്ട് പോയി വേറെ പെണ്ണുകെട്ടി….. അവൾ ഇപ്പോൾ ആ തെരുവിലെ കുടിലിൽ ഒറ്റയ്ക്ക്. വീട് വയ്ക്കാൻ ഗവൺമെൻ്റിന് അപേക്ഷ കൊടുത്തിട്ടുണ്ട് ….”
ഓ നിങ്ങൾടെ പേഷ്യൻ്റ് ഡിവോഴ്സ് ആകാത്ത കപിളാണല്ലോ….. മറ്റേ പിജി നഗറിലെ ലൈൻ നമ്പർ 2 ലെ …….എന്നാ പിന്നെ… ഒരു ‘ആർ സി ഒ ജി ‘ അതായത് ബ്രിട്ടീഷ് ഗൈഡ് ലൈൻസ് പ്രകാരം അതുതന്നെ കൊടുത്തോളൂ …. സന്തോഷം…. വേണെങ്കിൽ അമേരിക്കനും എടുക്കാം ട്ടോ …. രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ …..ഹ ഹ ഹ ….. തമാശ … ചിരിച്ചില്ലല്ലേ….
സാരല്ല എൻ്റെ വിവരം വിളമ്പി കയ്യടി കിട്ടിയല്ലോ ….. അതിനാണല്ലോ ഞാനിവിടെ വന്നത്…. സന്തോഷമായി …..
കുട്ടികളില്ലാത്ത മറ്റേ പേഷ്യൻ്റിൻ്റെ കാര്യമാണോ നിങ്ങൾ മൂന്നാമത്തെ സംശയമായി ചോദിച്ചത് ?
പിന്ന് സൂചി കൊണ്ട് മുകൾ ഭാഗം മുതൽ താഴെ വരെ കുത്തി റെഡിയാക്കിയ ബ്ലൗസ് ഞാൻ കാണില്ലാന്ന് ആണ് അവൾ വിചാരിച്ചത്. പരിശോധിക്കാൻ മാറ്റിയപ്പോൾ സാരിയിലെ ഒരു തുന്നിയ കീറലും എന്റെ കണ്ണിൽ പെട്ടില്ല എന്ന് അവൾ വിശ്വസിച്ചു..
അവിടെ നിന്നു ചെയ്യുന്ന ഇരുനൂറ്റമ്പത് രൂപയുടെ ഒരൊറ്റ സ്കാനും അവിടെ ഉള്ള ടെസ്റ്റും മാത്രം അവളോട് ഞാൻ തൽക്കാലം ചെയ്യാൻ പറഞ്ഞു.. അവൾ അതു ചെയ്യുമോന്നും തിരിച്ചു വരുമോന്നും അറിയില്ല…. അതുകൊണ്ട് ഗൈഡ് ലൈനിൽ പറഞ്ഞ ആ ടെസ്റ്റുകളെല്ലാം വേണോന്ന് സത്യമായിട്ടും എനിക്കറിയില്ല …..
ശ്ശൊ……പിന്നെയും സോഷ്യൽ ….ഇപ്പോൾ പറയേണ്ടത് അതല്ല …………” യാ അഫ്കോഴ്സ് അമേരിക്കനോ ബ്രിട്ടനോ ഏത് ചികിത്സ വേണമെങ്കിലും ഉപയോഗിക്കാം” പിന്നെയും വണ്ടർ ‘ഫൂൾ ‘ ഉത്തരം…
ഞാൻ പണ്ടേ പഠിപ്പിസ്റ്റാണ് കുറയാൻ പാടില്ല …
രക്തക്കുറവ് കോംപ്പിക്കേറ്റിംഗ് പൈസക്കുറവ് & വിദ്യാഭ്യാസക്കുറവ് & നോക്കാൻ ഒരു ആൾക്കുറവും ഉള്ള അടുത്ത രോഗിക്ക് വില കൂടിയ ആ ടെസ്റ്റും മരുന്നും താങ്ങില്ലത്രേ …..
അടിപേടിച്ചോടിയാലും, നാവുകൊണ്ട് സാമൂഹ്യ പ്രവർത്തനം നടത്തിയാലും, കണ്ണടച്ച് ഇരുട്ടാക്കിയാലും ഇവരുടെ അസുഖം മാറ്റാൻ കഴിയില്ലാത്തതുകൊണ്ട്; എന്നാൽ കഴിയുന്ന പ്രിസ്ക്രിപ്ഷൻ അവർക്ക് വേണ്ടി മാത്രം ഞാനെഴുതി.
“അതേ അയൺ ഗുളികയും വിറ്റാമിൻ ഗുളികയും തുടർന്നും കഴിക്കുക …..”
“അതു കഴിച്ചിട്ട് എനിക്ക് നല്ല സമാധാനണ്ട് ഡോക്കിട്ടറെ. വേറെ എങ്ങ്ടും എന്നെ വിടല്ലേ . എനിക്ക് ആരൂല്ല . ഈ മരുന്ന് ഇവിടെ കിട്ടൂല്ലേ ഡോട്ടറേ?”
” കിട്ടും… കിട്ടാതെ എവിടെപ്പോകാൻ ?”
“ആ ചുവപ്പും മഞ്ഞയും ഗുളിക തന്നെ….”
ശരീരത്തെയും മനസ്സിനെയും ചികിത്സിക്കാൻ മറ്റു കളറുള്ള ഗുളികകൾ അവർക്ക് ആവശ്യമില്ല…..
ചികിത്സാ ഗൈഡ് ലൈനുകൾ അവർക്കും, അവരെ ചികിത്സിക്കുന്ന എനിക്കും ഒരു ആർഭാടമായിപ്പോകുന്നുണ്ടോ?
ഇവരിലാരും ഇന്നുവരെ എനിക്ക് ഗൈഡ് ലൈൻ പ്രയോഗിക്കാൻ അവസരം തന്നിട്ടില്ലല്ലോ…..
അതുകൊണ്ട് എനിക്ക് മറന്നു പോയിരിക്കുന്നു …..
അവർക്കാണെങ്കിൽ അതിനു ഫിറ്റു ചെയ്യുന്ന അസുഖം കണ്ടുപിടിക്കാൻ കഴിയാതായിരിക്കുന്നു…..
അതുകൊണ്ട് ചികിത്സാ ഗൈഡ് ലൈനുകൾ ഞാൻ മറക്കാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പുതിയതായി പഠിച്ച് വിവരം ഘോഷിച്ച് വലിയ ആളാകാൻ എന്നെ നിർബന്ധിക്കരുത്……
അയ്യോ സോഷ്യൽ അല്ല…. സയൻസ് ……
ഞാൻ വിവരങ്ങൾ വാക്യത്തിൽ മാത്രം പ്രയോഗിച്ച് വലിയ ജ്ഞാനി ആണെന്ന് സമർത്ഥിക്കട്ടെ….
സമയമില്ല….
അയാം ദ വെരി സോറി…..