A Unique Multilingual Media Platform

The AIDEM

Articles International Society

ഇറാനിലെ ശ്വാസനിശ്വാസങ്ങള്‍

ഇറാനിലെ ശ്വാസനിശ്വാസങ്ങള്‍

ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു തൊട്ടു പുറകെ ഇറാനിയന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലവും പുറത്തു വന്നു. ജനാധിപത്യത്തിന്റെ വിജയമെന്നും പരിഷ്‌കരണത്തിന്റെ വിജയമെന്നും ജനങ്ങളുടെ വിജയമെന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സത്യത്തില്‍ അതാതു രാജ്യങ്ങളിലെയും ലോകരാജ്യങ്ങളിലാകെയും ഉള്ള സാധാരണ ജനങ്ങള്‍ക്ക് ശ്വാസം വിടാനുള്ള ആശ്വാസവും സ്വാതന്ത്ര്യവും ഒരല്പം കൂടുതല്‍ നല്‍കുന്നുണ്ടോ എന്നാണ് മനുഷ്യസ്‌നേഹികള്‍ അന്വേഷിക്കുന്നത്. ഇന്ത്യയില്‍, ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യാ മുന്നണിയ്ക്ക് കരുത്തു കാട്ടാന്‍ കഴിഞ്ഞെങ്കിലും ഭരണത്തിലെത്താനായില്ല. എന്നാല്‍, ജനാധിപത്യത്തിന് കൂടുതല്‍ മികച്ച അവസരങ്ങളുണ്ടെന്ന് അത് വ്യക്തമായി തെളിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പ്രത്യാശ പകര്‍ന്നു നല്കുകയും ചെയ്തു. ബ്രിട്ടനിലാകട്ടെ, യാഥാസ്ഥിതിക കക്ഷിയെ ഭരണത്തില്‍ നിന്നു പുറത്താക്കി തൊഴിലാളികളുടെ കക്ഷി എന്ന് പേരിലെങ്കിലും പ്രഖ്യാപിക്കുന്ന ലേബര്‍ പാര്‍ടി അധികാരത്തിലെത്തി. അതേസമയം, പലസ്തീനെ അനുകൂലിക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവായി തുടരുകയും ചെയ്യുന്ന ജെറെമി കോര്‍ബിനെ പുറത്തു നിര്‍ത്തിയാണ് ലേബര്‍ അധികാരം പിടിച്ചതെന്നത് ശ്രദ്ധിക്കേണ്ടതാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട യു.കെ പ്രധാനമന്ത്രി കീയർ സ്റ്റാർമർ

തൊഴിലാളി പക്ഷത്തു നിന്ന് അതിന്റെ ഇടതു സ്വഭാവത്തെ മാറ്റി നിര്‍ത്തുകയോ മറച്ചു വെക്കുകയോ ചെയ്യുമ്പോഴാണ് പൊതുസ്വീകാര്യത ലഭിക്കുന്നതെന്നും വ്യാഖ്യാനിക്കാം. ഇതിന്റെ തുടര്‍ച്ചയായാണ് ഇറാനില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പു നടന്നതും പരിഷ്‌കരണവാദി എന്നു വിശേഷിപ്പിക്കപ്പെടുന്ന മസൂദ് പെസെഷ്‌ക്യന്‍ വിജയിച്ചതും നാം നിരീക്ഷിക്കുന്നത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രൂപീകൃതമായ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പുകളിലൊന്നാണിപ്പോള്‍ നടന്നത്. 49.8 ശതമാനം മാത്രമാണ് ഔദ്യോഗിക പോളിംഗ് കണക്കുകള്‍. (ആദ്യഘട്ടത്തില്‍ ഇത് 41 ശതമാനം മാത്രമായിരുന്നു). അതായത്, ഭൂരിപക്ഷം രജിസ്‌ട്രേഡ് വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പില്‍ താല്പര്യമില്ലാത്തവരും വോട്ട് ചെയ്യാത്തവരുമാണെന്നര്‍ത്ഥം. അതുകൊണ്ടു മാത്രം, ഈ തിരഞ്ഞെടുപ്പിന് യാതൊരു പ്രാധാന്യവുമില്ലെന്ന് നാം ധൃതി കൂട്ടി ഉത്തരത്തിലെത്തേണ്ടതുമില്ല. 1979ലെ വിപ്ലവത്തിനു ശേഷം ഇറാനെ പിടിച്ചുകുലുക്കിയ ജനകീയ പ്രതിഷേധത്തിലേയ്ക്ക് നയിച്ച പ്രസിഡണ്ട് തിരഞ്ഞെടുപ്പായിരുന്നു 2009ല്‍ നടന്നത്. സ്വതന്ത്രവും നീതിപൂര്‍ണവും സുതാര്യവുമായ തിരഞ്ഞെടുപ്പല്ല നടന്നത് എന്നായിരുന്നു പ്രതിഷേധക്കാര്‍ ആരോപിച്ചത്. മഹ്മൂദ് അഹമ്മദിനെജാദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ നടന്നത് മുഴുവനും ബൂത്ത് പിടിച്ചെടുക്കലുകളും തട്ടിപ്പുകളുമായിരുന്നെന്ന് ആരോപിച്ച് ലക്ഷക്കണക്കിനാളുകള്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കി. വ്യാപകമായ അറസ്റ്റുകളും ലാത്തിച്ചാര്‍ജുകളും മരണങ്ങളും സംഭവിച്ചു. അന്ന് തടവിലാക്കപ്പെട്ട ചിലര്‍ക്കെങ്കിലും ഇപ്പോഴും ജയിലുകളില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല.

ഇറാനിയന്‍ ഗ്രീന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന 2009ലെ പ്രക്ഷോഭം മാസങ്ങള്‍ നീണ്ടു നിന്നു. മിര്‍ ഹൊസ്സൈന്‍ മൗസവി, അദ്ദേഹത്തിന്റെ പത്‌നി സാറ റഹ്നാവാദ്, മെഹ്ദി കരോബി എന്നീ ഗ്രീന്‍ നേതാക്കളെല്ലാം വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ടു. ലോകവ്യാപകമായി ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും ഭരണകൂടം ചെവിക്കൊണ്ടില്ല. 2021ലാകട്ടെ ഏറ്റവും കുറഞ്ഞ പോളിംഗാണ് നടന്നത്. വരേണ്യരും മതപുരോഹിതരുമായ ഭരണനേതൃത്വവും സാധാരണ ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ഈ വോട്ടിംഗ് ശതമാനക്കുറവുകള്‍. ഇറാനില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്‍ നില്‍ക്കാനാഗ്രഹിക്കുന്നവരില്‍ നിന്ന് രക്ഷാകര്‍തൃസമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കുന്നവര്‍ക്കു മാത്രമേ മത്സരിക്കാനാവൂ. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌ക്യന് 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അന്തിമാംഗീകാരം നല്‍കിയിരുന്നില്ല. അടുത്ത ദിവസം ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇബ്രാഹീം റെയ്‌സിയുടെ വിജയം സുഗമമാക്കുന്നതിനു വേണ്ടിയാണ് പെസെഷ്‌ക്യന്‍ അടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

അറുപത്തൊമ്പതുകാരനായ മസൂദ് പെസെഷ്യക്യന്‍ 1954 സെപ്തംബറില്‍ മഹാബാദിലാണ് ജനിച്ചത്. ഇറാനിയന്‍ കുര്‍ദിസ്താനായ റോജിലാത്തെയിലെ പടിഞ്ഞാറെ അസെര്‍ബൈജാന്‍ പ്രവിശ്യയിലാണ് മഹാബാദ് നഗരം. 1946 ജനുവരി ഒന്നിന് സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ കുര്‍ദിഷ് ദേശീയ നേതാവായ ക്വാസി മുഹമ്മദ് നയിച്ച റിപ്പബ്ലിക്ക് ഓഫ് മഹാബാദിന്റെ ആസ്ഥാനനഗരവുമിതുതന്നെ. അമേരിക്കന്‍ പിന്തുണയോടെ, അന്നത്തെ ഇറാന്‍ ഭരണാധികാരിയായ ഷാ പഹ്‌ലവി 1947ല്‍ ഈ റിപ്പബ്ലിക്കിനെ അധീനപ്പെടുത്തുകയും ഇറാനിലേയ്ക്ക് വീണ്ടും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അസീറി വിഭാഗത്തില്‍ പെട്ട പിതാവിന്റെയും കുര്‍ദിഷ് മാതാവിന്റെയും മകനായാണ് പെസെഷ്‌ക്യന്‍ ജനിച്ചത്. ഫാര്‍സി (പേര്‍സ്യന്‍) യ്ക്കു പുറമെ; അസീറി, കുര്‍ദിഷ്, അറബിക്, ഇംഗ്ലീഷ് ഭാഷകളും അദ്ദേഹത്തിനറിയാം. ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധനായ പെസെഷ്‌ക്യന്റെ ഭാര്യ ഗൈനക്കോളജിസ്റ്റായിരുന്നു. മുപ്പതു വര്‍ഷം മുമ്പുണ്ടായ ഒരു കാറപകടത്തില്‍ അവരും ഇളയ മകനും കൊല്ലപ്പെട്ടു. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചില്ല. മറ്റു മൂന്നു മക്കളെയും അദ്ദേഹം തന്നെയാണ് വളര്‍ത്തി വലുതാക്കിയത്. മകള്‍ സാറ, പെസെഷ്‌ക്യന്റെ കൈ പിടിച്ച് വിജയറാലികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള സാറ പിതാവിന് രാഷ്ട്രീയോപദേശം നല്‍കുന്നു. അവര്‍ ഹിജാബ് ധരിച്ചാണ് പൊതുവേദികളിലെത്തുന്നത്.

മസൂദ് പെസെഷ്‌ക്യന്‍ തൻ്റെ മകൾക്കൊപ്പം

2022ല്‍, ഹിജാബ് ധരിച്ചില്ല എന്ന പേരില്‍ മതസാന്മാര്‍ഗിക പോലീസിന്റെ മര്‍ദനമേറ്റ് കുര്‍ദിഷ് യുവതിയായ ജീനാ (മഹ്‌സാ) അമീനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനിലും പുറത്തും പ്രതിഷേധം കത്തിക്കാളി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. പലരും ഇപ്പോഴും ജയിലിലാണ്. എന്തിന്, നോബേല്‍ സമ്മാന ജേതാവായ നര്‍ഗെസ് മൊഹമ്മദി ഇപ്പോഴും ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ബഹിഷ്‌ക്കരിക്കാനാണ് നര്‍ഗെസ് മൊഹമ്മദി ആഹ്വാനം ചെയ്തത്. ഇറാന-ഇറാഖ് യുദ്ധത്തില്‍ സൈനിക സേവനം നിര്‍വഹിച്ച പെസെഷ്‌ക്യന്‍, തബ്രീസ് മെഡിക്കല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യുകയും 1994ല്‍ ചീഫ് അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുകയും ചെയ്തു. പിന്നീട് തബ്രീസ് എം പിയായി രാഷ്ടീയത്തില്‍ സജീവമായി. അക്കാലത്ത്, ഹിജാബ് നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ഇതു സാക്ഷ്യപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ചില പ്രസംഗ വീഡിയോകള്‍ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് തന്റെ അഭിപ്രായങ്ങള്‍ കൂടുതല്‍ വികസിച്ചെന്നും വിശാലമായി എന്നുമാണ് പെസെഷ്‌ക്യന്‍ പറയുന്നത്.

ഈ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ കുര്‍ദിഷ് നഗരമായ കെര്‍മാന്‍ഷായിലെത്തിയ അദ്ദേഹം, കുര്‍ദിഷ് ഭാഷയില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കുകയും ഇറാനും കുര്‍ദിസ്താനും ഇറാനിയന്‍ ഐക്യത്തിനും സിന്ദാബാദ് വിളിക്കുകയും ചെയ്തു. (പരാജയപ്പെട്ട യാഥാസ്ഥിതിക സ്ഥാനാര്‍ത്ഥി സയ്യിദ് ജലീലി കുര്‍ദിഷ് പരമ്പരാഗത വേഷമണിഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചിരുന്നുവെന്നതും കാണാതിരിക്കേണ്ടതില്ല).

പെസെഷ്‌ക്യന്‍ കുർദിഷ് ഭാഷയില്‍ പ്രസംഗിക്കുന്നു (വീഡിയോയിൽ നിന്നുമുള്ള ദൃശ്യം)

സ്ത്രീകളും പെണ്‍കുട്ടികളും നമ്മുടെ സ്വന്തമാണ്, അല്ലാതെ വിദേശികളല്ല. അവര്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ നമുക്കവകാശമില്ല. നിര്‍ബന്ധത്തിലൂടെ അവരുടെ ശിരസ്സ് മൂടിയിടീക്കാന്‍ നമുക്കാവുകയുമില്ല എന്നൊക്കെയാണ് പുതിയ സാഹചര്യത്തില്‍ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളത്. മതസാന്മാര്‍ഗിക പോലീസിനെ കര്‍ശനമായി നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടോ, അത് സാധ്യമാവുമോ എന്ന കാര്യവും കാത്തിരുന്നു കാണാം. ഇറാനിലെ മതപൗരോഹിത്യ കൗണ്‍സിലിനു തന്നെയാണ് പരമാധികാരം. എന്നാല്‍, ചില ആഭ്യന്തര വിഷയങ്ങളിലും മറ്റും നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ പ്രസിഡണ്ടിന് സാധ്യമാവും എന്നതും കാണാതിരിക്കേണ്ടതില്ല.

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, പാശ്ചാത്യ ശക്തികളുടെ ഉപരോധം, പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രൂരമായ അധിനിവേശ യുദ്ധം, ഇറാന്റെ ആണവനയം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ പുതിയ പ്രസിഡണ്ടും അദ്ദേഹത്തിന്റെ സ്വാധീനത്തിലുള്ള ഭരണകൂടവും എന്തൊക്കെ നിലപാടുകളെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Philipose
Philipose
3 months ago

Congrats 👌