ഇത്തവണത്തെ (2023ൽ പ്രഖ്യാപിച്ച) മികച്ച വൈജ്ഞാനിക-സാഹിത്യ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കെ സേതുരാമൻ IPS രചിച്ച്, ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ‘മലയാളി – ഒരു ജനിതക വായന’ എന്ന ഗ്രന്ഥം കരസ്ഥമാക്കിയിരുന്നു. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ജനിതകശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളീയ സമൂഹത്തെ സംബന്ധിക്കുന്ന ചില നിരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്തകം. അത്ഭുതകരമായ ചില ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ, നമ്മുടെ സാമൂഹ്യബോധത്തിന്റെ അടിസ്ഥാനശിലകളെ തന്നെ കീഴ്‌മേൽ മറിക്കാൻ പ്രാപ്തമായ ആശയങ്ങളെ ഈ പുസ്തകം സധൈര്യം മുന്നോട്ടു വയ്ക്കുന്നു. സാമൂഹ്യനീതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പുരോഗമന പക്ഷത്തെ സംബന്ധിച്ചിടത്തോളം, ശാസ്ത്രത്തിന്റെ പിൻബലത്താൽ വെളിവാക്കപ്പെടുന്ന ഈ ആശയങ്ങൾ അങ്ങേയറ്റം സ്വാഗതാർഹമായിരിയ്ക്കും എന്നതിൽ തർക്കമുണ്ടാവുകയില്ല. പ്രസ്തുത പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
മലയാളിയുടെ ജനിതകസവിശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പഠനാദ്ധ്യായം, ശ്രീ. എതിരൻ കതിരവൻ രചിച്ച് ഡി സി ബുക്സ് തന്നെ നേരത്തേ പുറത്തിറക്കിയ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകത്തിലും ഉണ്ട്. കതിരവന്റെ ആ പഠനത്തിയെപ്പറ്റിയും ഈ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
പരമ്പരാഗത കേരള സാമൂഹ്യ ചരിത്രപഠനങ്ങൾ ഉത്‌ഖനനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാവുന്ന ശിലാലിഖിതങ്ങളുടെയും ചെപ്പേടുകളുടെയും വ്യാഖ്യാനങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുന്നവയായിരുന്നു. മുകളിൽ പറഞ്ഞ രണ്ടു പുസ്തകങ്ങളിലും സൂചിപ്പിക്കുന്ന നൂതനമായ ശാസ്ത്രീയ സമ്പ്രദായം മനുഷ്യരുടെ ഡി.എൻ.എ സീക്വൻസ് പഠനങ്ങളുടെ ഭാഗമായി മുന്നോട്ടുവയ്ക്കുന്ന ജനിതക ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളവയാണ്.
ജനിതകശാസ്ത്രത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഗവേഷകരുടെ പഠനഫലത്തിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുന്നത്, കേരളസമൂഹത്തിൽ വിവിധ ജാതി-മത വിഭാഗങ്ങളായി വിഘടിച്ചുനിൽക്കുന്ന മനുഷ്യക്കൂട്ടായ്മകളൊക്കെയും ഒരേ സമൂഹത്തിൽ നിന്ന് പല കാലങ്ങളിലായി വിവിധ ജാതി-മത ഗ്രൂപ്പുകളായി പിരിഞ്ഞുപോയവരാണെന്നുള്ള വസ്തുതയാണ്.
സെന്റർ ഫോർ ബയോടെക്നോളജി തയ്യാറാക്കിയ വംശവൃക്ഷത്തിന്റെ അടിസ്ഥാനത്തിൽ കേരളജനതയെ ഒരേ വർഗ്ഗത്തിൽ നിന്നുത്ഭവിച്ച മൂന്നു ശാഖകളായി തരം തിരിക്കാം. ആദ്യത്തെ ശാഖയിൽ മലമ്പണ്ടാരം, കുറുമർ, കാട്ടുനായ്ക്കർ, അടിയർ, പണിയർ എന്ന വിഭാഗങ്ങളും, രണ്ടാമത്തെ ശാഖയിൽ കാണിക്കാർ, പുലയർ എന്നിവരും, മൂന്നാമത്തെ ശാഖയിൽ നായർ, ഈഴവർ, നമ്പൂതിരി, മലബാർ മുസ്ലിം, സിറിയൻ ക്രിസ്ത്യൻ, കുറിച്യർ എന്നിവരുമാണ്. ഈ മൂന്നു ശാഖകളും മൗലികമായി ദ്രാവിഡജനവർഗ്ഗത്തിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത് എന്നതാണ് വാസ്തവം. ഏതാണ്ട് മൂന്നാംനൂറ്റാണ്ടിനു (3 AD) ശേഷമാണ് കേരളത്തിൽ ജാതി വ്യവസ്ഥ ക്രമേണ നിലവിൽ വരുന്നതെന്നും അതുവരെ വംശസംക്രമണം നടന്നിരുന്നുവെന്നുമാണ് ഇതിനു നല്കുന്ന വിശദീകരണം (പേജ് 54, 55). ക്രിസ്ത്യൻ, മുസ്ലീം, നായർ, പുലയർ, നമ്പൂതിരി, ഈഴവ, യഹൂദർ എന്നു തുടങ്ങി തങ്ങളുടെ “വംശശുദ്ധിയെ” മുൻനിർത്തി വിവിധ ഗ്രൂപ്പുകളിലായി നിലകൊള്ളുന്ന ഈ വിഭാഗങ്ങൾ ഉന്നയിക്കുന്ന വംശശുദ്ധിവാദങ്ങളെല്ലാം മിഥ്യകളാണെന്ന് സാരം.
കേരളബ്രാഹ്മണരായ നമ്പൂതിരിമാരുടെ ഉത്ഭവം വടക്കേ ഇന്ത്യയിൽ നിന്നാണെന്ന ഒരു വാദം നിലനില്ക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ നമ്പൂതിരിമാർക്കും വടക്കേ ഇന്ത്യക്കാർക്കും വിദൂരമായ ജനിതകബന്ധമാണുള്ളതെന്ന് ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നു (പേജ് 57). നമ്പൂതിരിമാരിൽ വടക്കേ ഇന്ത്യൻ ജനിതക അംശങ്ങൾ ഇല്ലെന്നല്ല, അവരുടെ ജനിതക ചിത്രം കൂടുതൽ സാദൃശ്യം പ്രകടമാക്കുന്നത് ഇതര കേരളസമൂഹങ്ങളുമായാണ്. കൗതുകകരമെന്ന് തോന്നാം, നമ്പൂതിരിമാരോട് അടുത്തുനിൽക്കുന്ന ‘ജനിതക അയൽക്കാർ’ ഈഴവരും മലബാർ മുസ്ലീങ്ങളുമാണ്. ഈ വസ്തുത നമ്പൂതിരിമാർ ആര്യൻ കുടിയേറ്റക്കാരാണെന്ന ധാരണ തിരുത്തിക്കുറിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരിലും വടക്കേ ഇന്ത്യൻ അംശവും ദക്ഷിണേന്ത്യൻ അംശവും ഏറിയും കുറഞ്ഞും കണ്ടുവരുന്നു (പേജ് 49-51). നമ്മുടെ ഗോത്ര വിഭാഗക്കാർക്കിടയിൽ വടക്കേ ഇന്ത്യൻ ജനിതക സാന്നിധ്യം നന്നേ കുറവാണ്.
ഈഴവരുടെ (തീയ്യരുടെ) ഉത്ഭവത്തെക്കുറിച്ചുള്ള പരമ്പരാഗതധാരണകളെയും പുതിയ പഠനങ്ങൾ തിരുത്തുന്നു. അവർ സിലോണിൽനിന്ന് വന്നവരാണെന്ന് കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഈഴവരുടെയും തീയ്യരുടെയും ജനിതകഘടനകൾ കേരളത്തിലെ ഇതര ദ്രാവിഡ സമൂഹങ്ങളുമായാണ് സാദൃശ്യം പുലർത്തുന്നത്. അതേസമയം, സിലോണിലുള്ള സിംഹളരും ജാഫ്‌നയിലെ തമിഴരും തമ്മിലാണ് ജനിതകബന്ധം എന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നു. ഈഴവരെ, നാളികേരകൃഷിയുമായി മാത്രം ബന്ധപ്പെട്ടു തൊഴിൽചെയ്തു ജീവിയ്ക്കുന്നവരായി ചുരുക്കിക്കാണുന്നതുകൊണ്ടുണ്ടായ ധാരണ മാത്രമാണതെന്നും, പത്തുശതമാനം ഈഴവർ/തീയ്യർ മാത്രമാണ് കേരകർഷകരായിരുന്നതെന്നും ബാക്കിയുള്ളവർ വൈദ്യന്മാരും പണ്ഡിതന്മാരുമൊക്കെയായിരുന്നുവെന്നും കെ സേതുരാമന്റെ പുസ്തകം പറയുന്നു (പേജ് 112). കേരളത്തിലെ ബ്രാഹ്മണാധിപത്യത്തിനും മുൻപ് ബുദ്ധമതത്തിന്റെ സ്വാധീനമുണ്ടായിരുന്ന കാലത്ത്, അതുവഴിയാണ് ബൗദ്ധസംസ്‌കൃത കൃതിയായ ‘അഷ്ടാംഗഹൃദയത്തെ’ ആധാരമാക്കി അവർ വൈദ്യം പരിശീലിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബൗദ്ധസ്വാധീനമുള്ള ശ്രീലങ്കയിലും വൈദ്യന്മാരുണ്ടായിരുന്നെങ്കിലും, അവരുടെ പ്രഥമഗ്രന്ഥം ‘സരാർത്ത സൻ ഗ്രഹയ’ എന്ന മറ്റൊരു പുസ്തകമായിരുന്നു (പേജ് 232). ഈഴവർ സിലോണിൽനിന്ന് കുടിയേറിപ്പാർത്തവരാണെന്ന ധാരണ അങ്ങനെ മാറ്റിയെഴുതപ്പെടുന്നു.
നായന്മാരെപ്പറ്റി പരാമർശിക്കുന്നിടത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് രണ്ടു പുസ്തകങ്ങളും മുന്നോട്ടുവയ്ക്കുന്നത്. കതിരവൻ, നായന്മാരുടെ ഉത്ഭവം നേപ്പാൾ താഴ്വരയിലെ നേവാർ സമൂഹമായിരിയ്ക്കാൻ സാധ്യതയുണ്ടെന്ന വാദത്തെ സൂചിപ്പിക്കുമ്പോൾ സേതുരാമൻ (പേജ് 118), നേവാർ വിഭാഗം ജനിതകമായിത്തന്നെ ഒരു ഭിന്നസമൂഹമാണെന്നും നേവാർ വിഭാഗക്കാരുടെ സ്ഥാനം മംഗളോയിഡുകൾക്കും ഇന്തോ-ആര്യൻ സമൂഹങ്ങൾക്കുമിടയിലാണെന്നും വാദിക്കുന്നു. ഈ വസ്തുതകളെല്ലാം കൂട്ടിവായിക്കുമ്പോൾ കേരളസമൂഹത്തിലെ വിവിധ വിഭാഗങ്ങളെല്ലാം, ഇവിടെയുണ്ടായിരുന്ന മനുഷ്യസമൂഹം വംശസംക്രമണം വഴി പല ജാതി-മതവിഭാഗങ്ങളായി മാറിപ്പോയവരാണെന്ന വാദത്തിന് അടിവരയിടുന്നു.
വംശസംക്രമണങ്ങൾക്കു മാത്രമല്ല, വലിയതോതിലുള്ള ‘വൈദേശികമായ’ കൂടിക്കലർപ്പുകൾക്കും നമ്മുടെ സമൂഹം വിധേയമായിട്ടുണ്ടെന്ന് കതിരവൻ വാദിക്കുന്നു. മെഡിറ്ററേനിയൻ, പശ്ചിമയൂറോപ്യൻ, യൂറോപ്യൻ, മദ്ധ്യ-ഏഷ്യൻ, കിഴക്കൻ-ഏഷ്യൻ വംശങ്ങളുടെ അംശങ്ങൾ വരെ നമ്മുടെ ജനിതക ചിത്രങ്ങൾ ഉൾക്കൊള്ളുന്നു. മെഡിറ്ററേനിയൻ (ഗ്രീസ്, വടക്കൻ ഇറ്റലി, ടർക്കി) അംശങ്ങൾ കൂടുതലായി മുസ്ലീമുകളിലും, സുറിയാനി ക്രിസ്ത്യാനികളിലും കണ്ടെത്താനാകും. പശ്ചിമയൂറോപ്യൻ (ബെൽജിയം, ജർമ്മനി, സ്‌കോട്ലാൻഡ്, അയർലൻഡ്) സ്വാധീനം നായന്മാരിലും കാണാം. യൂറോപ്യനും മദ്ധ്യ-ഏഷ്യൻ (മംഗോൾ) അംശങ്ങളും, കിഴക്കൻ-ഏഷ്യൻ (ചൈന, കൊറിയ, തായ്‌ലൻഡ്) അംശങ്ങളും ഈഴവരിലും നമ്പൂതിരിമാരിലും കണ്ടെത്താം. എന്നുവച്ചാൽ, മൂലരൂപത്തിൽ നിന്നുണ്ടായ വിഭാഗങ്ങൾ വിവിധ കുടിയേറ്റങ്ങൾക്കും, അതിന്റെ ഭാഗമായ കൂടിക്കലരുകൾക്കും വിധേയരായെന്നർത്ഥം.
കുടിയേറ്റങ്ങളുടെ കൂട്ടത്തിൽ, പടിഞ്ഞാറൻ തീരത്തിലൂടെയും, കിഴക്കൻ അതിർത്തി കടന്നും, രണ്ട് വ്യതസ്ത മാർഗ്ഗങ്ങളിലൂടെ, ഇന്ത്യയുടെ പല ഭാഗത്തുനിന്നും കേരളത്തിലേയ്ക്കുള്ള ബ്രാഹ്മണരുടെ കുടിയേറ്റത്തെപ്പറ്റിയും സേതുരാമൻ പറയുന്നുണ്ട് (പേജ് 162, 168). തദ്ദേശീയരായ ജനസമൂഹങ്ങളുമായുണ്ടായ സമ്പർക്കങ്ങൾ വഴിയാണ് പടിഞ്ഞാറൻ തീരം വഴിയെത്തിയ വിഭാഗം ക്രമേണ നമ്മുടെ ജനതയുമായി കലരുന്നത്. മൂന്നാം നൂറ്റാണ്ടിനു ശേഷമാണ് കേരളത്തിലെ ആ വിഭാഗം സ്വജനവിവാഹക്കാരായി, മറ്റുള്ളവരുമായി ഇടകലരാതെ നിൽക്കുന്നത് (പേജ് 106). ബൗദ്ധ-ജൈന സമൂഹമുൾപ്പെടുന്ന വടക്കേ ഇന്ത്യൻ കുടിയേറ്റത്തിന്റെ സ്വാധീനത്താലാണ് സംസ്‌കൃതം കേരള ബ്രാഹ്മണരുടെയിടയിൽ സ്വാധീനമുറപ്പിയ്ക്കുന്നത് (പേജ് 158). അവരുടെ ആരാധനാ രീതികളിലും ജൈനസ്വാധീനം കാണാം (പേജ് 154).
ക്രിസ്തുമതത്തിന്റെ കേരളത്തിലേയ്ക്കുള്ള കടന്നുവരവിൽ, അതായത് ഒന്നാം നൂറ്റാണ്ടിൽ, ചില നമ്പൂതിരിമാർ മാർഗം കൂടിയാണ് ക്രിസ്ത്യാനികളായതെന്ന ഒരു കേരളീയ ക്രിസ്ത്യാനി പുരാവൃത്തം അങ്ങനെ ഒരു പ്രതിസന്ധിയെ നേരിടുന്നു- കാരണം, നമ്പൂതിരിമാർ ഒരു വിഭാഗക്കാരായി മാറുന്നതു തന്നെ പിന്നീട് രണ്ടു നൂറ്റാണ്ടുകൾ കൂടെ കഴിഞ്ഞ് മൂന്നാം നൂറ്റാണ്ടിന് ശേഷമാണ് (പേജ് 356, 373). അവർ ഒരു പ്രബലവിഭാഗമായി രൂപം പ്രാപിയ്ക്കുന്നതും, ക്രമേണ നൂറ്റാണ്ടുകളിലൂടെയാണ് (പേജ് 145).
ബ്രാഹ്മണർ എന്ന വിഭാഗം തന്നെ അഖിലേന്ത്യാടിസ്ഥാനത്തിൽ മൗലികരൂപം അവകാശപ്പെടാവുന്ന ഒരൊറ്റ സമൂഹമല്ല. കാരണം, ദക്ഷിണേന്ത്യൻ ബ്രാഹ്മണനും ഉത്തരേന്ത്യൻ ബ്രാഹ്മണനും തമ്മിലുള്ള ജനിതകസാമ്യം വളരെ കുറവാണ്. ദക്ഷിണേന്ത്യൻ ബ്രാഹ്മണനും ദക്ഷിണേന്ത്യൻ അബ്രാഹ്മണനും തമ്മിലാണ് കൂടുതൽ സാമ്യം, അതുപോലെതന്നെ ഉത്തരേന്ത്യൻ ബ്രാഹ്മണനും ഉത്തരേന്ത്യൻ അബ്രാഹ്മണനും തമ്മിലുമാണ് സാമ്യം. ബ്രാഹ്മണ്യം എന്ന സമ്പ്രദായം തന്നെ അതാത് കാലങ്ങളിൽ, തദ്ദേശീയമായ സാമൂഹ്യ സാഹചര്യങ്ങളിൽ, അധികാരം കയ്യാളിയിരുന്ന വിഭാഗത്തിനൊപ്പം പ്രത്യേക ആനുകൂല്യങ്ങൾ അനുഭവിച്ചിരുന്ന പൗരോഹിത്യരീതികളുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്.
കേരളത്തിന്റെ കാര്യത്തിൽ ബ്രാഹ്മണ പൗരോഹിത്യം സാമൂഹ്യാധിപത്യം നേടുന്നത് രാഷ്ട്രീയമായ അരക്ഷിതാവസ്ഥയുടെ കാലഘട്ടത്തിലാണെന്നു കാണാം (പേജ് 191). ചേരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, ശക്തമായ രാജ്യഭരണത്തിന്റെ അഭാവത്തിൽ, നാടുവാഴികൾ തമ്മിൽ കലഹങ്ങൾ മൂത്തതിനെത്തുടർന്നുണ്ടായ അരക്ഷിതാവസ്ഥയിൽ, സമൂഹം വിശ്വാസമർപ്പിച്ച വിഭാഗം എന്ന നിലയിൽ പുരോഹിത വിഭാഗം മേൽക്കൈ നേടുകയുണ്ടായി എന്നും കെ സേതുരാമന്റെ പുസ്തകം പറയുന്നു. അങ്ങനെ വർണ്ണാശ്രമധർമ്മത്തിലധിഷ്ഠിതമായ സമ്പ്രദായത്തിലേയ്ക്ക് സമൂഹം മാറിയതിന്റെ വിശദശാംശങ്ങളും ഇതിലുണ്ട്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത്, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആജ്ഞ പ്രകാരം കമ്പനിയ്ക്കുള്ള കരം പിരിക്കുന്നതിനുള്ള എളുപ്പത്തിനായി ദേശവാഴികൾക്കും പ്രമാണിമാർക്കും ഭൂമി പതിച്ചുനൽകാൻ തുടങ്ങിയതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം മൊത്തമായി അക്കൂട്ടരിൽ നിക്ഷിപ്തമാവുകയും, ഭൂമിയിൽ പണിയെടുത്തിരുന്ന വിഭാഗത്തിന് ഭൂമിക്കുമേൽ യാതൊരാവകാശവും ഇല്ലാതായിത്തീരുകയും ചെയ്തു (പേജ് 205).
സാമൂഹ്യവിവേചനങ്ങളില്ലാതിരുന്ന, തുറന്ന സ്ത്രീ-പുരുഷ ബന്ധങ്ങളും പ്രണയങ്ങളും പോലും സ്വീകാര്യമായിരുന്ന ഒരു ഭൂതകാലത്തിൽ നിന്ന് (പേജ് 144, 199) ക്രമേണ നാടുവാഴിത്തത്തിലേക്കും വർണ്ണാശ്രമധർമ്മത്തിലേക്കും തൊട്ടുകൂടായ്മയിലേക്കും അടിമത്തത്തിലേക്കും മാറിപ്പോയ ഒരു ജനതതിയുടെ ദുരന്തപൂർണ്ണമായ പരിണാമചരിത്രം കെ സേതുരാമന്റെ പുസ്തകം അനാവരണം ചെയ്യുന്നു. നായാട്ടുകൂട്ടങ്ങളായും കൃഷിക്കാരായും ഇടയരായും സഹവസിച്ച് ജീവിച്ചിരുന്ന ഒരു സമൂഹം, ദൃശ്യവും അദൃശ്യവുമായ അധികാരഘടനകളുടെ സ്വാധീനഫലത്താൽ വിവിധ ജാതിസമൂഹങ്ങളായി പരിണമിച്ചതെങ്ങനെ എന്നതിന്റെ വ്യക്തമായ പരാമർശങ്ങൾ ഈ പുസ്തകത്തിലുണ്ട് (അതിന്റെ വിശദശാംശങ്ങളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല). നാലുഭാഗങ്ങളിൽ 25 അദ്ധ്യായങ്ങളിലായി 472 പേജുള്ള ഈ ഗ്രന്ഥത്തിൽ, നമ്മുടെ സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ചരിത്രപഠനങ്ങൾ പരമ്പരാഗതമായ പന്ഥാവുകൾ വിട്ട് കൂടുതൽ ശാസ്ത്രീയവും അതുവഴി കൂടുതൽ വിശ്വാസയോഗ്യവുമായ രീതികൾ അവലംബിക്കുന്ന ശുഭോദർക്കമായ സൂചനകൾ ഈ ഗ്രന്ഥം നൽകുന്നു. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നുള്ള ബൈബിൾ വചനം അന്വർത്ഥമാക്കും വിധം ഈ പുതിയ അറിവുകൾ നമ്മെ സ്വതന്ത്രമാക്കുന്നു; എന്നുമാത്രമല്ല ശാക്തീകരിക്കുകയും ചെയ്യുന്നു. കാരണം നമ്മുടെ സമൂഹത്തിന്റെ വിവിധ ദുർബല വിഭാഗങ്ങൾക്ക് മേൽ ചാർത്തപ്പെട്ടിരുന്ന അധികഭാരങ്ങളെല്ലാം മനുഷ്യനിർമ്മിതമായ കെട്ടുകഥകൾ മാത്രമാണെന്ന് വരുന്നു. ശാസ്ത്രീയമായ ഫലങ്ങളുടെയടിസ്ഥാനത്തിൽ, ഒരു വംശത്തിനും മറ്റൊന്നിനു മേൽ വംശമഹിമയുടേതായ ഔന്നത്യം ഉന്നയിക്കാനാവാത്ത വിധം അത് നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരൊറ്റ പ്രതലത്തിൽ സമന്മാരായി പ്രതിഷ്ഠിക്കുന്നു. ഈ അറിവുകളെയും അവസാനവാക്കായി പരിഗണിക്കേണ്ടതില്ല. നിരന്തരമായ നവീകരണം സകല സംഗതികൾക്കും ബാധകമാണെന്നിരിക്കെ, നിലവിലുള്ള ഈ അറിവുകളും കാലാനുസൃതമായി നവീകരിക്കപ്പെട്ടേയ്ക്കാം എന്നുള്ളതാണ് സത്യം.
അവലംബം
1. കെ. സേതുരാമൻ, മലയാളി ഒരു ജനിതകവായന: കേരളീയരുടെ ജനിതകചരിത്രം, ഡി സി ബുക്ക്സ്, മൂന്നാം പതിപ്പ്, മാർച്ച് 2023
2. എതിരൻ കതിരവൻ, മലയാളിയുടെ ജാതിമതബന്ധങ്ങൾ, മോളിക്യൂലാർ ജനിതകശാസ്ത്രം തുറക്കുന്ന കാണാപ്പുറങ്ങൾ, മലയാളിയുടെ ജനിതകം, ഡി സി ബുക്സ്, മൂന്നാം പതിപ്പ്, ജനുവരി 2023
ജൂലൈ 9 2023 മലയാള മനോരമ ഞായറാഴ്ച്ച പത്രം കണ്ടിരുന്നു. അതിൽ ഇത് വായിച്ചിരുന്നു.
ഐഡം എന്തേ വൈകിയോ… (ആ പത്രം വായിക്കാൻ) 😏.
https://www.manoramaonline.com/news/sunday/2023/07/08/sunday-special-about-k-sethuraman-ips.html