A Unique Multilingual Media Platform

The AIDEM

Articles Culture Kerala Politics Society

ഗോപിയും ഗോപിയും ബി.ജെ.പി വളർത്തുന്ന ബ്രാഹ്മണ്യ ബോധവും

  • March 18, 2024
  • 1 min read
ഗോപിയും ഗോപിയും ബി.ജെ.പി വളർത്തുന്ന ബ്രാഹ്മണ്യ ബോധവും

ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചാലാണ്, പ്രീതിപ്പെടുത്തിയാലാണ് പത്മഭൂഷണ്‍ (അടക്കമുള്ള രാഷ്ട്രബഹുമതികൾ) കിട്ടുകയെന്നത് പൊതുബോധമാക്കാനാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ രാഷ്ട്രീയശക്തികള്‍ പല രൂപത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും നിര്‍ലജ്ജമായ മുഖമാണത്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്, തങ്ങളെ പ്രീതിപ്പെടുത്തുക മാത്രമാണ് നിങ്ങളുടെ ധര്‍മ്മമെന്ന് ഇന്ത്യന്‍ജനതയോട് അത് വീണ്ടും വീണ്ടും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരിക്കുന്നു. ജാതിചിന്തയുടെ, ബ്രാഹ്‌മണ്യബോധത്തിന്റെ ഇതരരൂപത്തിലുള്ള പ്രകടനവുമാണത്. 

ബ്രിട്ടിഷ് അധിനിവേശവിരുദ്ധസമരങ്ങള്‍ നല്‍കിയ ആത്മബോധവും ഉത്സാഹവും സ്വാതന്ത്ര്യബോധവും അധികാരക്കൈമാറ്റത്തിനു ശേഷമുള്ള ഇന്ത്യന്‍ ജനതയെ മാനവികതയുടെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ജനതയുടെ വിളികളെ കേള്‍ക്കാതിരിക്കാനോ എറെ പരിമിതികളോടെയാണെങ്കിലും ജനാധിപത്യത്തെയും മാനവികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചില പദ്ധതികളെങ്കിലും ഏറ്റെടുക്കാതിരിക്കാനോ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയുമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തെ നയിച്ച പ്രസ്ഥാനം എന്ന നിലക്ക് ജനതയുടെ ആശകളോടും അഭിലാഷങ്ങളോടും തീര്‍ത്തും മുഖം തിരിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല. 

ഇന്ത്യന്‍ ജനതയുടെ സാമ്രാജ്യത്വവിരുദ്ധമായ ദേശീയബോധത്തിന്റേയും സ്വാതന്ത്ര്യവാഞ്ഛയുടേയും സാക്ഷാത്ക്കാരമെന്ന നിലയിലാണ് ഇന്ത്യന്‍ ഭരണഘടനയും നിയമം, നീതി, ശാസ്ത്രം, കല, സാഹിത്യം, തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിലുള്ള ദേശീയസ്ഥാപനങ്ങളും സ്ഥാപിതമാകുന്നത്. ജനാധിപത്യത്തിന്റെയും ഐഹികതയുടെയും മൂല്യങ്ങളില്‍ നിന്നുകൊണ്ടു വേണം ഇവ പ്രവര്‍ത്തിക്കാനെന്ന് സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന രാഷ്ട്രശില്‍പ്പികള്‍ക്ക് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. കാലം കടന്നുപോകുന്തോറും ഈ മൂല്യബോധത്തിന് വലിയ ഇടിവുകള്‍ സംഭവിക്കുന്നുണ്ടെന്നു തീര്‍ച്ച! 

എങ്കിലും, 2014ല്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ യൂണിയന്റെ ഭരണം ഏറ്റെടുക്കുന്നതിനു മുന്നേ വരെ ജനാധിപത്യത്തിന്റെ ഈ മൂല്യബോധമാണ് രാജ്യത്തിന് അഭികാമ്യമെന്ന കാര്യത്തെ പ്രത്യക്ഷത്തില്‍ നിഷേധിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍, നരേന്ദ്രമോദിയുടെ കേന്ദ്ര ഭരണപ്രവേശത്തിനു ശേഷം ഈ രാഷ്ട്രം മഹനീയമെന്നു കരുതിയ മൂല്യങ്ങളോരോന്നും ശങ്കകളേതുമില്ലാതെ ഉപേക്ഷിക്കുന്നതിന്റെയും ജാതിവ്യവസ്ഥയുടെയും ബ്രാഹ്‌മണ്യശ്രേഷ്ഠതയുടെയും മാടമ്പിസംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ പ്രതിസ്ഥാപിക്കുന്നതിന്റെയും യാഥാര്‍ത്ഥ്യചിത്രങ്ങളാണ് നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നത്. 

വിവിധ മേഖലകളില്‍ രാജ്യത്തിനു സംഭാവനകള്‍ നല്‍കുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് ഭരണകൂടം നല്‍കുന്ന ഭാരതരത്‌നവും പത്മ പുരസ്‌കാരങ്ങളും ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ പ്രീതിപ്പെടുത്തുന്നവര്‍ക്കു ലഭിക്കുന്നതാണെന്ന നീചവും അപലപനീയവുമായ സ്ഥിതി സൃഷ്ടിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനത നല്‍കിയ തെരഞ്ഞെടുപ്പു വിജയത്തെ സ്വേച്ഛാധികാരമാക്കി മാറ്റുകയും മുഴുവന്‍ നിയമപാലകവൃന്ദത്തേയും ഉപയോഗിച്ച് ഭരണകക്ഷിയുടെ ഖജനാവിലേക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും ഇതരമാര്‍ഗ്ഗങ്ങളിലൂടെയും കോടി കണക്കിന് തുക എത്തിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം ഇതു ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. 

ഇങ്ങനെ ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നവര്‍ക്ക് രാജ്യത്തിന്റെ വ്യത്യസ്ത വിഭവമേഖലകളെ ഭരണകൂടം തുറന്നു കൊടുക്കുന്നു. പ്രത്യക്ഷമായ ഈ അഴിമതിയെ നിയമവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. കോര്‍പ്പറേറ്റുകളില്‍ നിന്നും മറ്റും പിരിച്ചെടുക്കുന്ന പണം ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനും ജനങ്ങള്‍ തെരഞ്ഞെടുത്ത രാഷ്ട്രീയകക്ഷികളെ ഭരണത്തില്‍ നിന്നും പുറത്താക്കാനുമായി ഉപയോഗിക്കുന്നു. രാഷ്ട്രത്തിലെ നീതിപാലകര്‍ക്ക് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് കോടതിവിധികള്‍ ഭരണകൂടനയങ്ങള്‍ക്കും ഭരണകക്ഷിക്കും അനുകൂലമാക്കുന്നു. ഭരണഘടനയെയല്ല, മനുസ്മൃതിയേയും പുരാണങ്ങളേയും ഉദ്ധരിച്ച് ന്യായവിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ സൃഷ്ടിക്കുന്നു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ‘ലോയ’മാരെ കാലപുരിയ്ക്കയക്കുന്നു. ഭരണകൂടത്തിന് അനഭിമതരായ ബുദ്ധിജീവികളേയും അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും തുറുങ്കിലടയ്ക്കുന്നു. മാധ്യമസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലുള്ള കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലേക്കു കൊണ്ടുവരാന്‍ ഭരണകൂടം ഇടപെടുന്നു. മാധ്യമങ്ങളേറെയും സര്‍ക്കാര്‍ വാര്‍ത്തകളുടേയും വ്യാഖ്യാനങ്ങളുടേയും പ്രചാരകരായി മാറുന്നു. ജനകീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളും പ്രക്ഷോഭങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ തമസ്‌ക്കരിക്കപ്പെടുന്നു. 

പത്തുവര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും മാധ്യമങ്ങളെ കാണാന്‍ ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ നാം കാണുന്നു! സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പേരിടുകയും റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രിയോടൊപ്പം സെല്‍ഫി എടുക്കാനുള്ള പോയന്റുകള്‍ സ്ഥാപിക്കുകയും കോവിഡ് സര്‍ട്ടിഫിക്കറ്റുകളിൽ വരെ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ഒക്കെ ചെയ്യുന്ന അല്‍പ്പത്തത്തിനും ജനത സാക്ഷിയാകുന്നു. തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷനെ നോക്കുകുത്തിയാക്കുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്കു വിരുദ്ധമായ നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചെയ്യുമ്പോള്‍ കേസെടുക്കാത്തതെന്തു കൊണ്ട്? എന്ന ചോദ്യത്തിനു മുന്നില്‍ മൗനിയാകുന്ന തെരഞ്ഞെടുപ്പു കമ്മീഷണറെ സൃഷ്ടിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ സംസ്ഥാനങ്ങളുടെ മേല്‍ ധനപരവും ഇതരവുമായ രീതികളില്‍ വലിയ സമ്മര്‍ദ്ദങ്ങളും നിയന്ത്രണങ്ങളും ചെലുത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസവ്യവസ്ഥയേയും ദേശീയസ്ഥാപനങ്ങളേയും വലിയ തോതില്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ന്യൂനപക്ഷജനവിഭാഗങ്ങളില്‍ അരക്ഷിതത്വം വളര്‍ത്തുകയുംചെയ്യുന്നു. ജനതയ്ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ ഒന്നുമേ പാലിക്കാത്ത, നിരന്തരം ലംഘിക്കുന്ന ഭരണകൂടത്തെയാണ് നാം കാണുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷകണക്കിനു കോടികളുടെ നികുതിയിളവുകള്‍ നല്‍കുന്ന ഭരണകൂടം ജി എസ് ടിയിലൂടെ ജനങ്ങളുടെ അവശ്യവസ്തുക്കളുടെ മേലുള്ള നികുതി വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. പാചകവാതകത്തിനു നല്‍കിയിരുന്ന സബ്‌സിഡി യാതൊരു പ്രഖ്യാപനങ്ങളുമില്ലാതെ നിര്‍ത്തലാക്കുന്നുവെന്നതു മാത്രമല്ല, അതിന്റെ വില നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനിയും എണ്ണിയെണ്ണി പറയാന്‍ എത്രയോ കാര്യങ്ങള്‍!

തങ്ങളാണ് രാജ്യത്തിന്റെ അവകാശികളെന്നും മറ്റെല്ലാവരും കീഴ്‌പ്പെടേണ്ടവരും തങ്ങളെ അനുസരിക്കേണ്ടവരുമാണെന്ന ബ്രാഹ്‌മണ്യബോധവും ജാതിവ്യവസ്ഥയുടെ നീതിശാസ്ത്രവും സമകാല ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ സന്നിവേശിപ്പിക്കാനും ഉറപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് സംഘപരിവാര്‍ശക്തികള്‍ മുഴുകിയിരിക്കുന്നത്. ജനാധിപത്യത്തിന്റെയും ഐഹികതയുടെയും മൂല്യങ്ങളിലേക്ക് രാജ്യത്തെ തിരിച്ചു പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പ് പ്രധാനമാകുന്നത് അതുകൊണ്ടാണ്. കലാകാരന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘അങ്ങനെയുള്ള പത്മവിഭൂഷന്‍ തനിക്കു വേണ്ട’ എന്നു പറയാനുള്ള ആര്‍ജ്ജവം പ്രകടിപ്പിച്ച കലാമണ്ഡലം ഗോപിയാശാന്റെ പാത ഇന്ത്യന്‍ ജനതയ്ക്കു മുഴുവനും മാതൃകയാകട്ടെ.

About Author

വി വിജയകുമാർ

പാലക്കാട് ഗവർമെന്റ് വിക്ടോറിയ കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസറായിരുന്നു. സാഹിത്യം, സിനിമ, സംസ്കാരം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പഠന-നിരീക്ഷണ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ കാഴ്ച: ചലച്ചിത്രവും ചരിത്രവും, വെള്ളിത്തിരയിലെ പ്രക്ഷോഭങ്ങൾ, ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രവും തത്വചിന്തയും എന്നിവയാണ്.