നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/ ഫുട്ബാളിലെ അപരയാഥാര്‍ത്ഥ്യങ്ങള്‍
പ്രസിദ്ധ ഹങ്കേറിയന്‍ ചലച്ചിത്രകാരനായ സോള്‍ടാന്‍ ഫാബ്രിയുടെ ‘ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍’ (നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/1961), ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണ്. ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത് പക്ഷെ അപൂര്‍വമാണ്. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്ന തടവുകാര്‍ വേണ്ടത്ര ഭക്ഷണം ലഭ്യമാവാതെ നരകിക്കുകയാണ്. അവര്‍ക്ക് ബാക്കിയായത് അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിത്തെക്കുറിച്ചും ഒക്കെയുള്ള നിറം മങ്ങിയ സ്വപ്നങ്ങള്‍ മാത്രമായിരുന്നു. കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്‌സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട് തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത് ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലിരുന്നാണ് കളി കാണുന്നത്. അയാള്‍ക്കിത് വെറുമൊരു നേരമ്പോക്ക്; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ് കളിക്കുന്നത്. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത് ജര്‍മന്‍ ടീമാണ്. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ് തങ്ങള്‍ക്ക് രക്ഷ കിട്ടുക എന്ന് നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്. പൊരിഞ്ഞുകളിച്ച് ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്‌പോര്‍ട്‌സ് വിരുദ്ധത ബോധ്യപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ് പിന്നീട് ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക് മേല്‍ മേല്‍ക്കൈ നേടുകയുമാണ്. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത് തടവുകാരുടെ ടീമിലെ പതിനൊന്ന് കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു. ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡന സന്തോഷത്തിന്റേതു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ ചിത്രം കളി കണ്ടാനന്ദിക്കുന്ന എല്ലാവരുടെയും (നമ്മുടെയും) മാനസികാവസ്ഥയുടെ യുക്തിയെത്തന്നെയാണ് വിചാരണ ചെയ്യുന്നത്.
കാല്‍പ്പന്ത് കളി (ഫുട്ബാള്‍) യില്‍ കഴിഞ്ഞാഴ്ച ഫാസിസം ഇടപെട്ടത് ആരാധകരായ കാണിക്കൂട്ടത്തിലൂടെയായിരുന്നു. സംഭവം നടന്നത് തുര്‍ക്കിയിലെ ബര്‍സ മെട്രോപ്പോളിറ്റന്‍ സ്‌റ്റേഡിയത്തില്‍ 2023 മാര്‍ച്ച് അഞ്ചിനായിരുന്നു. ഇസ്താംബൂളില്‍ നിന്ന് രണ്ടു മണിക്കൂര്‍ തെക്കോട്ട് യാത്ര ചെയ്താല്‍ ഈ നഗരത്തിലെത്താം. നാല്പത് ലക്ഷം ജനസംഖ്യയുള്ള ബര്‍സാ നഗരത്തില്‍ ഏതാണ്ട് രണ്ടു ലക്ഷം കുര്‍ദുകളാണുള്ളത്. അവരിലധികവും തുണിമില്ലുകളിലും കാര്‍ഷികമേഖലയിലുമുള്ള തൊഴിലാളികളാണ്. കുര്‍ദ് വിരുദ്ധ വികാരത്തിന് ഈ നഗരം കുപ്രസിദ്ധമാണ്. സ്‌കുളുകളില്‍ ടര്‍ക്കിഷ് സംസാരിക്കൂ, അല്ലെങ്കില്‍ കടക്കു പുറത്ത് എന്നെഴുതിവെച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ കുര്‍ദ് വംശജരായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥവും വിധിയും എന്താണെന്ന് തെളിയിക്കുന്ന സംഭവം കൂടിയായിരുന്നു അത്. തദ്ദേശീയ നഗരത്തെ പ്രതിനിധീകരിക്കുന്ന ബര്‍സാസ്‌പ്പോര്‍ എന്ന ടീമിനെതിരെ കളിച്ചത് അമെദ്‌സ്‌പോര്‍ എന്ന ടീമായിരുന്നു.
അമെദ്‌സ്‌പോര്‍ എന്ന ക്ലബ്ബിന്റെ പേരു തന്നെ ബര്‍സാസ്‌പോര്‍ ആരാധകരില്‍ വലിയ വിദ്വേഷം ജനിപ്പിച്ചു. വടക്കന്‍ കുര്‍ദിസ്താന്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശത്തിന്റെ അപ്രഖ്യാപിത തലസ്ഥാനമാണ് അമെദ് എന്ന നഗരം. എന്നാല്‍ ഈ നഗരത്തിന്റെ പേര് അമെദ് എന്നാണെന്ന വാസ്തവം, തുര്‍ക്കിയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നില്ല. ദിയാര്‍ബക്കീര്‍ എന്ന ടര്‍ക്കിഷ് പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഇരുപതു ലക്ഷത്തോളം ജനസംഖ്യയുള്ള ഈ ചരിത്ര നഗരത്തെ പ്രതിനിധീകരിച്ചാണ് അമെദ്‌സ്‌പോര്‍ എന്ന ഫുട്ബാള്‍ ക്ലബ്ബ് രൂപം കൊണ്ടത്. അത് അമിതദേശീയവാദികളായ തുര്‍ക്കി വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നു.
മാര്‍ച്ച് നാലിന് ശനിയാഴ്ച രാത്രി തന്നെ പ്രകോപനം ആരംഭിച്ചു. അമെദ്‌സ്‌പോര്‍ കളിക്കാര്‍ താമസിക്കുന്ന ഹോട്ടലിനു ചുറ്റും പടക്കം പൊട്ടിച്ച, ബര്‍സാസ്‌പോര്‍ ആരാധകര്‍ ഞാനൊരു ടര്‍ക്കാണെന്ന് പറയുന്നത് എന്തു സന്തോഷമാണ് (നേ മുത്‌ലു ടര്‍ക്കം ദിയേനേ) എന്ന് പാടിയും കൂക്കിവിളിച്ചും കൊണ്ടിരുന്നു. കളിക്കാര്‍ക്ക് ആവശ്യമായ വിധത്തില്‍ വിശ്രമം ലഭിച്ചില്ല. ഈ പാട്ട് 1933ല്‍ പ്രസിഡണ്ട് അത്താത്തുര്‍ക്കിന്റെ പ്രസംഗത്തിലാണ് ആദ്യം പാടിയത്. അത് യാഥാര്‍ത്ഥ്യമായതാവട്ടെ, നാലു വര്‍ഷത്തിനു ശേഷം നടന്ന ദെര്‍സിം വംശഹത്യയിലും. തുര്‍ക്കിയില്‍ ടര്‍ക്കാണെന്ന സന്തോഷം പങ്കിടാത്തവരുടെ ജീവന്‍ അപകടത്തിലാണെന്ന യാഥാര്‍ത്ഥ്യം അതോടെ സാക്ഷാത്കൃതമായി. 13000ത്തിലധികം സിവിലിയന്മാര്‍, തുര്‍ക്കി പട്ടാളത്താല്‍ കൊല്ലപ്പെട്ട ദെര്‍സിം വംശഹത്യയില്‍, ഏതാണ്ടത്രയും പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തു.
കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങളില്‍, സര്‍ക്കാരും സര്‍ക്കാരനുകൂല വലതുപക്ഷവും സ്ഥാപിക്കുന്ന പരസ്യപ്പലകകളിലും ചുമരെഴുത്തുകളിലും ഈ മുദ്രാവാക്യം എഴുതിവെക്കുന്നു. കുര്‍ദുകളെ സ്വന്തം നാട്ടില്‍ മാനസികമായി അന്യവത്ക്കരിക്കുന്നതിന് ഈ മുദ്രാവാക്യം പ്രേരകമാവുന്നു. കുര്‍ദുകളെ ഭൂരിപക്ഷ തുര്‍ക്കി ഭരണകൂടം അടിച്ചമര്‍ത്തുകയും ജീവനാശമേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും മൃതപ്രായരാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ട് അതേ കുര്‍ദുകളെക്കൊണ്ട് പരസ്യമായി ഈ വരി പാടിപ്പിക്കുകയും ചെയ്യും. അതായത്, സന്തോഷം എന്നത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു മര്‍ദനോപാധിയായിട്ടാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അമെദ്‌സ്‌പോര്‍ കളിക്കാരുടെ ഹോട്ടലിനു മുന്നില്‍ നിന്ന് ബര്‍സാസ്‌പോര്‍ ആരാധകര്‍ പിന്നീട് നഗരം ചുറ്റാനാരംഭിച്ചു. പോലീസിന്റെ ഒത്താശയുമുണ്ടായിരുന്നു. എവിടെയെങ്കിലും അമെദ്‌സ്‌പോറിന്റെ ആരാധകരുണ്ടോ എന്ന് തെരയുകയായിരുന്നു അവര്‍. പിറ്റേന്നത്തെ കളിയേതു തരമായിരിക്കുമെന്നതിന്റെ സൂചനകള്‍ ആ കാളരാത്രിയില്‍ തന്നെ വ്യക്തമായി.
മാര്‍ച്ച് അഞ്ച് ഞായറാഴ്ച കളി ആരംഭിക്കുന്നതിനു മുമ്പു തന്നെ പരുഷവും അപരവിദ്വേഷപരവുമായ സാമൂഹികവിരുദ്ധമനോഭാവം ബര്‍സാ നഗരത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു നിന്നു. ടര്‍ക്കിഷ് അമിത ദേശീയതയായിരുന്നു നഗരത്തിന്റെ സാമാന്യബോധം. പൊലീസ് നിരന്നു നില്ക്കുന്നതിനിടയിലൂടെ അമെദ്‌സ്‌പോര്‍ കളിക്കാര്‍ സ്‌റ്റേഡിയത്തിലേയ്ക്ക് പ്രവേശിച്ച് ലഘുവ്യായാമങ്ങള്‍ (വാം അപ്പ്) തുടങ്ങി. ഗാലറികളില്‍ നിറഞ്ഞിരുന്ന ബര്‍സാസ്‌പോര്‍ ആരാധകക്കൂട്ടം പടക്കങ്ങളും പിച്ചാത്തികളും കല്ലുകളും ബാറ്ററികളും വെള്ളക്കുപ്പികളും അവരുടെ നേര്‍ക്കെറിഞ്ഞുകൊണ്ടാണവരെ സ്റ്റേഡിയത്തിലേക്കും കളിയിലേയ്ക്കും സ്വാഗതം ചെയ്തത്. കുര്‍ദുകള്‍ക്കെതിരായ വംശീയ മുദ്രാവാക്യങ്ങളും ശബ്ദായമാനമായി ഉയര്‍ന്നു. ടര്‍ക്കിഷ് വലതുപക്ഷത്തിന്റെ കൈമുദ്രയായ കുറുക്കന്‍ വിരലാക്ഷേപവും എല്ലാവരും കാണിച്ചു. (ഗ്രേ വോള്‍ഫ് കൈമുദ്ര എന്നറിയപ്പെടുന്ന ഈ ആക്ഷേപകരമായ മുദ്ര ആസ്ത്രിയയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചിരിക്കുകയാണ്. കുര്‍ദുകളെയും ഗ്രീക്കുകാരെയും അര്‍മീനിയക്കാരെയും കൊന്നവസാനിപ്പിച്ച് തുര്‍ക്കിയെ ശുദ്ധീകരിക്കണമെന്നാഹ്വാനം ചെയ്യുന്നവരാണ് ഗ്രേ വോള്‍വ്‌സ് എന്നറിയപ്പെടുന്ന നവ ഫാസിസ്റ്റുകള്‍).
തീര്‍ന്നില്ല, ആരാധകര്‍ക്കു പുറകെ ബര്‍സാസ്‌പോര്‍ കളിക്കാര്‍ തന്നെ അമെദ്‌സ്‌പോര്‍ കളിക്കാരെ കായികമായി കടന്നാക്രമിച്ചു. ടര്‍ക്കിഷ് ദേശീയ ഗാനം ഔപചാരികമായി ആലപിക്കുന്നതിനു മുമ്പു തന്നെ ഇതെല്ലാം നടന്നു കഴിഞ്ഞു. ടര്‍ക്കിഷ് ദേശീയ ഗാനം ആലപിക്കുമ്പോള്‍; തങ്ങള്‍ക്കു മേല്‍ ക്രൂരത വര്‍ഷിക്കുന്ന ഒരു രാഷ്ട്രത്തെ സല്യൂട്ട് ചെയ്യാന്‍ കുര്‍ദ് വംശജരായ കളിക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടു. തുര്‍ക്കിയിലെ ഏറ്റവും കുപ്രസിദ്ധമായ തടവറയായ ദിയാര്‍ബക്കിര്‍ അഞ്ചാം നമ്പര്‍ ജയിലില്‍ 1980കളിലും തൊണ്ണൂറുകളിലും മനുഷ്യവിസര്‍ജ്ജം പുറത്തേക്ക് വരുന്ന ഒരു പൈപ്പിനു താഴെ കുളിക്കാന്‍ കുര്‍ദ് തടവുകാര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ആ കുളി കഴിയുമ്പോള്‍, ടര്‍ക്കിഷ് ദേശീയ ഗാനം അവിടെ ആലപിക്കുമായിരുന്നു.
യഹിയ എന്ന തടവുകാരന്‍ ഓര്‍മ്മിക്കുന്നു: “പ്രഭാതങ്ങളില്‍ ഏതോ ദേശീയ ഗാനവും മുദ്രാവാക്യങ്ങളും ഓര്‍മ്മിക്കാനും ആലപിക്കാനും ഞങ്ങളുടെ മേല്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഇത് സാധിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷെ, ഞങ്ങള്‍ക്കത് സാധിക്കുമായിരുന്നില്ല, കാരണം ഞങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ടര്‍ക്കിഷ് ഭാഷ ഒട്ടുമറിയില്ലായിരുന്നു. ഞങ്ങള്‍ മര്‍ദനമേറ്റുവാങ്ങിക്കൊണ്ടേ ഇരുന്നു.”
സ്റ്റേഡിയത്തില്‍ കളി തുടങ്ങി. അമെദ്‌സ്‌പോര്‍ കളിക്കാര്‍ തല്ലുകള്‍ ഏറ്റു വാങ്ങിക്കൊണ്ടേ ഇരുന്നു. 1980കളിലെ ജിതെം കൊലപാതക സ്‌ക്വാഡുകളെ ആഘോഷിക്കുന്ന ബാനറുകള്‍ ഗാലറികളില്‍ പ്രത്യക്ഷപ്പെട്ടു. അക്കാലത്ത് അമെദ് (ദിയാര്‍ബക്കിര്‍) അടക്കമുള്ള കുര്‍ദ് മേഖലകളില്‍ ആയിരക്കണക്കിന് കുര്‍ദുകളെ രഹസ്യമായി കൊന്നൊടുക്കിയ അധോലോക സംഘമാണ് ജിതെം. അവരാരും ശിക്ഷിക്കപ്പെട്ടതേ ഇല്ല. കുറെക്കാലത്തിനു ശേഷം, ആരിഫ് ദോഗാന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അയാളായിരുന്നു ജിതെം ആരംഭിച്ചത്. പതിനായിരം ജീവനക്കാര്‍ ആ സംഘത്തിനുണ്ടായിരുന്നു. മുവ്വായിരം ടര്‍ക്കിഷ് ലിറ ഒരു കൊലപാതകത്തിന് പ്രതിഫലമായി നല്‍കപ്പെട്ടു. തെരുവുകളില്‍ കുര്‍ദുകളെ വെടിവെച്ചു കൊല്ലുന്നതിനു പുറമെ, ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കുര്‍ദുകളെ ബോട്ടാസ് എന്ന ടര്‍ക്കിഷ് പെട്രോളിയത്തിന്റെ സംഭരണികളില്‍ താഴ്ത്തി ഇല്ലാതാക്കിയെന്ന് ജിതെം സംഘടനയില്‍ നുഴഞ്ഞു കയറിയ തുണ്‍കേ ഗുനേ എന്ന ചാരന്‍ പറയുകയുണ്ടായി.
വംശഹത്യയ്ക്ക് പേരെടുത്ത പല അതിദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ ബര്‍സാസ്‌പോര്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചു. വെള്ള ടോറോസ് കാറിന്റെ പടങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ടര്‍ക്കിഷ് കൊലപാതകികളുടെ ഇഷ്ട കാറായിരുന്നു വെള്ള ടോറോസ്. വടക്കന്‍ കുര്‍ദിസ്താനിലൂടെ ഈ കാറിലൂടെ യഥേഷ്ടം സഞ്ചരിച്ച് അവര്‍ കൊലപാതകങ്ങള്‍ നടത്തി. തങ്ങളുടെ മക്കള്‍ വീട്ടിലെത്താന്‍ വൈകിയാല്‍, അമ്മമാര്‍ ബാല്‍ക്കണിയിലിറങ്ങി തെരുവുകളിലെവിടെയെങ്കിലും വെള്ള ടോറോസ് ഓടുന്നുണ്ടോ എന്നു നോക്കുമായിരുന്നു. അവരുടെ മക്കള്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നവര്‍ മനസ്സിലാക്കുന്നത് ഈ കാറിന്റെ സാന്നിദ്ധ്യങ്ങളിലൂടെയാണ്.
കാണാതായ കുര്‍ദ് വംശജരില്‍ ചിലരുടെ ഭൗതികാവശിഷ്ടങ്ങള്‍ അഴുക്കു സംഭരണികളില്‍ നിന്നും വനാന്തരങ്ങളില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍, ബഹുഭൂരിപക്ഷം പേരുടെയും യാതൊരവശിഷ്ടങ്ങളും കണ്ടെത്താനായതേ ഇല്ല. 1995 മുതല്‍ 2021 വരെയുള്ള കാലത്ത് ശനിയാഴ്ച മാതാക്കള്‍ എന്ന പേരില്‍, എല്ലാ വാരാന്ത്യങ്ങളിലും ഇസ്താംബൂളിലെ ഗലാത്തസാറായ് പ്രദേശത്ത് ഇത്തരത്തില്‍ കാണാതായ കുര്‍ദുകളുടെ അമ്മമാര്‍ സമ്മേളിച്ചു. പിന്നീട് എര്‍ദോഗാന്റെ ഭരണകൂടം ആ സമ്മേളനങ്ങള്‍ നിരോധിച്ചു. അവിടെ കൂടിയിരുന്നവരില്‍ ഒരമ്മയായ എല്‍മാസ് എറേന്‍ പറയുന്നു: “എന്റെ മകന്റെ അസ്ഥികളെങ്കിലും എനിയ്ക്ക് ലഭിക്കണം. അത് മറവു ചെയ്തു ആ ശവക്കല്ലറയില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാനാണ്.”
ആയിരക്കണക്കിന് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കും അപ്രത്യക്ഷമാകലിനും കാരണമായ വലതുപക്ഷ അമിത ദേശീയവാദി സംഘമാണ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ അക്രമം അഴിച്ചു വിട്ടത്. ഇപ്രകാരം വംശഹത്യയ്ക്കിരയായവരില്‍ ബഹുഭൂരിപക്ഷവും കുര്‍ദുകളായിരുന്നു. അല്ലെങ്കില്‍ ടര്‍ക്കിഷ് ഇടതുപക്ഷക്കാരായിരുന്നു. അവരെ വഞ്ചകര്‍ എന്നാണ് വലതുപക്ഷം വിളിക്കുന്നത്. അതായത്, അമെദ് എന്ന നിരോധിക്കപ്പെട്ട പേരിനാല്‍ അറിയപ്പെടുന്ന/അറിയപ്പെടാതിരിക്കുന്ന ദിയാര്‍ബക്കിറില്‍ നിന്നുള്ള അമെദ്‌സ്‌പോര്‍ എന്ന ക്ലബ്ബിലെ എല്ലാ കളിക്കാരെയും മരണമാണ് കാത്തിരിക്കുന്നത് എന്ന സൂചനയാണ് നല്‍കപ്പെട്ടത്. ആ ക്ലബ്ബിലെ എല്ലാ കളിക്കാരും കുര്‍ദുകളല്ല. ഗോള്‍ കീപ്പറടക്കം പലരും ടര്‍ക്കിഷ് വംശജരാണ്. എന്നാലും അവര്‍ അമെദ് എന്ന നഗരത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് പ്രശ്‌നം.
ബര്‍സാസ്‌പോര്‍ ആരാധകരായ അക്രമികള്‍, ലോകത്തിനു മുമ്പില്‍ ഒരു സത്യം വെളിപ്പെടുത്തിയിരിക്കുന്നു. ടര്‍ക്കിഷ് ദേശീയതയുടെ പരപീഡനാസക്തി അവിടെ നിറഞ്ഞാടി. തങ്ങള്‍ ചെയ്ത അക്രമത്തെ അവര്‍ തന്നെ മൊബൈലില്‍ ഷൂട്ട് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
അമെദ്‌സ്‌പോര്‍ കളിക്കാര്‍, അവര്‍ക്കടുത്തെത്തുന്ന പന്ത് കാല്‍ കൊണ്ടടിക്കാന്‍ തുനിയുമ്പോള്‍ അവര്‍ക്കു മേല്‍ കുപ്പിയും കല്ലും വന്നു പതിയുന്നു. ഞങ്ങള്‍ കൊല്ലപ്പെടേണ്ടവര്‍ ആണെന്നോ, അതോ കളി നിര്‍ത്തിവെക്കപ്പെടേണ്ടതാണെന്നോ ആണോ ഈ കല്ലേറിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് കളിക്കാര്‍ ചോദിച്ചത്. അമെദ്‌സ്‌പോറിന്റെ ഒരു സ്‌ട്രൈക്കര്‍ക്ക് ഏറു സഹിക്കാതെ കോര്‍ണര്‍ കിക്ക് എടുക്കാനേ പറ്റിയില്ല. കോര്‍ണര്‍ അടിക്കാനായി കളത്തിനു പുറത്തു നിന്നാണല്ലോ കളിക്കാരന്‍ ഓടിയടുക്കുക. അത് ഗാലറിയോട് അടുത്തായതു കൊണ്ട് മിക്ക ഏറുകളും അദ്ദേഹത്തിന്റെ ദേഹത്തു തന്നെ പതിച്ചു. ടര്‍ക്കിഷ് വംശജനായ കാന്റ്യൂഗ് തെമെല്‍ ആണ് അമെദ്‌സ്‌പോറിന്റെ ഗോള്‍ കീപ്പര്‍. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനു മേല്‍ കനത്ത എന്തോ വസ്തു എറിയപ്പെട്ടു. അദ്ദേഹം ഗ്രൗണ്ടില്‍ നിലം പതിച്ചു. വീണ അയാള്‍ക്കു മേല്‍ ബര്‍സാസ്‌പോര്‍ ആരാധകരുടെ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി.
ഒരൊറ്റ ഭരണകൂടം, ഒരൊറ്റ ജനത, ഒരൊറ്റ മതം, ഒരൊറ്റ ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ടര്‍ക്കിഷ് ദേശീയവാദികള്‍, ഗ്രീക്കുകാരെയും അര്‍മീനിയക്കാരെയും അസീറിയന്‍സിനെയും വംശഹത്യ നടത്തിയത്. ഇനി ബാക്കിയുള്ളത് കുര്‍ദുകളാണ്. രണ്ടു കോടിയോളം കുര്‍ദുകളാണ് തുര്‍ക്കിയിലുള്ളത്. അവര്‍ക്ക് ഒന്നുകില്‍ വംശഹത്യ നേരിടേണ്ടി വരും അതല്ലെങ്കില്‍ ടര്‍ക്കിഷ് സംസ്‌ക്കാരത്തിനകത്തേയ്ക്ക് അലിഞ്ഞു ചേര്‍ന്ന് അദൃശ്യരാകേണ്ടി വരുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
എണ്‍പത്തിയൊന്നാമത്തെ മിനുട്ടില്‍ ബര്‍സാസ്‌പോര്‍ ടീം ഒരു ഗോളടിച്ചു. ഉടനെ, അവരുടെ അഞ്ചു കളിക്കാര്‍ ഒന്നിച്ചു നിരന്നു നിന്ന് പട്ടാള സല്യൂട്ട് അടിച്ചു. 2019ല്‍ സിറിയയിലെ റോജാവായിലുള്ള എഫ്രിന്‍, സെറെ കാനിയേ, ഗിറെ സ്പി എന്നീ കുര്‍ദിഷ് നഗരങ്ങള്‍ തുര്‍ക്കി പട്ടാളം പിടിച്ചെടുത്തതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ അക്കാലത്ത് പ്രചാരത്തില്‍ വന്നതാണീ സല്യൂട്ട്.
കളി അവസാനിച്ചപ്പോള്‍, ഡ്രസ്സിംഗ് റൂമിലും വരാന്തയില്‍ പോലും അമെദ്‌സ്‌പോര്‍ കളിക്കാര്‍ അക്രമം നേരിട്ടു.
കളിയും അക്രമവും കുപ്രസിദ്ധി ആര്‍ജ്ജിച്ചതോടെ, കുര്‍ദിഷ് രാഷ്ട്രീയ നേതാക്കളും, കലാപ്രവർത്തകരും, സംഗീതജ്ഞരും അമെദ്‌സ്‌പോര്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞുകൊണ്ടുള്ള ഫോട്ടോകള്‍ അമെദ്‌സ്‌പോര്‍ ഒറ്റയ്ക്കല്ല എന്ന ഹാഷ്ടാഗോടെ ഇന്‍സ്റ്റയിലും മറ്റും പോസ്റ്റ് ചെയ്തു. കുര്‍ദിഷ് പാര്‍ട്ടിയായ ജനകീയ ജനാധിപത്യ പാര്‍ട്ടി (എച്ച്. ഡി.പി) അക്രമത്തെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കി. തങ്ങള്‍ ഫാസിസത്തിനു മുന്നില്‍ മുട്ടു കുത്തില്ല എന്നവര്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എച്ച്. ഡി. പിയുടെ ജയിലിലുള്ള നേതാവ് സെലാഹത്തിന്‍ ദെമിര്‍ത്താസ് അമെദ്‌സ്‌പോര്‍ ജഴ്‌സി അണിഞ്ഞു നില്ക്കുന്ന ഫോട്ടോയും വൈറലായി. “അവരുടെ അച്ഛന്മാരുടെ അച്ഛന്മാര്‍ക്ക് മുന്നിൽ വെള്ള ടോറസിന്റെ കാലത്ത് നാം കീഴടങ്ങിയിട്ടില്ല. ഇവര്‍ക്കു മുമ്പിലും നാം കീഴടങ്ങില്ല,” എന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ചില മുഖം മിനുക്കല്‍ നടപടികളെങ്കിലുമെടുക്കാന്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ബന്ധിതരായി. ബര്‍സാസ്‌പോറിന്റെ അടുത്ത ഒമ്പത് മാച്ചുകള്‍ കാണികളില്ലാതെ അടച്ചിട്ട വാതിലുകള്‍ക്കുള്ളിലായിരിക്കും നടക്കുക. ഈ സീസണില്‍ ഇനി ആറു മാച്ചുകളാണ് അവര്‍ക്ക് കളിക്കാനുള്ളത്. അതായത്, അടുത്ത സീസണിലെ ആദ്യ മൂന്നു മാച്ചുകള്‍ കൂടി ക്ലോസ്ഡ് ഡോര്‍ സ്‌റ്റേഡിയങ്ങളില്‍ കളിക്കേണ്ടി വരും. പതിനേഴായിരം ഡോളര്‍ പിഴയും ബര്‍സാസ്‌പോറില്‍ നിന്നീടാക്കും. ക്ലബ്ബിന്റെ രണ്ടാപ്പീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഈ ശിക്ഷയെല്ലാം ടര്‍ക്കിഷ് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിന് തങ്ങള്‍ ഏറ്റു വാങ്ങുന്ന ശിക്ഷയായിട്ടാണ് ബര്‍സാസ്‌പോര്‍ ട്വീറ്റ് ചെയ്തത്.
കളിയില്‍ തോറ്റിട്ടാണെങ്കിലും ദിയാര്‍ബക്കിറില്‍ തിരിച്ചെത്തിയ അമെദ്‌സ്‌പോര്‍ ടീമിനെ വീരോചിതമായിട്ടാണ് ജനങ്ങള്‍ സ്വീകരിച്ചത്. കുര്‍ദിസ്താന്‍, ഫാസിസത്തിന്റെ ശവകുടീരമായി മാറും, തലയുയര്‍ത്തി നില്ക്കുക, കുനിയരുത് എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടു. മെയ് 14ന് തുര്‍ക്കിയില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, കുര്‍ദിഷ് ജനാധിപത്യവാദികളെ സ്വാധീനിക്കുന്ന സംഭവവികാസങ്ങളാണിതൊക്കെയും. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അമെദ്‌സ്‌പോറിനെതിരായ അക്രമത്തെ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞു.
(ഡോക്ടര്‍ തോറെ റെഡ്‌ക്രോ എഴുതിയ ‘അറ്റാക്ക് ഓണ്‍ അമെദ്‌സ്‌പോര്‍– വൈ ഇറ്റ് ഈസ് ബിഗ്ഗര്‍ ദാന്‍ ഫുട്‌ബോള്‍’ എന്ന ലേഖനമാണ് ഈ കുറിപ്പിന്റെ മുഖ്യ പ്രചോദനം. കൂടാതെ; റുഡാ, അല്‍ മോണിറ്റര്‍, റോയിട്ടേഴ്‌സ്, ടര്‍ക്കിഷ് മിനുറ്റ്, ദ് സണ്‍, എന്നീ പ്രസിദ്ധീകരണങ്ങളിലെ നിരവധി ലേഖനങ്ങളും സഹായമായി)
Subscribe to our channels on YouTube & WhatsApp