കളി, ചരിത്രത്തിൻ്റെ സഹചാരിയെന്ന നിലയില്‍
ബ്രസീലിനും അര്ജന്റീനക്കും ഒരു പരിധിവരെ ഉറുഗ്വായ്ക്കുമപ്പുറം ലത്തീനമേരിക്കന്‍ ഫൂട്ബോളിന്റെ മേല്‍വിലാസമെന്താണ്? ആല്‍ഫ്രെഡോ ഡി എസ്തെഫാനോ, പെലെ, മാനെ ഗാരിഞ്ച, ദ്യേഗോ മറഡോണ എന്നിവരില്‍ തുടങ്ങി, ലിയൊണെല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍, ലൂയിസ് സുവാരസ് എന്നിവരിലൂടെ തുടരുന്ന പ്രതിഭാപരമ്പരയില്‍ മറ്റു രാജ്യങ്ങളിലെ കളിക്കാരുടെ സ്ഥാനമെന്താണ്? ലോകചാംപ്യന്മാരായിട്ടുണ്ടെന്നത് മാത്രമല്ല ഈ ടീമുകളെ ലത്തീനമേരിക്കയിലെ കരുത്തരാക്കുന്നത് മറിച്ച് അവിടുത്തെ പ്രതിഭാസമ്പത്തു കൂടിയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് തെക്കനമേരിക്കയിലെ ഫൂട്ബോള്‍ ലാ പ്ലാത്ത നദീതീരത്തുതന്നെയായിരുന്നു. നദിക്കപ്പുറവുമിപ്പുറവുമുള്ള അര്‍ജന്റീനയും ഉറുഗ്വായും പന്തുകൊണ്ട് ലോകം കീഴടക്കി. അവര്‍ തമ്മിലായിരുന്നു ഒളിംപിക്സിലും ലോകകപ്പ് ഫൈനലിലും മത്സരം, മുന്‍തൂക്കം ഉറുഗ്വായ്ക്കായിരുന്നു. സ്വതന്ത്രരായ ഉറുഗ്വായില്‍ സ്പാനിഷ് വംശജര്‍ക്കായിരുന്നു അധീശത്വമെങ്കില് അര്‍ജന്റീനയിലെ സ്ഥിതി മറിച്ചായിരുന്നു. കുടിയേറ്റക്കാരിലെ ഇറ്റാലിയന്‍ ഭൂരിപക്ഷം അവരുടെ ജനസംഖ്യാനുപാതത്തെ മാറ്റിമറിച്ചിരുന്നു. ആധുനിക രാഷ്ട്രങ്ങളെന്ന നിലയില്‍ ലത്തീനമേരിക്കന്‍ രാജ്യങ്ങള്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വന്‍തോതിലുള്ള യൂറോപ്യന്‍ കുടിയേറ്റം ഫൂട്ബോളിന്റെ പ്രചാരത്തിന് സഹായകരമായതുപോലെ കളി അവര്‍ക്ക് തദ്ദേശീയര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനും കാരണമായതായി Futbol- Why soccer matters in South America എന്ന പഠനത്തില്‍ ജോഷ്വാ നദേല്‍ നിരീക്ഷിക്കുന്നുണ്ട്.
കുടിയേറ്റത്തിനൊത്ത് ജനസംഖ്യാഘടന മാറിയതോടെ രാജ്യങ്ങളില്‍ പുതിയ അവകാശങ്ങളുള്ക്കൊള്ളുന്ന ഭരണഘടനകള്‍ വന്നു, സ്ത്രീകളും പുരുഷന്മാരും വിവിധ സാമൂഹ്യ ശ്രേണിയിലുള്ള മനുഷ്യരുമെല്ലാം നടത്തിയ പലതരം പോരാട്ടങ്ങളാണ് തെക്കനമേരിക്കന്‍ സമൂഹങ്ങളുടെ രാഷ്ട്രീയ സ്വഭാവം പുനര്‍നിര്‍ണ്ണയിച്ചത്. എന്നാല്‍ ഈ മാറ്റങ്ങളിലേറെയും ലത്തീനമേരിക്കയുടെ സാംസ്കാരികവും സാമൂഹ്യവുമായി യൂറോപ്പുവല്കരണമാണ് ലക്ഷ്യമിട്ടത്. യൂറോപ്പിലെ ആധുനിക മനോവ്യാപാരങ്ങളെ സ്വന്തം ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിച്ചപ്പോള്‍ ജനതയില്‍ അപകര്‍ഷതാബോധം വളരുകയാണുണ്ടായതെന്നാണ് നദേലിന്റെ വാദം. ഒരര്‍ത്ഥത്തില്‍ ഈ അപകര്‍ഷതാബോധത്തെ മറികടക്കാനുള്ള ഉപാധിയായിട്ടാവണം തെക്കനമേരിക്കന്‍ ഫൂട്ബോള്‍, റിയെ പ്ലാത്തനീസ് ഫൂട്ബോള്‍ പ്രത്യേകിച്ചും, ശൈലിയിലും പ്രയോഗത്തിലും തികഞ്ഞ യൂറോപ്പ് വിരുദ്ധമായി സ്വയം അവതരിപ്പിച്ചത്. ബ്രസീലില്‍ സ്ഥിതി അല്പം കൂടി വ്യത്യസ്തമായിരുന്നുവെന്നു വേണം കരുതാൻ അര്‍ജന്റീനയില്‍ എത്തിയ അതേ കാലത്തു തന്നെയാണ് സ്കോട്ടിഷ് കുടിയേറ്റക്കാരിലൂടെ ബ്രസീലിലും ഫൂട്ബോള്‍ എത്തുന്നത്. വംശവൈവിധ്യത്താല്‍ അര്ജന്റീനയിലേതിനേക്കാള് ഏറെ സങ്കീര്‍ണ്ണമായിരുന്നു പോര്‍ച്ചുഗീസ് സാമ്രാജ്യത്വത്തിന് കീഴില്‍ ബ്രസീലിലെ സാമൂഹ്യാന്തരീക്ഷം. യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കും തദ്ദേശീയര്‍ക്കും പുറമെ കരിമ്പിന് തോട്ടങ്ങളിലെ അടിമപ്പണിക്കു വേണ്ടി യൂറോപ്യന്മാര് ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന കറുത്തമനുഷ്യര്‍ കൂടി ചേര്‍ന്നതായിരുന്നു ബ്രസീലിയന്‍ ജനസമൂഹം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈ മൂന്ന് രാജ്യങ്ങളിലും ഇംഗ്ലീഷ് ഫൂട്ബോളിന് ബദലെന്നവണ്ണം തദ്ദേശീയ കേളീശൈലി വളര്‍ന്നുവന്നിരുന്നു. അര്‍ജന്റീനയിലെ ലാ നുസ്ത്രയും ബ്രസീലിന്റെ ജീംഗയും ഉറുഗ്വായുടെ ഗാര്‍റ ചറുവയുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പോരാട്ട ചരിത്രം അവകാശപ്പെടാവുന്ന പ്രയോഗങ്ങളാണ്.
അര്‍ജന്റീനയിലും ഉറുഗ്വായിലും ബ്രസീലിലുമെല്ലാം ഫൂട്ബോള്‍ രാഷ്ട്രീയ ചരിത്രത്തിന് സമാന്തരമായി സഞ്ചരിച്ചിരുന്ന ഈ കാലഘട്ടത്തില്‍ മറ്റ് തെക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിതി എന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ഏന്ഡീസ് മലനിരകളാല്‍ നാലായി വിഭജിക്കപ്പെട്ട ഭൂഭാഗമാണ് കൊളംബിയ. യാഥാസ്ഥിതികരും ഉദാരമതികളും തമ്മിലും ഗ്രാമവും നഗരവും തമ്മിലും കേന്ദ്രവും പ്രാന്തവും തമ്മിലുമുള്ള നിരന്തര സംഘര്‍ഷമാണ് കൊളംബിയയുടെ രാഷ്ട്രീയസ്വഭാവത്തിനടിസ്ഥാനമെ
പെദെര്നേരയെ സ്വാഗതം ചെയ്യുന്ന ദിവസം കളിയില്ലാതിരുന്നിട്ടു കൂടി പതിനെണ്ണായിരം ഡോളറിന്റെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നതായി ഡേവിഡ് ഗോള്‍ഡ്ബ്ലാറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പതുകളിലും നാല്പതുകളിലും ലത്തീനമേരിക്കന്‍ രാജ്യങ്ങളില്‍ വച്ച് മെച്ചപ്പെട്ട ജനാധിപത്യ സംവിധാനം നിലനിന്നിരുന്ന കൊളംബിയില്‍ ബൊഗോട്ടയിലെ ജനകീയ നേതാവ് ഹോര്‍ഹെ ഏയ്സര്‍ ഗെയ്താന് കൊല്ലപ്പെടുന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. ഗെയ്താന്റെ കൊലപാതകത്തോടെ തെരുവിലിറങ്ങിയ ജനത്തെ പട്ടാളം അടിച്ചമര്‍ത്തി. ബൊഗോട്ടയിലെ തെരുവുകളില്‍ ഇരുപതിനായിരത്തോളം പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നഗരങ്ങള്‍ തമ്മിലും ലീഗുകള്‍ തമ്മിലും യുദ്ധകാലസമാനമായ ശത്രുത ഉടലെടുത്തു. ബൊഗോട്ടയിലെ ഡി മേയര്‍ ലീഗിന് ഫിഫയുടെ അംഗീകാരം നഷ്ടപ്പെട്ടു. അംഗീകാരമില്ലാത്ത സ്വതന്ത്ര ലീഗായി നിലനിന്ന കാലത്താണ് ഡി മേയര്‍ യഥാര്‍ത്ഥ എല്‍ ദൊരാദോ ആയി പരിണമിക്കുന്നത്. സ്വയംഭരണം കൈയാളിയ ആ അഞ്ചു വര്‍ഷം അതി സമ്പന്നമായിരുന്നു ലീഗ്. ആല്‍ഫ്രെദോ ഡി എസ്തഫാനോയെ പോലുള്ള അതികായര്‍ ലീഗില്‍ കളിക്കാനെത്തി. അമ്പതുകളുടെ തുടക്കത്തില്‍ ലിബറലുകളും യാഥാസ്ഥിതികരും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരുന്നു. പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ യാഥാസ്ഥിതികര്‍ അക്ഷരാര്‍ത്ഥത്തില്‍ എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങി.
ആസന്നമായ സാമ്പത്തിക മാന്ദ്യത്തെ മുന്‍നിര്‍ത്തി 1951 ല്‍ ബൊഗോട്ടയിലെ ഡി മേയര്‍ ലീഗിനുള്ള വിലക്ക് ഫിഫ പിന്‍വലിച്ചു. 1953 വരെ നിലവിലുള്ള സൂപ്പര്‍ താരങ്ങളടക്കമുള്ള കളിക്കാരെ നിലനിര്‍ത്താം എന്നായിരുന്നു വ്യവസ്ഥ. അമ്പത്തിരണ്ടില് വിലക്കു നീങ്ങിയ മിജൊനാരിയോസ് യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെട്ടു. ഈ പര്യടനമാണ് എസ്തെഫാനോയുടെ റെയല്‍ മഡ്രീഡിലേക്കുള്ള കുടിയേറ്റത്തിന് നിമിത്തമായത്.
അതിസമ്പന്നവും എന്നാല്‍ രക്തരൂഷിതവുമായ ചരിത്രമാണ് കൊളംബിയന്‍ ഫൂട്ബോളിനുള്ളത്. എന്നാല്‍ പിന്നീട് രാഷ്ട്രമെന്ന നിലയില്‍ കൊളംബിയയെ ഗ്രസിച്ച ഹിംസാത്മകത ഫൂട്ബോളിനേയും ബാധിച്ചു. രാജ്യാധികാരത്തിലെന്ന പോലെ ലഹരിമാഫിയ പന്തുകളിയേയും വിഴുങ്ങി. മെഡജീനിലും കാലിയിലും ഫൂട്ബോള്‍ ലീഗുകളിലേക്ക് കൊക്കെയ്ന്‍ പണം ഒഴുകുന്നതിനൊപ്പം അവയുടെ നിയന്ത്രണവും കാര്‍ട്ടെലുകള്‍ ഏറ്റെടുത്തു. 1962ലാണ് കൊളംബിയ ആദ്യമായി ലോകകപ്പ് കളിക്കുന്നത്, അതിനു ശേഷം 1990 ലും- റെനെ ഹിഗീറ്റയുടെ കൊളംബിയ. അപ്പോഴേക്കും ഫൂട്ബോള്‍ രാജ്യത്തെ ഒന്നാകെത്തന്നെ കൊക്കെയ്ന്‍ കാര്ട്ടെലുകളുടെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു. 1994 ല്‍ ലോകകപ്പ് തന്നെ നേടാന്‍ ശേഷിയുള്ള ടീമായി മാറിയിരുന്നു കൊളംബിയ. വാല്ദരാമയും ആസ്പിരീജയും ആന്ദ്രെ എസ്കോബാറുമെല്ലാമടങ്ങിയ ടീം പക്ഷെ നിരാശപ്പെടുത്തി. അമേരിക്കക്കെതിരെ എസ്കോബാര്‍ വഴങ്ങിയ സെൽഫ് ഗോള്‍ ഫൂട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു. കൊളംബിയ രണ്ടാം റൗണ്ട് കാണാതെ പുറത്തായി. അധികം താമസിയാതെ ആന്ദ്രെ എസ്കോബാര്‍ വെടിയേറ്റു മരിച്ചു. പിന്നീട് റഡാമല്‍ ഫല്‍ക്കാവോയും ഹമീഷ് റോഡ്രീഗസും യാരാ മീനയുമടക്കമുള്ള നിരവധി താരങ്ങള്‍ ഉദിച്ചുയര്‍ന്നെങ്കിലും കൊളംബിയന്‍ ഫൂട്ബോളെന്നാല്‍ ഇപ്പോഴും നമുക്ക് രണ്ട് എസ്കോബാര്മാര്ക്കിടയിലൂടെ വരക്കപ്പെടുന്ന ദുരൂഹതയുടെ വരകളാണ്.