ഈ മാസത്തെ മൂന്നാമത്തെ പോക്സോ കോർട്ട് ഡ്യൂട്ടി സമൻസ്. പത്തരയ്ക്ക് കോടതിയിൽ എത്തണം.
ബസ്സ് മുന്നോട്ടു പോകുമ്പോഴാണ് ഒരു സ്റ്റോപ്പിൽ ഒറ്റയ്ക്കു ബസ്സ് കാത്തു നിൽക്കുന്ന എട്ടിലോ മറ്റോ പഠിക്കുന്ന ഒരു പെൺകുട്ടിയോട് വഴിയിൽ നിന്ന് ഒരാൾ സംസാരിക്കുന്നത് കണ്ടത്. മറുപടി പറയുമ്പോൾ കുട്ടി അയാളെ നോക്കുന്നില്ല.
ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ട്, മനസ്സിൽ ഒരു കനം. ബസ്സ് അവിടം വിട്ട് കിലോമീറ്ററുകൾ താണ്ടിയിട്ടും ചിന്തകൾ റോഡു പോലെ നീളുകയാണ്.
ഓരോ ഡ്യൂട്ടി ദിവസവും കുഞ്ഞുനാവുകളിൽ നിന്ന് കേൾക്കാനിഷ്ടമില്ലാത്ത കാര്യങ്ങൾ കേൾക്കാനും, പരീക്ഷയെഴുതുന്ന പോലെ 15 പേജുള്ള റിപ്പോർട്ട് പോലീസിന് നൽകാനും, കോടതി കേറിയിറങ്ങാനും തുടങ്ങിയിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു.
കാഴ്ചയിലും പേരിലും എയ്ഞ്ചൽ മേരിയായ അഞ്ചു വയസ്സുകാരിയോട് ഞാൻ ചോദിച്ചു:
“ഇത്ര ബുദ്ധി ഉള്ള കുട്ടിയായിട്ട്, ആ അപ്പൂപ്പൻ വീട്ടിലേക്ക് വിളിച്ച് മോളെ ഇങ്ങനെയൊക്കെ ചെയ്തപ്പോ മോളെന്താ ഓടിപ്പോകാതിരുന്നത്?”
“ഡോട്ടർ, അന്ത താത്താ സൊല്ലിച്ച്, സൊന്ന പോലെ സെഞ്ചാ ജ്യൂസ് താറേൻ ണ്ണ്.”
“എനക്ക് റൊമ്പ നല്ലാവേ ഡാൻസ് പണ്ണത്തെരിയും ഡോട്ടർ ഇങ്ക പാരുങ്ക” പരിശോധനാ മുറിയിൽ ഡാൻസ് കളിച്ച എയ്ഞ്ചലിൻ്റെ പാട്ടായി അമ്മയുടെ തേങ്ങൽ.
“പത്തു വർഷം കളിഞ്ച് ദൈവം തന്ത കുളന്തെയ് ഡോക്ടർ”
“ഇല്ല ഡോക്ടർ ഞങ്ങൾക്ക് കേസാക്കേണ്ട, രണ്ടു മക്കളും വീട്ടിൽ ഒറ്റക്കാകേണ്ട എന്ന് വിചാരിച്ചാണ് സ്കൂൾ വിട്ട് വരുമ്പോൾ അപ്പുറത്തെ വീട്ടിൽ കുറച്ചു നേരം ഇരിക്കാൻ പറഞ്ഞത്. ഒരു കൊല്ലമായി അയാൾ എൻ്റെ ഈ കുഞ്ഞുമക്കളെ, ഏഴും ഒമ്പതും വയസ്സല്ലേ അവർക്കായുള്ളൂ ഡോക്ടർ.”
അവൾക്ക് മുഴുമിക്കാൻ കഴിയുന്നില്ല. “ഞാൻ നേരിട്ട് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ് ഡോക്ടർ. ഞാൻ ഉറക്കെ ഒച്ച വെച്ച് ആളുകൾ കൂടിയതും അരമണിക്കൂറിനുള്ളിൽ അയാൾ തൂങ്ങി മരിച്ചു. എനിക്ക് കേസാക്കേണ്ട ഡോക്ടർ എൻ്റെ കുട്ടികൾക്ക് മറ്റു കുഴപ്പമൊന്നും ഇല്ലാന്ന് ഡോക്ടർ പരിശോധിച്ചു നോക്കിപ്പറഞ്ഞു തന്നാ മാത്രം മതി”.
“ഞാൻ എന്തു ചെയ്യും. നിങ്ങടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും, പക്ഷെ പോലീസിനെ അറിയിക്കുക എന്നത് ഞങ്ങൾടെ ഡ്യൂട്ടിയായിപ്പോയില്ലേ”.
“ഇല്ല മേഡം അയാൾടെ മകൻ പറഞ്ഞിട്ടുണ്ട്, കേസിനു പോയി അവരെ മാനം കെടുത്തിയാൽ ഞങ്ങളെ കൊല്ലുമെന്ന്”.
എന്നാലും പിന്നെയും പതിനഞ്ചു പേജ്, വെറും പതിനഞ്ച് പേജ്.
ജ്യേഷ്ഠനുൾപ്പെടെ നാലു വയസ്സു മുതൽ പീഡിപ്പിച്ച നാലു പ്രതികളിൽ രണ്ടാമത്തെ പ്രതിയായ മദ്രസാധ്യാപകനെ ഗൾഫിൽ നിന്ന് തിരിച്ചെത്തിയപ്പോൾ പോലീസ് വട്ടമിട്ടു പിടിച്ച് കോടതിയിലെത്തിച്ചിരിക്കുകയാണ്.
ഇതു മൂന്നാം പ്രാവശ്യമാണ് കാസർക്കോട് കോടതിയിൽ. ഇപ്രാവശ്യം ട്രെയിനിലാക്കി യാത്ര .
പ്രതിഭാഗം വക്കീൽ വാദിച്ചു വാദിച്ചൊരു ചോദ്യം. “നിങ്ങൾ പോലീസുകാരുടെ കൂടെ കൂടി കള്ളക്കഥ ചമച്ചതല്ലേ”, എന്ന്.
അതെ, ദിവസം ഇരുപതു പ്രസവം നടക്കുന്ന ആശുപത്രിയിലെ ഡ്യൂട്ടിത്തിരക്കിനിടയിൽ ഒരുപാട് സമയമുണ്ടായിരുന്നതു കൊണ്ട് രാത്രി പന്ത്രണ്ടരമണിക്ക് ഉറക്കമൊഴിച്ച് ഉണ്ടാക്കിയ കഥ. അതും ഇതുവരെ പോകാത്ത കാസർക്കോട്.
ഒരു പതിനെട്ടു വയസ്സുകാരിയുടെ, നാലാം ക്ലാസ്സ് മുതൽ നാലാള് പീഡിപ്പിച്ച കഥ. ഞാനെന്താ മെഗാ സീരിയൽ എഴുത്തുകാരിയോ.
നിപ്പക്കാലത്ത് ട്രെയിൻയാത്ര ഒഴിവാക്കാനായി ഭർത്താവിൻ്റെ കൂടെ കാറിൽ ആയിരുന്നു കഴിഞ്ഞ കോടതി യാത്ര. ഞാൻ സംസാരം നിർത്തിയാൽ ‘മഴ പെയ്തു തോർന്ന പോലെ’ എന്ന് ഉപമിച്ചിരുന്ന ഭർത്താവ്, ഇന്ന് എന്നോട് സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.
“സാരമില്ല രേഷ്മ, കണ്ടില്ലേ ആ പെൺകുട്ടിയുടെ ജ്യേഷ്ഠനെ ശിക്ഷിച്ചില്ലേ. നിങ്ങൾക്കൊക്കെ ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടല്ലോ”.
ഞാൻ എന്താണ് ചെയ്തത് ?
എന്താണ് ചെയ്യേണ്ടത് ? ഒന്നും ഏൽക്കുന്നില്ല.
“മോളോട് നീ ശ്രദ്ധിക്കാൻ പറയുന്നതൊക്കെ ശരി തന്നെ. പക്ഷെ അവൾ കുറച്ച് ടെൻസ്ഡ് ആകുന്നുണ്ട്. ഇന്നലെ ഉറക്കത്തിൽ കരഞ്ഞിരുന്നു. നീ കുറച്ച് ഓവർ പ്രൊട്ടക്റ്റീവ് ആകുന്നുണ്ട്”.
ഞാൻ എന്ന ഉമ്മ സ്വയരക്ഷക്കായ് അവൾക്ക് പറഞ്ഞു കൊടുക്കുന്നത് അധികമായിപ്പോകുന്നുണ്ടോ.
അവളുടെ പ്രായത്തിൽ, അതിരാവിലെ ഇരുട്ടത്ത് നടന്ന് പോയി, സമദണ്ണൻ്റെ ചായക്കടയിൽ നിന്നും രണ്ട് പാക്കറ്റ് പാലും ചാവക്കാടൻ്റെ കടയിൽ നിന്ന് മിൽക്കി ബിക്കിസും വാങ്ങിയിരുന്ന ഞാൻ ഇന്ന് എന്റെ മോളെ അടുത്ത വീട്ടിലേക്ക് പോലും വിടുന്നില്ല.
കഴിഞ്ഞ കൊല്ലമാണ് ആ പതിനേഴുകാരി 7 മാസം ഗർഭിണിയായി ഒപി യിൽ എത്തിയത്. ഗർഭത്തിന്റെ ഉത്തരവാദി അച്ഛനാണന്ന് ഞങ്ങളോട് സ്വകാര്യമായി പറഞ്ഞത് പുറത്ത് നിന്ന അമ്മയോട് പറയാൻ കഴിയാതെ “അറിയില്ലമ്മാ” ന്ന് പറഞ്ഞൊപ്പിച്ചു .
ആ അച്ഛനെ വിളിച്ചു സംസാരിക്കുമോന്നാണ് അമ്മ ഞങ്ങളോട് ചോദിക്കുന്നത്.
എന്റെ മുന്നിലെത്തിയ ആ അച്ഛനെക്കണ്ട ഞങ്ങളുടെ വികാരവിക്ഷോഭങ്ങൾ ആ അമ്മ വായിച്ചെടുക്കാതിരിക്കാൻ ഞങ്ങൾ ഒരുപാട് പണിപെട്ടു.
എത്ര നേരത്തേയ്ക്ക് ?
ചിന്നിച്ചിതറിപ്പോയ കുടുംബത്തിലെ ആ അമ്മയെ, മകളുടെ പ്രസവത്തിനു പോലീസ് വിളിപ്പിച്ചപ്പോൾ. അനാഥാലയത്തിലേക്ക് കൊടുക്കാൻ തീരുമാനിച്ച കുഞ്ഞിനെ തിരിച്ചു ചോദിച്ചു കരയുന്ന ആ മകളെ കണ്ടപ്പോൾ, പേരിടാൻ പോലും കഴിയാത്ത ഒരു വികാരവുമായിട്ടാണ് ആ അമ്മ കോറിഡോറിൽ നിന്നിരുന്നത്.
അവർ ഇന്ന് എവിടെയാണാവോ ?
അമ്മയും മകനും നാടുവിട്ടുവെന്നും അനിയൻ പഠിത്തം നിർത്തിയെന്നും അച്ഛൻ ജയിലിലാണെന്നും ആ പെൺകുട്ടി റസ്ക്യു ഹോമിലാണെന്നും പിന്നീട് പോലീസ് പറഞ്ഞറിഞ്ഞ സത്യങ്ങൾ. കെട്ടുകഥയേക്കാൾ കെട്ടുപിണഞ്ഞ ജീവിത കഥകൾ.
15 വയസ്സുള്ള കുട്ടിയെ നാലാം ക്ലാസ്സ് മുതൽ പീഡിപ്പിച്ച ചെറിയച്ചനെന്ന പ്രതിയാണ് ജഡ്ജിയുടെ വിളിയിൽ എൻ്റെ പിന്നിലെ കൂട്ടിൽ വന്നുനിൽക്കുന്നത്. ഒരു തോക്കുണ്ടെങ്കിൽ അയാളെ വെടിവെച്ച് കൊല്ലാൻ എനിക്ക് തോന്നിയതിൽ തെറ്റുണ്ടോ.
പത്തു മണിക്കു തന്നെ എത്തണം. ആറാംമാസം പ്രായമുള്ളതു മുതൽ 3 വയസ്സു വരെ അച്ഛൻ പീഡിപ്പിച്ചു എന്ന് അമ്മ പറഞ്ഞ് കേസായി ഞാൻ പരിശോധിച്ച് റിപ്പോർട്ടെഴുതിയ കുട്ടിക്ക് ഇന്ന് ഒരു എട്ട് വയസ്സെങ്കിലും ആയിക്കാണും. അന്ന് അവരുടെ കൂട്ടായി ആദ്യമായി ഡ്യൂട്ടിയിൽ കേറിയ പോലീസ് ഓഫീസറുടെ കണ്ണു നിറഞ്ഞപ്പോൾ ഞാൻ അവരുടെ കൈപിടിച്ചത് ഓർക്കുന്നു.
ഒരു മിസ്ഡ് കോൾ.
“ഡോക്ടർ ആ മൂന്നുവയസ്സുകാരിയുടെ കേസ് ഒത്തുതീർപ്പായി ട്ടോ. ഇനി ഡോക്ടർ വരേണ്ട”.
ആര് ഒത്തുതീർപ്പാക്കി…
എന്ത് ഒത്തുതീർപ്പാക്കി…
അപ്പോൾ എൻ്റെ ആ പതിനഞ്ചു പേജ്,
അല്ല അവളുടെ ആ എട്ടു കൊല്ലം,
അല്ല അവളുടെ ഇനിയുള്ള കൊല്ലങ്ങൾ.
ഉത്തരം മുട്ടുന്ന ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഞാനും നിർവികാരതയുടെ വേഷമണിയണോ?
പുതിയതായി എത്തിയ പതിനഞ്ചു പേജിൻ്റെ മെഡിക്കൽ റിപ്പോർട്ട് ബുക്കുകൾ കാഷ്വാലിറ്റിയിലെ അലമാരയിൽ നിറച്ചു വെച്ച ശേഷം, ബാക്കി കെട്ടുകൾ വെയ്ക്കാൻ സ്ഥലം തിരയുന്ന സിസ്റ്ററുടെ മുഖത്തും ഞാൻ കണ്ടത് പേരിടാൻ കഴിയാത്ത നിസ്സംഗത.
ശ്രദ്ധ തിരിക്കാനായി ഞാൻ ഫേയ്സ്ബുക്കിൽ ഊളിയിട്ടു. അവിടെ കണ്ടത് ഇരയെ അല്ല , അതിജീവിതയെ.
ഞാൻ അവരുടെ എല്ലാ പോസ്റ്റിനും ആവോളം ലൈക്കിട്ടു, കാരണം എൻ്റെ കണ്ണിൽ അവർ അതിജീവിത മാത്രമല്ല, ഔന്നത്യത്തിലെത്തിയ സൂപ്പർഹീറോ. വില്ലനെ അടിച്ചു നിലംപരിശാക്കുന്ന സൂപ്പർഹീറോ.
പൊള്ളുന്നു……
വായിച്ചിട്ട് വല്ലാതായിപ്പോയി.
ഡോ. രേഷ്മ സാജനെ പോലെയുള്ളവരുടെ കുറിപ്പുകൾ
പലർക്കും കേട്ടറിവുകളാണ്..
ചിലർക്ക് കഥകളും,
മറ്റു ചിലർക്ക് ചൂടൻ വർത്തകളും..!
ഉറ്റവരെന്നും രക്ഷകരെന്നും കരുതിയവരുടെ മറ്റൊരു മുഖം നേരിൽ കണ്ടവർക്ക് മാത്രമേ
കടന്നുപോയ ദിവസ്സങ്ങളുടെ ഭീകരത മനസ്സിലാവുകയുള്ളു.
അവർ മാത്രം അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും ആഴങ്ങളറിയുകയുള്ളു..!!
ഡോക്ടർ രേഷ്മയുടെ
ഈ കുറിപ്പ് വായിച്ച് തുടങ്ങിയപ്പോൾ ചങ്കിൽ തങ്ങിയ വേദന അങ്ങിനെ നില്കുന്നുണ്ട്, വായിച്ചു തീർന്നിട്ടും,തീരാതെ!!
“എല്ലാവരും ദൈവങ്ങളായെങ്കിൽ…”