A Unique Multilingual Media Platform

The AIDEM

Articles Politics

കാനം രാജേന്ദ്രന് ഒരു തുറന്ന കത്ത്

  • March 15, 2022
  • 2 min read
കാനം രാജേന്ദ്രന് ഒരു തുറന്ന കത്ത്

ഇന്നത്തെ കേരളത്തെ നിർമ്മിച്ചെടുത്ത നിർണായകമായ പല ചരിത്രസന്ദർഭങ്ങളിലും മുന്നിൽ നിന്ന് നയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പല കൈവഴികളായി വേർപിരിയുകയും പിന്നീട് പല ഇടങ്ങളിൽ കൂടിച്ചേരുകയും ചെയ്തിട്ടുണ്ട്. ആ ഒഴുക്കിൻ്റെ അടയാളങ്ങൾ കേരളത്തിൻ്റെ സാംസ്കാരികഭൂപടത്തിലെ പച്ചപ്പുകളായി ശേഷിക്കുന്നുമുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിൽ നേതൃത്വനിരയിലുണ്ടായിരുന്ന പതിനാറു പേരുടെ രണ്ടാം തലമുറയിലെ ഇരുപത്തിയൊന്നു പേർ ആ ഓർമ്മകളോടെ കാലികമായ ഒരു വിഷയത്തെ സംബന്ധിച്ച് തങ്ങളുടെ ആകുലത കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നിൻ്റെ നേതൃത്വത്തോട് പങ്കു വെക്കുകയാണിവിടെ. അവരെല്ലാം തന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മുൻ തലമുറയുടെ രാഷ്ട്രീയജീവിതത്തിൻ്റെ വേദനകളും സംഘർഷങ്ങളും സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നവരുമാണ്. അതുകൊണ്ടു തന്നെ അവർക്ക് പറയാനുള്ള കാര്യങ്ങളും കേൾക്കേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് വാർത്താമാധ്യമങ്ങളിൽ ഇതിനകം പ്രചരിച്ചു കഴിഞ്ഞ ഈ കത്തിൻ്റെ പൂർണരൂപം ദി ഐഡം പ്രസിദ്ധീകരിക്കുന്നത്.എന്നാൽ തങ്ങൾ ജീവിക്കുന്ന ചുറ്റുപാടിലെ മണ്ണിനും ജലത്തിനും വായുവിനും ഭൂപ്രകൃതിക്കും സർവോപരി വരും തലമുറകളുടെ ജീവിതത്തിനും എന്തു സംഭവിക്കുന്നു എന്ന് അറിയാനും എന്തു സംഭവിക്കണം എന്നു തീരുമാനിക്കാനും എല്ലാ ജനങ്ങൾക്കുമുള്ള അവകാശത്തിൽ കവിഞ്ഞ് പാരമ്പര്യത്തിൻ്റേതായ ഒരു പരിഗണനയോ മുൻഗണനയോ ഈ രണ്ടാം തലമുറയ്ക്കുണ്ട് എന്ന് ദി ഐഡം വിശ്വസിക്കുന്നില്ല. എന്നാൽ തങ്ങളാലാവും വിധം സമൂഹത്തിൻ്റെ വിവിധ തുറകളിൽ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ആളുകൾ എന്ന നിലയിൽ ഇവർക്ക് കൂട്ടായി പറയാനുള്ള കാര്യങ്ങളും പ്രസക്തമാണ് എന്ന് ദി ഐഡം പത്രാധിപസമിതി കരുതുന്നു. ആ നിലക്ക് ഇവിടെ എടുത്തെഴുതുന്ന ഈ കത്തിലെ അഭിപ്രായങ്ങൾ മുഴുവനായും ദി ഐഡത്തിൻ്റെ വീക്ഷണവുമല്ല.ഈ ആമുഖത്തോടെ വായനക്കാരുടെ വിലയിരുത്തലിനായി ആ കത്ത് താഴെ ചേർക്കുന്നു.

സ. കാനം രാജേന്ദ്രന് ഒരു തുറന്ന കത്ത്.

ആദരണീയനായ സഖാവ് കാനം രാജേന്ദ്രൻ,
കേരളത്തിൻ്റെ സാമൂഹിക -രാഷ്ട്രീയ -സാംസ്‌കാരിക – വിദ്യാഭ്യാസ – പാരിസ്ഥിതിക മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒപ്പം അഭ്യുദയകാംക്ഷികളുമാണ് ഈ തുറന്ന കത്തിൽ ഒപ്പിട്ട ഞങ്ങളിൽ എല്ലാവരും. പാരമ്പര്യമായി ഞങ്ങളെല്ലാം കമ്മ്യുണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ളവരും അതിലഭിമാനിക്കുന്നവരുമാണ്.ഈ കത്ത് എഴുതുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത് അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തുടർച്ചയായി ഞങ്ങളിപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സിപിഐ എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ച് ഞങ്ങൾക്കുള്ള ആശങ്കയാണ്. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്തായാലും നിലവിലെ സർക്കാർ ഭരണം തുടങ്ങിയതിന് ശേഷവും നിർണായകമായ പല പ്രശ്നങ്ങളിലും എതിർപ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാൻ സിപിഐ നേതൃത്വം തയ്യാറായിരുന്നു.

ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിൽ സിപിഐ ഈ അടുത്ത കാലത്ത് എടുത്ത നിലപാട് മേൽപ്പറഞ്ഞ ശരിയുടെ ഭാഗത്തുള്ള നിൽപ്പായി ഞങ്ങൾ കാണുന്നുണ്ട്. ഭരണത്തിൻ്റെ ഭാഗമാണ് എന്നതുകൊണ്ട് സത്യം, നീതി, ജനനന്മ, ജനകീയ അഭിപ്രായ സമന്വയം എന്നിവ മറന്നുകൊണ്ട് ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ സത്യസന്ധവും ഉചിതവുമായ നിലപാട് സിപിഐ എടുക്കാതിരിക്കുന്നില്ല. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഊർജസ്വലമായ പൈതൃകം അത് ആവശ്യപെടുന്നുമുണ്ട്. എന്നാൽ കെ റെയിൽ വിഷയം സംബന്ധിച്ച് പാർട്ടിയുടെ നിലപാട് മനസിലാക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല.
1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഐയുടെ ഭാഗമായി തുടർന്ന എല്ലാ സഖാക്കൾക്കും പൊതുകാര്യങ്ങളിൽ ഒരുറച്ച നിലപാടുണ്ടായിരുന്നു. ഏതൊരു വിഷയവും സൂഷ്മമായി അപഗ്രഥിച്ച ശേഷം മാത്രം ജനകീയമായി തീരുമാനങ്ങൾ എടുക്കുക എന്നത് പരമോന്നതമായിരുന്നു. അതിനുള്ള ഉത്തമോദാഹരണങ്ങളാണ് 1957 ലെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരും പിളർപ്പിന് ശേഷം സിപിഐയുടെ കൂടെ ഉറച്ചുനിന്ന നേതാക്കളും. സി അച്യുതമേനോൻ, എം എൻ ഗോവിന്ദൻ നായർ, കെ സി ജോർജ്, ടി വി തോമസ് തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം. 1970 കളിൽ അച്യുതമേനോൻ സർക്കാരിൻ്റെ കാലത്ത് സൈലൻ്റ് വാലി പദ്ധതിയുമായുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോൾ പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് സുവ്യക്തമായിരുന്നു. കെ വി സുരേന്ദ്രനാഥ്, സബ്രഹ്മണ്യ ശർമ്മ(ശർമ്മാജി), സി ഉണ്ണിരാജ തുടങ്ങിയ പാർട്ടി നേതാക്കളും ചിന്തകരും അന്ന് ഈ പ്രശ്‍നം ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

മേൽ പരാമർശിച്ചതുപോലെ കെ റെയിലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കത്ത്. ഇന്ന് കെ റെയിൽ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒരു പ്രശ്‍നം വരുമ്പോൾ വിപുലമായ യാതൊരു ചർച്ചയും കൂടാതെ കമ്മ്യുണിസ്റ്റ് പാർട്ടി ഒരു നിലപാടെടുക്കുന്നതിനോട് ഞങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ ജനകീയ വികാരം അവഗണിച്ചുള്ള സിപിഎം നിലപാടിനോടൊത്ത് നിൽക്കാൻ സിപിഐക്ക് യാതൊരു ബാധ്യതയുമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

നമ്മൾ ഇപ്പോൾ കടന്നുപോകുന്ന കാലഘട്ടം പല വെല്ലുവിളികളും ചേർന്നതാണല്ലോ. ഇന്ന് നിലനിൽക്കുന്ന ഭരണവ്യവസ്ഥയുടെ അവിഭാജ്യ ഭാഗം ആയിരിക്കെ തന്നെ സിപിഐക്കു നാടിൻ്റെ വികസനവുമായി ബന്ധപ്പെട്ടെടുക്കാവുന്ന തീരുമാനങ്ങളിൽ ഏതെങ്കിലും ജനവിരുദ്ധമാണെങ്കിൽ മുൻകാലങ്ങളിൽ ചെയ്തതുപോലെ, കെ റെയിൽ വിഷയത്തിലും, അത് തുറന്നുപറയുവാൻ കഴിയണം. ഇക്കാര്യത്തിൽ പാർട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഒരു രീതി ആവശ്യമില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. പ്രത്യേകിച്ച് ബംഗാളിൻ്റെ അനുഭവം നമ്മളുടെ കൺമുന്നിലുള്ളപ്പോൾ.
ഞങ്ങളുടെ മാതാപിതാക്കളടക്കമുള്ള പതിനായിരങ്ങൾ അവരുടെ ജീവിതം തന്നെ കൊടുത്ത് പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ ഇന്നത്തേതിലും മികച്ച രീതിയിൽ മുൻപന്തിയിൽ നിൽക്കേണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. ആ ഇച്‌ഛാശക്തി പ്രകടിപ്പിക്കുവാനുള്ള കെൽപ്പ് ഇന്നത്തെ സിപിഐ നേതൃത്വം കെ റെയിൽ വിഷയത്തിലും കാണിക്കാൻ തയ്യാറാകണമെന്ന് ഞങ്ങൾ വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

കെ റെയിൽ പദ്ധതിയോടുള്ള അനുകൂല നിലപാട് തുടരുന്നതിന് പകരം പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ (ഡി പി ആർ , ഇ ഐ എ പോലുള്ളവ) വിശദമായി വായിച്ചു പഠിക്കുവാൻ എല്ലാവരും തയ്യാറാകേണ്ടതല്ലേ? മനസിലാക്കിയെടുത്തോളം പലവിധത്തിലും കേരളത്തിൻ്റെ ഭാവി താൽപര്യങ്ങളെ ഹനിക്കാൻ പോകുന്ന ഒരു പദ്ധതിയായിട്ടാണ് ഞങ്ങൾ ഇതിനെ വിലയിരുത്തുന്നത്. പാർട്ടി നേതൃത്വം കെ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വിശകലം ചെയ്ത് തുറന്ന് സംസാരിക്കാൻ കഴിവുള്ള പ്രമുഖരായ സാമ്പത്തിക – സാമൂഹിക – പരിസ്ഥിതി വിദഗ്ധരെ വിളിച്ചുകൂട്ടി സമഗ്രമായ യോഗം നടത്താൻ തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

മൂന്ന് ലക്ഷം കോടി പൊതുകടമുള്ള നമ്മുടെ സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന, ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന, പുനരധിവാസ പ്രശ്നവും ജീവനോപാധികൾ നശിപ്പിക്കുന്നതും, പാരിസ്ഥിതികമായ നാശം വരുത്തുന്നതുമായ സിൽവർലൈൻ പോലുള്ള ഒരു പദ്ധതിയാണോ കേരളത്തിന് ആവശ്യം എന്ന ജനങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ നീതിയുടെ ഭാഗത്ത് നിന്നും വ്യതിചലിക്കാതെ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും ഞങ്ങൾ വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

ഈ കത്തിനെ അനുകൂലിച്ച് ഒപ്പുവെച്ചിട്ടുള്ളവർ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആരംഭം തൊട്ട് ദീർഘകാലം പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന്‌ പറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അവർ അവശേഷിപ്പിച്ചുപോയ മഹത്തായതും സ്മരണീയവുമായ പൈതൃകം നിലനിർത്തുവാനുമാണ് ഈ കത്ത് ഞങ്ങൾ കൂട്ടായി എഴുതുന്നത് എന്ന് കൂടി പ്രത്യേകം പരാമർശിക്കുന്നു. ഞങ്ങളിൽ കയ്യൂർ സമരകാലത്ത് കാസർക്കോട് താലൂക്ക് കമ്മ്യുണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന സഖാവിന്റെ മകനും കയ്യൂർ രക്തസാക്ഷി കുടുംബത്തിലെ അംഗവും തൊട്ട് അനിഷേധ്യനായ കമ്മ്യുണിസ്റ്റ് നേതാവെന്ന നിലയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തിയുടെ മകനും ഉൾപ്പെടുന്നുണ്ട്. ഞങ്ങളിൽ കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരണ യോഗമായ പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത സഖാക്കളുടെ മക്കളുണ്ട്. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് പിന്നിൽ ആത്മാർപ്പണം ചെയ്ത നേതാക്കളുടെയും ചിന്തകരുടെയും മക്കളുമുണ്ട്. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തട്ടെ.

സ്നേഹാദരങ്ങളോടെ,

1. Dr. V. RAMANKUTTY S/o Late C. Achuthamenon Trivandrum
2. K.P. SASI S/o Late K. Damodharan Bangalore
3. AMBIKA NAIR D/o Late M.N. Govindan Nair New Delhi
4. MEGHANAD N.E. S/o Late N.E. Balaram Trivandrum
5. AYSHA SASIDHARAN D/o Late N.E. Balaram Trivandrum
6. S. ANITHA D/o Late Sharmajee Trivandrum
7. Dr. S. SHANTHI D/o Late Sharmajee Trivandrum
8. S. ASHOK S/o Late Sharmajee Trivandrum
9. Dr. S. SHANKAR S/o Late Sharmajee Trivandrum
10. SHARADA MOHANTY D/o Late C. Unniraja USA
11. P. BABURAJ S/o Late C. Unniraja Trivandrum
12. Dr. K.G. THARA D/o Late K. Govinda Pillai Trivandrum
13. Dr. THOMAS PUNNOOSE S/o Late P.T. Punnoose & Late Rosamma Punnoose Thiruvalla
14. Dr. GEETHA PUNNOOSE D/o Late P.T. Punnoose & Late Rosamma Punnoose Chembazhanthi, Trivandrum
15. Dr. AJAYAKUMAR KODOTH S/o Late K. Madhavan Kanhangad, Kasaragod
16. Dr. SATHYAN PODORA S/o Late Podora Kunhiraman Nair Sliven, Bulgaria
17. Dr. P.R. SHYLA D/o Late P. Ravindran (Former Minister) Trivandrum
18. Dr. C.P. RAJENDRAN S/o Late Pavanan Thrissur
19. Prof. C. VIMALA D/o. Late V.V. Raghavan Thrissur
20. Smt. SHEELA RAHULAN D/o. Late Puthupally Raghavan Trivandrum
21. Dr. K. USHA D/o. Late Kambisseri Karunakaran Kollam
About Author

ദി ഐഡം ബ്യൂറോ